നമുക്ക് ദൈവരാജ്യം അവകാശമാക്കാം
എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; (മത്തായി 25:35)
For I was hungry and you gave me food, I was thirsty and you gave me drink, I was a stranger and you welcomed me"
മൈക്കൽ ആഞ്ജലോ വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ വരച്ച അന്ത്യന്യായവിധി |
വിശുദ്ധ മത്തായിയുടെ സുവിശേഷം 25 ആം അദ്ധ്യായം 31 മുതൽ 46 വരെയുള്ള വേദഭാഗങ്ങളിൽ നമ്മൾ കാണുന്നത് അന്ത്യന്യായവിധിയെക്കുറിച്ചാണ്**1. അന്ത്യന്യായവിധിയിൽ ആരെല്ലാം നിത്യരാജ്യത്തിന് അവകാശികൾ ആകുമെന്നും ആരെല്ലാം നിത്യാഗ്നിയിലേക്ക് പോകും എന്നും യേശു നമ്മോട് ഈ വേദഭാഗങ്ങളിൽ സംസാരിക്കുന്നു. ക്രൈസ്തവ ജീവിതത്തിന്റെ മുഖമുദ്രയായ അടിസ്ഥാന തത്വത്തിന്റെ വിശദീകരണമാണ് 35 , 36 വാക്യങ്ങളിൽ നമ്മൾ കാണുന്നത്. എന്താണ് ക്രൈസ്തവ ജീവിതത്തിന്റെ മുഖമുദ്രയായ അടിസ്ഥാന തത്വം? എളിയവരോടുള്ള കരുണയും കരുതലും ആണ് നമ്മുടെ ക്രൈസ്തവജീവിതത്തിന്റെ മുഖമുദ്ര. ( മത്തായിയുടെ സുവിശേഷം 25 ആം അദ്ധ്യായം 31 ആം വാക്യം മുതൽ 46 ആം വാക്യം വരെയുള്ള വേദഭാഗത്ത് നമ്മൾ കാണുന്നത് നിത്യജീവതത്തിലേക്കുള്ള തിരഞ്ഞെടുപ്പും അന്ത്യന്യായവിധിയുമാണ്. ) അന്ത്യന്യായവിധിയിൽ ആരാണ് നിത്യജീവിതത്തിലേക്ക് കടക്കുന്നത്? നീതിമാന്മാർ നിത്യജീവിതത്തിലേക്ക് കടക്കും എന്നാണ് യേശു നമ്മളോട് പറയുന്നത്. നിത്യജീവിതത്തിലേക്ക് പ്രവേശിക്കാൻ നീതിമാന്മാർ എന്താണ് ചെയ്തത്? അവർ എളിയവരെ അദരിക്കുകയും കൈക്കൊള്ളുകയും ചെയ്തു.സ് .മത്തായിയുടെ സുവിശേഷം 25 ആം അദ്ധ്യായം 40 ആം വാക്യത്തിൽ കർത്താവ് തന്നെ പറയുന്നു , എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
നമുക്ക് നമ്മുടെ ചിന്തകളെ , എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; എന്ന വേദഭാഗത്തിലേക്ക് കൊണ്ടുവന്ന് ക്രൈസ്തവ ജീവിതത്തിന്റെ മുഖമുദ്രയും അടിസ്ഥാന തത്വവുമായ 'എളിയവരോടുള്ള കരുണയും കരുതലും' എന്ന വിഷയത്തെക്കുറിച്ച് ചിന്തിക്കാം. യേശുക്രിസ്തുവിന്റെ ജീവിതം പരിശോധിക്കുമ്പോൾ അവന്റെ പ്രവൃത്തികളും പ്രവർത്തനങ്ങളും എല്ലാം സമൂഹത്തിൽ ഒറ്റപ്പെട്ട് പോയവരോടും ഒഴിവാക്കപ്പെട്ടവരോടും അകറ്റിനിർത്തിയവരോടും ഒപ്പം ചേർത്തുകൊണ്ടായിരുന്നു എന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും.
വേദപുസ്തകം പരിശോധിക്കുമ്പോൾ 'എളിയവരും ദരിദ്രരോടുമുള്ള കരുതൽ' ദൈവത്തിന് എത്രമാത്രം ഉണ്ടന്ന് മനസിലാക്കാൻ നമുക്ക് സാധിക്കും. സങ്കീർത്തനം 41 ന്റെ 1 ൽ സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു. , "എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും." . എളിയവനെ ആദരിക്കുന്നവനെ കഷ്ട ദിവസത്തിൽ യഹോവ രക്ഷിക്കും എന്നാണ് സങ്കീർത്തനക്കാരൻ പറയുന്നത്. സങ്കടക്കടലിൽ മുങ്ങിപ്പോകുമ്പോൾ ദൈവത്തിന്റെ കരങ്ങൾ നമ്മളെ ചേർത്തുകൊള്ളും . മത്തയിയുടെ സുവിശെഷത്തിൽ യേശുക്രിസ്തു പറയുന്നുണ്ട് ,മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‍വിൻ എന്ന് (മത്തായി26:39) .ഒരു ക്രിസ്ത്യാനിയായ നമ്മുടെ പ്രത്യാശ എന്താണ്? ക്രിസ്ത്യാനികളുടെ പ്രത്യാശ എന്ന് പറയുന്നത് അന്ത്യന്യായവിധി സമയത്ത് ദൈവത്തിന്റെ വലത്തുഭാഗത്തേക്ക് ചേർന്ന് ദൈവരാജ്യത്തിന് അവകാശികൾ ആകും എന്നുള്ളതാണ്. ദൈവരാജ്യത്തിന് അവകാശികൾ ആകണമെന്ങ്കിൽ നമ്മൾ എളിയവരെ കാണാതിരുന്നു കൂടാ. സങ്കീർത്തനം 72 ആം അദ്ധ്യായം 12 ഉം 13 ഉം വാക്യത്തിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു, "അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും." .
വർത്തമാനകാല സാഹചര്യത്തിൽ ലോകരാജ്യങ്ങൾ സാമ്പത്തികമായി വളരുമ്പോഴും അവിടങ്ങളിൽ ചെറുതല്ലാത്ത ഒരു സമൂഹം ദാരിദ്ര്യത്തിലേക്ക് വലിച്ചെറിയപ്പെടുന്നുണ്ട്. സമ്പന്ന രാജ്യങ്ങൾ എന്ന് അഭിമാനിക്കുന്ന രാജ്യങ്ങളിൽ പോലും ഒരു നേരത്തെ ആഹാരത്തിനായി മറ്റുള്ളവരുടെ മുമ്പിൽ കൈനീട്ടേണ്ടിവരുന്ന ദരിദ്രർ നമ്മുടെ മുന്നിലുണ്ട്. പാർശ്വവത്ക്കരിച്ചുപോയ എളിയവരുടെ ഒരു കൂട്ടമുണ്ട്. ക്രൈസ്തവർ എന്ന് നടിക്കുന്ന നമ്മൾ ദരിദ്രർക്ക് വേണ്ടീ എന്താണ് ചെയ്യുന്നത്. ആഘോഷങ്ങൾ ആർഭാടങ്ങളാക്കി മാറ്റുമ്പോൾ നമുക്ക് ആ ദരിദ്രരെ കാണാനോ ഉൾക്കോള്ളാനോ കഴിയാതെ പോകുന്നു. വിശക്കൂന്നവന് ആഹാരം നൽകാനോ ദാഹിക്കുന്നവന് അവന്റെ ദാഹം അകറ്റാൻ വെള്ളം നൽകാനോ നമ്മൾ തയ്യാറാകുമോ? വി.മർക്കോസിന്റെ സുവിശേഷം 9 ആം അദ്ധ്യായം 41 ആം വാക്യത്തിൽ യേശു പറയുന്നത് നമ്മൾ ശ്രദ്ധിക്കുക , "നിങ്ങൾ ക്രിസ്തുവിന്നുള്ളവർ എന്നീ നാമത്തിൽ ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങൾക്കു കുടിപ്പാൻ തന്നാൽ അവന്നു പ്രതിഫലം കിട്ടാതിരിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു." . അന്ത്യന്യായവിധിയിൽ നമ്മളെ കാത്തിരിക്കുന്ന ദൈവരാജ്യം എന്ന പ്രതിഫലം നമുക്ക് ലഭിക്കണമെങ്കിൽ ദരിദ്രരരെയും എളിയവരെയും ആലംബഹീനരേയും നമ്മൾ കാണാതിരുന്നുകൂടാ. നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ ഒറ്റപ്പെട്ട് ദാരിദ്യത്തിൽ കഴിയുന്നവരെ സഹായിക്കാനും കൈത്താങ്ങൽ നൽകി നമ്മോടൊപ്പം ചേർത്തുകൊള്ളാനും ക്രിസ്ത്യാനികളായ നമ്മൾ ഓരോരുത്തർക്കും ബാധ്യതയുണ്ട്. കാരണം നമ്മളെ യേശുക്രിസ്തു ആ മാതൃകയാണ് കാണിച്ച് തന്നത്. ക്രിസ്തുവിനെ അനുകരിക്കുന്ന ക്രിസ്ത്യാനികൾ എന്ന് പറയുമ്പോൾ അവൻ കാണിച്ചു തന്ന മാതൃകകളും ജീവിതത്തിൽ പിന്തുടരാൻ നമുക്ക് കഴിയണം. നിത്യജീവനെ പ്രാപിപ്പാൻ എന്തുചെയ്യണം എന്ന് യേശുവിനോട് ചോദിക്കുന്ന സമ്പന്ന യുവാവിനോട് യേശു അവസാനം പറയുന്നത് ' നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും;" എന്നാണ് (മത്തായി 19:21 )
എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; എന്നുള്ള യേശുക്രിസ്തുവിന്റെ വാക്കുകൾക്ക് സമാനമായ വേദഭാഗം നമുക്ക് യെശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ കാണാൻ കഴിയും. യെശയ്യാ പ്രവാചകന്റെ പുസ്തകം 58 ആം അദ്ധ്യായം 7 ഉം 10 ഉം വാക്യങ്ങളിൽ നമുക്ക് ആ സമാനത കാണാം. ദൈവത്തിന് ഇഷ്ടമുള്ള ഉപവാസത്തെക്കുറിച്ച് യെശയ്യ പ്രവാചകൻ പറയുന്നു , "വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ?" വിശപ്പുള്ളവർക്ക് ആഹാരം നൽകിയാൽ നമുക്ക് എന്താണ് ലഭിക്കുന്നത് ? 10 ആം വാക്യത്തിൽ നമുക്കിന്റെ ഉത്തരം ലഭിക്കും. വിശപ്പുള്ളവനോടു നീ താല്പര്യം കാണിക്കയും കഷ്ടത്തിൽ ഇരിക്കുന്നവന്നു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം മദ്ധ്യാഹ്നം പോലെയാകും. (യെശയ്യ 58:10).
എളിയവരേയും ദരിദ്രരേയും കൈക്കോള്ളേണ്ടതിന്റെ ആവശ്യകത നമുക്ക് സദൃശ്യവാക്യങ്ങളിൽ കാണാൻ കഴിയും. സദൃശ്യവാക്യങ്ങൾ 14 ന്റെ 31 ൽ, എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു. എന്ന് കാണാൻ കഴിയും.
എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മെക്കു അവൻ പകരം കൊടുക്കും. എന്നാണ് സദൃശ്യവാക്യം 19 ന്റെ 17 ൽ രേഖപ്പെടുത്തിയിരിക്കൂന്നത്.
എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവൻ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല എന്ന് സദൃശ്യവാക്യം 21 ന്റെ 13 ലും ശലോമോൻ പറയുന്നു.
ദരിദ്രന്നു കൊടുക്കുന്നവന്നു കുറെച്ചൽ ഉണ്ടാകയില്ല; കണ്ണു അടെച്ചുകളയുന്നവന്നോ ഏറിയൊരു ശാപം ഉണ്ടാകും. എന്ന് സദൃശ്യവാക്യം 28 ന്റെ 27 ൽ നമ്മൾ വായിക്കുന്നു.
ഈ വേദവാക്യങ്ങളിൽ നിന്ന് എളിയവനെയും ദരിദ്രനെയും കൈക്കൊള്ളാത്തവൻ നിരസിക്കുന്നത് നമ്മുടെ സൃഷ്ടാവായ യഹോവയായ ദൈവത്തെ തന്നെയാണന്ന് കാണാൻ കഴിയും. ഇതു തന്നെയാണ് യേശുക്രിസ്തു നമ്മളോട് പറയുന്നതും.
വേദപുസ്തകത്തിൽ സഹനത്തിന്റെ പ്രതീകമായി തിളങ്ങുന്ന ഇയ്യോബിനെക്കുറിച്ച് നമുക്കറിയാം. ദൈവത്തിനു വേണ്ടീ സകലവും നഷ്ടപ്പെട്ടവൻ , സമ്പത്ത് നഷ്ടപ്പെട്ടു, മക്കൾ മരിച്ചു, ദൈവത്തെ തള്ളിപ്പറയാൻ സ്വന്തം ഭാര്യപോലും നിർബന്ധിച്ചു.ദുരിതങ്ങളുടെ തീമഴ പെയ്തപ്പോഴും ദൈവത്തെ തള്ളിപ്പറയാതെ ദൈവത്തിൽ ആശ്രയം വെച്ച് ജീവിച്ചവനാണ് ഇയ്യോബ് .എല്ലാം നഷ്ടപ്പെട്ട് ശരീരം മുഴുവൻ വൃണം നിറഞ്ഞ് കഷ്ടപ്പെടൂന്ന ഇയ്യോബിനെ കാണാൻ അവന്റെ ചില സ്നേഹിതന്മാർ വരുന്നുണ്ട്. എലീഫസ് എന്ന സ്നേഹിതൻ ഇയ്യോബിനോട് ഇയ്യോബിന് ദുരിതങ്ങൾ സംഭവിക്കാനുള്ള കാരണങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇയ്യോബിന്റെ പുസ്തകം 22 ആം അദ്ധ്യായം എലീഫസിന്റെ സംഭാഷ്ണം ആണ്. നഗ്നമാരുടെ വസ്ത്രം ഊരിയെടുത്തു ,ക്ഷീണിച്ചവന്നു നീ വെള്ളം കൊടുത്തില്ല; വിശന്നവന്നു നീ ആഹാരം മുടക്കിക്കളഞ്ഞു. വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; അനാഥന്മാരുടെ ഭുജങ്ങളെ നീ ഒടിച്ചുകളഞ്ഞു. അതുകൊണ്ടാണ് നിനക്ക് ദുരിതങ്ങൾ സംഭവിക്കുന്നത് എന്ന് എലീഫസ് ഇയ്യോബിനോട് പറയുന്നു. ഇയ്യോബ് സ്നേഹിതന്മാരോട് പറയുന്നുണ്ട് ഞാൻ അനുഭവിക്കൂന്ന ദുരിതങ്ങൾക്കവസാനം ഞാൻ സ്വർണ്ണതിളക്കത്തോടെ തിരികെ വരും എന്ന്. ഇയ്യോബിന്റെ പുസ്തകം 42 ആം അദ്ധ്യായത്തിൽ ഇയ്യോബിനെ യഹോവദുരിതങ്ങളിൽ നിന്ന് വിടുവിച്ചതിനെക്കുറിച്ചും അവന്റെ തിരിച്ചുവരവിനെക്കുറിച്ചും നമുക്ക് വായിക്കാൻ സാധിക്കും.....
ചുങ്കക്കാരനായ സക്കായിയുടെ ജീവിതത്തിലേക്ക് കടന്നു ചെന്നാൽ യേശുവിലേക്ക് ചേർത്തുകൊള്ളപ്പെട്ട സക്കായിക്ക് സംഭവിച്ച രൂപാന്തരം അത്ഭുതപ്പെടുത്തുന്നതാണന്ന് കാണാം. തന്റെ സ്വത്തിൽ പാതി ദരിദ്രർക്ക് നൽകാം എന്ന് അവൻ യേശുവിന് ഉറപ്പ് നൽകുകയാണ്. അതുമാത്രമല്ല ആരോടെങ്കിലും ചതിയായി വാങ്ങിയിട്ടൂണ്ടങ്കിൽ അതിന്റെ നാലുമടങ്ങ് അവർക്ക് തിരികെ നൽകുമെന്നും പറയുന്നു. യേശുവിനെ കാണുന്നതുവരെ ദരിദ്രരരെക്കുറിച്ച് ചിന്തിച്ചിരുന്നില്ല സക്കായി. പക്ഷേ യേശുവിന്റെ ചാരത്തണഞ്ഞതോടെ അവൻ തന്റെ സമ്പത്തിന്റെ പകുതി ദരിദ്രക്ക് നൽകാൻ തയ്യാറായി. യേശുവിന്റെ ചാരത്തണയാൻ വെമ്പൽ കൊള്ളുന്ന നമ്മുടെ അവസ്ഥ എന്താണ്? നമ്മൾ എപ്പോഴും മാനസാന്തരത്തിനു മുമ്പുള്ള സക്കായി തന്നെയാണ്. സഹായം ആവശ്യമുള്ളവരെ നിരസിച്ചാൽ ദൈവവും നമ്മളെ നിരസിക്കും. യോഹന്നാൻ ശ്ലീഹ തന്റെ ഒന്നാം ലേഖനം മൂന്നാം അദ്ധ്യായം 17 ആം വാക്യത്തിൽ പറയുന്നു , എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?(1യോഹന്നാൻ 3:17) . ദൈവത്തിന്റെ സ്നേഹം നമ്മളിൽ വസിക്കാതിരിക്കുക മാത്രമല്ല നിത്യജീവന്റെ അനുഭവത്തിൽ നിന്ന് നമ്മൾ മാറ്റെപ്പെടുകയും ചെയ്യും. പൗലോസ് ശ്ലീഹ റോമർക്ക് എഴുതിയ ലേഖനം 12 ആം അദ്ധ്യായം 20 ആം വാക്യത്തിൽ പറയുന്നത് ശ്രദ്ധിക്കുക , “നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക; അങ്ങനെ ചെയ്താൽ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.(റോമർ12:20) .
അന്ത്യന്യായവിധി ദിവസത്തിൽ ദൈവരാജ്യത്തിന് അവകാശികൾ ആയ നീതിമാന്മാർ ചെയ്ത മൂന്നാമത്തെ കാര്യം അതിഥികളായവരെ ചേർത്തുകൊണ്ടു എന്നുള്ളതാണ്. ഭാരതീയ സംസ്കാരം അനുസരിച്ച് അതിഥികളെ ദൈവതുല്യരായി കണക്കാക്കുന്നു. പൗലോസ് ശ്ലീഹ എബ്രായർക്ക് എഴുതിയ ലേഖനം 13 ആം അദ്ധ്യായം 1 ഉം 2 ഉം വാക്യങ്ങളിൽ പറയുന്നത് , " സഹോദരപ്രീതി നിലനിൽക്കട്ടെ, അതിഥിസൽക്കാരം മറക്കരുതു. അതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സല്ക്കരിച്ചിട്ടുണ്ടല്ലോ." എന്നാണ്. ഉല്പത്തി പുസ്തകം 18 ആം അദ്ധ്യായത്തിൽ യഹോവ അബ്രഹാമിന് മമ്രേയുടെ തോപ്പിൽ വെച്ച് പ്രത്യക്ഷപ്പെട്ട സംഭവം വിവരിക്കൂന്നുണ്ട്. അപരിചിതരായ മൂന്നുപേർക്ക് അബ്രഹാം അതിഥി സത്ക്കാരം ചെയ്യുന്നതായി നമുക്കവിടെ കാണാവുന്നതാണ്. അബ്രഹാമിന്റെ ഭാര്യയായ സാറയ്ക്ക് ഒരു മകൻ ജനിക്കും എന്ന് ആ അപരിചിതർ അബ്രഹാമിനൊട് പറയുന്നുണ്ട്. 1 രാജാക്കന്മാർ 17 ആം അദ്ധ്യായത്തിൽ ഏലിയാവിന് ദാഹജലവും വിശപ്പിന് ആഹാരവും നൽകിയ സാരെഫാത്തിലെ വിധവയെക്കുറിച്ച് പറയുന്നുണ്ട്. ക്ഷാമകാലത്ത് ദൈവം അവളെയും അവളുടെ കുടുംബത്തെയും സംരക്ഷിക്കുന്നു.
മത്തായിയുടെ സുവിശേഷം 25 ആം അദ്ധ്യായം 35 ആം വാക്യത്തോടൊപ്പം തന്നെ നമ്മൾ ചിന്തിക്കേണ്ടത് തന്നെയാണ് 36 ആം വാക്യവും. "നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു." (മത്തായി 25:36) എന്നാണ് 36 ആം വാക്യത്തിൽ പറയുന്നത്. മനുഷ്യന്റെ പ്രാഥമിക
ആവശ്യങ്ങളായി നമ്മൾ കണക്കുകൂട്ടൂന്നത് ആഹാരം പാർപ്പിടം വസ്ത്രവും ആണല്ലോ? ഒരു നേരത്തെ ആഹാരം കഴിക്കാൻ സാധിക്കാത്തവർ നമ്മുടേ ഇടയിൽ ഉണ്ട്. ഭൂരഹിതരായി പലരും നമ്മുടെ സമൂഹത്തിൽ കിടപ്പാടം ഇല്ലാതെ അലയുന്നു. വികസ്വര രാജ്യത്തിൽ നിന്ന് വികസിത രാജ്യത്തിലേക്ക് നമ്മുടെ സമ്പദ്ഘടന മാറുമ്പോഴും ദാരിദ്രത്തിന്റെ പിടിയിൽ അമർന്ന് കഴിയുന്നവർ നമ്മുടെ ഇടയിൽ തന്നെയുണ്ട്. സമ്പത്തിന്റെ ഏറിയ പങ്കും ഒരു കൂട്ടം ആളുകളിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടൂന്നതോടെ പണക്കാരൻ കൂടുതൽ സമ്പത്ത് നേടുകയും പാവപ്പെട്ടവൻ കൂടുതൽ ദാരിദ്രത്തിലേക്ക് വീണൂപോവുകയും ചെയ്യുന്ന അവസ്ഥ സംജാതമാവുകയും ചെയ്യുന്നു. ഒരാളെ/ഒരു കുടുംബത്തെ ഇന്ന് കടക്കെണീയിലേക്ക് തള്ളിയിടാൻ ഇന്നത്തെ രോഗാവസ്ഥകൾക്ക് കഴിയും. ചികിത്സയ്ക്ക് വളരെയേറെ പണച്ചിലവ് വേണ്ടിവരുമ്പോൾ രോഗിയും കുടുംബവും മാനസികമായി തളർന്നു പോകാറുണ്ട്. അപ്പോൾ 'ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്' എന്ന സ്വാന്തനവുമായി അവരോടൊപ്പം നിൽക്കാൻ നമുക്ക് കഴിയണം. രോഗത്തിന്റെ ഭീകരതയെക്കുറിച്ചുള്ള സഹതാപമല്ല അവർക്ക് വേണ്ടത് , ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള കൈത്താങ്ങലുകളാണ്. മാനസികവും സാമ്പത്തികവുമായ ആ കൈത്താങ്ങലുകളാണ് നമ്മൾ അവർക്ക് നൽക്കേണ്ടത്.
വിശക്കുന്നവന് ആഹാരം നൽകുകയും ദാഹിക്കുന്നവന് ദാഹജലവും നൽകുകയും അതിഥിയെ ചേർത്തുകൊള്ളുകയും , രോഗാവസ്ഥയിൽ കൂടി ക്ടന്നുപോകുന്നവരെ ചേർത്തുകൊള്ളുകയും ചെയ്യുന്നവൻ അന്ത്യന്യായവിധിയിൽ ദൈവത്തിന്റെ വലത്തുഭാഗത്ത് നിൽക്കും. അവന് നിത്യജീവൻ അവകാശമായി ലഭിക്കുകയും ചെയ്യും. അന്ത്യന്യായവിധി സമയത്ത് നമ്മൾ നിത്യജീവന് അവകാശികൾ ആയിത്തീർന്ന് ദൈവരാജ്യത്തിലേക്ക് പ്രവേശിക്കാൻ ദൈവം നമ്മളെ സഹായിക്കട്ടെ, ആയതിന് എളിയവരോടുള്ള കരുണയും കരുതലും നമ്മുടെ ജീവിതഭാഗമാക്കാം.
===================================
**1
അന്ത്യന്യായവിധിയിൽ ആരെല്ലമാണ് ദൈവരാജ്യത്തിന് അവകാശികൾ ആയി തീരുന്നത് എന്നാണ് 35 , 36 വാക്യങ്ങളിൽ കാണൂന്നത്. നിത്യ ദണ്ഡനത്തിലേക്ക് ആരെല്ലാം പോകുമെന്നാണ് 42 ,34 വാക്യങ്ങളിൽ കാണുന്നത്. 'ചെയ്യുക-ചെയ്യാതിരിക്കൂക' എന്നുള്ള രീതിയിലുള്ള ആഖ്യാനരീതിയിലാണ് ഈ വേദഭാഗങ്ങൾ. വിശന്നവന് ആഹാരം നൽകുകയും ദാഹിക്കൂന്നവന് കുടിക്കാൻ നൽകുകയും അതിഥിയെ ചേർത്തുകൊള്ളുകയും നഗ്നനെ ഉടുപ്പിക്കുകയും രോഗിയെ കാണൂകയും തടവിലായിരിക്കുന്നവനെ സന്ദർശിക്കുകയും ചെയ്യുന്നവന് നിത്യജീവന് പ്രാപിക്കാൻ കഴിയും എന്ന് പറയുന്നു. ഇതൊന്നും ചെയ്യാൻ കഴിയാത്തവൻ നിത്യാഗ്നിയിലേക്ക് പോവുകയും ചെയ്യും എന്ന് പറയുന്നു.
'The Message (MSG)' ബൈബിൾ വേർഷനിൽ നമുക്ക് ഈ വാക്യങ്ങൾ പെട്ടന്ന് മനസിലാക്കാൻ സാധിക്കും.
34-36 “Then the King will say to those on his right, ‘Enter, you who are blessed by my Father! Take what’s coming to you in this kingdom. It’s been ready for you since the world’s foundation. And here’s why:
I was hungry and you fed me,
I was thirsty and you gave me a drink,
I was homeless and you gave me a room,
I was shivering and you gave me clothes,
I was sick and you stopped to visit,
I was in prison and you came to me.’
41-43 “Then he will turn to the ‘goats,’ the ones on his left, and say, ‘Get out, worthless goats! You’re good for nothing but the fires of hell. And why? Because—
I was hungry and you gave me no meal,
I was thirsty and you gave me no drink,
I was homeless and you gave me no bed,
I was shivering and you gave me no clothes,
Sick and in prison, and you never visited.’
'ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു' ചെയ്യുന്നതെല്ലാം ദൈവത്തിനും ചെയ്യുന്നതായിട്ടാണ് നമുക്ക് ഈ വേദഭാഗങ്ങളിൽ നിന്ന് നമുക്ക് മനസിലാക്കാൻ കഴിയും. 'ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു' എന്നതിനെക്കാൾ സഹായം ആവശ്യമുള്ളവർക്കെല്ലാം അത് ചെയ്ത് കൊടുക്കുക എന്നുള്ളതാണ്.