Saturday, February 9, 2013

നോമ്പും ഉപവാസവും എങനെയായിരിക്കണം ?

വർഷത്തിൽ കുറേ ദിവസം നോമ്പും ഉപവാസവും ആണന്ന് പറഞ്ഞിട്ട് എന്താണ് കാര്യം. ആഹാരം കഴിക്കാതിരിക്കുക എന്നുള്ളതുകൊണ്ട് മാത്രം ഉപവസം ആകുമോ? മത്സ്യവും മാംസവും ഉൾപ്പെടെയുള്ള ചില ആഹാരങ്ങൾ വർജ്ജ്യിച്ചതുകൊണ്ട് മാത്രം അത് നോമ്പാകുമോ?  ഇല്ല എന്നാണ് ഉത്തരം. നോമ്പും ഉപവാസവും എടുക്കുന്നതിനു മുമ്പ് യെശയ്യാ പ്രവാചകന്റെ പുസ്തകം 58 ആം അദ്ധ്യായം വായിച്ചു മനസിലാക്കുന്നത് നന്നായിരിക്കും...

യെശയ്യ പ്രവചനം 58 ആം അദ്ധ്യായം 5 ആം വാക്യം :: എനിക്കു ഇഷ്ടമുള്ള നോമ്പും മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിന്നോ നീ നോമ്പെന്നും യഹോവെക്കു പ്രസാദമുള്ള ദിവസമെന്നും പേർ‍ പറയുന്നതു?  . മറ്റുള്ളവർക്കു കാണാൻ വേണ്ടിയുള്ളതായിരിക്കരുത് ഉപവാസവും നോമ്പെന്നും നമുക്കിതിൽ നിന്ന് മനസിലാക്കാൻ സാധിക്കും. വി.മത്തായിയുടെ സുവിശേഷം 6ആം അദ്ധ്യായം 16,17 ആം വാക്യത്തിൽ യേശു ഇങ്ങനെ പറയുന്നു ,ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.  നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക. 

എങ്ങനെയായിരിക്കണം ഉപവാസം

യെശയ്യാ പ്രവാചകന്റെ പുസ്തകം 5 ആം അദ്ധ്യായം 6 ഉം 7 ഉം വാക്യങ്ങളിൽ ഉപവാസവും നോമ്പും എങ്ങനെയുള്ളത് ആയിരിക്കണമെന്ന് പറയുന്നു.

അന്യായബന്ധനങ്ങളെ അഴിക്കുക;
നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക;
പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക;
എല്ലാനുകത്തെയും തകർ‍ക്കുക;
വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുക,
അലഞ്ഞുനടക്കുന്ന സാധുക്കളെ  വീട്ടിൽ  ചേർത്തുകൊള്ളുക,
നഗ്നനെ കണ്ടാൽ  അവനെ ഉടുപ്പിക്കുക,
നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർ‍ക്കു നിന്നെത്തന്നേ മറെക്കാതെയിരിക്കുക.

ഇങ്ങനെയുള്ള ഉപവാസവും നോമ്പും ആണോ നമ്മൾ അനുഷ്ഠിക്കുന്നത് എന്ന് സ്വയം ചിന്തിക്കുക.

വിശുദ്ധ മത്തായിയുടെ സുവിശേഷം 25 ആം അദ്ധ്യായം 42 മുതൽ 45 വരെയുള്ള വാക്യങ്ങൾ ഈ വേദഭാഗത്തോട് അനുബന്ധിച്ച് മനസിലാക്കേണ്ടതാണ്.

എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല.അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും. അതിന്നു അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ  അവരോടു:
ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.


മതത്തിന്റെയോ ജാതിയുടയോ വർഗ്ഗത്തിന്റെയോ വേർതിരിവിൽ കാണാതെ മനുഷ്യനെ മനുഷ്യനായി കാണുകയും അവനെ സഹജീവിയായി കരുതുന്ന ഒരാൾക്കു മാത്രമേ ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കൂ.

(ഇങ്ങനെയുള്ള) ഉപവാസവും നോമ്പും  കൊണ്ടുള്ള നേട്ടങ്ങൾ എന്തെല്ലാം.?

നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും;
നിന്റെ മുറിവുകൾക്കു വേഗത്തിൽ  പൊറുതിവരും;
നിന്റെ നീതി നിനക്കു മുമ്പായി നടക്കും;
യഹോവയുടെ മഹത്വം നിന്റെ പിമ്പട ആയിരിക്കും.
നീ വിളിക്കും; യഹോവ ഉത്തരം അരുളും;
നീ നിലവിളിക്കും, ഞാൻ വരുന്നു എന്നു അവൻ  അരുളിച്ചെയ്യും;
(യെശയ്യ 58:8-9)


രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ. എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു;
നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.
അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു?
ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു?
നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും.
രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
(മത്തായി 25:34-40)

നുകവും വിരൽ  ചൂണ്ടുന്നതും വഷളത്വം സംസാരിക്കുന്നതും നീ നിന്റെ നടുവിൽ നിന്നു നീക്കിക്കളകയും
വിശപ്പുള്ളവനോടു നീ താല്പര്യം കാണിക്കയും കഷ്ടത്തിൽ  ഇരിക്കുന്നവന്നു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ  നിന്റെ പ്രകാശം ഇരുളിൽ  ഉദിക്കും; നിന്റെ അന്ധകാരം മദ്ധ്യാഹ്നം പോലെയാകും. യഹോവ നിന്നെ എല്ലയ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പു അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും.
(യെശയ്യ 58:9-11)

നോമ്പും ഉപവാസവും ഒക്കെ മനുഷ്യന്റെ മുന്നിൽ വെറും ഒരു പ്രകടനമാക്കുകയും സഹോദരനെ തോൽപ്പിക്കാനും വിദ്വേഷം വളർത്താനുമായി ഉപവാസയജ്ജവും ഒക്കെ തെരുവിൽ നടത്തുന്നവർക്ക് പ്രവാചകൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.

നിങ്ങൾ വിവാദത്തിന്നും കലഹത്തിന്നും ക്രൂരമുഷ്ടികൊണ്ടു അടിക്കേണ്ടതിന്നും നോമ്പു നോല്ക്കുന്നു; നിങ്ങളുടെ പ്രാർ‍ത്ഥന ഉയരത്തിൽ  കേൾപ്പാൻ തക്കവണ്ണമല്ല നിങ്ങൾ ഇന്നു നോമ്പു നോല്ക്കുന്നതു. (യെശയ്യ 58 :4)

വിവാദത്തിനും കലഹത്തിനും വേണ്ടിയാണോ അതോ വലത്തു ഭാഗത്തുള്ളവർക്ക് നൽകുന്ന വാഗ്ദത്തം ലഭിക്കുന്നതിനു വേണ്ടിയാണോ നമ്മൾ നോമ്പും ഉപവാസവും നോക്കുന്നത് എന്ന് സ്വയം ശോധന ചെയ്യണം.. നോമ്പിന്റെ ആദ്യ ദിവസം തന്നെ നമ്മുടെ ഉപവാസവും നോമ്പും എങ്ങനെയുള്ളതായിരിക്കണമെന്ന് തീരുമാനം എടുക്കണം. രാജാവ് വലത്തു ഭാഗത്തുള്ളവർക്ക് നൽകുന്ന വാഗ്ദത്തം ലഭിക്കുന്നതിനു വേണ്ടിയാകട്ടെ നമ്മുടെ ഉപവാസവും നോമ്പും എന്ന് പ്രാർത്ഥിക്കുന്നു.

നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , bible stories , malayalam bible stories , ഉപവാസം , നോമ്പ്