Monday, October 14, 2019

ഈസേബെൽ , അഥല്യ : ക്രൂരതയുടെ പര്യായങ്ങൾ

അധികാരത്തിനും സമ്പത്തിനും വേണ്ടി വ്യാജരേഖകൾ ഉണ്ടാക്കുകയും കൊലപാതകങ്ങൾ നടത്തുകയും ചെയ്‌ത രണ്ട് സ്ത്രി കഥാപാത്രങ്ങൾ ബൈബിളിൽ ഉണ്ട് ; ഈസേബെലും അഥല്യയും.

ഈസേബെൽ
യിസ്രായേലിലെ രാജാവായ ആഹാബിന്റെ ഭാര്യ ആയിരുന്നു ഈസേബെൽ. (സീദോന്യരാജാവായ എത്ത്-ബാലിന്റെ മകളാണ് ഈസേബെൽ). ആഹാബിന്റെ കൊട്ടാരത്തിനടുത്ത് നാബോത്ത് എന്ന ആൾക്ക്ൊരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആഹാബ് നാബോത്തിനോട് ആ മുന്തിരിത്തോട്ടം തനിക്ക് ചീരത്തോട്ടം ഉണ്ടാക്കാനായി നൽകാൻ ആവിശ്യപ്പെട്ടു എങ്കിലും നാബോത്ത് അത് നൽകിയില്ല. ആഹാബ് ഭക്ഷണമൊന്നും കഴിക്കാതിരിക്കൂന്നതു കണ്ട് കാര്യം അന്വേഷിച്ച ഈസേബെലിനോട് നാബോത്ത് മുത്തിരി തോട്ടം നൽകാത്ത കാര്യം ആഹാബ് പറഞ്ഞു. നാബോത്തിന്റെ മുന്തിരിത്തോട്ടം താൻ വാങ്ങിനൽകുമെന്ന് ആഹാബിനോട് ഈസേബെൽ പറഞ്ഞു.  ആഹാബിന്റെ പേരിൽ ഒരു എഴുത്ത് എഴുതി ആഹാബിന്റെ ഒപ്പൊക്കെ ഇട്ട് ഈസേബെൽ നാബോത്തിന്റെ പട്ടണത്തിലെ പ്രധാനികൾക്ക് അയച്ചു കൊടൂത്തു. നാബോത്തിനെ ചതിയിൽക്കൂടി കൊല്ലണമെന്നും അതിനുള്ള മാർഗ്ഗവുമായിരുന്നു ഈസേബെൽ എഴുത്തിൽ എഴുതിയിരുന്നത്. ഈസേബെലിന്റെ എഴുത്തിൽ എഴുതിയിരുന്നതുപോലെ പട്ടണത്തിലെ പ്രധാനികൾ നാബോത്തിനെ കല്ലെറിഞ്ഞു കൊന്നു. ഈസേബേൽ അതിനുശേഷം ആഹാബിനെ നാബോത്തിന്റെ മുന്തിരിത്തോട്ടം സ്വന്തമാക്കാൻ പറഞ്ഞു വിട്ടു. പക്ഷേ ആ മുന്തിരിത്തോട്ടം സ്വന്തമാക്കാൻ ആഹാബിന് കഴിഞ്ഞില്ല. മാത്രമല്ല ആഹാബിന്റെ മകനായ യോരാം‌മിനെ യേഹൂ (യേഹൂ പിന്നീട് യിസ്രായേലിലെ രാജാവായി) നാബോത്തിന്റെ സ്ഥലത്ത്‌വെച്ച് കൊലപ്പെടൂത്തി. ഈസേബേലിനെ യേഹൂവിന്റെ നിർദ്ദേശപ്രകാരം കൊട്ടാരത്തിന്റെ മുകളിൽ നിന്ന് തള്ളി താഴെയിട്ട് കൊലപ്പെടുത്തി. താഴെവീണ ഈസേബേലിന്റെ ശരീരം നായ്‌ക്കൾ തിന്നുകയും ചെയ്തു...... ആഹാബിന്റെ എഴുപത് പുത്രന്മാരെയും യേഹൂ കൊലപ്പെടൂത്തി.

അഥല്യ
ഈസേബേലിനെക്കാൾ ക്രൂരയായിരുന്നു അഥല്യ. യെഹൂദാ രാജാവായ അഹസ്യാവിന്റെ അമ്മയായിരുന്നു അഥല്യ. ( യിസ്രായേൽരാജാവായ ഒമ്രിയുടെ കൊച്ചുമകളും ആഹാബിന്റെ മകളും കൂടിയായിരുന്നു അഥല്യ. അഹസ്യാവിന്റെ പിതാവ് യെഹോരാം മിന്റെ ഭാര്യ കൂടിയായിരുന്നു അഥല്യ. ബന്ധം നോക്കി വരുമ്പോൾ ഈസേബേലിന്റെ മകളാണ് അഥല്യ).
യെഹൂദാരാജാവായ അഹസ്യായെ യേഹൂ തന്നെ കൊലപ്പെടുത്തി. മാത്രമല്ല അഹസ്യായുടെ 42 സഹോദരന്മാരെയും യേഹൂ കൊലപ്പെടൂത്തി. ഇനിയും രാജാവകാശികളായി ആ രാജവംശത്തിൽ അവശേഷിക്കുന്നത് അഹസ്യാവിന്റെ മക്കൾ മാത്രം. മകനായ അഹസ്യാവ് മരിച്ചു എന്നറിഞ്ഞപ്പോൾ അഥല്യ രാജസന്തതികളെയെല്ലാം കൊന്നുകളഞ്ഞു. ഇതിനിടയ്ക്ക് അഹസ്യാവിന്റെ സഹോദരിയായ യെഹോശേബക്ക് രാജകുമാരന്മാരിലൊരാളായ യോവാശിനെ രക്ഷിക്കാൻ സാധിച്ചു. അഥല്യ കാണാതെ യോവാശിനെ ഒരിടത്ത് ഒളിപ്പിച്ചു. രാജ്യഭരണത്തിന് അവകാശികൾ ആകേണ്ട കൊച്ചുമക്കളെയെല്ലാം കൊന്നു എന്ന് ആശ്വസിച്ച് അഥല്യ യെഹൂദ ദേശത്തിന്റെ ഭരണം ഏറ്റെടുത്തു... അഥല്യായുടെ ഭരണത്തിന് ആറു വർഷത്തിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ.

അഹസ്യാവിന്റെ സഹോദരിയായ യെഹോശേബക്ക് രാജകുമാരന്മാരിലൊരാളായ യോവാശിനെ രക്ഷിച്ച കാര്യം പറഞ്ഞല്ലോ. പുരോഹിതനായ യെഹോയാദാ ആയിരുന്നു യെഹോശബത്തിന്റെ ഭർത്താവ് . യോവാശ് രാജകുമാരനെ യെഹോയാദായും യെഹോശബത്തും കൂടി ആറു വർഷം ദൈവാലയത്തിൽ ഒളിപ്പിച്ചു. യോവാശ് രാജകുമാരന് ഏഴുവയസായപ്പോൾ  യെഹോയാദാ രാജകുമാരനെ പുറത്തുകൊണ്ടൂവരാൻ തീരുമാനിച്ചു. അതിനുമുമ്പ് യെഹോയാദാ യെഹൂദാനഗരങ്ങളിൽ സഞ്ചരിച്ച് എല്ലാ പുരോഹിതരെയും ഭവനത്തലവന്മാരെയും യെരുശലേമിലെ ദൈവാലയത്തിൽ എത്തിച്ച് എല്ലാവരുടേയും സഹായം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. എല്ലാവരുടേയും സഹായത്തോടെ യെഹോയാദാ പുരോഹിതൻ യോവാശ് രാജകുമാരനെ രാജാവാക്കി വാഴിച്ചു. രാജാവേ, ജയജയ എന്നു ജനങ്ങൾ ആർത്തുവിളിക്കുന്നതുകേട്ടാണ് അഥല്യാ ദൈവാലയത്തിൽ എത്തിയത്. അഥല്യാ എതിർപ്പ് പ്രകടിപ്പിച്ചു എങ്കിലും ആരും അവളെ സഹായിക്കാനില്ലായിരുന്നു. രാജധാനിക്കരികിൽ വെച്ച് അഥല്യായെ ജനങ്ങൾ വാളുകൊണ്ട് കൊന്നു.

രാജ്യത്തിന്റെ ഭരണാധികാരിയാകാൻ തന്റെ കൊച്ചുമക്കളെ എല്ലാം കൊന്നുകളഞ്ഞ അഥല്യയ്ക്ക് ആറുവർഷത്തിനു ശേഷം രാജസിംഹാസനത്തിൽ ഇറങ്ങേണ്ടി വന്നു എന്നു മാത്രമല്ല തന്റെ ജനങ്ങളുടെ കൈയ്യാൽ കൊല്ലപ്പെടുകയും ചെയ്തു.

സ്വത്തുക്കളും അധികാരവും എല്ലാം  തെറ്റായ മാർഗ്ഗങ്ങളിൽ കൂടി പിടിച്ചെടുത്ത് സ്വന്തമാക്കാൻ ശ്രമിച്ചാൽ താൽക്കാലികമായി അതിന് സാധിച്ചാലും ശാശ്വതമായ ഒരു നിലനിൽപ്പ് അതിനുണ്ടാവുകയില്ല എന്ന് ഈസേബെലും അഥല്യയും നമ്മളെ കാണിച്ചു തരുന്നു....