കുരിശുവഴിയിൽ നമ്മൾ കണ്ടുമുട്ടുന്നവർ
3. വെറോനിക്ക - Saint Veronica
വേദപുസ്തകത്തിൽ ഒരു പരാമർശവും ഇല്ലാത്ത ഒരാളാണ് വെറോനിക്ക. ചില പാരമ്പര്യങ്ങളുടെ പിന്തുടർച്ചയായിയുള്ള വിശ്വാസമാണ് വെറോനിക്ക. 'കുരിശിന്റെ വഴിയിലെ' ആറാം ഇടം വെറോനിക്കയുമായി ബന്ധപ്പെട്ടതാണ്. 'വേറോനിക്കാ യേശുവിന്റെ മുഖം തുടയ്ക്കുന്ന'താണ് കുരിശിന്റെ വഴിയിലെ ആറാം ഇടം.
യേശുവിനെ വിശ്വസിക്കുന്നവരുടെ കൂട്ടത്തിലുള്ളവരിൽ ഒരാളായിരുന്നു വെറോനിക്ക.വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട യേശുവിനെ കാൽവറിമലയിലേക്ക് കൊണ്ടുപോകുമ്പോൾ യേശൂവിനെ സ്നേഹിച്ചിരുന്ന കുറച്ച് ആളുകളും യേശുവിനെ പിന്തുടർന്നിരുന്നു.അവരിൽ അധികവും സ്ത്രികൾ ആയിരുന്നു. കത്തുന്ന സൂര്യനിൽ ക്രൂശുമായി പോകുന്ന യേശുവിന്റെ മുഖത്ത് നിന്ന് രക്തം ഇറ്റിറ്റ് വീണുകൊണ്ടീരുന്നു. മാനുഷികമായ വേദനകളും അവശതകളും കൊണ്ട് തളർന്ന യേശുവിനെ പട്ടാളക്കാർ മർദ്ദിച്ചുകൊണ്ടിരുന്നു. മുഖത്ത് വിയർപ്പും രക്തവും എല്ലാംകൂടി യേശുവിന്റെ മുഖത്തെ ഭീകരമാക്കിയിരുന്നു. യേശുവിനെ ആശ്വസിപ്പിക്കണം എന്ന് വെറോനിക്കയ്ക്ക് ഉണ്ട്. പക്ഷേ യേശുവിന്റെ മരണത്തിനായി ആർത്തുവിളിക്കുന്ന ജനക്കൂട്ടവും പട്ടാളക്കാരും അവളെ യെശുവിന്റെ അടുക്കലേക്ക് പോകാതിരിക്കാനുള്ള കാരണങ്ങളായി. പക്ഷേ അവൾക്ക് ആ കാഴ്ച അധികനേരം കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. അവൾ പട്ടാളക്കാരുടെ ഇടയിലൂടെ ചെന്ന് വേച്ച് വീഴാൻ പോയ യേശുവിനെ താങ്ങി. അവന്റെ മുഖം തന്റെ തൂവാലകൊണ്ട് ഒപ്പി.
വെറോനിക്കയെ കുറിച്ച് വേദപുസ്തകത്തിൽ ഒന്നും തന്നെ പറയുന്നില്ലങ്കിലും ചില പാരമ്പര്യങ്ങൾ വെറോനിക്കയെക്കുറിച്ചുണ്ട്. അതിലൊന്ന് യേശു സൗഖ്യമാക്കിയ ഒരു സ്ത്രിയെക്കുറിച്ചുള്ളതാണ്. പതിനെട്ട് വർഷമായി രക്തസ്രവമുള്ളൊരു സ്ത്രി യേശുവിന്റെ വസ്ത്രം തൊട്ട് സൗഖ്യമായതായി സുവിശേഷത്തിൽ ഉണ്ട്. ആ സ്ത്രിയാണ് വെറോനിക്ക. (മത്തായി 9:20-22 , ലൂക്കോസ് 8:43-48, മർക്കോസ് 5:25-29). നിക്കോദിമോസിന്റെ സുവിശെഷം(പീലാത്തോസിന്റെ പ്രവൃത്തികൾ) എന്ന അപ്പോക്രീഫ പുസ്തകത്തിൽ വെറോനിക്കയെക്കുറിച്ച് പറയുന്നുണ്ട്. യേശുവിന്റെ വിചാരണ പീലാത്തോസിന്റെ ന്യായാസനത്തിനു മുമ്പാകെ നടക്കുമ്പോൾ യെശുവിനു അനുകൂലമായി ചിലർ സാക്ഷി പറയുന്നു. 38 വർഷം തളർന്നു കിടന്നതിനു ശേഷം യേശു സൗഖ്യമാക്കിയ മനുഷ്യനും, ജനനം മുതൽ തന്നെ അന്ധനായി ജീവച്ചതിനുശേഷം യേശു കാഴ്ച നൽകിയ മനുഷ്യനും , പന്ത്രണ്ട വർഷം രക്തസ്രാവം കൊണ്ട് ബുദ്ധിമുട്ടിയതിനുശേഷം യേശൂവിന്റെ വസ്ത്രത്തിൽ തൊട്ട് സൗഖ്യമായ സ്ത്രിയും യേശുവിനുവേണ്ടി സാക്ഷി പറയുന്നു. സ്ത്രികൾക്ക് സാക്ഷി പറയാൻ നിയമം അനുമതി നൽകുന്നില്ല എന്ന് പറഞ്ഞ് യഹൂദർ വെറോനിക്കയെ ഒഴിവാക്കി.
And a certain woman named Bernice (Beronice Copt., Veronica Lat.) crying out from afar off said: I had an issue of blood and touched the hem of his garment, and the flowing of my blood was stayed which I had twelve years. The Jews say: We have a law that a woman shall not come to give testimony. (എഡീഷൻ :: THE GOSPEL OF NICODEMUS - ACTS OF PILATE , From "The Apocryphal New Testament" , M.R. James-Translation and Notes , Oxford: Clarendon Press, 1924 )
മറ്റൊരു പരിഭാഷയിലെ ഈ ഭാഗം ഇങ്ങനെ - നിക്കോദിമോസിന്റെ സുവിശെഷം അഞ്ചാം അദ്ധ്യായം
26 And a certain woman named Veronica, said, I was afflicted with an issue of blood twelve years, and I touched the hem of his garments, and presently the issue of my blood stopped.
27 The Jews then said, We have a law, that a woman shall not be allowed as an evidence.
(എഡീഷൻ :: The Lost Books of the Bible edited by Rutherford H. Platt, Jr.[1926])
പീലാത്തോസും ഹെരോദാവും എഴുതിയ എഴുത്തുകൾ എന്ന ഗ്രന്ഥത്തിലും വെറോണിക്കയെക്കുറിച്ച് പറയുന്നു. വെറോനിക്ക തൂവാലയിൽ ഒപ്പിയെടുത്ത യേശൂവിന്റെ മുഖവുമായി അസുഖബാധിതനായ കൈസറെ(റോമൻ ചക്രവർത്തി) [ലൂക്കോസ് 3:1ൽ പറയുന്ന തീബെര്യൊസ് കൈസർ(തിബെരിയസ് കൈസർ) ] കാണാൻ പോയത് വിശദീകരിക്കുന്നു. തീബെര്യൊസ് കൈസർക്ക് ഗുരുതരമായ രോഗം പിടിപെട്ടപ്പോൾ ജറുശലേംമിൽ യേശു എന്നു പേരുള്ള ഒരു വൈദ്യൻ ഉണ്ടന്നും , എല്ലാ രോഗ്യങ്ങളും അവൻ സുഖപ്പെടുത്തുമെന്നും അറിഞ്ഞു. .തന്റെ ഒരു ജോലിക്കാരനെ കൈസർ ജറുശലേമിലെ ഗവർണറായ പീലാത്തോസിന്റെ അടുക്കലേക്ക് അയച്ച് യേശുവിനെ എത്രയും വേഗം റോമിലേക്ക് അയിക്കാൻ ആവശ്യപ്പെട്ടു. കൈസരുടെ ആവശ്യം കേട്ട് പീലാത്തോസ് പരിഭ്രമിച്ചു. യേശുഎന്ന കുറ്റവാളിയെ വധിച്ചതായി ചക്രവർത്തിയുടെ ദൂതനെ അറിയിച്ചു. ദൂതൻ തിരിച്ചു പോകുമ്പോൾ വെറോനിക്ക എന്ന സ്ത്രിയെ കാണുകയും യഹൂദന്മാർ യേശു എന്ന വൈദ്യനെ കൊന്നത് എന്തിനാണന്ന് അന്വേഷിക്കുകയും ചെയ്തു. യേശുവിനോടുള്ള അസൂയകൊണ്ട് യഹൂദന്മാർ അവനെ കൊന്നതെന്ന് വെറോനിക്ക പറഞ്ഞു. പിന്നീട് അവർ സംസാരം തുടർന്നപ്പോൾ താൻ ചക്രവർത്തിയുടെ അസുഖം മാറ്റാനായി യേശുവിനെ തിരക്കി വന്നതാണന്ന് അയാൾ വെറോനിക്കയോട് പറഞ്ഞു. തന്റെ കൈവശമുള്ള യേശുവിന്റെ ചിത്രത്തെക്കുറിച്ച് വെറോനിക്ക പറയുകയും അതുകൊണ്ട് ചക്രവർത്തിയുടെ അസുഖം ഭേദമാക്കാൻ കഴിയുമെന്നും വെറോനിക്ക പറഞ്ഞു. വെറോനിക്കയെ കൂട്ടി ദൂതൻ റോമിലേക്ക് പോയി. ചക്രവർത്തിയുടെ അടുത്തെത്തിയ വെറോനിക്കയുടെ കൈയ്യിലെ തൂവാലയിലെ യേശുവിന്റെ മുഖം നോക്കിയപ്പോൾ ചക്രവർത്തിയുടെ രോഗവസ്ഥയ്ക്ക് മാറ്റം ഉണ്ടായി. ഇതിനുശേഷം ചക്രവർത്തി പീലാത്തോസിനെ റോമിലേക്ക് വിളിച്ചുവരുത്തി.
കുരിശിന്റെ വഴിയിലെ ആറാം സ്ഥല(വേറോനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു)ത്തേക്ക് പോകുമ്പോഴുള്ള ഗാനം (ആബേലച്ചൻ എഴുതിയത്) ഇങ്ങനെയാണ്....
വാടിത്തളര്‍ന്നു മുഖം -നാഥന്റെ
കണ്ണുകള്‍ താണുമങ്ങി
വേറോനിക്കാ മിഴിനീര്‍ തൂകിയ-
ദിവ്യാനനം തുടച്ചു.
മാലാഖമാര്‍ക്കെല്ലാ-
മാനന്ദമേകുന്ന
മാനത്തെ പൂനിലാവേ,
താബോര്‍ മാമല -
മേലേ നിന്‍ മുഖം
സൂര്യനെപ്പോലെ മിന്നി.
ഇന്നാമുഖത്തിന്റെ
ലാവണ്യമൊന്നാകെ
മങ്ങി, ദുഃഖത്തില്‍ മുങ്ങി.
ഉപസംഹാരം
പന്ത്രണ്ട് വർഷം രക്തസ്രാവമുള്ളവളായി സമൂഹത്തിൽ നിന്ന് തിരസ്ക്കരിക്കപ്പെട്ട തന്നെ സമൂഹത്തിലേക്ക് തിരികെ കൊണ്ടൂവന്നത് യേശുദേവനാണ്. അവന്റെ വസ്ത്രത്തിൽ തൊട്ടാൽ സൗഖ്യം ആകും എന്നുള്ള തന്റെ വിശ്വാസം കൊണ്ട് അവന്റെ വസ്ത്രത്തിൽ തൊട്ടപ്പോളവൻ പറഞ്ഞത് “മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു” എന്നാണ്. “എന്റെ മുഖം അന്വേഷിപ്പിന്” എന്നു നിങ്കൽനിന്നു കല്പന വന്നു എന്നു എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു. നിന്റെ മുഖം എനിക്കു മറെക്കരുതേ; അടിയനെകോപത്തോടെ നീക്കിക്കളയരുതേ; നീ എനിക്കു തുണയായിരിക്കുന്നു; എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ. (സങ്കീർത്തനം 27:8-9) . ഇതാ തന്റെ സൗഖ്യദായകനെ അവർ മർദ്ദിക്കൂന്നു...ചിലർ അവന്റെ മുഖത്തേക്ക് തുപ്പുന്നു.. അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല. (യെശയ്യാവ് 53:3). ഓശാനപ്പെരുന്നാൾ ദിവസം ആർപ്പുവിളികളോടെ അവനെ എതിരേറ്റവർ ഇതാ അവനെ ക്രൂശിക്കാനായി കൊണ്ടുപോകുന്നു... യേശുനാഥനെ ക്രൂശെടുക്കാൻ സഹായിയായി ഒരാൾകൂടി ഉണ്ടങ്കിലും മർദ്ദനങ്ങൾ ഏറ്റ് യേശുനാഥൻ തളർന്നിരിക്കുന്നു... അവന്റെ മുഖത്തെ രക്തം തുടയ്ക്കാം... തന്റെ രക്തസ്രവം നിർത്തിയവനാണവൻ... അവന്റെ മുഖത്തെ രക്തം എങ്കിലും തുടച്ച് സഹായിച്ചില്ലങ്കിൽ അവന്റെ കൈകളിൽ നിന്ന് സ്വീകരിച്ച നന്മകൾക്ക് പിന്നെ എന്താണ് പ്രതിഫലം നൽകേണ്ടത്? വെറോനിക്ക ആൾക്കൂട്ടത്തിനിടയിൽ നിന്ന് അവന്റെ അടുക്കലേക്ക് ചെന്നു....പടയാളികളിൽ ഒരുവൻ അവന്റെ മുൾക്കിരീടത്തിൽ അടിച്ചു. അവന്റെ തലയിൽ നിന്ന് രക്തം ഒഴുകി. അടിയുടെ ശക്തിയിൽ അതാ യേശുദേവൻ വേച്ചു പോകുന്നു... വെറോനിക്ക യേശുവിനെ താങ്ങി... അവൾ പതിയെ തന്റെ കൈയ്യിലെ തൂവാല കൊണ്ട് അവന്റെ മുഖം ഒപ്പി.....തന്റെ രക്തസ്രവം സൗഖ്യമാക്കിയവൻ ഇതാ ക്രൂശുമായി നടക്കുന്നു. അവന്റെ മുഖത്തുകൂടെ രക്തം ഒഴുകുന്നു. അവന്റെ വസ്ത്രത്തിൽ തൊട്ടപ്പോൾ തിരിഞ്ഞു നോക്കി തന്നെ കണ്ടവന്റെ കണ്ണുകളിൽ ഇപ്പോൾ രക്തം ഒഴുകി കാഴ്ച മറച്ചിരിക്കൂന്നു. കാഴ്ച മറച്ച് അവന്റെ തലയിൽ നിന്ന് ഒഴുകുന്ന രക്തതുള്ളികൾ ഒപ്പിയാലോ.... അവന്റെ മുഖം രക്തതുള്ളികൾ കൊണ്ട് മറഞ്ഞിരിക്കാൻ പാടുള്ളതല്ല.
അതാ ക്രിസ്തു കുരിശുമായി രക്തം ഒഴുകുന്ന മുഖവുമായി നമ്മളെ നോക്കുന്നു... നമുക്കൊന്ന് കൈയ്യെത്തിയാൽ അവനെ തൊടാം... അവൻ നടക്കുകയാണ് ഗൊല്ഗോഥാ മലയിലേക്ക് ... വേച്ചു പോകുന്ന അവനെ നമുക്ക് താങ്ങാൻ കഴിയും... വീണു പോകുന്ന അവനെ താങ്ങാൻ നമുക്ക് കഴിയില്ലേ? വീഴുന്നവരെ താങ്ങി എഴുന്നേൽപ്പിക്കാൻ നമുക്ക് കഴിയും .അതാ അവന്റെ കൺപോളകളിലൂടെ കാഴ്ചകൾ മറച്ച് രക്തം ഒഴുകുന്നു... ആ രക്തം ഒപ്പാൻ നമുക്ക് കഴിയില്ലേ? മറ്റുള്ളവർക്ക് കാഴ്ചയാകാൻ നമുക്ക് കഴിയണം... ഈ ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു (മത്തായി 10:42) . എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും. (മത്തായി 25:40)
:: കൂടുതൽ വായനയ്ക്ക് ::
http://www.sacred-texts.com/bib/lbob/lbob10.htm - നിക്കോദിമോസിന്റെ സുവിശേഷം
http://www.orthodox.cn/patristics/apostolicfathers/herpilat.htm - പീലാത്തോസിന്റെ എഴുത്തുകൾ
http://www.orthodox.cn/patristics/apostolicfathers/herpilat.htm - പീലാത്തോസിന്റെ എഴുത്തുകൾ