Sunday, October 25, 2015

നിത്യജീവനും സമ്പത്തിനോടുള്ള ഭ്രമവും

നിത്യജീവനും സമ്പത്തിനോടുള്ള ഭ്രമവും :: ലൂക്കോസ് 18:18-27

സ്ലീബാ പെരുന്നാളിനു ശേഷം ആറാം ഞായറാഴ്ച.

ലൂക്കോസിന്റെ സുവിശേഷം 18 ആം അദ്ധ്യായം 18 മുതൽ 27 വരെയുള്ള വേദഭാഗത്ത് യേശുവും ധനവാനായ ഒരു യുവാവും തമ്മിലുള്ള സംഭാഷണം ആണ് നമ്മൾ വായിക്കൂന്നത് .നിത്യജിവനെ അവകാശമാക്കേണ്ടതിനു എന്തു ചെയ്യണം എന്നുള്ള ചോദ്യത്തിന് യേശു നൽകുന്ന ഉത്തരമാണ് ഈ വേദഭാഗം. രണ്ട് ചിന്തകളാണ് നമ്മൾ ഈ വേദഭാഗത്തിൽ നിന്ന് ചിന്തിക്കൂന്നത്.

ഒന്നാമതായി നിത്യജീവനെ അവകാശമാക്കാൻ നമ്മൾ എന്തു ചെയ്യണം എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് ചിന്തിക്കൂന്നത്.

രണ്ടാമതായി ദൈവരാജ്യത്തിലേക്കുള്ള പ്രവേശനവും സമ്പത്തിനോടുള്ള ഭ്രമവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്.

നിത്യജീവനെ അവകാശമാക്കാൻ എന്തു ചെയ്യണം?

ഒരു പ്രമാണി യേശുവിനോട് ചോദിക്കുന്നു, " നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം". കല്പനകളെ അനുസരിക്കുക എന്ന് യേശു പറയുമ്പോൾ അവയെല്ലാം താൻ ചെറുപ്പം മുതൽ തന്നെ അനുസരിക്കൂന്നുണ്ട് എന്നാണ് ലൂക്കൊസിന്റെ സുവിശേഷം 10 ആം അദ്ധ്യായത്തിലും നിത്യജീവന് അവകാശി ആകുവാൻ എന്തുചെയ്യണം എന്നുള്ള ന്യായശാസ്ത്രിയുടെ ചോദ്യത്തിന് യേശൂ ഉത്തരം നൽകുന്നുണ്ട്. അവിടയും യേശു ഉത്തരം നൽകുന്നത് ദൈവ കല്പനകളെ അനുസരിക്കുക എന്നതാണ്. ഈ ചോദ്യം ചോദിച്ച ന്യായശാസ്ത്രിയോടാണ് യേശു നല്ല കൂട്ടുകാരന്റെ ഉപമ പറയുന്നത്. (ലൂക്കോസ് 10 : 25-37)
പ്രമാണി പറയുന്നത്. യേശു അവനോട് പറയുന്നു, “ഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക”. സമ്പന്നനായ ആ പ്രമാണിക്കത് ഉൾക്കൊള്ളാൻ കഴിയാതെ മടങ്ങി പോകുന്നു. പ്രമാണി എന്നതിന് ചില വേദപുസ്തക പരിഭാഷകളിൽ കാണുന്നത് സമ്പന്നനായ യുവ ഭരണാധികാരി എന്നാണ്. തന്റെ സമ്പത്ത് മറ്റുള്ളവർക്ക് നൽകുക എന്ന് യേശു പറഞ്ഞത് അയാൾക്കൊരിക്കലും ചെയ്യാൻ കഴിയാത്തതാണ്. നമ്മുടെ ഓരോരുത്തരുടേയും എന്നപോലെ അയാളുടെ ജീവിത ലക്ഷ്യവും മറ്റുള്ളവരെക്കാൾ ധനം സമ്പാദിക്കുക എന്നുള്ളതായിരിക്കണം.

നിത്യജീവനു ആരാണ് അവകാശികൾ? നമ്മൾ എല്ലാവരും തന്നെ നിത്യജീവന് അവകാശികൾ ആണ്. 

നിത്യജീവനെക്കുറിച്ച് വേദപുസ്തകത്തിൽ എന്താണ് പറയുന്നത്.

1. വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്.
1. യോഹന്നാന്റെ സുവിശേഷം 6 ആം അദ്ധ്യായം 40 ആം വാക്യത്തിൽ നമ്മൾ വായിക്കുന്നത് ഇങ്ങനെയാണ്. "പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും. ". 
2. യോഹന്നാന്റെ സുവിശേഷം 6 ആം അദ്ധ്യായം 47 ആം വാക്യത്തിൽ യേശു പറയുന്നു, "ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു. "
3. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ  ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.  (യോഹന്നാൻ 5:24)
4. ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ. (1 യോഹന്നാൻ 5:13)

2. വി.കുർബാന അനുഭവത്തിലൂടെ നിത്യജീവൻ ലഭിക്കും.
വിശുദ്ധ കുർബാന അനുഭവത്തിലൂടെ നമ്മൾ നിത്യജീവന്റെ അനുഭവത്തിലേക്ക് കടക്കുകയാണ്. 
1. യോഹന്നാന്റെ സുവിശേഷം 6 ആം അദ്ധ്യായം 54 ആം വാക്യത്തിൽ യേശു പറയുന്നത് ഇങ്ങനെയാണ്. "എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും. "
2. ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” എന്നു ഉത്തരം പറഞ്ഞു. (യോഹന്നാൻ 4:14)

3. നിത്യജീവൻ നൽകുന്നതിനുള്ള അധികാരം ദൈവപുത്രനാണ്.
1. നീ അവന്നു നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ  നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികാരം നൽക്കിയിരിക്കുന്നുവല്ലോ. (യോഹന്നാൻ 17:2)
2. ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ  സത്യദൈവവും നിത്യജീവനും ആകുന്നു. (1യോഹന്നാൻ 5:20)

4. ദൈവത്തിന്റെ കൃപാവരമാണ്/വാഗ്ദാനമാണ് നിത്യജീവൻ
1. പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. (റോമർ 6:23).
2. ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി (തീത്തോസ് 1:2)
3. ഇതാകുന്നു അവൻ  നമുക്കു തന്ന വാഗ്ദത്തം: നിത്യജീവൻ തന്നേ. (1യോഹന്നാൻ 2:25)
4. ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ. (1യോഹന്നാൻ 5:11)

5. നിത്യജീവൻ ആത്മാവിൽ നിന്ന്
1. ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീവനെ കൊയ്യും. (ഗലാത്യർ 6:8)

6. നിത്യജീവൻ (സഹോദര)സ്നേഹത്തിൽ നിന്ന്
1. സഹോദരനെ പകെക്കുന്നവൻ എല്ലാം കുലപാതകൻ ആകുന്നു. യാതൊരു കുലപാതകന്നും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു. (1 യോഹന്നാൻ 3:15)


രണ്ടാമതായി നമ്മൾ ചിന്തിക്കുന്നത് ദൈവരാജ്യത്തിലേക്കുള്ള പ്രവേശനവും സമ്പത്തിനോടുള്ള ഭ്രമത്തെക്കുറിച്ചുമാണ്.

നിത്യജീവനെ അവകാശമാക്കാൻ എന്തുചെയ്യണം എന്നുള്ള ചോദ്യത്തിന് നിന്റെ സമ്പത്ത് വിറ്റ് ദരിദ്രർക്ക് കൊടുക്കുക എന്ന് യേശു പറഞ്ഞപ്പോൾ സമ്പന്നനായ യുവഭരണാധികാരി അതിദുഃഖിതനായി തീർന്നു. കാരണം താൻ ഇത്രയും നാളും സമ്പാദിച്ച സമ്പത്ത് കൈവിട്ടുകളയാൻ അയാൾക്ക് കഴിയുമായിരുന്നില്ല. മർക്കോസിന്റെ സുവിശേഷം 10 അദ്ധ്യായത്തിലും മത്തായിയുടേ സുവിശേഷം 19 ആം അദ്ധ്യായത്തിലും നമുക്ക് ഈ വേദഭാഗം തന്നെ കാണാൻ കഴിയും. ഇവിടെയെല്ലാം തന്നെ നിത്യജീവനെ അവകാശമാക്കാൻ എന്തു ചെയ്യണം എന്ന് ചോദ്യം ഉന്നയിച്ച ആൾ വളരെ സമ്പത്തുള്ളയാൾ ആയിരൂന്നതുകൊൻട് വിഷാദിച്ചു ദുഃഖിതനായി പോയി എന്നാണ് നമുക്ക് ഈ വേദഭാഗങ്ങളിൽ വായിക്കാൻ കഴിയുന്നത്.

മർക്കോസിന്റെ സുവിശേഷം 10 ആം അദ്ധ്യായത്തെ ആസ്പദമാക്കി ഒക്ടോബർമാസം 11 ആം തീയതി ഞായറാഴ്ച ഫ്രാൻസിസ് മാർപ്പാപ്പ നടത്തിയ പ്രസംഗം വാർത്താമാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. ക്രിസ്തീയ വിശ്വാസവും സമ്പത്തിനോടുള്ള ഭ്രമവും ഒന്നിച്ചുപോവുകയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സമ്പത്തും സന്തോഷവും വിജയവും നമ്മുടെ കണ്ണുകളെ അന്ധകാരമാക്കുമെങ്കിലും പിന്നീട് അവ നമ്മളെ നിരാശപ്പെടൂത്തുന്നു. നിത്യജീവൻ എന്നുപറഞ്ഞാൽ ആനന്ദം എന്നാണ് അർത്ഥമാക്കൂന്നത്. അത് മരണാനന്തരമുള്ള ജിവിതം മാത്രമല്ല മറിച്ച് പൂർത്തീകരിക്കപ്പെട്ടതും പൂർണവും പരിമിതിയില്ലാത്തതും സതവും ആധികാരികവും പ്രകാശപൂർണവുമായ ജീവിതവും ആണ്. കർത്താവിന്റ് സ്നേഹം എളിമയോടും നന്ദിയോടും കൂടി സ്വീകരിക്കൂമ്പോൾ മാത്രമേ സാമ്പത്തിക ഭ്രമംകൊണ്ട് ഉൻടായ അന്ധതയിൽ നിന്ന് നമുക്ക് മോചനം ലഭിക്കുകയുള്ളു. തന്റെ പ്രസംഗവും പ്രവൃത്തിയും നിലപാടുകളും ഒന്നുതന്നെയായതുകൊൻടും സ്വയം വിമർശനപരമായി വസ്തുതകളെ സമീപിച്ച് അവതരിപ്പിക്കുന്നു എന്നുള്ളതുകൊണ്ടുമാണ് ഫ്രാൻസിസ് മാർപ്പാപ്പയുടേ വാക്കുകൾക്ക് ലോകം ചെവി കൊടുക്കുന്നത്.

സാമ്പത്തിക ഭ്രമത്തിന്റെ അടിമത്വം കൊൻടാണ് യൂദാസിന് തന്റെ ജീവിതം ഒരുമുഴം കയറിൽ അവസാനിപ്പിക്കേണ്ടിവന്നത്. സമ്പത്തിന്റെ മായവലയിൽ അകപ്പെട്ടതുകൊൻടാണ് സഫീറയ്ക്കും അനന്യാസിനും പരിശുദ്ധാത്മാവിനോട് വ്യാജം കാണീക്കേണ്ടീ വരുന്നതും ജീവൻ നശീപ്പിക്കേണ്ടി വരുന്നതും. 

മത്തായിയുടെ സുവിശേഷം 6 ആം അദ്ധ്യായം 24 ആം വാക്യം ശ്രദ്ധിക്കുക., "രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല. ". സമാനമായ വേദഭാഗം ലൂക്കോസിന്റെ സുവിശേഷം 16 ആം അദ്ധ്യായം 13 ആം വാക്യത്തിലും നമുക്ക് കാണാൻ കഴിയും , "രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യന്നും കഴികയില്ല; അവൻ  ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും. നിങ്ങൾക്കു ദൈവത്തെയും മമ്മോനെയും സേവിപ്പാൻ കഴികയില്ല. ".  മാമോൻ , മമ്മോൻ എന്നീ വാക്കുകളുടെ അർത്ഥം ഒന്നു തന്നെയാണ്, പണം/സമ്പത്ത് എന്നാണ് ഈ വാക്കൂകൾ കൊൻട് അർത്ഥമാക്കുന്നത്. "നിങ്ങൾക്ക് ദൈവത്തേയും സമ്പത്തിനെയും ഒരേ സമയം സേവിപ്പാൻ കഴിയില്ല എന്നാണ് പുതിയ വേദപുസ്തക പരിഭാഷകളിൽ കാണൂന്നത്. 

“No one can serve two masters at the same time. You will hate one of them and love the other. Or you will be faithful to one and dislike the other. You can’t serve God and money at the same time. - 
New International Reader's Version (NIRV) , International Children’s Bible (ICB)

No man can serve two masters: for either he shall hate the one, and love the other, or else he shall lean to the one, and despise the other. Ye cannot serve God and riches.  - 1599 Geneva Bible (GNV)

“No one can serve two masters; for a slave will either hate the one and love the other, or be devoted to the one and despise the other. You cannot serve God and wealth.- New Revised Standard Version (NRSV)

ലൂക്കോസിന്റെ സുവിശേഷം 12 ആം അദ്ധ്യായം 33 ആം വാക്യം ഇങ്ങനെയാണ് , "നിങ്ങൾക്കുള്ളതു വിറ്റു ഭിക്ഷകൊടുപ്പിൻ; കള്ളൻ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വർഗ്ഗത്തിൽ പഴകിപ്പോകാത്ത മടിശ്ശീലകളും തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്കു ഉണ്ടാക്കിക്കൊൾവിൻ. നിങ്ങളുടെ നിക്ഷേപം ഉള്ളേടത്തു നിങ്ങളുടെ ഹൃദയവും ഇരിക്കും. ". ദൈവത്തിലുള്ള വിശ്വാസവും സമ്പത്തിനോടുള്ള അഭിനിവേശവും ഒരുമിച്ച് കൊൻടൂപോകാൻ കഴിയില്ല.

ആദ്യകാലങ്ങളിൽ ക്രിസ്തീയ ജീവിതത്തിന്റെ മുഖമുദ്രയായി കണക്കിട്ടീരുന്നത് ലാളിത്യമായിരുന്നു. പക്ഷേ ഇന്ന് ആഢംബരഭ്രമം ബാധിച്ച ഒരു ക്രൈസ്തവ സമൂഹത്തെയാണ് നമുക്ക് കാണാൻ കഴിയുന്നത്. പള്ളികളിലും സഭാവിശ്വാസികളിലും/ക്രിസ്ത്യാനികളിലും സഭാപിതാക്കന്മാരിലും ഒക്കെ നമുക്ക് സമ്പത്തിനോടുള്ള അഭിനിവേശം നമുക്ക് കാണാൻ
കഴിയും. സാമ്പത്തിക നേട്ടങ്ങൾക്ക് വേണ്ടി മായാജാലക്കാരനെപ്പോലെ അത്ഭുതങ്ങൾ സൃഷ്ടിച്ച് ജനങ്ങളെ പറ്റിക്കുന്നത് സർവസാധാരണമായിക്കഴിഞ്ഞു. ചുങ്കക്കാരനായ സക്കായിയുടെ ജീവിതം നമുക്ക് മാതൃകയാക്കാവുന്നതാണ്. തന്നെ വിളിച്ച് ചേർത്തണച്ച യേശുവിനോട് സക്കായി പറയുന്നു, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്ക് കൊടുക്കൂന്നുൻട്, വല്ലതും ചതിവയി വാങ്ങിയിട്ടൂൻടങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുനു (ലൂക്കോസ് 19:8). നമ്മുടെ സമ്പത്തിന്റെ ഒരംശം എങ്കിലും നമുക്ക് ദരിദ്രർക്ക് നൽകാൻ കഴിയാറുണ്ടോ?

ഈ വേദഭാഗത്ത് യേശു പറയുന്നത്(ലൂക്കോസ് 18:18-27) ധനവാൻ ദൈവരജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് എളുപ്പം എന്നാണ്. മനുഷ്യരാൽ അസാദ്ധ്യമായത് ദൈവത്താൽ സാദ്ധ്യമാകുന്നു എന്നാണ്. സമ്പത്തുള്ളവർക്ക് ദൈവരാജ്യത്തിൽ കടപ്പാൻ കഴിയില്ല എന്ന് ഇതിന് അർത്ഥമില്ല. സക്കായിയുടെ ജീവിതം നമ്മുടെ മുന്നിൽ ഉദാഹരണമായിട്ടുണ്ട്. അരമത്ഥക്കാരനായ ജോസഫിനും ബർന്നബാസിനും തങ്ങളുടെ സമ്പന്നത യെശുവിനെ അനുഗമിക്കുന്നതിന് അയോഗ്യത ആയിരുന്നില്ല. 1182 ൽ ഇറ്റലിയിൽ ബെർണാർഡൺ എന്ന പട്ടുവസ്ത്ര വ്യാപാരിയുടെ മകനായി  സമ്പന്ന കുടുംബത്തിൽ ജനിച്ച ഫ്രാൻസിസ് എന്നയാൾ അസ്സീസിയിലെ ഫ്രാൻസിസ് ആയത് ദാരിദ്രമെന്ന വധുവിനെ സ്വീകരിച്ചാണ്. പഞ്ചക്ഷതങ്ങൾ ഏറ്റുവാങ്ങിയ ഫ്രാൻസിസ് അസീസി 1226 ൽ മരിച്ചു എങ്കിലും അദ്ദേഹത്തിന്റെ ജീവിതശൈലിയിലും പ്രവർത്തനങ്ങളിലും ആകർഷിക്കപ്പെട്ടവർ അനേക ദരിദ്രർക്ക് തണലായി ഈ ലോകത്ത് ജീവിക്കുന്നു. 

തങ്ങൾ ജീവിച്ചിരുന്ന കാലത്തെ അതിസമ്പന്നരായിരുന്നു അബ്രഹാമും ഇസഹാക്കും യാക്കോബും. ദൈവരാജ്യത്തിൽ അവർക്കുള്ള സ്ഥാനം എന്താണന്ന് നമുക്കറിയാം. സമ്പന്നതയും സമ്പത്തും ദൈവരാജ്യ പ്രവേശനത്തിനുള്ള അയോഗ്യതയല്ല. പക്ഷേ സമ്പത്തിന്റെ വിതരണവും ഉപയോഗവും എങ്ങനെയാണന്ന് സ്വയം ചിന്തിക്കണം. സമ്പത്തെല്ലാം കൂട്ടിവെച്ചിട്ട് തിന്നുക കുടിക്കുക ആനന്ദിക്കുക എന്ന് സ്വയം പറയുന്നവന്റെ അവസ്ഥ യെശു തന്നെ ദൃഷ്ടാന്തമായി യേശു നമുക്ക് പറഞ്ഞ് തന്നിട്ടുണ്ട്.

ദാനധർമ്മത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൗലോസ് ശ്ലീഹ കോരിന്ത്യർക്ക് എഴുതിയ രണ്ടാം ലേഖനം 8 ആം അദ്ധ്യായത്തിൽ പറയുന്നുൻട്. "നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ." എന്ന് പൗലോസ് ശ്ലീഹ ചോദിക്കുന്നു. (2 കോരിന്ത്യർ 8:9). കോരിന്ത്യർക്ക് എഴുതിയ രണ്ടാം ലേഖനം 8 ആം അദ്ധ്യായം 12 ആം വാക്യത്തിൽ പൗലോസ് ശ്ലീഹ ഇങ്ങനെ പറയുന്നു, "ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതു- പോലെയല്ല പ്രാപ്തിയുള്ളതു പോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും.". ദൈവപ്രസാദമായി നമുക്ക് നിത്യജീവനെ അവകാശമാക്കാനുള്ള വാഗ്ദാനവും ദൈവരാജ്യത്തിലേക്കുള്ള പ്രവേശനവും ലഭിക്കട്ടെ.

ചിത്രങ്ങൾ ::
https://whatshotn.files.wordpress.com/2013/08/rich-young-ruler.jpg
https://whatshotn.files.wordpress.com/2013/08/jesus-and-zaccheus.jpg


Sunday, October 4, 2015

ശബ്ബത്ത് മനുഷ്യർ നിമിത്തം !!

ശബ്ബത്ത് മനുഷ്യർ നിമിത്തം !!- മർക്കോസ് 2:23-28

സ്ലീബാ പെരുന്നാളിനു ശേഷം 3 ആം ഞായറാഴച.

യേശുവും ശിഷ്യന്മാരും ഒരു ശബ്ബത്ത് ദിവസം കൃഷി ഭൂമിയിൽ കൂടി പോകുമ്പോൾ ശിഷ്യന്മാർ ധാന്യം പറിച്ച് തിന്നുന്നത് കണ്ട ചിലർ അതിനെക്കുറിച്ച് യേശുവിനോട് ചോദിക്കുന്നു. അതിന് യേശു നൽകുന്ന മറുപിടിയാണ് ഈ വേദഭാഗം. യേശു പരീശന്മാർക്ക് നൽകുന്ന മറുപിടിയിലെ രണ്ട് ഭാഗങ്ങൾ ആണ് നമ്മളിന്ന് ചിന്തിക്കുന്നത്.

ഒന്നാമതായി " മനുഷ്യൻ ശബ്ബത്ത് നിമിത്തമല്ല, ശബ്ബത്ത് മനുഷ്യർ നിമിത്തമാണ് ഉണ്ടായത് " എന്നുള്ള ഓർമ്മപ്പെടൂത്തൽ.

രണ്ടാമതായി മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവ് ആകുന്നു എന്നുള്ള പ്രഖ്യാപനം.

ഇവിടെ ശിഷ്യന്മാർ ചെയ്ത കുറ്റം എന്താണ്? ശബ്ബത്ത് ദിവസം കൃഷിഭൂമിയിൽ നിന്ന് കതിർ പറിച്ച് കൈകൾ കൊണ്ട് തിരുമ്മി തിന്നു. മർക്കോസിന്റെ സുവിശേഷം 2 ആം അദ്ധ്യായത്തിൽ ശിഷ്യന്മാർ കതിർ പറിച്ചു എന്ന് പറയുമ്പോൾ മത്തായിയുടെ സുവിശേഷത്തിലും ലൂക്കോസിന്റെ സുവിശേഷം 6 ആം അദ്ധ്യായത്തിലും അവർ കതിർ പറിച്ച് കൈകൾ കൊണ്ട് തിരുമ്മി തിന്നു എന്ന് പറയുന്നുണ്ട്. ശിഷ്യന്മാരിൽ എന്ത് കുറ്റമാണ് പരീശന്മാർ കണ്ടെത്തുന്നത്?. ശബ്ബത്ത് ദിവസം ജോലി ചെയ്തു എന്നതാണ് ശിഷ്യന്മാർ ചെയ്ത കുറ്റം. ശബ്ബത്ത് നാളിൽ ജോലിചെയ്തതുകൊണ്ട് അവർ മരണ ശിക്ഷയ്ക്ക് യോഗ്യരാണ്. വയലിൽ നിന്ന് കതിർപറിച്ചത് ശബ്ബത്തിൽ ചെയ്ത ജോലിയായി പരീശന്മാർ കണക്കാക്കി.

പുറപ്പാട് പുസ്തകം 20 ആം അദ്ധ്യായം 10 ആം വാക്യത്തിൽ നമ്മൾ വായിക്കുന്നത് ഇങ്ങനെയാണ്, "ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു." ദൈവം മോശമുഖാന്തരം നൽകിയ കല്പനയായിരുന്നു ഇത്. ഈ കല്പനയാണ് ശിഷ്യന്മാർ ലംഘിച്ചത്. ശബ്ബത്ത് നാളിൽ ജോലിചെയ്താലുള്ള ശിക്ഷ മരണമാണ്. പുറപ്പാട് പുസ്തകം 31 ആം അദ്ധ്യായം 15 ആം വാക്യം ഇങ്ങനെയാണ്,  "ആറു ദിവസം വേല ചെയ്യേണം; എന്നാൽ ഏഴാം ദിവസം സ്വസ്ഥമായുള്ള ശബ്ബത്തായി യഹോവെക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്ത് നാളിൽ വേല ചെയ്താൽ അവൻ  മരണശിക്ഷ അനുഭവിക്കേണം.". പരീശന്മാർ ചൂണ്ടിക്കാണിക്കുന്നത് ഇതാണ്. ശബ്ബത്ത് ദിവസത്തെ പ്രമാണം ലംഘിച്ച യേശുവിന്റെ ശീഷ്യന്മാർ മരണശിക്ഷയ്ക്കുള്ള കുറ്റം ചെയ്തിരിക്കൂന്നു.

സംഖ്യാപുസ്തകം 15 ആം അദ്ധ്യായം 32 മുതൽ 36 വരെയുള്ള ഭാഗങ്ങളിൽ ശബ്ബത്ത് ലംഘിച്ച ഒരുത്തനെ കല്ലെറിഞ്ഞു കൊന്നതായി നമുക്ക് കാണാൻ സാധിക്കൂം. ശബ്ബത്ത് ദിവ്സം വിറക് പെറുക്കി എന്നുള്ള കുറ്റം ആണ് അയാൾ ചെയ്തത്. 
"യിസ്രായേൽമക്കൾ മരുഭൂമിയിൽ ഇരിക്കുമ്പോൾ ശബ്ബത്ത് നാളിൽ ഒരുത്തൻ വിറകു പെറുക്കുന്നതു കണ്ടു. അവൻ  വിറകു പെറുക്കുന്നതു കണ്ടവർ അവനെ മോശെയുടെയും അഹരോന്റെയും സർവ്വസഭയുടെയും അടുക്കൽ കൊണ്ടുവന്നു. അവനോടു ചെയ്യേണ്ടതു ഇന്നതെന്നു വിധിച്ചിട്ടില്ലായ്കകൊണ്ടു അവർ അവനെ തടവിൽ വെച്ചു. പിന്നെ യഹോവ മോശെയോടു: ആ മരുഷ്യൻ മരണശിക്ഷ അനുഭവിക്കേണം; സർവ്വസഭയും പാളയത്തിന്നു പുറത്തുവെച്ചു അവനെ കല്ലെറിയേണം എന്നു കല്പിച്ചു. യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ സർവ്വസഭയും അവനെ പാളയത്തിന്നു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞുകൊന്നു."

കതിർ പറിച്ച് തിന്ന് ശബ്ബത്ത് ദിവ്സം ലംഘിച്ച ശിഷ്യന്മാർ മരണശിക്ഷയ്ക്ക് യോഗ്യരാണ് എന്നാണ് പരീശന്മാർ ചൂണ്ടിക്കാണിക്കുന്നത്. ഇവർ ശബ്ബത്തിൽ വിഹിതമല്ലാത്തതു ചെയ്യുന്നതു എന്തു? എന്നുള്ള പരീശന്മാരുടെ ചോദ്യത്തെ യേശു എതിരിടുന്നത് മറുചോദ്യം ഉന്നയിച്ചാണ്. “ദാവീദ് തനിക്കും കൂടെയുള്ളവർക്കും മുട്ടുണ്ടായി വിശന്നപ്പോൾ ചെയ്തതു എന്തു?” അവ അബ്യാഥാർമഹാപുരോഹിതന്റെ കാലത്തു ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാർക്കല്ലാതെ ആർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു കൂടെയുള്ളവർക്കും കൊടുത്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ? എന്ന് യേശു ചോദിക്കുന്നു. എന്താണ് ദാവീദ് ചെയ്തത്? ശമുവേൽ പ്രവാചകന്റെ പുസ്തകം 21 ആം അദ്ധ്യായം 1 മുതൽ 6 വരെയുള്ള വേദഭാഗത്തെ പരാമർശിച്ചാണ് യേശു പരീശന്മാരോട് സംസാരിച്ചത്. 

ദാവീദ് നോബിൽ പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്നു; അഹീമേലെൿ ദാവീദിനെ സംഭ്രമത്തോടെ എതിരേറ്റു അവനോടു: ആരും കൂടെ ഇല്ലാതെ തനിച്ചുവരുന്നതു എന്തു എന്നു ചോദിച്ചു. ദാവീദ് പുരോഹിതനായ അഹീമേലെക്കിനോടു: രാജാവു എന്നെ ഒരു കാര്യം ഏല്പിച്ചു: ഞാൻ നിന്നെ അയക്കുന്നതും നിന്നോടു കല്പിക്കുന്നതുമായ കാര്യം ഒന്നും ആരും അറിയരുതു എന്നു കല്പിച്ചിരിക്കുന്നു. എന്റെ ബാല്യക്കാർ ഇന്ന സ്ഥലത്തു വരേണമെന്നു ഞാൻ ചട്ടം കെട്ടിയിരിക്കുന്നു. ആകയാൽ നിന്റെ കൈവശം വല്ലതും ഉണ്ടോ? ഒരഞ്ചപ്പം അല്ലെങ്കിൽ തൽക്കാലം കൈവശമുള്ളതെന്തെങ്കിലും എനിക്കു തരേണം എന്നു പറഞ്ഞു. അതിന്നു പുരോഹിതൻ ദാവീദിനോടു: വിശുദ്ധമായ അപ്പം അല്ലാതെ സാമാന്യമായതു കൈവശം ഇല്ല; ബാല്യക്കാർ സ്ത്രീകളോടു അകന്നിരിക്കുന്നു എങ്കിൽ തരാമെന്നു ഉത്തരം പറഞ്ഞു. ദാവീദ് പുരോഹിതനോടു: ഈ മൂന്നു ദിവസമായി സ്ത്രീകൾ ഞങ്ങളോടു അകന്നിരിക്കുന്നു. ഇതു ഒരു സാമാന്യയാത്ര എങ്കിലും ഞാൻ പുറപ്പെടുമ്പേൾ തന്നേ ബാല്യക്കാരുടെ യാത്രക്കോപ്പുകൾ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകൾ എത്ര അധികം ശുദ്ധമായിരിക്കും എന്നു പറഞ്ഞു. അങ്ങനെ പുരോഹിതൻ അവന്നു വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വെക്കേണ്ടതിന്നു യഹോവയുടെ സന്നിധിയിൽ നിന്നു നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറെ അപ്പം ഇല്ലായിരുന്നു.

യേശു ചോദ്യത്തിനു ഉത്തരം പറയാൻ പരീശന്മാർക്ക് കഴിയാതെ പോകുന്നു. പരീശന്മാരോട് യേശു പറയുന്ന മറുപിടിയിലെ പ്രധാനഭാഗമാണ് , മനുഷ്യൻ ശബ്ബത്ത് നിമിത്തമല്ല ശബ്ബത്ത് മനുഷ്യൻ നിമിത്തമാണ് ഉണ്ടായത് എന്നുള്ളത്.
പുതിയ നിയമം വായിക്കുമ്പോൾ യേശു ശബ്ബത്ത് ദിവസം പല അത്ഭുത പ്രവർത്തികളും ചെയ്തതായി നമുക്ക് കാണാൻ സാധിക്കും. അപ്പോഴെല്ലാം പരീശന്മാർ യേശുവിനെ എതിർത്തുകൊണ്ട് കടന്നു വരുന്നുണ്ട്. ആ സന്ദർഭങ്ങളിൽ യേശു ചോദിക്കൂന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാവാതെ ജനങ്ങളുടെ ഇടയിൽ നിന്ന് പരീശ്ന്മാർക്ക് പിന്മാറേണ്ടീ വന്നിട്ടൂണ്ട്.

മത്തായിയുടെ സുവിശേഷം 12 ആം അദ്ധ്യായത്തിൽ യേശു കൈവരണ്ട മനുഷ്യനെ ശബ്ബത്ത് ദിവസം സൗഖ്യമാക്കുന്നുണ്ട്. ശബ്ബത്തിൽ സൌഖ്യമാക്കുന്നതു വിഹിതമോ എന്ന് പരീശന്മാർ ചോദിക്കുമ്പോൾ യേശു അവരോട് ആദ്യം ഒരു മറുചോദ്യം ചോദിക്കുന്നു. "“നിങ്ങളിൽ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തിൽ കുഴിയിൽ വീണാൽ അവൻ  അതിനെ പിടിച്ചു കയറ്റുകയില്ലയോ? " അതിനുശേഷം പരീശന്മാരുടെ ചോദ്യത്തിന് യേശു നൽകുന്ന ഉത്തരം ഇപ്രകാരം ആണ് , "എന്നാൽ മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു വിഹിതം തന്നേ". 

ലൂക്കോസിന്റെ സുവിശേഷം 13 ആം അദ്ധ്യായം 10 മുതൽ 16 വരെയുള്ള വേദഭാഗത്തിൽ ശബ്ബത്ത് ദിവസം യേശു പള്ളിയിൽ വെച്ച് രോഗികളെ സൗഖ്യമാക്കൂന്നതിൽ നീരസം പൂണ്ട പള്ളിപ്രമാണീ ജനത്തോട് പറയുന്നു , വേല ചെയ്‍വാൻ ആറുദിവസമുണ്ടല്ലോ; അതിന്നകം വന്നു സൌഖ്യം വരുത്തിച്ചുകൊൾവിൻ; ശബ്ബത്തിൽ അരുതു. പതിനെട്ട് വർഷമായി കൂനിയായി കഷ്ടപ്പെട്ട ഒരു സ്ത്രിയെയാണ് യേശു ഇവിടെ ആദ്യം സുഖപ്പെടുത്തിയത്. യേശൂ പള്ളിപ്രാമാണിക്ക് നൽകുന്ന ഉത്തരം ഇങ്ങനെയാണ് , "“കപടഭക്തിക്കാരേ, നിങ്ങളിൽ ഓരോരുത്തൻ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊട്ടിയിൽ നിന്നു അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? എന്നാൽ സാത്താൻ  പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ ” 
ലൂക്കോസിന്റെ തന്നെ സുവിശേഷം 14 ആം അദ്ധ്യായത്തിൽ യേശു ഭക്ഷണം കഴിക്കാനായി ചെന്ന പരീശപ്രാമാണിയുടെ വീട്ടിൽ വെച്ച് ശബ്ബത്ത് ദിവസം മഹോദരമുള്ള മനുഷ്യനെ സൗഖ്യമാക്കി. ഇവിടെവെച്ച് യേശു തന്നെ പരീശന്മാരോടും ന്യായശാസ്ത്രിമാരോടും ചോദിക്കുന്നു, ശബ്ബത്തിൽ സൌഖ്യമാക്കുന്നതു വിഹിതമോ അല്ലയോ? ആരും ഉത്തരം പറഞ്ഞില്ല.

യോഹന്നാന്റെ സുവിശേഷം 5 ആം അദ്ധ്യായം 1 മുതൽ 16 വരെയുള്ള വേദഭാഗത്ത് ബേഥെസ്ദാ കുളക്കരയിൽ മുപ്പത്തെട്ട് വർഷം രോഗം ബാധിച്ച് കിടന്ന മനുഷ്യനെ ശബ്ബത്ത് ദിവസം യേശു സൗഖ്യമാക്കിക്കൊണ്ട് പറയുന്നത് , "എഴുന്നേറ്റ് നിന്റെ കിടക്ക എടുത്ത് നടക്ക " എന്നാണ്. യോഹന്നാന്റെ സുവിശേഷം 9 ആം അദ്ധ്യായം 1 മുതൽ 16 വരെയുള്ള വേദഭാഗത്ത് കുരുടനായ മനുഷ്യനെ ശബ്ബത്ത് ദിവ്സം യേശു ശബ്ബത്ത് ദിവ്സം സൗഖ്യമാക്കിയതായി നമുക്ക് കാണാൻ കഴിയും.

നന്മചെയ്യാതെ മനുഷ്യനെ ഉപദ്രവിക്കാനുള്ളതല്ല നിയമങ്ങളും ചട്ടങ്ങളും എന്ന് യേശു ഈ സംഭവങ്ങളിലൂടെയെല്ലാം നമുക്ക് കാണിച്ചു തരുന്നു. മത നിയമങ്ങൾ മാത്രമല്ല രാഷ്ട്രവ്യവസ്ഥിതിയിലെ നിയമങ്ങളും മനുഷ്യനെ പലപ്പോഴും ഉപദ്രവിക്കാറുണ്ട്. ജനങ്ങളുടെ ജീവനം സ്വത്തിനും സംരക്ഷണം നൽകി സമാധാനം ഉറപ്പിക്കാനും ആവാസവ്യവസ്ഥിതിയെ ജനങ്ങൾക്ക് ജീവിക്കാൻ തക്കവണ്ണം നിലനിർത്താനും വേണ്ടിയാണ് നിയമങ്ങൾ രൂപീകരിക്കുന്നതെങ്കിലും പലനിയമങ്ങളും അവനടപ്പാക്കുമ്പോൾ ജനവിരുദ്ധമായി മാറുന്നുണ്ട്. ആ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടീയവർ തന്നെ നിയമം വിശകലനം ചെയ്ത് പലപ്പോഴും ജനങ്ങളെ ബുദ്ധിമുട്ടിക്കാറൂണ്ട്. നിയമങ്ങൾ ജന നന്മയ്ക്ക് വേണ്ടീയായിരിക്കണം എന്നാണ് യേശു പറയുന്നത്. ജനങ്ങൾക്ക് ഉപകാരമല്ലാത്ത നിയമങ്ങൾക്കോണ്ട് ആർക്കാണ് പ്രയോജനം? മനുഷ്യനു പ്രയോജനം ചെയ്യാത്ത നിയമങ്ങളുടെ കർശനതയെക്കാൾ ദൈവത്തിനിഷ്ടം മനുഷ്യ നന്മയെക്കരുതിയുള്ള പ്രവൃത്തനങ്ങളാണ്. .മത്തായിയുടെ സുവിശേഷം 12 ആം അദ്ധ്യായം 7 വാക്യത്തിൽ യേശു ഇങ്ങനെ പറയുന്നു , "യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു." . പൗലോസ് ശ്ലീഹ എബ്രായർക്ക് എഴുതിയ ലേഖനം 13ന്റെ 16 ൽ ഇങ്ങനെ പറയുന്നു , " നന്മചെയ്‍വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു."

നമ്മൾ ഇനിയും ചിന്തിക്കൂന്നത് മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവാകുന്നു എന്ന പ്രഖ്യാപനത്തെക്കുറിച്ചാണ്. യേശു ശബ്ബത്തിൽ സൗഖ്യമാക്കുമ്പോഴെല്ലാം അത് ചോദ്യം ചെയ്യുന്ന പരീശന്മാർക്ക് യേശു മിക്കപ്പോഴും നൽകുന്ന മറുപിടിയാണ് മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവാകുന്നു എന്നുള്ളത്. ശബ്ബത്ത് ദൈവമായ യഹോവയ്ക്കുള്ള ദിവസമാണ്. പുറപ്പാട് പുസ്തകം 20 ന്റെ 10 ൽ പറയുന്നത് "ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടേ ശബ്ബത്ത് ആകുന്നു എന്നാണ്. യേശൂ ദൈവമായ യഹോവയുടേ പുത്രനാണ്. മർക്കോസിന്റെ സുവിശേഷം ആരംഭിക്കുന്നത് തന്നെ 'ദൈവപുത്രനായ യേശു ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം' എന്ന് പറഞ്ഞാണ്. ലൂക്കോസിന്റെ സുവിശേഷം 1 ആം അദ്ധ്യായം 34 ആം വാക്യത്തിൽ മാലാഖ കന്യകമറിയാമിനോട് പറയുന്നത് " ആകായാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്ന് വിളിക്കപ്പെടും" എന്നാണ്.

ദൈവമായ യഹോവയ്ക്ക് വേണ്ടി മാറ്റിവയ്ക്കപ്പെട്ട ദിവസത്തിന്റെ അധികാരി ദൈവമായ യഹോവയോടൊപ്പം അവന്റെ പുത്രനായ ദൈവപുത്രനായ യേശുക്രിസ്തുകൂടിയാണ്. യോഹന്നാന്റെ സുവിശേഷം 3 ആം അദ്ധ്യായം 13 ആം വാക്യത്തിൽ യേശൂ പറയുന്നത് "സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കൂന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല എന്നാണ്.  മത്തായിയുടെ സുവിശേഷം 28 അം അദ്ധ്യായം 17 ആം വാക്യത്തിൽ യേശു പറയുന്നത് സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നൽക്പ്പെട്ടിരിക്കൂന്നു എന്നാണ്. മർക്കോസിന്റെ സുവിശേഷം 10 ആം അദ്ധ്യായം 42 ആം വാക്യത്തിലും യേശു തന്റെ അധികാരത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് , "ജാതികളിൽ അധിപതികളായവർ അവരിൽ കർത്തൃത്വം ചെയ്യുന്നു; അവരിൽ മഹത്തുക്കളായവർ അവരുടെ മേൽ അധികാരം നടത്തുന്നു". ദൈവമായ യഹോവ നൽകിയ അധികാരം മനുഷ്യപുത്രനായ യേശുക്രിസ്തുവിനുള്ളതാണ്.

പുതിയ നിയമത്തിൽ പലയിടത്തും യേശുവിനെ കർത്താവ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ചിലത് മാത്രം നമുക്ക് നോക്കാം
കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. (ലൂക്കോസ് 2:11)

അകത്തു കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല. (ലൂക്കോസ് 24:3) 

കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു. (അപ്പോസ്തോല പ്രവൃത്തികൾ 7:59)

ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ? (അപ്പോസ്തോല പ്രവൃത്തികൾ 11:17) 

പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. (റോമർ 6:23)

തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ. ( 1 കോരിന്ത്യർ 1:9)

കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. (2കോരിന്ത്യർ 13:14)

ജനങ്ങളെ മതത്തിന്റെ അടിമകളായി കണ്ടിരുന്ന മതനേതാക്കളോട് യേശു എപ്പോഴും കലഹിച്ചിരുന്നു. തന്റെ അധികാരത്തെക്കുറിച്ചുള്ള മുന്നറിയിപ്പായി യേശു പല സൂചനകളും അവർക്ക് നൽകിയിരുന്നു. എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു-അവൻ  പക്ഷവാതക്കാരനോടു: “എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക” എന്നു പറഞ്ഞു. (മത്തായി 9:6). മതത്തിന്റെ കാവലാളുകളായി സ്വയം പ്രഖ്യാപിച്ചിരുന്ന ശാസ്ത്രിമാരെയും പരീശന്മാരെയും ശവക്കല്ലറകളായി ഉപമിക്കാൻ യേശുവിനുമാത്രമേ കഴിയുകയുള്ളായിരുന്നു. "കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. " (മത്തായി23:27). അവരെ (ശാസ്ത്രിമാരെയും പരീശന്മാരെയും) കപടഭക്തിക്കാർ എന്നു പലപ്പോഴും യേശു അഭിസംബോധന ചെയ്യുന്നുണ്ട്. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു: (മത്തായി23:29) , കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല. , (കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്കു കടുമയേറിയ ശിക്ഷാവിധി വരും;) (മത്തായി23:13). മത്തായിയുടെ സുവിശേഷം 23 ആം അദ്ധ്യായത്തിൽ പലവാക്യങ്ങളിലും യേശു ശാസ്ത്രിമാരെയും പരീശന്മാരെയും കപടഭക്തിക്കാർ എന്ന് വിളിക്കുന്നത് കാണാം.

എല്ലാ നിയമങ്ങളയും യേശു എതിർത്തിരുന്നില്ല. ജനങ്ങൾക്ക് നന്മ ചെയ്യാത്ത മത നിയമങ്ങളെ മാത്രമേ എതിർത്തിരുന്നുള്ളൂ. "കൈസർക്ക് കരം കൊടുക്കുന്നത് വിഹിതമോ എന്ന് പരീശന്മാർ ചോദിക്കുമ്പോൾ യേശു നൽകുന്ന മറുപിടി ഇതാണ് , “എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ”  (മത്തായി 22:17 , മർക്കോസ് 12:17 , ലൂക്കോസ് 20:25).
ദേവാലയ നികുതി പിരിക്കാൻ വന്നവർ പത്രോസിനോട് നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു പത്രോസിനോട് ചോദിക്കുമ്പോൾ കൊടുക്കുന്നുൻട് എന്നാണ് പത്രോസ് മറുപിടി പറയുന്നത്. (മത്തായി 17:24). ദേവാലയ നികുതിയെക്കുറിച്ച് നെഹമ്യാവിന്റെ പുസ്തകം 10 ആം അദ്ധ്യായം 32,33 വാക്യങ്ങളിൽ പറയുന്നുൻട്. ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കു വേണ്ടി കാഴ്ചയപ്പത്തിന്നും നിരന്തരഭോജനയാഗത്തിന്നും ശബ്ബത്തുകളിലെയും അമാവാസ്യകളിലെയും നിരന്തര ഹോമയാഗത്തിന്നും ഉത്സവങ്ങൾക്കും വിശുദ്ധസാധനങ്ങൾക്കും യിസ്രായേലിന്നു വേണ്ടി പ്രായശ്ചിത്തമായി അർപ്പിക്കേണ്ടുന്ന പാപയാഗങ്ങൾക്കും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാവേലെക്കും വേണ്ടി ആണ്ടുതോറും ശേക്കെലിൽ മൂന്നിൽ ഒന്നു കൊടുക്കാമെന്നും ഞങ്ങൾ ഒരു ചട്ടം നിയമിച്ചു. . പുറപ്പാട് പുസ്തകം 30ന്റെ 13 മുതൽ 16 വരെയുള്ള വാക്യങ്ങളിലും ദേവാലയ നികുതിയെക്കുറിച്ച് പറയുന്നുൻട്. ഈ നികുതിയാണ് നികുതി പിരിക്കുന്നവർ പത്രോസിനോട് ചോദിച്ചത്.

വീട്ടിലെത്തിയപ്പോൾ പത്രോസിനോട്  യേശു " ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ” എന്ന് ചോദിക്കുന്നു. "അന്യരോടു"എന്ന് പത്രോസ് ഉത്തരം പറയുന്നു. "എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ എങ്കിലും നാം അവർക്കു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലീലേക്കു ചെന്നു ചൂണ്ടൽ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക” എന്നു യേശു പറയുന്നു (മത്തായി 17 :26-27). ദേവാലയത്തെക്കാൾ വലിയവൻ , ശബ്ബത്തിനും കർത്താവാകുന്നവൻ എന്ന് വിശേഷ്ണമുള്ളയാൾ തന്നെ ലോകത്ത്തിന്റെ/രാജ്യത്തിന്റെ നിയമങ്ങൾക്ക് അതീതനല്ല എന്ന് പറയുന്നു. മത്തയിയുടെ സുവിശേഷം 16 ആം അദ്ധ്യായത്തിൽ “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” എന്നു യേശുവിന്റെ ചോദ്യത്തിന് പത്രോസ് ഉത്തരം നൽകുന്നത് നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നാണ് (മത്തായി 16:16). എബ്രായർക്ക് എഴുതിയ ലേഖനം 4 ആം അദ്ധ്യായത്തിൽ പൗലോസ് ശ്ലീഹ പറയുന്നത്, ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊൾക. (എബ്രായർ 4:14) എന്നാണ്. യോഹന്നാൻ ശ്ലീഹ എഴുതിയ ഒന്നാം ലേഖനം 5 ആം അദ്ധ്യായം 5 ആം വാക്യത്തിൽ യോഹന്നാൻ ശ്ലീഹ പറയുന്നു , യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ?. ഈ വാക്യങ്ങളിൽ നിന്നെല്ലാം മനുഷ്യപുത്രനായ യേശു ദൈവപുത്രനാണന്ന് നമ്മൾ മനസിലാക്കുന്നു. ദൈവപുത്രനായ യേശു ദേവാലയ നികുതിയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാതെ രാജ്യത്തിന്റെ നിയമവ്യവസ്ഥിതിയോട് ചേർന്ന് നിൽക്കൂന്നു.  

മനുഷ്യന് നന്മചെയ്യാതെ അവരെ ഉപദ്രവിക്കുന്ന നിയമങ്ങളെയാണ് യേശു എതിർത്തിരുന്നത്. ദൈവത്തിന്റെ മുന്നിൽ മനുഷ്യർക്ക് നന്മചെയ്യുന്ന പ്രവൃത്തികളാണ് വലുത്. കരുണയും നന്മയും ആണ് അവിടിത്തേക്കുള്ള ആരാധന.  "യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നത്" എന്നുള്ള യേശുവിന്റെ ഓർമ്മപ്പെടുത്തലുകൾ ആയിരിക്കണം നമ്മളിൽ ഉണ്ടാകേണ്ടത്.

ചിത്രങ്ങൾ ::
1.  https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlXU23i4dytH1YNvIQ6OGBbRrRIyleA4Zt_N1dWm82169zfrXi4Vt4lK9DS5Mbhxo1P5_xEz8lV3lUA7QiTTw3AKCorzXmeOfDxKeN4NYeOfPIBx2K6pPtdNi4ZR3yzt8OX65VzsXx7GOF/s1600/Jesus+v+p.jpg
2. https://s-media-cache-ak0.pinimg.com/736x/62/a6/26/62a62683769a04b1e0d8f64a74a147fe.jpg