യഹൂദന്മാർ യേശുവിനെ രണ്ട് കള്ളന്മാരോടൊപ്പം ക്രൂശിൽ തറച്ചു. യേശുവിനെ ക്രൂശിൽ തറച്ചതുമുതൽ മരണ സമയം വരെയുള്ള മൂന്നു മണിക്കൂർ സമയം യേശു പറഞ്ഞ വാക്കുകളെ ആണ് ക്രൂശിലെ ഏഴ് മൊഴികൾ എന്ന് പറയുന്നത്. യേശുവിന്റെ അവസാനവാക്കുകൾ , യേശുവിന്റെ ഏഴ് മരണമൊഴികൾ എന്നൊക്കെ ഈ വാക്യങ്ങൾ അറിയപ്പെടൂന്നുണ്ട്. ക്രൂശിലെ മൊഴികൾ ഇവയാണ്.
1. "പിതാവേ ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കണമേ" -: ലൂക്കോസ് 23:34
2. "ഇന്ന് നീ എന്നോടു കുടെ പറുദീസയില്‍ ഇരിക്കുമെന്ന് സത്യമായി നിന്നോടു പറയുന്നു" - : ലൂക്കോസ് 23:43
3. "സ്ത്രീയെ ഇതാ നിന്റെ മകന്‍" (അമ്മയോട്), "ഇതാ നിന്റെ അമ്മ" (ശിഷ്യനോടു ) -: (യോഹന്നാന്‍-19:26,27)
4. "എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്തു?" -: മത്തായി- 27:46 , മാര്‍ക്കോസ് 15:34 , സങ്കീ :22:1
5. "എനിക്ക് ദാഹിക്കുന്നു" -: ( യോഹന്നാന്‍-19:28)
6. നിവൃത്തിയായി -: ( യോഹന്നാന്‍-19:30)
7. "പിതാവേ ഞാന്‍ എന്റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്‍പ്പിക്കുന്നു" -: ലൂക്കോസ് 23:46
2. "ഇന്ന് നീ എന്നോടു കുടെ പറുദീസയില്‍ ഇരിക്കുമെന്ന് സത്യമായി നിന്നോടു പറയുന്നു" - : ലൂക്കോസ് 23:43
3. "സ്ത്രീയെ ഇതാ നിന്റെ മകന്‍" (അമ്മയോട്), "ഇതാ നിന്റെ അമ്മ" (ശിഷ്യനോടു ) -: (യോഹന്നാന്‍-19:26,27)
4. "എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്തു?" -: മത്തായി- 27:46 , മാര്‍ക്കോസ് 15:34 , സങ്കീ :22:1
5. "എനിക്ക് ദാഹിക്കുന്നു" -: ( യോഹന്നാന്‍-19:28)
6. നിവൃത്തിയായി -: ( യോഹന്നാന്‍-19:30)
7. "പിതാവേ ഞാന്‍ എന്റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്‍പ്പിക്കുന്നു" -: ലൂക്കോസ് 23:46
ഇതിലെ ഒന്നാമത്തയും നാലാമത്തെയും ഏഴാമത്തയും വാക്കുകൾ ദൈവത്തോടുള്ള സംസാരമാണ്.
രണ്ടാമത്തെ വാക്കുകൾ തന്നോടൊപ്പം ക്രൂശിക്കപെട്ട ഒരു കള്ളനോടാണ്. (വലതുവശത്തുള്ള കള്ളനോട് എന്ന് വിശ്വസിക്ക്കുന്നു)
മൂന്നാമത്തെ വാക്ക് തന്റെ അമ്മയോടൂം തന്റെ ശിഷ്യനായ യോഹന്നാനോടും പറയുന്നു.
അഞ്ചാമത്തെ വാക്ക് ക്രൂശിനു ചുറ്റും നിൽക്കുന്നവരോട് പറയുന്നു.
ആറാമത്തെ വാക്ക് സ്വയം പറയുന്നതാണ്.
1."പിതാവേ ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കണമേ" - ലുക്കോസ് 23:34
ജനക്കൂട്ടത്തിന്റെ നിർബന്ധപ്രകാരം പീലാത്തോസ് യേശുവിനെ ക്രൂശിക്കാനായി ജനങ്ങൾക്ക് ഏൽപ്പിച്ചു കൊടുക്കുന്നു. “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ”
റോമൻ പടയാളികളുടെ ക്രൂരമായ പീഡനങ്ങൽക്കു ശേഷം യേശു ക്രൂശുമായി കാൽവറി മലയിൽ എത്തുന്നു. അവിടെവെച്ച് യേശുവിന്റെ വസ്ത്രങ്ങൾ അവർ ചീട്ടിട്ടൂ എടുക്കുന്നു. കള്ളന്മാരോടൊപ്പം യേശുവിനെയും ക്രൂശിൽ തറയ്ക്കുന്നു. ദൈവത്തിന്റെ ഏകപുത്രനും യഹൂദന്മാരുടെ രാജാവുമായവനോടാണ് അസൂയകൊണ്ട് യഹൂദന്മാർ ക്രൂരമായി പെരുമാറുന്നത്. തന്നോട് ക്രൂരമായി പെരുമാറുകയും ക്രൂശിൽ തറയ്ക്കുകയും ചെയ്യുന്നവരോട് യേശു സ്വയം ക്ഷമിച്ച് അവർക്കുവേണ്ടീ പിതാവായ ദൈവത്തോട് അപേക്ഷിക്കുന്നു ,
ക്രൂശിലെ ക്ഷമിക്കുന്ന സ്നേഹത്തെ നമുക്കിവിടെ കാണാൻ കഴിയും.ക്ഷമയെക്കുറിച്ച് പഠിപ്പിച്ച യേശു തന്റെ ജിവിതത്തിലും ക്ഷമ എന്താണന്ന് കാണിച്ചു തരുന്നു. എന്റെ സഹോദരനോട് ഏഴുവട്ടം ക്ഷമിച്ചാൽ മതിയോ എന്ന് ചോദിക്കുന്ന പത്രോസിനോട് യേശു പറയുന്നത് ഇങ്ങനെയാണ് , “ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു” (മത്തായി 18:22). തനിക്കുള്ള വീതം വാന്ങിച്ചു കൊണ്ടുപോയി എല്ലാം നശിപ്പിച്ച തിരിച്ചുവരുന്ന മുടിയനായ പുത്രനോട് ക്ഷമിക്കുന്ന പിതാവിന്റെ സ്നേഹമായിരുന്നു ദൈവസ്നേഹം. മത്തായി 18:35 ല് യേശു പറയുന്നത് ഇങ്ങനെയാണ്, "നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെ തന്നേ നിങ്ങളോടും ചെയ്യും.”
മത്തായി 6:14-15 ലും യെശു ക്ഷമയെക്കുറിച്ച് പറയുന്നു, " നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല. " . യേശു പഠിപ്പിച്ച പ്രാർത്ഥനയിലും ക്ഷമയെക്കുറിച്ച് പറയുന്നു , "ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; " (മത്തായി 6:12)
യിരേമ്യാവു പ്രാവചകൻ ദൈവത്തോട് നടത്തുന്ന ഒരു പ്രാർത്ഥനയുണ്ട്, "യഹോവേ, എന്റെ മരണത്തിന്നായുള്ള അവരുടെ ആലോചനയൊക്കെയും നീ അറിയുന്നു; അവരുടെ അകൃത്യം ക്ഷമിക്കരുതേ; അവരുടെ പാപം നിന്റെ മുമ്പിൽനിന്നു മായിച്ചുകളയരുതേ; അവർ തിരുമുമ്പിൽ ഇടറിവീഴട്ടെ; നിന്റെ കോപത്തിന്റെ കാലത്തു തന്നേ അവരോടു പ്രവർത്തിക്കേണമേ." (യിരേമ്യാവ് 18:23). പക്ഷേ യേശു കാലവറിയിൽ തന്നെ മരണത്തിനായി ഏൽപ്പിച്ചവർക്കുവേണ്ടി അവരോട് ക്ഷമിക്കാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു. വേദപുസ്തകം പരിശോധിച്ചാൽ നമുക്ക് ക്ഷമിക്കുന്ന ദൈവത്തെ കാണാൻ കഴിയും. കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോടു അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവും ആകുന്നു.(സങ്കീർത്തനം 86:5)
ഒരാളെ വയലിൽ കൊന്നിട്ടിരിക്കുന്നതു കാണുകയും കൊലപാതകൈ ആരാണന്ന് അറിയാതിരിക്കുകയും ചെയ്യുമ്പോൾ പട്ടണത്തിലെ മൂപ്പന്മാർ പാപപരിഹാരം ചെയ്ത് കുറ്റമില്ലാത്ത രക്തത്തിന്റെ പാപം നീക്കണമെന്ന് ആവർത്തനപുസ്തകം 21 ആം അദ്ധ്യായത്തിൽ പറയുന്നു. "യഹോവ, നീ വീണ്ടെടുത്തിട്ടുള്ള നിന്റെ ജനമായ യിസ്രായേലിനോടു ക്ഷമിക്കേണമേ; നിന്റെ ജനമായ യിസ്രായേലിന്റെ മദ്ധ്യേ കുറ്റമില്ലാത്ത രക്തം ഇരിപ്പാൻ ഇടവരുത്തരുതേ എന്നു പറയേണം; എന്നാൽ ആ രക്തപാതകം അവരോടു മോചിക്കപ്പെടും." (ആവർത്തനം 21:8) . കുറ്റം ചെയ്യാത്തവനായ യേശുവിന്റെ രക്തം ഇവിടെ ചീന്തപ്പെട്ടിരിക്കുന്നു. അവന്റെ രക്തം തങ്ങളുടേയും തങ്ങളുടെ തലമുറകളുടേയ് മേൽ വരട്ടെ എന്നാണ് യഹൂദന്മാർ പീലാത്തോസിനോട് പറഞ്ഞത്. പക്ഷേ യേശു അവർക്ക് വേണ്ട് ദൈവത്തോട് അപേക്ഷിക്കുന്നു.
2. ഇന്ന് നീ എന്നോടു കുടെ പറുദീസയില്‍ ഇരിക്കുമെന്ന് സത്യമായി നിന്നോടു പറയുന്നു"- ലുക്കോസ് 23:43
യേശുവിനോടൊപ്പം രണ്ട് ദുഷ്പ്രവൃത്തിക്കാരെ (കള്ളന്മാരെ) , ഒരുവനെ യേശുവിന്റെ ഇടത്തും മറ്റവനെ വലത്തുഭാഗത്തുമായും ക്രൂശിൽ തറച്ചു. ക്രൂരമായ വേദന അനുഭവിക്കുമ്പോൾ കള്ളന്മാരിൽ ഒരുത്തൻ "നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക" എന്നു പറഞ്ഞു. ചെയ്ത കുറ്റങ്ങളുടെ ഫലമായിട്ടാണ് തനിക്ക് മരണ ശിക്ഷ കിട്ടിയത് എന്ന് അവനറിയാമായിരുന്നെങ്കിലും അവനപ്പോഴും യേശുവിനെ കൂട്ടുപിടിച്ച് രക്ഷപെടൻ ശ്രമിക്കുകയായിരുന്നു. ക്രൂശുമരണത്തിൽ നിന്ന് രക്ഷപെടാൻ കഴിയുന്നില്ല എന്ന് കണ്ടപ്പോൾ അവൻ യേശുവിനെ ദുഷിക്കാനും തുടങ്ങി. ഇതുകേട്ടപ്പോൾ മറ്റേ കള്ളൻ യേശുവിനെ ദുഷിച്ച കള്ളനെ ശാസിക്കാൻ തുടങ്ങി. തങ്ങൾ ചെയ്ത ദുഷ്പ്രവൃത്തിയുടെ ശിക്ഷയാണ് തങൾക്ക് ലഭിച്ചതന്ന് അവൻ മറ്റേ കള്ളനെ ഓർമ്മിപ്പിക്കുന്നു."നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു". അവൻ യേശുവിനോട് പറയുന്നു , "യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ". യേശു ദൈവത്തിന്റെ പുത്രനാണന്നും യഹൂദന്മാരുടെ രാജാവാണന്നും അവൻ വിശ്വസിച്ചിരുന്നു. യേശു അവനോട് പറയുന്നു ,“ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു”. പ്രത്യാശ നൽകുന്ന വാഗ്ദാനമാണ് അത്. യേശുവിനെ അവന്റെ ക്രൂശ് എടുത്ത് അനുഗമിക്കുന്നവർക്കുള്ള വാഗ്ദാനമായിരുന്നു അത്. കാൽവറിയിലെ വാഗദാനം. പറുദീസയുടെ വാഗ്ദാനം. ആദ്യമനുഷ്യനായിരുന്ന ആദാം നഷ്ടപ്പെടുത്തിയ പറുദീസയുടെ അനുഭവം രണ്ടാം ആദാം വാഗ്ദാനം ചെയ്യുന്നു.
നമ്മുടെ കർത്താവിന്റെ രാജത്വത്തെക്കുറിച്ച് വെളിപാടു പുസ്തകത്തിൽ പറയുന്നത് നോക്കുക.
1. ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി. (വെളിപ്പാടു 11:15)
2.അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു. (വെളിപ്പാടു 19:6)
യേശുവിന്റെ വാഗ്ദാനം
മർക്കൊസിന്റെ സുവിശെഷം 10 ആം അദ്ധ്യായത്തിൽ സെബദിപുത്രന്മാര്‍ "നിന്റെ മഹത്വത്തിൽ ഞങ്ങളിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിക്കാൻ വരം നല്കേണം" എന്നു യേശുവിനോട് പറയുമ്പോൾ യെശു പറയുന്നത് ഇങ്ങനെയാണ് "എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതോ എന്റേതല്ല; ആർക്കു ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും" (മർക്കോസ് 10:40). പക്ഷേ കാൽവറിയിലെ സഹനപീഡാമരണസമയത്ത് തന്നെ ഓർക്കണമെന്ന് പറയുന്ന കള്ളനോട് യേശു പറയുന്നു "ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും".
യേശുവിനെ അനുഗമിക്കുന്നവർക്ക് നൽകുന്ന വാഗ്ദാനമാണ് തന്നോടൊപ്പമുള്ള വാസം. "ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും"എന്നു പത്രോസ് ചോദിക്കുമ്പോൽ യേശു നൽകുന്ന മറുപിടി ഇതാണ് "“എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും"(മത്തായി 19:28). അനുഗമിക്കുന്നവർക്ക് നിത്യജീവനും അവൻ വാഗ്ദാനം ചെയ്യുന്നു."പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിന്നു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു." (യോഹന്നാൻ 17:24)
3."സ്ത്രീയെ ഇതാ നിന്റെ മകന്‍"(അമ്മയോട്), "ഇതാ നിന്റെ അമ്മ"(ശിഷ്യനോടു ) - (യോഹന്നാന്‍-19:26,27)
സ്വന്തം മകന്റെ ക്രൂശുമരണത്തിനു സാക്ഷിയാകേണ്ടിവന്ന അമ്മ. "നിന്റെ സ്വന്തപ്രാണനിലൂടെ ഒരു വാൾ കടക്കും" എന്ന ശിമ്യോൻ പറഞ്ഞത് മറിയം ഓർത്തിരിക്കണം. സ്വന്തം മകൻ പീഡനങ്ങൾ സഹിച്ച് കാൽവറിയിലേക്ക് നടന്നപ്പോൽ ആ അമ്മയുടെ ഓർമ്മയിൽ തെളിഞ്ഞത് എതായിരിക്കും.33 വർഷങ്ങൾക്ക് മുമ്പ് ബേത്ളേഹെം പട്ടണത്തിൽ നിറവയറുമായി വേദന സഹിച്ച് പ്രസവിക്കാൻ അല്പം സ്ഥലം തിരക്കി നടന്നത് ആ അമ്മ ഓർത്തിരിക്കണം. തന്റെ കുഞ്ഞിന്റെ ജനനം മുതൽ മരണവരെയുള്ള ജീവിതം ആ അമ്മയുടെ മനസിൽ തെളിഞ്ഞിരിക്കണം. യേശുവിന്റെ പരസ്യ ജീവിതം ആരംഭിക്കുന്നത് കാനാവിലെ കല്യാണനാളിൽ വെള്ളം വീഞ്ഞാക്കിയായിരുന്നു. തന്റെ മകൻ ആരാണന്നും അവനു എന്ത് ചെയ്യാൻ കഴിയും എന്ന് അറിഞ്ഞിരുന്ന ആ അമ്മ മകനോട് "അവർക്ക് വീഞ്ഞില്ല" എന്ന് പറയുമ്പോൾ "സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്തു?" എന്നു മകൻ പറഞ്ഞെങ്കിലും മകൻ അവരെ സഹായിക്കുമെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു, അതുകൊണ്ടാണല്ലോ "അവൻ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്‍വിൻ" എന്ന് ആ അമ്മ കല്യാണവിരുന്നു ശാലയിലെ ശുശ്രൂഷ്ക്കാരോട് പറഞ്ഞത്. അമ്മയും മകനും തമ്മിലുള്ള ബന്ധം എത്ര ഗാഡമായിരുന്നു. മകനെ പൂർണ്ണമായും മനസിലാക്കിയ അമ്മ.
ചെയ്യാത്ത കുറ്റത്തിനു മകന് മരണശിക്ഷ വിധിക്കുമ്പോൾ ചങ്ക് തകർന്നെങ്കിലും ആ അമ്മനെ അവന്റെ മരണവഴിയിലൂടേയുള്ള യാത്രയിൽ പങ്കാളിയായി. മകന് ഏൽക്കുന്ന ഓരോ ചാട്ടവാറടിയും വേദനപ്പിച്ചത് അവളുടെ ഹൃദയത്തെയായിരുന്നു.മകനെ ക്രൂശിൽ തറയ്ക്കുന്നതും അവൻ വേദനകൊണ്ട് പുളയുന്നതും നിസഹായതോടെ ആ അമ്മ നോൽക്കി നിന്നു. അവൾക്ക് തന്റെ മകനെ ഉപേക്ഷിച്ച് പോകാൻ മനസില്ലായിരുന്നു. മകൻ മരണത്തിലെക്ക് കടന്നു പോകുന്ന ഓരോ നിമിഷവും അവളുടെ ജീവനും നഷ്ടപ്പെടുകായിരുന്നു. തന്റെ മുലപ്പാൽ കുടിച്ച് വിശപ്പ് മാറ്റിയ മകൻ ദാഹജലത്തിനു വേണ്ടി കേഴുന്നത് ആ അമ്മ കണ്ടു. ആ അമ്മ നിസഹായ ആയിരുന്നു. അവളുടെ മാതൃത്വം വിങ്ങി. തന്റെ മടിയിൽ കാലിട്ടിടിച്ച് മുഖം മാറിൽ ഒളിപ്പിച്ച് മുലപ്പാൽ നുകർന്ന കുഞ്ഞിനെ അവൾ ഓർത്തിരിക്കണം....
അമ്മ.. തന്റെ അമ്മ.. വേദനയോടെ സ്ഥലം അന്വേഷിച്ച് അവസാനം പശുത്തോഴുത്തിൽ തന്നെ പ്രസവിച്ച തന്റെ അമ്മ.ദേവാലയത്തിൽ തന്നെ കാണാതെപ്പോയപ്പോൾ പരിഭ്രമത്തോടെ അന്വേഷിച്ച് വന്ന അമ്മ.. മരപ്പണിശാലയിൽ എപ്പോഴും ചിരിച്ച മുഖത്തോടെ തന്നയും അപ്പനേയും സഹായിച്ച അമ്മ.. കാനാവിൽ വിരുന്നുകാരെ സഹായിക്കാൻ തന്നോട് ആവശ്യപ്പെട്ട അമ്മ... യേശുവിന്റെ മനസിലൂടയും അമ്മയും താനുമായുള്ള ഓരോ നിമിഷവും കടന്നു പോയി, തന്റെ മരണശേഷം തന്റെ അമ്മയ്ക്ക് ഇനി ആരുണ്ട്? തനിക്ക് വേണ്ടി ജീവിച്ച അമ്മ തന്റെ മരണം ഹൃദയവേദനയോടെ നോക്കി നിൽക്കുന്നു. ലോകത്ത് ഒരമ്മയ്ക്കും വരാൻ പാടില്ലാത്ത വിധി. താൻ എത്രമാത്രം തന്റെ അമ്മയെ സ്നേഹിക്കുന്നുണ്ട്... അതാ തന്റെ അമ്മയോടൊപ്പം താൻ ഏറ്റവും സ്നേഹിക്കുന്ന ശിഷ്യൻ,യോഹന്നാൻ.
"സ്ത്രീയേ, ഇതാ നിന്റെ മകൻ"(യോഹന്നാൻ 19:26) യേശു തന്റെ അമ്മയോട് പറഞ്ഞു. "ഇതാ നിന്റെ അമ്മ" (യോഹന്നാൻ 19:27) എന്ന് ആ ശിഷ്യനോടും പറഞ്ഞു. തന്റെ അമ്മയെ മകൻ തനിക്ക് ഏറ്റവും വിശ്വാസവും സ്നേഹവുമുള്ള ഒരാളെ ഏൽപ്പിച്ചു. ആ ശിഷ്യൻ തന്റെ ഗുരുവിന്റെ അമ്മയെ തന്റെ വീട്ടിൽ കൈക്കോള്ളുകയും ചെയ്തു.
അമ്മയും മകനും തമ്മിലുള്ള ഗാഡമായ ബന്ധം നമുക്കിവിടെ, ഈ ക്രൂശിൽ കാണാൻ കഴിയും. മരണസമയത്ത് ആ മകൻ ചിന്തിച്ചിരുന്നത് തന്റെ മാതാവിനെക്കുറിച്ചുകൂടിയായിരുന്നു. വർത്തമാനകാലത്തിലേക്ക് നമ്മളൊന്ന് നോക്കുക, ദിവസംതോറും ഉയരുന്ന വൃദ്ധസദനങ്ങൾ, മക്കൾ അവിടെക്ക് തങ്ങളുടെ മാതാപിതാക്കളെ വലിച്ചെറിയുന്നു. പണം നൽകി ഒഴിവാക്കുന്ന പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും ഭാരങ്ങൾ!!. ഓർക്കുക ക്രൂശിൽ വേദനകൊണ്ട് രക്തം ഒഴുക്കി മരിച്ച ആ മകൻ തന്റെ മാതാവിനെ എത്രയും സ്നേഹിച്ചിരുന്നു വെന്ന്.
4. "എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്തു ?" - മത്തായി- 27:46, (മാര്‍ക്കോസ് 15:34, സങ്കീ :22:1)
യേശു ക്രൂശിൽ കിടന്നതു മൂന്നു മണിക്കൂർ സമയം സൂര്യൻ ഇരുണ്ടു പോയി. ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു. (മര്‍ക്കോസ് 15:34).
ദൈവപുത്രനാണങ്കിലും മനുഷ്യാവതാരമെടുത്ത ക്രിസ്തു മനുഷ്യനെപോലെ തന്റെ പിതാവിനെ അതി വേദനയോടെ വിളിക്കുന്നു. ദാവീദിന്റെ 22 ആം സങ്കീർത്തനത്തിലെ ആദ്യ വാക്യം ആണ് യേശു വേദനയോടെ പറയുന്നത്. "എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു?" (സങ്കീർത്തനം 22:1).
നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവർ എന്റെ കൈകളെയും കാലുകളെയും തുളെച്ചു.എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവർ എന്നെ ഉറ്റുനോക്കുന്നു. എന്റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു. (സങ്കീർത്തനം 22:16-18) യേശുവിന്റെ ക്രൂശുമരണ സമയത്ത് ഈ സങ്കീർത്തന വാക്യങ്ങൾ എങ്ങനെ സംഭവിച്ചു എന്ന് നമുക്കറിയാം.
യേശുവിന്റെ ക്രൂശുമരണത്തിനു മുമ്പ് അവനെ യഹൂദന്മാർ പിടിക്കുന്നതിനുമുമ്പും ഒരു മനുഷ്യന്റെ വികാരങ്ങളൊടുകൂടി യേശു നടത്തിയ പ്രാർത്ഥന നമുക്ക് കാണാൻ കഴിയും.
"പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു." (മത്തായി 26:39).
"രണ്ടാമതും പോയി: “പിതാവേ, ഞാൻ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ” എന്നു പ്രാർത്ഥിച്ചു."(മത്തായി 26:42)
അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു. (മർക്കോസ് 14:36)
പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ” എന്നു പ്രാർത്ഥിച്ചു.(ലൂക്കോസ് 22:42)
കഷ്ടതകൾ നീങ്ങിപ്പോകാൻ പ്രാർത്ഥിക്കുന്ന ഉടനെ തന്നെ യേശു തന്റെ പിതാവിനോട് പറയുന്നു, എന്റെ ഇഷ്ടമല്ല നടക്കേണ്ടത്,നിന്റെ ഇഷ്ടം തന്നെയാണ്.
5. "എനിക്ക് ദാഹിക്കുന്നു"- ( യോഹന്നാന്‍-19:28)
വീണ്ടും മനുഷ്യപുത്രനായി അവതരിച്ച യേശുക്രിസ്തു മനുഷ്യന്റെ വേദനയോടെ ദാഹജലത്തിനായി കേഴുന്നു.തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.
എന്തായിരുന്നു ആ തിരുവെഴുത്തു? സങ്കീർത്തനം 69 ല്‍ നമുക്ക് ആ തിരുവെഴുത്ത് കാണാം.
ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവന്നും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും. അവർ എനിക്കു തിന്നുവാൻ കൈപ്പു തന്നു; എന്റെ ദാഹത്തിന്നു അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു. (സങ്കീർത്തനം 69 :20-21). ഈ തെരുവെഴുത്ത് പോലെ പട്ടാളക്കാർ യേശുവിനു പുളിച്ച വീഞ്ഞ് നൽകുന്നു.
അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോടു അടുപ്പിച്ചു.(യോഹന്നാൻ 19:29)
കാൽവറിയിലേക്കുള്ള വഴിയിൽ പട്ടാളക്കാർ യേശുവിനു കണ്ടിവെണ്ണ കലർത്തിയ വീഞ്ഞു നൽകാൻ ശ്രമിച്ചു എങ്കിലും യേശു അത് വാന്ങിയിരുന്നില്ല (ലൂക്കോസ് 15:23). സകലത്തിന്റെയും നാഥനായ യേശുവിന് ക്രൂശിൽ ഒരിറ്റ് ദാഹജലമായി കിട്ടിയത് പുളിച്ച വീഞ്ഞ്!!
“ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല." (യോഹന്നാൻ 6:35) എന്നും “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ." (യോഹന്നാൻ 7:37) എന്നും പറഞ്ഞ യേശു ക്രിസ്തു ക്രൂശിൽ ദാഹജലത്തിനായി കേഴുന്നു. യേശു ദാഹജലത്തിനായി ക്രൂശിൽ നിന്ന് പറയുമ്പോൾ പുളിവീഞ്ഞു കൊടുക്കുമ്പോൾ യേശു ക്രിസ്തു നലകിയ വാഗ്ദാനം ഓർക്കുക, "ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” (യോഹന്നാൻ 4:14) . “നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” (യോഹന്നാൻ 4:10)
യേശുവിന്റെ ഈ വാക്കുകൾ നമ്മുടേ ചെവിയിൽ മുഴങ്ങണം ,
"എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല." (മത്തായി 25:42).
നമുക്കെങ്ങനെ നമ്മുടെ നാഥനെ സ്വീകരിക്കാൻ കഴിയും. അതിനും യേശു ഉത്തരം നൽകുന്നു. "എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു" (മത്തായി 25:40)
6. നിവൃത്തിയായി - ( യോഹന്നാന്‍-19:30)
യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.(യോഹന്നാൻ 19:30).തിരുവെഴുത്തുകളുടെ പൂർത്തീകരണമാണ് നിവൃത്തിയായി
എന്നതുകൊണ്ട് യേശു ക്രിസ്തു പറയുന്നത്. യേശുവിന്റെ ജനനം മുതൽ ഇപ്പോൽ ക്രൂശു മരണംവരെയും എല്ലാം തിരുവചനങ്ങളുടെ നിവൃത്തിയാകൽ ആയിരുന്നു. പ്രവാചകന്മാർ പറഞ്ഞതെല്ലാം യേശുവിന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരുന്നു. യേശു ക്രിസ്തു തന്നെ പറയുന്നു
അവനെ അധർമ്മികളുടെ കൂട്ടത്തിൽ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു” എന്നു പറഞ്ഞു. (ലൂക്കോസ് 22:37).
പിന്നെ അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു . (ലൂക്കോസ് 24:44).
ദൈവത്തിന്റെ ഏകജാതനായ പുത്രൻ മനുഷ്യവേഷത്തിൽ എന്തിനായിരുന്നു ഈ ലോകത്തിൽ ജന്മം എടുത്തത്? "മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” (മത്തായി 20:28),
"മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു." (മർക്കോസ് 10:45),
"കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു”(ലൂക്കോസ് 19:10) എന്ന് യേശു ക്രിസ്തു തന്നെ പറയുന്നു.
മനുഷ്യർക്കുവേണ്ടി കുറ്റമില്ലാത്തവൻ ക്രൂശിൽ ബലിയായി തീർന്നു.
"എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ." (1തിമൊഥെയൊസ് 2:6)
ആടുകൾക്കു വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു. (യോഹന്നാൻ 10:15) എന്നാണ് യേശു പറയുന്നത്.
യേശു ക്രിസ്തു തന്റെ ജീവനെക്കുറിച്ച് യോഹന്നാൻ 10 ന്റെ 17,18 ല് പറയുന്നത് ഇങ്ങനെയാണ്.
" എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു. ആരും അതിനെ എന്നോടു എടുത്തുകളയുന്നില്ല; ഞാൻ തന്നേ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാൻ എനിക്കു അധികാരം ഉണ്ടു; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ടു; ഈ കല്പന എന്റെ പിതാവിങ്കൽ നിന്നു എനിക്കു ലഭിച്ചിരിക്കുന്നു."
7. "പിതാവേ ഞാന്‍ എന്റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്‍പ്പിക്കുന്നു" - ലൂക്കോസ് 23:46
പീലാത്തോസിന്റെ അരമനമുതൽ കാൽവറിയിലേക്കുള്ള വഴിയിലും പീഡനങ്ങൾ സഹിച്ച യേശു നാഥൻ ഉച്ചയ്ക്ക് പന്ത്രണ്ടു മണിമുതൽ മൂന്നുമണിവരെയുള്ള മൂന്നുമണിക്കൂർ സമയം അതിവേദനയോടെ ക്രൂശിൽ കിടന്നു. വലതുവശത്തുള്ള കള്ളന് അവൻ പറുദീസ വാഗ്ദാനം “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.(ലൂക്കോസ് 23:46).
ചെയ്യുന്നു. തന്റെ മാതാവിനെ തന്റെ പ്രിയപ്പെട്ട ശിഷ്യന്റെ കൈയ്യിൽ ഏൽപ്പിക്കുന്നു. തിരുവെഴുത്തുകൾ എല്ലാം നിവൃത്തിയാകുന്നു. അവൻ ദാഹജലം ചോദിച്ചപ്പോൾ പട്ടാളക്കാർ അവനു പുളിച്ച വീഞ്ഞു നൽകി. അതവൻ കുടിച്ചു. യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.(ലൂക്കോസ് 23:46).
ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ ചീന്തി,പാറകൾ പിളർന്നു,ഭൂകമ്പം ഉണ്ടായി, കല്ലറകൾ തുടക്കപ്പെട്ടു. ഇതെല്ലാം കണ്ടപ്പോൾ ശതാധിപൻ 'യേശു നീതിമാൻ ആയിരുന്നു' എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി. പീലാത്തോസ് മൂന്നുപ്രാവിശ്യം വിസ്തരിച്ചിട്ടൂം യേശുവിൽ ഒരു കുറ്റവും കാണാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ ജനക്കൂട്ടത്തിനു വേണ്ടീ പീലാത്തോസിനു യേശുവിനെ മരണത്തിനു ഏൽപ്പിക്കേണ്ടീവന്നു.
ക്രൂശിലെ യേശുവിന്റെ അവസാന മൊഴി സങ്കീർത്തനത്തിലെ ഒരുവാക്യവുമായി ബന്ധപ്പെടുത്തേണ്ടിയിരിക്കുന്നു. "നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു." (സങ്കീർത്തനം 31:5)
ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്ന് വിശേഷ്ണം സ്വീകരിച്ച് പാപികളെ സ്നേഹിക്കുന്ന യേശു ക്രിസ്തു തന്റെ ജീവൻ അവർക്കായി നൽകി.
സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.(യോഹന്നാൻ 15:13)
പഴയ നിയമത്തിലെ പെസഹകുഞ്ഞാട് അറക്കപ്പെടൂന്ന സമയത്ത് പുതിയ നിയത്തിലെ കുഞ്ഞാട് സ്വയം ബലിയായി തീർന്നിരിക്കുന്നു. പുതിയ നിയമത്തിലെ പെസഹകുഞ്ഞാട് യെശു ക്രിസ്തു തന്നെയാണ്.
നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിൻ. നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ.(1കൊരിന്ത്യർ 5:7)
ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ. (1 പത്രൊസ് 1:19)
വെളിപാടു പുസ്തകത്തിൽ യേശുക്രിസ്തുവിനെ കുഞ്ഞാടായി പലയിടത്തും സൂച്ചിപ്പിച്ചിട്ടൂണ്ട്.
നഗരത്തിന്റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനവും അതിൽ കുഞ്ഞാടിന്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ടു. (വെളിപ്പാടു 21:14)
അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു. (വെളിപ്പാടു 5:12)
രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു. (വെളിപ്പാടു 7:10)
നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു.(വെളിപ്പാടു 21:23)
കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ളേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല. (വെളിപ്പാടു 21:27)
(ചിത്രങ്ങൾ ഗൂഗിളിൽ നിന്ന്)
Label :: നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , bible stories , malayalam bible stories , ഉപവാസം , നോമ്പ്, ദുഃഖവെള്ളി , good friday, ഉയർപ്പ് , ഈസ്‌റ്റർ, easter, കുരിശിലെ വചനങ്ങൾ , ക്രൂശിലെ വചനങ്ങൾ , അവസാന വാക്കുകൾ , ഏഴ് മൊഴികൾ , യേശുവിന്റെ അവസാന വാക്കുകൾ , THE SEVEN WORDS OF JESUS ON THE CROSS , The Seven Last Words of Christ , 7 Last Words of Jesus , last words from the cross , great lent