Monday, August 25, 2008

4. ആദ്യത്തെപാപം : ‍കഥ


മനുഷ്യനും സ്ത്രിയും സന്തോഷത്തോടെ ജീവിക്കുന്നതുകണ്ടിട്ട് പാമ്പിന് സഹിച്ചില്ല. മനുഷ്യനേയും അവന്റെഭാര്യയേയും ചതിയില്‍പ്പെടുത്തി ഏദന്‍ തോട്ടത്തിന്റെ പുറത്താക്കാന്‍ പാമ്പ് വഴി ആലോചിച്ചു.മനുഷ്യനെചതിക്കാന്‍ പ്രയാസ്സമാണ്.സ്ത്രിയെ ചതിക്കുകയാണ് എളുപ്പം.സ്ത്രി മനുഷ്യന്റെ അടുത്തുനിന്ന് ഒറ്റയ്ക്ക് ആകുന്നസമയം നോക്കി പാമ്പ് സ്ത്രിയുടെ അടുത്ത് ചെല്ല്ലാന്‍ തുടങ്ങി.മനുഷ്യന്റെയും തന്റേയും ഇടയിലേക്ക് ദൈവം അധികാരത്തോടെ കടന്നുവരുന്നത് സ്ത്രിക്ക് അത്രയ്ക്കങ്ങോട്ട് ഇഷ്ടമല്ലന്ന് പാമ്പ് മനസ്സിലാക്കി.

മനുഷ്യന്‍ ഇല്ല്ലാത്ത സമയം നോക്കി പാമ്പ് സ്ത്രിയുടെ അടുത്ത് ചെന്ന് ദൈവത്തെക്കുറിച്ച് ഓരോന്ന് പറഞ്ഞുതുടങ്ങി.ആദ്യമൊന്നും സ്ത്രി അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ലങ്കിലും പാമ്പ് പുതിയ പുതിയ കാര്യങ്ങള്‍ പറഞ്ഞുകേള്‍പ്പിക്കാന്‍ തുടങ്ങിയപ്പോള്‍ സ്ത്രിയുടെ മനസ്സ് ഇളകാന്‍ തുടങ്ങി.പാമ്പ് പറയുന്ന കാര്യങ്ങള്‍ സ്ത്രി മനുഷ്യന്‍എത്തുമ്പോള്‍ പറഞ്ഞു കേള്‍പ്പിക്കുമായിരുന്നു.പാമ്പിനോട് അധികം അടുക്കേണ്ട എന്ന് പറഞ്ഞ് മനുഷ്യന്‍തന്റെ ഭാര്യയെ വിലക്കി.ദൈവം ഒരിക്കലും തങ്ങള്‍ക്ക് നന്മയല്ലാതെ തിന്മചെയ്യുകയില്ലന്ന് മനുഷ്യന്‍ പറഞ്ഞു.

ഒരിക്കല്‍ പാമ്പ് എത്തിയത് മറ്റൊരു കള്ളവാര്‍ത്തയും കൊണ്ടായിരുന്നു.മനുഷ്യനില്‍ നിന്ന് മറ്റൊരു സ്ത്രിയെക്കൂടി ഉണ്ടാക്കാന്‍ ദൈവം ആലോചിക്കുകയാണത്രെ.ഇത് കേട്ടപ്പോള്‍ സ്ത്രി പേടിച്ചു.മറ്റൊരുവളെ ദൈവംസൃഷ്ടിച്ച് മനുഷ്യന് ഭാര്യയായി നല്‍കിയാല്‍ മനുഷ്യന് തന്നോടുള്ള സ്നേഹം കുറഞ്ഞുപോകും.ഒരു പക്ഷേതന്നെ ഏദന്‍ തോട്ടത്തില്‍ നിന്നുതന്നെ പുറത്താക്കിയെന്ന് ഇരിക്കും. സ്ത്രിയുടെ ഉള്ളില്‍ താന്‍ വിതച്ച വിഷവിത്ത്വളരെവേഗം വളരുമെന്ന് പാമ്പിന് മനസ്സിലായി.അന്ന് വൈകിട്ട് മനുഷ്യന്‍ വന്നപ്പോള്‍ ഭാര്യയുടെ മുഖംവാടിയിരിക്കുന്നത് കണ്ടു.കാര്യം തിരക്കിയെങ്കിലും ഒന്നുമില്ലന്ന് പറഞ്ഞ് സ്ത്രി ഒഴിഞ്ഞുമാറി.

ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് മനുഷ്യന്‍ വിശ്രമിക്കുമ്പോള്‍ സ്ത്രി ഏദന്‍‌തോട്ടത്തിലൂടെ വെറുതെനടന്നു.സ്ത്രി ഒറ്റയ്ക്കേ ഉള്ളൂ എന്ന് പാമ്പിന് മനസ്സിലായി.ഇന്നു തന്നെ സ്ത്രിയെക്കൊണ്ട് പാപം ചെയ്യിച്ച് തനിക്ക്ഏദന്‍‌തോട്ടത്തിന്റെ അധികാരം വാങ്ങണം എന്ന് ചിന്തിച്ച് പാമ്പ് സ്ത്രിയുടെ അടുത്തേക്ക് ചെന്നു.പാമ്പിനെകണ്ട് സ്ത്രി നിന്നു.പാമ്പ് ഏദന്‍‌തോട്ടത്തിലെ ഫലങ്ങളെക്കുറിച്ച് സംസാരിച്ച് തുടങ്ങി.“നിങ്ങള്‍ക്ക് എല്ലാ വൃക്ഷത്തിന്റേയും ഫലം തിന്നാം അല്ലേ?”എന്ന് പാമ്പ് ഒന്നും അറിയാത്തതുപോലെ സ്ത്രിയോട് ചോദിച്ചു.“നടുവില്‍ നില്‍ക്കുന്ന രണ്ട് വൃക്ഷങ്ങളുടെ ഫലം മാത്രം തിന്നരുതന്ന് ദൈവം തങ്ങളോട് കല്പിച്ചിട്ടുണ്ടന്ന്”സ്ത്രി പറഞ്ഞു.നന്മതിന്മകളുടേയും ജീവവൃക്ഷത്തിന്റേയും ഫലം തിന്നുകയോ അതില്‍ തൊടുകയോ ചെയ്യരുതെന്നാണ്ദൈവം കല്പിച്ചിരിക്കുന്നതെന്ന് സ്ത്രി പറഞ്ഞു.ഇത് കേട്ട് പാമ്പ് ചിരിച്ചു.

“എന്താ ചിരിക്കുന്നത് ?” സ്ത്രി ചോദിച്ചു.”നിന്റെ മണ്ടത്തരം ഓര്‍ത്ത് ചിരിച്ചതാ.... എന്തുകൊണ്ടാണ് നടുവില്‍നില്‍ക്കുന്ന വൃക്ഷത്തിന്റെ ഫലം തിന്നരുതെന്ന് ദൈവം പറഞ്ഞതന്ന് അറിയാമോ?”പാമ്പ് ചോദിച്ചു.“അത് തിന്നാല്‍ ഞങ്ങള്‍ മരിക്കും എന്നുള്ളതുകൊണ്ട് ...” സ്ത്രി പറഞ്ഞു. ”അല്ല..” “പിന്നെ?” സ്ത്രി ചോദിച്ചു.നടുവില്‍ നില്‍ക്കുന്ന നന്മതിന്മകളുടെ വൃക്ഷത്തെക്കുറിച്ചും അതിന്റെ ഫലത്തെക്കുറിച്ചും പാമ്പ് ഓരോന്ന് പറഞ്ഞു.”ഇത് തിന്നാല്‍ നിങ്ങള്‍ മരിക്കകയല്ല മറിച്ച് നിങ്ങളുടെ കണ്ണ് തുറക്കപെട്ട് നന്മതിന്മകളെക്കുറിച്ച് മനസിലാക്കി ദൈവത്തെപ്പോലെനിങ്ങളും ആകും..അത് ദൈവത്തിന് അറിയാം ..അതുകൊണ്ടാണ് ഫലം തിന്നരുതന്ന് ദൈവം പറഞ്ഞത്..”പാമ്പ് പറഞ്ഞത് സ്ത്രി വിശ്വസിച്ചു.

ഫലം തിന്നാല്‍ തങ്ങള്‍ക്കും ദൈവത്തെപ്പോലെ ആകാം എന്ന് കേട്ടപ്പോള്‍ സ്ത്രി നടുവില്‍ നില്‍ക്കുന്ന വൃക്ഷത്തിന്റെ അടുത്തേക്ക് ചെന്നു.ചുവന്ന് തുടുത്ത് നില്‍ക്കുന്ന നന്മതിന്മകളുടെ വൃക്ഷത്തിന്റെ ഫലം തിന്മാന്‍ നല്ലതുംകാണ്മാന്‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിക്കാന്‍ നല്ലതുമാണന്ന് സ്ത്രിക്ക് തോന്നി .സ്ത്രി നന്മതിന്മകളുടെവൃക്ഷത്തിന്റെ ഫലം പറിച്ച് തിന്നു.താന്‍ മരിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ വീണ്ടും ഫലം പറിച്ച് തിന്നു.തങ്ങളെദൈവം ഇത്രയും നാളും പറ്റിക്കുകയായിരുന്നു.സ്ത്രി ഫലം പറിച്ച് ഭര്‍ത്താവിനും കൊണ്ടുകൊടുത്തു.മനുഷ്യന്‍ഫലം തിന്നുമോ എന്ന് പാമ്പിന് സംശയമായിരുന്നു.

തന്റെ ഭാര്യകൊണ്ടുവന്ന ഫലം അവളോട് ഒന്നും ചോദിക്കാതെ അവന്‍ ഫലം തിന്നു.പെട്ടന്ന് അവരുടെ കണ്ണിന്എന്തോ വെത്യാസം സംഭവിച്ചതായി അവര്‍ക്ക് തോന്നി.തങ്ങള്‍ ഇരുവരും നഗ്നരാണന്ന് അവര്‍ തിരിച്ചറിച്ചു.മനുഷ്യരെക്കൊണ്ട് പാപം ചെയ്യിച്ച സന്തോഷത്തില്‍ പാമ്പ് ഓടി മറഞ്ഞു.തങ്ങള്‍ പാപം ചെയ്തതായി മനുഷ്യര്‍ക്ക്മനസ്സിലായി.സംഭവിച്ചതെല്ലാം ഭാര്യ ഭര്‍ത്താവിനോട് പറഞ്ഞു.തങ്ങള്‍ നഗ്നരാണന്ന് തിരിച്ചറിവ് അവര്‍ക്കുണ്ടായി.വെയിലാറിത്തുടങ്ങി.ദൈവം എത്താന്‍ സമയം ആയിരിക്കുന്നു.അവര്‍ അത്തിയിലപറിച്ച് തങ്ങള്‍ക്ക് അരയാടഉണ്ടാക്കി.ദൈവം വരുന്ന കാലൊച്ച അവര്‍ കേട്ടു.ദൈവം കാണാതിരിക്കാന്‍ അവര്‍ മരങ്ങളുടെ ഇടയിലേക്ക് ഒളിച്ചു.

Saturday, August 16, 2008

3. മനുഷ്യനും പാമ്പും : ബൈബിള്‍ സാങ്കല്പിക കഥ

ദൈവം മനുഷ്യനെ സൃഷ്ടിച്ചതിനു ശേഷം അവന് താമസിക്കാനായി ഏദന്‍‌തോട്ടം ഉണ്ടാക്കി കൊടുത്തു.അതിലെ ഫലങ്ങളെല്ലാം വളരെ സ്വാദുള്ളതായിരുന്നു.വിശക്കുമ്പോള്‍ മനുഷ്യന്‍ ഏതെങ്കിലും ഫലംപറിച്ചുതിന്നു വിശപ്പടക്കം.ഉറക്കം വരുമ്പോള്‍ ഏതെങ്കിലും മരത്തിന്റെ തണലില്‍ പോയിക്കിടക്കും.മനുഷ്യന്റെ ഓരോ ചലനങ്ങളും ശ്രദ്ധിച്ചുകൊണ്ട് പാമ്പ് എപ്പോഴും അവന്റെ പിന്നാലെയുണ്ടായിരുന്നു.ദൈവംഏദന്‍‌തോട്ടത്തിന്റെയും മൃഗജാലങ്ങളുടേയും എല്ലാം അധികാരം മനുഷ്യനെ ഏല്പിച്ചത് പാമ്പിന് അത്രയ്ക്ക് ഇഷ്ടമായില്ല.എങ്ങനേയും മനുഷ്യനെ തോട്ടത്തില്‍ നിന്ന് പുറത്താക്കി ഏദന്‍‌തോട്ടത്തിന്റെ യെങ്കിലുംഅധികാരം നേടണമെന്ന് പാമ്പ് മനസ്സില്‍ കൂട്ടി.അതിനവന്‍ തക്കം നോക്കിയിരുന്നു.

മനുഷ്യന്‍ ഒരിക്കല്‍‌പോലും തോട്ടത്തിന്റെ നടുവില്‍ നില്‍ക്കുന്ന രണ്ട് വൃക്ഷങ്ങളുടെ ഫലം തിന്നുന്നത് പാമ്പ്കണ്ടില്ല.പാമ്പ് ഉപായത്തില്‍ മനുഷ്യന്റെ അടുത്ത് എത്തി നടുവില്‍ നില്‍ക്കുന്ന വൃക്ഷങ്ങളുടെ ഫലംതിന്നാ‍ത്തത് എന്താണന്ന് അന്വേഷിച്ചു.നടുവില്‍ നില്‍ക്കുന്ന വൃക്ഷങ്ങളുടെ ഫലം തിന്നരുതെന്ന് ദൈവം പറഞ്ഞിട്ടുണ്ടന്ന് മനുഷ്യന്‍ പാമ്പിനോട് പറഞ്ഞു.ഇതുകേട്ടപ്പോള്‍ പാമ്പ് മനുഷ്യനെ കളിയാക്കി.ദൈവംമനുഷ്യനെ കളിപ്പിക്കന്‍ വേണ്ടി അങ്ങനെ പറഞ്ഞതാണന്നും ഫലം തിന്നാല്‍ ദൈവത്തെപ്പോലെ ആകുമെന്നും ഒക്കെ പറഞ്ഞ് നടുവില്‍ നില്‍ക്കുന്ന വൃക്ഷത്തിന്റെ ഫലം തിന്നാന്‍ മനുഷ്യനെ പ്രേരിപ്പിച്ചു.എന്നാല്‍ മനുഷ്യന്‍ പാമ്പിന്റെ വാക്കുകള്‍ കേട്ടതായി നടിച്ചില്ല.മനുഷ്യന്‍ ഒരിക്കലും ദൈവത്തിന്റെവാക്കുകള്‍ ധിക്കരിക്കുകയില്ലന്ന് പാമ്പിന് മനസ്സിലായി. ദൈവത്തോട് അനുസരണക്കേട് മനുഷ്യന്‍കാണിക്കാത്തിടത്തോളം കാലം തന്റെ ആഗ്രഹങ്ങള്‍ ഒന്നും നടക്കത്തില്ലന്ന് പാമ്പിന് മനസ്സിലായി.അതുകൊണ്ട് പ്രലോഭനത്തിന്റെ വഴി ഉപേക്ഷിച്ച് സ്നേഹത്തിന്റെ വഴി നോക്കിയാലോ ?

മനുഷ്യന്‍ എപ്പോഴും ഒറ്റയ്ക്കാണ് ഇരിക്കുന്നത്.അവന് സംസാരിക്കാന്‍ പോലും ഒരു കൂട്ടില്ല.മനുഷ്യനോട്സ്നേഹം നടിച്ച് അവന്റെ ഒപ്പം കൂടി അവനെ ചതിച്ച് ഏദന്‍‌തോട്ട ത്തിന്റെ അവകാശം നേടിയെടുക്കാന്‍പാമ്പ് തീരുമാനിച്ചു.മനുഷ്യന്‍ ഒറ്റയ്‌ക്കിരിക്കു മ്പോഴെക്കെ അവന്റെ കൂടെ ഇരിക്കാന്‍ പാമ്പ് ശ്രദ്ധിച്ചു.അവന്റെഉള്ളില്‍ കയറിപറ്റിയാല്‍ അവനെ തന്റെ വഴിയിലേക്ക് കൊണ്ടുവരാന്‍ എളുപ്പമാണ്.മനുഷ്യന്‍ ഒറ്റയ്ക്കിരിക്കുന്നതു കൊണ്ട് അവന് പറ്റിയ ഒരു തുണയെ ദൈവം തിരയുന്നുണ്ടന്നും പാമ്പിന് അറിയാമായി രുന്നു. അതുകൊണ്ട്ദൈവത്തിനും മനുഷ്യനും തന്നോട് ഒരു ഇഷ്ടമുണ്ടാകണം. ദൈവത്തെകൊണ്ട് മനുഷ്യന്റെ തുണയായിതന്നെ തിരഞ്ഞെടുപ്പിക്കണം.എന്നിട്ട് മനുഷ്യനെ എങ്ങനെയെങ്കിലും ചതിച്ച് ഏദന്‍‌തോട്ടത്തിന്റെ പുറത്താക്കിതൊട്ടത്തിന്റെ അധികാരം തനിക്ക് നേടണം.എന്നിട്ട്...നടുവില്‍ നില്‍ക്കുന്ന ജീവവൃക്ഷത്തിന്റെ ഫലം തിന്ന്ദൈവത്തെപോലെ ശക്തിനേടണം...എന്നിട്ട്.... പാമ്പ് ഓരോ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി...

ദൈവം തന്റെ സൃഷ്ടികള്‍ക്ക് പേരിടുന്നതിനായി എല്ലാ സൃഷ്ടികളേയും ആദാമിന്റെ മുന്നില്‍ വരുത്തി.ഓരോസൃഷ്ടിയും ആദാമിന്റെ മുന്നില്‍ വരുമ്പോള്‍ അവയ്ക്ക് മനുഷ്യന്റെ തുണയായിരിക്കാന്‍ കഴിയുമോ എന്ന് ദൈവം നോക്കി.അങ്ങനെ പാമ്പും മനുഷ്യന്റെ മുന്നില്‍ എത്തി.പാമ്പ് വന്നപ്പോള്‍ മനുഷ്യന്‍ ഒരു ഭാവവെത്യാസവുംഇല്ലാതെ അതിന് പേരിട്ടു.തന്റെ സൃഷ്ടികളില്‍ ഏറ്റവും കൌശലമുള്ളത് പാമ്പിനാണന്ന് ദൈവത്തിന് അറിയാമായിരുന്നു. പാമ്പിനെ മനുഷ്യന് തുണയായി തിരഞ്ഞെടുത്താന്‍ പാമ്പ് മനുഷ്യനെ നശിപ്പിക്കുമെന്ന് ദൈവത്തിന്അറിയാമായിരുന്നു.തന്നെ മനുഷ്യന്റെ തുണയായി തിരഞ്ഞെടുക്കുമെന്ന് പാമ്പ് കരുതിയിരുന്നു.അങ്ങനെയുണ്ടാവാതിരുന്നപ്പോള്‍ പാമ്പിന് മനുഷ്യനോടും ദൈവത്തോടും പകയുണ്ടായി.എങ്ങനേയും മനുഷ്യനെ പാപത്തില്‍മുക്കുമെന്ന് പാമ്പ് ശപഥം(?) ചെയ്തു.

ദൈവം മനുഷ്യന് ഗാഢനിദ്രവരുത്തി സ്ത്രിയെ ഉണ്ടാക്കുന്നത് പാമ്പ് മറഞ്ഞുനിന്നു കണ്ടു.സ്ത്രിയുടെ സൌന്ദര്യംകണ്ടപ്പോള്‍ ഇനി ഒരിക്കലും തനിക്ക് മനുഷ്യന്റെ മനസ്സില്‍ കയറിപറ്റാല്‍ കഴിയില്ലന്ന് പാമ്പിന് മനസ്സിലായി.ഇനി എത്രയും പെട്ടന്ന് മനുഷ്യനേയും സ്ത്രിയേയും ഏദന്‍‌തോട്ടത്തില്‍ നിന്ന് പുറത്താക്കണം.സ്ത്രിയെപ്രലോഭിപ്പിച്ച് പാപം ചെയ്യിച്ചിട്ട് സ്ത്രി വഴി മനുഷ്യനേയും പാപത്തില്‍ തളയ്ക്കണം.അങ്ങനെ സ്ത്രിയേയും മനുഷ്യനേയും തോട്ടത്തില്‍ നിന്ന് പുറത്താക്കാം.സ്ത്രി‌യെ വശീകരിച്ച് പാപം ചെയ്യിക്കാന്‍ പാമ്പ് കാത്തിരുന്നു.

Thursday, August 14, 2008

2. ഹവ്വയെന്ന ആദ്യ സ്ത്രി

ആദാമിനെ ഏദന്‍‌തോട്ടത്തിന്റെ കാവല്‍ ഏല്‍പ്പിച്ചതിനു ശേഷം എല്ലാദിവസവും ദൈവം ആദാമിനെകാണാനായി വെയിലാറുമ്പോള്‍ ചെല്ലുമായിരുന്നു.ദൈവം നടന്നുവരുന്ന ശബ്ദ്ദം കേള്‍ക്കുമ്പോഴേ ആദാംദൈവത്തെ കാണാനായി ഏദന്‍‌തോട്ടത്തിന്റെ അതിരില്‍ ചെല്ലുമായിരുന്നു.ഇപ്പോള്‍ ആദാമിന് പഴയപോലുള്ളഉത്സാഹവും സന്തോഷവും ഒന്നുമില്ലന്ന് ദൈവത്തിനു തോന്നി.ആദാമിനോട് ചോദിച്ചിട്ട് അവനൊന്നുംപറഞ്ഞുമില്ല. മൃഗങ്ങളെല്ലാം കൂടി ഒരുമിച്ച് നടക്കുന്നതു കാണുമ്പോഴാണ് ആദാമിന് ദുഃഖം എന്ന് ദൈവംമനസ്സിലാക്കി.ആദാം തനിയെ ഇരിക്കുന്നതാണ് അവന്റെ ദുഃഖം.അവന് മിണ്ടാനോ പറയാനോ ആരുംഏദന്‍‌തോട്ടത്തില്‍ ഇല്ല.മനുഷ്യന്‍(ആദാം)ഏകനായിരിക്കുന്നത് നല്ലതല്ല എന്ന് ദൈവത്തിന് തോന്നി.അവന്പറ്റിയ ഒരു തുണയെ നല്‍കണമെന്ന് ദൈവം മനസ്സില്‍ കരുതി.

ദൈവം അതുവരെ തന്റെ സൃഷ്ടികള്‍ക്ക് ഒരു പേരും ഇട്ടിട്ടില്ലായിരുന്നു.മൃഗജാലകങ്ങള്‍ക്ക് പേരിടാനായിആദാമിന്റെ മുന്നില്‍ ദൈവം എല്ലാ മൃഗങ്ങളേയും പറവകളേയും വരുത്തി.മനുഷ്യന്‍ തന്റെ സൃഷ്ടികള്‍ക്ക്എന്ത് പേരാണ് ഇടുന്നതന്ന് കാണാനായി ദൈവവും ആദാമിന്റെ അടുക്കല്‍ വന്നു.ഓരോ മൃഗവും,പറവയും പേരിടുന്നതിനായി ആദാമിന്റെ മുന്നില്‍ വന്നു നിന്നു.ആദാം അവയ്ക്ക് പേരിട്ടു.ഓരോ മൃഗവും വരുമ്പോള്‍ ആദാമിന് എന്തെങ്കിലും ഭാവവെത്യാസമുണ്ടോ എന്ന് ദൈവം നോക്കി.ഇല്ല ആദാമിന് ഒരു ഭാവവെത്യാസവും ഇല്ല.താന്‍ ഇതുവരെ സൃഷ്ടിച്ച സൃഷ്ടികളില്‍ നിന്ന് ആദാമിന് പറ്റിയ തുണയെ കണ്ടെത്താന്‍ ദൈവത്തിന് കഴിഞ്ഞില്ല.

അണ്ണാറക്കണ്ണന്മാരും,കുരങ്ങന്മാരും,സിംഹങ്ങളും, പറവകളും ഒക്കെ തങ്ങളുടെ ഇണകളോടൊത്ത് ആഹ്ലാദിക്കുന്നത് കണ്ടപ്പോള്‍ താനിക്ക് മാത്രം ഒരു കൂട്ടില്ലല്ലോ എന്ന് വിചാരിച്ച് ആദാമിന് സങ്കടം തോന്നി.ആദാമിന്റെകണ്ണുകള്‍ നിറയുന്നത് ദൈവം കണ്ടു.ആദാമിന് എത്രയും പെട്ടന്ന് ഒരു തുണയെ നല്‍കണം.മണ്ണ് കുഴച്ച് ഒരു രൂപം കൂടിയുണ്ടാക്കി ജീവശ്വാസം ഊതി അവനൊരു തുണയെ ഉണ്ടാക്കിയാലോ ?അതുവേണ്ട,അവന്റെസുഖത്തിലും ദുഃഖത്തിലും എന്നും അവനോട് കൂടി ഉണ്ടാകേണ്ടത് അവന്റെ തുണയാണ്.മറ്റൊരു സൃഷ്ടിയായിതുണയെ ഉണ്ടാക്കിയാല്‍ അവനെന്നും തുണയെ മറ്റൊരു സൃഷ്ടിയായി മാത്രമേ കാണുകയുള്ളു.തുണയുംഅവനെ അങ്ങനെതന്നെയേ കാണുകയുള്ളു.അതുകൊണ്ട് അവനില്‍ നിന്നു തന്നെവേണം അവനൊരു തുണയെഉണ്ടാക്കാന്‍.അങ്ങനെലഭിക്കുന്ന തുണയെ തന്റെ ശരീരമായിതന്നെകാണാന്‍ അവന് കഴിയും.തുണയ്ക്കുംഅവനെ തന്റെ ഭാഗമായിതന്നെ കാണാന്‍ കഴിയും.അതുകൊണ്ട് അവനില്‍ നിന്ന് തന്നെ അവനുപറ്റിയ തുണയെസൃഷ്ടിക്കാന്‍ ദൈവം ഉറച്ചു.

പോക്കുവെയിലിന്റെ കാഠിന്യത്തിനു ശക്തികുറഞ്ഞു കുറഞ്ഞുവന്നു.ആകാശത്ത് ചെഞ്ചായം വാരിവിതറി അസ്തമനസൂര്യന്‍ മറയാന്‍ തുടങ്ങി.ദൈവം മനുഷ്യന്റെ അടുത്തേക്ക് ചെന്നു.ദൈവം മനുഷ്യന് ഒരു ഗാഢനിദ്ര വരുത്തി.മനുഷ്യന്‍ ഉറക്കത്തിലേക്ക് വഴുതിവീണപ്പോള്‍ ദൈവം അവന്റെ വാരിയെല്ലില്‍ ഒരെണ്ണം എടുത്തു.വാരിയെല്ലിനുപകരം മാംസം പിടിപ്പിച്ചു.വാരിയെല്ലിനെ ദൈവം മനുഷ്യന് പറ്റിയ ഒരുതുണയായി,ഒരു സ്ത്രിയാക്കി മാറ്റി.മനുഷ്യന്റെവാരിയെല്ലില്‍ നിന്ന് താന്‍ സൃഷ്ടിച്ച സ്ത്രിയെ ദൈവം നോക്കി.ഇവള്‍ അവനെപ്പോഴും ഒരു തുണയായിരിക്കും എന്ന്ദൈവത്തിനു തോന്നി.

ദൈവം സ്ത്രിയെ ആദാമിന്റെ മുന്നില്‍ കൊണ്ടുവന്നു.ദൈവം അവനെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തി.തന്റെ മുന്നില്‍നില്‍ക്കുന്നവളെ അവന്‍ നോക്കി.ദൈവത്തിന്റെ സൃഷ്ടികളില്‍ താന്‍ ഇതുവരേയും കണ്ടിട്ടുള്ളതില്‍ ഏറ്റവും മനോഹരമായസൃഷ്ടി ഇതാ തന്റെ മുന്നില്‍ നില്‍ക്കുന്നു.അവളുടെ തലമുടി,കണ്ണുകള്‍,ചുണ്ടുകള്‍ ഒക്കെ എത്രമനോഹരമാണ്. മനുഷ്യന്‍നന്ദിയോടെ ദൈവത്തെ നോക്കി.ദൈവം അവളെ തന്റെ വാരിയെല്ലില്‍ നിന്ന് സൃഷ്ടിച്ചതാണന്ന് അറിഞ്ഞപ്പോള്‍ മനുഷ്യന്റെ സന്തോഷം ഇരട്ടിയായി.“ഇതു ഇപ്പോള്‍ എന്റെ അസ്ഥിയില്‍ നിന്നു അസ്ഥിയും എന്റെ മാംസത്തില്‍ നിന്നുമാംസവും ആകുന്നു.ഇവളെ നരനില്‍നിന്നു എടുത്തിരിക്കയാല്‍ ഇവള്‍ക്കു നാരി എന്നു പേരാകും “എന്നു പറഞ്ഞു.“അതുകൊണ്ടു പുരുഷന്‍ അപ്പനേയും അമ്മയേയും വിട്ടുപിരിഞ്ഞു ഭാര്‍‌യ്യയോടു പറ്റിച്ചേരും;അവര്‍ ഏക ദേഹമായി തീരും.”

സ്ത്രിയെ പുരുഷന്‍ തുണയായി ദൈവം നല്‍കി.ദൈവം അവളുടെ കൈകള്‍ അവനെ ഏല്‍പ്പിച്ചു.“ഇനി എപ്പോഴും നിങ്ങള്‍ഒരുമിച്ചായിരിക്കും.നിങ്ങള്‍ പരസ്പരം തുണയായിരിക്കണം.“ദൈവം അവരോട് കല്പിച്ചു.അവര്‍ അത് തലകുലുക്കി സമ്മതിച്ചു.“ഞാനിവളെ നിനക്ക് ഭാര്‍‌യ്യയായി നല്‍കുന്നു”പുരുഷനോട് പറഞ്ഞു.
” ഞാനിവനെ നിനക്ക് ഭര്‍ത്താവായിതരുന്നു”സ്ത്രിയോട് പറഞ്ഞു.ദൈവം ഒരിക്കല്‍കൂടി അവര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കിയിട്ട് ഏദന്‍‌തോട്ടത്തില്‍ നിന്ന്പുറത്തുപോയി.സമയം സന്ധ്യകഴിഞ്ഞിരിക്കുന്നു.ഏദന്‍‌തോട്ടത്തില്‍ നിലാവ് പരുന്നു.നിലാവെട്ടത്തില്‍ ദൈവം തനിക്കായിനല്‍കിയ തന്റെ തുണ,സ്ത്രി അതിസുന്ദരിയായിരിക്കുന്നു.അവളുടെ കാര്‍കൂന്തലിലൂടെ നിലാവ് ഒഴുകി പരക്കുന്നു.മനുഷ്യന്‍സ്ത്രിയെ തന്നോട് ചേര്‍ത്ത് ചേര്‍ത്തുനിര്‍ത്തി.“മനുഷ്യനും ഭാര്‍യ്യയും ഇരുവരും നഗ്നരായിരുന്നു.അവര്‍ക്കുനാണം തോന്നിയില്ലതാനും.“

1. ആദ്യത്തെ മനുഷ്യന്‍

ആറാം ദിവസം ദൈവം മനുഷ്യനെ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ താന്‍ സൃഷ്ടിച്ചഎല്ലാം നല്ലത് എന്ന് കണ്ട സൃഷ്ടികളെ ഒന്നുകൂടി ദൈവം നോക്കി. ആകാശം, ഭൂമി,വെളിച്ചം,സമുദ്രം,വൃക്ഷങ്ങള്‍,നക്ഷത്രങ്ങള്‍,പറവകള്‍,ജന്തുക്കള്‍ അങ്ങനെ താന്‍ സൃഷ്ടിച്ച എല്ലാത്തിനേയും ദൈവം ഒരിക്കല്‍കൂടി നോക്കി.താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൃഷ്ടിച്ച എല്ലാത്തിനും മേല്‍ വാഴുന്നവന്‍ ആയിരിക്കണം മനുഷ്യന്‍. അതുകൊണ്ട്അവനെ ഉണ്ടാക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം.എങ്ങനെയാണ് മനുഷ്യനെ സൃഷ്ടിക്കേണ്ടത് എന്ന് ദൈവംആലോചിച്ചു.
കഴിഞ്ഞദിവസങ്ങളിലെ എല്ലാ സൃഷ്ടികളും ഉണ്ടാകട്ടെ എന്ന് കല്പിച്ച് ഉണ്ടാക്കുകയാ യിരുന്നു. പക്ഷേ മനുഷ്യനെഅങ്ങനെയുണ്ടാക്കി കൂടാ. താന്‍ സൃഷ്ടിച്ചതിനെല്ലാം അധിപതിയായി വാഴേണ്ടവനാണ്.അതുകൊണ്ട് മനുഷ്യനെകണ്ടാല്‍ തന്നെപ്പോലെ ഇരിക്കണം. മറ്റ് സൃഷ്ടികള്‍ക്ക് മനുഷ്യനെ കണ്ടാല്‍ ബഹുമാനവും സ്നേഹവും ഭയവുംഒക്കെ ഉണ്ടാകണം.അവര്‍ക്ക് മനുഷ്യനെകണ്ടാല്‍ തങ്ങളെ സൃഷ്ടിച്ചവന്‍ ആണ് ഇവന്‍ എന്ന് തോന്നണം.അതിന് ഒറ്റവഴിയേ ഉള്ളു. തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിക്കുക. അങ്ങനെ ദൈവം ചിന്തിച്ച് ഉറപ്പിച്ചു.

എന്തുകൊണ്ടാണ് മനുഷ്യനെ ഉണ്ടാക്കേണ്ടത് ?തടിയില്‍ വേണമെങ്കില്‍ കൊത്തിയുണ്ടാക്കാം. തടികൊണ്ട്ഉണ്ടാക്കികഴിഞ്ഞാല്‍ അവനെ പാകപ്പെടുത്താന്‍ പാടാണ്.അതുമാത്രമല്ല തന്റെ കൈകള്‍ കൊണ്ട് വേണംഅവനെ ഉണ്ടാക്കാന്‍.തന്റെ കൈകളുടെ പാടുകള്‍ അവന്റെ ശരീരത്തില്‍ എല്ലായിടവും ഉണ്ടാകണം.അതിന്പറ്റിയത് മണ്ണാണ്.ദൈവം ഭൂമിയില്‍ നിന്ന് പൊടിയെടുത്തു.പൊടികുഴയ്ക്കാന്‍ തുടങ്ങി.ദൈവത്തിന്റെ മുഖത്ത്നിന്ന് വിയര്‍പ്പുതുള്ളികള്‍ പൊടിയിലേക്ക് വീണു.മണ്ണ് കുഴച്ചു പതം വരുത്തി.എന്നിട്ട് തന്നെപോലെ ഒരുരൂപത്തെ ദൈവം ഉണ്ടാക്കി.താന്‍ ഉണ്ടാക്കിയ രൂപത്തിന്റെ തല,നെറ്റി,കണ്ണ്,ചെവി,കൈകാലുകള്‍ എല്ലാംതന്റെപോലെതന്നെയാണന്ന് ദൈവം ഉറപ്പാക്കി.എങ്ങനെയാണ് താന്‍ ഉണ്ടാക്കിയ ഈ രൂപത്തിന്ജീവന്‍ നല്‍‌കേണ്ടത് ?
ദൈവം കുനിഞ്ഞു താന്‍ ഉണ്ടാക്കിയ രൂപത്തിന്റെ മൂക്കിലേക്ക് ജീവശ്വാസം ഊതി. ദൈവത്തില്‍ നിന്ന് പുറപ്പെട്ട്ജീവശ്വാസം മനുഷ്യന്റെ മൂക്കിലൂടെ കയറി മണ്‍‌ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും എത്തി.ജീവശ്വാസം എത്തിയടെത്തെല്ലാം ചലനങ്ങള്‍ ഉണ്ടായി. ജീവശ്വാസം ശരീരത്തില്‍ എല്ലായിടവും വ്യാപിച്ചുകഴിഞ്ഞപ്പോള്‍ മനുഷ്യന്‍പതിയെ കണ്ണുകള്‍ തുറന്നു.അങ്ങനെ മനുഷ്യന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു.മനുഷ്യന്‍ കണ്ണ് തുറന്നപ്പോള്‍മുന്നില്‍ ദൈവം!ദൈവം മനുഷ്യനെ കൈപിടിച്ച് ഉയര്‍ത്തി.മനുഷ്യന് ജീവന്‍ നല്‍കിയതിനുശേഷമാണ് അവന്പറ്റിയ താ‍മസസ്ഥലം താന്‍ ഉണ്ടാക്കിയിട്ടില്ലന്ന് ദൈവം ചിന്തിച്ചത്.
ദൈവം കിഴക്ക് ഒരു തോട്ടം ഉണ്ടാക്കി.അതിനെ ഏദന്‍‌തോട്ടം എന്ന് പേരിട്ടു.തോ‍ട്ടം നനയ്ക്കാനായി നാലുനദികളും പുറപ്പെടുവിപ്പിച്ചു.തോട്ടത്തിന്റെ നടുവില്‍ ജീവവൃക്ഷവും നന്മതിന്മകളുടെ വൃക്ഷവും മുളപ്പിച്ചു.ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടുപോയി ഏദന്‍‌തോട്ടം ഏല്പിച്ചു കൊടുത്തു.നടുവില്‍ നില്‍ക്കുന്ന വൃക്ഷത്തിന്റെ ഫലം മാത്രം നീ തിന്നരുത് ,അത് തിന്നാല്‍ നീ മരിക്കും എന്ന് പറഞ്ഞിട്ട് ദൈവം ഏദന്‍‌തോട്ടത്തില്‍ നിന്ന്പുറത്തേക്ക് ഇറങ്ങി.മനുഷ്യന്‍ ദൈവം തനിക്ക് തന്ന് തോ‍ട്ടത്തില്‍ താമസം ആരംഭിച്ചു.