നിത്യജീവനും സമ്പത്തിനോടുള്ള ഭ്രമവും :: ലൂക്കോസ് 18:18-27
സ്ലീബാ പെരുന്നാളിനു ശേഷം ആറാം ഞായറാഴ്ച.
ലൂക്കോസിന്റെ സുവിശേഷം 18 ആം അദ്ധ്യായം 18 മുതൽ 27 വരെയുള്ള വേദഭാഗത്ത് യേശുവും ധനവാനായ ഒരു യുവാവും തമ്മിലുള്ള സംഭാഷണം ആണ് നമ്മൾ വായിക്കൂന്നത് .നിത്യജിവനെ അവകാശമാക്കേണ്ടതിനു എന്തു ചെയ്യണം എന്നുള്ള ചോദ്യത്തിന് യേശു നൽകുന്ന ഉത്തരമാണ് ഈ വേദഭാഗം. രണ്ട് ചിന്തകളാണ് നമ്മൾ ഈ വേദഭാഗത്തിൽ നിന്ന് ചിന്തിക്കൂന്നത്.
ഒന്നാമതായി നിത്യജീവനെ അവകാശമാക്കാൻ നമ്മൾ എന്തു ചെയ്യണം എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് ചിന്തിക്കൂന്നത്.
രണ്ടാമതായി ദൈവരാജ്യത്തിലേക്കുള്ള പ്രവേശനവും സമ്പത്തിനോടുള്ള ഭ്രമവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്.
നിത്യജീവനെ അവകാശമാക്കാൻ എന്തു ചെയ്യണം?
ഒരു പ്രമാണി യേശുവിനോട് ചോദിക്കുന്നു, " നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം". കല്പനകളെ അനുസരിക്കുക എന്ന് യേശു പറയുമ്പോൾ അവയെല്ലാം താൻ ചെറുപ്പം മുതൽ തന്നെ അനുസരിക്കൂന്നുണ്ട് എന്നാണ് ലൂക്കൊസിന്റെ സുവിശേഷം 10 ആം അദ്ധ്യായത്തിലും നിത്യജീവന് അവകാശി ആകുവാൻ എന്തുചെയ്യണം എന്നുള്ള ന്യായശാസ്ത്രിയുടെ ചോദ്യത്തിന് യേശൂ ഉത്തരം നൽകുന്നുണ്ട്. അവിടയും യേശു ഉത്തരം നൽകുന്നത് ദൈവ കല്പനകളെ അനുസരിക്കുക എന്നതാണ്. ഈ ചോദ്യം ചോദിച്ച ന്യായശാസ്ത്രിയോടാണ് യേശു നല്ല കൂട്ടുകാരന്റെ ഉപമ പറയുന്നത്. (ലൂക്കോസ് 10 : 25-37)
പ്രമാണി പറയുന്നത്. യേശു അവനോട് പറയുന്നു, “ഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക”. സമ്പന്നനായ ആ പ്രമാണിക്കത് ഉൾക്കൊള്ളാൻ കഴിയാതെ മടങ്ങി പോകുന്നു. പ്രമാണി എന്നതിന് ചില വേദപുസ്തക പരിഭാഷകളിൽ കാണുന്നത് സമ്പന്നനായ യുവ ഭരണാധികാരി എന്നാണ്. തന്റെ സമ്പത്ത് മറ്റുള്ളവർക്ക് നൽകുക എന്ന് യേശു പറഞ്ഞത് അയാൾക്കൊരിക്കലും ചെയ്യാൻ കഴിയാത്തതാണ്. നമ്മുടെ ഓരോരുത്തരുടേയും എന്നപോലെ അയാളുടെ ജീവിത ലക്ഷ്യവും മറ്റുള്ളവരെക്കാൾ ധനം സമ്പാദിക്കുക എന്നുള്ളതായിരിക്കണം.
നിത്യജീവനു ആരാണ് അവകാശികൾ? നമ്മൾ എല്ലാവരും തന്നെ നിത്യജീവന് അവകാശികൾ ആണ്.
നിത്യജീവനെക്കുറിച്ച് വേദപുസ്തകത്തിൽ എന്താണ് പറയുന്നത്.
1. വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്.
1. യോഹന്നാന്റെ സുവിശേഷം 6 ആം അദ്ധ്യായം 40 ആം വാക്യത്തിൽ നമ്മൾ വായിക്കുന്നത് ഇങ്ങനെയാണ്. "പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും. ".
2. യോഹന്നാന്റെ സുവിശേഷം 6 ആം അദ്ധ്യായം 47 ആം വാക്യത്തിൽ യേശു പറയുന്നു, "ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു. "
3. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. (യോഹന്നാൻ 5:24)
4. ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ. (1 യോഹന്നാൻ 5:13)
2. വി.കുർബാന അനുഭവത്തിലൂടെ നിത്യജീവൻ ലഭിക്കും.
വിശുദ്ധ കുർബാന അനുഭവത്തിലൂടെ നമ്മൾ നിത്യജീവന്റെ അനുഭവത്തിലേക്ക് കടക്കുകയാണ്.
1. യോഹന്നാന്റെ സുവിശേഷം 6 ആം അദ്ധ്യായം 54 ആം വാക്യത്തിൽ യേശു പറയുന്നത് ഇങ്ങനെയാണ്. "എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും. "
2. ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” എന്നു ഉത്തരം പറഞ്ഞു. (യോഹന്നാൻ 4:14)
3. നിത്യജീവൻ നൽകുന്നതിനുള്ള അധികാരം ദൈവപുത്രനാണ്.
1. നീ അവന്നു നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികാരം നൽക്കിയിരിക്കുന്നുവല്ലോ. (യോഹന്നാൻ 17:2)
2. ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു. (1യോഹന്നാൻ 5:20)
4. ദൈവത്തിന്റെ കൃപാവരമാണ്/വാഗ്ദാനമാണ് നിത്യജീവൻ
1. പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. (റോമർ 6:23).
2. ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി (തീത്തോസ് 1:2)
3. ഇതാകുന്നു അവൻ നമുക്കു തന്ന വാഗ്ദത്തം: നിത്യജീവൻ തന്നേ. (1യോഹന്നാൻ 2:25)
4. ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ. (1യോഹന്നാൻ 5:11)
5. നിത്യജീവൻ ആത്മാവിൽ നിന്ന്
1. ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീവനെ കൊയ്യും. (ഗലാത്യർ 6:8)
6. നിത്യജീവൻ (സഹോദര)സ്നേഹത്തിൽ നിന്ന്
1. സഹോദരനെ പകെക്കുന്നവൻ എല്ലാം കുലപാതകൻ ആകുന്നു. യാതൊരു കുലപാതകന്നും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു. (1 യോഹന്നാൻ 3:15)
രണ്ടാമതായി നമ്മൾ ചിന്തിക്കുന്നത് ദൈവരാജ്യത്തിലേക്കുള്ള പ്രവേശനവും സമ്പത്തിനോടുള്ള ഭ്രമത്തെക്കുറിച്ചുമാണ്.
നിത്യജീവനെ അവകാശമാക്കാൻ എന്തുചെയ്യണം എന്നുള്ള ചോദ്യത്തിന് നിന്റെ സമ്പത്ത് വിറ്റ് ദരിദ്രർക്ക് കൊടുക്കുക എന്ന് യേശു പറഞ്ഞപ്പോൾ സമ്പന്നനായ യുവഭരണാധികാരി അതിദുഃഖിതനായി തീർന്നു. കാരണം താൻ ഇത്രയും നാളും സമ്പാദിച്ച സമ്പത്ത് കൈവിട്ടുകളയാൻ അയാൾക്ക് കഴിയുമായിരുന്നില്ല. മർക്കോസിന്റെ സുവിശേഷം 10 അദ്ധ്യായത്തിലും മത്തായിയുടേ സുവിശേഷം 19 ആം അദ്ധ്യായത്തിലും നമുക്ക് ഈ വേദഭാഗം തന്നെ കാണാൻ കഴിയും. ഇവിടെയെല്ലാം തന്നെ നിത്യജീവനെ അവകാശമാക്കാൻ എന്തു ചെയ്യണം എന്ന് ചോദ്യം ഉന്നയിച്ച ആൾ വളരെ സമ്പത്തുള്ളയാൾ ആയിരൂന്നതുകൊൻട് വിഷാദിച്ചു ദുഃഖിതനായി പോയി എന്നാണ് നമുക്ക് ഈ വേദഭാഗങ്ങളിൽ വായിക്കാൻ കഴിയുന്നത്.
മർക്കോസിന്റെ സുവിശേഷം 10 ആം അദ്ധ്യായത്തെ ആസ്പദമാക്കി ഒക്ടോബർമാസം 11 ആം തീയതി ഞായറാഴ്ച ഫ്രാൻസിസ് മാർപ്പാപ്പ നടത്തിയ പ്രസംഗം വാർത്താമാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. ക്രിസ്തീയ വിശ്വാസവും സമ്പത്തിനോടുള്ള ഭ്രമവും ഒന്നിച്ചുപോവുകയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സമ്പത്തും സന്തോഷവും വിജയവും നമ്മുടെ കണ്ണുകളെ അന്ധകാരമാക്കുമെങ്കിലും പിന്നീട് അവ നമ്മളെ നിരാശപ്പെടൂത്തുന്നു. നിത്യജീവൻ എന്നുപറഞ്ഞാൽ ആനന്ദം എന്നാണ് അർത്ഥമാക്കൂന്നത്. അത് മരണാനന്തരമുള്ള ജിവിതം മാത്രമല്ല മറിച്ച് പൂർത്തീകരിക്കപ്പെട്ടതും പൂർണവും പരിമിതിയില്ലാത്തതും സതവും ആധികാരികവും പ്രകാശപൂർണവുമായ ജീവിതവും ആണ്. കർത്താവിന്റ് സ്നേഹം എളിമയോടും നന്ദിയോടും കൂടി സ്വീകരിക്കൂമ്പോൾ മാത്രമേ സാമ്പത്തിക ഭ്രമംകൊണ്ട് ഉൻടായ അന്ധതയിൽ നിന്ന് നമുക്ക് മോചനം ലഭിക്കുകയുള്ളു. തന്റെ പ്രസംഗവും പ്രവൃത്തിയും നിലപാടുകളും ഒന്നുതന്നെയായതുകൊൻടും സ്വയം വിമർശനപരമായി വസ്തുതകളെ സമീപിച്ച് അവതരിപ്പിക്കുന്നു എന്നുള്ളതുകൊണ്ടുമാണ് ഫ്രാൻസിസ് മാർപ്പാപ്പയുടേ വാക്കുകൾക്ക് ലോകം ചെവി കൊടുക്കുന്നത്.
സാമ്പത്തിക ഭ്രമത്തിന്റെ അടിമത്വം കൊൻടാണ് യൂദാസിന് തന്റെ ജീവിതം ഒരുമുഴം കയറിൽ അവസാനിപ്പിക്കേണ്ടിവന്നത്. സമ്പത്തിന്റെ മായവലയിൽ അകപ്പെട്ടതുകൊൻടാണ് സഫീറയ്ക്കും അനന്യാസിനും പരിശുദ്ധാത്മാവിനോട് വ്യാജം കാണീക്കേണ്ടീ വരുന്നതും ജീവൻ നശീപ്പിക്കേണ്ടി വരുന്നതും.
മത്തായിയുടെ സുവിശേഷം 6 ആം അദ്ധ്യായം 24 ആം വാക്യം ശ്രദ്ധിക്കുക., "രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല. ". സമാനമായ വേദഭാഗം ലൂക്കോസിന്റെ സുവിശേഷം 16 ആം അദ്ധ്യായം 13 ആം വാക്യത്തിലും നമുക്ക് കാണാൻ കഴിയും , "രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യന്നും കഴികയില്ല; അവൻ ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും. നിങ്ങൾക്കു ദൈവത്തെയും മമ്മോനെയും സേവിപ്പാൻ കഴികയില്ല. ". മാമോൻ , മമ്മോൻ എന്നീ വാക്കുകളുടെ അർത്ഥം ഒന്നു തന്നെയാണ്, പണം/സമ്പത്ത് എന്നാണ് ഈ വാക്കൂകൾ കൊൻട് അർത്ഥമാക്കുന്നത്. "നിങ്ങൾക്ക് ദൈവത്തേയും സമ്പത്തിനെയും ഒരേ സമയം സേവിപ്പാൻ കഴിയില്ല എന്നാണ് പുതിയ വേദപുസ്തക പരിഭാഷകളിൽ കാണൂന്നത്.
“No one can serve two masters at the same time. You will hate one of them and love the other. Or you will be faithful to one and dislike the other. You can’t serve God and money at the same time. -
New International Reader's Version (NIRV) , International Children’s Bible (ICB)
No man can serve two masters: for either he shall hate the one, and love the other, or else he shall lean to the one, and despise the other. Ye cannot serve God and riches. - 1599 Geneva Bible (GNV)
“No one can serve two masters; for a slave will either hate the one and love the other, or be devoted to the one and despise the other. You cannot serve God and wealth.- New Revised Standard Version (NRSV)
ലൂക്കോസിന്റെ സുവിശേഷം 12 ആം അദ്ധ്യായം 33 ആം വാക്യം ഇങ്ങനെയാണ് , "നിങ്ങൾക്കുള്ളതു വിറ്റു ഭിക്ഷകൊടുപ്പിൻ; കള്ളൻ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വർഗ്ഗത്തിൽ പഴകിപ്പോകാത്ത മടിശ്ശീലകളും തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്കു ഉണ്ടാക്കിക്കൊൾവിൻ. നിങ്ങളുടെ നിക്ഷേപം ഉള്ളേടത്തു നിങ്ങളുടെ ഹൃദയവും ഇരിക്കും. ". ദൈവത്തിലുള്ള വിശ്വാസവും സമ്പത്തിനോടുള്ള അഭിനിവേശവും ഒരുമിച്ച് കൊൻടൂപോകാൻ കഴിയില്ല.
ആദ്യകാലങ്ങളിൽ ക്രിസ്തീയ ജീവിതത്തിന്റെ മുഖമുദ്രയായി കണക്കിട്ടീരുന്നത് ലാളിത്യമായിരുന്നു. പക്ഷേ ഇന്ന് ആഢംബരഭ്രമം ബാധിച്ച ഒരു ക്രൈസ്തവ സമൂഹത്തെയാണ് നമുക്ക് കാണാൻ കഴിയുന്നത്. പള്ളികളിലും സഭാവിശ്വാസികളിലും/ക്രിസ്ത്യാനികളിലും സഭാപിതാക്കന്മാരിലും ഒക്കെ നമുക്ക് സമ്പത്തിനോടുള്ള അഭിനിവേശം നമുക്ക് കാണാൻ
കഴിയും. സാമ്പത്തിക നേട്ടങ്ങൾക്ക് വേണ്ടി മായാജാലക്കാരനെപ്പോലെ അത്ഭുതങ്ങൾ സൃഷ്ടിച്ച് ജനങ്ങളെ പറ്റിക്കുന്നത് സർവസാധാരണമായിക്കഴിഞ്ഞു. ചുങ്കക്കാരനായ സക്കായിയുടെ ജീവിതം നമുക്ക് മാതൃകയാക്കാവുന്നതാണ്. തന്നെ വിളിച്ച് ചേർത്തണച്ച യേശുവിനോട് സക്കായി പറയുന്നു, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്ക് കൊടുക്കൂന്നുൻട്, വല്ലതും ചതിവയി വാങ്ങിയിട്ടൂൻടങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുനു (ലൂക്കോസ് 19:8). നമ്മുടെ സമ്പത്തിന്റെ ഒരംശം എങ്കിലും നമുക്ക് ദരിദ്രർക്ക് നൽകാൻ കഴിയാറുണ്ടോ?
ഈ വേദഭാഗത്ത് യേശു പറയുന്നത്(ലൂക്കോസ് 18:18-27) ധനവാൻ ദൈവരജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് എളുപ്പം എന്നാണ്. മനുഷ്യരാൽ അസാദ്ധ്യമായത് ദൈവത്താൽ സാദ്ധ്യമാകുന്നു എന്നാണ്. സമ്പത്തുള്ളവർക്ക് ദൈവരാജ്യത്തിൽ കടപ്പാൻ കഴിയില്ല എന്ന് ഇതിന് അർത്ഥമില്ല. സക്കായിയുടെ ജീവിതം നമ്മുടെ മുന്നിൽ ഉദാഹരണമായിട്ടുണ്ട്. അരമത്ഥക്കാരനായ ജോസഫിനും ബർന്നബാസിനും തങ്ങളുടെ സമ്പന്നത യെശുവിനെ അനുഗമിക്കുന്നതിന് അയോഗ്യത ആയിരുന്നില്ല. 1182 ൽ ഇറ്റലിയിൽ ബെർണാർഡൺ എന്ന പട്ടുവസ്ത്ര വ്യാപാരിയുടെ മകനായി സമ്പന്ന കുടുംബത്തിൽ ജനിച്ച ഫ്രാൻസിസ് എന്നയാൾ അസ്സീസിയിലെ ഫ്രാൻസിസ് ആയത് ദാരിദ്രമെന്ന വധുവിനെ സ്വീകരിച്ചാണ്. പഞ്ചക്ഷതങ്ങൾ ഏറ്റുവാങ്ങിയ ഫ്രാൻസിസ് അസീസി 1226 ൽ മരിച്ചു എങ്കിലും അദ്ദേഹത്തിന്റെ ജീവിതശൈലിയിലും പ്രവർത്തനങ്ങളിലും ആകർഷിക്കപ്പെട്ടവർ അനേക ദരിദ്രർക്ക് തണലായി ഈ ലോകത്ത് ജീവിക്കുന്നു.
തങ്ങൾ ജീവിച്ചിരുന്ന കാലത്തെ അതിസമ്പന്നരായിരുന്നു അബ്രഹാമും ഇസഹാക്കും യാക്കോബും. ദൈവരാജ്യത്തിൽ അവർക്കുള്ള സ്ഥാനം എന്താണന്ന് നമുക്കറിയാം. സമ്പന്നതയും സമ്പത്തും ദൈവരാജ്യ പ്രവേശനത്തിനുള്ള അയോഗ്യതയല്ല. പക്ഷേ സമ്പത്തിന്റെ വിതരണവും ഉപയോഗവും എങ്ങനെയാണന്ന് സ്വയം ചിന്തിക്കണം. സമ്പത്തെല്ലാം കൂട്ടിവെച്ചിട്ട് തിന്നുക കുടിക്കുക ആനന്ദിക്കുക എന്ന് സ്വയം പറയുന്നവന്റെ അവസ്ഥ യെശു തന്നെ ദൃഷ്ടാന്തമായി യേശു നമുക്ക് പറഞ്ഞ് തന്നിട്ടുണ്ട്.
ദാനധർമ്മത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൗലോസ് ശ്ലീഹ കോരിന്ത്യർക്ക് എഴുതിയ രണ്ടാം ലേഖനം 8 ആം അദ്ധ്യായത്തിൽ പറയുന്നുൻട്. "നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ." എന്ന് പൗലോസ് ശ്ലീഹ ചോദിക്കുന്നു. (2 കോരിന്ത്യർ 8:9). കോരിന്ത്യർക്ക് എഴുതിയ രണ്ടാം ലേഖനം 8 ആം അദ്ധ്യായം 12 ആം വാക്യത്തിൽ പൗലോസ് ശ്ലീഹ ഇങ്ങനെ പറയുന്നു, "ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതു- പോലെയല്ല പ്രാപ്തിയുള്ളതു പോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും.". ദൈവപ്രസാദമായി നമുക്ക് നിത്യജീവനെ അവകാശമാക്കാനുള്ള വാഗ്ദാനവും ദൈവരാജ്യത്തിലേക്കുള്ള പ്രവേശനവും ലഭിക്കട്ടെ.
ചിത്രങ്ങൾ ::
https://whatshotn.files.wordpress.com/2013/08/rich-young-ruler.jpg
https://whatshotn.files.wordpress.com/2013/08/jesus-and-zaccheus.jpg