Tuesday, February 25, 2020

ദൈവത്തിൽ നിന്ന് ഒളിച്ചോടുന്നവർ


മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. (ഉല്പത്തി 3:8).

ഏദൻതോട്ടത്തിൽ മനുഷ്യനും ഭാര്യയും ഒരുമിച്ച് ദൈവത്തെ അനുസരിച്ച് കഴിയുമ്പോൾ പ്രലോഭനങ്ങളുമായി സാത്താൻ അവരുടെ അടുത്ത് എത്തുന്നു. സാത്താന് വളരെവേഗം സ്ത്രിയെ തന്റെ കെണിയിൽ വീഴ്ത്താൻ കഴിഞ്ഞു.  തിന്നരുത് എന്ന് ദൈവം പറഞ്ഞ വൃക്ഷഫലം സാത്താന്റെ വാക്ക് കേട്ട് ദൈവത്തെപ്പോലെ ആകാൻ വേണ്ടി ഏദൻതോട്ടത്തിന്റെ നടവിൽ നിൽക്കുന്ന വൃക്ഷത്തിന്റെ ഫലം  സ്ത്രി പറിച്ച് കഴിച്ചു. പക്ഷേ സംഭവിച്ചത് എന്താണ്? തങ്ങൾ നഗ്നരാണന്ന് അറിഞ്ഞ് അവർ അത്തിയിലകൊണ്ട് അരയാട ഉണ്ടാക്കി ധരിച്ചു. ദൈവത്തിന്റെ വാക്കുകേട്ട് അവനെ അനുസരിച്ച് കഴിഞ്ഞപ്പോഴും അവർ നഗ്നരായിരുന്നു. പക്ഷേ  അന്നവർക്ക് അവരുടെ നഗ്നത തിരിച്ചറിയാൻ കഴിഞ്ഞില്ല. ദൈവത്തിൽ നിന്ന് പിൻമാറിയപ്പോൾളവർക്ക് തങ്ങളുടെ നഗ്നതയെ തിരിച്ചറിയാൻ പറ്റി. ദൈവത്തോടൊപ്പം ആയിരുന്നപ്പോൾ അവർക്ക് തങ്ങളുടെ കുറവുകളെ തിരിച്ചറിയാൻ സാധിച്ചില്ല, ദൈവത്തിൽ നിന്ന് എപ്പോ പിൻമാറിയോ ആ സമയം മുതൽ അവർക്ക് തങ്ങളുടെ കുറവുകളെ കുറിച്ച് ഭയപ്പെടാൻ തുടങ്ങി.

നമ്മുടെ ജീവിതത്തിലേക്ക് ഒന്നു നോക്കൂ. ദൈവത്തോടൊപ്പം നടക്കുമ്പോൾ നമ്മുടെ കുറവുകളെക്കുറിച്ച് ഭയപ്പെടേണ്ട കാര്യം നമുക്കില്ല. കാരണം ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു അവന്റെ നാമം പരിശുദ്ധം തന്നേ. (ലൂക്കോസ് 1:49). ദൈവത്തോടൊപ്പം നടന്ന ഒരു മനുഷ്യന്റെ കഥയുണ്ട്. ഒരു മനുഷ്യൻ അവന്റെ സന്തോഷനാളുകളിൽ കടൽക്കരയിലൂടെ നടക്കുകയായിരുന്നു. അദൃശ്യനായ ദൈവം അവനോടൊപ്പം ഉണ്ടായിരുന്നു. അവരിങ്ങനെ സംസാരിച്ചുകൊണ്ട് നടന്നു. കടൽക്കരയിലെ മണലിൽ തന്റെ കാൽപ്പാദങ്ങളൊടൊപ്പം കാണുന്ന കാൽപ്പാദങ്ങൾ ദൈവത്തിന്റെ ആണന്ന് അവനറിയാമായിരുന്നു. നാളുകൾ കഴിഞ്ഞു, അവന്റെ ജീവിതത്തിൽ  പ്രയാസങ്ങൾ ഉടലെടുത്തു. അവനപ്പോഴും കടൽക്കരയിലൂടെ നടക്കും. പ്രയാസകാലങ്ങൾക്ക് ശേഷം വീണ്ടും സന്തോഷ നാളൂകൾ. ദൈവത്തോട് അവൻ ചോദിച്ചു, " നോക്കൂ, ദൈവമേ, പ്രയാസകാലഘട്ടത്തിൽ നീ പോലും എന്നെ ഉപേക്ഷിച്ചു. കടൽക്കരയിലെ കാൽപ്പാദങ്ങൾ നോക്കൂ. ആ സമയങ്ങളിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ നോക്കൂ നിന്റെ കാൽപ്പാദങ്ങൾ കൂടി എന്നോടൊപ്പം ഉണ്ട്". ദൈവം അവനോട് പറഞ്ഞു. "നീ ആ കാൽപ്പാദങ്ങൾ ഒന്നു കൂടി നോക്കൂ, എന്റെങ്കിലും പ്രത്യേകത കാണുന്നുണ്ടോ?" അവൻ തന്റെ സങ്കടകാലത്തെ കാൽപ്പാദങ്ങൾ നോക്കി. എന്നിട്ട് ദൈവത്തോട് പറഞ്ഞു. " എന്റെ സങ്കടകാലഘട്ടത്തിലെ കാൽപ്പാദങ്ങൾക്ക് വളരെ താഴ്ചയുണ്ട്. ". ദൈവം അവനോട് പറഞ്ഞു. "അത് നിന്റെ കാൽപ്പാദങ്ങൾ അല്ല. എന്റെ കാൽപ്പാദങ്ങൾ ആണ്. നിന്റെ സങ്കടകാലത്ത് ഞാൻ നിന്നെ എന്റെ കൈകളിൽ വഹിക്കുകയായിരുന്നു...".

വീണ്ടും നമുക്ക് ഏദൻതോട്ടത്തിലേക്ക് വരാം. മനുഷ്യനും ഭാര്യയും  തോട്ടത്തിന്റെ നടുവിൽ നിൽക്കുന്ന വൃക്ഷത്തിന്റെ ഫലം തിന്ന അന്ന് വെയിലാറിയ  സമയം ദൈവം പതിവുപോലെ ഏദൻതോട്ടത്തിൽ അവരെ കാണാനായി എത്തി. എന്നും ദൈവം വരുന്ന സമയത്ത് അവനെ കാണാൻ എത്തിയിരുന്ന മനുഷ്യനും ഭാര്യയും ഇന്ന് ദൈവം തോട്ടത്തിൽ നടക്കുന്ന ശബ്ദ്ദം കേട്ടയുടനെ അവൻ കാണാതിരിക്കാനായി വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. തന്നെ കാണാൻ മനുഷ്യനും ഭാര്യയും എത്താതിരുന്നപ്പോൾ ദൈവം അവരെ വിളിച്ചു. "മനുഷ്യാ നീ എവിടെ?" എന്ന് ദൈവം ചോദിച്ചു. തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്ന് മനുഷ്യൻ ദൈവത്തോട് വിളിച്ചു പറഞ്ഞു. ദൈവം അവനോട് ചോദിച്ചു , നീ നഗ്നനാണന്ന് ആരാണ് പറഞ്ഞത്? ഇത്രയും നാളും നഗ്നനായിരുന്ന മനുഷ്യനും സ്ത്രിക്ക് ഇതുവരെ അവരുടെ നഗ്നത അവർക്കൊരു ബുദ്ധിമുട്ടല്ലായിരുന്നുവെങ്കിൽ ഇപ്പോൾ അവർ തങ്ങളുടെ നഗ്നത മൂലം ഒളിച്ചിരിക്കൂകയാണ്. തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്ന് ദൈവം ഉടൻ ‌തന്നെ മനുഷ്യനോട് ചോദിച്ചു. മനുഷ്യൻ താൻ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്തം സ്ത്രിയുടെ മേൽ ആരോപിച്ചു. സ്ത്രി തന്റെ തെറ്റുകളുടെ ഉത്തരവാദിത്തം പാമ്പിന്റെ മേൽ ആരോപിക്കുന്നു.

ഇനി നമ്മുടെ ജീവിതത്തിലേക്ക് നോക്കൂ. നമ്മുടെ കുറവുകളെക്കുറിച്ച് പരാതിപറയുമ്പോൾ ദൈവം ചോദിക്കുന്നു, നിനക്ക് കുറവുകൾ ഉണ്ടന്ന് ആരാണ് പറഞ്ഞത്.? ദൈവത്തോടൊപ്പം നടക്കുമ്പോൾ അറിയാത്ത കുറവുകൾ ദൈവത്തിൽ നിന്ന് ഓടിയൊളിക്കുമ്പോൾ നമുക്ക് അനുഭവപ്പെടുന്നില്ലേ? സർവ്വശക്തിയുള്ള ദൈവം കൂടെയുള്ളപ്പോൾ നമ്മുടെ കുറവുകളെ നമ്മളെന്തിന് ഭയപ്പെടണം? .ദൈവം പിന്നെയും അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു (ഉല്പത്തി 35:11) . ഇസ്രായേൽ ജനതയെ ഈജിപ്റ്റിൽ നിന്ന് മോചിപ്പിക്കാൻ ദൈവം മോശയെ ദൈവത്തിന്റെ പർവ്വതമായ ഹോരേബിൽ വെച്ച് തിരഞ്ഞെടുക്കൂന്നത് എങ്ങനെയാണന്ന് ഒന്നു ചിന്തിച്ചു നോക്കൂ. ദൈവം തന്നെ തിരഞ്ഞെടുത്തു എന്നറിയുമ്പോൾ അതിൽ നിന്ന് ഒഴിവാകാൻ മോശ ഒരോരോ കാരണങ്ങൾ പറയുന്നുണ്ട്. അവൻ പറയുന്ന കാരനങ്ങളെയെല്ലാം ദൈവം തള്ളിക്കണഞ്ഞ് അവനെ ബലപ്പെടുത്തി തന്റെ തിരഞ്ഞെടുപ്പ് ശരിയാണന്ന് ദൈവം അവനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അവസാനം മോശ തന്റെ ശാരീരിക ബലഹീനതയെ ദൈവത്തിന്റെ മുമ്പിൽ അവതരിപ്പിക്കുന്നുണ്ട്.  മോശെ യഹോവയോടു: കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ചനാവുള്ളവനും ആകുന്നു എന്നു പറഞ്ഞു. (പുറപ്പാട് 4:10). അതിനു ദൈവം നൽകുന്ന മറുപിടി ശ്രദ്ധേയമാണ്.  യഹോവ അവനോടു: മനുഷ്യന്നു വായി കൊടുത്തതു ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക; ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും എന്നു അരുളിച്ചെയ്തു. (പുറപ്പാട് 4:11,12). എന്നിട്ടും മോശയ്ക്ക് സംശയമാണ് തന്നെക്കൊണ്ട് യിസ്രായേൽ ജനതയെ രക്ഷിക്കാൻ സാധിക്കുമോ എന്ന്. മോശയ്ക്ക് പകരം സംസാരിക്കാനായി മാത്രം ദൈവം അഹരോനെ മോശയോടൊപ്പം തിരഞ്ഞെടുത്തു. ആദ്യം ഭയപ്പെട്ട് അറച്ചു നിന്ന മോശയ്ക്ക് വളരെയേറെ തീക്ഷ്ണതയും ശക്തിയുള്ളവനായി യിസ്രായേൽക്കാരെ മിസ്രേമിൽ നിന്ന് തിരിച്ചുകൊണ്ടുവരാൻ സാധിച്ചത് ദൈവം അവനോടൊപ്പം ഉള്ളതുകൊണ്ടാണ്.

യിസ്രായേലിന്റെ ആദ്യരാജാവായി ദൈവം തിരഞ്ഞെടുത്ത് ശൗലിനെ ആയിരുന്നുവെല്ലോ. പക്ഷേ ശൗൽ ദൈവത്തിൽ നിന്ന് മാറിപ്പോകാൻ തുടങ്ങിയപ്പോൾ രാജസിംഹാസനത്തിൽ നിന്ന് ശൗലിനെ മാറ്റി ദാവീദിനെ രാജാവാക്കിയതും ദൈവമാണ്. ശീംശോന്റെ ജീവിതം ഒന്നു നോക്കൂ. ദൈവം അവനോടൊപ്പം ഉണ്ടായിരുന്നപ്പോൾ അവൻ എങ്ങനെയായിരുന്നു? ദൈവശക്തി അവന് നഷ്ടപെട്ടപ്പോൾ അവൻ തടവിലാക്കപ്പെട്ടു. വീണ്ടൂം ദൈവശക്തി അവനിലേക്ക് വന്നപ്പോൾ അവൻ കൂടുതൽ ശക്തിശാലിയായിമാറി. ബേർ-ശേബമരുഭൂമിയിൽ തന്റെ മകന്റെ മരണം കാത്തിരുന്ന  ഹാഗാറിനെ കാത്ത ദൈവം നമ്മുടെ തളർച്ചയിലും തകർച്ചയിലും കൈവിടുമോ? യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ  നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു. (ആവർത്തനം 31:8)

വീണ്ടൂം ഏദൻതോട്ടത്തിലേക്ക്... ദൈവത്തിൽ നിന്ന് ഒളിച്ചോടിയെങ്കിലും മനുഷ്യനും ഭാര്യയ്ക്കും ദൈവമുമ്പിൽ തന്നെ നിൽക്കേണ്ടീ വന്നുഎന്നു മാത്രമല്ല മനുഷ്യനും ഭാര്യയ്ക്കും ഏദൻതോട്ടത്തിൽ നിന്ന് പുറത്തുപോകേണ്ടിയും വന്നു. അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി. ഇങ്ങനെ അവൻ  മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ  ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി. (ഉല്പത്തി 3:23,24). നമുക്ക് ദൈവത്തോടൊപ്പം ചേർന്നു നിൽക്കാം. അവനോടൊപ്പം നിൽക്കുമ്പോൾ നമ്മുടെ കുറവുകൾ നമുക്ക് അനുഭവപ്പെടുകയില്ല.... സക്കായിയുടെ ജീവിതം ഒന്നു ഓർക്കൂ. ചുങ്കക്കാരനും പാപിയുമായ സക്കായി ദൈവത്തോട് ചേർന്നു നിന്നപ്പോൾ അവന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ എത്രമാത്രമായിരുന്നു... ഇമ്മാനൂവേൽ എന്ന വാക്കിന്റെ അർത്ഥം തന്നെ 'ദൈവം നമ്മോടുകൂടെ' എന്നാണല്ലോ...  ദൈവത്തിൽ നിന്ന് ഒളിച്ചോടാതെ നമ്മോടുകൂടെയുള്ള ദൈവത്തോടൊപ്പം ഒരുമിച്ച് നടന്ന് നമുക്ക് ഈ നോമ്പ്‌ യാത്ര പൂർത്തിയാക്കാം.....

great lent , നോമ്പുകാല ചിന്തകൾ , വലിയ നോമ്പ് , അമ്പത് നോമ്പ് , 50 നോമ്പ് , ക്ഷമ , വലിയ നോമ്പ് ചിന്തകൾ