Thursday, February 28, 2013

കാൽവറിയിലേക്കുള്ള വഴി :: വൈരത്തെ സ്നേഹമാക്കുന്ന വഴി

അന്നു ഹെരോദാവും പീലാത്തൊസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പെ അവർ തമ്മിൽ വൈരമായിരുന്നു. (ലൂക്കോസ് 23:12)

യേശു തന്റെ ഗിരിപ്രഭാഷ്ണത്തിൽ യാഗപീഠത്തില്‍ ബലി അർപ്പിക്കുന്നതിനുമുമ്പ് സഹോദരനോടുള്ള വിദ്വേഷം മാറ്റണം എന്ന് ഉപദേശിക്കുന്നു.
ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക. (മത്തായി 5:23-24).

മനുഷ്യരുടെ പാപങ്ങൾക്കുവേണ്ടിയാണ് യേശു കാൽവറിയിൽ യാഗവസ്തുവായി തീർന്നത്. ആ യാഗത്തിനു മുമ്പ് യാഗസ്ഥലമായ കാല്വറിയിലേക്കുള്ള യാത്രയുടേ തുടക്കമായ വിചാരണ സമയത്ത് അതുവരെ ശത്രുക്കളായ രണ്ടുപേരെ അവരുടെ ശത്രുത ഇല്ലാതാക്കി സ്നേഹിതന്മാരാക്കാൻ യേശു ക്രിസ്തു നിമിത്തം ആകുന്നു. യേശുവിനെ ക്രൂശിൽ തറയ്ക്കാനായി ജനങ്ങൾക്ക് വിട്ടുകൊടുക്കുന്നത് പീലാത്തോസ് ആണല്ലോ. പീലാത്തോസും ഹെരോദാവും അന്നുവരെ ശത്രുത പുലർത്തിയവർ ആയിരുന്നു. യേശു ഗലീലക്കാരനാണന്ന് മനസിലാക്കിയ പീലാത്തോസ് യേശുവിനെ ഹെരോദാവിന്റെ അടുക്കലേക്ക് അയച്ചു. യേശുവിനെ കാണാൻ ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നു ഹെരോദാവ്. യേശു എന്തെങ്കിലും അടയാളം ചെയ്യുവാണങ്കിൽ അത് കാണാം എന്നുള്ള ഒരു ചിന്ത മാത്രമേ അ ആഗ്രഹത്തിനു പിന്നിൽ ഉണ്ടായിരുന്നുള്ളൂ. മഹാപുരോഹിതന്മാരും നിയമപണ്ഡിതരും യേശുവിനെതിരെ കുറ്റം ആരോപിച്ചിട്ടൂം യേശു മരുപിടി ഒന്നും പറഞ്ഞില്ല. ഹെരോദാവ് യേശുവിനെ പരിഹസിച്ച് പീലാത്തോസിന്റെ അടുക്കലേക്ക് തിരിച്ചയിച്ചു. 

യേശു ഗിരിപ്രഭാഷ്ണത്തിൽ പറഞ്ഞ യാഗവസ്തുവിന്റെ അർപ്പണത്തിനു മുന്നോടിയായുള്ള 'സഹോദര നിരപ്പ്' നമുക്ക് പീലാത്തോസിന്റെയും ഹെരോദാവിന്റെയും ബന്ധത്തിൽ കാണാൻ കഴിയും. അതുവരെ ശത്രുക്കളായവർ യേശുമൂലം വീണ്ടും സുഹൃത്തുക്കൾ ആകുന്നു. അതിനു ശേഷമാണ് പീലാത്തോസ് യേശുവിനെ ക്രൂശിക്കാൻ ഏൽപ്പിക്കുന്നത്. ക്രിസ്തുവിന്റെ യാഗം ഓർമ്മിക്കുകയും അതിൽ പങ്കുകൊള്ളാനായി ദേവാലയത്തിൽ വരികയും ബലി അർപ്പിക്കുകയും ചെയ്യുന്ന നമ്മൾ സഹോദരനോട് എങ്ങനെയാണ് പെരുമാറുന്നത്.?? പരസ്പരം മത്സരിക്കുകയും വിദ്വേഷത്തിന്റെ അഗ്നികൾ ഉള്ളീൽ കൊണ്ടു നടക്കുകയും ബലിപീഠത്തിൽ വെച്ചുപോലും സഹോദരനെ ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങൾ ആലോചിക്കൂകയും ചെയ്യുമ്പോൾ നമ്മൾ യേശുവിന്റെ യാഗം തന്നെയാണൊ അനുസ്മരിക്കുന്നത്???

വി.പൗലോസ് എബ്രായർക്ക് എഴുതിയ ലേഖനം 10 ആം അദ്ധ്യായം 12-13 വാക്യങ്ങൾ ശ്രദ്ധിക്കുക. യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു. സ്വയം യാഗമായി തീർന്ന യേശു ക്രിസ്തുവിന്റെ അനുയായികൾ എന്ന് അഹങ്കരിക്കുന്ന ക്രിസ്ത്യാനികൾ ക്രിസ്തുവിൽ സഹോദരന്മാരായി കാണേണ്ടവരെ ഭൗതീകമായ അധികാരത്തിനും സമ്പത്തിനും വേണ്ടി ശത്രുക്കളായി കാണുകയും പരസ്പരം പോരാടിയതിനുശേഷം ബലിപീഠത്തിൽ യാഗം അർപ്പിക്കുകയും ചെയ്താൽ ആ യാഗസ്മരണയ്ക്ക് എന്തുഫലം ആണ് കിട്ടൂന്നത്. അവനെ ക്രൂശിക്ക ക്രൂശിക്ക എന്ന് നിലവിളിച്ചവരുടെ സ്ഥാനത്തല്ലേ നമ്മൾ നിൽക്കുന്നത്? യേശുവിന്റെ ശത്രുക്കളായി മാറുകയല്ലേ നമ്മൾ ചെയ്യുന്നത്?

യേശുവിന്റെ ജീവിതവും പഠിപ്പിക്കലും പ്രവൃത്തിയും എല്ലാം സ്നേഹത്തിൽ ആയിരുന്നു. സ്നേഹത്തിന്റെ വഴിയിലൂടെ ആയിരുന്നു യേശുവിന്റെ യാത്ര. ശത്രുക്കളെപോലും സ്നേഹിക്കുക എന്നുള്ളതായിരുന്നു യേശുവിന്റെ ജീവിതം. കാല്‌വറിയിലെ അവസാന പിടച്ചിൽ വരയും സ്നേഹവും ക്ഷമയും നമുക്ക് കാണാൻ കഴിയും. എന്നാൽ യേശു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു.( ലൂക്കോസ് 23:34). കാൽവറിയിൽ പോലും ശത്രുക്കളേ സ്നേഹിതന്മാരായി കണ്ട് അവരോട് ക്ഷമിക്കാൻ ആവശ്യപ്പെടുന്ന യേശുവിന്റെ യാഗത്തെ അനുസ്മരിക്കുന്ന വി.കുർബാന എങ്ങനെയാണ് അർപ്പിക്കുന്നത്. ആ യാഗം അർപിക്കാനുള്ള അവസരത്തിനും സമയത്തിനും വേണ്ടിപോലും സമുദായവഴക്കിന്റെ പേരിൽ പരസ്പരം തല്ലുന്നവരായി നമ്മൾ അധപതിച്ചിരിക്കുന്നു.
നിങ്ങൾ പ്രാർത്ഥിപ്പാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ. നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല. (മർക്കോസ് 11:25-26). പരസ്പരം ക്ഷമിക്കാൻ കഴിയാത്ത നമ്മൾ ക്രിസ്ത്യാനികൾ ആണന്ന് പറയുന്നതിൽ എന്താണ് അർത്ഥം??

യേശു അവസാനം ചെയ്ത അത്ഭുത പ്രവൃത്തിയിൽ പോലും വൈരത്തെ മാറ്റി സ്നേഹത്തെ ഉദ്ഘോഷിക്കുന്നത് നമുക്ക് കാണാൻ കഴിയും. ഗെത്ത്ശെമന തോട്ടത്തിൽ വെച്ച് യേശുവിനെ പിടിക്കാനായി ജനക്കൂട്ടവും യുദായും വരികയും, യൂദാ ചുംബനത്തിൽ കൂടി യേശുവിനെ കാണിച്ചു കൊടുക്കുമ്പോൾ ജനക്കൂട്ടം യേശുവിനെ പിടിക്കുകയും ചെയ്തു. പെട്ടന്ന് ശിമോൻ പത്രോസ് തന്റെ വാളെടുത്ത് മഹാപുരോഹിതന്റെ ദാസനായ മൽക്കോസിനെ വെട്ടി. അവന്റെ വലതു ചെവി വെട്ടുകൊണ്ട് മുറിഞ്ഞു പോയി(യോഹന്നാൻ 18:10). യേശു പത്രോസിനോട് പറയുന്നു “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും." ( മത്തായി 26:52). യേശു മൽക്കോസിന്റെ കാതു തൊട്ടു സൗഖ്യമാക്കുകയും ചെയ്തു (ലൂക്കോസ് 22:51)... കയ്യഫാ മഹാപുരോഹിതന്റെ നിർദ്ദേശപ്രകരം യേശുവിനെ പിടിക്കാനായി വന്ന മൽക്കോസ്, താൻ ആരയെ ആണോ പിടിക്കാൻ വന്നത് ആ ആൾ തന്റെ മുറിഞ്ഞുപോയ,രക്തം ഒഴുകുന്ന ചെവി തൊട്ട് സൗഖ്യമാക്കുമ്പോൾ ആ മനുഷ്യന്റെ മനസിലെ വൈരം ഇല്ലാതാവില്ലേ??? ആ മനുഷ്യൻ പിന്നീട് യേശുവിന്റെ അനുയായി തീരാതിരിക്കുന്നതെങ്ങനെയാണ്?

വൈരത്തെ സ്നേഹമാക്കിമാറ്റുന്ന ആ ക്രിസ്തുവിന്റെ യാഗത്തിലേക്കൂള്ള വഴിയിൽ കൂടി പോകാൻ ആഗ്രഹിക്കുന്ന നമ്മുടെ മനസിൽ ഇപ്പോഴും വൈരം ഉണ്ടോ? ഉണ്ടങ്കിൽ ആ വൈരത്തെ സ്നേഹമാക്കി മാറ്റാൻ നമുക്ക് കഴിയണം. അതിനു ഈ നോമ്പുകാലത്തിൽ നമുക്ക് കഴിയട്ടെ

നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , bible stories , malayalam bible stories , ഉപവാസം , നോമ്പ് , Great Lent , 50 days great lent

Sunday, February 24, 2013

ദൈവത്തിലേക്കുള്ള വഴികാട്ടികൾ :: നോമ്പുകാല ചിന്തകൾ

യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു: “മകനേ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു” എന്നു പറഞ്ഞു. (വി.മർക്കോസ് 2:5)

ഒരു പക്ഷവാതരോഗിയെ നാലുപേർ കിടക്കയോടെ കൊണ്ട് വന്ന് യേശു ഇരുന്ന കെട്ടിടത്തിന്റെ മേൽക്കൂര പൊളിച്ച് യേശുവിന്റെ മുമ്പിലേക്ക് ഇറക്കിവെച്ചു. അവരുടെ വിശ്വാസം ഹേതുവായി യേശു ആ പക്ഷവാതക്കാരനെ സൗഖ്യമാക്കുന്ന സംഭവം പുതിയ നിയമത്തിൽ മൂന്നു ഭാഗങ്ങളിൽ രേഖപ്പെടുത്തിയിട്ടൂണ്ട്.
മത്തായി 9 : 2-7 ,
മർക്കോസ് 2: 1-12 ,
ലൂക്കോസ് 5 : 17 - 26


ഈ ഭാഗങ്ങളിൽ എല്ലാം രേഖപ്പെടുത്തിയിരിക്കുന്നത് പക്ഷവാതക്കാരനെ കൊണ്ടൂവന്നവരുടെ വിശ്വാസം കണ്ടിട്ടാണ് യേശു ആ പക്ഷവത രോഗിയെ സൗഖ്യമാക്കിയത് എന്നാണ്. യേശുവുന്റെ അടുക്കൽ തങ്ങൾ ഈ പക്ഷവാത രോഗിയെ കൊണ്ടുവന്നാൽ,യേശു അവനെ തൊട്ടാൽ അല്ലങ്കിൽ 'നീ സൗഖ്യമാവുക' എന്ന് യേശു അവനോട് പറഞ്ഞാൽ ആ പക്ഷവാത രോഗിക്ക് സൗഖ്യം വരുമെന്ന് ആ നാലുപേർ വിശ്വസിച്ചിരുന്നു. ആ വിശ്വസം കൊണ്ടാണ് അവർ ആ രോഗിയെ അയാൾ കിടന്ന കിടക്കയോടു കൂടി യേശുവിന്റെ അടുക്കൽ കൊണ്ടുവന്നത്. അവർക്ക് വിശ്വാസം ഉണ്ടായിരുന്നു. പക്ഷേ യേശുവിന്റെ അടുക്കൽ എത്താൻ ജനക്കൂട്ടം മൂലം അവർക്ക് കഴിഞ്ഞില്ല. കഫർന്നഹൂമിൽ  യേശു ഇരുന്നിരുന്ന വീട്ടിൽ ആ വീടിന്റെ പരിസരം മുഴിവൻ ജനക്കൂട്ടം ആയിരുന്നു.  ലൂക്കോസിന്റെ സുവിശേഷത്തിൽ പറയുന്നത് "സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ,യേശുവിന്റെ കൂടെ ഉണ്ടായിരുന്നു" എന്നാണ്.

അതുകൊണ്ട് അനേക്കം രോഗികൾ ,പ്രയാസം അനുഭവിക്കൂന്നവർ, യേശുവിന്റെ പ്രസംഗം കേൾക്കാൻ വന്നവർ ഒക്കെ ആ വീട്ടിൽ ഉണ്ടായിരിക്കണം. ഇങ്ങനെയുള്ള സമയത്താണ് നാലുപേർ പക്ഷവാതക്കാരനെ കൊണ്ടൂവരുന്നത്. തങ്ങൾക്ക്ഒരിക്കലും വാതിക്കല് കൂടി പക്ഷവാതക്കാരനെ യേശുവിന്റെ അടുക്കൽ കൊണ്ടുച്ചെല്ലാൻ കഴിയല്ലന്ന് അവർക്ക് മനസിലായി. യേശുവിന്റെ അടുക്കൽ എത്തിയാൽ ആ പക്ഷവാത രോഗ സൗഖ്യം പ്രാപിക്കുമെന്ന് അവർക്ക് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു. അവർക്ക് പക്ഷവാത രോഗിയെ യേശുവിന്റെ മുന്നിലും എത്തിക്കണം. അതിനവർ ഒരു മാർഗ്ഗം കണ്ടെത്തി. യേശു ഇരുന്ന ആ കെട്ടിടത്തിന്റെ മേൽക്കൂര മാറ്റി അ പക്ഷവാതരോഗിയെ കിടക്കയോടെ യേശുവിന്റെ മുന്നിൽ ഇറക്കി വയ്ക്കുക.

വീടിന്റെ മേൽക്കൂര എങ്ങനെയുള്ളതാണങ്കിലും അത് മാറ്റുക എന്നു പറയുന്നത് വളരെ പ്രയാസം തന്നെ ആയിരിക്കും എന്ന് ഉറപ്പാണ്. തങ്ങൾ കൊണ്ടുവന്ന ഒരുവനെ,ഒരു രോഗിയെ; ഒരു പക്ഷേ അത് അവരുടെ ബന്ധു ആയിരിക്കാം അല്ലങ്കിൽ സുഹൃത്ത് ആയിരിക്കും അതുമല്ലങ്കിൽ മാനുഷികപരിഗണനവെച്ച് അയാളുടെ പ്രയാസം കണ്ടിട്ട് കൊണ്ടു വന്നതായിരിക്കാം, യേശുവിന്റെ അടുക്കൽ എത്തിക്കാനായി മേൽക്കൂര മാറ്റുക എന്ന പ്രയാസം നേരിടാൻ തന്നെ അവർ തീരുമാനിച്ചു. കാരണം ഈ പ്രയാസം തങ്ങൾ അനുഭവിച്ചാലും രോഗക്കിടക്കയിൽ പ്രയാസപ്പെടൂന്ന ആ പക്ഷവാതരോഗിയുടെ പ്രയാസം യേശുവിനാൽ മാറ്റപ്പെടുമെന്ന് അവർ വിശ്വസിച്ചു. ആ വിശ്വാസത്താൽ അവർ ആ മേൽക്കൂര മാറ്റി. എന്നിട്ട് ആ പക്ഷവാത രോഗിയുടെ കിടക്ക ആ വീടിന്റെ മുകളിൽ എത്തിച്ച് തങ്ങൾ മേൽക്കൂര മാറ്റിയ ഭാഗത്തൂടെ യേശുവിന്റെ മുന്നിലേക്ക് ഇറക്കി.

ആ നാലുപേരുടെ വിശ്വാസം കണ്ടീട്ട് യേശു പക്ഷവാത രോഗിയോട് പറയുന്നു “മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു” (മത്തായി 9:2). ഒരു പക്ഷേ ആ പക്ഷവാതരോഗിക്ക് അപ്പോഴും വിശ്വാസം ഇല്ലായിരുന്നിരിക്കണം,അല്ലങ്കിൽ ആ തിരക്കിൽ താൻ തഴയപ്പെടുമോ എന്നുള്ള ഭയം ആയിരിക്കണം. അതുകൊണ്ടായിരിക്കണം യേശു  അവന് ആദ്യം തന്നെ ധൈര്യം നൽകുന്നത്. "മകനേ, ധൈര്യമായിരിക്ക", നീ എന്തിനാണ് ഭയപ്പെടുന്നത്. അനേകം രോഗികൾക്ക് സൗഖ്യം നൽകിയവനായ യേശുവിന്റെ മുന്നിലാണ് നീ എത്തിയിരിക്കൂന്നത്,ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ അധികാരമുള്ളവന്റെ മുന്നിലാണ് നീ ഇപ്പോൾ.. പിന്നെ നീ എന്തിനാണ് ഭയപ്പെടുന്നത്. ധൈര്യമായിരിക്ക. “എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു. (മർക്കോസ് 2:11). യേശു പറഞ്ഞ ഉടനെ ആ പക്ഷവാതരോഗി തന്റെ കിടക്ക എടുത്തുകൊണ്ട് എല്ലാവരും കാൺകെ നടന്നു പോയി. അവനെ കൊണ്ടൂവന്നവർക്ക് വിശ്വാസം ഉണ്ടായിരുന്നു..അവരുടെ വിശ്വാസത്തിന്റെ ഫലമായിട്ടാണ് ആ പക്ഷവാത രോഗിക്ക് സൗഖ്യം പ്രാപിക്കാൻ കഴിഞ്ഞത്.

പക്ഷവാതരോഗിയെ യേശുവിന്റെ അടുക്കലേക്ക് കൊണ്ടൂവന്ന ആ നാലു ആൾക്കാരെപോലെ പ്രയാസങ്ങൾ ഒക്കെ സഹിച്ച് ഒരാളെയെങ്കിലും യേശുവിന്റെ അടുകലേക്ക് കൊണ്ടൂവരാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? കൊണ്ടുവന്നവരുടെ വിശ്വാസത്തോടൊപ്പം ആ പക്ഷവാതരോഗിയെ യേശുവിന്റെ അടുക്കലേക്ക്  കൊണ്ടുവരാനുള്ള മനസ്ഥിതികൂടി നമ്മൾ മനസിലാക്കണം.

പുതിയനിയമം നോക്കുമ്പോൾ യേശുവിന്റെ അടുക്കലേക്ക് ആൾക്കാരെകൊണ്ടൂവന്ന ചിലരെക്കൂടി നമുക്ക് കാണാൻ കഴിയും.

ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു തന്റെ സഹോദരനായ ശിമോൻ പത്രൊസിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവരുന്നത്  അന്ത്രെയാസ് ആണ്(യോഹന്നാൻ 1:40-42)

"ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ  യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു"  നഥനയേലിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവരുന്നത് ഫിലിപ്പോസ് ആണ് (യോഹന്നൻ 1:45)

പെരുന്നാളിൽ ദേവാലയത്തിൽ വന്ന യവന്മാരിൽ ചിലർ തങ്ങൾക്ക് യേശുവിനെ കാണാനുള്ള അഗ്രഹം അറിയിക്കുന്നത് ഫിലിപ്പോസിനോടാണ്. (വി.യോഹന്നാൻ 12:20-22).

യേശുവിന്റെ അടുക്കൽ വരുന്ന ആളുകളെക്കുറിച്ച് കൂടുതൽ ചിന്തിച്ചിരുന്നത് ഫിലിപ്പോസ് ആയിരിക്കണം. അതുകൊണ്ടായിരിക്കണം വലിയൊരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ടു : “ഇവർക്കു തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങും” യേശു ഫിലിപ്പൊസിനോടു ചോദിച്ചത് (യോഹന്നാൻ 6:5 )

പക്ഷവാതക്കാരനെ വിശ്വാസത്തോടെ യേശുവിന്റെ അടുക്കലേക്ക് കൊണ്ടുവന്നവരെപ്പോലെ നമുക്കും മറ്റുള്ളവരെ യേശുവിന്റെ അടുക്കലേക്ക് കൊണ്ടുവരാൻ കഴിയണം.
നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , bible stories , malayalam bible stories , ഉപവാസം , നോമ്പ് , Great Lent , 50 days great lent

Saturday, February 23, 2013

ദൈവത്തെ കാണാൻ ശ്രമിച്ച സക്കായി

വി.ലൂക്കോസിന്റെ സുവിശേഷം 19 ആം അദ്ധ്യായം 1 മുതൽ 10 വരെയുള്ള വാക്യങ്ങളിലാണ് ചുങ്കക്കാരനായ സക്കായി യേശുവിനെ കാണാൻ ശ്രമിച്ചതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

ചുങ്കക്കാരിലെ പ്രമാണിയായ സക്കായി യേശുവിനെ കാണാനായി യേശു വരുന്ന വഴിയിലെ കാട്ടത്തിയുടെ മുകളിൽ കയറി. അവന്റെ ശാരീരികമായ അവസ്ഥയിൽ അവനു നിലത്ത് നിന്ന് യേശുവിനെ കാണാൻ സാധിക്കുകയില്ലായിരുന്നു. ഉയരം കുറഞ്ഞ അവൻ നിലത്ത് നിന്ന് യേശുവിനെ കാണാൻ ശ്രമിച്ചു എങ്കിലും ആൾക്കൂട്ടത്തിന്റെ തിരക്ക മൂലം അതിനു കഴിഞ്ഞില്ല. പക്ഷേ അവനു യേശുവിനെ കാണുകയും വേണം. യേശു പോകുന്ന വഴിയിലൂടെ യേശുവിനു മുമ്പായി അവൻ ഓടി.എല്ലായിടത്തും ആളുകൾ യേശുവിനെ കാണാനായി വഴിയരികിൽ കാത്തു നിൽക്കുകയാണ്. അപ്പോഴാണ് വഴിയരികിലെ ഒരു കാട്ടത്തി സക്കായിയുടെ കണ്ണിൽ പെടൂന്നത്. വളരെ പ്രയാസപ്പെട്ട് സക്കായി കാട്ടത്തിയുടേ മുകളിൽ കയറി. കാലുകൾക്ക് ഉയരം കുറഞ്ഞ ഒരാൾക്ക് മരത്തിൽ കയറാനുള്ള ആയാസം നമുക്കറിയാം. തന്റെ പ്രയാസത്തെ തോൽപ്പിച്ചുകൊണ്ട് യേശുവിനെ കാണണം എന്നുള്ളാ ഒരൊറ്റ ചിന്തയിൽ സക്കായി കാട്ടത്തിയിൽ കയറി ഇരുന്നു.

ശാരീരികമായി ഒരു ബുദ്ധിമുട്ടം ഇല്ലാത്ത നമ്മൾ ദൈവത്തെ കാണാൻ ശ്രമിച്ചിട്ടൂണ്ടോ? എന്ന് സ്വയം ചോദിക്കേണ്ട കാര്യമാണ്. ഞാൻ നോമ്പു നോൽക്കുന്നു, ഉപവാസം അനുഷ്ഠിക്കുന്നു,ദേവാലയത്തിൽ കാണിക്ക ഇടുന്നു,സംഭാവന കൊടുക്കുന്നു.. പക്ഷേ എനിക്കു ദൈവത്തെ കാണാൻ കഴിഞ്ഞിട്ടില്ല എന്നായിരിക്കും നമ്മുടെ ഉത്തരം. ദൈവവും ദൈവ ചൈതന്യവും ഒക്കെ നമ്മുടെ ഉള്ളിൽ തന്നെയുണ്ട്. ദൈവം അവിടെയുണ്ടന്ന് കേൾക്കുമ്പോൾ അവിടേക്കും ഇവിടെയുണ്ടന്ന് കേൾക്കുമ്പോൾ ഇവിടേക്കൂം ഓടിയിട്ട് കാര്യമൊന്നും ഇല്ല. എവിടെ ഓടിപ്പോയാലും ദൈവത്തെ കാണാൻ സ്വയം ശ്രമിച്ചില്ലങ്കിൽ ദൈവത്തെ കാണാൻ കഴിയില്ല.
നമ്മുടെ ഇടയിലെ 'ചെറിയ സഹോദരന്മാരെ കണ്ടത്തിയാൽ'നമുക്ക് ദൈവത്തെ കണ്ടെത്താൻ കഴിയും.
എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും. (മത്തായി 25:34-40).

യേശു അത്തിയുടെ അടുത്ത് വന്നപ്പോൾ മുകളിലേക്ക് നോക്കി. സക്കായി അത്തിയുടെ മുകളിൽ യേശുവിനെ കാണാൻ വേണ്ടി ഇരിക്കുകയാണ്. സക്കായിയെ യേശു കണ്ടൂ. എന്നിട്ട് മുകളിലേക്ക് നോക്കി വിളിച്ചു.
“സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു”.  പെട്ടന്ന് സക്കായി അത്തിയിൽ നിന്ന് പ്രയാസപ്പെട്ട് ഇറങ്ങിവന്നു. താൻ കാണാൻ ആഗ്രഹിച്ചിരുന്ന യേശു തന്റെ മുമ്പിൽ വന്ന് തന്റെ പേരു ചൊല്ലി വിളിക്കുന്നു.. പാപിയായ മനുഷ്യൻ എന്ന് പറഞ്ഞ് ആളുകൾ മാറ്റി നിർത്തിയിരുന്ന സക്കായിയെ യേശു പേരു ചൊല്ലി വിളിച്ചിരിക്കുന്നു. സമൂഹത്തിലെ 'പാപിയായ മനുഷ്യന്റെ' അകറ്റി നിർത്തൽ കൊണ്ടായിരിക്കണം സക്കായിക്ക് താഴെ നിന്ന് യേശുവിനെ കാണാൻ കഴിയാതിരുന്നത്. പുരുഷാരത്തിന്റെ ഇടയിലൂടെ മുന്നിൽ എത്താൻ ശ്രമിച്ചപ്പോഴെല്ലാം 'പാപിയായ മനുഷ്യൻ' എന്നുള്ള പരിഹാസവും പാപിയായ നീ എന്തിന് യേശുവിനെ കാണാൻ ശ്രമിക്കുന്നു എന്നുള്ള ചോദ്യവും സക്കായിക്ക് കേൾക്കേണ്ടീ വന്നിട്ടുണ്ടാവും. അതുകൊണ്ടുകൂടിയായിരിക്കണം സക്കായി പുരുഷാരത്തിന്റെ തിരക്കിൽ നിന്ന് മാറി അത്തിയിൽ കയറി യേശുവിനെ കാണാൻ ശ്രമിച്ചത്.

യേശുവിന്റെ ജീവിതത്തിൽ അത്തിയുമായി ബന്ധപ്പെട്ട പല സംഭവങ്ങളും നമുക്ക് കാണാൻ കഴിയും.
യേശു നഥാനിയേലിനെ ആദ്യമായി കാണുന്നത് അത്തിയുടെ കീഴിൽ ഇരിക്കുമ്പോഴാണ്. (യോഹന്നാൻ 1:48). പല ഉപമകളിലും അത്തിയെ യേശു പരാമർശിക്കുന്നുണ്ട്. (മത്തായി 24:32 , മർക്കോസ് 13:28 , ലൂക്കോസ് 6:44 , ലൂക്കോസ് 13:6,ലൂക്കോസ് 17:6, ലൂക്കോസ് 21:39). അത്തിയിൽ ഫലം തിരയുന്ന യേശുവിനെ നമുക്ക് പരിചിതമാണ്. ഫലം കിട്ടാത്ത അത്തിയെ യേശു ശപിക്കുന്നുണ്ട്.  ഫലം പുറപ്പെടുവിക്കാത്ത അത്തി വെട്ടിക്കളയാൻ കല്പിക്കുന്ന തോട്ട ഉടമസ്ഥനോട് അത്തിക്കുവേണ്ടീ അപേക്ഷിക്കുന്ന തോട്ടക്കാരനയും നമുക്ക് കാണാൻ കഴിയും. നമ്മളും അത്തിമരങ്ങളാണ്. ഫലം പുറപ്പെടുവിക്കുന്നതാണോ അതോ ഭൂമിയിലെ വെള്ളവും വളവും വെറുതെ വലിച്ചെടുത്ത് ഫലം പുറപ്പെടുവിക്കാതെ നിൽക്കുന്ന മരങ്ങളാണോ എന്ന് സ്വയം ചിന്തിക്കണം.

ഇവിടെ ഈ കാട്ടത്തി സക്കായി എന്ന് ഫലം പുറപ്പെടുവിച്ചിരിക്കുന്നു. യേശുവിനെ കാണാൻ ശ്രമിച്ച സക്കായിക്ക് മാർഗ്ഗം ഒരുക്കിക്കോണ്ട് ഈ കാട്ടത്തി ഫലം പുറപ്പെടുവിച്ച് കഴിഞ്ഞു. അത്തിയിൽ ഫലം തിരിഞ്ഞു വന്ന യേശുവിനു 'സക്കായി എന്ന പശ്ചാത്തപിക്കുന്ന ചുങ്കക്കാരൻ' എന്ന ഫലത്തെ കിട്ടിയിരിക്കുന്നു.

അത്തിമരത്തിൽ നിന്ന് ഇറങ്ങിവന്ന സക്കായിയുടെ കൂടെ യേശു അവന്റെ വീട്ടിലേക്ക് പോകുന്നു. യേശു സക്കായിയെ വിളിച്ചതും സക്കായി ഇറങ്ങിവന്ന യേശുവിനെ കെട്ടിപ്പിടിച്ചതൊന്നും യേശുവിനെ കാണാനായി വന്ന് നിന്ന ജനക്കൂട്ടത്തിനു ഉൾക്കൊള്ളാനായില്ല."അവൻ  പാപിയായോരു മനുഷ്യനോടുകൂടെ പാർപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു". കാരണം യേശു പേരുചൊല്ലി വിളിച്ചത് പാപിയായ ഒരുത്തനെ ആണ്. ഒരുപക്ഷേ ചുങ്കപ്പിരിവ് തുടങ്ങയതിൽ പിന്നെ സക്കായിയെ ആദ്യമായി പേരു ചൊല്ലി വിളിച്ചത് യേശു ആയിരിക്കണം. ചുങ്കക്കാരോട്  അന്നത്തെ സമൂഹത്തിന്റെ മനസ്ഥിതി എന്തായിരുന്നു എന്നു കാണണമെങ്കിൽ ലൂക്കൊസിന്റെ സുവിശേഷം 18 ആം അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്ന,  ദേവാലയത്തിൽ പ്രാർത്ഥിക്കാൻ വന്ന, പരീശനെയും ചുങ്കക്കാരനെയും മനസിലാക്കിയാൽ മതി. പരീശന്റെ പ്രാർത്ഥനയിൽ ചുങ്കക്കാരോടുള്ള സമീപനം മനസിലാക്കാ കഴിയും.
പരീശൻ നിന്നുകൊണ്ടു തന്നോടു തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു. (ലൂക്കോസ് 18:11).

"സക്കായിയോ നിന്നു കർത്താവിനോടു: കർത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു." (ലൂക്കോസ് 19:8). പേരു ചൊല്ലി വിളിച്ച സക്കായി പശ്ചാത്താപത്തോടെ യേശുവില് വിശ്വസിച്ച് പറയുന്നു. സമൂഹത്തിൽ എപ്പോഴും പിന്തള്ളപ്പെട്ടിരുന്ന പാപികളോടും ചുങ്കക്കാരോടും യേശു ഗാഡമായ സ്നേഹ ബന്ധം പുലർത്തിയിരുന്നു. അവർക്കുവേണ്ടീ സമൂഹത്തോട് സംസാരിക്കുകയും ചെയ്തിരുന്നു. താൻ ചിങ്കക്കാരുടേയും പാപികളുടേയും സ്നേഹിതൻ ആണന്നു പരിഹസിക്കപ്പെട്ടതും യേശു അംഗീകരിച്ചിരുന്നു. വിരുന്നുശാലകളിൽ പോലും യേശു പാപികളുടയും ചിങ്കക്കാരുടയും കൂടെ ഇരുന്നു. യേശുവിനെ അനുഗമിച്ചവരിൽ ചുങ്കക്കാരും പാപികളും ഉണ്ടായിരുന്നു. (മത്തായി 9:10 , മത്തായി 11:19 , മത്തായി 21:31 , മർക്കോസ് 2:15 , ലൂക്കോസ് 5:29 ,  ലൂക്കോസ് 7:34, ലൂക്കൊസ് 15:1). യേശു പാപികളോടും ചിങ്കക്കാരോടും വിരുന്ന പങ്കിടുന്നു എന്ന് ആക്ഷേപിച്ചവർക്ക് യേശു നൽകുന്ന ഉത്തരം ഇതാണ്.. "ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന്നു വിളിപ്പാൻ വന്നിരിക്കുന്നതു” (ലൂക്കോസ് 5:32)

യേശു ചുങ്കക്കാരനെ വിളിക്കുന്ന മറ്റൊരു സംഭവവും വേദപുസ്തകത്തിൽ പറഞ്ഞിട്ടൂണ്ട്.ചുങ്കസ്ഥലത്ത് ചുങ്കം പിരിച്ചുകൊണ്ടിരുന്ന ഒരുവനെ “എന്നെ അനുഗമിക്ക” എന്ന് പറഞ്ഞ് യേശു വിളിക്കുന്നു. അവൻ  യേശുവിനെ അനുഗമിക്കൂകയും ചെയ്യുന്നു. (മത്തായി 9:9 , മർക്കോസ് 2:14 , ലൂക്കൊസ് 5:27)

യേശു അവനോടു: “ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു. കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു” എന്നു പറഞ്ഞു. (ലൂക്കൊസ് 19:9-10). പാപത്തിന്റെ വഴിയിൽ തെറ്റിപ്പോയ സക്കായി പശ്ചാത്തപിച്ച് തെറ്റുകൾ മനസിലാക്കി പ്രായശ്ചിത്തം ചെയ്യാനുള്ള സന്നദ്ധത അറിയുക്കുമ്പോൾ യേശു പറയുന്നതാണിത്. മനുഷ്യപുത്രൻ താൻ ഈ ഭൂമിയിൽ എന്തിനാണ് വന്നത്,തന്റെ ലക്ഷ്യം എന്താണന്ന് ഒരിക്കൽ കൂടി സൂചിപ്പിക്കുന്നു.
"കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു”!!

കാണാതെപോയ ആടിനെ കിട്ടിയപ്പോൾ സന്തോഷിച്ച സ്നേഹമാണത്(ലൂക്കൊസ് 15:6) .

കാണാതെ പോയ ഒരു ദ്രഹ്മ കണ്ടെത്താനായി വിളക്കു കത്തിച്ചു വീട് മുഴുവൻ
അടിച്ചുവാരിയ സ്ത്രിയെപ്പോലെ കാണാതെപോയതിനെ അന്വേഷിക്കുന്നവനാണ് ദൈവപുത്രൻ (ലൂക്കോസ് 15 : 8)

കാണാതെ പോയ മകനെ കണ്ടു കിട്ടിയപ്പോൾ വിരുന്നൊരുക്കിയ പിതാവിനെപ്പോലെയണ് ദൈവപുത്രൻ  (ലൂക്കൊസ് 15:24)

വി.പൗലോസ് പറയുന്നത് ഓർമ്മിപ്പിച്ചുകൊണ്ട് നിർത്തട്ടെ. ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ.  (1തിമൊഥെയൊസ് 1:15).

നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , bible stories , malayalam bible stories , ഉപവാസം , നോമ്പ് 

Sunday, February 17, 2013

നോമ്പ് : സാത്താനെതിരെയുള്ള വിജയം / പരാജയപ്പെടുന്ന സാത്താൻ

യേശു ക്രിസ്തു തന്റെ പരസ്യ ശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പ് യോഹന്നാൻ സ്നാപകന്റെ കൈയ്യാൽ യോർദ്ദാനിൽ നിന്ന് സ്നാനം ഏറ്റതിനു ശേഷമാണ് മരുഭൂമിയിലേക്ക് പോകുന്നത്. മത്തായിയുടേ സുവിശേഷത്തിൽ പറയുന്നത് 'പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി.' (മത്തായി 4:1) എന്നാണ്. നാൽപ്പതു ദിവസം രാത്രിയും പകലും ഉപവസിച്ചതിനു ശേഷം  വിശന്നപ്പോൾ പരീക്ഷകൻ യേശുവിന്റെ അടുക്കൽ വന്നു എന്നാണ് മത്തായിയുടേ സുവിശേഷത്തിൽ പക്ഷേ ലൂക്കോസിന്റെ സുവിശേഷത്തിൽ ഇതിനു അല്പം വെത്യാസം ഉണ്ട്. ലൂക്കോസ് പറയുന്നത് സാത്താൻ യേശുവിനെ ഈ നാൽപ്പതു ദിവസവും പരീക്ഷിച്ചു കൊണ്ടീരുന്നു എന്നാണ്. യേശൂവിന്റെ മുന്നിൽ സാത്താൻ ചെല്ലുന്നത് ഉപവാസത്തിന്റെ നാൽപ്പതു ദിവസങ്ങൾക്കു ശേഷം തന്നെയാണ്.ഉപവാസത്തിന്റെ നാൽപ്പതു ദിവസത്തിനൂ ശേഷം യേശുവിനു വിശന്നപ്പോൾ പരീക്ഷകൻ ആഹാരം നൽകാം എന്നുള്ള പ്രലോഭനവുമായി യേശൂവിന്റെ മുന്നിൽ എത്തുകയാണ്.

സാത്താൻ നേരത്തെ തന്നെ പരീക്ഷിച്ച് വിജയിച്ച ഒരു തന്ത്രമാണിത്. നേരത്തെ എന്നു പറഞ്ഞാൽ ഏദൻ തോട്ടത്തിൽ വെച്ച്. അന്ന് അവിടെ ഏദൻ തോട്ടത്തില്‍ നടുവിലെ വൃക്ഷത്തിന്റെ ഫലം പ്രലോഭിപ്പിച്ച് ഹവ്വയെക്കോണ്ട് പറിപ്പിക്കുകയും ആദാമിനു അത് നൽകുകയും ചെയ്തപ്പോൾ മനുഷ്യന് നഷ്ടപ്പെട്ടത് ഏദൻ തോട്ടമെന്ന പറുദീസ ആയിരുന്നു. അന്ന് മനുഷ്യനു നഷ്ടപ്പെട്ട പരുദീസയുടേ അനുഭവം തിരികെ നൽകാനാണ് രണ്ടാമത്തെ ആദാമായി ദൈവ പുത്രൻ വന്നിരിക്കൂന്നത്.ഇപ്പോഴും പഴയ തന്ത്രവുമായി, പ്രലോഭനവുമായി സാത്താൻ വന്നിരിക്കൂന്നു. അന്ന് നടുവിൽ നിൽക്കുന്ന  നിൽക്കൂന്ന നന്മതിനകളുടെ തിരിച്ചറിവിന്റെ വൃക്ഷത്തിന്റെ ഫലം നൽകിയാണ് പ്രലോഭിപ്പിച്ചതെങ്കിൽ ,സ്വയം ജീവ വൃക്ഷത്തിന്റെ ഫലമായി തീരാൻ വന്നവനെയാണ് കല്ല് അപ്പമായി തീർക്കാൻ ആവശ്യപ്പെട്ട് സാത്താൻ പരീക്ഷിക്കൂന്നത്. ഏദൻ തോട്ടത്തിൽ വെച്ച് മനുഷ്യനു നഷ്ടപ്പെട്ട അനുഭവം ജീവന്റെ വൃക്ഷത്തിന്റെ ഫലമാണ്. കാൽവറിയിൽ സ്വയം ജീവന്‍ സമർപ്പിച്ച് യേശു  നമുക്ക് നൽകിയത് ആ ജീവവൃക്ഷത്തിന്റെ ഫലമാണ്. ആ ജീവ വൃക്ഷഫലത്തിന്റെ പാകമാകലിന്റെ വഴിയുടെ ആരംഭമായിരുന്നു യേശുവിന്റെ നാല്പതു ദിവസത്തെ ഉപവാസം. അവിടെയാണ് പരീക്ഷകൻ എത്തിയത്.  ഒന്നാമത്തെ ആദാമിന് ഏദൻതോട്ടത്തിൽ സാത്താന്റെ പ്രലോഭനത്തിൽ ചതിവു പറ്റിയെങ്കിൽ രണ്ടാമത്തെ ആദാം മരുഭൂമിയിൽ സാത്താന്റെ പ്രലോഭനത്തെ അതിജീവിക്കുന്നു....

മൂന്നു പ്രാവിശ്യമാണ് സാത്താൻ യേശുവിനെ പരീക്ഷിക്കുന്നത്.

ഒന്നാമത്തെ പരീക്ഷണം
"നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലു അപ്പമായ്തീരുവാൻ കല്പിക്ക" എന്നു പറഞ്ഞു കൊണ്ടാണ് സാത്താൻ യേശുവിന്റെ അടുക്കൽ എത്തുന്നത്. നാൽപ്പതു ദിവസത്തെ ഉപവാസത്തിനു ശേഷം വിശന്നപ്പോഴാണ് കല്ല് അപ്പമായി തീരാൻ കൽപ്പിക്കുക്ക എന്നു സാത്താൻ പറയുന്നത്.  “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നുള്ള വേദഭാഗം യേശു സാത്താന് മറുപിടിയായി നൽകുന്നു. ആവർത്തന പുസ്തകം 8 ആം അദ്ധ്യായം 3 ആം വാക്യം ആണ് യേശു മറുപിടി നൽകിയത്. "അവൻ  നിന്നെ താഴ്ത്തുകയും നിന്നെ വിശപ്പിക്കയും മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു എന്നു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്തു."

സ്വയം ജീവന്റെ അപ്പമായി തീരാൻ വന്നവനോട് ആണ് കല്ലിനെ അപ്പമായി തീരാൻ കല്പിക്ക എന്ന് സാത്താൻ പറയുന്നത്. യോഹന്നാന്റെ സുവിശേഷം 6 ആം അദ്ധ്യായത്തിൽ യേശു ക്രിസ്തു ഇത് പ്രഖ്യാപിക്കൂന്നുണ്ട്. സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു. (യോഹന്നാൻ 6:51). സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും. (യോഹന്നാൻ 6:58)

രണ്ടാമത്തെ പരീക്ഷണം
രണ്ടാമത്തെ പരീക്ഷണത്തിനായി സാത്താൻ യേശു ക്രിസ്തുവിനെ മരുഭൂമിയിൽ നിന്ന് വിശുദ്ധനഗരത്തിലെ ദൈവാലത്തിന്റെ അഗ്രത്തിൻ മേല്‍ കൊണ്ടു നിർത്തി.
നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ   തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ  നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു കൊണ്ട് താഴേക്ക് ചാടാൻ ആവശ്യപ്പെടുകയാണ്. ഒന്നാമത്തെ പരീക്ഷണത്തിൽ യേശു സാത്താനെ പരാജപ്പെടൂത്തുന്നത് വേദ വചനത്തിലെ ഒരു വാക്യം ഉദ്ധരിച്ചു കൊണ്ടാണ്. അതുകൊണ്ടായിരിക്കണം രണ്ടാമത്തെ പരീക്ഷ്ണത്തിൽ ദൈവാലയമുകളിൽ നിന്ന് ചാടാൻ പറഞ്ഞുകൊണ്ട് മറ്റൊരു വേദഭാഗം സാത്താൻ ഉപയോഗിക്കുന്നത്. 91 ആം സങ്കീർത്തനം 11 ഉം 12 ഉം വാക്യങ്ങൾ ആണ് സാത്താൻ ഉപയോഗിക്കൂന്നത്. "നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ  നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും."

ഇതിന് യേശു മറുപിടി നൽകുന്നത് “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞാണ്. ആവർത്തന പുസ്തകം 6 ആം അദ്ധ്യായം 16 ആം വാക്യമാണ് യേശു പറയുന്നത്. അത് ഇങ്ങനെയാണ്, "നിങ്ങൾ മസ്സയിൽവെച്ചു പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുതു."

മസ്സ എന്ന വാക്കിന്റെ അർത്ഥം തന്നെ പരീക്ഷ എന്നാണ്. സീനായ് മരുഭൂമിയിൽ നിന്ന് പുറപ്പെട്ട യിസ്രായേൽ ജനത രെഫീദീമിൽ എത്തിയപ്പോൾ അവർക്ക് കുടിക്കാനായി വെള്ളം കിട്ടിയില്ല. ജനം മോശയോട്  കലഹിച്ചു. നിങ്ങൾ ദൈവത്തെ പരീക്ഷിക്കൂന്നത് എന്ത് എന്ന് മോശ വരോട് ചോദിക്കുന്നുണ്ട്. ദൈവത്തിന്റെ കല്പനപ്രകാരം മോശ തന്റെ കൈയ്യിലെ വടികൊണ്ട് പാറയിൽ അടിച്ച് യിസ്രായേൽ ജനതയ്ക്ക് വെള്ളം നൽകുന്നു.
യിസ്രായേൽമക്കളുടെ കലഹം നിമിത്തവും യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ എന്നു അവർ യഹോവയെ പരീക്ഷിക്ക നിമിത്തവും അവൻ  ആ സ്ഥലത്തിന്നു മസ്സാ (പരീക്ഷ) എന്നും മെരീബാ (കലഹം) എന്നും പേരിട്ടു. (പുറപ്പാട് 17:7)

ഈ രണ്ട് പരീക്ഷണത്തിലും പൊതുവായ ഒരു കാര്യം നിരീക്ഷിക്കാവുന്നതാണ്. "നീ ദൈവപുത്രൻ എങ്കിൽ" എന്നുള്ള ഒരു ചോദ്യചിഹ്നം മുന്നിൽ നിർത്തിയാണ് സാത്താൻ യേശുവിനെ പരീക്ഷിക്കൂന്നത്. നീ ദൈവപുത്രൻ എങ്കിൽ കല്ലിനെ അപ്പം ആക്കുക. നീ പുത്രൻ എങ്കിൽ താഴേക്ക് ചാടുക.

മൂന്നാമത്തെ പരീക്ഷണം
രണ്ടാമത്തെ പരീക്ഷ്ണത്തിലും പരാജയപ്പെട്ട സാത്താൻ യേശുവിനെ ദൈവാലയ മുകളിൽ നിന്ന് ഉയർന്ന മലയിലേക്ക് കൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചിട്ട് പറഞ്ഞു ,"ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം; അതു എങ്കൽ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാൻ കൊടുക്കുന്നു.നീ എന്നെ നമസ്കരിച്ചാൽ അതെല്ലാം നിന്റെതാകും" (ലൂക്കോസ് 4:6,7). ഇതിനു യേശു മറുപിടി നൽകുന്നത് ഇങ്ങനെയാണ്.  “സാത്താനേ, എന്നെ വിട്ടുപോ; 'നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു' എന്നു എഴുതിയിരിക്കുന്നുവല്ലോ”  (മത്തായി 4:10) . ആവർത്തനപുസ്തകം 6 ആം അദ്ധ്യായം 13 ആം വാക്യം ആണ് യേശു ഉപയോഗിക്കുന്നത്. "നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം.". ആവർത്തനപുസ്തകം 8:19 ലും സമാനമായ വാക്യം നമുക്ക് കാണാം."നിന്റെ ദൈവമായ യഹോവയെ നീ മറക്കയും അന്യദൈവങ്ങളെ പിന്തുടർന്നു അവയെ സേവിച്ചു നമസ്കരിക്കയും ചെയ്താൽ നിങ്ങൾ നശിച്ചുപോകും എന്നു ഞാൻ ഇന്നു നിങ്ങളോടു സാക്ഷീകരിക്കുന്നു."

ഏദൻ തോട്ടത്തിൽ പ്രലോഭനങ്ങളിൽ കൂടി വിജയിച്ച സാത്താനെയാണ് കാണാൻ കഴിയുന്നതെങ്കിൽ ഇവിടേ മരുഭൂമിയിൽ പരാജയപ്പെടുന്ന സാത്താനെയാണ് കാണാൻ കഴിയുന്നത്. സത്താന്റെ പ്രലോഭനങ്ങളിൽ ഒന്നാം ആദാമിൽകൂടി മനുഷ്യനു നഷ്ടപ്പെട്ട പറുദീസയുടെ അനുഭവം രണ്ടാം ആദാമിൽ കൂടി മനുഷ്യനു ലഭിക്കുന്നു.

യേശുവിന്റെ ജീവിതത്തിൽ പലപ്പോഴും 'സാത്താൻ' കടന്നു വരുന്നുണ്ട്. സാത്താന്റെ പരീക്ഷണങ്ങൾ എല്ലാം പരാജപ്പെടുത്തിയാണ് യേശു കാൽവറിയിൽ യാഗമായി സ്വയം അർപ്പിക്കൂന്നത്. എഴുപതു തിരഞ്ഞെടൂത്ത്  താൻ  ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും ഈരണ്ടായി അയച്ച യേശുവിന്റെ അടുക്കലേക്ക് അവർ തിരികെ വന്നപ്പോൾ യേശു അവരോടു പറയുന്നു, “സാത്താൻ  മിന്നൽപോലെ ആകാശത്തു നിന്നു വീഴുന്നതു ഞാൻ കണ്ടു." (ലൂക്കോസ് 10:18).

നാൽപ്പതുദിവസത്തെ ഉപവാസത്തിന്റെ ബലത്താൽ സാത്താന്റെ പരീക്ഷണങ്ങളെ തോൽപ്പിക്കാൻ യേശുവിനു കഴിഞ്ഞു. ഈ നോമ്പുവേളയിൽ സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കാൻ നമുക്കും കഴിയണം.

നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , bible stories , malayalam bible stories , ഉപവാസം , നോമ്പ്

Thursday, February 14, 2013

നോമ്പും ഉപവാസവും വേദപുസ്തകത്തിൽ

വേദപുസ്തകത്തിൽ ഉപവാസം അനുഷ്ഠിച്ചത് രേഖപ്പെടുത്തിയിരിക്കുന്ന വേദഭാഗങ്ങൾ

1. ന്യായാധിപന്മാർ 20:26
അപ്പോൾ യിസ്രായേൽമക്കൾ ഒക്കെയും സർവ്വജനവും കയറി ബേഥേലിലേക്കു ചെന്നു; അവിടെ യഹോവയുടെ സന്നിധിയിൽ കരഞ്ഞുകൊണ്ടു അന്നു സന്ധ്യവരെ ഉപവസിച്ചുപാർത്തു യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.

2. 1ശമുവേൽ 7:6
അവർ മിസ്പയിൽ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ചു ആ ദിവസം ഉപവസിച്ചു: ഞങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു അവിടെവെച്ചു പറഞ്ഞു. പിന്നെ ശമൂവേൽ മിസ്പയിൽവെച്ചു യിസ്രായേൽമക്കൾക്കു ന്യായപാലനം ചെയ്തു.

3. 1ശമുവേൽ 31:13
അവരുടെ അസ്ഥികളെ അവർ എടുത്തു യാബേശിലെ പിചുലവൃക്ഷത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു; ഏഴു ദിവസം ഉപവസിച്ചു.

4. 2ശമുവേൽ 1:12
അവർ ശൌലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ചു അവർ വാളാൽ വീണുപോയതുകൊണ്ടു വിലപിച്ചു കരഞ്ഞു സന്ധ്യവരെ ഉപവസിച്ചു.

5. 2ശമുവേൽ 12:16
ദാവീദ് കുഞ്ഞിന്നുവേണ്ടി ദൈവത്തോടു അപേക്ഷിച്ചു; ദാവീദ് ഉപവസിക്കയും അകത്തു കടന്നു രാത്രി മുഴുവനും നിലത്തു കിടക്കയും ചെയ്തു.

6. 1രാജാക്കന്മാർ 21:12
അവർ ഉപവാസം പ്രസിദ്ധംചെയ്തു, നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാനസ്ഥലത്തിരുത്തി.

7. 1രാജാക്കന്മാർ 21:27
ആഹാബ് ആ വാക്കു കേട്ടപ്പോൾ വസ്ത്രം കീറി, തന്റെ ദേഹം പറ്റെ രട്ടുടുത്തുകൊണ്ടു ഉപവസിച്ചു, രട്ടിൽ തന്നേ കിടക്കുകയും സാവധാനമായി നടക്കയും ചെയ്തു.

8. 1 ദിനവൃത്താന്തം 10:12
ശൂരന്മാരെല്ലാവരും പുറപ്പെട്ടു ശൌലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശിലേക്കു കൊണ്ടുവന്നു; അവരുടെ അസ്ഥികളെ യാബേശിലെ കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു ഏഴു ദിവസം ഉപവസിച്ചു.

9. 2 ദിനവൃത്താന്തം 20:3
യെഹോശാഫാത്ത് ഭയപ്പെട്ടു യഹോവയെ അന്വേഷിപ്പാൻ താല്പര്യപ്പെട്ടു യെഹൂദയിൽ ഒക്കെയും ഒരു ഉപവാസം പ്രസിദ്ധംചെയ്തു.

10. എസ്രാ 8:21,23
അനന്തരം ഞങ്ങൾ ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങളെത്തന്നേ താഴ്ത്തേണ്ടതിന്നും ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ഞങ്ങളുടെ സകലസമ്പത്തിന്നും വേണ്ടി ശുഭയാത്ര അവനോടു യാചിക്കേണ്ടതിന്നും ഞാൻ അവിടെ അഹവാ ആറ്റിന്റെ അരികെവെച്ചു ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.

അങ്ങനെ ഞങ്ങൾ ഉപവസിച്ചു ഞങ്ങളുടെ ദൈവത്തോടു അതിനെക്കുറിച്ചു പ്രാർത്ഥിച്ചു; അവൻ  ഞങ്ങളുടെ പ്രാർത്ഥന കേട്ടു.

11. നെഹെമ്യാവു 1:4
ഈ വർത്തമാനം കേട്ടപ്പോൾ ഞാൻ ഇരുന്നു കരഞ്ഞു; കുറെനാൾ ദുഃഖിച്ചും ഉപവസിച്ചുംകൊണ്ടു സ്വർഗ്ഗത്തിലെ ദൈവത്തോടു ഞാൻ പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ:

12. നെഹെമ്യാവു 9:1എന്നാൽ ഈ മാസം ഇരുപത്തിനാലാം തിയ്യതി യിസ്രായേൽമക്കൾ ഉപവസിച്ചും രട്ടുടുത്തും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു കൂടിവന്നു.

13. എസ്ഥേർ 4:3
രാജാവിന്റെ കല്പനയും തീർപ്പും ചെന്ന ഓരോ സംസ്ഥാനത്തും യെഹൂദന്മാരുടെ ഇടയിൽ മഹാദുഃഖവും ഉപവാസവും കരച്ചലും വിലാപവും ഉണ്ടായി; പലരും രട്ടുടുത്തു വെണീറ്റിൽ കിടന്നു.

14. എസ്ഥേർ 4:16
നീ ചെന്നു ശൂശനിൽ ഉള്ള എല്ലായെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി: നിങ്ങൾ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കു വേണ്ടി ഉപവസിപ്പിൻ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും; പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ.
15. സങ്കീർത്തനങ്ങൾ 35 :13
ഞാനോ, അവർ ദീനമായ്ക്കിടന്നപ്പോൾ രട്ടുടുത്തു; ഉപവാസംകൊണ്ടു ഞാൻ ആത്മതപനം ചെയ്തു; എന്റെ പ്രാർത്ഥന എന്റെ മാർവ്വിടത്തിലേക്കു മടങ്ങിവന്നു.

16. സങ്കീർത്തനങ്ങൾ 69:10
ഞാൻ കരഞ്ഞു ഉപവാസത്താൽ ആത്മതപനം ചെയ്തു. അതും എനിക്കു നിന്ദയായ്തീർന്നു;

17. സങ്കീർത്തനങ്ങൾ 109:24
എന്റെ മുഴങ്കാലുകൾ ഉപവാസംകൊണ്ടു വിറെക്കുന്നു. എന്റെ ദേഹം പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു.

18. യിരേമ്യാവു 36:9
യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ അഞ്ചാം ആണ്ടിൽ, ഒമ്പതാം മാസത്തിൽ, അവർ യെരൂശലേമിലെ സകല ജനത്തിന്നും യെഹൂദാപട്ടണങ്ങളിൽനിന്നു യെരൂശലേമിൽ വന്ന സകലജനത്തിന്നും യഹോവയുടെ മുമ്പാകെ ഒരു ഉപവാസം പ്രസിദ്ധമാക്കി,

19. ദാനീയേൽ 6:18
പിന്നെ രാജാവു രാജധാനിയിൽ ചെന്നു ഉപവസിച്ചു രാത്രി കഴിച്ചു; അവന്റെ സന്നിധിയിൽ വെപ്പാട്ടികളെ കൊണ്ടുവന്നില്ല; ഉറക്കം അവനെ വിട്ടുപോയി.

20. ദാനീയേൽ 9:3
അപ്പോൾ ഞാൻ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരിൽ ഇരുന്നും കൊണ്ടു പ്രാർത്ഥനയോടും യാചനകളോടും കൂടെ അപേക്ഷിക്കേണ്ടതിന്നു ദൈവമായ കർത്താവിങ്കലേക്കു മുഖം തിരിച്ചു.

21. യോനാ 3:5
എന്നാൽ നീനെവേക്കാർ ദൈവത്തിൽ വിശ്വസിച്ചു ഒരു ഉപവാസം പരസ്യം ചെയ്തു വലിയവരും ചെറിയവരും ഒരുപോലെ രട്ടുടുത്തു.

22. മത്തായി 4:2
അവൻ  നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു.

23 A. മത്തായി 21:14
യോഹന്നാന്റെ ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു: ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു.

23 B. മർക്കോസ് 2:18
യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്ക പതിവായിരുന്നു; അവർ വന്നു അവനോടു: യോഹന്നാന്റെയും പരീശന്മാരുടെയും ശിഷ്യന്മാർ ഉപവസിക്കുന്നുവല്ലോ; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു.

23 C. ലൂക്കോസ് 5:33
അവർ അവനോടു: യോഹന്നാന്റെ ശിഷ്യന്മാർ കൂടക്കൂടെ ഉപവസിച്ചു പ്രാർത്ഥനകഴിച്ചുവരുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ തന്നേ ചെയ്യുന്നു; നിന്റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു.

24. ലൂക്കോസ് 2:37
ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു.

25. അപ്പോസ്തോല പ്രവൃത്തികൾ 13:2,3
അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: ഞാൻ ബർന്നബാസിനെയും ശൌലിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ എന്നു പരിശുദ്ധാത്മാവു പറഞ്ഞു. അങ്ങനെ അവർ ഉപവസിച്ചു പ്രാർത്ഥിച്ചു അവരുടെ മേൽ കൈവെച്ചു അവരെ പറഞ്ഞയച്ചു.

26. അപ്പോസ്തോല പ്രവൃത്തികൾ 14:23
അവർ സഭതോറും അവർക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭാരമേല്പിക്കയും ചെയ്തു.

(യോവേൽ പ്രവാചകന്റെ പുസ്തകം 1:14,2:12,2:15 ; സെഖർയ്യാവു 7:3,7:5, 8:19 എന്നീ ഭാഗങ്ങളിലും ഉപവാസത്തെക്കുറിച്ച് പറയുന്നുണ്ട്)

നോമ്പ്
നോമ്പിനെക്കുറിച്ച് വേദപുസ്ത്കത്തിൽ ഒരിടത്ത് മാത്രമേ പറയുന്നുള്ളൂ

യെശയ്യാ 58:5
എനിക്കു ഇഷ്ടമുള്ള നോമ്പും മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിന്നോ നീ നോമ്പെന്നും യഹോവെക്കു പ്രസാദമുള്ള ദിവസമെന്നും പേർ‍ പറയുന്നതു?

ഭക്ഷണം ഉപേക്ഷിച്ചതായി പറയുന്ന സന്ദർഭങ്ങൾ
1. ആവർത്തനം 9:9
യഹോവ നിങ്ങളോടു ചെയ്ത നിയമത്തിന്റെ പലകകളായ കല്പലകകളെ വാങ്ങുവാൻ ഞാൻ പർവ്വതത്തിൽകയറി നാല്പതു രാവും നാല്പതു പകലും പർവ്വതത്തിൽ താമസിച്ചു: ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.

2. ആവർത്തനം 9:18
പിന്നെ യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം നിങ്ങൾ അവന്നു അനിഷ്ടമായി പ്രവർത്തിച്ച നിങ്ങളുടെ സകലപാപങ്ങളും നിമിത്തം ഞാൻ യഹോവയുടെ സന്നിധിയിൽ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും വീണു കിടന്നു; ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.

3. ശമുവേൽ 14:24
സന്ധ്യെക്കു മുമ്പും ഞാൻ എന്റെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളവും ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു ശൌൽ പറഞ്ഞു ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നതിനാൽ യിസ്രായേല്യർ അന്നു വിഷമത്തിലായി; ജനത്തിൽ ഒരുത്തനും ആഹാരം ആസ്വദിച്ചതുമില്ല.

4. മത്തായി 15:32
എന്നാൽ യേശു തന്റെ ശിഷ്യന്മാരെ അടുക്കെവിളിച്ചു: “ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു അവരെക്കുറിച്ചു എനിക്കു മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാൻ മനസ്സുമില്ല; അവർ വഴിയിൽവെച്ചു തളർന്നുപോയേക്കും” എന്നു പറഞ്ഞു.

5. അപ്പോസ്തോല പ്രവൃത്തികൾ 27:33
നേരം വെളുക്കാറായപ്പോൾ പൌലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന്നു അപേക്ഷിച്ചു: നിങ്ങൾ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ടു പട്ടിണി കിടക്കുന്നതു ഇന്നു പതിന്നാലാം ദിവസം ആകുന്നുവല്ലോ.

നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , bible stories , malayalam bible stories , ഉപവാസം , നോമ്പ് 

Tuesday, February 12, 2013

വലിയ നോമ്പ് : ഉയർപ്പിലേക്കുള്ള യാത്ര

ശരീരവും മനസും ശുദ്ധീകരിച്ച് കാൽവറിപ്പാതയിലൂടെ ഉയർപ്പിലേക്കുള്ള യാത്രയാണ് വലിയ നോമ്പ്. യേശുക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷയിലെ സംഭവങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ നമ്മുടെ മനസുകളിൽ മാനസാന്തരത്തിന്റെ അനുഭവങ്ങൾ ആയിരിക്കണം. നാൽപതു ദിവസം ഉപവസിച്ച് സാത്താനെ ജയിച്ച് പരസ്യ ശുശ്രൂഷകളിൽ കൂടി ജനങ്ങളോടൊപ്പ് ജീവിച്ച് കാൽവറിയിലേക്ക് ക്രൂശെടുത്ത് നടന്ന് നമുക്കായി യാഗമായി തീർന്ന ദൈവപുത്രന്റെ ബലിയിലും ഉയർത്തെഴുന്നേൽപ്പിലും പങ്കാളികൾ ആകാൻ വലിയ നോമ്പിൽ കൂടി നമുക്ക് കഴിയണം. വർഷങ്ങളായി ക്രൂശിൽ തറയ്ക്കപ്പെട്ട ക്രിസ്തു മാത്രമാണോ നമ്മുടെ ഹൃദയങ്ങളിൽ ഉള്ളത്? ഉയർത്തെഴുന്നേറ്റ ക്രിസ്തുവിനെ സ്വീകരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്നുള്ള ചിന്തകൾ കൂടി ഈ നോമ്പുകാലയളവിൽ നമുക്ക് ഉണ്ടാവണം.

നാൽപ്പതു ദിവസം ഉപവസിച്ചതിനു ശേഷം സാത്താന്റെ പരീക്ഷണങ്ങളെ വിജയിച്ച യേശൂ കാനാവിലെ കല്യാണനാളിലെ വിരുന്നു ശാലയിൽ അമ്മയുടെ വാക്കുകൾക്ക് ചെവി കൊടുക്കുന്നു.തന്റെ മകനിൽ ആ അമ്മയ്ക്ക് വലിയ വിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ടാണ് അമ്മ  "അവർക്കു വീഞ്ഞു ഇല്ല" എന്ന് സ്വന്തം മകനോട് പറയുന്നത്. “സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു”.എന്ന് മകൻ അമ്മയോട് പറഞ്ഞു എങ്കിലും അമ്മ ആ വീട്ടിലെ കല്യാണ ശുശ്രൂഷക്കാരോട് പറയുന്നു , "അവൻ  നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്‍വിൻ". അമ്മയ്ക്ക് മകനെ പൂർണ്ണവിശ്വാസമായിരുന്നു. ആ കല്യാണ വീട്ടുകാരെ മകൻ സഹായിക്കുമെന്ന് അമ്മയ്ക്ക് ഉറപ്പും ആയിരുന്നു.

അമ്മയും മകനും തമ്മിലുള്ള അഗാധമായ ബന്ധം യേശുവിന്റെ ജീവിതത്തിൽ എപ്പോഴും കാണാം. മരണ സമയത്ത് യേശു തന്റെ അമ്മയെ താൻ ഏറ്റവും സ്നേഹിച്ച ശീഷ്യനെ ഏൽപ്പിച്ച് കൊണ്ടു പറയുന്നു "സ്ത്രീയേ, ഇതാ നിന്റെ മകൻ", ശിഷ്യനോട് പറയുന്നു "ഇതാ നിന്റെ അമ്മ". നമ്മൾ നമ്മുടെ മാതാപിതാക്കളെ എങ്ങനെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നു എന്നുള്ളത് ഈ അവസരത്തിൽ ചിന്തിക്കുന്നത് നല്ലതായിരിക്കൂം. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ വളർച്ചയുള്ള ബിസ്‌നസ് എന്നു പറയുന്നത് 'ഓൾഡേജ് ഹോമുകൾ' ആണ്. പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഉള്ള ആ ഓൾഡേജ് ഹോമുകളിൽ മാതാപിതാക്കളെ തള്ളുമ്പോൾ അവരുടെ വേദനകൾ എന്തായിരിക്കുമെന്ന് നമ്മൾ ചിന്തിക്കാറില്ല.

“മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർക്കു ദുഃഖിപ്പാൻ കഴികയില്ല; മണവാളൻ പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്നു അവർ ഉപവസിക്കും."  (മത്തായി 9:15 , മർക്കോസ് 2 :19-20 , ലൂക്കോസ് 5:35) എന്നാണ് യേശു തന്റെ ശിഷന്യന്മാരെക്കുറിച്ച് പറഞ്ഞത്. "എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും." (യോഹന്നാൻ 16:7). മണവാളൻ തോഴ്മക്കാർക്കു വേണ്ടിയാണ് അവരെ വിട്ടൂപിരിഞ്ഞു പോയത്. ആ വേർപാട് സന്തോഷകരമാക്കാൻ തോഴ്മക്കാർ ഉപവസിക്കേണ്ടിയിരിക്കൂന്നു.... പക്ഷേ ആ ഉപവാസം ഒരിക്കലും പ്രകടനമായിത്തീരരുത്. "ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക. " (മത്തായി 6:16,17). ഞാനും ഉപവസിക്കുന്നു എന്ന് വെറുതെ പറഞ്ഞതു കൊണ്ട് കാര്യമില്ല. ആ ഉപവാസം കൊണ്ട് മറ്റുള്ളവർക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാവുകയും വേണം.

നീയോ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു. (മത്തായി 6:3). എന്നുള്ള ദൈവത്തിന്റെ ഉപദേശം വിസ്മരിക്കുകയും ചെയ്യരുത്. ഉപവസിക്കൂന്നതുമൂലം ലാഭമാകുന്നത് ദൈവാലയ ഭണ്ഡാരത്തിൽ ഇടൂന്നതിനെക്കാൾ നല്ലത് അർഹരായവർക്ക് അത് ആവശ്യമായ സമയത്ത് നൽകുക എന്നുള്ളതാണ്. വിശന്നിരിക്കുന്നവനാണ് ആഹാരം വേണ്ടത് അല്ലാതെ ആഹാരം കഴിച്ചതിനു ശേഷം വിശ്രമിക്കുന്നവനല്ല. ആഹാരം മാത്രമല്ല, നമ്മുടെ ഇടയിൽ സഹായം വേണ്ട അനേകായിരങ്ങൾ ഉണ്ട്. ഒരുപക്ഷേ അവർ അഭിമാനം കൊണ്ടോ മറ്റോ സഹായം അഭ്യർത്ഥിച്ച് നമ്മുടെ മുന്നിൽ വന്നുകൊള്ളണം എന്നില്ല. അരഹരായവരെ നമ്മൾ കണ്ടേത്തുക തന്നെ വേണം. ചിലപ്പോൾ ഒരാൾക്കോ രണ്ടുപേർക്കോ കൂടിയാൽ കൂടുന്ന സഹായം അല്ലായിരിക്കും ഒരാൾക്ക് ആവശ്യമായി വരുന്നത്. ആ സമയത്ത് സമാനചിന്താഗതിക്കാരായ ഒരു കൂട്ടം ആളുകൾ ഒരുമിച്ച് കൂടി അർഹരായവരെ സഹായിക്കാവുന്നതേ ഉള്ളൂ...

കാനാവിലെ കല്യാണ വിരുന്നു ശാലയിൽ നിന്ന് കാൽവറി കുന്നിലേക്ക് യേശു തമ്പുരാൻ കടന്നു പോയ ജീവിത വഴി എന്ന് പറയുന്നത് വളരെ മനോഹരമായ ഒന്നായിരുന്നില്ല. അധികാരികളുടെ ധാർഷ്ഠ്യത്തിനു എതിരെ പ്രതികരിച്ചും മതനേതാക്കളുടെ തെറ്റായ ഉപദേശങ്ങളെ വിമർശിച്ചും അധികാര പ്രയോഗത്തെ വെല്ലുവിളിച്ചും നിയമങ്ങളെ ബഹുമാനിച്ചും ജനങ്ങളെ സഹായിച്ചും സമൂഹത്തിൽ ഒറ്റപ്പെട്ടുപോയവരുടെ ശബ്‌ദ്ദമായും സമൂഹപരമായ വേർതിരിവിൽ പിന്നോട്ട് പോയവർക്കു വേണ്ടി നിലകൊണ്ടൂം ദേവാലയത്തെ കച്ചവട കേന്ദ്രങ്ങളാക്കുന്നവരെ പുറത്താക്കിയും ഒക്കെയായിരുന്നു ആ ജീവിത യാത്ര. ആ ജീവിതയാത്രയുടെ ബലം എന്നു പറയുന്നത് നാൽപ്പത് ദിവസം ഉപവസിച്ച് നേടിയെടൂത്തത് കൂടിയായിരുന്നു. മരുഭൂമിയിൽ പോയി വെറുതെ ഉപവസിക്കുകയായിരുന്നില്ല യേശു തമ്പുരാൻ. തന്റെ പ്രവർത്തനത്തിനു ആവശ്യമായ ഊർജ്ജം സംഭരിക്കുകയായിരുന്നു. ഉപവാസം കൊണ്ടും പ്രാർത്ഥനകൊണ്ടൂം നേടിയെടുത്ത ശക്തിയായിരുന്നു എല്ലാത്തിനും പിന്നിൽ. ഞങ്ങൾക്ക് അത് എന്തുകൊണ്ട് ചെയ്യാൻ പറ്റിയില്ല എന്ന് ശിഷ്യന്മാർ സംശയം ചോദിക്കുമ്പോൾ യേശു പറയുന്നത് , "എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല"(മത്തായി 17:21) എന്നാണ്......

കാല്‌വറി മലയിലേക്കൂള്ള ദൂരം സഞ്ചരിക്കാനുള്ള ഊർജ്ജം നമുക്ക്  ഈ വലിയ നോമ്പിൽ നിന്ന് കിട്ടണം. സ്വന്തം ക്രൂശ് എടുത്തുകൊണ്ട് ഇടറിയ കാലടിയോടെ രക്തം ഒഴുകുന്ന ശരീരത്തിൽ വീഴുന്ന ചാട്ടവാറടികൾ സഹിച്ച് സഹനത്തിന്റെ കാൽവറിയിലേക്ക് നടന്ന നമ്മുടെ രക്ഷകന്റെ പാതകളെ പിന്തുടരാൻ നമുക്ക് കഴിയണം. സഹനം മാത്രമല്ല നമുക്ക് കാൽവറിയിൽ കാണാൻ കഴിയുന്നത്. അവിടെ ക്ഷമയും,കരുതലും,പ്രത്യാശയും,പാപപരിഹാരവും ഒക്കെ നമുക്ക് കാണാൻ കഴിയും.കാൽവറിയിലേക്കുള്ള യാത്ര എന്നു പറയുന്നത് വളരെ വേദന നിറഞ്ഞതാണ്. പക്ഷേ അപ്പോഴും യേശു തമ്പുരാൻ പറയുന്നത്,നിങ്ങൾ എനിക്കു വേണ്ടിയല്ല നിങ്ങളുടെ മക്കൾക്ക് വേണ്ടി കരയാനാണ്. തന്നെ ദ്രോഹിച്ചവർക്ക് വേണ്ടി പിതാവിനോട് ക്ഷമ ചോദിക്കൂന്ന ക്രിസ്തുവിനെ നമുക്ക് കാല്വറിയിൽ കാണാം.“ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞ് കള്ളന് പ്രത്യാശ നൽകുന്നുണ്ട്, അമ്മയെ ശിഷ്യനെ ഏൽപ്പിക്കൂന്ന കരുതലും നമുക്ക് കാൽവറിയിൽ കാണാൻ കഴിയുന്നുണ്ട്. ഈ ജീവിത അനുഭവങ്ങൾ ഒക്കെ നമുക്കും നമ്മുടെ ജീവിതത്തിൽ കൊണ്ടുവരാൻ കഴിയണം. കാൽവറിയിൽ മരണം അല്ല  ഉയർപ്പാണ് ഒരു ക്രിസ്ത്യാനിയുടെ പ്രത്യാശയാണ്. ആ  പ്രത്യാശയിലേക്കാണ് ഈ നോമ്പ് നമ്മളെ കൊണ്ടു പോകുന്നത്.   ദൈവപുത്രനെപ്പോലെ നമുക്ക് ആകാൻ സാധിക്കുന്നില്ലങ്കിലും അതിലെ ഒരു അംശം എങ്കിലും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നമുക്ക് വലിയ നോമ്പിൽ കഴിയണം. വലിയ നോമ്പ് നടക്കുന്ന ഈ കാലയളവിൽ മാത്രമല്ല തുടർന്നുള്ള ജീവിതത്തിലും നമുക്ക് അത് തുടരാൻ കഴിയണം. ഞാനും ഒരു ക്രിസ്ത്യാനി ആണന്ന് വെറുതെ പറയുക മാത്രമല്ല , ക്രിസ്തുവിന്റെ ജീവിത സന്ദേശം നമ്മുടെ ജീവിതത്തിൽ പകർത്താൻ കൂടി കഴിയണം.അതിനു ഈ വലിയ നോമ്പ് നമ്മളെ സഹായിക്കട്ടെ.


നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , bible stories , malayalam bible stories , ഉപവാസം , നോമ്പ് 

Saturday, February 9, 2013

നോമ്പും ഉപവാസവും എങനെയായിരിക്കണം ?

വർഷത്തിൽ കുറേ ദിവസം നോമ്പും ഉപവാസവും ആണന്ന് പറഞ്ഞിട്ട് എന്താണ് കാര്യം. ആഹാരം കഴിക്കാതിരിക്കുക എന്നുള്ളതുകൊണ്ട് മാത്രം ഉപവസം ആകുമോ? മത്സ്യവും മാംസവും ഉൾപ്പെടെയുള്ള ചില ആഹാരങ്ങൾ വർജ്ജ്യിച്ചതുകൊണ്ട് മാത്രം അത് നോമ്പാകുമോ?  ഇല്ല എന്നാണ് ഉത്തരം. നോമ്പും ഉപവാസവും എടുക്കുന്നതിനു മുമ്പ് യെശയ്യാ പ്രവാചകന്റെ പുസ്തകം 58 ആം അദ്ധ്യായം വായിച്ചു മനസിലാക്കുന്നത് നന്നായിരിക്കും...

യെശയ്യ പ്രവചനം 58 ആം അദ്ധ്യായം 5 ആം വാക്യം :: എനിക്കു ഇഷ്ടമുള്ള നോമ്പും മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിന്നോ നീ നോമ്പെന്നും യഹോവെക്കു പ്രസാദമുള്ള ദിവസമെന്നും പേർ‍ പറയുന്നതു?  . മറ്റുള്ളവർക്കു കാണാൻ വേണ്ടിയുള്ളതായിരിക്കരുത് ഉപവാസവും നോമ്പെന്നും നമുക്കിതിൽ നിന്ന് മനസിലാക്കാൻ സാധിക്കും. വി.മത്തായിയുടെ സുവിശേഷം 6ആം അദ്ധ്യായം 16,17 ആം വാക്യത്തിൽ യേശു ഇങ്ങനെ പറയുന്നു ,ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.  നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക. 

എങ്ങനെയായിരിക്കണം ഉപവാസം

യെശയ്യാ പ്രവാചകന്റെ പുസ്തകം 5 ആം അദ്ധ്യായം 6 ഉം 7 ഉം വാക്യങ്ങളിൽ ഉപവാസവും നോമ്പും എങ്ങനെയുള്ളത് ആയിരിക്കണമെന്ന് പറയുന്നു.

അന്യായബന്ധനങ്ങളെ അഴിക്കുക;
നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക;
പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക;
എല്ലാനുകത്തെയും തകർ‍ക്കുക;
വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുക,
അലഞ്ഞുനടക്കുന്ന സാധുക്കളെ  വീട്ടിൽ  ചേർത്തുകൊള്ളുക,
നഗ്നനെ കണ്ടാൽ  അവനെ ഉടുപ്പിക്കുക,
നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർ‍ക്കു നിന്നെത്തന്നേ മറെക്കാതെയിരിക്കുക.

ഇങ്ങനെയുള്ള ഉപവാസവും നോമ്പും ആണോ നമ്മൾ അനുഷ്ഠിക്കുന്നത് എന്ന് സ്വയം ചിന്തിക്കുക.

വിശുദ്ധ മത്തായിയുടെ സുവിശേഷം 25 ആം അദ്ധ്യായം 42 മുതൽ 45 വരെയുള്ള വാക്യങ്ങൾ ഈ വേദഭാഗത്തോട് അനുബന്ധിച്ച് മനസിലാക്കേണ്ടതാണ്.

എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല.അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും. അതിന്നു അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ  അവരോടു:
ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.


മതത്തിന്റെയോ ജാതിയുടയോ വർഗ്ഗത്തിന്റെയോ വേർതിരിവിൽ കാണാതെ മനുഷ്യനെ മനുഷ്യനായി കാണുകയും അവനെ സഹജീവിയായി കരുതുന്ന ഒരാൾക്കു മാത്രമേ ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കൂ.

(ഇങ്ങനെയുള്ള) ഉപവാസവും നോമ്പും  കൊണ്ടുള്ള നേട്ടങ്ങൾ എന്തെല്ലാം.?

നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും;
നിന്റെ മുറിവുകൾക്കു വേഗത്തിൽ  പൊറുതിവരും;
നിന്റെ നീതി നിനക്കു മുമ്പായി നടക്കും;
യഹോവയുടെ മഹത്വം നിന്റെ പിമ്പട ആയിരിക്കും.
നീ വിളിക്കും; യഹോവ ഉത്തരം അരുളും;
നീ നിലവിളിക്കും, ഞാൻ വരുന്നു എന്നു അവൻ  അരുളിച്ചെയ്യും;
(യെശയ്യ 58:8-9)


രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ. എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു;
നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.
അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു?
ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു?
നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും.
രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
(മത്തായി 25:34-40)

നുകവും വിരൽ  ചൂണ്ടുന്നതും വഷളത്വം സംസാരിക്കുന്നതും നീ നിന്റെ നടുവിൽ നിന്നു നീക്കിക്കളകയും
വിശപ്പുള്ളവനോടു നീ താല്പര്യം കാണിക്കയും കഷ്ടത്തിൽ  ഇരിക്കുന്നവന്നു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ  നിന്റെ പ്രകാശം ഇരുളിൽ  ഉദിക്കും; നിന്റെ അന്ധകാരം മദ്ധ്യാഹ്നം പോലെയാകും. യഹോവ നിന്നെ എല്ലയ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പു അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും.
(യെശയ്യ 58:9-11)

നോമ്പും ഉപവാസവും ഒക്കെ മനുഷ്യന്റെ മുന്നിൽ വെറും ഒരു പ്രകടനമാക്കുകയും സഹോദരനെ തോൽപ്പിക്കാനും വിദ്വേഷം വളർത്താനുമായി ഉപവാസയജ്ജവും ഒക്കെ തെരുവിൽ നടത്തുന്നവർക്ക് പ്രവാചകൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.

നിങ്ങൾ വിവാദത്തിന്നും കലഹത്തിന്നും ക്രൂരമുഷ്ടികൊണ്ടു അടിക്കേണ്ടതിന്നും നോമ്പു നോല്ക്കുന്നു; നിങ്ങളുടെ പ്രാർ‍ത്ഥന ഉയരത്തിൽ  കേൾപ്പാൻ തക്കവണ്ണമല്ല നിങ്ങൾ ഇന്നു നോമ്പു നോല്ക്കുന്നതു. (യെശയ്യ 58 :4)

വിവാദത്തിനും കലഹത്തിനും വേണ്ടിയാണോ അതോ വലത്തു ഭാഗത്തുള്ളവർക്ക് നൽകുന്ന വാഗ്ദത്തം ലഭിക്കുന്നതിനു വേണ്ടിയാണോ നമ്മൾ നോമ്പും ഉപവാസവും നോക്കുന്നത് എന്ന് സ്വയം ശോധന ചെയ്യണം.. നോമ്പിന്റെ ആദ്യ ദിവസം തന്നെ നമ്മുടെ ഉപവാസവും നോമ്പും എങ്ങനെയുള്ളതായിരിക്കണമെന്ന് തീരുമാനം എടുക്കണം. രാജാവ് വലത്തു ഭാഗത്തുള്ളവർക്ക് നൽകുന്ന വാഗ്ദത്തം ലഭിക്കുന്നതിനു വേണ്ടിയാകട്ടെ നമ്മുടെ ഉപവാസവും നോമ്പും എന്ന് പ്രാർത്ഥിക്കുന്നു.

നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , bible stories , malayalam bible stories , ഉപവാസം , നോമ്പ്