Thursday, November 26, 2009

16. ബാബേല്‍ ഗോപുരം :: കഥ

ജലപ്രളയത്തിനുശേഷം നോഹ മരിച്ചു. നോഹയുടെ പുത്രന്മാരില്‍ നിന്നാണ് ഭൂമിയില്‍ ജാതികള്‍ പിരിഞ്ഞു പോയത്. ഭൂമിയിലുള്ള എല്ലാ മനുഷ്യരുടേയും ഭാഷ ഒന്നു തന്നെ ആയി രുന്നു. അവര്‍ കിഴക്കോട്ട് യാത്രചെയ്തു. കിഴക്ക് ശിനാര്‍ ദേശത്ത് ഒരു സമഭൂമി കണ്ട് അവര്‍ അവിടെ താമസിച്ചു. ഭാഷ ഒന്നായിരുന്നതുകൊണ്ട് അവര്‍ക്ക് തങ്ങളുടെ വിചാരങ്ങള്‍ കൈമാറ്റം ചെയ്യുന്നതില്‍ ഒരു താമസവും ഉണ്ടായിരുന്നില്ല. വിശാലമായ സമഭൂമിയില്‍ ചിതറിപ്പാര്‍ക്കുന്നതില്‍ അവര്‍ക്ക് എതിര്‍പ്പായിരുന്നു. ഭൂതലത്തില്‍ പലയിടങ്ങളിലായി ചിതറിപ്പാര്‍ക്കുന്നതിന്റെ ആവിശ്യം ഇല്ലന്ന് അവര്‍ക്കു തോന്നി.

പലയിടത്തായി ചിതറിപ്പാര്‍ക്കുന്നതിന്‍ പകരം ഒരിടത്ത് താമസിച്ചാല്‍ നന്നായിരിക്കും എന്നവര്‍ക്ക് തോന്നി. അങ്ങനെയാണ് അവര്‍ ഒരു പട്ടണം പണിയാന്‍ തീരുമാനിച്ചത്. പട്ടണം പണിതുകഴിഞ്ഞാല്‍ പലയിടത്തായി ചിതറിപ്പാര്‍ക്കേണ്ടതിന്റെ കാര്യം ഇല്ല. ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിയാന്‍ അവര്‍ തീരുമാനിച്ചു. പട്ടണവും ഗോപുരവും പണിയുന്നതിനു മുമ്പ് അവര്‍ ദൈവത്തോട് അനുവാദം ചോദിച്ചി രുന്നില്ല. ആകാശത്തോളം എത്തുന്ന ഗോപുരം പണിതാല്‍ തങ്ങള്‍ക്ക് പേരാവും എന്ന് അവര്‍ കരുതി.അവര്‍ ഗോപുരം പണിയാന്‍ തുടങ്ങി.

മണ്ണു കുഴച്ച് ഇഷ്ടികയുണ്ടാക്കി അവര്‍ ചുട്ടെടുത്തു. ഇഷ്ടിക കല്ലായും പശമണ്ണു കുമ്മായമായും അവര്‍ ഉപയോഗിച്ചു. അങ്ങനെ അവര്‍ പട്ടണവും ഗോപുരവും പണിതു തുടങ്ങി. കച്ചവട ത്തിനും താമസത്തിനും വിനോദത്തിനും ഒക്കെയുള്ള സ്ഥലം അവര്‍ പട്ടിണത്തില്‍ ഉണ്ടാക്കിയിരുന്നു. തങ്ങള്‍ ഒരിക്കലും ചിതറിപോകാതിരിക്കാന്‍ വേണ്ടിയാണ് അവര്‍ പട്ടണം പണിതു തുടങ്ങിയത്. അവരുടെ ഭാഷ ഒന്നായിരുന്നതുകൊണ്ട് പട്ടണം പണി പെട്ടന്ന് മുന്നേറി . പട്ടണം പണിയോടപ്പം ഗോപുരത്തിന്റെ പണിയും തുടര്‍ന്നു കൊണ്ടി രുന്നു. പണികളുടെ മേല്‍‌വിചാരകന്‍ പറയുന്നത് അയാളുടെ കീഴിലുള്ളവര്‍ക്ക് പെട്ടന്ന് മനസികുമായിരുന്നു. അങ്ങനെ മേലില്‍ നിന്ന് താഴെയുള്ള പണിക്കാരന്‍ വരെ ഒരേ ഭാഷ സംസാരിക്കുന്നവന്‍ ആയിരുന്നതുകൊണ്ട് പണികളില്‍ ഉണ്ടാകുന്ന ഒരു ചെറിയ തെറ്റു പോലും പെട്ടന്ന് പറഞ്ഞ് പരിഹരിക്കാന്‍ പറ്റുമായിരുന്നു.

ആകാശത്തോളം പൊക്കമുള്ള ഗോപുരവും അവര്‍ പണിതു. ഓരോ നിലയും പൂര്‍ത്തിയാകു മ്പോഴും ജനങ്ങള്‍ മതിമറന്നു കൊണ്ട് ആഘോഷങ്ങളില്‍ മുഴുകി. ആകാശത്തോളം എത്തു ന്ന ഗോപുരം പണിയുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. ദൈവത്തെക്കുറിച്ച് അവര്‍ ഒരി ക്കല്‍ പോലും ചിന്തിച്ചില്ല. ആകാശത്തോളം എത്തുന്ന ഗോപുരം പണിത് ഭൂമിയില്‍ പേരുണ്ടാക്കാനായിരുന്നു അവരുടെ ശ്രമം. അവസാനത്തെ നിലയും അവര്‍ പണിതു കഴിഞ്ഞു. മേഘങ്ങളില്‍ തൊട്ടു നില്‍ക്കുന്ന ഗോപുരത്തിന്റെ ശില്പഭംഗിയില്‍ ജനങ്ങള്‍ മതിമറന്നു ആഘോഷം തുടങ്ങി. ഗോപുരത്തിന്റെ മുകളില്‍ കയറി മേഘങ്ങളില്‍ കൈതൊടുമ്പോള്‍ തങ്ങള്‍ ആകാശ വാതിക്കല്‍ എത്തിയന്നുള്ള അഹങ്കാരമാ യിരുന്നു അവര്‍ക്ക്. തങ്ങളെക്കൊണ്ട് ഒന്നും അസാദ്ധ്യമാവുകയില്ലന്ന് അവര്‍ക്ക് അറിയാമാ യിരുന്നു. ഇന്ന് ആകാശത്തോളം എത്തുന്ന ഗോപുരം പണിതു.. നാളെ അതിലും ഉയരത്തില്‍ മറ്റൊന്ന്... ജനങ്ങളുടെ ആര്‍പ്പുവിളിയും ആഘോഷവും യഹോവ കേട്ടു.

മനുഷ്യര്‍ പണിത പട്ടണവും ഗോപുരവും കാണേണ്ടതിനു യഹോവ ഭൂമിയിലേക്ക് ഇറങ്ങി വന്നു. മനുഷ്യര്‍ തങ്ങളുടെ പട്ടണതിന്റെയും ആകാശ ഗോപുരത്തിന്റെയും പണിയുടെ ഭംഗി അവര്‍ പരസ്പരം പങ്കുവെച്ചു. ചിലര്‍ നൃത്തത്തില്‍ മുഴുകി. ചിലരാകട്ടെ മുന്തിരിതോട്ടത്തില്‍ നിന്നു കൊണ്ടുവന്ന വീഞ്ഞിന്റെ ലഹരിയില്‍ മത്തുപിടിച്ചു നടന്നു. ദൈവത്തെക്കുറിച്ച് ആരും ചിന്തിച്ചില്ല. മനുഷ്യരുടെ ഭാഷ ഒന്നാകകൊണ്ട് അവര്‍ക്ക് ചിന്തിക്കുന്നതൊന്നും അസാദ്ധ്യമാവുകയില്ലന്ന് യഹോവയ്ക്ക് മനസിലായി. മനുഷ്യര്‍ തമ്മിൽ ഭാഷ തിരിച്ചറിയാ തിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്ന് യഹോവ കല്പിച്ചു.

യഹോവയുടെ ദൂതന്മാര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്നു. പട്ടണത്തില്‍ ആഘോഷ ത്തില്‍ മുഴുകി നില്‍ക്കുന്നവരുടെ ഇടയിലേക്ക് ദൂതന്മാര്‍ കടന്നു ചെന്നു. അവര്‍ മനുഷ്യരെ ഭൂതലത്തിലെങ്ങും ചിന്നിച്ചു. അവരുടെ ഭാഷ കലക്കികളഞ്ഞു. ഒരുത്തന്‍ പറയുന്നത് അവന്റെ അടുത്തു നില്‍ക്കുന്നവനുപോലും മനസിലായില്ല.പരസ്പരം പറയുന്നതൊന്നും അവര്‍ക്ക് മനസിലാകാത്തതു കൊണ്ട് പട്ടണം പണിയുടെ കണക്കുകള്‍ പിഴച്ചു .മനുഷ്യര്‍ പട്ടണം പണിയുന്നത് വിട്ടുകളഞ്ഞു. യഹോവ മനുഷ്യരെ ഭൂതലത്തില്‍ എങ്ങും ചിന്നിച്ചു കളഞ്ഞു.സർവ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാൽ അതിന്നു ബാബേൽ എന്നു പേരായി.

ആകാശത്തോളം എത്താന്‍ മനുഷ്യര്‍ പണിത ഗോപുരത്തിന് ബാബേല്‍ ഗോപുരം എന്ന് ചരിത്രത്തില്‍ പേരായി. ആകാശത്തോളം വളരാനും ദൈവത്തിന്റെ വാസസ്ഥലത്തേക്ക് ഗോപുരം പണിയാനും അതില്‍ അഹങ്കരിക്കുകയും ചെയ്ത മനുഷ്യന് അവന്‍ അര്‍ഹിക്കുന്ന ശിക്ഷതന്നെ യഹോവ നല്‍കി.

****************
:: മുകളിലെ ചിത്രങ്ങള്‍ ഇവിടെ നിന്ന് ::
Engraving The Confusion of Tongues by Gustave Doré (1865).:: http://en.wikipedia.org/wiki/File:Confusion_of_Tongues.png

The Tower of Babel by Pieter Brueghel the Elder (1563).::
:: ബാബേല്‍ ഗോപുരത്തിന്റെ ചില ചിത്രങ്ങള്‍ ഇവിടെ കാണാം .. ::

Wednesday, November 25, 2009

15. ജലപ്രളയം : കഥ

മഴ !
കോരിച്ചൊഴിയുന്ന മഴ !
തുള്ളിക്ക് ഒരു കുടം വെള്ളമെന്നവണ്ണം മഴ പെയ്തിറങ്ങുകയാണ്. ഒരു തരി പ്രകാശം പോലും ഭൂമിയിലേ ക്ക് വീണില്ല. കാര്‍മേഘങ്ങള്‍ സൂര്യനേയും ചന്ദ്രനേയും മറച്ചു കളഞ്ഞിരുന്നു.

ദൈവം നോഹയേയും അവന്റെ കൂടെ പെട്ടകത്തില്‍ ഉള്ളവരേയും ഓര്‍ത്തപ്പോള്‍ ഭൂമിയില്‍ ഒരു കാറ്റ് അടിപ്പിച്ചു. പെട്ടന്ന് വെള്ളം നിലച്ചു. ഉറവകള്‍ നിന്നു. ആകാശത്തുനിന്നുള്ള മഴയും നിന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോള്‍ പെട്ടകം അരരാത്ത് പര്‍വ്വതത്തില്‍ ഉറച്ചു. ഏഴാം മാസം പതിനേഴാം തിയ്യതി ആണ് പെട്ടകം അരരാത്ത് പര്‍വ്വതത്തില്‍ ഉറച്ചത്. പത്താം മാസം ഒന്നാം തീയതിയാണ് പര്‍വ്വതശിഖരങ്ങള്‍ ഒക്കെ കാണാന്‍ തുടങ്ങിയത്. നാല്പ്തു ദിവ്സം കഴിഞ്ഞപ്പോള്‍ നോഹ തന്റെ പെട്ടകത്തിന്റെ കിളിവാതില്‍ തുറന്നു മലങ്കാക്കയെ പുറത്തേക്ക് വിട്ടു. വെള്ളം ശരിക്ക് പറ്റുന്നതുവരെ മലങ്കാക്ക പെട്ടകത്തിലേക്ക് വരികയും പോവുകയും ചെയ്തു കൊണ്ടിരുന്നു.

ഭൂമിയില്‍ വെള്ളം കുറഞ്ഞോ എന്ന് അറിയേണ്ടതിനു നോഹ ഒരു ദിവസം ഒരു പ്രാവിനേയും കിളിവാതിലിലൂടെ പുറത്തേക്ക് വിട്ടു. പ്രാവ് തിരിച്ചു വരുന്നുണ്ടോ എന്നറിയാന്‍ നോഹ കിളിവാതിക്കല്‍ തന്നെ കാത്തുനിന്നു. കിളിവാതിലിലൂടെ പുറത്തേക്ക് പോയ പ്രാവ് ഭൂമിയിലൊക്കയും പറന്നു നടന്നു. എവിടെയെങ്കിലും ഒന്ന് ഇരിക്കാന്‍ അല്പം സ്ഥലം ഉണ്ടോ എന്ന് അത് അന്വേഷിച്ചു. വെള്ളം കിടക്കു ന്നതുകൊണ്ട് കാല്‍ വെപ്പാന്‍ പോലും സ്ഥലം ഇല്ലാത്തതുകൊണ്ട് പ്രാവ് തിരിച്ച് പെട്ടകത്തിലേക്ക് തിരിച്ചു പറന്നു. കിളിവാതിക്കല്‍ നിന്ന നോഹ കൈനീട്ടി പ്രാവിനെ പിടിച്ച് പെട്ടകത്തിനുള്ളിലാക്കി.

വീണ്ടു ഏഴുദിവസം കഴിഞ്ഞപ്പോള്‍ നോഹ വീണ്ടും ആ പ്രാവിനെ പെട്ടകത്തില്‍ നിന്ന് പുറത്തു വിട്ടു. പ്രാവ് തിരിച്ചു വരുന്നതും കാത്ത് നോഹ കിളിവാതിക്കല്‍ തന്നെ നിന്നു. അന്നു വൈകുന്നേരം പ്രാവ് തിരിച്ചു വന്നു. കിളിവാതിക്കള്‍ നിന്ന നോഹ പ്രാവ് ദൂരത്ത് നിന്ന് വരുന്നത് കണ്ടു. ആ പ്രാവിന്റെ കൊക്കില്‍ എന്തോ ഉണ്ടല്ലോ ? പ്രാവ് അടുത്തുവന്നപ്പോള്‍ നോഹ വ്യക്തമായി കണ്ടു. പ്രാവിന്റെ വായില്‍ അതാ ഒരു പച്ച ഒലിവില.

ഭൂമിയില്‍ വെള്ളം ഒക്കെ കുറഞ്ഞ് സസ്യങ്ങള്‍ ഒക്കെ വളര്‍ന്നു തുടങ്ങി എന്ന് നോഹയ്ക്ക് മനസിലായി. ഏഴു ദിവസം കഴിഞ്ഞിട്ട് നോഹ ഒരിക്കല്‍ കൂടി ആ പ്രാവിനെ പുറത്തേക്ക് വിട്ടു. പ്രാവ് പിന്നീട് തിരിച്ചു വന്നതേ ഇല്ല. നോഹ പെട്ടകത്തീന്റെ മേല്‍ത്തട്ട നീക്കി നോക്കി. ഭൂമി ശരിക്ക് ഉണങ്ങിയിരിക്കുന്നത് നോഹ കണ്ടു. പെട്ടകത്തില്‍ നിന്ന് കുടുംബഠേയും മൃഗങ്ങളേയും ഇറക്കി കൊള്ളാന്‍ യഹോവ നോഹയോട് പറഞ്ഞു. നോഹ തന്റെ കുടുംബത്തെ പെട്ടകത്തില്‍ നിന്ന് ഇറക്കി. എല്ലാ മൃഗജാലങ്ങളും പെട്ടകത്തില്‍ നിന്ന് ഇറങ്ങി.

നോഹ ചുറ്റും നോക്കി. എങ്ങും ജീവനുണ്ടായിരുന്നു എന്നതിന്റെ തെളിവു പോലും അവശേ ഷിച്ചിട്ടില്ല.തന്റെ കൂടെ പെട്ടകത്തില്‍ ഉണ്ടായിരുന്നവര്‍ മാത്രമാണ് ഭൂമിയില്‍ ഇനി ജീവ നോടെ അവശേഷിക്കുന്നതെന്ന് നോഹയ്ക്ക് മനസിലായി. തന്റെയും കൂടെയുള്ള വരുടേയും ജീവന്‍ നിലനിര്‍ത്തിയ ദൈവത്തിന് നന്ദി പറയാതി രിക്കുന്നത് എങ്ങനെ? നോഹ വേഗം യഹോവയ്ക്ക് ഒരു യാഗപീഠം പണിതു. ശുദ്ധിയുള്ള എല്ലാ മൃഗങ്ങളില്‍ നിന്നും ശുദ്ധിയുള്ള പറവകളില്‍ നിന്നും ചിലത് എടുത്ത് നോഹ യഹോയ്ക്ക് ഹോമയാഗം അര്‍പ്പിച്ചു.

നോഹ അര്‍പ്പിച്ച ഹോമയാഗത്തിന്റെ സുഗന്ധം യഹോവയുടെ സന്നിധിയില്‍ എത്തി. സൌരഭ്യവാസന മണത്തപ്പോള്‍ യഹോവ ഹൃദയത്തില്‍ ഒരു തീരുമാനം എടുത്തു. മനുഷ്യന്റെ നിരൂപണങ്ങള്‍ ദോഷമുള്ള താണങ്കിലും താനിനി ഒരിക്കലും മനുഷ്യന്‍ നിമിത്തം ഭൂമിയെ ശപിക്കുകയോ നശിപ്പിക്കുകയോ ചെയുകയില്ല. യഹോവ നോഹയോടും പുത്രന്മാരോടും ഭൂമിയിലെ സകല മൃഗങ്ങ ളോടും ഒരു നിയമം ചെയ്തു. താനിനി ഒരിക്കലും ജലപ്രളയം ഉണ്ടാക്കി ഭൂമിയെ നശിപ്പിക്കുകയില്ല. ഭൂമിയെ നശിപ്പിക്കാന്‍ ജലപ്രളയം ഉണ്ടാക്കുകയില്ല. യഹോവ താന്‍ ചെയ്ത നിയമത്തിന്റെ അടയാള മായി തന്റെ വില്ല് മേഘത്തില്‍ വച്ചിട്ട് പറഞ്ഞു.

“ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിന്നു അടയാളമായിരിക്കും ഞാന്‍ മേഘത്തില്‍ വച്ചിരിക്കുന്ന ഈ വില്ല്. ബൂമിയുടെ മീതേ മേഘം വരുമ്പോള്‍ ഞാന്‍ വില്ല് കാണുകയും എന്റെ നിയമം ഓര്‍ക്കുകയും ചെയ്യും..”

നോഹ കൃഷി ചെയ്യാന്‍ തുടങ്ങി. ജലപ്രളയം കഴിഞ്ഞതിനുശേഷം നോഹ 350 വര്‍ഷം കൂടി ജീവിച്ചു. 950 വയസായപ്പോള്‍ നോഹ മരിച്ചു.

Friday, November 13, 2009

14. നോഹയുടെ പെട്ടകം : കഥ


ഭൂമിയില്‍ മനുഷ്യരുടെ എണ്ണം വര്‍ദ്ധിച്ചു. മനുഷരുടെ ഉള്ളിലെ ദുഷ്‌ടത വലുതാണന്ന് ദൈവത്തിന് മനസിലായി. മനുഷ്യര്‍ ചിന്തിക്കുന്നതും സംസാരിക്കുന്നതും ഒക്കെ ദോഷമുള്ളതാണന്ന്

ദൈവം അറിഞ്ഞു. മനുഷ്യനെ ഉണ്ടാക്കിയതുകൊണ്ട് ദൈവം അനിതപിക്കുകയും ദു:ഖിക്കുകയും ചെയ്തു. മനുഷ്യര്‍ ഇങ്ങനെയാവുമെന്ന് ദൈവം വിചാരിച്ചിരുന്നില്ല. ദൈവം മനുഷ്യനെ സൃഷ്ടിച്ച തുപോലും തന്റെ രൂപത്തിലും സാദൃശ്യത്തിലും ആയിരുന്നല്ലോ ? ആ മനുഷ്യനാണ് ഇപ്പോള്‍ ദോഷങ്ങള്‍ മാത്രം ചിന്തിക്കുന്നത്. മനുഷ്യനെ ഓര്‍ത്ത് ദുഃഖം സഹിക്കാനാവാതെ വന്നപ്പോള്‍ ദൈവം വേദനയോടെ ഒരു തീരുമാനം എടുത്തു.

മനുഷ്യനെ ഭൂമിയില്‍ നിന്ന് നശിപ്പിച്ചു കളയുക!!!

മനുഷ്യനെ മാത്രമല്ല; മൃഗങ്ങളെയും ഇഴജാതികളെയും പറവകളേയും ഒക്കെ നശിപ്പിക്കാന്‍ ദൈവം ഉറപ്പിച്ചു. ഭൂമിയില്‍ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു. ദൈവം ഭൂമിയെ നോക്കിയപ്പോള്‍ ഭൂമി വഷളായി എന്ന് ദൈവം കണ്ടു. വഷളായി നടക്കുന്ന ജനങ്ങളുടെ ഇടയില്‍ ദൈവം നിഷ്‌കളങ്കനായ ഒരു മനുഷ്യനെ കണ്ടു.

നോഹ നീതിമാനും തന്റെ തലമുറയില്‍ നിഷ്‌കളങ്കനും ആയിരുന്നു മാത്രമല്ല ദൈവത്തോടുകൂടി നടന്നവനും ആയിരുന്നു.

ഭൂമിയെ നശിപ്പിക്കാന്‍ ഉറപ്പിച്ച ദൈവത്തിന്റെ കൃപ നോഹയ്ക്ക് ലഭിച്ചു. മനുഷ്യരെകൊണ്ടുള്ള അതിക്രമം

ഭൂമിയില്‍ നിറഞ്ഞിരിക്കുന്നതുകൊണ്ട് താന്‍ ഭൂമിയെ നശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന് ദൈവം നോഹയോട് പറഞ്ഞു.ഗോഫർ മരംകൊണ്ടു ഒരു പെട്ടകംഉണ്ടാക്കാന്‍ നോഹയോട് ദൈവം കല്പിച്ചു. പെട്ടകത്തിന് അറകള്‍ ഉണ്ടാക്കി അകത്തും പുറത്തും കീല്‍ തേക്കേണം എന്നും ദൈവം പറഞ്ഞും. പെട്ടകം ഉണ്ടാക്കാനുള്ള അളവും ദൈവം നോഹയോട് പറഞ്ഞുകൊടുത്തു.

“പെട്ടകത്തിന്റെ നീളം മുന്നൂറു മുഴം; വീതി അമ്പതു മുഴം; ഉയരം മുപ്പതു മുഴം. പെട്ടകത്തിന്നു കിളിവാതിൽ ഉണ്ടാക്കേ ണം; മേൽനിന്നു ഒരു മുഴം താഴെ അതിനെ വെക്കേണം; പെട്ടകത്തിന്റെ വാതിൽ അതിന്റെ വശത്തുവെക്കേണം: താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം.”

താന്‍ ഭൂമിയില്‍ ജലപ്രളയം നടത്തിയാണ് ഭൂമിയെ നശിപ്പിക്കാ‍ന്‍ പോകുന്നതെന്നും ദൈവം നോഹ യോട് പറഞ്ഞു. പ്രളയം ഉണ്ടാകുമ്പോള്‍ നശിക്കാതിരിക്കാന്‍ നോഹയും കുടുംബവും പെട്ടകത്തില്‍ കടക്കണം. സകല ജീവികളില്‍ നിന്നും ഒരാണിനേയും പെണ്ണിനേയും പെട്ടകത്തില്‍ കയറ്റണം എന്നും ദൈവം നോഹയോട് പറഞ്ഞു. ദൈവം പറഞ്ഞതെല്ലാം നോഹ ചെയ്തു.

നോഹയുടെ അറുന്നൂറം വയസില്‍ ആയിരുന്നു പ്രളയം ഉണ്ടായത്. നോഹയും കുടുംബവും പെട്ടകത്തില്‍ കയറി. ജീവനുള്ളതില്‍ നിന്ന് രണ്ടണ്ണം വീതം നോഹയോടുകൂടി പെട്ടകത്തില്‍ കയറി. ദൈവം പെട്ടകത്തിന്റെ വാതില്‍ അടച്ചു. നാല്‍പതു ദിവസമാണ് ഭൂമിയില്‍ നിര്‍ത്താതെ മഴ പെയ്തത്. ഭൂമിയില്‍ വെള്ളം പൊങ്ങിയപ്പോള്‍ പെട്ടകം ഒഴുകിത്തുടങ്ങി. പര്‍വ്വതങ്ങളെപ്പോലും മുങ്ങുന്ന പ്രളായമായിരുന്നു അത്.


ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളും ഭൂമിയില്‍ നിന്ന് നശിച്ചു പോയി. നോഹയുടെകൂടെ പെട്ടക ത്തിലുള്ളവര്‍ മാത്രമാണ് ജീവനോടെ ശേഷിച്ചത്. പ്രളയജലം നൂറ്റമ്പത് ദിവസമാണ് വെള്ളം
ഭൂമിയില്‍ പൊങ്ങിക്കൊണ്ടിരുന്നത് .

.