Saturday, September 11, 2010

17. സോവരിലെ ഉപ്പുതൂണ്‍

മമ്രേയുടെ തോപ്പില്‍ വച്ചു അബ്രഹാമിനു യഹോവ പ്രത്യക്ഷപ്പെട്ടു. മൂന്നു പുരുഷന്മാര്‍ അബ്രഹാമിന്റെ അടുക്കലേക്ക് വന്നു. അബ്രഹാം അവരെ സ്വീകരിച്ച് അവര്‍ക്കാവിശ്യമായ അതിഥി സത്ക്കാരങ്ങള്‍ നല്‍കി അവര്‍ അബ്രഹ്മാനോട് ഭാര്യയായ സാറാ എവിടെയെന്ന് ചോദിച്ചു. സാറാ കൂടാരത്തിലുണ്ടന്ന് അബ്രഹാം മറുപിടി കൊടുത്തു. അബ്രഹാമിന് സാറായി ഒരു മകന്‍ ജനിക്കുമെന്ന് ആ പുരുഷന്മാര്‍ പറഞ്ഞു. കൂടാര വാതിക്കല്‍ നിന്ന് സാറാ ഇത് കേട്ടിട്ട് ഉള്ളില്‍ ചിരിച്ചു. കാരണം അബ്രഹാമും സാറായും വൃദ്ധരായിരുന്നു. ഈ സന്തോഷവര്‍ത്തമാനം പറഞ്ഞിട്ട് ആ പുരുഷന്മാര്‍ സൊദോംമിലേക്ക് പോകാനായി ഇറങ്ങി. അപ്പോഴാണ് യഹോവ സൊദോമിന്റെയും ഗൊമോരയുടെ വഷ്‌ളതയെക്കുറിച്ച് പറഞ്ഞത്. സൊദോമിന്റെയും ഗൊമോരയുടെയും നിലവിളി വലുതാണന്നും അവരുടെ പാപം അതികഠിനമാണന്നും യഹോവ പറഞ്ഞു.



അബ്രഹാം യഹോവയുടെ സന്നിധിയില്‍ തന്നെ നില്‍ക്കുകയും രണ്ടു പുരുഷന്മാര്‍ സൊദോമിലേക്കു പോവുകയും ചെയ്തു. അബ്രഹാം യഹോവയുടെ അടുത്ത് ചെന്നിട്ടൂ ചോദിച്ചു.

“ദുഷ്ടന്മാരോടു കൂടെ നീതിമാന്മാരെ അങ്ങ് സംഹരിക്കുമോ? അവിടെ ഒരു അമ്പതു നീതിമാന്മാര്‍ ഉണ്ടങ്കില്‍ ആ നഗരത്തെ നശിപ്പിക്കുമോ?“.അബ്രഹാമിന്റെ സഹോദര പുത്രനായ ലോത്ത് താമസിക്കുന്നത് സൊദോമിലാണ്. യഹോവ സൊദോം പട്ടണം നശിപ്പിച്ചാല്‍ ലോത്തിനും കുടുംബത്തിനും മരണം സംഭവിക്കും എന്നുള്ള ഭയം കൊണ്ടാണ് അബ്രഹാം ദൈവത്തോട് ഇങ്ങനെ ചോദിച്ചത്.


“സൊദോം പട്ടണത്തില്‍ അമ്പതു നീതിമാന്മാരെ കാണുകയാണങ്കില്‍ ഞാന്‍ ആ പട്ടണം നശിപ്പിക്കുകയില്ല” യഹോവ അബ്രബാമിനോട് പറഞ്ഞു.

പെട്ടന്ന് അബ്രഹാമിന് ഒരു സംശയം തോന്നി. ആ പട്ടണത്തില്‍ ഇനി അമ്പത് നീതിമാന്മാര്‍ ഇല്ലങ്കിലോ? അമ്പതു നീതിമാന്മാര്‍ ഉണ്ടങ്കില്‍ പട്ടണം നശിപ്പിക്കുകയില്ലന്ന് യഹോവ വാക്കു തന്നിട്ടുണ്ട്. അബ്രഹാം വീണ്ടും യഹോവയോട് ചോദിച്ചു.


“ഇനി അമ്പത് നീതിമാന്മാര്‍ അവിടെയില്ലങ്കിലോ? ഒരു അഞ്ചു പേര്‍ കുറഞ്ഞതുകൊണ്ട് അങ്ങ് ആ പട്ടണം നശിപ്പിക്കുമോ?”“ഇല്ല” യഹോവയുടെ മറുപിടി കേട്ട് അബ്രഹാം ആദ്യം സന്തോഷിച്ചെങ്കിലും വിണ്ടും മനസില്‍ ഒരു ശങ്ക. അവിടെ നാല്‍പ്പത്തഞ്ച് നീതിമാന്മാരെ കാണാന്‍ പറ്റിയില്ലങ്കിലോ? വീണ്ടും അബ്രഹാം യഹോവയോട് മുപ്പത് നീതിമാന്മാര്‍ ഉണ്ടങ്കില്‍ ആ പട്ടണം നശിപ്പിക്കരുത് എന്ന് അപേക്ഷിച്ചു. അതും യഹോവ സമ്മതിച്ചു. വീണ്ടും അബ്രഹാം ചഞ്ചലപ്പെട്ടു. അങ്ങനെ പറഞ്ഞ് പറഞ്ഞ് പത്തു നീതിമാന്മാര്‍ സൊദോം പട്ടണത്തിലുണ്ടങ്കില്‍ ആ പട്ടണത്തെ നശിപ്പിക്കരുതന്ന് അബ്രഹാം യഹോവയോട് പറഞ്ഞു. പത്തുപേരുടെ നിമിത്തം ആ പട്ടണത്തെ നശിപ്പിക്കുകയില്ലന്ന് യഹോവ അബ്രഹാമിനോട് പറഞ്ഞു. അബ്രഹാം തന്റെ കൂടാരത്തിലേക്ക് മടങ്ങുകയും ചെയ്തു.

ദൈവത്തിന്റെ രണ്ടു ദൂത്നന്മാരും സൊദോം പട്ടണത്തില്‍ എത്തുമ്പോള്‍ ലോത്ത് പട്ടണവാതിക്കല്‍ ഇരുപ്പുണ്ടായിരുന്നു. അവരെ കണ്ടപ്പോള്‍ ലോത്ത് എഴുന്നേറ്റ് അവരെ നമസ്ക്കരിച്ചു. അവരെ തന്റെ വീട്ടില്‍ പാര്‍ക്കാനായി അയാള്‍ ക്ഷണിച്ചു. തങ്ങള്‍ വഴിയില്‍ തന്നെ രാത്രി കഴിച്ചു കൂട്ടിക്കോളാം എന്ന് അവര്‍ പറഞ്ഞെങ്കിലും ലോത്തിന്റെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിന് വഴങ്ങി അവര്‍ ലോത്തിന്റെ കൂടെ അയാളുടെ വീട്ടിലേക്ക് നടന്നു. അവര്‍ വഴിയില്‍ രാത്രി കഴിച്ചു കൂട്ടുന്നത് അപകടമാണന്ന് ലോത്തിനറിയാമായിരുന്നു.ലോത്തിന്റെ കൂടെ അപരിചിതരായ രണ്ട് ആളുകള്‍ പോകുന്നത് പട്ടണവാസികളില്‍ പലരും കണ്ടു .ലോത്ത് അവര്‍ക്കായി പുളിപ്പില്ലാത്ത അപ്പം ചുട്ട് വിരുന്നൊരുക്കി. ലോത്ത് അവര്‍ക്ക് കിടക്കാനായി കിടക്ക വിരിച്ചു നല്‍കി. പെട്ടന്ന് ആ പട്ടണത്തിലെ പുരുഷന്മാര്‍ ലോത്തിന്റെ വീട് വളഞ്ഞു.

“നിന്റെ കൂടെ പട്ടണവാതില്‍ക്കല്‍ നിന്ന് ഇങ്ങോട്ടൂവന്ന ആ രണ്ടു പുരുഷന്മാര്‍ എവിടെ? നീ അവരെ ഇറക്കി വിട്? ഞങ്ങള്‍ക്ക് ഇന്ന് അവരുടെ കൂടെ രതിക്രീഡകള്‍ നടത്തണം?” അവര്‍ വിളിച്ചു പറഞ്ഞു.


ലോത്ത് വാതില്‍ തുറന്നു പുറത്തിറങ്ങി പുറത്ത് നിന്ന് പൂട്ടിയിട്ട് അവരുടെ അടുക്കലേക്ക് ചെന്നു.“നിങ്ങള്‍ അവരോട് ദോഷം ചെയ്യരുത്. ഞാനെന്റെ രണ്ട് പുത്രിമാരേയുംനിങ്ങളുടെ അടുക്കല്‍ കൊണ്ടു വരാം.നിങ്ങള്‍ അവരെ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളൂ. എന്റെ അതിഥികളായി എത്തിയവരെ ഉപദ്രവിക്കരുത് .” എന്ന് പറഞ്ഞു. ലോത്ത് ഇങ്ങനെ പറഞ്ഞത് കേട്ടപ്പൊള്‍ അവര്‍ക്ക് കൂടുതല്‍ ദേഷ്യമായി. ലോത്ത് സൊദോം പട്ടണത്തിലേക്ക് പരദേശിയായി വന്ന് പാര്‍ക്കുന്ന ആളാണ്. ഈ പട്ടണത്തില്‍ ജനിച്ചു വളര്‍ന്ന തങ്ങളുടെ വാക്കുകള്‍ വരുത്തനായ ഒരുത്തന്‍ ധിക്കരിക്കുന്നത് അവര്‍ക്ക് സഹിച്ചില്ല. അവര്‍ ലോത്തിന്റെ വീടിന്റെ വാതില്‍ പൊളിക്കാനായി അടുത്തു. പെട്ടന്ന് ലോത്തിന്റെ അതിഥികളായ പുരുഷന്മാര്‍ ലോത്ത് പുറത്ത് നിന്ന് പൂട്ടിയ വാതില്‍ തുറന്ന് കൈകള്‍ നീട്ടി ലോത്തിനെ വീടിനുള്ളിലേക്ക് കയറ്റി വാതില്‍ അടച്ചു.വാതില്‍ അടച്ച ഉടനെ വാതിക്കല്‍ ഉണ്ടായിരുന്ന പുരുഷന്മാര്‍ക്കെല്ലാം കാഴ്ച ശക്തി നഷ്ടപ്പെട്ടു. അവര്‍ വാതില്‍ തപ്പി നടന്നു.

തങ്ങള്‍ സൊദോം പട്ടണത്തിലേക്ക് വന്നത് യഹോവയുടെ നിര്‍ദ്ദേശ പ്രകാരം ആ പട്ടണം നശിപ്പിക്കാനാണന്ന് അവര്‍ ലോത്തിനൊട് പറഞ്ഞു. ലോത്തിന് പട്ടണത്തിലുള്ള സമ്പത്തും ആളുകളേയും കൊണ്ട് എത്രയും പെട്ടന്ന് സൊദോം പട്ടണം വിട്ടു പൊയ്‌ക്കൊള്ളാന്‍ അവര്‍ ആവിശ്യപ്പെട്ടു. ലോത്ത് രാത്രിയില്‍ തന്നെ വേഗം പോയി തന്റെ പുത്രിമാര്‍ക്ക് വിവാഹം ഉറപ്പിച്ചു വച്ചിരിക്കുന്ന രണ്ട് യുവാക്കളുടേയും അടുത്ത് ചെന്നു. യഹോവ സൊദോം പട്ടണം നശിപ്പിക്കുന്നതിനു മുമ്പ് രക്ഷപെടണമെന്ന് അവരോട് പറഞ്ഞു. ലോത്ത് പറയുന്നത് കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല. ലോത്ത് തിരിച്ച് വീട്ടില്‍ എത്തിയപ്പോഴേക്കും നേരം വെളുക്കാറായിരുന്നു. പെട്ടന്ന് തന്നെ ഭാര്യയേയും മക്കളേയും കൂട്ടി പട്ടണവാതില്‍ കടക്കാന്‍ അവര്‍ നിര്‍ബ്ബന്ധിച്ചു. സൂര്യന്റെ പ്രകാശം ഭൂമിയില്‍ പതിക്കാന്‍ അല്പസമയം കൂടിയേ ഇനി ബാക്കിയുള്ളൂ. അതിനു മുമ്പ് പട്ടണവാതില്‍ കടക്കണം. ദൈവ പുരുഷന്മാര്‍ അവരെ കൈക്ക് പിടിച്ച് പട്ടണത്തിന്റെ പുറത്ത് കൊണ്ടുപോയി.


“പുറകോട്ട് നോക്കാതെയും എങ്ങും നില്‍ക്കാതയും പര്‍വ്വതത്തിലേക്ക് ഓടിപ്പോവുക” ആ ദൈവ പുരുഷന്മാര്‍ അവരോട് പറഞ്ഞു. ലോത്ത് പര്‍വ്വതത്തിലേക്ക് നോക്കി. അത് വളരെ ദൂരെയാണ്. സൂര്യന്‍ ഉദിക്കുന്നതിനു മുമ്പ് ഭാര്യയെയും കുട്ടികളേയും കൊണ്ട് അവിടെ വരെ എത്താന്‍ കഴിയില്ല. ഒന്നുകില്‍ തങ്ങള്‍ അവിടെ എത്തുന്നതിനു മുമ്പ് സൂര്യന്‍ ഉദിക്കും. അല്ലങ്കില്‍ അതങ്ങള്‍ തളര്‍ന്നു വീഴും. ആ പര്‍വ്വതത്തില്‍ എത്തുന്നതിനേക്കാള്‍ എളുപ്പത്തില്‍ അടുത്ത് കാണുന്ന പട്ടണത്തിലേക്ക് ഓടിയെത്താം.

“ഞങ്ങള്‍ക്ക് ആ പര്‍വ്വതത്തില്‍ ഓടിയെത്താന്‍ കഴിയുകയില്ല. ഈ അടുത്ത സോവര്‍ പട്ടണത്തിലേക്ക് ഞങ്ങള്‍ക്ക് ഓടിപ്പോകാന്‍ പറ്റും. അവിടേക്കുള്ള ദൂരം കുറവാണ്. ഞങ്ങള്‍ക്ക് ജീവരക്ഷ ഉണ്ടാകാന്‍ ഞങ്ങള്‍ അവിടേക്ക് ഓടിപ്പോകട്ടേ?” ലോത്ത് ആ ദൈവ പുരുഷന്മാരോട് അടുത്ത പട്ടണത്തിലേക്ക് പോകാന്‍ സമ്മതം ചോദിച്ചു.

“ശരി നിങ്ങള്‍ സോവര്‍ പട്ടണത്തിലേക്ക് പൊയ്ക്കൊള്ളുക. നിങ്ങള്‍ ആ പട്ടണത്തില്‍ എത്തുവോളം ഞങ്ങള്‍ ഈ പട്ടണത്തെ നശിപ്പിക്കുകയില്ല” എന്ന് അവര്‍ പറഞ്ഞു. ലോത്തും കുടുംബവും തങ്ങളുടെ യാത്ര സോവര്‍ പട്ടണത്തിലേക്കായി.

“പോകുമ്പോള്‍ നിങ്ങള്‍ തിരിഞ്ഞു നോക്കരുത് “ ഒരിക്കല്‍ കൂടി ആ ദൈവ ദൂതന്മാര്‍ ലോത്തിനോടും കുടുംബത്തേയും ഓര്‍മ്മിപ്പിച്ചു.

ലോത്ത് സോവരില്‍ കടന്നപ്പോഴേക്കും സൂര്യന്‍ ഉദിച്ചിരുന്നു. യഹോവ ആകാശത്ത് നിന്ന് ഗന്ധവും തീയും സൊദോംമിന്റേയും ഗൊമോരയുടേയും മേല്‍ അയച്ചു. ആ പട്ടണങ്ങളിലെ പുല്‍ നാമ്പ് പോലും കത്തി. എങ്ങും നിലവിളിയും പച്ചമാസം കരിയുന്ന മണവും മാത്രം. തങ്ങള്‍ താമസിച്ച സ്ഥലം കത്തിയെരുയുന്നതായി ലോത്തിന്റെ ഭാര്യയ്ക്ക് മനസിലായി. സൊദോംമില്‍ നടന്നത് കാണാനായി അവള്‍ തിരിഞ്ഞു നോക്കി. അവള്‍ ഉപ്പുതൂണായി തീര്‍ന്നു.


(ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന് )

Monday, June 28, 2010

രൂത്ത് - ഏഴുപുത്രന്മാരെക്കാള്‍ ഉത്തമയായ മരുമകള്‍ :: ലേഖനം

ബൈബിളില്‍ നാല് അദ്ധ്യായങ്ങളിലായി അവസാനിക്കുന്ന ഒരു പുസ്തകമാണ് രൂത്ത്. ഒരു അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ഊഷ്‌മളവും അനുകരണീയവുമായ സ്നേഹപൂര്‍ണ്ണമായ ഹൃദയബന്ധമാണ് ഈ പുസ്തകത്തില്‍ പറയുന്നത്. ഒരു പക്ഷേ വേദപുസ്തകത്തില്‍ സ്ത്രിപക്ഷത്തുനിന്നുള്ള ഏറ്റവും മികച്ചതും ഹൃദ്യവുമായ ഒരു ജീവകഥ. പ്രധാനമായും മൂന്നു ആളുകളെ കേന്ദ്രീകരിച്ച ഈ പുസ്തകത്തിലെ മൂന്ന് കഥാപാത്രങ്ങള്‍ക്കും മികച്ച വ്യക്തിത്വം ആണ് ഉള്ളത്. അമ്മായിയമ്മയായ നൊവൊമിയും മരുമകളായ രൂത്തും നൊവൊമിയുടെ ഭര്‍ത്താവായ എലീമേകിന്റെ കുടുംബത്തിലെ ചാര്‍ച്ചക്കാരനായ ബോവസ് എന്നീ മൂന്ന് കേന്ദ്രകഥാപാത്രങ്ങള്‍ മനുഷ്യജീവിതത്തിലെ നന്മയുടെ അംശം എന്താണന്ന് നമ്മെ കാട്ടിത്തരുന്നവരാണ്. അവരുടെ ജീവിതത്തിലൂടെ....

യെഹൂദയിലെ ബേത്ത്ലേഹിമിലെ ക്ഷാമകാലത്ത് നൊവൊമി തന്റെ ഭര്‍ത്താവായ എലീമേലെക് മക്കളായ മഹ്ലോന്‍ , കില്യോന്‍ എന്നിവരോടൊപ്പം മോവാബ് ദേശത്ത് എത്തുകയായിരുന്നു. എലീമേലെക് മരിച്ചതിനുശേഷം നൊവൊമിയുടെ മക്കളായ മഹ്ലോന്‍ രൂത്തിനേയും , കില്യോന്‍ ഒര്‍പ്പ എന്നീ മൊവാബ്യ സ്ത്രികളെ വിവാഹം കഴിച്ചു. പത്തുവര്‍ഷത്തിനുശേഷം നൊവൊമിയുടെ രണ്ടാണ്മക്കളും മരിച്ചു. ബേത്ത്ലേഹിമിലെ ക്ഷാമം തീര്‍ന്നതായി കേട്ട നൊവമി തന്റെ രണ്ടു മരുമക്കളോടൊപ്പം തിരിച്ച് ബേത്ത്ലേഹിമിലേക്ക് പോകാന്‍ തീരുമാനിച്ചു. എന്നാല്‍
യാത്രതുടങ്ങുന്നതിനു മുമ്പ് നൊവൊമി തന്റെ രണ്ടു മരുമക്കളേയും വിളിച്ച് താന്താങ്ങളുടെ ഭവനത്തിലേക്ക് പോകാന്‍ ആവിശ്യപ്പെടൂന്നു. ആദ്യം വിസമ്മതിച്ചെങ്കിലും ഒര്‍പ്പാ തന്റെ സ്വന്തം ഭവനത്തിലേക്ക് തിരിച്ചു പോകുന്നു. രൂത്ത് തന്റെ അമ്മായിയമ്മയായ നൊവൊമിയോടൊപ്പം യെഹൂദയിലേക്ക് പോവുകയും അവിടെവച്ച് രൂത്തിനെ ബോവസ് വിവാഹം കഴിക്കുകയും അവര്‍ക്ക് ഓബേദ് എന്ന മകന്‍ ജനിക്കുകയും ചെയ്യുന്നു.

:: നൊവൊമി ::
ക്ഷാമത്തില്‍ നിന്ന് രക്ഷപെടാന്‍ മൊവാബ്യ ദേശത്തേക്ക് ഭര്‍ത്താവിനോടും മക്കളോടും കൂടെ വരികയും അവരില്ലാതെ രൂത്ത് എന്ന മരുമകളുമായി തിരിച്ച് യെഹൂദദേശത്തേക്ക് പോകേണ്ടിവന്ന ഏറ്റവും നിര്‍ഭാഗ്യവതിയായ സ്ത്രി ആയിരുന്നു നൊവൊമി. നിറഞ്ഞവളായി ഞാന്‍ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കി വരുത്തിയിരിക്കുന്നു എന്നാണ് (1:21) നൊവൊമി തന്റെ അവസ്ഥയെക്കുറിച്ച് പറയുന്നത്, മാത്രവുമല്ല തന്റെ അവസ്ഥയില്‍ ആ സ്ത്രി എത്രമാത്രം ദുഃഖിക്കുന്നു എന്നത് മനസിലാക്കണമെങ്കില്‍ ബേത്ത്ലേഹിമിലേക്ക് തിരിച്ചെത്തുന്ന നൊവൊമിയുടെ ചിന്തകള്‍ക്കൂടി മനസിലാക്കണം. നൊവൊമിയും രൂത്തും മൊവാബ്യില്‍ നിന്ന് നടന്ന് ബേത്ത്ലേഹിമില്‍ എത്തുമ്പോള്‍ പട്ടണവാസികള്‍ അവരെ സംശയത്തോടെ ആണ് കാണുന്നത്.ക്ഷാമകാലത്ത് മൊവാബ്യലേക്ക് പോയ നൊവൊമിയില്‍ നിന്ന് എല്ലാം നഷ്ടപ്പെട്ട് തിരിച്ചെത്തിയ, മാനസികവും ശാരീരികവുമായി തളര്‍ന്ന നൊവൊമിയെ അവര്‍ക്ക് പെട്ടന്ന് മനസിലാക്കാന്‍ കഴിയാതെ വരുന്നു. ”ഇത് നൊവൊമിയോ?” എന്ന് സ്ത്രികള്‍ ആശ്ചര്യത്തോടെ ചോദിക്കുന്നു. അതിനു മറുപിടിയായി നൊവൊമി പറയുന്നത് ഇപ്രകാരമാണ്. നൊവൊമി എന്നല്ല മാറാ എന്നു വിളിപ്പിന്‍. സര്‍വ്വശക്തന്‍ എന്നോടു ഏറ്റവും കൈപ്പായതു പ്രവര്‍ത്തിച്ചിരിക്കുന്നു(1:20). ഇസ്രായേല്‍ ജനതയെ ഫറവോന്റെ അടിമത്വത്തില്‍ നിന്ന് മോശ രക്ഷിച്ചു കൊണ്ടുവരുമ്പോള്‍ ചെങ്കടലില്‍ നിന്ന് പ്രയാണം ആരംഭിച്ച് മൂന്നുദിവസത്തേക്ക് അവര്‍ക്ക് കുടിപ്പാനായി വെള്ളം ലഭിച്ചിരുന്നില്ല. മൂന്നു ദിവസത്തിനുശേഷം മാറായില്‍ എത്തിയപ്പോള്‍ അവിടെ വെള്ളം ഉണ്ടായിരുന്നെങ്കിലും വെള്ളത്തിന്റെ കൈപ്പുകാരണം അത് കുടിക്കാന്‍ പറ്റിയതല്ലായിരുന്നു.(പുറപ്പാട് 15:24). തന്റെ ജീവിതവും ദൈവം കൈപ്പ് നിറഞ്ഞതാക്കി എന്നാണ് നൊവൊമി തന്നെ മാറാ എന്നു വിളിപ്പിന്‍ എന്ന് പറയുന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. യഹോവ കാണിച്ചു കൊടുത്ത വൃക്ഷം മാറായിലെ വെള്ളത്തില്‍ മോശ ഇട്ടപ്പോള്‍ ആ വെള്ളം ശുദ്ധമായി മധുരമായിത്തീര്‍ന്നതുപോലെ നൊവൊമിയുടെ ജീവിതത്തില്‍ നിന്നും കൈപ്പ് മാറ്റി അവളുടെ ജീവിതവും യഹോവ ശ്രേഷ്ഠകരമാക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ ജീവിതത്തില്‍ പ്രയാസങ്ങളും കഷ്ടങ്ങളും അനുഭവിക്കുമ്പോള്‍ , ജീവിതത്തിന്റെ കയ്പുനീര്‍കുടിച്ച് തളരുമ്പോള്‍ മാറായിലെ വെള്ളം ശുദ്ധീകരിച്ചതുപോലെ യഹോവ നമ്മുടെ ജീവിതത്തില്‍ നിന്ന് കയ്പ്പ് മാറ്റി നമ്മുടെ ജീവിതവും മധുരമാക്കിത്തീര്‍ക്കും എന്നുള്ളതാണ് നൊവൊമിയുടെ ജീവിതത്തില്‍ നിന്ന് നമുക്ക് മനസിലാക്കാന്‍ കഴിയുന്നത്.

നൊവൊമി മൊവാബ്യ ദേശത്തുനിന്ന് തിരിച്ചു വരുമ്പോള്‍ മരുമക്കളായ ഒര്‍പ്പായേയും രൂത്തിനേയും തങ്ങളുടെ വീട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഒരു വിധവയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന നൊവൊമി തന്റെ അവസ്ഥയിലേക്ക് തന്റെ മരുമക്കളും വരുന്നത് ഇഷ്ടപ്പെടുന്നില്ല. അവര്‍ തന്നെ വിട്ടുമാറി തങ്ങളുടെ കുടുംബങ്ങളിലേക്ക് ചെന്ന് മറ്റൊരു കുടുംബജീവിതം നയിക്കാന്‍ ദൈവം അനുഗ്രഹം നല്‍കട്ടെ എന്നെ നൊവൊമി പറയുന്നുണ്ട്. അതിന് മരുമക്കള്‍ രണ്ടും ആദ്യം സമ്മതിക്കുന്നില്ല. ദേവരവിധിപ്രകാരം ഒര്‍പ്പായേയും രൂത്തിനേയും വിവാഹം കഴിപ്പിപ്പാന്‍ തനിക്ക് ഇനിയും ആണ്മക്കള്‍ ഇല്ലന്നും അവര്‍ ഭര്‍ത്താക്കന്മാരെ എടുക്കാതെ നില്‍ക്കുന്നത് ഒരു പക്ഷേ യഹോവയ്ക്ക് അനിഷ്ടമാകുമെന്നും നൊവൊമി പറയുന്നു. ഒര്‍പ്പാ നൊവൊമിയെ ചുംബിച്ച് തന്റെ ഭവനത്തിലേക്ക് പോകുന്നു. നൊവൊമിയും രൂത്തും അവശേഷിക്കുന്നു.

ഇനിയും ആണ് ശ്രേഷ്ഠമായ അമ്മായിയമ്മ-മരുമകള്‍ ബന്ധത്തിന്റെ പൊരുള്‍ മനസിലാക്കാന്‍ കഴിയുന്ന , പഴയനിയമപുസ്തകത്തിലെ ഏറ്റവും തീവ്രമായ രംഗം എന്ന് വിശേഷിപ്പിക്കാവുന്ന നൊവൊമി രൂത്ത് സംഭാഷണം. ഭര്‍ത്താവിന്റെ അമ്മയെ സ്വന്തം അമ്മയായും അവളുടെ ജനത്തെ സ്വന്ത ജനമായും അവളുടെ ദൈവത്തെ സ്വന്ത ദൈവമായും കണ്ട് മരണത്തിലല്ലാതെ ഒരിക്കലും അമ്മായിയമ്മയെ വിട്ടുപിരിയില്ല എന്ന് രൂത്ത് ഉറപ്പിച്ചു പറയുന്നു. രൂത്തും നൊവൊമിയും ബേത്ത്ലേഹിമിലേക്ക് ഒരുമിച്ച് കാല്‍നടയായി പുറപ്പെടുന്നു. യവക്കൊയ്ത്തിന്റെ ആരംഭത്തില്‍ അവര്‍ ബേത്ത്ലേഹിമില്‍ എത്തുകയും ചെയ്തു.

നൊവൊമി മരുമകളുടെ ഇഷ്ടത്തിന് എതിരു നില്‍ക്കാന്‍ ശ്രമിക്കുന്നില്ല. കൊയ്ത്തു വയലില്‍ പോയി കതിര്‍ പറക്കാന്‍ (കാലാ പറക്കാന്‍) അനുവാദം ചോദിക്കുന്ന രൂത്തിന് അതിനു അനുവാദം കൊടുക്കുകയാണ് നൊവൊമി ചെയ്യുന്നത്. തന്റെ മരുമകളായ രൂത്തിന് കതിര്‍ പറക്കാന്‍ അനുവാദം നല്‍കുകയും അവളോട് ആദരവുകാണിച്ച് ബോവസിനെ അനുഗ്രഹിക്കാനും നൊവൊമി മറക്കുന്നില്ല. നൊവൊമിയുടെ മനസ് എപ്പോഴും മരുമകളുടെ നല്ല ജീവിതത്തിനുവേണ്ടിയാണ് തുടിക്കുന്നത്. മരുമകളോട് പരോക്ഷമായും പ്രത്യക്ഷമായും നൊവൊമി അവള്‍ മറ്റൊരു വിവാഹം കഴിക്കണമെന്ന് ആവിശ്യപ്പെടുന്നുണ്ട്. “മകളേ നിനക്ക് നന്നായിരിക്കേണ്ടതിനു ഞാന്‍ നിനക്കുവേണ്ടി ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ?”(3:1) എന്ന് രൂ‍ത്തിനോട് നൊവൊമി പറയുന്നുണ്ട്. തന്റെ മരുമകള്‍ ഒരു കുടുംബജീവിതം നയിക്കണമെന്ന് വിധവയായ ആ അമ്മായിയമ്മ ആഗ്രഹിക്കുന്നത്. അവളെ മരുമകളെക്കാള്‍ മകളായിത്തന്നെയാണ് നൊവൊമി കാണുന്നതും. നൊവൊമി രൂത്ത് ഊഷ്‌മള ബന്ധം ബേത്ത്ലേഹേമിലെങ്ങും എത്തുകയും ചെയ്തിരുന്നു. ബോവസിന്റെ അടുക്കല്‍ വീണ്ടെടുപ്പുകാരന്റെ മുറ നിവര്‍ത്തിപ്പിനായി രൂത്തിനെ പറഞ്ഞയിക്കുന്നത് നൊവൊമിയാണ്. ബോവസ് രൂത്തിനെ വിവാഹം കഴിക്കുകയും അവര്‍ക്കുണ്ടായ കുഞ്ഞിന്റെ ധാത്രിയാകാനും നൊവൊമി മടികാണിക്കുന്നില്ല.

:: രൂത്ത് ::
അമ്മായിയമ്മ നല്‍കുന്ന സ്നേഹത്തിന് നൂറിരിട്ടിയായ സ്നേഹമാണ് രൂത്ത് തിരികെ കൊടുക്കുന്നത്. ഒര്‍പ്പാ ചെയ്തതുപോലെ സ്വഭവനത്തിലേക്ക് തിരിച്ചു പൊയ്ക്കൊള്ളാന്‍ രൂത്തിനോട് നൊവൊമി ആവിശ്യപ്പെടുമ്പോള്‍ അവളുടെ മറുപിടി ഇപ്രകാരമായിരുന്നു.”നിന്നെ വിട്ടു പിരിവാനും നിന്റെ കൂടെവരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തേക്കു ഞാനും പോരും , നീ പാര്‍ക്കുന്നേടത്തു ഞാനും പാര്‍ക്കും;നിന്റെ ജനം എന്റെ ജനം , നിന്റെ ദൈവം എന്റെ ദൈവം. നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാന്‍ നിന്നെ വിട്ടുപിരിഞ്ഞാല്‍ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ“ (1:16,17). വര്‍ഷങ്ങള്‍ക്കുശേഷം ബേത്ത്ലേഹിമിലേക്ക് തിരിച്ചു ചെല്ലുമ്പോള്‍ തങ്ങളുടെ വസ്തുവകകള്‍ അവിടെ ഉണ്ടാവുമെന്ന് നൊവൊമിക് ഉറപ്പുണ്ടാവില്ല. എവിടെ പാര്‍ക്കൂം എന്നും അവള്‍ക്കറിയില്ല.നൊവൊമി ഒന്നുമില്ലായ്മയിലേക്ക് കടന്നുപോകുമ്പോഴാണ് അവള്‍ സഹിക്കുന്നതെല്ലാം സഹിക്കാന്‍ തയ്യാറായി കൂടെച്ചെല്ലാന്‍ രൂത്ത് തയ്യാറാവുന്നത്. തന്റെ അമ്മായിയമ്മയുടെ ജീവിതാവസ്ഥ തന്റെ അവസ്ഥയാക്കി മാറ്റുകയാണ് രൂത്ത് ചെയ്യുന്നത്.

പെരുമാറ്റത്തിലൂടെയും ആത്മാര്‍ത്ഥയിലൂടയും മറ്റുള്ളവര്‍ക്ക് മാതൃകയാകാന്‍ രൂത്തിന് കഴിഞ്ഞിരുന്നു. ബോവസിന്റെ വയലില്‍ കതിര്‍ പറക്കൂന്ന അവളെ കണ്ട് കൊയത്തുകാരുടെ മേലാളായ ഭൃത്യനോട് ബോവസ് രൂത്തിനെക്കുരിച്ച് ചോദിക്കുമ്പോള്‍ ഭൃത്യന്‍ അവളെക്കുറിച്ച് പറയുമ്പോള്‍ അവള്‍ ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥത കാണിക്കുന്നു എന്നതിനുവേണ്ടി അവള്‍ രാവിലെ
മുതല്‍ പറക്കിക്കൊണ്ടിരിക്കൂന്നു വീട്ടില്‍ അല്പനേരമേ തമസിച്ചിട്ടുള്ളൂ എന്ന് പറയുന്നുണ്ട്.മോശ വഴി ദൈവം നല്‍കിയ ന്യായപ്രാമാണം അനുസരിച്ച് കൊയ്യുന്നതിനിടയില്‍ വീണുപോകുന്ന കതിരും, വയലില്‍ മറന്നുവയ്ക്കുന്ന കറ്റയും വയലിന്റെ ഉടമസ്ഥനുള്ളതല്ല. അത് പരദേശിക്കും വിധവയ്ക്കും ഉള്ളതാണ്. മറ്റൊരു വയലില്‍ കതിര്‍ പറക്കാന്‍ പോകേണ്ട എന്ന് ബോവസ് അവളോട് പറയുകയും തന്റെ ഭൃത്യന്മാരോട് അവള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ ആവിശ്യപ്പെടുകയും ചെയ്യുന്നുണ്ട്. തന്നെ എന്തുകൊണ്ട് ഇങ്ങനെ ദയതോന്നുന്നു എന്ന് രൂത്ത് ബോവസിനോട് ചോദിക്കുന്നുണ്ട്. ഭര്‍ത്താവ് മരിച്ച ശേഷവും അവള്‍ അമ്മയിയമ്മയ്ക്ക് ചെയ്തിരിക്കുന്നതും സ്വന്തം നാടും ഭവനവും ഉപേക്ഷിച്ച് അറിയാത്ത ജനത്തിന്റെ അടുക്കള്‍ അമ്മായിയമ്മയോടൊത്ത് വന്നിരിക്കുന്നതെല്ലാം താന്‍ കേട്ടിട്ടൂണ്ട് എന്നാണ് ബോവസ് പറയുന്നത്.

തനിക്ക് വയലില്‍ നിന്ന് കൊയ്ത്തുകാരില്‍ നിന്ന് ലഭിച്ച ഭക്ഷണത്തിന്റെ പങ്ക് അമ്മായിയമ്മയ്ക്ക് നല്‍കുന്ന രൂത്തിനെ നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. കാലാ പറക്കുകവഴി ലഭിച്ച ഒരു പറ യവവും അവള്‍ ഏല്‍പ്പിക്കുന്നത് അമ്മായിയമ്മയെ ആണ്.

അമ്മായിയമ്മയുടെ വാക്കുകള്‍ അതേപോലെ തന്നെ രൂത്ത് അനുസരിക്കുന്നു. തങ്ങളുടെ ചാര്‍ച്ചക്കാരനും വീണ്ടെടുപ്പുകാരനായ ബോവസിന്റെ അടുക്കലേക്ക് വീണ്ടേടുപ്പുകാരന്റെ മുറ അനുവര്‍ത്തിക്കാന്‍ ആവിശ്യപ്പെടാനായി രൂത്തിനെ നൊവൊമി പറഞ്ഞു വിടുന്നുണ്ട്. നൊവമി പറഞ്ഞതുപോലെ തന്നെ രൂത്ത് അനുസരിക്കുന്നു. അന്ന് കളത്തില്‍ നിന്ന് മടങ്ങുന്ന രൂത്തിനെ ബോവസ് ഒരു ദിവസത്തിനുശേഷം വീണ്ടെടുപ്പുകാരന്റെ മുറ അനുവര്‍ത്തിച്ച് ഭാര്യയായി സ്വീകരിക്കുന്നു. ബോവസിന്റെ ഭാര്യയായിക്കഴിഞ്ഞ ശേഷവും രൂത്ത് നൊവൊമിയെ ഉപേക്ഷിക്കുന്നില്ല. രൂത്തിന്റെ മകനായ ഓബേദിന്റെ ധാത്രിയായി നൊവൊമി എപ്പോഴും അവളുടെ കൂടെ ഉണ്ടായിരുന്നു.

:: ബോവസ് ::
ന്യായപ്രമാണത്തില്‍ അടിയുറച്ച് വിശ്വസിക്കുകയും മറ്റുള്ളവരോട് കരുണാപൂര്‍വ്വം പെരുമാറുകയും ചെയ്യുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു ബോവസ്. തന്റെ വയലില്‍ കതിര്‍ പറക്കാനായി വന്ന രൂത്തിനോട് അവന്‍ കരുണാപൂര്‍വ്വമാണ് പെരുമാറുന്നത്. തന്റെ ബാല്യക്കാര്‍ കോരിവച്ചില്‍ നിന്ന് കുടിക്കാന്‍ അവളെ സമ്മതിക്കുകയും കൊയ്ത്തുകാരോടൊപ്പം ഭക്ഷണം കഴിക്കാന്‍ ആവിശ്യപ്പെടുകയും ചെയ്യുന്നു. അവള്‍ക്ക് കതിര്‍ പറക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കാന്‍ തന്റെ ഭൃത്യന്മാരോട് പറയുകയും ചെയ്യുന്നുണ്ട്. കളത്തില്‍ യവം തൂറ്റുന്ന അന്ന് നൊവൊമിയുടെ നിര്‍ദ്ദേശപ്രകാരം രൂത്ത് കുളിച്ചു തൈലം പൂശി വസ്ത്രം ധരിച്ച് കളത്തില്‍ ചെന്ന് അവന്റെ കാല്ക്കല്‍
കിടക്കുകയും ചെയ്തു. തന്റെ കാല്‍ക്കല്‍ ഒരു സ്ത്രി കിടക്കുന്നത് കണ്ട് ബോവസ് എഴുന്നേല്‍ക്കുകയും രൂത്തിനെ കാണുകയും ചെയ്യുന്നു. “നിന്റെ പുതപ്പ് അടിയന്റെ‌മേല്‍ ഇടേണമേ, നീ വീണ്ടെടുപ്പുകാരനല്ലോ“ എന്ന് രൂത്ത് പറയുമ്പോള്‍ അതിനു മറുപിടിയായി അവന്‍ പറയുന്നത് നീ പറയുന്നത് ഞാന്‍ ചെയ്തു തരാം പക്ഷേ എന്നെക്കാള്‍ അടുത്ത ഒരു വീണ്ടെടുപ്പുകാരന്‍ ഉണ്ട് എന്ന് ബോവസ് പറയുന്നു. അവന്‍ നിന്നെ വീണ്ടെടുത്തില്ലങ്കില്‍ താന്‍ തന്നെ വീണ്ടെടുപ്പിന്റെ മുറ അനുവര്‍ത്തിക്കാം എന്ന് പറഞ്ഞ് ആളറിയാറാകും മുമ്പെ അവളെ കളത്തില്‍ നിന്ന് പറഞ്ഞു വിടുന്നു.

പിറ്റേന്ന് രാവിലെ ബോവസ് പട്ടണവാതിക്കല്‍ ചെന്ന് താന്‍ പറഞ്ഞ വീണ്ടെടുപ്പുകാരനെ കാണുകയും നൊവൊമി എലീമേലക്കിന്റെ വയല്‍ വില്‍ക്കാന്‍ പോവുകയാണന്നും അവനും താനും അല്ലാതെ വീണ്ടെടുപ്പുകാര്‍ ആരും ഇല്ലന്ന് അവനോട് പറയുന്നു. വയല്‍ വാങ്ങാന്‍ അവന് സമ്മതം ആയിരുന്നെങ്കിലും വയലിനോടൊപ്പം മരിച്ചവന്റെ അവകാശത്തിന്മേല്‍ അവന്റെ പേര്‍ നിലനില്‍ക്കാന്‍ വേണ്ടി മരിച്ചവന്റെ ഭാര്യയായ രൂത്തിനെക്കൂടി വാങ്ങണം എന്ന് ബോവസ് അവനോട് ആവിശ്യപ്പെടുന്നു. രൂത്തിനെക്കൂടി വീണ്ടെടുക്കണമെങ്കില്‍ സ്വന്ത അവകാശം നഷ്ടമാക്കേണ്ടിവരും എന്നുള്ളതുകൊണ്ട് “ഞാന്‍ വീണ്ടെടുക്കേണ്ടത് നീ വീണ്ടെടുത്തു കൊള്‍ക “ എന്ന് അവന്‍ ബോവസിനോട് പറയുന്നു. വീണ്ടേടുപ്പും കൈമാറ്റവും ഉറപ്പിക്കാനായി അവന്‍ തന്റെ ചെരുപ്പൂരി ബോവസിനു കൊടുത്തു. എലീമേലക്കിനും കില്യോനും മഹ്ലോന്നും ഉള്ളതൊക്കയും നൊവൊമിയുടേ കൈയ്യില്‍ വാങ്ങിയതിന് സാക്ഷികളായി മൂപ്പന്മാരും സകല ജനവും ഉണ്ടായിരുന്നു. “മരിച്ചവന്റെ പേര്‍ അവന്റെ സഹോദരന്മാരുടെ ഇടയില്‍ നിന്നും അവന്റെ പട്ടണവാതിക്കല്‍നിന്നും മാഞ്ഞുപോകാതവണ്ണം മരിച്ചവന്റെ പേര്‍ അവന്റെ അവകാശത്തിന്മേല്‍ നിലനിര്‍ത്തേണ്ടതിനു മഹ്ലൊന്റെ ഭാര്‍‌യ്യ മൊവാബ്യ സ്ത്രിയായ രൂത്തിനേയും എനിക്കു ഭാര്‍‌യ്യയായി വാങ്ങിയിരിക്കുന്നു എന്നതിനും നിങ്ങള്‍ ഇന്നു സാക്ഷികള്‍ ആകുന്നു “(4:10) എന്നു ബോവസ് പറയുന്നു. പട്ടണവാതിക്കല്‍ ഇരുന്ന മൂപ്പന്മാരും സകല ജനവും അവനെ അനുഗ്രഹിക്കുന്നുണ്ട്. “നിന്റെ വീട്ടില്‍ വന്നിരിക്കുന്ന സ്ത്രിയെ യഹോവ രാഹേലിനെപ്പോലെയും ലേയയെപ്പൊലെയും ആക്കട്ടെ. അവര്‍ ഇരുവരുമല്ലോ യിസ്രായേല്‍ ഗൃഹം പണിതതു. ഈ യുവതിയില്‍ നിന്നു യഹോവ നിനക്ക് നല്‍കുന്ന സന്തതിയാല്‍ നിന്റെ ഗൃഹം താമാര്‍ യെഹൂദയ്ക്ക് പ്രസവിച്ച ഫേരസിന്റെ ഗൃഹം പോലെ ആയിത്തീരട്ടെ” എന്നാണ് അവര്‍ ബോവസിനെ അനുഗ്രഹിക്കുന്നത്. ആ അനുഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് ദാവീദിന്റെ ഗോത്രത്തില്‍ യേശുക്രിസ്തുവിന്റെ ജനനത്തോടെ പൂര്‍ണ്ണമാകുന്നത്. യെശയ്യാവ് പ്രവചനം 11 ആം അദ്ധ്യായം 1 ആം വാക്യത്തില്‍ ഇപ്രകാരം പറയുന്നു .” എന്നാല്‍ യിശ്ശായിയുടെ കുറ്റിയില്‍ നിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളില്‍ നിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.....”. ബോവസിന്റെയും രൂത്തിന്റെയും മകനായിരുന്നു യിശ്ശായിയുടെ പിതാവായ ഓബേദ്.

രൂത്ത് ഒരു മകനെ പ്രസവിച്ചു. എന്നാറെ സ്ത്രികള്‍ നൊവൊമിയോടു , ഇന്നു നിനക്കു ഒരു വീണ്ടെടുപ്പുകാരനെ നല്‍കിയിരിക്കുന്നതുകൊണ്ടു യഹോവ വാഴത്തപ്പെട്ടവന്‍; അവന്റെ പേര്‍ യിസ്രായേലില്‍ വിശ്രുതമായിരിക്കട്ടെ. അവന്‍ നിനക്ക് ആശ്വാസപ്രദനും നിന്റെ
വാര്‍ദ്ധക്യത്തില്‍ പോഷകനും ആയിരിക്കും. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാള്‍ നിനക്കു ഉത്തമയുമായിരിക്കുന്ന നിന്റെ മരുമകളല്ലോ അവനെ പ്രസവിച്ചതു എന്നു പറഞ്ഞു.(4:14,15) . മാറായപോലെ കയ്പു നിറഞ്ഞ ജീവിതത്തില്‍നിന്ന് മധുരമുള്ള ജീവിതത്തിലേക്ക് നൊവമി കടക്കുന്നു. അമ്മായിയമ്മയുടെ കഷ്ടതയിലും അവളോടൊപ്പം നിന്ന രൂത്തിനെയും ദൈവം അനുഗ്രഹിച്ചു. മോവാബ് ദേശത്ത് നിന്ന് ഒഴിഞ്ഞവളായി യഹോവ മടക്കി വരുത്തിയ നൊവൊമി ഇന്ന് വീണ്ടും നിറഞ്ഞവളായി തീര്‍ന്നു. മറ്റൊരു നിയോഗം തങ്ങളെ കാത്തിരിക്കുന്നു എന്നറി യാതെയായിരുന്ന അവരുടെ ബേത്ത്ലേഹം യാത്ര ഓബേദിന്റെ ജനനത്തോടെ പൂര്‍ണ്ണമാകുന്നു.
ചിത്രങ്ങള്‍ ::