Friday, March 6, 2009

ഉല്പത്തി 3 : 9-10 : നോമ്പ് ചിന്ത : ലേഖനം


ഉല്പത്തി 3 : 9-10 : ദൈവവിളിയില്‍ നിന്ന് ഒളിക്കുന്നവര്‍ :



ഉല്പത്തി പുസ്തകം 3 ആം അദ്ധ്യായം 9, 10 വാക്യങ്ങളില്‍ ദൈവത്തിന്റെ ചോദ്യവും അതിനു മനുഷ്യന്‍ കൊടുക്കുന്ന ഉത്തരവും നമ്മള്‍ വായിക്കുന്നു.“യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു.തോട്ടത്തില്‍ നിന്റെ ഒച്ച കേട്ടിട്ടു ഞാന്‍ നഗ്നനാക കൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവന്‍ പറഞ്ഞു “. ദൈവത്തിന്റെ വിളികേട്ടിട്ടും ഒളിച്ചിരി ക്കേണ്ടിവന്ന മനുഷ്യനേയും ഭാര്യയേയും ആണ് നമ്മള്‍ ഇവിടെ കാണുന്നത്. എന്തിനു വേണ്ടിയാണ് മനുഷ്യന്‍ ഒളിച്ചത് ? നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നാണ് മനുഷ്യന്‍ പറഞ്ഞത് . ഈ ഉത്തരത്തില്‍ നിന്നു തന്നെ മനുഷ്യന്‍ അനുസരണക്കേട് കാണിച്ചു എന്ന് മനസിലാക്കിയ ദൈവം മനുഷ്യനോട് ചോദിക്കുന്നു; “ നീ നഗ്നനെന്നു നിന്നോട് ആര്‍ പറഞ്ഞു ? തിന്നരുതെന്നു ഞാന്‍ നിന്നോഉ കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന്‍ ചോദിച്ചു “ (ഉല്പത്തി 3 :11)



ഏദന്‍‌തോട്ടത്തില്‍ വേല ചെയ്യാനും തോട്ടത്തിന്റെ കാവലും മനുഷ്യന് എല്പിച്ചു കൊടുക്കുന്ന ദൈവം അവന് ഒരു നിര്‍ദ്ദേശം നല്‍കി. നിര്‍ദ്ദേശം അല്ലയഹോവയായ ദൈവം മനുഷ്യ നോട് കല്പിച്ചു എന്നാണ് വേദപുസ്തകത്തില്‍ നിന്ന് നമ്മള്‍ വായിക്കുന്നത്. “തോട്ടത്തിന്റെ സകല വൃക്ഷങ്ങളുടേയും ഫലം നിനക്ക് ഇഷ്ടം പോലെ തിന്നാം, എന്നാല്‍ നന്മതിന്മകളെ ക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്‍ ഫലം തിന്നരുതു; തിന്നുന്ന നാളില്‍ നീ മരിക്കും.” (ഉല്പത്തി 2:16-17). ഏദന്‍ തോട്ടത്തില്‍ മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല എന്ന്
കണ്ട ദൈവം അവന് തക്കതായ ഒരു തുണയെ അവന്റെ വാരിയെല്ലില്‍ നിന്നുതന്നെ ഉണ്ടാക്കി. മനുഷ്യനും സ്ത്രിയും ഏദന്‍‌തോട്ടത്തില്‍ കഴിഞ്ഞു . നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലംതിന്നരുതന്ന് സ്ത്രിയോടും ദൈവം പറഞ്ഞിരിക്കണം. എങ്ങനെയാണങ്കിലും അറിവിന്റെ വൃക്ഷത്തിലെ ഫലം തിന്നരുതന്ന് സ്ത്രിക്ക് അറിയാമാ യിരുന്നു. അതുകൊണ്ടാണ് പാമ്പ് ചോദിക്കുമ്പോള്‍ സ്ത്രി പറയുന്നത് , “എന്നാല്‍ നിങ്ങള്‍ മരിക്കാതിരിക്കേണ്ടതിന് തോട്ടത്തിന്റെ നടുവിലുള്ളവൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു “ (ഉല്പത്തി 3:3).




എന്നാല്‍ പാമ്പിന്റെ പ്രലോഭനത്തില്‍ സ്ത്രി ദൈവത്തിന്റെ കല്പന ലംഘിക്കാന്‍ തയ്യാറാ കുന്നു. നടുവിലെ വൃക്ഷത്തിന്റെ ഫലം സ്ത്രിയെകൊണ്ട് പറിച്ച് തിന്നിക്കാന്‍ പാമ്പ് വളരെ യേറെ പ്രലോഭനങ്ങളാണ് സ്ത്രിക്ക് നേരെ നീട്ടുന്നത് . ആ വൃക്ഷത്തിന്റെ ഫലം തിന്നാല്‍ നിങ്ങള്‍ മരിക്കും എന്ന് ദൈവം പറയുന്നത് ചുമ്മാതാണ് അത് തിന്നാലൊന്നും നിങ്ങള്‍ മരിക്കയില്ല എന്ന് പാമ്പ് പറഞ്ഞിട്ടും സ്ത്രി ഫലം പറിക്കുന്നില്ല. പാമ്പ് വീണ്ടും പ്രലോഭി പ്പിക്കുന്നു , ഫലം തിന്നുന്ന നാളില്‍ നിങ്ങളുടെ കണ്ണ് തുറന്ന് നന്മതിന്മകളെക്കുറിച്ച് അറിയുന്നവരാകും എന്ന് പറഞ്ഞിട്ടും സ്ത്രി ആ ഫലം പറിക്കാന്‍ കൂട്ടാക്കുന്നില്ല. അവസാന മായി പാമ്പ് അടുത്ത പ്രലോഭനം നടത്തുന്നു. ആ ഫലം തിന്നാല്‍ നിങ്ങള്‍ ദൈവത്തെ പ്പോലെ ആകും. ഈ പ്രലോഭനത്തില്‍ സ്ത്രി ദൈവത്തിന്റെ കല്പനയെക്കുറിച്ച് മറന്നു. ഫലം തിന്നാല്‍ ദൈവത്തെപ്പോലെയാകുമെങ്കില്‍ പിന്നെ എന്തുകൊണ്ട് തങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്നവൃക്ഷത്തിന്റെ ഫലം തിന്നുകൂടാ. സൃഷ്ടാവിനെക്കാള്‍ വലുതാകാന്‍ ശ്രമിക്കുന്ന സൃഷ്ടിയെ ആണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത് .ഫലം തിന്ന് ദൈവത്തെപ്പോലെ യാകാന്‍ അവള്‍ ഫലം പറിച്ചു തിന്നു. അവള്‍ തിന്നു എന്നു മാത്രമല്ല അത് തന്റെ
ഭര്‍ത്താവിനും കൂടി നല്‍കി. സ്വയം തെറ്റ് ചെയ്തു എന്നുമാത്രമല്ല അതിലേക്ക് തന്റെ തുണയെക്കൂടി കൊണ്ടുവരുകയും ചെയ്തു.




രണ്ടു പേരും ഫലം തിന്നയുടനെതന്നെ ഇരുവരുടേയും കണ്ണുതുറന്നു. തങ്ങള്‍ നഗ്നരാണന്ന് തിരിച്ചറിഞ്ഞ അവര്‍ അത്തിയില കൊണ്ട് അരയാട ഉണ്ടാക്കുകയും ചെയ്തു. ഫലം തിന്നുന്ന നാള്‍ വരെയും അവര്‍ നഗ്നര്‍ തന്നെ ആയിരുന്നു. 2 ആം അദ്ധ്യായം അവസാന വാക്യ ത്തില്‍ ഇപ്രകാരംനമ്മള്‍ വായിക്കുന്നു. “മനുഷ്യനും ഭാര്‍‌യ്യയും ഇരുവരും നഗ്നരായിരുന്നു; അവര്‍ക്ക് നാണം തോന്നിയില്ലതാനും.” (2:25). ഫലം തിന്നപ്പോള്‍ തങ്ങളുടെനഗ്നത തിരിച്ചറി ഞ്ഞ് നഗ്നതമറയ്ക്കാന്‍ അവര്‍ ശ്രമിച്ചു പരാജയപ്പെട്ടു. ഏദന്‍‌തോട്ടത്തില്‍ ദൈവത്തിന്റെ ശബ്‌ദ്ദം കേട്ടപ്പോള്‍ ഭയപ്പെട്ട് അവര്‍ ഒളിച്ചു.ഫലം തിന്നുന്നതുവരേയും തങ്ങളുടെ നഗ്നത അവര്‍ക്ക് അനുഭവപ്പെടാതിരുന്നത് എന്തുകൊണ്ടാണ് ? ദൈവത്തിന്റെ വാക്ക് കേട്ട് അവനു വിധേയപ്പെട്ട് ജീവിക്കുന്ന ഒരാള്‍ക്കും തങ്ങളുടെ കുറവുകള്‍ അനുഭവപ്പെടുന്നില്ല. ഫലം തിന്നുന്നതുവരേയും ദൈവത്തിന് വിധേയപ്പെട്ട് കഴിഞ്ഞതു കൊണ്ടാണ് മനുഷ്യനും സ്ത്രിക്കും നഗ്നത എന്ന തങ്ങളുടെ കുറവ് അനുഭവപ്പെടാതിരുന്നത്. ദൈവത്തില്‍ നിന്ന് എപ്പോള്‍ അകലാന്‍ തുടങ്ങിയോ , ദൈവ വിധേയത്വത്തില്‍ നിന്ന് പുറത്തുചാടാന്‍ ശ്രമിക്കുന്നുവോ ആ സമയം മുതല്‍ നമ്മുടെ കുറവുകള്‍ നമുക്ക് അനുഭവ പ്പെടാന്‍തുടങ്ങുന്നു എന്നാണ് നമുക്കിവിടെ മനസിലാക്കാന്‍ കഴിയുന്നത്. ദൈവ കല്പന ലംഘിച്ച് തോട്ടത്തിന്റെ നടുവിലെ വൃക്ഷത്തിന്റെ ഫലം തിന്നയുടനെതന്നെ തങ്ങളുടെ കുറവ് അവര്‍ക്ക് അനുഭവപ്പെടാന്‍ തുടങ്ങുകയും ആ കുറവ് സ്വയം പരിഹരിക്കാന്‍ ശ്രമിച്ച് ദൈവത്തില്‍ നിന്ന് ഒളിച്ചിരിക്കേണ്ടിവരികയും ചെയ്തു. ദൈവത്തോടൊപ്പം അഥവാ ദൈവത്തോടുകൂടി ജീവിക്കുമ്പോള്‍ നമുക്ക് നമ്മുടെ യാതൊരു കുറവുകളും അനുഭവപ്പെടു ന്നില്ല.



ഒളിച്ചിരിക്കുന്ന മനുഷ്യനോട് ദൈവം ചോദിക്കുന്നു; “നീ നഗ്നനെന്നു നിന്നോട് ആര്‍ പറഞ്ഞു? തിന്നരുതെന്നു ഞാന്‍ നിന്നോട് കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന്‍ ചോദിച്ചു”(3:12). ഈ ചോദ്യത്തിനു മനുഷ്യന്‍ ഉത്തരം നല്‍കുന്നത് വളരെ ശ്രദ്ധിച്ചാണ് . അതിനു മനുഷ്യന്‍ : എന്നോടു കൂടെ ഇരിപ്പാന്‍ നീ തന്നിട്ടുള്ള സ്ത്രി വൃക്ഷഫലം തന്നു; ഞാന്‍ തിന്നുകയും ചെയ്തു എന്നു പറഞ്ഞു (3:13). താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല നീ എനിക്കു കൂട്ടായി തന്ന സ്ത്രി ഫലം കൊണ്ടുതന്നപ്പോള്‍ ഞാനങ്ങ് തിന്നു എന്നുള്ള കുറ്റം മാത്രമേ ചെയ്തിട്ടുള്ളു എന്ന് ആദാം പറഞ്ഞിരിക്കണം. ആദാം പറയാതെ പറഞ്ഞ ഒരു കാര്യം കൂടി ഉണ്ട്. എന്നോടു കൂടെ ഇരിപ്പാന്‍ നീ തന്നിട്ടുള്ള സ്ത്രിയാണ് എനിക്ക് ഫലം തന്നത് അത് ഞാനങ്ങ് തിന്നന്നേയുള്ളു. ആ സ്ത്രി എനിക്ക് ഫലം കൊണ്ടുതന്നത് നീ അവളെ സൃഷ്ടിച്ചതുകൊ ണ്ടാണല്ലോ ? അതുകൊണ്ട് ഞാന്‍ ചെയ്ത പാപത്തിന്റെ , അനുസരണക്കേടിന്റെ കുറച്ച് അംശം നിനക്കുകൂടി അവകാശപ്പെട്ടതാണ് എന്നാണ് ആദാം പറയാതെ പറയുന്നത്. നമ്മുടെ അവസ്ഥയും ഇതു തന്നെയാണ്. പാപങ്ങള്‍ ചെയ്തിട്ട് അത് മറ്റുള്ളവരുടെ മേല്‍ ആരോപിച്ച് രക്ഷപെടാന്‍ ശ്രമിക്കുക. ആദാമും ഈ തന്ത്രം തന്നെയാണ് ഉപയോഗിക്കു ന്നത്. സ്ത്രിയാണ് ഫലം കൊണ്ടുത്തന്നത്, അവളെ സൃഷ്ടിച്ചതോ ദൈവം തന്നെ.!!. അതുവ രേയും കാണാത്ത ഒരു ഫലം , അതുവരേയും കഴിക്കാത്ത ഫലം അത് സ്ത്രി കൊണ്ടുവന്നു കൊടുത്തപ്പോള്‍ ആ ഫലം എവിടെ നിന്ന് ആണ് കിട്ടിയത് എന്ന് ചോദിക്കാനുള്ള
അവകാശം ഉണ്ടന്നിരിക്കേ ആ അവകാശം ഉപയോഗിക്കാതെഫലം തിന്നതിനു ശേഷം സ്ത്രിയെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം. പാപത്തില്‍ വീഴാതിരിക്കാന്‍ കഴിയുമായിരുന്നുവെ ങ്കിലും അതിനു ശ്രമിക്കാതെ പാപം ചെയ്തതിനുശേഷം പാപഭാരം മറ്റുള്ളവരില്‍ ഏല്പിച്ചു കൊടുക്കുന്ന നമ്മളെപ്പോലെതന്നെയല്ലേ മനുഷ്യനും ഇവിടെ പെരുമാറിയിരിക്കുന്നത്.




മനുഷ്യന്‍ തന്റെ പാപഭാരത്തിന്റെ ഏറിയ പങ്കും സ്ത്രിക്ക് ചാര്‍ത്തിക്കൊടുത്തു. യഹോവയായ ദൈവം സ്ത്രിയോടു : നീ ഇതു ചെയ്തതു എന്തു എന്നു ചോദിച്ചതിനു : പാമ്പു എന്നെ വഞ്ചിച്ചു, ഞാന്‍ തിന്നുപോയി എന്നു സ്ത്രി പറഞ്ഞു (3:13). സ്ത്രി തന്റെ പാപഭാരം പാമ്പിന്റെ മേല്‍ കെട്ടിവയ്ക്കുകയാണ്. പാമ്പു എന്നെ വഞ്ചിച്ചു , പാമ്പിന്റെ പ്രലോഭനത്തില്‍ വീണ് ദൈവത്തെ പ്പോലെ ആകാന്‍ ശ്രമിച്ചതാണ് സ്ത്രി. ദൈവത്തെപ്പോലെ ആയില്ലന്ന് മാത്രമല്ല ദൈവത്തില്‍ നിന്ന് ഒളിച്ചോടാനും തന്റെ കുറവുകളില്‍ നാണിച്ച് ഭയപ്പെട്ട് ഒളിച്ചിരിക്കാ നുമാണ് അവള്‍ക്ക് സംഗതിയായത്.



ലോകത്തിന്റെ മോഹങ്ങളാല്‍ നമ്മളെ പ്രലോഭിപ്പിച്ച് ദൈവത്തില്‍ നിന്ന് അകറ്റി പാപ ത്തിലേക്ക് തള്ളിയിടാന്‍ സാത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കും.സാത്താന്റെ പ്രലോഭനങ്ങളില്‍ അകപ്പെട്ടാല്‍ ആ നിമിഷം മുതല്‍ നമ്മുടെ കുറവുകള്‍ നമുക്ക് അനുഭവപ്പെടാന്‍ തുടങ്ങും. പാപം ചെയ്തിട്ട് അത് മറ്റുള്ളവരുടെ പ്രലോഭനങ്ങളാല്‍ സംഭവിച്ചിതാണ് എന്ന് പറയുന്ന തില്‍ കാര്യമില്ല. ലോകജീവിതത്തിന്റെ അവസാനം വരേയും കുറവുകള്‍ അറിയിക്കാത്ത ദൈവത്തിന്റെ കൂടെ നടക്കാന്‍ നമുക്ക് സാധിക്കണം. അല്ലങ്കില്‍ ദൈവത്തിന്റെ വിളി ഉണ്ടാകുമ്പോള്‍ “ഞാന്‍ ഭയപ്പെട്ടു ഒളിച്ചു “എന്ന് പറയാന്‍ ഇടയാകും.“ഞാന്‍ ഭയപ്പെട്ടു ഒളിച്ചു “എന്ന് പറയാന്‍ ഒരിക്കലും ഇടയാകരുത്. മറിച്ച് ദൈവത്തി ന്റെ വിളിഉണ്ടാകുമ്പോള്‍ , ദൈവശബ്ദ്ദം കേള്‍ക്കുമ്പോള്‍ , ദൈവം പേര് ചൊല്ലി വിളിക്കു മ്പോള്‍“യഹോവേ, അരുളിചെയ്യേണമേ; അടിയന്‍ കേള്‍ക്കുന്നു “ (1 ശമുവേല്‍ 3:9, 10) എന്ന് ശമുവേല്‍ ബാലനെപ്പോലെ പറയാന്‍ സാധിക്കണം. ശമുവേല്‍ ബാലനെപ്പോലെ ആകാന്‍ ഈ നോമ്പ് ദിനങ്ങള്‍ നമ്മളെ പ്രാപ്തരാക്കട്ടെ എന്ന് ദൈവത്തോടെ നമുക്ക് പ്രാര്‍ത്ഥിക്കാം.