Saturday, January 19, 2013

25. യോസഫും പോത്തീഫറിന്റെ ഭാര്യയും

മിദ്യാനകച്ചവടക്കാരിൽ നിന്ന് യോസഫിനെ വാന്ങിയ ഫറവോന്റെ കടമ്പടിനായകാനായ പോത്തീഫർ യോസഫിനെ തന്റെ വീട്ടിൽ കൊണ്ടു വന്നു. യോസഫിന്റെ കൂടെ ദൈവം ഉണ്ടന്നും യോസഫ് ചെയ്യുന്നതെല്ലാം ദൈവം സാധിപ്പിക്കുന്നു എന്നും പോത്തിഫർ കണ്ടു. യോസഫിന്റെ പരിചാരക ശുശ്രൂഷയിൽ സംതൃപ്തനായ പോത്തിഫർ യോസഫിനെ തന്റെ വീടിന്റെ ഗൃഹവിചാരകനാക്കുകയും ചെയ്തു. തന്റെ വീടിന്റെയും കൃഷി ഇടങ്ങളുടേയും എല്ലാം അധിപതിയാക്കി യോസഫിനെ നിയമിച്ചു. ദൈവം യോസഫിൽ കൂടി  പോത്തിഫറിന്റെ കൃഷി ഇടങ്ങളെ അനുഗ്രഹിക്കുകയും വിള സമൃദ്ധി ഉണ്ടാവുകയും ചെയ്തു.

വിലയ്ക്കു വാന്ങപ്പെട്ട ഒരു അടിമയായ എബ്രായൻ തങ്ങളുടെ അധികാരി ആയിരിക്കുന്നത് മറ്റു പരിചാരകർക്ക് അത്ര ഇഷ്ടമല്ലായിരുന്നു. ഒരു അടിമ തങ്ങളെ ഭരിക്കുന്നു എന്ന് അവർ അടക്കം പറഞ്ഞു എങ്കിലും യോസഫ് പോത്തിഫറിന്റെ വിശ്വസ്ഥൻ ആയിരുന്നതുകൊണ്ട് അവരാരും യോസഫിനെതിരെ പരസ്യമായി സംസാരിച്ചിരുന്നില്ല. യോസഫ് വീട്ടിലേയും കൃഷി ഇടത്തിലേയും കാര്യങ്ങൾ എല്ലാം ശരിയായ രീതിയിൽ നോക്കി ഇരുന്നതുകൊണ്ട് പോത്തിഫറിനു ആ കാര്യങ്ങളെ കുറിച്ച് ചിന്തിച്ചില്ല. കഴിക്കൂന്ന ആഹാരം ഒഴിച്ച് ബാക്കി എല്ലാ കാര്യങ്ങളും യോസഫിനെ എൽപ്പിച്ചിരുന്നതുകൊണ്ട് മറ്റൊന്നിനെക്കുറിച്ചും പോത്തീഫറിനു അറിയേണ്ടിയിരുന്നില്ല.

യോസഫ് ബുദ്ധിമാനും അതി സുന്ദരനും യുവാവും ആയിരുന്നു. ആരേയും ആകർഷിക്കുന്ന രൂപം. യോസഫിന്റെ അതി മനോഹര രൂപം പോത്തിഫറിന്റെ ഭാര്യയുടെ മനസിൽ മായാതെ നിന്നു. അവൾക്ക് യോസഫിനോട് പ്രണയം തോന്നി തുടങ്ങി. അവനെ എങ്ങനേയും തന്റെ ഇഷ്ടത്തിലേക്ക് കൊണ്ടു വരണമെന്ന് അവൾ ആഗ്രഹിച്ചു. അവന്റെ ശ്രദ്ധ നേടാൻ അവൾ പലവഴികളും ആലോചിച്ചു.പക്ഷേ യോസഫ് അവളിൽ നിൻ കഴിവതും ഒഴിഞ്ഞു മാറി. ഒരു ദിവസം അവൾ തന്റെ പ്രണയവും യോസഫിനോട് വെളുപ്പെടുത്തിയിട്ട് അവനെ തന്റെ കിടക്കയിലേക്ക് ക്ഷണിച്ചു. യോസഫ് അവളുടെ ക്ഷണം നിരസിച്ചു.

"ഈ വീടിന്റെ ഗൃഹവിചാരകാനാണ് ഞാൻ. ഈ വീട്ടിൽ ഉള്ളയാതൊന്നിനെകുറിച്ച് യജമാനാന് അറിയില്ല,അദ്ദേഹത്തിനു ഉള്ളതെല്ലാം എല്ലാം എന്നെ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുകയാണ് .യജമാനനും യജമാനിത്തിയും കഴിഞ്ഞാൽ ഈ വീട്ടിൽ എന്നെക്കാൾ വലിയവൻ ആരും ഇല്ല. ഞാൻ ഇവിടെ എന്ത് ചെയ്താലും അവൻ അറിയത്തുമില്ല.ഈ വീട്ടിൽ യാതൊന്നും അവൻ എനിക്ക് നിഷേധിച്ചിട്ടുമില്ല. പക്ഷേ നിങ്ങൾ എന്റെ യജമാനന്റെ ഭാര്യയാണ്. ഞാൻ യജമാനനോട് ദോഷം ചെയ്ത് ദൈവത്തോട് വലിയ പാപം ചെയ്യുന്നത് എന്ങനെ?". യോസഫ് തന്റെ യജമാനന്റെ ഭാര്യയോട് ചോദിച്ചു... അവൾ അവസരം കിട്ടുമ്പോഴും അവസരങ്ങൾ ഉണ്ടാക്കിയും യോസഫിനോട് തന്റെ പ്രണയം ആവർത്തിച്ചു കൊണ്ടേ ഇരുന്നു. അവനെ തന്റെ അരികത്തിരിക്കാനും കിടക്കയിലേക്കും അവൾ ക്ഷണിച്ചുകൊണ്ടേഇരുന്നു. അവളുടെ എല്ലാ ക്ഷണവും അവൻ നിരസിച്ചു. യജമാനന്റെ ഭാര്യയുടെ മുന്നിൽ എത്തേണ്ടി വരുന്ന അവസരങ്ങൾ യോസഫ് ഒഴിവാക്കുകയും എന്തെങ്കിലും ആവശ്യത്തിനു യജമാനന്റെ ഭാര്യയുടെ അടുക്കൽ പോകേണ്ടി വരികയാണങ്കിൽ അവൻ തന്റെ ഒപ്പം ആരെയെങ്കിലും കൂടി കൂട്ടാനും തുടങ്ങി.

ഒരു ദിവസം യോസഫ് തന്റെ ജോലി ചെയ്യാനായി വീടിനകത്തേക്ക് വന്നു. വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു. യോസഫ് വീടിനകത്തേക്ക് വരുന്നത് പോത്തീഫറിന്റെ ഭാര്യ കണ്ടു. അവൾ അവന്റെ അടുക്കലേക്ക് ചെന്നു. പ്രണയ പൂർവ്വം അവനെ തന്റെ കിടക്കയിലേക്ക് വീണ്ടും ക്ഷണിച്ചു. അവൻ വീണ്ടും അവളുടെ ക്ഷണം നിരസിച്ചു. തന്നെ എപ്പോഴും അവഗണിക്കുന്ന യോസഫിനോടുള്ള പ്രണയം അവളുടെ സിരകളിലൂടെ ഒഴുകി പരന്നു.യോസഫ് അവളുടെ മുന്നിൽ നിന്ന് മാറി തിരികെപോകാൻ തുടങ്ങി .അവൾ അവന്റെ വസ്ത്രത്തിൽ പിടിച്ചു വലിച്ചു കൊണ്ട് മന്ത്രിച്ചു...
"യോസഫ് നിന്നെ ഞാൻ എത്രമാത്രം പ്രണയിക്കുന്നു.ഒരിക്കലെങ്കിലും എന്റെ കൂടെ വന്ന് എന്റെ ആഗ്രഹം പൂർത്തിയാക്കി തരിക. നിന്റെ യജമാനൻ ഒന്നും അറിയാൻ പോകുന്നില്ല. ഇപ്പോഴാണങ്കിൽ ഈ വീടിനകത്ത് പരിചാരകർ ആരും ഇല്ല. വരിക എന്റെ പ്രണയം പങ്കിടുക..എന്നോടൊത്ത് കിടക്കയിലേക്ക് വരിക".

യജമാനനെ ചതിച്ച് ദൈവത്തോട് പാപം ചെയ്യാൻ യോസഫിനു സമ്മതമല്ലായിരുന്നു.അവൾ യോസഫിന്റെ വസ്ത്രത്തിൽ പിടിച്ച് വലിച്ച് തന്റെ മുറിയിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചു .യോസഫ് തന്റെ വസ്ത്രം അവളുടെ കൈയ്യിൽ വിട്ടേച്ച് പുറത്തേക്ക് ഓടിപ്പോയി.

യോസഫ് ഓടിപ്പോകുന്നത് കണ്ടപ്പോൾ അവൾ പരിഭ്രമിച്ചു. താൻ അവനെ കിടക്കയിലേക്ക് ക്ഷണിച്ചത് പോത്തീഫറിനോടോ മറ്റാരോടെങ്കിലും പറഞ്ഞാൽ തനിക്ക് പിന്നീടിവിടെ ജീവിക്കാൻ പറ്റില്ല. ഒരു അഭിസാരികയെപ്പോലെ എല്ലാവരും തന്നോട് പെരുമാറും. പോത്തീഫർ തന്നെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യും. അവളുടെ ഉള്ളിൽ പെട്ടന്ന് തന്നെ ഒരുപായം തെളിഞ്ഞു.
ഉടൻ തന്നെ അവൾ നിലവിളിക്കാൻ തുടങ്ങി.
അവളുടെ നിലവിളി കേട്ട് വീട്ടിലുള്ളവരും പരിചാരകരും ഓടി വന്നു..
യോസഫിന്റെ വസ്ത്രവുമായി നിൽക്കുന്ന അവളെ കണ്ട് അവർ പരസ്പരം നോക്കി.
അവൾ യോസഫിന്റെ തുണി എല്ലാവരേയും കാണിച്ചു കൊണ്ട് പറഞ്ഞു.
"നമ്മളെ കളിയാക്കാനായി പോത്തീഫർ എബ്രായനായ യോസഫിനെ അടിമ ചന്തയിൽ നിന്ന് വാന്ങി കൊണ്ടു വന്നു.എന്നിട്ട് അവന്റെ കൂടേ ദൈവം ഉണ്ടന്ന് പറഞ്ഞ് എല്ലാത്തിനും അവനെ കാര്യവിചാരകനാക്കി. എന്നിട്ടവനിപ്പോൾ ചെയ്തതോ... അവനിപ്പോൾ എന്റെ കൂടെ കുറച്ച് സമയമെങ്കിലും കഴിയണമെന്ന് പറഞ്ഞ് എന്നെ കയറിപ്പിടിക്കാൻ വന്നു.ഞാൻ ഉറക്കെ നിലവിളിച്ചപ്പോൾ അവന്റെ വസ്ത്രം ഇവിടെ ഇട്ടിട്ട് ഓടിപ്പോയി". അവൾ പറഞ്ഞത് എല്ലാവർക്കും വിശ്വാസമായില്ലങ്കിലും അവർ അവളെ ആശ്വസിപ്പിച്ചു.

പോത്തീഫർ കൊട്ടാരത്തിൽ നിന്ന് മടങ്ങി വരുന്നതുവരെ അവൾ യോസഫിന്റെ വസ്ത്രം കൈയ്യിൽ പിടിച്ചു നിന്നു. പോത്തീഫർ മടങ്ങി വന്നപ്പോൾ അവൾ വീട്ടുകാരോടും പരിചാരകരോടും പറഞ്ഞ കഥ അവനോടും ആവർത്തിച്ചു.
"അടിമചന്തയിൽ നിന്ന് നിങ്ങൾ വാന്ങിയ ആ എബ്രായൻ എന്നെ ബലാത്ക്കാരം ചെയ്യാൻ വന്നപ്പോൾ ഞാൻ ഉറക്കെ നിലവിളിച്ചു. എന്റെ നിലവിളി കേട്ടപ്പോൽ അവൻ വസ്ത്രം ഇവിടെ ഉപേക്ഷിച്ച് ഓടിക്കളഞ്ഞു..നിന്റെ ദാസൻ എന്നോട് ഇങ്ങനെ ചെയ്തത് എന്ത്?"
അവൾ തന്റെ ഭർത്താവിനോട് ചോദിച്ചു.

അവളുടെ ചോദ്യം അവന്റെ മനസിനെ മുറിപ്പെടുത്തി. അടിമ ചന്തയിൽ നിന്ന് വാന്ങിയ യോസഫിനോട് താൻ ഒരിക്കൽ പോലും ഒരു അടിമയോട് പെരുമാറിയിട്ടില്ല. അവനെ തനിക്കുള്ളതിന്റെയെല്ലാം കാര്യവിചാരകനാക്കി നിയമിക്കുകയും ചെയ്തു. എന്നിട്ട് അവൻ തന്റെ ഭാര്യയെ,അവന്റെ യജമാനത്തിയെ ബലാത്ക്കാരം ചെയ്യാൻ ശ്രമിച്ചിരിക്കുന്നു.തന്റെ ഭാര്യ പറഞ്ഞതെല്ലാം അവൻ വിശ്വസിച്ചു .അവൻ കോപം കൊണ്ട് വിറച്ചു. യോസഫിനെ കൊണ്ടുവരാൻ അവൻ കല്പിച്ചു.

പരിചാരകർ യോസഫിനെ പിടിച്ചു കൊണ്ടു വന്നു. പോത്തിഫറിന്റെ ഭാര്യ ഒരു വിജയിയെപോലെ പോത്തീഫറിന്റെ അടുക്കൽ നിന്നു. തന്റെ യജമാനന്റെ മുന്നിൽ യോസഫ് കുറ്റക്കാരനെപോലെ നിന്നു. യോസഫിനെ കാരാഗൃഹത്തിൽ അടക്കാൻ പോത്തീഫർ ഉത്തരവിട്ടു. പരിചാരകർ യോസഫിനെ കാരാഗൃഹത്തിൽ അടച്ചു.


( ചിത്രങ്ങൾ joseph and potiphar's wife എന്ന് ഗൂഗിളിന്റെ ഫോട്ടോ സേർച്ചിൽ കൊടൂത്തപ്പോൽ കിട്ടിയത് )

മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , കഥ , കഥകൾ , bible stories , malayalam bible stories , joseph and potiphar's wife