കുരിശിന്റെ വഴിയിൽ പതിന്നാലു ഇടങ്ങൾ/സ്ഥലങ്ങൾ ആണ് ഉള്ളത്. യേശുവിനെ പീലാത്തോസിന്റെ അരമനയിൽ മരണത്തിനു വിധിക്കുന്നതുമുതൽ ക്രൂശുമരണത്തിനുശേഷം കല്ലറയിൽ അടക്കുന്നതുവരെയുള്ള പീഡാനുഭവദിവസസംഭവങ്ങൾ ആണ് കുരിശിന്റെ വഴിയിൽ ഉള്ളത്. ഈ പതിന്നാലു സ്ഥലങ്ങൾ എല്ലാം വേദപുസ്തകത്തിൽ ഉള്ളതല്ല. ക്രിസ്തീയ പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും പിൻതുടർച്ചയിൽ ഉള്ളവയും ഈ പതിന്നാലു ഇടങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു.യേശുവിനു നേരിടേണ്ടീ വന്ന പീഡാനുഭവങ്ങളും കുരിശുമരണവും കബറക്കവും ആണ് ഈ പതിന്നാലു സ്ഥലങ്ങൾ.
1. യേശു മരണത്തിനു വിധിക്കപ്പെടുന്നു
2. യേശു കുരിശു ചുമക്കുന്നു
3. യേശു ഒന്നാം പ്രാവശ്യം വീഴുന്നു
4. യേശു വഴിയില്‍ വെച്ചു മാതാവിനെ കാണുന്നു
5. ശിമയോന്‍ യേശു വിനെ സഹായിക്കുന്നു
6. വേറോനിക്കാ യേശുവിന്റെ മുഖം തുടയ്ക്കുന്നു
7. യേശു രണ്ടാം പ്രാവശ്യം വീഴുന്നു
8. യേശു യെരുശലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു
9. യേശു മൂന്നാം പ്രാവശ്യം വീഴുന്നു
10. യേശുവിന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്നു
11. യേശു കുരിശില്‍ തറയ്ക്കപ്പെടുന്നു
12. യേശു കുരിശിന്മേല്‍ തൂങ്ങി മരിക്കുന്നു
13. യേശുവിന്റെ മൃതശരീരം മാതാവിന്റെ മടിയില്‍ കിടത്തുന്നു
14. യേശുവിന്റെ മൃതശരീരം കല്ലറയില്‍ സംസ്ക്കരിക്കുന്നു
1. യേശു മരണത്തിനു വിധിക്കപ്പെടുന്നു
ഗെത്ത്ശെമന തോട്ടത്തിൽ നിന്ന് യേശുവിനെ പിടിക്കുന്ന ജനക്കൂട്ടവും ചേവകരും
യേശുവിനെ മഹാപുരോഹിതനായ കയ്യാഫാവിന്റെ അടുക്കലേക്കാണ് കൊണ്ടു പോകുന്നത്. കയ്യാഫാവിന്റെ അടുക്കൽ നിന്ന് നാടുവാഴിയായ പീലാത്തോസിന്റെ അടുക്കലേക്ക് കൊണ്ടു ചെന്നു. പീലാത്തോസ് വിസ്തരിച്ചിട്ട് യേശുവിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ഒന്നും അവനിൽ കാണാൻ കഴിഞ്ഞില്ല. താൻ യേശുവിൽ ഒരു കുറ്റവും കാണുന്നില്ലന്ന് പീലാത്തോസ് മൂന്നുപ്രവിശ്യം ജനക്കൂട്ടത്തോട് പറഞ്ഞുഎങ്കിലും യേശുവിനെ ക്രൂശിക്കണം എന്ന് ജനങ്ങൾ ആവശ്യപ്പെട്ടു കൊണ്ടിരുന്നു. പെസഹദിവസം വിട്ടു കൊടുക്കുന്ന കുറ്റവാളിയായി യേശുവിനെ വിട്ടയ്ക്കാൻ പീലാത്തോസ് ശ്രമിക്കുന്നു. പക്ഷേ ജനക്കൂട്ടം ബറബാസിനെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. ചാട്ടവാറുകൊണ്ട് അടിച്ചതിനു ശേഷം യേശുവിനെ വിട്ടയ്ക്കാൻ പീലാത്തോസ് ശ്രമിക്കുന്നു. അതിനും ജനക്കൂട്ടം സമ്മതിക്കുന്നില്ല. അവസാനം ജനക്കൂട്ടത്തെ ഭയന്ന് പീലാത്തോസ് യേശുവിനെ മരണശിക്ഷയ്ക്കായി ജനങ്ങൾക്ക് ഏൽപ്പിച്ചു കൊടുക്കുന്നു. ചുവന്ന കുപ്പായം ധരിപ്പിച്ച് മുൾക്കിരീടവും തലയിൽ വെച്ച് പീലാത്തോസ് യെശുവിനെ ജനക്കൂട്ടത്തിനു മുമ്പിൽ കൊണ്ടുവന്നു. അവിടെവെച്ച് യേശുവിന്റെ വലതുകൈയ്യിൽ ഒരു കോൽ പിടിപ്പിച്ചു. രാജാധികാരത്തിന്റെ ദണ്ഡായി യേശുവിനെ പരിഹസിക്കാനാണ് ഈ കോൽ നൽകിയത്. 'യഹൂദന്മാരുടെ രാജാവേ ജയ ജയ' എന്ന് പറഞ്ഞ് ജനക്കൂട്ടം പരിഹസിച്ചു. ചിലർ യേശുവിന്റെ മുഖത്ത് തുപ്പി. ചിലർ മുഖത്ത് അടിച്ചു. ചിലർ യെശുവിന്റെ കൈയ്യിൽ പിടിപ്പിച്ച കോൽ വാന്ങി യേശുവിന്റെ തലയിൽ അടിച്ചു.
(വിശദമായ വായനയ്ക്ക് ഇവിടെ നോക്കുക)
2. യേശു കുരിശു ചുമക്കുന്നു
(മത്തായി 27:31, മർക്കോസ് 15:20 , യോഹന്നാൻ 19:17)
മരണശിക്ഷയ്ക്ക് വിധിച്ചതിനു ശേഷം യേശുവിന്റെ വസ്ത്രം തന്നെ
അവനു നൽകുന്നു. യേശുവിന്റെ ചുമലിൽ അവനെ തറയ്ക്കാനുള്ള ക്രൂശ് എടുത്ത് വയ്ക്കുന്നു. എബ്രായഭാഷയിൽ ഗൊല്ഗോഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു യേശു ക്രൂശു ചുമന്നു കൊണ്ടു പോകുന്നു.
യേശുവിനെ പടയാളികൾ പിടിച്ച ഉടനീന്നെ അവന്റെ ശിഷ്യന്മാർ എല്ലാവരും ഓടിപ്പോയിരുന്നു.യേശുവിനു എന്താണ് സംഭവിക്കുന്നത് എന്ന് അറിയാനായി യേശുവിനെ പിടിച്ചവരുടെ കൂടെ പോയ പത്രോസിനെ ചിലർ തിരിഞ്ഞറിഞ്ഞപ്പോൾ തനിക്കു യേശുവിനെ അറിയില്ല എന്ന് പത്രോസ് പറഞ്ഞു. ഭാരമേറിയ ക്രൂശുമായി യേശു ഗൊല്ഗോഥാ മലയിലേക്ക് പോകുന്നു...
“ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ." എന്ന് യേശു ശിഷ്യന്മാരോടും ജനക്കൂട്ടത്തോടും നേരത്തെ തന്നെ പറഞ്ഞിട്ടൂണ്ടയിരുന്നു. (മർക്കോസ് 8:34 , ലൂക്കോസ് 9:23) . യേശു തന്റെ ക്രൂശു മരണത്തെക്കുറിച്ച് ശിഷ്യന്മാരോട് നേരത്തെ തന്നെ പറയുന്നുണ്ട്. "അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കും.” (മത്തായി 20:19), “രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിപ്പാൻ ഏല്പിക്കും” എന്നു പറഞ്ഞു.(മത്തായി 26:2).
3. യേശു ഒന്നാം പ്രാവശ്യം വീഴുന്നു.
യേശു ക്രൂശുമായി പോകുമ്പോൾ മൂന്നു പ്രാവശ്യം വീണു എന്നുള്ളത് ഒരു വിശ്വാസ പാരമ്പര്യം ആണ്.
ദുർഘടമായ വഴിയിലൂടെ യേശു ക്രൂശുമായി നടക്കുകയാണ്. കൂർത്ത കല്ലുകൾ വന്റെ കാൽപ്പാദങ്ങളിലൂടെ തുളച്ചുകയറി. ചുമലിലെ കുരിശിന്റെ ഭാരവും കൂടിയായപ്പോൽ അവൻ തളർന്നു. പട്ടാളക്കാരുടെ മർദ്ദനം, തലയിലെ മുൾക്കിരീടത്തിലെ മുള്ളൂകൾ തലയിൽ തുളച്ചു കയറി രക്തം ഒഴുകുന്നു. ജനങ്ങൾ പരിഹസിക്കുകയാണ്. കുരിശിന്റെ ഭാരം താന്ങാനാവാതെ ക്ഷീണിതനായി യേശു വീഴുന്നു.
4. യേശു വഴിയില്‍ വെച്ചു മാതാവിനെ കാണുന്നു
വീണുപോയ യേശുവിനു പട്ടാളക്കാരുടെ ക്രൂരമായ മർദ്ദനം. ചാട്ടവാറുകൾ കൊണ്ട് അവന്റെ ശരീരം കീറിമുറിഞ്ഞു. അവൻ വേച്ച് വേച്ച്
വീണ്ടും എഴുന്നേൽക്കുന്നു. ക്രൂശ് ചുമലിൽ വെച്ച് മുന്നോട്ട് നീന്ങുന്നു. തലയിൽ കൂടി ഒഴുകി പരക്കുന്ന രക്തം അവന്റെ കൺപോളകളിലൂടെ നിലത്തേക്ക് ഇറ്റിറ്റു വീഴുന്നു. കാഴ്ചകൾ മറയ്ക്കുന്ന രക്തപടർപ്പിലൂടേ യേശു തന്റെ മാതാവിനെ കണ്ടൂ. ഒരുമാതാവും സഹിക്കാനാവാത്ത കാഴ്ച. തന്റെ മകൻ ഭാരമേറിയ ക്രൂശുമായി കൊടിയമർദ്ദനത്തോടെ മരണത്തിലേക്ക് നടക്കുന്നു. ആ മാതാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. തന്റെ മാതാവിന്റെ കണ്ണുകൾ തുടയ്ക്കാനാവാതെ നിസഹായതോടെ ആ മകൻ മാതാവിനെ നോക്കി നിന്നു. ആ രണ്ടു ഹൃദയങ്ങളും പിടഞ്ഞു. തന്റെ ഹൃദയത്തിലൂടെ വേദനയുടെ വാൾ കടന്നു പോകുന്നത് മാതാവ് അറിഞ്ഞു.ശിമയോൻ പറഞ്ഞത് മാതാവ് ഓർത്തിരിക്കണം.
"പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ചു അവന്റെ അമ്മയായ മറിയയോടു: അനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന്നു ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചെയക്കും എഴുന്നേല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു.നിന്റെ സ്വന്തപ്രാണനിൽകൂടിയും ഒരു വാൾ കടക്കും എന്നു പറഞ്ഞു." (ലൂക്കോസ് 2:34-35)
5. ശിമയോന്‍ യേശുവിനെ സഹായിക്കുന്നു
(മത്തായി 27:32 , മർക്കോസ് 15:21, ലൂക്കോസ് 23:26,)
കുരിശിന്റെ ഭാരം താന്ങാനാവാതെ യേശു വേച്ചു വേച്ചു പോകുമ്പോൽ
യേശുവിന്റെ കുരിശ് താന്ങാനായി ഒരാളെ പട്ടാളക്കാർ അന്വേഷിച്ചു. കുറേനക്കാരനായ ശീമോൻ എന്ന മനുഷ്യൻ വയലിൽ നിന്ന് വരുമ്പോൾ പട്ടാളക്കാർ അവനെ പിടിച്ചു. യേശുവിനോടൊപ്പം ക്രൂശ് ചുമക്കാൻ അവനെ നിർബന്ധിച്ചു. ശിമോൻ ക്രൂശു ചുമക്കാൻ യേശുവിനെ സഹായിക്കൂന്നു. യേശുവിനോടുള്ള കരുണകൊണ്ടല്ല പട്ടാളക്കാർ സഹായത്തിനായി ശീമോനെ നിർബന്ധിച്ചത്. യേശു പോകുന്ന വഴിയിൽ തളർന്നു വീണു രക്തം ഒഴുകി മരിച്ചാൽ ജീവനോടെ അവനെ ക്രൂശിക്കാൻ പറ്റുകയില്ല എന്നതുകൊണ്ടായിരിക്കണം പട്ടാളക്കാർ ശീമോനെ ഏശുവിന്റെ സഹായത്തിനായി വിളിച്ചത്.
മത്തായി 11:29-30 വാക്യങ്ങൾ ഇപ്രകാരം ആണ്. " ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”. യേശുവിന്റെ കുരിശ് വഹിക്കാനായി ഭാഗ്യം ചെയ്തവായിരുന്നു ശീമോൻ.
6. വേറോനിക്കാ യേശുവിന്റെ മുഖം തുടയ്ക്കുന്നു
യേശുവിനെ വിശ്വസിക്കുന്നവരുടെ കൂട്ടത്തിലുള്ളവരിൽ ഒരാളായിരുന്നു വെറോനിക്ക. കുറച്ച് ആളുകൾ യേശുവിനെ പിന്തുടർന്നിരുന്നു.
അവരിൽ അധികവും സ്ത്രികൾ ആയിരുന്നു. കത്തുന്ന സൂര്യനിൽ ക്രൂശുമായി പോകുന്ന യേശുവിന്റെ മുഖത്ത് നിന്ന് രക്തം ഇറ്റിറ്റ് വീണുകൊണ്ടീരുന്നു. മാനുഷികമായ വേദനകളും അവശതകളും കൊണ്ട് തളർന്ന യേശുവിനെ പട്ടാളക്കാർ മർദ്ദിച്ചുകൊണ്ടിരുന്നു. മുഖത്ത് വിയർപ്പും രക്തവും എല്ലാംകൂടി യേശുവിന്റെ മുഖത്തെ ഭീകരമാക്കിയിരുന്നു. യേശുവിനെ ആശ്വസിപ്പിക്കണം എന്ന് വെറോനിക്കയ്ക്ക് ഉണ്ട്. പക്ഷേ യേശുവിന്റെ മരണത്തിനായി ആർത്തുവിളിക്കുന്ന ജനക്കൂട്ടവും പട്ടാളക്കാരും അവളെ യെശുവിന്റെ അടുക്കലേക്ക് പോകാതിരിക്കാനുള്ള കാരണങ്ങളായി. പക്ഷേ അവൾക്ക് ആ കാഴ്ച അധികനേരം കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. അവൾ പട്ടാളക്കാരുടെ ഇടയിലൂടെ ചെന്ന് വേച്ച് വീഴാൻ പോയ യേശുവിനെ താങ്ങി. അവന്റെ മുഖം തന്റെ തൂവാലകൊണ്ട് ഒപ്പി.
വെറോനിക്കയെ കുറിച്ച് വേദപുസ്തകത്തിൽ ഒന്നും തന്നെ പറയുന്നില്ലങ്കിലും ചില പാരമ്പര്യങ്ങൾ വെറോനിക്കയെക്കുറിച്ചുണ്ട്.
അതിലൊന്ന് യേശു സൗഖ്യമാക്കിയ ഒരു സ്ത്രിയെക്കുറിച്ചുള്ളതാണ്. പതിനെട്ട് വർഷമായി രക്തസ്രവമുള്ളൊരു സ്ത്രി യേശുവിന്റെ വസ്ത്രം തൊട്ട് സൗഖ്യമായതായി സുവിശേഷത്തിൽ ഉണ്ട്. ആ സ്ത്രിയാണ് വെറോനിക്ക. (മത്തായി 9:20-22 , ലൂക്കോസ് 8:43-48)
മറ്റൊന്ന് , പീലാത്തോസിന്റെ ഭാര്യയായ ക്ലാദിയയുടെ സഹോദരിയാണ് വെറോനിക്ക എന്നുള്ളതാണ്. യേശുവിന്റെ മുഖം ഒപ്പിയ തൂവാലയിൽ യെശുവിന്റെ മുഖം അതുപോലെ തന്നെ പതിഞ്ഞു എന്നും ചിത്രകാരി കൂടിയായ വെറോനിക്ക തൂവാല നോക്കി യെശുവിന്റെ ചിത്രം വരയ്ക്കുകയും ക്ലാദിയയെ കാണിക്കുകയും ചെയ്തു. ക്ലാദിയ ചിത്രം വരയ്ക്കാൻ അറിയാവുന്ന മറ്റ് സ്ത്രികളെ കൊണ്ടും ആ ചിത്രം വരപ്പിക്കുകയും ചെയ്തു.
7. യേശു രണ്ടാം പ്രാവശ്യം വീഴുന്നു
ഈ ഭാഗവും വേദപുസ്തകത്തിൽ ഇല്ല.
ക്രൂശു താന്ങാനായി ശിമയോൻ ഉണ്ടങ്കിലും തളർന്ന യേശു നിലത്തേക്ക് വീഴുന്നു. വീഴുമ്പോൾ പട്ടാളക്കാരുടെ ചാട്ടവാറകൾ ഒരുമിച്ച് അവന്റെ മെലേക്ക് വീഴും. ജനങ്ങളെ വിപ്ലവത്തിനു പ്രേരിപ്പിച്ച എന്ന കുറ്റം ആരോപിക്കപ്പെട്ട യേശുവിനെ ജനക്കൂടത്തിന്റെ മുമ്പിലൂടെ ക്രൂരമായി മർദ്ദിച്ച് കൊണ്ടുപോവുകയാണ്.
8. യേശു യെരുശലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു
(ലൂക്കോസ് 23:28)
യേശുവിനെ ക്രൂശിക്കാനായി ഗൊല്ഗോഥാ മലയിലേക്ക് കൊണ്ടുപോകുമ്പോൾ അനേകം ആളുകൾ അവന്റെ പിന്നാലെ ചെല്ലുന്നുണ്ടായിരുന്നു.
യേശുവിനു സഹിക്കെണ്ടിവരുന്ന പീഡനങ്ങൾ കണ്ട് അനേകം സ്ത്രികൾ നിലവിളിച്ചു കരഞ്ഞു. നീങ്ങളയും നിങ്ങളുടെ മക്കളയും ഓർത്ത് കരയുക എന്ന് പറഞ്ഞ് തനിക്കുവേണ്ടി കരയുന്ന സ്ത്രികളെ യേശു ആശ്വസിപ്പിക്കുന്നു.
"യേശു തിരിഞ്ഞു അവരെ നോക്കി: “യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ. മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു.അന്നു മലകളോടു: ഞങ്ങളുടെ മേൽ വീഴുവിൻ എന്നും കുന്നുകളോടു: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞു തുടങ്ങും.പച്ചമരത്തോടു ഇങ്ങനെ ചെയ്താൽ ഉണങ്ങിയതിന്നു എന്തു ഭവിക്കും”എന്നു പറഞ്ഞു." (ലൂക്കോസ് 23: 27:31)
9. യേശു മൂന്നാം പ്രാവശ്യം വീഴുന്നു
ഇതും വേദപുസ്തകത്തിൽ ഉള്ളതല്ല.
അസഹമായ പീഡനത്താൽ തളർന്ന യേശുവിനു ഇനി ഒരൽപ്പം പോലും നടക്കാൻ കഴിയുന്നില്ല. അവൻ വീണ്ടും തളർന്നു വീണു. പട്ടാളക്കാരുടെ പീഡനം തുടർന്നു. ഇനി ഒരല്പം കൂടി പോയാൽ മരണശിക്ഷ നടത്തുന്ന സ്ഥലമാകും. പട്ടാളക്കാർ യേശുവിനെ വലിച്ചിഴച്ചു. അസഹ്യമായ വേദനയാൽ യേശു പിടഞ്ഞു. ചാട്ടവാറുകൾ വായുവിൽ വീഴുന്ന സീൽക്കാര ശബ്ദ്ദം. ചോര ഒഴുകുന്ന അവന്റെ ശരീരത്തിൽ വീണ്ടും വീണ്ടൂം ചാട്ടവാറുകൾ വീണു. വീണ്ടും കുരിശുമായി കാൽവറിമലയിലേക്ക്
10. യേശുവിന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്നു
(മർക്കോസ് 15:24 , യോഹന്നാൻ 19:23)
പീലാത്തോസിന്റെ അരമനയിൽ നിന്ന് യേശുവിനെ സ്വന്തം
വസ്ത്രം അണിയിച്ചായിരുന്നു കാൽവറിയിലേക്ക് ക്രൂശിക്കാനായി കൊണ്ടു പോയത്. അവിടെ ചെന്ന് കഴിഞ്ഞ് യേശുവിന്റെ വസ്ത്രങ്ങൾ അവർ ഊരിമാറ്റി. അങ്കി ഒഴിച്ച് ബാക്കിയുള്ള വസ്ത്രങ്ങൾ പടയാളികൾ തങ്ങൾക്ക് തുല്യമായി വീതിച്ചെടുത്തു.രക്തം കട്ടിപിടിച്ചിരുന്ന ആ വസ്ത്രങ്ങൾ ചാട്ടവാറിന്റെ അടികൊണ്ട് കീറിത്തുടങ്ങിയിരുന്നു.അങ്കി തുന്നൽ ഇല്ലാതെ മുഴുവനായും നെയ്തെടുത്തതായിരുന്നു. അത് ആർക്കും ലഭിക്കുമെന്നറിയാനായി അവർ അത് ചീട്ടിട്ടു.ചീട്ടൂ വീണയാൾക്ക് അങ്കി നൽകി.
(സങ്കീർത്തനം 22:18 - എന്റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു.)
11. യേശു കുരിശില്‍ തറയ്ക്കപ്പെടുന്നു
(മത്തായി 27:38 , മർക്കോസ് 15:25 , ലൂക്കോസ് 23:33 , യോഹന്നാൻ 19:18)
വസ്ത്രം മാറ്റിയ യേശുവിനെ കുരിശിൽ കിടത്തി അവന്റെ കാലിലും കൈയ്യിലുമായി
ആണി തറയ്ക്കുന്നു. കാലിലും കൈകളിലും ആണി തറയ്ക്കുമ്പോൾ അതി വേദനയോടെ അവൻ ഞരുങ്ങി. യേശുവിനെ തറച്ച കുരിശ് അവർ ഗോൽഗാഥാ മലയിൽ ഉയർത്തി. യേശുവിന്റെ ഇരുഭാഗങ്ങളിലുമായി രണ്ട് കള്ളന്മാരെയും കുരിശിൽ തറച്ചു. യേശുവിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ അവർ കുരിശിനു മുകളിൽ എഴുതി വെച്ചു. ആ വഴി പോകുന്നവർ യേശുവിനെ പരിഹസിച്ചു. യരുശളേം ദൈവാലയം പൊളിച്ചാൽ മൂന്നു ദിവസം കൊണ്ട് പണിയും എന്നുള്ള ദൈവദൂഷ്ണവും യെശുവിനെതിരെ ആരോപിക്കപ്പെട്ടിരുന്നു. ആ രോപണം വായിച്ചവർ യേശുവിനെ ഇങ്ങനെ കളിയാക്കി, "മന്ദിരം പൊളിച്ചു മൂന്നുനാൾകൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിക്ക; ദൈവപുത്രൻ എങ്കിൽ ക്രൂശിൽ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു." (മത്തായി 27:40). യേശുവിനെ കുരിശിൽ തറച്ചതിനു ശേഷം പട്ടാളക്കാർ കാവൽ നിന്നു.
12. യേശു കുരിശിന്മേല്‍ തൂങ്ങി മരിക്കുന്നു
(മത്തായി 27:50, മർക്കോസ് 15:37 , ലൂക്കോസ് 23:46 , യോഹന്നാൻ 19:30)
യേശുവിനെ കള്ളന്മാരോടൊപ്പം ക്രൂശിൽ തൂക്കി. അതിലൊരു കള്ളൻ യേശുവിനെ കളിയാക്കിയപ്പോൾ മറ്റേ കള്ളൻ യേശുവിനെ
കളിയാക്കിയ കള്ളനെ ശാസിക്കുന്നു. തന്റെ അമ്മയും ശിഷ്യനായ യോഹന്നാനും ക്രൂശിനു മുന്നിൽ നിൽക്കുന്നത് യേശു കണ്ടു. തന്റെ അമ്മയെ യേശു യോഹന്നാനെ ഏൽപ്പിക്കുന്നു.
"യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു.പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു." (യോഹന്നാൻ 19:26,27).
സൂര്യനെ കാർമേഘങ്ങൾ മറച്ചു തുടങ്ങി. ദേശത്ത് അന്ധകാരം വ്യാപിക്കാൻ തുടങ്ങി. യേശു അതിവേദനയോടെ നിലവിളിച്ചു.എനിക്കു ദാഹിക്കുന്നു എന്ന് പറഞ്ഞു. പടയാളികളിൽ ഒരുത്തൻ പുളിവീഞ്ഞ് യേശുവിനു കുടിക്കാനായി ഈസോപ്പ് തണ്ടിന്മേൽ നൽകി.കാനാവിലെ കല്യാണനാളിൽ പച്ചവെള്ളത്തെ മേൽത്തരം വീഞ്ഞാക്കിയ യേശു ആ പുളിവിഞ്ഞു കുടിച്ചു. “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു"(ലൂക്കോസ് 23:46) കൊണ്ട് യേശു മരിച്ചു. ഈ സമയം ദേവാലയത്തിലെ തിരശ്ശീല രണ്ടായി കീറി. ഭൂമി കുലുങ്ങി,പാറകൾ പിളർന്നു, കല്ലറകൾ തുറന്നു നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു. (മത്തായി 27:51,52)
13. യേശുവിന്റെ മൃതശരീരം മാതാവിന്റെ മടിയില്‍ കിടത്തുന്നു
യേശു കുരിശിൽ മരിക്കുമ്പോൾ കുറച്ച് സ്ത്രികൾ അവിടെ ഉണ്ടായിരുന്നു.(മത്തായി 27:55,56).
യേശു മരിച്ചു എന്ന് കണ്ടപ്പോൾ ജനങ്ങൾ മടങ്ങിപ്പോയി.(ലൂക്കോസ് 23:48). പിറ്റേന്ന് ശബത്ത് ആയതുകൊണ്ട് അന്ന് ക്രൂശിൽ നിന്ന് മൃതശരീരം എടുക്കാൻ ഇടയാകാതിരിക്കാൻ വെള്ളിയാഴ്ച വൈകിട്ട് ക്രൂശിൽ തറച്ചവരുടെ കാൽ ഒടിച്ച് എടുക്കാനായി യഹൂദന്മാർ പീലാത്തോസിനോട് അപേക്ഷിച്ചു. പീലാത്തോസിന്റെ സമ്മതം വാന്ങിയ പട്ടാളക്കാർ വന്ന് ജീവൻ ശേഷിച്ചിരുന്ന കള്ളന്മാരുടെ മുട്ടുകൾ ഒടിച്ചു. യെശു മരിച്ചു എന്ന് കണ്ടപ്പോൾ മുട്ട്കാൽ ഒടിക്കാതെ മരണം ഉറപ്പിക്കാൻ പടയാളികളിൽ ഒരുത്തൻ കുന്തം കൊണ്ട് യെശുവിന്റെ നെഞ്ചത്ത് കുത്തി.മുറിവിൽ നിന്ന് രക്തവും വെള്ളവും ഒഴുകി(യോഹന്നാൻ 19:32)
സന്ധ്യയായപ്പോൾ അരിമഥ്യക്കാരനായ യോസേഫ് പീലാത്തോസിന്റെ അരികിൽ ചെന്ന് യെശുവിനെ അടക്കാനുള്ള അനുവാദം വാന്ങി. യേശൂവിന്റെ മൃതശരീരം കുരിശീൽ നിന്ന് ഇറക്കി മാതാവിന്റെ മടിയിൽ കിടത്തി (മാതാവിന്റെ മടിയിൽ കിടത്തിയതായി വേദപുസ്തകത്തിൽ പറയുന്നില്ലങ്കിലും ,ക്രൈസ്തവ പാരമ്പര്യം അനുസരിച്ച് മൃതശരീരം മാതാവിന്റെ മടിയിൽ കിടത്തിയതായി വിശ്വസിക്കുന്നു).
14. യേശുവിന്റെ മൃതശരീരം കല്ലറയില്‍ സംസ്ക്കരിക്കുന്നു
(മത്തായി 27:60, മർക്കോസ് 15:46, ലൂക്കോസ് 23:53 , യോഹന്നാൻ 19:42)
നിക്കോദിമോസ് മൃതശരീരം ഏറ്റെടുത്ത്, മൃതശരീരം നൂറുറാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു ശീലയിൽ പൊതിഞ്ഞു. യേശുവിനെ ക്രൂശിച്ച സ്ഥലത്തിനരികെ ഒരു തോട്ടവും അതിൽ ഒരു കല്ലറയും ഉണ്ടായിരുന്നു. ആ കല്ലറയിൽ ഇതുവരെ ആരയും അടക്കിയിട്ടില്ലായിരുന്നു. നിക്കോദിമോസ് യഹൂദ ആചാരപ്രകാരം യെശുവിന്റെ മൃതശരീരം ആ കല്ലറയിൽ അടക്കി. കല്ലറയുടെ വാതിക്കലിൽ വലിയ ഒരു കല്ലും ഉരുട്ടിവെച്ചു. യഹൂദന്മാർ പീലാത്തോസിന്റെ അനുമതിയോടെ ആ കല്ലറയുടെ മുന്നിൽ കാവൽക്കാരയും നിയമിച്ചു.
(ചിത്രങ്ങൾ ഗൂഗിളിൽ നിന്ന്)
നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ ,bible stories , malayalam bible stories , ഉപവാസം , നോമ്പ് ,കുരിശിന്റെ വഴി, Great Lent , 50 days great lent, , The crucifixion , Way of the Cross , Stations of the Cross