ലൂക്കോസ് 11:9-21
ലൂക്കോസിന്റെ സുവിശേഷം 11 ആം അദ്ധ്യായം തുടങ്ങുന്നത് ശിഷ്യന്മാരുടെ ആവശ്യപ്രകാരം യേശു അവരെ പ്രാർത്ഥിപ്പിക്കാൻ പഠിപ്പിക്കൂന്നതോടെയാണ്. ലൂക്കോസ് 11:9-21 സുവിശേഷഭാഗത്തെ നമുക്ക് രണ്ട് ഭാഗങളാക്കി ചിന്തിക്കാവുന്നതാണ്.
1.പ്രാർത്ഥനയുടെ/യാചനയുടെ ശക്തിയെക്കുറിച്ചുള്ള പ്രബോധനം (9-13)
2. ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രത്യാശ (14-21)
1.പ്രാർത്ഥനയുടെ/യാചനയുടെ ശക്തിയെക്കുറിച്ചുള്ള പ്രബോധനം (9-13)
ശിഷ്യന്മാരെ പ്രാർത്ഥിപ്പിക്കാൻ പഠിപ്പിച്ചതിനുശേഷമുള്ള പ്രാർത്ഥനയെക്കുറിച്ചുള്ള യേശുവിന്റെ പ്രബോധനങ്ങളാണ് ഈ ഭാഗത്തിൽ. അപ്പനോട് മകൻ ആവശ്യപ്പെടുന്നതെല്ലാം കൊടുക്കുന്നുവെങ്കിൽ ദൈവം തമ്പുരാൻ തന്നോട് യാചിക്കൂന്നവർക്ക് പരിശുദ്ധാത്മാവിനെ നൽകും എന്നാണ് യേശുക്രിസ്തു ശിഷ്യന്മാരോട് പറയുന്നത്. 13 ആം വാക്യം ഇപ്രകാരമാണ്, "അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും." യാചനകളുടെ ഫലമായി നന്മകൾ കൊടുക്കുന്ന ദൈവത്തിന്റെ കൃപാവരത്തെ വാക്കുകളിലൂടെ യേശു സൃഷ്ടിക്കുന്നു. അതിനു അപ്പനും മകനും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ ദൃഡതയെ ഉപമയാക്കി പറയുന്നു.
നമ്മുടെ ഓരോരുത്തരുടേയും പ്രാർത്ഥനയ്ക്കും ഓരോരോ ലക്ഷ്യങ്ങൾ ഉണ്ടാവും. നമ്മളെ സംബന്ധിച്ച് പ്രാർത്ഥന എന്ന് പറയുന്നത് ദൈവവുമായുള്ള കൊടുക്കൽ വാങ്ങലുകളാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സാമ്പത്തിക ഉയർച്ചയോ സാമൂഹികമായ ഉയർച്ചയോ ഒക്കെയാണ് നമ്മുടെ പ്രാർത്ഥനയുടെ ലക്ഷ്യം. നമ്മുടെ ആവശ്യങ്ങളെ അറിയുന്ന ദൈവം തമ്പുരാൻ നമ്മുടെ പ്രാർത്ഥനകളെ തള്ളിക്കളയാറില്ല. നമ്മളിൽ എത്രപേർ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർത്ഥിക്കാറുണ്ട്. ആത്മാവിന്റെ ഫലങ്ങളായ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം (ഗലാത്യർ 5:22) എന്നിവ നമ്മുടെ സ്വഭാവ സവിശേഷതകൾ ആകാൻ ദൈവത്തോട് അപേക്ഷിക്കുകയോ പ്രാർത്ഥിക്കുകയോ അതിനനുസരിച്ച് ജീവിതം ക്രമപ്പെടുത്താൻ ശ്രമിക്കാറുണ്ട്. നമ്മളെ സംബന്ധിച്ച് പരിശുദ്ധാത്മാവ് എന്നുള്ളത് പെന്തിക്കോസ്തി ദിവസത്തിൽ നമുക്ക് ലഭിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. പക്ഷേ നമ്മൾ ഓർത്തിരിക്കേണ്ട ഒരു കാര്യമുണ്ട്, വിശുദ്ധമാമോദീസായിൽ കൂടി നമ്മളിൽ പരിശുദ്ധാത്മാവിന്റെ നിറവുണ്ടായിക്കഴിഞ്ഞു. നമുക്ക് ലഭിച്ച പരിശുദ്ധാത്മാവിന്റെ ശ്കതി നമ്മളിൽ എപ്പോഴും ഉണ്ടോ ചിന്തിക്കേണ്ടതാണ്. "ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക." എന്ന് പൗലോസ്ശ്ലീഹ ഗലാത്യർക്ക് എഴുതിയ ലേഖനം 5 ആം അദ്ധ്യായം 25 ആം വാക്യത്തിൽ പറയുന്നു.
പുതിയ നിയമം വായിക്കുമ്പോൾ , സ്നാന സമയത്തും പ്രാർത്ഥന സമയത്തും പരിശുദ്ധാത്മാവിനെ പ്രാപിച്ചതായി പല സന്ദർഭങ്ങളിലും നമുക്ക് കാണാൻ സാധിക്കും. യോർദ്ദാൻ നദിയിൽ സ്നാനം ഏൽക്കുമ്പോഴാണ് യേശുക്രിസ്തുവിന്മേൽ പരിശുദ്ധാത്മാവ് പ്രാവെന്നപോലെ ആവസിക്കുന്നത്. പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി. (ലൂക്കോസ് 10:21). ഇതിനെക്കൂറിച്ച് യോഹന്നാൻ സ്നാപകൻ പറയുന്നത് ഇങ്ങനെയാണ് , "ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു." (യോഹന്നാൻ 1:33). അപ്പോസ്തോല പ്രവർത്തികൾ 4 ആം അദ്ധ്യായം 31 ആം വാക്യത്തിൽ നമുക്ക് ഇങ്ങനെ വായിക്കാം, "ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.". അപ്പോസ്തോല പ്രവർത്തികൾ 8 ആം അദ്ധ്യായം 14 മുതൽ 17 വരെയുള്ള ഭാഗത്ത് പ്രാർത്ഥനയുടെ ഫലമായി പരിശുദ്ധാത്മാവിനെ ലഭിച്ചതിനെക്കുറിച്ച് പറയുന്നുണ്ട്. ദൈവ വചനം കൈക്കൊണ്ട് സ്നാനം ഏറ്റിരുന്ന ശമര്യർക്ക് പത്രോസിന്റെയും യോഹന്നാന്റെയും പ്രാർത്ഥനയുടെ ഫലമായി പരിശുദ്ധാത്മാവിനെ ലഭിക്കൂന്നതാണ് ഈ വേദഭാഗത്ത് കാണാൻ കഴിയുന്നത്.
"അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു. അവർ ചെന്നു, അവർക്കു പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവർക്കായി പ്രാർത്ഥിച്ചു. അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു. അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു."
പത്രോസിന്റെ പ്രർത്ഥനയുടെ ഫലമായി സ്നാനം ഏറ്റ് ക്രിസ്ത്യാനികളായി മാറിയ താണ ജാതിയിൽ ഉള്ളവർക്ക് പരിശുദ്ധാത്മാവിനെ ലഭിച്ച സംഭവം അപ്പോസ്തോല പ്രവൃത്തികൾ 10 ആം അദ്ധ്യായത്തിൽ നമുക്ക് കാണൻ കഴിയും. "ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു. അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു. നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. " (പ്രവൃത്തികൾ 10 :44-47)
2. ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രത്യാശ(14-21)
ഇനിയും നമ്മുടെ ചിന്ത ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രത്യാശയെക്കുറിച്ചാണ്. യേശു ഊമയായ ഭൂതത്തെ പുറത്താക്കിയപ്പോൾ ഊമൻ സംസാരിച്ചു. അതുകണ്ട ജനങ്ങളിൽ കുറച്ചാളുകൾ പറയുന്നത് ഭൂതങ്ങളുടെ തലവനായ ബെയത്സെബൂലെക്കോണ്ടാണ് യേശു ഭൂതത്തെ പുറത്താക്കിയതന്ന്. അതിനു യേശു നൽകുന്ന മറുപിടിയിൽ ശ്രദ്ധേയമായ ഭാഗമാണ് ലൂക്കോസിന്റെ സുവിശേഷം 11ആം അദ്ധ്യായം 20 ആം വാക്യം. "എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം". സമാനമായ വേദഭാഗം നമുക്ക് മത്തായിയുടേ സുവിശേഷം 12 ആം അദ്ധ്യായത്തിലും കാണാൻ കഴിയും. "ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം. " (മത്തായി 12:28).
നമ്മൾ ഓരോ ക്രിസ്ത്യാനിയുടെയും പ്രത്യാശ എന്നുള്ളത് നമ്മൾ ഓരോരുത്തരും ദൈവരാജ്യത്തിന്റെ അവകാശികൾളാകും എന്നുള്ളതാണ്. ഒരു മനുഷ്യന്റെ പ്രത്യാശ എന്നുള്ളത് അവന്റെ വിശ്വാസവുമായി ബന്ധപ്പെടുന്നതാണ്. വിശ്വാസമില്ലങ്കിൽ പ്രത്യാശിക്കാൻ നമുക്ക് കഴിയില്ല. എബ്രായ ലേഖനം 11 ആം അദ്ധ്യായം 1 ആം വാക്യത്തിൽ പറയുന്നത് , "വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.". വിശ്വാസം എന്നതു തന്നെയാണ് പ്രാർത്ഥനയുടെയും യാചനയുടെയും അടിസ്ഥാന തത്വം. യാചിച്ചാൽ കിട്ടും എന്നുള്ള വിശ്വാസം കൊണ്ടാണ് യാചിക്കാൻ നമ്മൾ തയ്യാറാകുന്നത്. യാചിച്ചാൽ കിട്ടൂം , അന്വേഷിച്ചാൽ കൻടെത്താൻ കഴിയും മുട്ടിയാൽ തുറക്കും എന്നുള്ള വിശ്വാസം ആണ് നമ്മളെ പ്രാർത്ഥനയുമായി ബന്ധിപ്പിക്കൂന്നത്.
എവിടെയാണ് ദൈവരാജ്യം??
എവിടെയാണ് ദൈവരാജ്യം? എപ്പോഴാണ് ദൈവരാജ്യം വരുന്നത്? നമ്മുടെ ഉള്ളിൽ ഉൻടാകുന്ന സംശയങ്ങൾക്ക് യേശു തന്നെ ഉത്തരം നൽകിയിട്ടുണ്ട്.. ലൂക്കോസിന്റെ സുവിശേഷം 17 ആം അദ്ധ്യായത്തിൽ നമുക്കിതിനുള്ള ഉത്തരം കാണാവുന്നതാണ്. ദൈവരാജ്യം എപ്പോഴാണ് വരുനതെന്ന് പരീശന്മാർ ചോദിക്കുമ്പോൾ യേശു ക്രിസ്തു നൽകുന്ന ഉത്തരം നമ്മൾ ക്രിസ്ത്യാനികൾ എപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കെണ്ടതാണ്. " ദൈവരാജ്യം എപ്പോൾ വരുന്നു എന്നു പരീശന്മാർ ചോദിച്ചതിന്നു: “ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു; ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ ”എന്നു അവൻ ഉത്തരം പറഞ്ഞു." (ലൂക്കോസ് 17:21). യേശുക്രിസ്തു ചെയ്ത പ്രവൃത്തികളെല്ലാം ദൈവത്തിന്റെ ശക്തികൊണ്ട് ചെയ്തതാണ് എന്ന് വിശ്വസിക്കുമ്പോൾ നമ്മ്ടെ ഇടയിൽതന്നെ 'ദൈവരാജ്യം' ഉണ്ട് എന്നുള്ള വിശ്വാസവും നമ്മുടെ ഉള്ളിൽ ഉണ്ടാകണം.
ദൈവരാജ്യത്തിനെക്കുറിച്ച് പറയുമ്പോൾ യേശു രണ്ട് ഉപമകൾ പറയുന്നുണ്ട്. കടുകുമണിയോടും പുളിച്ചമാവിനോടും സദൃശ്യപ്പെടുത്തിയാണ് യേശു ദൈവരാജ്യത്തെക്കുറിച്ച് പറയുന്നത് . ഒരു മനുഷ്യൻ എടുത്തു തന്റെ തോട്ടത്തിൽ ഇട്ട കടുകുമണിയോടു അതു സദൃശം; അതു വളർന്നു വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്റെ കൊമ്പുകളിൽ വസിച്ചു. (ലൂക്കോസ് 13:19) , “ദൈവരാജ്യത്തെ ഏതിനോടു ഉപമിക്കേണ്ടു? അതു പുളിച്ചമാവിനോടു തുല്ല്യം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ ചേർത്തു എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു” എന്നു പറഞ്ഞു. (ലൂക്കോസ് 13:20,21). മർക്കോസിന്റെ സുവിശേഷം 4 ആം അദ്ധ്യായത്തിലും ചില ഉപമകൾ യേശു പറയുന്നുണ്ട്.
എന്താണ് ദൈവരാജ്യം? ദൈവരാജ്യത്തിന്റെ പ്രത്യേകത എന്താണ്? നമ്മൾ കരുതിയിരിക്കൂന്നത് തന്നെയാണോ ദൈവരാജ്യം? ദൈവരാജ്യത്തെക്കുറിച്ച് പൗലോസ് ശ്ലീഹ റോമർക്ക് എഴുതിയ ലേഖനം 14 ആം അദ്ധ്യായം 17 ആം വാക്യത്തിൽ പറയുന്നുൻട്. "ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ." നീതിയും സമാധാനവും സന്തോഷവും നിറഞ്ഞു നിൽക്കുന്ന ഒരു ലോകമാണ് ദൈവരാജ്യം. നമ്മൾ ജീവിക്കൂന്ന ഈ ലോകത്ത് ഈ പറയുന്ന മൂന്നും ഇന്ന് അന്യം നിന്നുപോവുകയാണ്. സമ്പത്തും അധികാരവും ഉള്ളവന് ഒരു നീതിയും അതില്ലാത്തവന് മറ്റൊരു നീതിയും എന്നുള്ളതാണ് നമ്മുടെ ലോകത്തിന്റെ ഇന്നത്തെ അവസ്ഥ. അടിച്ചമർത്തപ്പെടുകയും പാർശ്വവത്ക്കരിക്കപ്പെടൂകയും ചെയ്യുന്നവരുടെ നീതിയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ആകുലപ്പെടാൻ ആരുമില്ലാതായിരിക്കൂന്നു. സത്യസന്ധരായ ഭരണാധികാരികൾ ഭരണം നടത്തുമ്പോൾ മാത്രമേ എല്ലാവർക്കും തുല്യനീതി ഉറപ്പാക്കാൻ കഴിയൂ. വ്യവസ്ഥാപിതമായ രീതിയിൽ അനീതിയിൽ കെട്ടിഉയർത്തിയ ഭരണ സംവിധാനക്രമത്തിൽ തുല്യനീതിയെപ്പറ്റി ചിന്തിക്കുന്നത് തന്നെ വിഢിത്തമാണ്. പക്ഷേ അനീതിയെ ചോദ്യം ചെയ്തുകൊൻട് യരുശലേം ദൈവാലയത്തിൽ തന്നെ ചാട്ടവാർ ഉയർത്തിയത് വ്യവസ്ഥാപിതമായ രിതിയിൽ വളർന്ന അനീതിക്കെതിരെ ഒരു പൊളിച്ചെഴുത്ത് നടത്താനാണ്. ദൈവാലയത്തെ കച്ചവടശാലയാക്കി മാറ്റി ഭക്തരെ ചൂഷ്ണം ചെയ്യുന്ന മതമേലധികാരികൾക്ക് ശിക്ഷ നൽകാൻ യേശുക്രിസ്തു ചാട്ടവാറുമായി ഇറങ്ങിയെങ്കിൽ ഇന്ന് അതേ യേശുക്രിസ്തുവിന്റെ പേരിൽ എന്താണ് നമ്മൾ ദൈവാലയങ്ങളീൽ കാണിച്ചു കൂട്ടൂന്നത്??
എല്ലാ മതങ്ങളുടെയും സാരാംശം എന്നുള്ളത് സമാധാനം ആണ്. പക്ഷേ മതങ്ങളുടെ പേരിൽ തന്നെ ജനങ്ങൾ തമ്മിൽ തല്ലുമ്പോൾ, പരസ്പരം വെട്ടിമരിക്കുമ്പോൾ , മത തീവ്രവാദം ശക്തമാകുമ്പോൾ ലോകത്തിന്റെ സമാധാനം നഷ്ടമാവുകയാണ്. നീതിയും സമാധാനവും ഉറപ്പായ ഒരു വ്യവസ്ഥിതിയിൽ സന്തോഷം സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നാണ്. നീതിയും സമാധാനവും പൂർണ്ണമാകുന്ന ഒരു ലോകം നമ്മുടെ ഇടയിൽ എന്ന് ഉൻടാകും എന്നുള്ളത് നമ്മളെ സംബന്ധിച്ച് ഒരു ചോദ്യ ചിഹ്നം ആണ്.
ആരെല്ലാമാണ് ദൈവരാജ്യത്തിന്റെ അവകാശികൾ ആകുന്നത്? ശിശുവിനെപ്പോലെ ആകാത്തവർക്ക് ദൈവരാജ്യത്തിൽ കടപ്പാൻ കഴിയില്ല എന്ന് യ്യെശു തന്നെ പറയുന്നുൻട്. മർക്കോസിന്റെ സുവിശേഷം 10 ആം അദ്ധ്യായം 15 ആം വാക്യത്തിൽ യേശു ഇങ്ങനെ പറയുന്നു . "ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു." നമൂക്ക് മറ്റ് ചില വേദഭാഗങ്ങളിലും ഇത് കാണാൻ കഴിയും. “നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു." (മത്തായി 18:3). യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടു: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ. (മർക്കോശ് 10:14). ദൈവരാജ്യത്തെ ശിശുഎന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. (ലൂക്കോസ് 18:17). ഒരു കുഞ്ഞിന്റെ സവിശേഷത എന്ന് പറയുന്നത് നിഷ്കളങ്കതയാണല്ലോ? നിഷ്കളങ്കരായവർക്ക് ദൈവരാജ്യത്തിൽ കടപ്പാൻ കഴിയും.
നമുക്ക് ദൈവരാജ്യത്തിന് അവകാശികൾ ആകാൻ കഴിയുമോ?? യോഹന്നാന്റെ സുവിശേഷം 3 ആം അദ്ധ്യായം 5 ആം വാക്യത്തിൽ യേശു നിക്കോദിമോസിനോട് പാറയുന്നത് ഇങ്ങനെയാണ്, "വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല." . വി. മാമോദീസായിൽ കൂടി നമ്മൾ വെള്ളത്താലും ആത്മാവിനാലും ജനിച്ചു കഴിഞ്ഞു. പക്ഷേ ഈ ജനനത്തിന്റെ ശക്തിപൂർണ്ണത നശിപ്പിക്കാതെ മുന്നോട്ട് തുടർ ജീവിതം നയിച്ചെങ്കിൽ മാത്രമെ ദൈവരാജ്യത്തിന്റെ അനുഭവം നമ്മുടെ ഇടയിൽ ഉണ്ടാവുകയുള്ളു. ആത്മാവിനാലും വെള്ളത്താലും ജനിച്ചു എന്നതുകൊൻട് മാത്രം ദൈവരാജ്യത്തിന് അവകാശിയാകാൻ കഴിയുകയില്ല. പൗലോസ് ശ്ലീഹ കോരിന്ത്യർക്ക് എഴുതിയ ഒന്നാം ലേഖനം 6 ആം അദ്ധ്യായം 9-10 ആം വാക്യത്തിൽ പറയുന്നു, "അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ,കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല." മറ്റ് ചില വേദഭാഗങ്ങൾ കൂടി ഓർക്കുക.
ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. (മത്തായി 19:24)
യേശു അവരോടു പറഞ്ഞതു: “ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ കടക്കുന്നു എന്നു സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു. (മത്തായി 21:31)
യേശു അവനോടു: “കലപ്പെക്കു കൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിന്നു കൊള്ളാകുന്നവനല്ല ” എന്നു പറഞ്ഞു. (ലൂക്കോസ് 9:62)
വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു. (അപ്പോസ്തോല പ്രവൃത്തികൾ 14:22)
സഹോദരന്മാരേ, മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാൻ പറയുന്നു. (1 കോരിന്ത്യർ 15:50)
ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു. (ഗലാത്യർ 5:21)
അന്യായമായ അവകാശങ്ങളിൽ നിന്ന് നാം ഓരോരുത്തരും ഒഴിഞ്ഞു നിന്നാൽ നീതിയും സമാധാനവും നമ്മുടെ ഇടയിൽ ഉൻടാകും. ദൈവത്തോടുള്ള യാചനയിലൂടെ ലഭിക്കുന്ന പരിശുദ്ധാത്മാവ് വഴി ദൈവരാജ്യത്തിന് അവകാശികൾ ആകാൻ നമുക്ക് കഴിയണം.
ദൈവമാതാവിന്റെ വാങ്ങിപ്പിനുശേഷമുള്ള രണ്ടാമത്തെ ഞായറാഴ്ച.