Sunday, January 18, 2009

13 ആദ്യ കൊലപാതകം : കഥ


ആദാമിന്റേയും ഹവ്വയുടേയും രണ്ടുമക്കളായിരുന്നു കായീനും ഹാബേലും. മൂത്തവനായ കായീന്‍ കൃഷിക്കാരനും ഹാബേല്‍ ആട്ടിടയനും ആയിരുന്നു. ആദാമിന്റേയും ഹവ്വയുടെയും കൂടെ കഴിഞ്ഞിരുന്ന അവര്‍ ദൈവത്തിനു ഒരു വഴിപാടുകഴിക്കാന്‍ തീരുമാനിച്ചു. കൃഷിക്കാരനായ കായീന്‍ തന്റെ നിലത്തെ അനുഭവത്തില്‍നിന്നും വഴിപാടു കൊണ്ടുവന്നപ്പോള്‍ ഹാബേല്‍ തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂലുകളില്‍ നിന്ന് , അവയുടെ മേദസ്സില്‍ നിന്നാണ് വഴിപാട് കൊണ്ടുവന്നത്. അവര്‍ രണ്ടുപേരുംദൈവത്തിന്റെ മുന്നില്‍ തങ്ങളുടെ വഴിപാട് സമര്‍പ്പിച്ച് കാത്തുനിന്നു. ദൈവം ഹാബേലിന്റെ വഴിപാടില്‍ പ്രസാദിക്കുകയും കായീന്റെ വഴിപാടില്‍ പ്രസാദിക്കാതിരിക്കുകയും ചെയ്തു. ദൈവം തന്റെ സഹേദരന്റെ വഴിപാടില്‍ മാത്രം പ്രസാദിച്ചതില്‍ കായീന് ഹാബേലിനോട് കോപം ഉണ്ടായി. കായീന്റെ മുഖം വാടി, തന്റെ സഹേദരനോടുള്ള കോപം മുഴുവനായി അവന്റെ മുഖത്ത് നിന്ന്ദൈവം മനസിലാക്കി.

ദൈവം കായീന്റെ അടുക്കല്‍ ചെന്നിട്ടു അവനോട് ചോദിച്ചു. “നീ എന്തിനാണ് കോപിക്കുന്നത് ? നീ നന്മചെയ്താല്‍ നിന്റെ വഴിപാടിലും എനിക്കും പ്രസാദമാകും. നീ നന്മചെയ്യാത്തതുകൊണ്ട് പാപം ,അതിന്റെ ആഗ്രഹപൂര്‍ത്തീകരണത്തീനായി നിന്റെ അടുക്കല്‍ വരുന്നു. നീ പാപത്തെ കീഴടക്കണം. “ ദൈവത്തിന്റെ ഈ കല്പന കായീന് ഇഷ്ടമായില്ല. തന്റെ മാതാപിതാക്കളുടെ അടുത്ത് എത്തി അവരെ കീഴടക്കി കളഞ്ഞ പാപത്തെ താന്‍ കീഴടക്കണം എന്ന് ദൈവം പറഞ്ഞത് കായീന് ഇഷ്ടമായില്ല. പാപം തന്റെ മാതാവില്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ് തങ്ങള്‍ക്ക് സ്വര്‍ഗ്ഗീയ പറുദീസയായ ഏദന്‍‌തോട്ടം നഷ്ടപ്പെട്ടതെന്ന് അവനപ്പോള്‍ ഓര്‍ത്തതുമില്ല. ദൈവം തന്റെ വഴിപാടില്‍ ഇഷ്ടപ്പെടാതെ അനുജന്റെ വഴിപാട് സ്വീകരിച്ചതില്‍ അസൂയപൂണ്ട കായീന്‍ അനുജനെ കൊലപ്പെടുത്താന്‍ തന്നെ തീരുമാനിച്ച് അതിന് അവസരം നോക്കിയിരുന്നു.

ഒരു ദിവസം വയലിലേക്ക് പോകാന്‍ കായീന്‍ ഹാബേലിനെ സ്നേഹത്തോടെ വിളിച്ചു. തന്റെ ജ്യേഷ്ഠന്റെ കൃഷിഭൂമിയിലേക്കുള്ളക്ഷണം ഹാബേല്‍ സ്വീകരിച്ചു. അവര്‍ വയലില്‍ ചെന്നു. ദൈവം തന്റെ വഴിപാട് സ്വീകരിക്കാത്തതിന്റെ കാരണം ഹാബേലാണന്ന് കായീന്‍ പറഞ്ഞു. പാപത്തില്‍ നിന്ന് മാറാതെ ഒരിക്കലും ദൈവം കായീന്റെ വഴിപാടില്‍ പ്രസാദിക്കുകയില്ലന്ന് ഹാബേല്‍ പറഞ്ഞു. പാപത്തില്‍ നിന്ന് മാറാനുള്ള ഹാബേലിന്റെ ഉപദേശം കായീന് ഇഷ്ടമായില്ല. അനുജന്റെ ഉപദേശം ഇഷ്ടപ്പെടാതെ കായീന്‍ അവനെ വയലില്‍ വച്ചു തന്നെ കൊന്നു. താന്‍ ചെയ്ത കൊലപാതകം ആരും കണ്ടിട്ടില്ലന്ന് ഉറപ്പ് വരുത്തികായീന്‍ ഹാബേലിന്റെ ശരീരം വയലില്‍ മറവു ചെയ്തു. താന്‍ തന്റെ അനുജനെ കൊല്ലുന്നത് ആരും കണ്ടിട്ടില്ലന്ന് കായീനുറപ്പാക്കി.

ദൈവം കായീന്റെ അടുക്കല്‍ ചെന്നു...“നിന്റെ അനുജനായ ഹാബേല്‍ എവിടെ ?” ദൈവം ചോദിച്ചു.

“അവന്‍ എവിടാണന്ന് ഞാന്‍ അറിയുന്നില്ല.. ഞാന്‍ എന്റെ അനുജന്റെ കാവല്‍ക്കാരനാണോ ?” കായീന്‍ ദേഷ്യത്തോട് ദൈവത്തോട് ചോദിച്ചു.

“നിന്റെ അനുജന്റെ രക്തം ഭൂമിയില്‍ നിന്ന് എന്നോട് നിലവിളിക്കുന്നു.. നീ അവനോട് എന്താണ് ചെയ്തത് ? “ ദൈവത്തിന്റെ ചോദ്യത്തിന് മറുപിടി പറയാനാവാതെ കായീന്‍ നിന്നു. താന്‍ ഹാബേലിനെ കൊന്നത് ദൈവം അറിഞ്ഞു കഴിഞ്ഞു എന്ന് കായീന് മനസിലായി. താന്‍ ആരും കാണാതെ മറവ് ചെയ്ത ഹാമേലിന്റെ രക്തം ഭൂമിയില്‍ നിന്ന് ദൈവത്തോട് നിലവിളിക്കുന്നുവത്രെ!! കായീന്റെ ചെവികളില്‍ അനുജന്റെ നിലവിളി മുഴങ്ങി. അവന്റെ തലയില്‍ നിന്ന് രക്തം തെറിച്ച് നിലത്തിന്റെ നിറം ചുവപ്പായത് അവന്‍ ഓര്‍ത്തു. പാപം തന്നിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു എന്ന ദൈവത്തിന്റെ മുന്നറിയിപ്പ് ഇപ്പോള്‍ സത്യമായിരിക്കുന്നു. തന്റെ മാതാവിനെ കീഴടക്കിയ പാപം തന്നേയും കീഴടക്കി കളഞ്ഞിരിക്കുന്നു. ദൈവത്തിന്റെ മുന്നില്‍ തലകുനിച്ച് കായീന്‍ നിന്നു.

“നിന്റെ അനുജന്റെ രക്തം നിന്റെ കൈയ്യില്‍ നിന്ന് ഏറ്റുകൊള്‍വാന്‍ വായ്തുറന്ന ദേശം നീ വിട്ട് ശാപഗ്രസ്തായി പോകണം. നീ കൃഷിചെയ്യുമ്പോള്‍ ഇനിമുതല്‍ നിലം നിന്റെ അധ്വാനത്തിന് അനുസരിച്ച് ഫലം തരികയില്ല. നീ ഭൂമിയില്‍ ഉഴലുന്നവന്‍ ആകും ...” ദൈവം കായീനോട് പറഞ്ഞു. ദൈവത്തിന്റെ വാക്കുകളിലെ അര്‍ത്ഥം കായീന് മനസിലായി. താന്‍ തന്റെ ദേശം വിട്ടു പോകണമെന്ന് .. താന്‍ തന്റെ അനുജനെ കൊന്നത് മറ്റുള്ളവര്‍ അറിഞ്ഞാല്‍ അവര്‍ തന്നെ ഭൂമിയില്‍ നിന്നു തന്നെ നീക്കി കളയും.

കായീന്‍ ദൈവത്തോട് പറഞ്ഞു.“എന്റെ കുറ്റം പൊറുപ്പാന്‍ കഴിയുന്നതിലും വലുതാകുന്നു. ഇതാ, നീ ഇന്നു എന്നെ ആട്ടിക്കളയുന്നു.; ഞാന്‍ തിരുസന്നിധി വിട്ടു ഭൂമിയില്‍ ഉഴലുന്നവന്‍ ആകും.; അരെങ്കിലും എന്നെ കണ്ടാല്‍ എന്നെ കൊല്ലും ...”

“നിന്നെ ആരെങ്കിലും കൊന്നാല്‍ അവനു ഏഴിരിട്ടി പകരം കിട്ടും...” എന്നു പറഞ്ഞ് ആരും അവനെ കൊല്ലാതിരിക്കാന്‍ ദൈവം അവനൊരു അടയാളം വെച്ചു. കായീന്‍ ദൈവ സന്നിധിയില്‍ നിന്ന് പുറപ്പെട്ട് ഏദനു കിഴക്ക് നോദ് ദേശത്ത് ചെന്ന് പാര്‍ത്തു.