Tuesday, September 16, 2008

ഞാന്‍ കര്‍ത്താവിന്റെ ദാസി ,നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ (വി.ലൂക്കോസ് 1:38) : ലേഖനം

(എട്ടുനോമ്പ് കാലയളവില്‍ നടത്തിയ ധ്യാന പ്രസംഗത്തിന്റെ സംഗ്രഹം)

വിശുദ്ധവേദപുസ്തകം പരിശോധിക്കുമ്പോള്‍ ദൈവത്തിന്റെ വാക്ക് അനുസരിച്ച് അവനുവേണ്ടി സ്വയം അര്‍പ്പിക്കുന്ന ഏറ്റവും മനോഹരമായരംഗമായ കന്യകമറിയാമ്മിന്റെ സ്വയം അര്‍പ്പണത്തിലെ വേദഭാഗമാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്.കന്യകയായ മറിയാമ്മിന്റെ അടുത്ത്ചെന്ന് ഗബ്രിയേല്‍ ദൂതന്‍ കന്യകമറിയാമ്മിനോട് ,മറിയാം ഗര്‍ഭംധരിച്ച് ഒരു മകനെ പ്രസിവിക്കുമെന്നും അവന്റെ അധികാരങ്ങളെക്കുറിച്ചുമൊക്കെ ദൂതന്‍ പറയുമ്പോള്‍ മറിയാം തന്റെ സംശയം ചോദിക്കുന്നു.“ഞാന്‍ പുരുഷനെ അറിയായ്കയാല്‍ ഇത് എങ്ങനെ സംഭവിക്കും.(ലൂക്കോസ് 1:34).ഇതിന് ദൂതന്‍ മറുപിടി പറയുന്നു “ദൈവത്തിനു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ”(1:37).മറിയാമിന്റെ ചാര്‍ച്ചക്കാരിയായ എലീശബേത്ത് ഇപ്പോള്‍ആറുമാസം ഗര്‍ഭിണിയാണന്നും ദൂതന്‍ മറിയാമിനോട് പറയുന്നു.വയസുചെന്നവളും,മച്ചിയുമായ എലീശബേത്ത് ഗര്‍ഭം ധരിച്ചുവെങ്കില്‍ അത്സാധ്യമാക്കിതീര്‍ത്ത ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ലന്ന് ദൂതന്‍ ഓര്‍മ്മിപ്പിക്കുകയാണ് .ഈ ഓര്‍മ്മപ്പെടുത്തലിലൂടെ താന്‍ പറഞ്ഞ കാര്യങ്ങള്‍സംഭവിക്കും എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ദൂതന്‍.

കന്യകമറിയാമ്മിന്റെ കന്യകാത്വത്തെ (കന്യക എന്ന് വിളിക്കുന്നത്)ചോദ്യം ചെയ്യുന്നവര്‍‌ക്ക് വേദപുസ്തകത്തില്‍ നിന്ന് തന്നെ തെളിവുകള്‍നല്‍കാന്‍ കഴിയും.

1.കുഞ്ഞാടിനെ വൃക്ഷം നല്‍കി (ഉല്പത്തി 22:13)

മോരിയാ മലയില്‍ വച്ച് യിസഹാക്കിനെ ഹോമയാഗം കഴിക്കുന്നതിനു പകരമായി ദൈവം അബ്രഹാമിന് ആട്ടിന്‍ കുട്ടിയെ നല്‍കി.

2.പാറയില്‍ നിന്ന് വെള്ളം (പുറപ്പാട് 17:6)

ഹോരേബ് പര്‍വ്വതത്തില്‍ നിന്ന് യിസ്രായേല്‍ ജനതയ്ക്ക് കുടിയ്ക്കാനായി മോശ പര്‍വ്വതത്തെ അടിച്ചപ്പോള്‍ ജനങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളം പര്‍വ്വതത്തില്‍ നിന്ന് പുറപ്പെട്ടു.

3.മത്സ്യത്തില്‍ നിന്ന് എസ്തീറ (മത്തായി 17:27)

യേശുവിന് ചുങ്കം നല്‍കാനായി മത്സ്യത്തിന്റെ വായില്‍ നിന്ന് പണം ലഭിച്ചു.

അസംഭവമായ സംഗതികളെ സൃഷ്ടിക്കാന്‍ കഴിയുന്ന ദൈവത്തിന് കന്യകയില്‍ നിന്ന് ഒരു മകനെ നല്‍കാന്‍ കഴിയാതിരിക്കാന്‍ കഴിയുമോ?ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ലന്ന് ദൈവം തന്നെ ഓര്‍മ്മിപ്പിക്കുന്നു.“വിശ്വസിച്ചാല്‍ നീ ദൈവത്തിന്റെ മഹത്വം കാണും “എന്ന് യേശുതന്നെപറയുന്നുണ്ട്.ദൈവത്തിന്റെ വാക്ക് സംഭവിക്കുമെന്ന് മറിയാം വിശ്വസിച്ചു.അതുകൊണ്ടാണ് മറിയാം ദൂതന്റെ വാക്ക് കേട്ടയുടനെ തന്നെ തന്റെ ചാര്‍ച്ചക്കാരിയായ ഏലിശബേത്തിനെ കാണാന്‍ മലനാട്ടിലേക്ക് പോയത്.


വേദപുസ്തകത്തില്‍ മറ്റ് ചില ഭാഗങ്ങളിലും ദൈവം പ്രത്യക്ഷപ്പെട്ട് സ്ത്രിക്ക് സന്തതി ജനിക്കുമെന്ന് പറയുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്.മക്കളില്ലാതെ വിഷമിച്ചിരുന്നദമ്പതികളെ സന്ദര്‍ശിച്ച് ദൈവം തന്റെ പ്രവൃത്തികള്‍ അവരിലൂടെ നിവര്‍ത്തീച്ചു.;ദൈവത്തിന്റെ പ്രത്യക്ഷപ്പെട്ട് അറിയിച്ചതിന്റെ ഫലമായി സന്തതിഉണ്ടായ മൂന്നു ദമ്പതികളെയും അവര്‍ക്ക് ദൈവം ദാനമായി നല്‍കിയ കുട്ടികളേയും പരിചയപ്പെടുത്തുന്നു.

1.ദൈവത്തിന്റെ വാഗ്ദത്തെ നിവൃത്തി :യിസഹാക്ക് (ഉല്പത്തി 16-21)

ഇവിടെ നമ്മള്‍ കാണുന്നത് വൃദ്ധനായ അബ്രഹാമിന് ദൈവം നല്‍കിയ വാഗ്ദാനം പാലിക്കുന്നതാണ്.അബ്രാമിന് തൊണ്ണൂറ്റൊമ്പത് വയസുള്ളപ്പോള്‍ദൈവം പ്രത്യക്ഷനായി സാറായില്‍ നിന്ന് ഒരു മകനെ തരും എന്നും അവന് യിസഹാക്ക് എന്ന് പേരിടേണം എന്നും പറയുന്നു(17:13-22).വീണ്ടുംമമ്രേയുടെ തോപ്പില്‍ വച്ച് ദൈവം അബ്രഹാമിനെ പ്രത്യക്ഷനാവുകയും വാഗ്ദാനം പുതുക്കുകയും ചെയ്തു.ദൈവത്തിന്റെ വാക്കുകള്‍ കേട്ട് കൂടാരവാതില്ക്കല്‍ നിന്ന് സാറാ ചിരിച്ചു.സാറാചിരിച്ചതിനു കാരണം ഉണ്ടായിരുന്നു.(18:11-13).ദൈവം വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.യഹോവയാന്‍ കഴിയാത്ത കാര്യംഉണ്ടോ?(18:14)


2.അടിമത്വത്തില്‍ നിന്നുള്ള വിടുതല്‍ : ശിംശോന്‍ (ന്യായാധിപന്മാര്‍ 13-)

യിസ്രായേല്‍ മക്കള്‍ ദൈവത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്തതുകൊണ്ട് ദൈവം അവരെ 40 സംവത്സരം ഫെലിസ്ത്യരുടെ കൈയ്യില്‍ ഏല്പിച്ചു.ദാന്‍ ഗോത്രത്തിലെ മാനോഹ എന്നയാളുടെ ഭാര്യ മച്ചി ആയിരുന്നതുകൊണ്ട് പ്രസവിച്ചിരുന്നില്ല.ദൈവദൂതന്‍ അവളുടെ അടുത്ത് ചെന്ന് അവള്‍ഒരു കുഞ്ഞിനെ പ്രസവിക്കുമെന്നും അവനെ എങ്ങനെ വളര്‍ത്തണമെന്നും അതിനുവേണ്ടി അവള്‍ എന്തെല്ലാമാണ് ചെയ്യേണ്ടതെന്നും പറഞ്ഞു.(13:2-5)ആദ്യപ്രാവിശ്യം ദൈവദൂതന്‍ പ്രത്യക്ഷനായപ്പോള്‍ സ്ത്രിമാത്രമെ ഉണ്ടായിരുന്നുള്ളു.അവള്‍ തന്റെ ഭര്‍ത്താവ് എത്തിയപ്പോള്‍ തനിക്ക് ദൂതന്‍ പ്രത്യക്ഷനായകാര്യം അറിയിച്ചു.മാനോഹ ദൈവത്തോട് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ദൈവദൂതന്‍ വീണ്ടും പ്രത്യക്ഷനാവുകയും ചെയ്തു.(13:10-3).സ്ത്രി ഒരു മകനെ പ്രസവിക്കുകയും അവനു ശിംശോന്‍ എന്ന് പേരിട്ടു.(13:24).


3.മനുഷ്യനിന്ദയുടെ നീക്കല്‍ : സ്നാപകയോഹന്നാന്‍ (വി.ലൂക്കോസ് :1)

പുരോഹിതനായ സെഖര്‍‌യ്യാവ് എലിശബെത്ത് ദമ്പതികള്‍ വയസ്സുചെന്നവര്‍ ആയിരുന്നുവെങ്കിലും എലിശബെത്ത് മച്ചിയാകകൊണ്ട് അവര്‍ക്ക്സന്തതി(5-7) ഇല്ലായിരുന്നു.അവര്‍ ഒരു കുഞ്ഞിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.അവരുടെ പ്രാര്‍ത്ഥനയുടെ ഫലമായി ദൈവദൂതന്‍ സെഖര്‍‌യ്യാവിന്പ്രത്യക്ഷനായി അവര്‍ക്ക് ഒരു മകനെ ലഭിക്കുമെന്ന് അറിയിച്ചു.(13). എന്നാല്‍ സെഖര്‍‌യ്യാവ് ദൈവദൂതനോട് തന്റെ ശംശയം പ്രകടിപ്പിക്കുന്നു.(18).ദൈവത്തിന്റ് വാക്ക് കേട്ടിട്ടും വിശ്വസിക്കാതിരുന്ന് സെഖര്‍‌യ്യാവിനെ ദൈവദൂതന്‍ ശിക്ഷിക്കുന്നു(19-20). ദൈവം തന്റെ വാക്ക് നിവൃത്തിച്ചതിന്റെഫലമായി യോഹന്നാന്‍ സ്നാപകന്‍ ജനിക്കുന്നു.ദൈവത്തിന്റെ വാക്കില്‍ അവിശ്വാസം കാണിച്ചതുകൊണ്ട് സെഖര്‍‌യ്യാവ് ഊമനായി ജീവിക്കേണ്ടിവന്നു.യോഹന്നാന്റെ പരിച്ഛേദന നാളില്‍ ദൈവം സെഖര്‍‌യ്യാവിന്റെ നാവിന്റെ കെട്ട് അഴിക്കുകയും ചെയ്തു.

കുട്ടികള്‍ ഇല്ല എന്നതിന്റെ പേരില്‍ വളരെ നാളുകള്‍ ദുഃഖം സഹിച്ചവരുടെ കണ്ണീര്‍ തുടയ്ക്കുവാന്‍ ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു.സമൂഹത്തില്‍ അവര്‍ക്ക് ഉണ്ടാ‍യിരുന്ന നിന്ദയെ ദൈവം മാറ്റിക്കൊടുത്തു.ദൈവത്തിന്റെ വാക്കുകളില്‍ ഇവരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചുവെങ്കിലും പ്രാര്‍ത്ഥനയുടേയുംവിശ്വാസത്തിന്റേയും ശക്തിയില്‍ ദൈവം അവരെ അനിഗ്രഹിക്കുകയാണ് ചെയ്തത്.

ഇവരില്‍ നിന്ന് എല്ല്ലാം വെത്യസ്തയായിരുന്നു കന്യകമറിയാം.ദൈവത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സംശയം പ്രകടിപ്പിച്ചുവെങ്കിലും “ദൈവത്തിനു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ”(1:37).എന്ന് ദൂതന്റെ വാക്കുകളില്‍ അവള്‍ സ്വയം അര്‍പ്പിച്ചു.ഞാന്‍ കര്‍ത്താവിന്റെ ദാസി ,നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ (വി.ലൂക്കോസ് 1:38) എന്ന് പറഞ്ഞു ദൈവത്തിനു വേണ്ടി സ്വയം അര്‍പ്പിച്ചു.ഇത്തരം സ്വയം അര്‍പ്പണം ആണ് നമുക്കുംദൈവത്തോട് ഉണ്ടാകേണ്ടത്.