വി.മര്‍ക്കോസ് 2 :23-28
ഈ വേദഭാഗത്തിലെ (വി.മര്‍ക്കോസ് 2 :23-28) ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് 28-ആം വാക്യം. “മനുഷ്യന് ശബ്ബത്ത് നിമിത്തമല്ല;ശബ്ബത്ത് മനുഷ്യന് നിമിത്തമത്രേ ഉണ്ടായത്; അങ്ങനെ ,മനുഷ്യ പുത്രന് ശബ്ബത്തിനും കര്‍ത്താവാകുന്നു.“ ഇതാണ് വേദഭാഗം.
യേശുവും ശിഷ്യന്മാരും കൂടി ഒരു ശബ്ബത്ത് നാളില്‍ വിളഭൂമിയില്‍ കൂടി കടന്ന് പോകുന്ന സമയത്ത് യേശുവിന്റെ ശിഷ്യന്മാര് വിശന്നിട്ട് കതിര് പറിച്ച് തിന്നു. ഇതു യഹൂദന്മാര് കണ്ടിട്ട് യേശുവിനോട് ചോദിക്കുന്നു നിന്റെ ശിഷ്യന്മാര് ശബ്ബത്ത് ലംഘിക്കുന്നത് എന്താണ്? ഇതിനു ഉത്തരമായി പഴയനിയമകാലത്തെ ഒരു സംഭവം ആണ് യേശു ഓര്‍മ്മിപ്പിക്കുന്നത് .അബ്യാഥാര്‍ പുരോഹിതന്റെ കാലത്ത് ദാവീദും കൂട്ടരും പുരോഹിതന്മാര് മാത്രംകഴിക്കുന്ന കാഴ്ചയപ്പം വാങ്ങിക്കഴിച്ചത് നിങ്ങള്‍ വായിച്ചിട്ടില്ലയോ?ഇതിനോട് ചേര്‍ന്നാണ് യേശുപറയുന്നത് “മനുഷ്യന് ശബ്ബത്ത് നിമിത്തമല്ല;ശബ്ബത്ത് മനുഷ്യന് നിമിത്തമത്രേ ഉണ്ടായത്; അങ്ങനെ , മനുഷ്യ പുത്രന് ശബ്ബത്തിനും കര്‍ത്താവാകുന്നു.“ ഇതാണ് സന്ദര്‍ഭം .മനുഷ്യ പുത്രന് ശബ്ബത്തിനും കര്‍ത്താവാകുന്നു എന്ന് യേശു പറയാന്‍ കാരണം എന്താണന്ന് മനസ്സിലാക്കണമെങ്കില്‍ ഇതേ സന്ദര്‍ഭം വിശദമായി വി.മത്തായിയുടെസുവിശേഷം 12 ആം അദ്ധ്യായം 5-8 വരെയുള്ള വാക്യങ്ങളില്‍ പറഞ്ഞിരിക്കൂന്നത് ശ്രദ്ധിക്കുക.
മനുഷ്യ പുത്രന് ശബ്ബത്തിനും കര്‍ത്താവാകുന്നു. :
യേശുവും ശിഷ്യന്മാരും കൂടി ഒരു ശബ്ബത്ത് നാളില്‍ വിളഭൂമിയില്‍ കൂടി കടന്ന് പോകുന്ന സമയത്ത് ശിഷ്യന്മാര് വിശന്നിട്ട് കതിര് പറിച്ച് തിന്നുന്നത്വി.മത്തായി 12:5-8 വാക്യങ്ങളില്‍ പറയുന്നുണ്ട്. യഹൂദന്മാര്ക്ക് യേശു മറുപിടി നല്കുന്നു. പുരോഹിതന്മാര് ദൈവാലയത്തില്‍വച്ച് ശബ്ബത്ത് ലംഘിച്ചാല്‍ അത് പാപമായി കണക്കിടുന്നില്ല എന്ന് പറയുന്നു. ദൈവാലയത്തെക്കാള്‍ വലിയവന്‍ ഇവിടെയുണ്ട്. യാഗത്തില്‍അല്ല കരുണയില്‍ അത്രെ ഞാന്‍ പ്രസാദിക്കുന്നത്..... . മനുഷ്യപുത്രന് ശബ്ബത്തിനും കര്‍ത്താവാകുന്നു എന്ന് യേശുക്രിസ്തു ഇവിടെ പ്രഖ്യാപിക്കുകയാണ്. ദൈവാലയവും താനുമായിട്ടുള്ള ഒരു താരതമ്യം യേശു നടത്തുന്നു. അവസാന സമയങ്ങളില്‍ യരുശലേം ദൈവാലയത്തില്‍ നിന്നുകൊണ്ട് മറ്റൊരു താരതമ്യവും യേശു നടത്തുന്നുണ്ട്. “ ഈ മന്ദിരം പൊളിപ്പിന്‍ മൂന്നുദിവസം കൊണ്ട് ഞാനതിനെ പണിയും” എന്ന് യേശുപറയുന്നു.
വി.മര്‍ക്കോസ് 2 :28 ല്‍ മനുഷ്യന് ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യന് നിമിത്തമത്രേ ഉണ്ടായത്; അങ്ങനെ ,മനുഷ്യ പുത്രന് ശബ്ബത്തിനും കര്‍ത്താവാകുന്നു.“ എന്നതിലൂടെ യേശു യഹൂദന്മാരുടെ പൊള്ളയായ ന്യായപ്രമാണ ആചാരങ്ങളെയും കല്പന ലംഘനങ്ങളേയും തുറന്ന് കാണിക്കുകയാണ് ചെയ്യുന്നത്. യഹൂദന്മാരുടെ നിയമങ്ങള്‍ സാധാരണക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെ യേശു എതിര്‍ക്കുന്നുണ്ട്. അവര്‍ (യഹൂദ്ന്മാര്‍)കുരുടന്മാരായ വഴികാട്ടികള്‍ ആണന്ന് യേശു അവരെ വിളിക്കുന്നുമുണ്ട്. നമ്മുടെ സമൂഹജീവതവുമായി ഈ വേദഭാഗത്തെ ഒന്ന് ബന്ധിപ്പിച്ച്നോക്കുക. ചില നിയമങ്ങള്‍ മനുഷ്യരെ എത്രമാത്രമാണ് കഷ്ടപ്പെടുത്തുന്നത് എന്ന് നമുക്ക് അറിയാം.നിയമങ്ങള്‍ക്കു വേണ്ടിയാണോ മനുഷ്യര്‍ജനിച്ചത് എന്ന് പോലും നമ്മള് ചിന്തിച്ചുപോകും. മനുഷ്യര്‍ക്ക് വേണ്ടിയായിരിക്കണം നിയമങ്ങള്‍.
ഒരു സമൂഹത്തിന്റെ നിലനില്പിനും കെട്ടുറപ്പിനും നിയമങ്ങള്‍ ആവിശ്യങ്ങളാണ് .എന്നാല്‍ അത് മനുഷ്യനെ നന്മചെയ്യുന്നതില് നിന്ന് വിലക്കുന്നത്ആയിരിക്കരുത്. റോഡില്‍ വാഹനാപകടത്തില്‍ പെട്ട് കിടക്കുന്ന ആളുകളെ സഹായിക്കാന്‍ പലരും മടിക്കൂന്നത് പിന്നീട് ഉണ്ടാകുന്ന നിയമനടപടികളുടെ ഭാഗമായി ഉണ്ടാകുന്ന സമയ നഷ്ടം ഓര്‍ത്തിട്ടാണ്. ഇതേ ആശയം തന്നെയാണ് യേശുവിന്റെ വാക്കുകളിലും കാണാന്‍ കഴിയുന്നത്.“ശബ്ബത്തില്‍ നന്മചെയ്യുകയോ , തിന്മചെയ്യുകയോ നല്ലത് ,? നന്മചെയ്യുന്നത് വിഹതം“ എന്നാണ് യേശുപറയുന്നത്. കാരണം ശബ്ബത്തില്‍വരണ്ട കൈയ്യുള്ള മനുഷ്യനെ സൌഖ്യമാക്കുന്നത് യഹൂദന്മാര്ക്ക് ഇഷ്ടമായില്ല. ശബ്ബത്തില്‍ ചെയ്യാന്‍ പാടില്ല്ലാത്തതാണ് യേശു ചെയ്യുന്നത്.ശബ്ബത്തില്‍ നന്മചെയ്യുന്നതില് ഒരു ന്യായപ്രമാണലംഘനവും ഇല്ലന്നാണ് യേശുവിന്റെ പഠിപ്പിക്കല്‍.
പഴയ നിയമ ശബ്ബത്ത് ആചരണം :
മോശയ്ക്ക് നല്കിയ പത്തുകല്പനകളില് നാലമത്തെ കല്പനായ ശബ്ബത്ത് ആചരണത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ദൈവം നല്‍കുന്നുണ്ട്.പുറപ്പാട് 20 :8-11 വരെയുള്ള വാക്യങ്ങളില്‍ ശബ്ബത്ത് ആചരണത്തെക്കുറിച്ച് കാണാം. വേല ഒന്നും ചെയ്യരുത് എന്നാണ് ഇവിടെ പറയുന്നത്. കന്നുകാലികള്‍ക്ക് പോലും പൂര്‍ണ്ണ വിശ്രമം നല്‍കണം. എന്തുകൊണ്ടാണ് ശബ്ബത്ത് ആചരിക്കുന്നത് .ദൈവം ആറുദിവസം തന്റെ സൃഷ്ടികള്‍നടത്തിയതിനു ശേഷം ഏഴാം ദിവസം സ്വസ്ഥമായിട്ട് ഇരുന്നു.
യഹൂദന്മാരുടെ ന്യായപ്രമാണ ആചാരങ്ങള്‍ക്ക് എതിരെയുള്ള യേശുവിന്റെ വിമര്‍ശനങ്ങള്‍ : യഹൂദന്മാരുടെ ന്യായപ്രമാണങ്ങളുടെ തെറ്റായ അനുഷ്ഠാനങ്ങള്‍ക്ക് എതിരെ യേശു അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ആണ് നടത്തുന്നത്.വി.മത്തായിയുടെ സുവിശേഷം 23 ആം അദ്ധ്യായത്തില്‍ ആദ്യമോട് അന്ത്യം ഈ വിമര്‍ശനങ്ങള്‍ കാണാം ( മത്തായിയുടെ സുവിശേഷംഎഴുതപെട്ടിരിക്കൂന്നത് യഹൂദക്രിസ്ത്യാനികള്‍ക്ക് വേണ്ടിയാണ് എന്നുള്ളതുകൊണ്ടാണ് യഹൂദ്ന്മാരുടെ തെറ്റായ ആചാരങ്ങള്‍ക്ക് എതിരെയേശു നടത്തുന്ന ഉപദേശങ്ങള്‍ക്ക് മത്തായിയുടെ സുവിശേഷത്തില്‍ പ്രാധാനം നല്‍കിയിരിക്കുന്നത് ). ഈ വിമര്‍ശനങ്ങളില്‍ സഹികെട്ടിട്ടാണ്യഹൂദര്‍ യേശുവിനെ കൊല്ലാന്‍ ശ്രമിക്കുന്നത്. സമൂഹത്തിലെ അനാചാരങ്ങള്‍ക്ക് എതിരെ പോരാടിയ ധീരനായ വിപ്ലവകാരിയായിരുന്നുയേശു എന്നതില്‍ സംശയം വേണ്ട.( യേശു ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്ന് അര്‍ത്ഥമാക്കേണ്ടതില്ല).
സമ്പ്രുദായം പ്രമാണിക്കാന്‍ യഹൂദ്ന്മാര്‍ ദൈവകല്പ്ന തള്ളിക്കളയുന്നു. :
ദൈവകല്പ്ന എല്ലാം ശരിയായ രീതിയില്‍ അനുവര്‍ത്തിക്കുന്നു എന്ന് മേനിനടിക്കുന്ന യഹൂദന്മാരുടെ പൊള്ളത്തരം പലപ്പോഴും യേശു തുറന്നുകാണിക്കുന്നുണ്ട്. നാലു സന്ദര്‍ഭങ്ങള്‍ ഞാന്‍ നിങ്ങളുടെ ചിന്തയിലേക്ക് കൊണ്ടുവരികയാണ് :
ഒന്നാമത്തെ സന്ദര്‍ഭം :
ശബ്ബത്ത് ആചരണത്തെക്കുറിച്ചുള്ള സംവാദം. ( മര്‍ക്കോസ് 2 :23-28 ; മത്തായി 12:1-2 ; ലൂക്കോസ് 6:1-5 )
രണ്ടാമത്തെ സന്ദര്‍ഭം :
മര്‍ക്കോസിന്റെ സുവിശേഷം 7 ആം അദ്ധ്യായത്തില്‍ ദൈവം നല്കിയ 5-ആം കല്പനയായ ‘ അപ്പനേയും അമ്മയേയും ബഹുമാനിക്കുക ‘ എന്ന കല്പനഎങ്ങനെയാണ് യഹൂദന്മാര് തള്ളിക്കളയുന്നത് യേശു ചൂണ്ടിക്കാണിക്കുന്നു.അപ്പനേയും അമ്മയേയും പ്രാകുന്നവന്‍ മരിക്കേണം എന്ന് മോസ പറഞ്ഞുവെങ്കില്‍ യഹൂദന്മാര് ആ കല്പനയ്ക്ക് മാറ്റം വരുത്തിയിരിക്കുന്നു.“നിനക്ക് എന്നാല്‍ ഉപകാരമായി വരേണ്ടത് ‘കൊര്‍ബ്ബാന്‍ ‘ എന്ന് പറഞ്ഞാല്‍ മതി,മേലാല്‍ ഒന്നും ചെയ്യാന്‍ സമ്മതിക്കുന്നുമില്ല.”
മൂന്നാമത്തെ സന്ദര്‍ഭം :
മര്‍ക്കോസിന്റെ സുവുശേഷം 10 ആം അദ്ധ്യായത്തില്‍ യഹൂദന്മാര് യേശുവിനോട് ഒരു ചോദ്യം ചോദിക്കുന്നു. “ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ?”. ഉപേക്ഷണപത്രം കൊടുത്ത് ഭാര്യയെ ഉപേക്ഷിക്കാന്‍ മോശ അനുവദിച്ചുവെന്ന് യഹൂദന്മാര് പറയുമ്പോള്‍ അതവരുടെ ഹൃദയ കാഠിന്യം നിമിത്തംമോശ അനുവദിച്ചതാണന്ന് പറയുന്നു. ദൈവം നല്കിയ ഏഴാം കല്പനയായ ‘വ്യഭിചാരം ചെയ്യരുത് ‘ എന്ന കല്പനയുടെ ലംഘനമാണ് യഹൂദര്‍നടത്തുന്നത് എന്ന് യേശു പറയുന്നു.
നാലാമത്തെ സന്ദര്‍ഭം :
യോഹന്നാന്റെ സുവിശേഷം 8 ആം അദ്ധ്യായത്തില്‍ വേശ്യാകുറ്റത്തില്‍ പിടിക്കപെട്ട ഒരു സ്ത്രിയെ യേശുവിന്റെ മുന്നില്‍ എത്തിച്ചിട്ട് ഇവളെ എന്തുചെയ്യണം എന്ന് യഹൂദര്‍ ചോദിക്കുന്നു. യേശു നിലത്ത് എഴുതിക്കൊണ്ട് പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ എന്ന് പറയുന്നു. ആരും അവളെകല്ലെറിയാതെ തിരികെ പോവുകയാണ് .കാരണം യേശു നിലത്ത് എഴുതിയത് അവിടെ കൂടിയവരുടെ പാപങ്ങളാണായിരുന്നു. അവള് മാത്രമല്ലഇവിടെ പാപം ചെയ്തിരിക്കൂന്നത്. സ്വന്തം തെറ്റുകള്‍(പാപം) മറച്ചുവെച്ചുകൊണ്ട് അവള്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയാണ് യഹൂദര്‍ചെയ്തത്. ദൈവം നല്കിയ 9ആം കല്പ്നയായ ‘ കള്ള സാക്ഷ്യം പറയരുത് ‘ എന്ന കല്പനയുടെ ലംഘനമാണ് ഇവിടെ നടന്നത് . ഈ കല്പനലംഘിച്ചുകൊണ്ടുതന്നെയാണ് യേശുവിനെ ക്രൂശില്‍ തറയ്ക്കാന് ആരോപണം ഉന്നയിക്കാന്‍ കള്ളസാക്ഷികളെ നിര്‍ത്തുന്നതും.
നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് :
തെറ്റായ കല്പനകളെ എതിര്‍ത്തുവെങ്കിലും, മനുഷ്യാവതാരമായ താന്‍ നിയമങ്ങള്‍ക്ക് അതീതനാണന്ന് ഒരിക്കല്‍ പോലും യേശു പറയുകയോപ്രവര്‍ത്തിക്കൂകയോ ചെയ്തില്ല. മത്തായിയുടെ സുവിശേഷം 17 ആം അദ്ധ്യായത്തില്‍ യേശു കരം കൊടുക്കുന്നത് രേഖപ്പെടുത്തീയിട്ടുണ്ട്.നിയമത്തിന് ലംഘനം ഉണ്ടാകാതിരിക്കാന്‍ വേണ്ടി യേശുവും നിയമത്തിന് അടിമപ്പെട്ട് ജീവിക്കുകയാണ് ചെയ്യുന്നത്.
സമൂഹത്തില്‍ ജീവിക്കുമ്പോള്‍ സമൂഹത്തിലെ നിയമങ്ങള്‍ക്ക് മുന്നില്‍ എല്ലാവരും തുല്യരാണ്. മനുഷ്യനെ ഞെരുക്കുന്നതായിരിക്കരുത് നിയമം.മറിച്ച് മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയുള്ളതായിരിക്കണം നിയമം.