Monday, February 27, 2017

ശുബ്ക്കോനോ :: വലിയ നോമ്പിന്റെ തുടക്കം

ഇനിയുള്ള 50 ദിവസങ്ങൾ വലിയ ഒരു യാത്രയാണ്. ഇന്ന് മുതൽ ആ യാത്ര തുടങ്ങുകയാണ്... ശരീരവും മനസും ശുദ്ധീകരിച്ച് കാൽവറിപ്പാതയിലൂടെ ഉയർപ്പിലേക്കുള്ള യാത്രയാണ് വലിയ നോമ്പ്. യേശുക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷയിലെ സംഭവങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ നമ്മുടെ മനസുകളിൽ മാനസാന്തരത്തിന്റെ അനുഭവങ്ങൾ ആയിരിക്കണം. നാൽപതു ദിവസം ഉപവസിച്ച് സാത്താനെ ജയിച്ച് പരസ്യ ശുശ്രൂഷകളിൽ കൂടി ജനങ്ങളോടൊപ്പ് ജീവിച്ച് കാൽവറിയിലേക്ക് ക്രൂശെടുത്ത് നടന്ന് നമുക്കായി യാഗമായി തീർന്ന ദൈവപുത്രന്റെ ബലിയിലും ഉയർത്തെഴുന്നേൽപ്പിലും പങ്കാളികൾ ആകാൻ വലിയ നോമ്പിൽ കൂടി നമുക്ക് കഴിയണം. വർഷങ്ങളായി ക്രൂശിൽ തറയ്ക്കപ്പെട്ട ക്രിസ്തു മാത്രമാണോ നമ്മുടെ ഹൃദയങ്ങളിൽ ഉള്ളത്? ഉയർത്തെഴുന്നേറ്റ ക്രിസ്തുവിനെ സ്വീകരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്നുള്ള ചിന്തകൾ കൂടി ഈ നോമ്പുകാലയളവിൽ നമുക്ക് ഉണ്ടാവണം.

സുറിയാനി സഭയിൽ നോമ്പ് തുടങ്ങുന്നത്  ശുബ്ക്കോനോ ശുശ്രൂഷയോടുകൂടിയാണ്. ശുബ്ക്കോനോ എന്നതിന് reconciliation എന്നാണ് അർത്ഥം. നിരപ്പിന്റെയും അനുരഞ്ജനത്തിന്റെയും ശുശ്രൂഷയാണ് ശുബ്ക്കോനോ. എല്ലാം തെറ്റുകളും ഏറ്റുപറഞ്ഞ് പരസ്പരം ക്ഷമിക്കുന്ന അനുരഞ്ജനത്തിന്റെ മാർഗമാണ് ശുബ്ക്കോനോ ശുശ്രൂഷ. പുരോഹിതർ തങ്ങളോട് ക്ഷമിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടുകൊണ്ട് വിനയത്തോടെ മുട്ടുകുത്തുന്നു. ജനങ്ങൾ അവരോട് ക്ഷമിക്കുന്നതായി പ്രഖ്യാപിക്കുന്നു. കൂടാതെ പരസ്പരം അനുരഞ്ജനപ്പെട്ടുകൊണ്ട് സ്മാധാനം നലകി (കൈകൾ പരസ്പരം നൽകി) ശുബക്കോനോ ശുശ്രൂഷകൾ അവസാനിക്കുന്നു. സ്നേഹവും ക്ഷമയും കരുണയും ഒക്കെ ഈ ശുശ്രൂഷയിൽ ഉൾപ്പെട്ടിരിക്കൂന്നു.

അമ്പതു നോമ്പ് വലിയ ഒരു യാത്രയാണന്ന് പറഞ്ഞല്ലോ... ആ യാത്രയിൽ നമ്മൾ കാല്വറിയിൽ എത്തുന്നുണ്ട്. കാൽവറിയിൽ ദൈവപുത്രൻ യാഗമായി തീരുന്നുണ്ട്. ആ യാഗത്തിൽ പങ്കാളികൾ ആകാനായി നമ്മൾ നോമ്പിലേക്ക് കടക്കുമ്പോൾ എന്താണ് ചെയ്യേണ്ടത്? മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യയത്തിൽ യേശുവിന്റെ ഗിരിപ്രഭാഷണത്തിൽ പറയുന്നത് ശ്രദ്ധിക്കുക.... "ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക. " (മത്തായി 5:23-24). ക്ഷമയുടേയും അനുരഞ്ജനത്തിന്റെയും ഓർമ്മപ്പെടൂത്തലാണ് യേശു നടത്തുന്നത്. യാഗപീഠത്തിന്റെ മുമ്പിലുള്ള അനുരഞ്ജനമാണ് ശുബക്കോനയിലൂടെ നിവർത്തിക്കൂന്നത്.

അനുരഞ്ജനത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് ക്ഷമയാണ്. കാൽവറിമലയിൽ വേദനസഹിക്കാനാവാതെ യേശു പിടയുമ്പോൾ പിതാവിനോട് നടത്തുന്ന നിലവിളി കേൾക്കൂ.... എന്നാൽ യേശു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു. (ലൂക്കോസ് 23:34). തന്നെ ക്രൂശിച്ചവരോട് ക്ഷമിക്കേണമേ എന്ന് യേശു നിലവിളിക്കുന്നു. കാൽവറിയിലെ ക്ഷമിക്കൂന്ന സ്നേഹമായിരുന്നു യാഗമായി തീർന്നത്. യേശു പഠിപ്പിച്ച പ്രാർത്ഥനയിലും ക്ഷമയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് , "ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; " (മത്തായി 6:12). നമ്മൾ മറ്റുള്ളവരോട് ക്ഷമിക്കുന്നതുപോലെതന്നെ നമമുടെ കടങ്ങളും ദൈവം ക്ഷമിക്കും.   ഇതിനോട് അനുബന്ധമായി യേശുപറയുന്നത് കേൾക്കുക , "നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല. " (മത്തായി 6:15)... മർക്കോസിന്റെ സുവിശേഷം 11 ന്റെ 25 കൂടി ഓർക്കുക,,,.. "നിങ്ങൾ പ്രാർത്ഥിപ്പാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ. ". 

ക്ഷമയാണ് അനുരഞ്ജനത്തിന്റെ അടിസ്ഥാനം എന്ന് പറഞ്ഞല്ലോ. യേശുവിന്റെ ന്യായവിധി സമയത്തും യേശു ശത്രുക്കളെ അനുരഞ്ജനപ്പെടുത്തുന്നത് നമുക്ക് കാണാൻ കഴിയും. ശത്രുക്കളായിരുന്ന ഹെരോദാവും പീലാത്തോസും ശത്രുത വെടിഞ്ഞ് സ്നേഹിതരായി തീരുന്നത് യേശുവിന്റെ ന്യായവിധിയോട് അനുബന്ധിച്ചായിരുന്നു. യേശുവിനെ പീലാത്തോസ് ഹെരോദാവിന്റെ അടുത്തേക്ക് അയച്ചതിനെതുടർന്ന് അവരുടെ അവർ തങ്ങടെ ശത്രുത മറന്ന് സുഹൃത്തക്കളാകുന്നു. ഹെരോദാവ് യേശുവിനെ തിരിച്ച് പീലാത്തോസിന്റെ അടുക്കലേക്ക് തന്നെ തിരിച്ചയിക്കൂന്നു. "അന്നു ഹെരോദാവും പീലാത്തൊസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പെ അവർ തമ്മിൽ വൈരമായിരുന്നു." എന്ന് ലൂക്കൊസിന്റെ സുവിശേഷം 23 ന്റെ 12 ൽ നമ്മൾ വായിക്കുന്നു.

പരസ്പരം ക്ഷമിച്ച് അനുരഞ്ജനപ്പെട്ട് നമുക്ക് ഒരുമിച്ച് ഈ വലിയ യാത്ര തുടങ്ങാം....... പരസ്‌പര വിട്ടുവീഴ്‌ചയിലൂടെയും, ക്ഷമയിലൂടെയും ബന്ധങ്ങള്‍ ഈടുറ്റതാക്കി മാത്രമേ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കൂ. അപ്പോൾ മാത്രമേ നമുക്ക് നോമ്പിന്റെ അനുഭവത്തിലേക്ക് പ്രവേശിക്കാൻ കഴിയൂ....  

ശുബക്കോനോ    ശുബ്ഖോനോ

Sunday, February 26, 2017

പേത്തുർത്ത

വലിയ നോമ്പിന്റെ(50 നോമ്പിന്റെ) തലേ ദിവസമാണ് പേത്തുർത്ത. അതായത് നോമ്പിന്റെ തലേ ദിവസത്തെ ഞായറാഴ്ചയാണ് പേത്തുർത്ത ആചരിക്കുന്നു. മതപരമായ ഒരു ചടങ്ങ് എന്നതിനിക്കാൾ വിശ്വാസപരമായതും സാമുദായികവുമായ ഒരു ചടങ്ങാണ് പേത്തുർത്ത. മാർത്തോമ്മൻ/സുറിയാനി ക്രിസ്ത്യാനികളായിരുന്നു പേത്തുർത്ത കൂടുതലായി ആഘോഷിച്ചിരുന്നത് .പേത്തുർത്ത എന്ന വാക്ക് പ്രധാനപ്പെട്ട സുറിയാനി നിഘണ്ടുകളിൽ രേഖപ്പെടുത്തിയിട്ടില്ല. തിരികെ വരിക , അവസാനിക്കുക , കടന്നുപോവുക എന്നെല്ലാം അർത്ഥമുള്ള "ഫ്തർ" എന്നതിൽ നിന്ന് വന്നതാകാം പേത്തുർത്ത എന്ന വാക്ക്. ചിലർ പേത്തുർത്ത എന്ന വാക്കിന് 'തിരിഞ്ഞു നോട്ടം' എന്ന അർത്ഥവും നൽകുന്നുണ്ട്.

വലിയ നോമ്പ് തുടങ്ങുന്നതിന്റെ തലേ ദിവസമായ പേത്തുർത്ത സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യമായ ചടങ്ങാണന്ന് പറയാം. പുതിയ ഒരു ജീവിതത്തിലേക്കുള്ള തിരികെ വരികലായിരുന്നു പേത്തുർത്ത. പഴയജീവിതം അവസാനിപ്പിച്ച് പുതിയ ജീവിതശൈലിയിലേക്കുള്ള മാറ്റം. വലിയ നോമ്പിലേക്ക് കടക്കൂന്നതിനു മുമ്പുള്ള ആത്മീയവും ശാരീരികവുമായ പുതുക്കലിന്റെ അനുഭവമായിരുന്നു പേത്തുർത്ത. സമൃദ്ധ്മായ ഭക്ഷണത്തിനു പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ചടങ്ങായിരുന്നു പേത്തുർത്ത. പേത്തുർത്ത ദിവസം നോമ്പുദിവസങ്ങളിൽ വർജ്യിക്കേണ്ടതായ ആഹാരപദാർത്ഥങ്ങൾ (ഇറച്ചി , മീൻ , മുട്ട...) പാകം ചെയ്തതിനു ശേഷം അവ പാകം ചെയ്ത മൺപാത്രങ്ങൾ ഉടച്ചു കളയുന്ന ഒരു ചടങ്ങു കൂടി ഉണ്ടായിരുന്നു.

നോമ്പിൽ ശാരീരിക തലത്തിൽ നിന്നുകൊണ്ടുള്ള മാറ്റത്തിന്റെ തുടക്കമാണ് പേത്തുർത്ത. ഇനിയുള്ള ദിവസങ്ങളിൽ തങ്ങൾ വർജിക്കേണ്ട മാംസാഹരങ്ങൾ ഇന്നത്തോടുകൂടി ഭക്ഷിച്ച് അവസാനിപ്പിക്കുന്നു എന്നുള്ള ഉടമ്പടിയാണ് പേത്തുർത്ത. അതുകൊണ്ടു കൂടിയാണ് ആഹാരം പാകം ചെയ്ത മൺപാത്രങ്ങൾ ഉടച്ചുകളയുന്നത്. നോമ്പ് എന്ന് പറയുന്നത് ശാരീരക തലത്തിൽ നിന്നുകൊണ്ടുള്ള ഭക്ഷണപാനീയങ്ങളുടെ ഉപേക്ഷിക്കൽ മാത്രമല്ല , ആത്മീയതലത്തിൽ നിന്നുകൊണ്ടുള്ള ചില സ്വയം നിയന്ത്രണങ്ങൾ കൂടിയാണ്. പേത്തൂർത്തയിൽ ശാരീരികതലത്തിൽ നിന്നുകൊണ്ടുള്ള ഭക്ഷണപാനീയങ്ങളുടെ ഉപേക്ഷിക്കൽ തുടങ്ങുമ്പോൾ നോമ്പു തുടങ്ങുന്ന ദിവസമായ തിങ്കളാഴ്ച 'ശുബക്കോനയിൽ' (അനുരഞ്ജനത്തിന്റെ ശുശ്രൂഷയിൽ) കൂടി ആത്മീയ തലത്തിലുള്ള ഒരു പുതുക്കവും ഉണ്ടാകുന്നു. പേത്തുർത്തയും അനുരഞ്ജനത്തിന്റെ ശുശ്രൂഷയും പരസ്പരം പൂരകമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.




::സഹായകം::
http://marthoman.tv/Orthodox%20Liturgy/pethratha.html