ഇവിടെ ക്രൂശുമരണവഴി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഗത്ശമന മുതല്‍ കാല്‍വറി മലവരെയുള്ള പീഡാനുഭവയാത്രയും യേശുവിന്റെ മരണവും ആണ്.
ക്രൂശുമരണം
അത് സൌഖ്യം നല്‍കുന്നതാണ്.. :: യേശു ചെയ്ത അവസാന അത്ഭുതം
യേശുവിനെ പിടിക്കാനായി യഹൂദന്മാര്‍ ഗത്‌സമനതോട്ടത്തിലേക്ക് കടന്നു വന്നു. അവരുടെ കൂടെ യൂദ ഇസക്കരിയോത്തയും ഉണ്ട്. യൂദ യേശുവിനെ ചുംബിച്ച് യഹൂദന്മാര്‍ക്ക് കാണിച്ചു കൊടുത്തു. യഹൂദന്മാര്‍ യേശുവിനെ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ പത്രോസ് തന്റെ കൈയ്യിലിരുന്ന വാള്‍ എടുത്ത് മഹാപുരോഹിതന്റെ ദാസനായ മല്‍ക്കൊസിനെ വെട്ടി. വെട്ട് കൊണ്ടത് ആ ദാസന്റെ ചെവിക്കാണ്. അവന്റെ വലതു കാത് അറ്റു വീണു. ഇത് കണ്ട യേശു പത്രോസിനെ ശാസിച്ച് വാള്‍ തിരികെ വയ്ക്കാന്‍ ആവിശ്യപ്പെട്ടു. എന്നിട്ട് മല്‍ക്കോസിന്റെ കാത് സൌഖ്യമാക്കി.
അത് വൈരത്തെ അലയിച്ച് സ്നേഹത്തെ സൃഷ്ടിക്കൂന്നതാണ്.
യേശുവിനെ യഹൂദന്മാര്‍ പീലാത്തോസിന്റെ അടുക്കല്‍ കുറ്റവിസ്താരത്തിനായി എത്തിച്ചു. പക്ഷേ പീലാത്തോസ് എത്ര വിസ്താരം നടത്തിയിട്ടും യേശു ചെയ്ത കുറ്റം കണ്ടു പിടിക്കാനോ യഹൂദന്മാര്‍ക്ക് തങ്ങളുടെ ആരോപണം തെളിയിക്കാനോ കഴിഞ്ഞില്ല. വിസ്താരം നടത്തിക്കോണ്ട് ഇരിക്കുമ്പോഴാണ് യേശു ഗലീലക്കാരന്‍ ആണന്നും ഹെരോദാവിന്റെ അധികാര പരിധിയില്‍ ഉള്ള ആളാണന്ന് പീലാത്തോസ് അറിയുന്നത്. ഉടന്‍ തന്നെ പീലാത്തോസ് അന്ന് യഹൂദയില്‍ ഉള്ള ഹെരോദാവിന്റെ അടുക്കലേക്ക് യേശുവിനെ അയച്ചു. ഹെരോദേസ് ആണങ്കില്‍ യേശുവിനെ കാണാനായി ആഗ്രഹിച്ച ആളും ആയിരുന്നു.യേശുവിനെ കണ്ട് ഹെറോദാവ് സന്തോഷിച്ചു. അവനെ വിസ്താരം നടത്തിയിട്ടും ഹെരോദാവിനും അവനില്‍ ഒരു കുറ്റവും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. ഹെരോദാവ് യേശുവിനെ വീണ്ടും പീലാത്തോസിന്റെ അടുക്കലേക്ക് തിരിച്ചയിച്ചു. അത്രയും നാളും വൈരത്തില്‍ ആയിരുന്ന പീലാത്തോസും ഹെരോദാവും സ്നേഹിത്നമാര്‍ ആവുകയും ചെയ്തു.
അത് ബന്ധനങ്ങളില്‍ നിന്ന് മോചനം നല്‍കുന്നതാണ്.
എല്ലാ പെരുന്നാളിനും കാരാഗൃഹത്തില്‍ നിന്ന് ഒരാളെ മോചിപ്പിക്കുന്ന പതിവ് ഉണ്ടായിരുന്നു. യേശുവിനെ മോചിപ്പിക്കട്ടെ എന്ന് പീലാത്തോസ് ജനക്കൂട്ടത്തോട് ചോദിച്ചു. അവര്‍ക്ക് യേശുവിനു പകരം ബറബാസ് എന്ന ആളെആയിരുന്നു വേണ്ടിയിരുന്നത്. ബറബാസ് ഒരു കുലപാതകി കലഹക്കാരനും ആയിരുന്നു. കുറ്റം ചെയ്യാത്ത യേശുവിനു പകരം ബറബാസിനെ പീലാത്തോസിന് മോചിപ്പിക്കേണ്ടി വന്നു.
[ഇതിനു അനുബന്ധമായി ഒരു കഥ ഉണ്ട്. യേശുവിന്റെ ജനനസമയത്ത് മൂന്നു വയസു പ്രായമുള്ള കുഞ്ഞുങ്ങളേ എല്ലാം കൊല്ലാനായി രാജാവ് കല്പിച്ചപ്പോള്‍ യോസഫും മറിയയും യെയേശുക്കുഞ്ഞിനേയും കൊണ്ട് രക്ഷപെട്ടു പോകുമ്പോള്‍ രാജഭടന്മാരുടേ കൈയ്യില്‍ പെട്ടു. അവര്‍കുഞ്ഞിനെ കൊല്ലാനായി എടുത്തപ്പോള്‍ ആ വഴി വന്ന ബറബാസ് കുഞ്ഞിനെ കണ്ടാല്‍ മൂന്നു വയസു കഴിഞ്ഞതായി തോന്നുന്നു എന്ന് പറഞ്ഞ് കുഞ്ഞിനെ രക്ഷിച്ചു. നിന്നെ മരണത്തില്‍ നിന്ന് ഒരിക്കല്‍ ഈ കുഞ്ഞ് രക്ഷിക്കും എന്ന് മറിയാം ബറബാസിനോട് പറഞ്ഞു എന്നാണ് ആ കഥ].
അത് മുന്നറിയിപ്പും സ്നേഹവും നല്‍കുന്നതാണ്.
യേശുവിനെ ക്രൂശിക്കാനായി കൊണ്ടുപോകുമ്പോള്‍ അനേകം സ്ത്രികളും വലിയ ഒരു ജനസമൂഹവും യേശുവിന്റെ പിന്നാലെ ചെന്നിരുന്നു. തനിക്ക് വേണ്ടി കരയുന്ന സ്ത്രികളെ നോക്കി യേശു പറഞ്ഞു “യെരുശലേം പുത്രിമാരേ,എന്നെച്ചൊല്ലി കരയേണ്ടാ,നിങ്ങളേയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിന്‍(ലൂക്കോസ് 23:28).
ഇന്നത്തെ സമൂഹത്തില്‍ മേല്‍പ്പറഞ്ഞ വാക്യത്തിന് ഇപ്പോഴും പ്രശ്ക്തി ഉണ്ട്. ഇന്ന് പല ഭവനങ്ങളിലും മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ഓര്‍ത്ത് കരയുന്നു. മക്കളുടെ ചെയ്തികളെ ഓര്‍ത്ത് കരയുന്നു. തങ്ങളുടെ മക്കള്‍ക്ക് എന്ത് സംഭവിക്കാന്‍ പോകുന്നു എന്ന് ചിന്തിച്ച് അവര്‍ പ്രയാസപ്പെടുന്നു. ലോകം അതിന്റെ പുര്‍ണ്ണ വേഗതയില്‍ ഓടുമ്പോള്‍ ആ ഓട്ടത്തില്‍ നിന്ന് പിന്‍തള്ളപ്പെടാതിരിക്കാന്‍ എല്ലാവരും ഓടുന്നു. ആ ഓട്ടത്തില്‍ വിജയം നേടുമ്പോഴും നമുക്ക് ചിലപ്പോള്‍ നഷ്ടപ്പെടുന്നത് നമ്മുടെ കുടുംബ ബന്ധങ്ങള്‍ തന്നെ ആയിരിക്കും. ആരോടും ഒരു കടപ്പാട് ഇല്ലാത്ത ഒരു സമൂഹമായല്ലേ നമ്മള്‍ ഇന്ന് വളരുന്നത്? പഞ്ചനക്ഷത്ര സൌകര്യങ്ങള്‍ ഉള്ള വൃദ്ധസദനങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിലും ഇന്ന് ഉയര്‍ന്ന് കഴിഞ്ഞു.
അത് ചേര്‍ത്തുകൊള്ളുന്നതും വാഗ്ദാനം നല്‍കുന്നതും ആണ്
യേശുവിനോടൊപ്പം രണ്ട് കള്ളന്മാരേയും ഇടതും വലതുമായി ക്രൂശിച്ചു. അതില്‍ ഒരുവന്‍ മരണം കാത്തു കിടക്കുമ്പോഴും ക്രൂശില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ യേശു ശ്രമിക്കാത്തതിന് അവനെ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തു എന്നാല്‍ മറ്റേകള്ളന്‍ യേശുവിനെ കുറ്റപ്പെടുത്തിയ കള്ളനെ തിരുത്താന്‍ ശ്രമിച്ചു കൊണ്ട് പറയുന്നു, “നമ്മള്‍ കുറ്റം ചെയ്തതുകൊണ്ടാണ് ശിക്ഷിക്കപ്പെട്ടത്. എന്നാല്‍ ഇവന്‍(യേശു) കുറ്റം ചെയ്യാതെ ശിക്ഷ അനുഭവിക്കുന്നു. തന്റെ തെറ്റ് ഉള്‍ക്കൊണ്ട കള്ളനോട് യേശു പറയുന്നു, “നീ ഇന്ന് എന്നോടു കൂടെ പറുദീസയില്‍ ഇരിക്കും’. ചെയ്യുന്ന തെറ്റുകളെക്കുറിച്ച് പശ്ചാത്തപിക്കുന്നവനെ ക്രൂശിലെ സ്നേഹം കൈവെടിയുകയില്ല.
അത് കരുതുന്നതാണ്.
യേശുക്രിസ്തു തന്റെ മരണസമയത്ത് പോലും തന്റെ മാതാവിനോട് എങ്ങനെയാണ് പെരുമാറിയത് എന്ന് നോക്കുക. യോഹന്നാന്റെ സുവിശേഷം 19 ആം അദ്ധ്യായം 25 മുതല്‍ 27 വരെയുള്ള വാക്യങ്ങള്‍ നോക്കുക.” യേശുവിന്റെ ക്രൂശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ്യ മറിയയും മഗ്ദലക്കാരത്തി മറിയും നിന്നിരുന്നു.യേശു തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും നില്‍ക്കൂന്നതു കണ്ടിട്ടു : സ്ത്രിയേ, ഇതാ, നിന്റെ മകന്‍ എന്നു അമ്മയോട് പറഞ്ഞു. പിന്നെ ആ ശിഷ്യനോടു ; താ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴിക മുതല്‍ ആ ശിഷ്യന്‍ അവളെ തന്റെ വീട്ടില്‍ കൈക്കൊണ്ടു. (യോഹന്നാന്‍ 19:25-27). തന്റെ അമ്മയെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവനും വിശ്വസ്തനുമായിരുന്ന ശിഷ്യനെ ഏല്‍പ്പിച്ചിട്ടാണ് യേശു മരണപ്പെടുന്നത്.
അത് ക്ഷമിക്കുന്നതാണ്.
യേശു തന്നെ കുറ്റം വിധിച്ചവര്‍ക്കൂ വേണ്ടിയും പരിഹസിച്ചവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. “പിതാവേ ഇവര്‍ ചെയ്യുന്നത് എന്തന്ന് ഇവര്‍ അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കേണമേ”. കാല്വറി നല്‍കുന്ന ഏറ്റവും വലിയ സന്ദേശമാണ് ക്ഷമ. ശത്രുക്കളോട് പോലും ക്ഷമിക്കാന്‍ കഴിയുന്ന കാല്‍വറിയിലെ ക്ഷമയാണ് നമ്മുടെ ജീവിതത്തില്‍ നിറയേണ്ടത്.