Saturday, April 7, 2012

യൂദായുടെ ചതിയും പശ്ചാത്താപവും മരണവും

ഏറ്റവും കൂടുതല്‍ വെറുക്കുന്നത് ആരെ എന്ന് എന്ന് സണ്ഡേസ്കൂളില്‍ ചോദിച്ചാല്‍ എല്ലാവര്‍ക്കും ഒരു ഉത്തരം തന്നെ ആയിരിക്കും. യൂദ ഇസ്ക്കര്‍‌യ്യോത്ത.

തന്റെ ഗുരുവായ യേശുവിനെ 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്തവന്‍!!!! യൂദ എന്തുകൊണ്ട് യേശുവിനെ ഒറ്റിക്കൊടുത്തു എന്ന് ചിന്തിച്ചിട്ടൂണ്ടോ? ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടൂണ്ട്. യേശുവിന്റെയും ശിഷ്യന്മാരുടേയും ചിലവുകള്‍ക്ക് വേണ്ടിയുള്ള പണം സൂക്ഷിച്ചിരുന്നത് യൂദ ആയിരുന്നുവെന്നും യൂദ അതില്‍ നിന്ന് പണം എടുത്തു കൊണ്ടിരുന്നു എന്നും അവന്‍ കള്ളന്‍ ആയിരുന്നു എന്നൊക്കെ ബൈബ്ബിളില്‍ കാണുന്നുണ്ട്. യൂദാ പണ സഞ്ചിയില്‍ നിന്ന് പണം മോഷ്ടിച്ചിരുന്നു എങ്കില്‍ പണ സഞ്ചി അവനില്‍ നിന്ന് മാറ്റി മാറ്റാരെയെങ്കിലും ഏല്‍പ്പിക്കുകയില്ലായിരുന്നോ എന്നുള്ള ഒരു ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നുണ്ട്.

മുപ്പതു വെള്ളിക്കാശിന് യൂദ എന്തിന് യേശുവിനെ കാണിച്ചു കൊടുത്തു എന്നു ചിന്തിക്കുമ്പോള്‍ എനിക്ക് കിട്ടുന്ന ഉത്തരം ‘താന്‍ കാണിച്ചു കൊടുത്താലും യേശുവിന് യഹൂദന്മാരുടെ ഇടയില്‍ നിന്ന് രക്ഷപെടാന്‍ കഴിയും എന്ന് യൂദ വിശ്വസിച്ചിരുന്നു എന്നാണ്. കാരണം യൂദ കുംബനത്തില്‍ കൂടി കാണിച്ചു കൊടുത്തപ്പോള്‍ മാത്രമല്ല യഹൂദന്മാര്‍ യേശുവിനെ പിടിക്കാന്‍ ശ്രമിച്ചതും പിടിച്ചതു. യൂദ ചുംബനത്തില്‍ കൂടി കാണിച്ചു കൊടുക്കുന്നതിനു മുമ്പ് രണ്ട് പ്രാവിശ്യം യഹൂദന്മാര്‍ യേശുവിനെ കൊല്ലാനായി പിടിച്ചിരുന്നു എന്ന് വേദപുസ്തകത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിയും. ആ രണ്ട് പ്രാവിശ്യവും യേശു വരുടെ ഇടയില്‍ നിന്ന് രക്ഷപെട്ടു.

വി.ലൂക്കോസിന്റെ സുവിശേഷം 4 ആം അദ്ധ്യായ, 29 ആം വാക്യത്തില്‍ ഇങ്ങനെ യേശു രക്ഷപെട്ട സംഭവം നമുക്ക് വായിക്കാന്‍ കഴിയും “പട്ടണത്തിനു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടു പോയി തലകീഴായി തള്ളിയിടാന്‍ ഭാവിച്ചു. അവനോ അവരുടെ നടുവില്‍ കൂടി കടന്നു പോയി” യേശു തന്നെ കൊല്ലാനായി കൊണ്ടുപോയവരുടെ ഇടയില്‍ നിന്ന് രക്ഷപെട്ടു. യോഹന്നാന്റെ സുവിശേഷം 10 ആം അദ്ധ്യായം 32 മുതല്‍ 39 വരെയുള്ള വാക്യങ്ങളില്‍ യഹൂദന്മാര്‍ യേശുവിനെ എറിവാന്‍ കല്ലെടുത്തതിനെക്കുറിച്ചും യേശു അവരുടെ കൈയ്യില്‍ നിന്ന് രക്ഷപെട്ടതിനെക്കൂറിച്ചും പറയുന്നുണ്ട്. പല സന്ദര്‍ഭങ്ങളിലും യഹൂദന്മാര്‍ യേശുവിനെ പിടിക്കാന്‍ ശ്രമിച്ചു എങ്കിലും ജനങ്ങളെ ഭയന്ന് യഹൂദന്മാര്‍ക്ക് പിന്മാറേണ്ടി വന്നു. ഈ സംഭവങ്ങള്‍ക്ക് എല്ലാം ദൃക്‌സാക്ഷി ആയ യൂദ ഇസ്ക്കര്യോത്ത, താന്‍ കാണീച്ചു കൊടുത്താലും യേശുവിന് രക്ഷപെടാന്‍ സാധിക്കുമെന്ന് വിശ്വസിച്ചിരുന്നിരിക്ക്ണം.

എന്നാല്‍ യൂദ ചുംബനത്തില്‍ കൂടി യേശുവിനെ കാണീച്ചു കൊടുക്കയും യഹൂദന്മാര്‍ യേശുവിനെ പിടിക്കുകയും ചെയ്തു. എന്നാല്‍ യേശു യഹൂദന്മാരുടെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചില്ല, വധശിക്ഷയ്ക്ക് തന്റെ ഗുരുനാഥനായ യേശു വിധിക്കപ്പെട്ടു എന്ന് അറിഞ്ഞപ്പോഴാണ് താന്‍ ചെയ്ത അപരാധത്തെക്കൂറിച്ച് യൂദാ യ്ക്ക് ബോധം ഉണ്ടായത്. തന്റെ ഗുരുനാഥനെ കാണിച്ചു കൊടുത്തതിന് കിട്ടിയ പണം തിരിച്ചു കൊടുക്കാന്‍ നോക്കി കൊണ്ട് പറഞ്ഞു “ഞാന്‍ കുറ്റമില്ലാത്ത രകതത്തെ കാണിച്ചു കൊടുത്തതിനാല്‍ പാപം ചെയ്തു”(മത്തായി 27:4). എന്നാല്‍ പുരോഹിതന്മാര്‍ ആ പണം വാങ്ങിയില്ല. യൂദാ ആ പണം ദേവാലയത്തിലേക്ക് തന്നെ വലിച്ചെറിഞ്ഞു. എന്നിട്ട് അവന്‍ പോയി തൂ‍ങ്ങി മരിച്ചു. അവന്‍ തൂങ്ങിയ കയര്‍ പൊട്ടി യൂദ്ദാ തറയിലെ കുറ്റിയിലേക്ക് വീണാണ് മരിച്ചത്. തന്റെ ഗുരുനാഥനെ ക്രൂശില്‍ തറയ്ക്കുന്നത് കാണാനും ആ വാര്‍ത്ത കേള്‍ക്കാനും തനിക്ക് കഴിയുമായിരുന്നില്ല എന്നതുകൊണ്ടായിരിക്കണം തന്റെ ഗുരുവിന്റെ മരണത്തിനു മുമ്പു തന്നെ ജീവിതം അവസാനിപ്പിക്കാന്‍ അവനെ പ്രേരിപ്പിച്ചത്.