Wednesday, December 23, 2009

ക്രിസ്തുമസ് സന്ദേശം : ലേഖനം

“അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം” . ഉണ്ണിയേശുവിന്റെ ജനനം ഇടയന്മാരെ അറിയിച്ചുകൊണ്ട് മാലാഖമാര്‍ പാടിയ പാട്ടാണിത്. ദൈവത്തി ന്റെ പുത്രന്‍ മനുഷ്യരൂപത്തില്‍ ജന്മം എടുത്തത് സാധാരാണക്കാരില്‍ ഒരുവളായ മറിയയുടെ ഉദിര ത്തില്‍ തച്ചനായ ജോസഫിന്റെ മകനായി‍. ഗബ്രിയേല്‍ ഗര്‍ഭിണിയായ ഭാര്യയോടൊപ്പം തന്റെ പട്ടണമായ ബേത്ലേഹിമിലേക്ക് പോകുമ്പോള്‍ അവള്‍ക്ക് പ്രസവവേദനയുണ്ടായി. അല്പം സ്ഥലത്തിനുവേണ്ടി ജോസഫ് വഴിയമ്പലങ്ങളില്‍ അന്വേഷിച്ചു. അവിടെയൊന്നും അവര്‍ക്ക് സ്ഥലം കിട്ടിയില്ല. അവസാനം തന്റെ കുഞ്ഞ് ജനിക്കാനായി ജോസഫിന് സ്ഥലം കണ്ടെത്തിയത് പശുത്തൊ ഴുത്തിലും. പ്രകൃതിയുടെ സൃഷ്ടികര്‍ത്താവായ ദൈവത്തിന്റെ ഏകജാതനായ പുത്രന്‍ മനുഷ്യനായി ജനിച്ചു വീണത് ഒരു കാലിത്തൊഴുത്തില്‍.

ദൈവത്തിന്റെ പുത്രന്‍ ദാവീദിന്റെ ഗോത്രത്തില്‍ ജനിക്കുമെന്ന് പ്രവാചകന്‍‌മാര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ പ്രവചിച്ചിരുന്നു. അ പ്രവചനങ്ങള്‍ തങ്ങളിലൂടെ നിറവേറ്റപെടണമെന്ന് ഓരോ കന്യകയും ആഗ്രഹിച്ചിരുന്നു. ജനങ്ങളുടെ വീണ്ടെടുപ്പ് നായകന്‍ തങ്ങളുടെ ഉദരത്തില്‍ ജന്മം എടുക്കാനായി രാജകന്യകകള്‍ വരെ കാത്തിരുന്നു. എന്നിട്ടും തന്റെ പുത്രന്റെ മനുഷ്യാവതാര ജന്മത്തിനായി ദൈവം എന്തിന് ഒരു സാധാരണക്കാരില്‍ ഒരുവളായ മറിയ എന്ന കന്യകയെ തിരഞ്ഞെടുത്തു. ദൈവത്തിന് തന്റെ പദ്ധതികള്‍ എങ്ങനെ നിറവേറ്റപ്പെടണമെന്ന് ഒരു നിശ്ചയം ഉണ്ട്. യോസഫുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന മറിയയുടെ അടുത്ത് ഗബ്രിയേല്‍ ദൂതന്‍ ചെന്ന് പറയുന്നു “നീ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിക്കും“. ഇതുവരെ പുരുഷനെ അറിയാത്ത താനെങ്ങനെ ഗര്‍ഭിണിയാകും എന്ന് മറിയ സംസയം പ്രകടിപ്പിക്കുമ്പോള്‍ ഗബ്രിയേല്‍ പറയുന്നത് പരിശുദ്ധാത്മാവ് നിന്റെ‌മേല്‍ വരും, അത്യൌന്നതിന്റെ ശക്തി നിന്റെ മേല്‍ നിഴലിടും എന്നാണ്. മറിയം ദൈവദൂതന് നല്‍കുന്ന മറുപിടിയാണ് ശ്രദ്ധേയമായത് “ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ”


മോശയുടെ ന്യായപ്രമാണം അനുസരിച്ച് വിവാഹം കഴിയാത്ത സ്ത്രി ഗര്‍ഭിണിയായാല്‍ അവളെ കല്ലെറിഞ്ഞ് കൊല്ലുകയാണ് ചെയ്യുന്നത്. പുരുഷനെ അറിയാത്ത താന്‍ ഗര്‍ഭിണിയായാലുള്ള ശിക്ഷ അവള്‍ ചിന്തിക്കുന്നില്ല. ദൈവഠിന്റെ ഇഷ്ടം എങ്ങനെയാണോ തന്നിലൂടെ നിവര്‍ത്തിക്കേണ്ടത് അതിന് തന്നെത്തന്നെ സജ്ജമാക്കുകയാണ് മറിയ ചെയ്യുന്നത്. ദൈവത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കുന്ന ഒരുവളെയാണ് നമുക്ക് മറിയയില്‍ ദര്‍ശിക്കാന്‍ കഴിയുന്നത്. തനിക്ക് വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി ഗര്‍ഭിണിയാണന്ന് യോസഫ് മനസിലാക്കുകയും അവള്‍ക്ക് ലോകാപവാദം വരാതെ ഗൂഢമായി ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് കര്‍ത്താവിന്റെ ദൂതന്‍ അവന് പ്രത്യക്ഷനായി മറിയയെ ചേര്‍ത്തുകൊള്‍വാന്‍ ശങ്കിക്കെണ്ട എന്ന് പറയുന്നത്. അതുപോലെ അവന്‍ ചെയ്യുകയും ചെയ്യുന്നു. യെശയ്യാ പ്രവാചകന്റെ പ്രവചനം പോലെ (7:14) “കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും . അവന്നു ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്നു പേര്‍വിളിക്കും”.


ഇമ്മാനുവേലിന്റെ ജനനം നമ്മള്‍ ക്രിസ്തുമസായി ആഘോഷിക്കുമ്പോള്‍ നമ്മള്‍ ചിന്തിക്കുക , ദൈവം നമ്മോടുകൂടെ ഉണ്ടോ?? നമ്മള്‍ നടത്തുന്ന ക്രിസ്തുമസില്‍ നമ്മളോടൊപ്പം ദൈവം ഉണ്ടോ? ദൈവം നമ്മളോടൊപ്പം ഉണ്ടങ്കിലും ദൈവത്തിനെ നമ്മളില്‍ നിന്ന് അകറ്റുവാനല്ലേ നമ്മള്‍ ശ്രമിക്കുന്നത്. ഒരു കൈയ്യില്‍ ഉണ്ണിയേശുവിനേയും മറുകൈയ്യില്‍ മദ്യം നിറച്ച ഗ്ലാസുമായിട്ടാണോ ക്രിസ്തുമസ് ആഘോഷി ക്കുന്നത്. ഈ വര്‍ഷത്തെ ക്രിസ്തുമസില്‍ 450കോടിയുടെ മദ്യവില്പനയാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്നുകോടി ജനങ്ങളുള്ള കേരളത്തില്‍ നിന്നാണ് 450 കോടിയുടെ മദ്യവില്പന പ്രതീക്ഷിക്കുന്നത്. ശരിക്കും ആലോചിക്കൂ മദ്യത്തിനുവേണ്ടിയാണോ നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കേണ്ടത്. ദൈവം നമ്മളോടൊപ്പം വരാന്‍ തയ്യാറായാലും നമ്മള്‍ അവനെ ഓടിക്കാനല്ലേ ശ്രമിക്കുന്നത്. മദ്യത്തില്‍ മുങ്ങി നില്‍ക്കുന്ന നമ്മളുടെ ഉള്ളില്‍ ക്രിസ്തു ജനിക്കുമോ? ജനസംഖ്യയുടെ നാലില്‍ ഒരു ഭാഗം ജനങ്ങളും ദാരിദ്രരേഖയില്‍ താഴെ നില്‍ക്കുന്ന ഒരു രാജ്യത്താണ് മദ്യം കൊണ്ടുള്ള ക്രിസ്തുമസ് ആഘോഷിക്കു ന്നത്. വിശന്നിരുന്നവര്‍ക്ക് ഭക്ഷണം കൊടുത്തവനായ യേശുവിന്റെ ജനനത്തില്‍ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ അലയുന്നവരുടെ വിശപ്പ് മാറ്റിക്കൊണ്ടല്ലേ നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കേണ്ടത്.


നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ ശ്രദ്ധിക്കാതെപോകുന്ന ഒരു നിലവിളിയുണ്ട്. ഉണ്ണിയേശു വിന്റെ ജീവനുവേണ്ടി സ്വന്തം ജീവന്‍ നല്‍കേണ്ടിവന്ന അനേകം കുഞ്ഞുങ്ങളുടെ നിലവിളി.‘റാമയില്‍ നിന്ന് ഉയര്‍ന്ന കരച്ചിലും നിലവിളിയും’. ബേത്ലേഹിമിനും അതിരുകളിലും ഉള്ള രണ്ടുവയസിനു താഴെയുള്ള ആണ്‍കുട്ടികളെ യെല്ലാം ഹെറോദാവിന്റെ കല്പനപ്രകാരം കൊന്നു. അവരുടെ നിലവിളി നമ്മളെ എന്നെങ്കിലും പിന്‍‌തുടര്‍ന്നിട്ടുണ്ടോ? ഭൂണഹത്യകളിലൂടെ പ്രകാശം കാണാതെ അഴുക്കുചാലു കളിലൂടെ ഒഴുകിപ്പോകാന്‍ വിധിക്കപ്പെടുന്ന ഭൂണങ്ങളുടെ നിലവിളി പോലും നമ്മള്‍ കേള്‍ക്കാറില്ലല്ലോ?

ശരീരം ദൈവത്തിന്റെ ഭവനമാണ്. നമ്മുടെ വീടുകള്‍ക്കുമുന്നില്‍ മറ്റുള്ളവര്‍ കാണാനായി ഒരുക്കുന്ന പുല്‍ക്കൂടുകള്‍ നമ്മടെയുള്ളില്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയുമോ? ക്രിസ്തു ജനിക്കാനായി യോസഫ് പശുത്തൊഴുത്തിനെ ഒരുക്കിയതുപോലെ നമ്മള്‍ക്ക് ഒരു പുല്‍ക്കൂട് ഒരുക്കാന്‍ സാധിക്കണം.ഭവനങ്ങളുടെ മുന്നിലെ പുല്‍ക്കൂടുകളിലല്ല ക്രിസ്തു ജനിക്കേണ്ടത്. നമ്മുടെ ഉള്ളിലാണ് , നമ്മുടെ ഹൃദയങ്ങളിലാണ് ക്രിസ്തുജനിക്കേണ്ടത്. മദ്യംകൊണ്ട് നിറച്ച ശരീരങ്ങളില്‍ അല്ല ക്രിസ്തു ജനിക്കേ ണ്ടത് .നമ്മുടെ ഹൃദയങ്ങളെയാണ് ജോസഫ് ഒരുക്കിയതുപോലെ ഒരുകേണ്ടത്. ജനിച്ച അന്നുമുതല്‍ നമ്മള്‍ ഇന്നുവരെ ക്രിസ്തുമസ് ആഘോഷിച്ചിട്ടും ക്രിസ്തു നമ്മുടെ ഉള്ളില്‍ ജനിക്കാനായി നമ്മള്‍ ഹൃദയങ്ങളെ എന്നെങ്കിലും ഒരുക്കിയിട്ടുണ്ടോ? എന്റെ ഹൃദയത്തില്‍ ക്രിസ്തു ജനിച്ചിട്ടുണ്ട് എന്ന് പറയാന്‍ നമ്മളില്‍ ആര്‍ക്കെങ്കിലും കഴിയുമോ??

ഉണ്ണിയേശു ജനിച്ച സ്ഥലം വിദ്വാന്‍‌മാര്‍ക്ക് കാണിക്കാനായി വഴികാട്ടിയ നക്ഷത്രം ആ കാലിത്തൊഴു ത്തിനു മുകളില്‍ പ്രകാശിച്ചതുപോലെ നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ണിയെശു ജനിച്ചാല്‍ നമുക്കു ചുറ്റും ആ ദിവ്യതാരകത്തിന്റെ പ്രകാശം നിറയുമെന്ന് ഉറപ്പാണ്. ഹൃദയങ്ങളില്‍ അടിച്ചുകൂടിയ പകയും വിദ്വേഷവും മാറ്റി, പശുത്തൊട്ടിയില്‍ ഉണ്ണിയെശുവിനെ കിടത്താനായി മറിയയും ജോസഫും വിരിച്ച കീറത്തുണിപോലെ , നമുക്ക് നമ്മുടെ ഹൃദയങ്ങളില്‍ സ്നേഹമെന്ന പട്ടുതുണി വിരിക്കാം. നമ്മുടെ ഹൃദയങ്ങളില്‍ ജനിക്കുന്ന ഉണ്ണിയേശുവിനായി കാത്തിരിക്കാം.


സന്തോഷപൂര്‍ണ്ണമായ ക്രിസ്തുമസിന്റെ എല്ലാവിധമായ മംഗളങ്ങളും നേരുന്നു..