Saturday, June 7, 2014

പെന്തെക്കൊസ്തി - പരിശുദ്ധാത്മാവുകൊണ്ടുള്ള സ്നാനം

പെന്തെക്കൊസ്തി - പരിശുദ്ധാത്മാവുകൊണ്ടുള്ള സ്നാനം

(അപ്പോസ്തോല പ്രവൃത്തികൾ 2 ആം അദ്ധ്യായം.)

പെന്തെക്കോസ്തിനാളിൽ ശിഷ്യന്മാരും മറ്റുള്ളവരും ഒരുമിച്ചു കൂടിയിരുന്നപ്പോൾ കാടടിക്കൂന്ന പോലെ മുഴക്കം ഉണ്ടാവുകയും അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരുടെ മേൽ പതിച്ച് അവർ
പരിശുദ്ധാത്മാവ് നിറഞ്ഞവരായി അവർ പലഭാഷകളിൽ സംസാരിച്ചു. ഇടിമുഴക്കം പോലെയുള്ള ശബ്ദ്ദം കേട്ട് ഓടിക്കൂടിയവർ ഗലീലക്കാർ തങ്ങളുടെ ഭാഷകളിൽ യേശുവിനെക്കൂറിച്ച് സംസാരിക്കുന്നത് കേട്ട് ഭ്രമിച്ചുപോയി. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്ന് വന്നവർക്ക് ഗലീലക്കാർ പറയുന്നത് ദ്വിഭാഷികളുടെ സഹായമില്ലാതെ മനസിലാക്കാൻ സാധിച്ചു. (ഉല്പത്തി പുസ്തകം 11:1-9 വരെയുള്ള ഭാഗം വായിച്ചാൽ ദൈവം ഒരൊറ്റ ഭാഷയെ കലക്കി കളഞ്ഞത് കാണാം)

ഭാഷാവരവും അന്യഭാഷയും മാറ്റി നിർത്തിക്കൊണ്ട് പരിശുദ്ധാത്മാവിനെക്കുറിച്ച് മാത്രം നമുക്ക് ചിന്തിക്കാം. ദൈവത്തിന്റെ ആത്മാവ് , കാര്യസ്ഥൻ എന്നൊക്കെ പരിശുദ്ധാത്മാവിനെ വിശേഷിപ്പിക്കുന്നത് വേദപുസ്തകത്തിൽ കാണാൻ കഴിയും. യോഹന്നാന്റെ സുവിശേഷത്തിലാണ് പരിശുദ്ധാത്മാവിനെ കാര്യസ്ഥൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. (യോഹന്നാൻ 14:26 , 15:26 , 16:7). പുത്രനെ ലോകത്തിലേക്ക് അയച്ച പിതാവ് പരിശുദ്ധാത്മാവിനെയും ജനത്തിന്റെ അടുക്കലേക്ക് അയക്കും എന്ന് ദൈവപുത്രൻ വാഗ്ദാനം ചെയ്യുന്നു. പക്ഷേ അതിനു പുത്രൻ തിരികെ പിതാവിന്റെ അടുക്കൽ ചെല്ലണം. എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും. (യോഹന്നാൻ 16:07)

:: പഴയനിയമ പെന്തിക്കോസ്തി ::

ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാൾവരെ അമ്പതു ദിവസം എണ്ണി യഹോവെക്കു പുതിയ ധാന്യംകൊണ്ടു ഒരു ഭോജനയാഗം അർപ്പിക്കേണം. (ലേവ്യ 23:16)

ദൈവത്തിന്റെ/യഹോവയുടെ ആത്മാവ്

വേദപുസ്തകത്തിൽ ദൈവത്തിന്റെ ആത്മാവിനെക്കുറിച്ച് ഉല്പത്തി പുസ്തകം ഒന്നാം അദ്ധ്യായത്തിൽ തന്നെ പറയുന്നുണ്ട്. ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു. (ഉല്പത്തി 1:2).  ദൈവത്തിന്റെ/യഹോവയുടെ ആത്മാവ് ലഭിച്ചവരായി പറയുന്ന പലരയും നമുക്ക് കാണാൻ കഴിയും. ബെയോരിന്റെ മകനായ ബിലെയാമിനാണ് ദൈവത്തിന്റെ ആത്മാവ് ലഭിച്ചതായി ആദ്യമായി കാണുന്നത്. ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നതു കണ്ടു; ദൈവത്തിന്റെ ആത്മാവു അവന്റെമേൽ വന്നു;(സംഖ്യ 24:2).

ദൈവത്തിന്റെ ആത്മാവ് - ശൗൽ (1ശമുവേൽ 10:10 , 1ശമുവേൽ 11:06) ; ശൗലിന്റെ ദൂത്ന്മാർ (1 ശമുവേൽ 19:20 , 19:23) ; ഓദേദിന്റെ മകനായ അസർയ്യാവ് (2 ദിനവൃത്താന്തം 15:1) ; യെഹോയാദാപുരോഹിതന്റെ മകനായ സെഖർയ്യാവ് ((2 ദിനവൃത്താന്തം 24:20). 

യഹോവയുടെ ആത്മാവ്  - കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേല്‍ ( ന്യായാധിപന്മാർ 3:10) , ഗിദെയോന് (ന്യായാധിപന്മാർ 6:34) , യിഫ്താഹ് (ന്യായാധിപന്മാർ 11:29) , ശിംശോൻ (ന്യായാധിപന്മാർ 13:25 , 14:6 , 14:19, 15:14), ദാവീദ് (1 ശമുവേൽ 16:13)...

തുടങ്ങിയവർക്കൊക്കെ ദൈവത്തിന്റെ/യഹോവയുടെ ആത്മാവ് ലഭിച്ചതായി നമുക്ക് കാണാൻ കഴിയും. 

ചില വേദഭാഗങ്ങളിൽ ആത്മാവ് എന്നുമാത്രം സൂചിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് സംഖ്യ 11:25 നോക്കുക, "എന്നാറെ യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാർക്കു കൊടുത്തു;". 

പരിശുദ്ധാത്മാവും പ്രവചനവും

പരിശുദ്ധാത്മാവിനെ(ദൈവത്തിന്റെ/യഹോവയുടെ ആത്മാവ്) ലഭിച്ചവർ പ്രവചനങ്ങൾ നടത്തിയതായി (പ്രവചിച്ചതായി) പഴയനിയമത്തിലും പുതിയ നിയമത്തിലും കാണാൻ കഴിയും. പരിശുദ്ധാത്മാവിനെ പ്രാപിച്ചവർക്കുമാത്രമേ പ്രവചനങ്ങൾ നടത്താൻ കഴിയുകയുള്ളൂ. അതായത് പ്രവചനം നടത്തുന്ന ആൾക്ക് പരിശുദ്ധാത്മാവിനെ ലഭിച്ചിരിക്കണമെന്ന്. പരിശുദ്ധാത്മാവും പ്രവചനവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്.  പരിശുദ്ധാത്മാവിന്റെ നിയോഗത്താൽ മാത്രമോ പ്രവചനം സാധ്യമാവുകയുള്ളൂ എന്ന് പത്രോസ് പറയുന്നു.
പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ. (2 പത്രോസ് 1:21)

1. മോശയുടെ കൂടെയുള്ള മൂപ്പന്മരായ എഴുപതുപേർ ആത്മാവ് ലഭിച്ചപ്പോൾ പ്രവചനം നടത്തിയതായി സംഖ്യാപുസ്തകത്തിൽ പറയുന്നുണ്ട്. എന്നാറെ യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാർക്കു കൊടുത്തു; ആത്മാവു അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും. (സംഖ്യ 11:25).

2. എൽദാദും മേദാദും ആത്മാവ് ലഭിച്ചപ്പോൾ പ്രവചിച്ചു.
എന്നാൽ ആ പുരഷന്മാരിൽ രണ്ടു പേർ പാളയത്തിൽ തന്നേ താമസിച്ചിരുന്നു; ഒരുത്തന്നു എൽദാദ് എന്നും മറ്റവന്നു മേദാദ് എന്നും പേർ. ആത്മാവു അവരുടെമേലും ആവസിച്ചു; അവരും പേരെഴുതിയവരിൽ ഉള്ളവർ ആയിരുന്നു എങ്കിലും കൂടാരത്തിലേക്കു ചെന്നിരുന്നില്ല; അവർ പാളയത്തിൽ വെച്ചു പ്രവചിച്ചു.(സംഖ്യ 11:26)

3. ദൈവത്തിന്റെ ആത്മാവ് ലഭിച്ചപ്പോൾ ശൗൽ പ്രവചിച്ചു.
 3.1.യഹോവയുടെ ആത്മാവു ശക്തിയോടെ നിന്റെമേൽ വന്നിട്ടു നീയും അവരോടുകൂടെ പ്രവചിക്കയും ആൾ മാറിയതുപോലെ ആയ്തീരുകയും ചെയ്യും. (1 ശമുവേൽ 10:6)

3.2. അവർ അവിടെ ഗിരിയിങ്കൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം ഇതാ, അവന്നെതിരെ വരുന്നു; ദൈവത്തിന്റെ ആത്മാവു ശക്തിയോടെ അവന്റെമേൽ വന്നു; അവൻ  അവരുടെ ഇടയിൽ പ്രവചിച്ചു. (1ശമുവേൽ 10:10)

4. ശൗലിന്റെ ദൂതന്മാരുടെ പ്രവചനം
4.1. ശൌൽ ദാവീദിനെ പിടിപ്പാൻ ദൂതന്മാരെ അയച്ചു; അവർ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേൽ അവരുടെ തലവനായിരിക്കുന്നതും കണ്ടപ്പോൾ ദൈവത്തിന്റെ ആത്മാവു ശൌലിന്റെ ദൂതന്മാരുടെ മേലും വന്നു, അവരും പ്രവചിച്ചു. (1 ശമൂവേൽ 19:20)

4.2. അങ്ങനെ അവൻ  രാമയിലെ നയ്യോത്തിന്നു ചെന്നു; ദൈവത്തിന്റെ ആത്മാവു അവന്റെമേലും വന്നു; അവൻ  രാമയിലെ നയ്യോത്തിൽ എത്തുംവരെ പ്രവചിച്ചു കൊണ്ടു നടന്നു.(1 ശമുവേൽ 19:23)

5.  സെഖര്യാവു
സ്നാപക യോഹന്നാന്റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവ് ലഭിച്ചപ്പോൾ പ്രവിചിച്ചതായി ലൂക്കോസ് രേഖപ്പെടുത്തുന്നു. "അവന്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു:" (ലൂക്കോസ് 1:67) 

6. പെന്തെക്കൊസ്തിനാളിലെ പ്രവചനം
എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി. (അപ്പോസ്തോല പ്രവൃത്തികൾ 2:4)

7. അഗബൊസ്
അവരിൽ അഗബൊസ് എന്നു പേരുള്ളൊരുവൻ എഴുന്നേറ്റു ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്നു ആത്മാവിനാൽ പ്രവചിച്ചു; അതു ക്ളൌദ്യൊസിന്റെ കാലത്തു സംഭവിച്ചു. (അപ്പോസ്തോല പ്രവൃത്തികൾ 11:28)

8. എഫെസോസിലെ ശിഷ്യന്മാര്‍
പൌലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.(അപ്പോസ്തോല പ്രവൃത്തികൾ 19:06)

പരിശുദ്ധാത്മാവിനെ പ്രാവിച്ചവർ

പരിശുദ്ധാത്മാവിനെ/ആത്മാവിനെ ലഭീച്ച് പ്രവചിച്ചവരെ കൂടാതെ പരിശുദ്ധാത്മാവ് ലഭിച്ചതായി പുതിയ നിയമത്തിൽ പറയുന്ന ചിലരെക്കൂടി നോക്കാം

1.മറിയ
1.1 എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു. (മത്തായി1:18)

1:2 അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.

2. എലീശബെത്ത് 
മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി, (ലൂക്കോസ് 1:41)

3. യോഹന്നാൻ - അമ്മയുടെ ഗർഭപാത്രത്തിൽ വെച്ചു തന്നെ പരിശുദ്ധാത്മാവ് ലഭിച്ചവൻ.

അവൻ  കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും. (ലൂക്കോസ് 1:15)

4.സെഖര്യാവ്
അവന്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു: (ലൂക്കോസ് 1:67)

5. ശിമ്യോൻ
യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിന്നായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെ മേൽ ഉണ്ടായിരുന്നു. (ലൂക്കോസ് 2:25,26)

6. യേശു
6.1 പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു
എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി. (ലൂക്കോസ് 3:22)

6.2 യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു. (ലൂക്കോസ് 4:1) 

6.3 ലൂക്കോസ് 10:21 

7. ദിദിമൊസ് എന്ന തോമാസ് ഒഴികെയുള്ള ശിഷ്യന്മാർ
ഇങ്ങനെ പറഞ്ഞശേഷം അവൻ  അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ. (യോഹന്നാൻ 20:22) 

8. പത്രൊസ്
പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞതു: ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ, (അപ്പോസ്തോല പ്രവൃത്തികൾ 4:8)

9. പത്രോസും യോഹന്നാനും അവരുടെ കൂടെയുള്ളവരും
ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു. (അപ്പോസ്തോല പ്രവൃത്തികൾ 4:31)

10. സ്തെഫാനൊസ്

10.1 അപ്പോസ്തോല പ്രവൃത്തികൾ 4:31

10.2 അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: (അപ്പോസ്തോല പ്രവൃത്തികൾ 7:55)

11. ഫിലിപ്പൊസ് മുഖാന്തരം ദൈവവചനം കൈക്കൊണ്ട ശമര്യർ
അവർ ചെന്നു, അവർക്കു പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവർക്കായി പ്രാർത്ഥിച്ചു.അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു. (അപ്പോസ്തോല പ്രവൃത്തികൾ 8:15-17)

12. പൗലോസ് 
12.1 അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്നു അവന്റെമേൽ കൈ വെച്ചു: ശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂർണ്ണൻ ആകേണ്ടതിന്നു നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. (അപ്പോസ്തോല പ്രവൃത്തികൾ 9:17)

12.2 അപ്പോൾ പൌലൊസ് എന്നും പേരുള്ള ശൌൽ പരിശുദ്ധാത്മപൂർണ്ണനായി അവനെ ഉറ്റുനോക്കി: (അപ്പോസ്തോല പ്രവൃത്തികൾ 13:09)

13. കൊർന്നേല്യൊസും അവനോടു കൂടെ പത്രോസിന്റെ പ്രസംഗം കേട്ടവരും
ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.(അപ്പോസ്തോല പ്രവൃത്തികൾ 10:44)

14. ബർന്നബാസ്
അവൻ  നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷന്മാരും കർത്താവിനോടു ചേർന്നു. ((അപ്പോസ്തോല പ്രവൃത്തികൾ 11:24)

15. പൌലൊസിന്റെയും ബർന്നബാസിന്റെയും പ്രവർത്തനത്താൽ സുവുശേഷം സ്വീകരിച്ചവർ
ശിഷ്യന്മാർ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു. (അപ്പോസ്തോല പ്രവൃത്തികൾ 13:52)


പരിശുദ്ധാത്മാവ് എവിടെ നിന്ന് വരുന്നു?
പരിശുദ്ധാത്മാവ് സ്വർഗ്ഗത്തിൽ നിന്ന് വരുന്നു എന്ന് വേദപുസ്തകം പറയുന്നു. യേശു യോഹന്നാന്റെ അടുക്കൽ നിന്ന് സ്നാനം ഏൽക്കുമ്പോൾ സ്വർഗ്ഗം തുറന്നാണ് പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ ഇറങ്ങി വന്നത്. പരിശുദ്ധാത്മാവ് സ്വർഗ്ഗത്തിൽ നിന്നാണ് വരുന്നതന്ന് പത്രോസും പറയുന്നു.

ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു,പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി. (ലൂക്കോസ് 3:22)

തങ്ങൾക്കായിട്ടല്ല നിങ്ങൾക്കായിട്ടത്രേ തങ്ങൾ ആ ശുശ്രൂഷ ചെയ്യുന്നു എന്നു അവർക്കു വെളിപ്പെട്ടു; സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു. (1 പത്രോസ് 1:12)


പരിശുദ്ധാത്മാവിനെ ലഭിക്കുന്നത് ആർക്ക്?
1. വിശ്വസിക്കുന്ന എല്ലാവർക്കും പരിശുദ്ധാത്മാവിനെ ലഭിക്കും. 
യെഹൂദന്നു നിഷിദ്ധമായ അന്യജാതിക്കാർക്ക് പരിശുദ്ധാത്മാവിനെ ലഭിക്കുന്നതിനെ കുറിച്ച് അപ്പോസ്തോല പ്രവൃത്തികൾ 10 ആം അദ്ധ്യായത്തിൽ വിശദമായി പറയുന്നു. കൊർന്നേല്യൊസിന്റെ അഭ്യർത്ഥന പ്രകാരം വന്ന പത്രോസ് പ്രാർത്ഥിക്കുമ്പോൾ അവർക്ക് പരിശുദ്ധാത്മാവിനെ ലഭിക്കുന്നു. ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ  അംഗീകരിക്കുന്നു എന്നും പത്രോസ് പറയുന്നു. 

ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു. അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു. (അപ്പോസ്തോല പ്രവൃത്തികൾ 10:44-46)

ജാതികളുടെ ഇടയിൽ പോയതിനും അവരോട് സുവിശേഷം പ്രസംഗിച്ചതിനും പത്രോസിനു എതിർപ്പുകൾ നേരിടേണ്ടി വന്നു. അതിനെക്കുറിച്ച് അപ്പോസ്തോല പ്രവൃത്തികൾ 11 ആം അദ്ധ്യായത്തിൽ പറയുന്നുണ്ട്.

2. യാചിക്കുന്നവർക്ക് / അപേക്ഷിക്കുന്നവർക്ക് പരിശുദ്ധാത്മാവിനെ ലഭിക്കുന്നു
യേശു തന്നെ പറയുന്നു, തന്റെ പിതാവിനോട് (ദൈവത്തോട്) യാചിക്കുന്നവർക്ക് പിതാവ് പരിശുദ്ധാത്മാവിനെ നൽകുന്നു എന്ന്.
അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും. (ലൂക്കോസ് 11:13)

പരിശുദ്ധാത്മാവിനെ ലഭിക്കാൻ എന്ത് ചെയ്യണം ? / പരിശുദ്ധാത്മാവിനെ ലഭിക്കുന്നത് എങ്ങനെ.

പരിശുദ്ധാത്മാവിനെ ലഭിക്കാനായി രണ്ട് കാര്യങ്ങൾ ആണ് ചെയ്യേണ്ടത്.
ഒന്നാമതായി മാനസാന്തരപ്പെടണം - യോഹന്നാൻ നൽകിയത് മാനസാന്തര സ്നാനം ആയിരുന്നു
രണ്ടാമതായി യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏൽക്കണം.

പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.(അപോസ്തോല പ്രവൃത്തികൾ 2:28)

യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏൽക്കണം എന്ന് പറയാൻ കാരണം എന്താണ്?  യോഹന്നാന്റെ സ്നാനവും യേശുവിന്റെ സ്നാനവും തമ്മിലുള്ള വെത്യാസം എന്താണ്? ഇതിനുത്തരം യോഹന്നാൻ തന്നെ പറയുന്നു.

യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ  നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും. (ലൂക്കോസ് 3:16)

ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ  പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു. (യോഹന്നാൻ 1:33)

പരിശുദ്ധാത്മാവുകൊണ്ടുള്ള സ്നാനം അഥവാ പെന്തിക്കോസ്തി

ഉയർത്തെഴുന്നേറ്റ യേശു നാല്പതു ദിവസത്തോളം തന്റെ ശിഷ്യന്മാർക്ക് ദൈവരാജ്യം സംബന്ധിച്ചുള്ള കാര്യങ്ങൾ പറഞ്ഞു നൽകിയിരുന്നു. ശിഷ്യന്മാർ യെരുശലേമിൽ നിന്നു തത്ക്കാലം പോകരുത് എന്ന് യേശു പറയുന്നു. അവർക്ക് പരിശുദ്ധാത്മാവിൽ ലഭിക്കുന്ന സ്നാനത്തെക്കുറിച്ച് അവൻ പറയുന്നു.

അങ്ങനെ അവൻ  അവരുമായി കൂടിയിരിക്കുമ്പോൾ അവരോടു: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം; യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു. (അപ്പോസ്തോലപ്രവൃത്തികൾ 1:4-5). 

എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ ”എന്നും അവരോടു പറഞ്ഞു. (ലൂക്കോസ് 24:49) 

എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ  സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. (യോഹന്നാൻ 14:16)

പെന്തിക്കോസ്തി ദിവസം ശിഷ്യന്മാരുടെ സംഘം ഒരുമിച്ചു കൂടിയിരിക്കുമ്പോൾ അവർക്ക് യേശുവിന്റെ വാഗ്ദാന പ്രകാരം പരിശുദ്ധാത്മാവുകൊണ്ടുള്ള സ്നാനം ലഭിക്കുന്നു. യേശുവിന്റെ വാഗ്ദാന പൂർത്തീകരണത്തെക്കുറിച്ച് പത്രോസ് ഇപ്രകാരമാണ് പറയുന്നത്.

അവൻ  ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,(അപ്പോസ്തോല പ്രവൃത്തികൾ 2:33).

യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏൽക്കുന്നവർക്ക് പരിശുദ്ധാത്മാവ്

എഫെസോസിലെ പന്ത്രണ്ടോളം ശിഷ്യന്മാര്‍  യോഹന്നാന്റെ സ്നാനം ഏറ്റവർ ആയിരുന്നെങ്കിലും അവർക്ക് പരിശുദ്ധാത്മാവിനെ ലഭിച്ചിരുന്നില്ല. പൗലോസ് അവരോട് പരിശുദ്ധാത്മാവിനെക്കുറിച്ച് ചോദിക്കുമ്പോൾ ആണ് പരിശുദ്ധാത്മാവിനെക്കുറിച്ച് അവർ കേൾക്കുന്നതു തന്നെ. യോഹന്നാന്റെ സ്നാനത്തെക്കുറിച്ചും യേശുവിന്റെ സ്നാനത്തെക്കുറിച്ചും പൗലോസ് അവരോട് പറഞ്ഞതിനു ശേഷം യേശുവിന്റെ നാമത്തിൽ അവർക്ക് സ്നാനം നൽകി. പൗലോസ് അവരുടെമേൽ കൈവെച്ചപ്പോൾ അവർക്ക് പരിശുദ്ധാത്മാവിനെ ലഭിക്കുകയും ചെയ്തു.

ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.പൌലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു. (പ്രവൃത്തികൾ 19:5-6)

യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏറ്റാൽ മാത്രം പരിശുദ്ധാത്മാവിനെ ലഭിക്കുമോ?

യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏറ്റതുകൊണ്ടുമാത്രം പരിശുദ്ധാത്മാവിനെ ലഭിക്കില്ല. പരിശുദ്ധാത്മാവിനെ ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രാർത്ഥന കൂടി ആവശ്യമാണ്. ഫിലിപ്പൊസിന്റെ സുവിശേഷ പ്രവർത്തനത്തെ തുടർന്ന് ശമര്യര്‍ വിശ്വസിച്ച് സ്നാനം ഏറ്റു. പത്രോസും യോഹന്നാനും ശമര്യയിൽ എത്തി അവർക്കു പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവരുടെ മേൽ കൈവച്ച് പ്രാർത്ഥിച്ചതിനു ശേഷമാണ് അവർക്ക് പരിശുദ്ധാത്മാവിനെ ലഭിച്ചത്.

അവർ ചെന്നു, അവർക്കു പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവർക്കായി പ്രാർത്ഥിച്ചു. അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു. (പ്രവൃത്തികൾ 8:15-17)

നമ്മുടെ ഉള്ളിൽ പരിശുദ്ധാത്മാവ് ഉണ്ടോ?

*യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏറ്റവരിലെല്ലാം പരിശുദ്ധാത്മാവ് ഉണ്ട്. 

നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? 
ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.(1കോരിന്ത്യർ 3:16,17)

ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? (1കോരിന്ത്യർ 6:19)

ആ നല്ല ഉപനിധി നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചുകൊൾക. (2 തിമൊഥെയൊസ് 1:14)

പ്രത്യാശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ. (റോമർ 5:5)

നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ. (സങ്കീർത്തനം 51:11)

* നമ്മൾ പരിശുദ്ധാത്മാവിൽ മുദ്രയിടപ്പെട്ടവരാണ്
തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു. (എഫെസ്യർ1:14)

ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു. (എഫെസ്യർ 4:30)


*******************

ചിത്രങ്ങൾ :: 
http://www.swordofthespirit.net/bulwark/may09p5a.htm
http://www.abbotjohneudes.org/images/baptism-of-Jesus.jpg