Sunday, August 28, 2011

22. യാക്കോബിന്റെ വിവാഹവും ലാബാന്റെ വാക്കുമാറ്റലും

യാക്കൊബിന്റെ അമ്മയായ റിബെക്കയുടെ സഹോദരനായിരുന്നു ലാബാന്‍. ലാബാന്‍ താമസിച്ചിരുന്നത് പദ്ദാന്‍-അരം എന്ന സ്ഥലത്തായിരുന്നു. യാക്കൊബിന് ഭാര്യയായി ഒരു പെണ്‍കുട്ടിയെ കണ്ടത്താന്‍ വേണ്ടി യിസഹാക്ക് യാക്കൊബിനെ പദ്ദാന്‍-അരാമിലേക്ക് പറഞ്ഞയിച്ചു. അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരില്‍ നിന്ന് ഭാര്യയെ തിരഞ്ഞെടുക്കാന്‍ വേണ്ടിയാണ് ഇസഹാക്ക് യാക്കൊബിനെ ലാബാന്റെ അടുക്കലേക്ക് പറഞ്ഞ് വിട്ടത്. യാക്കോബ് യാത്രചെയ്ത് പദ്ദാന്‍ -ആരാമില്‍ എത്തി.

യാക്കൊബ് വയലില്‍ ഒരു കിണറു കണ്ട് അതിനടുത്തേക്ക് ചെന്നു. ആ കിണറിനരികെ മൂന്ന് ആട്ടിന്‍‌കൂട്ടം ഉണ്ടായിരുന്നു. ആട്ടിന്‍ കൂട്ടങ്ങള്‍ക്ക് ആ കിണറ്റില്‍ നിന്നായിരുന്നു വെള്ളം എടുത്ത് കൊടുത്തിരുന്നത്. കിണര്‍ വലിയ ഒരു കല്ല് കൊണ്ട് അടച്ചിരിക്കുകയായിരുന്നു. ആ സ്ഥലത്ത് ആടുകളുമായി വരുന്നവര്‍ എല്ലാവരും കൂടി ഒരുമിച്ച് കൂടിയാണ് ആ കല്ല് മാറ്റി ആടുകള്‍ക്ക് വെള്ളം കൊടുത്തിരുന്നത്. വെള്ളം കൊടുത്തതിന് ശേഷം അവരെല്ലാം കൂടി ഒരുമിച്ച് ആ വലിയ കല്ല് വെച്ച് കിണര്‍ അടയ്ക്കുകയും ചെയ്യുമായിരുന്നു. ആ പ്രദേശത്ത് ആടുകളുമായി വന്നവര്‍ ആടുകള്‍ക്ക് വെള്ളം കൊടുക്കാനായി എത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു യാക്കോബ് അവിടെ എത്തിയത്. യാക്കോബ് തന്റെ അമ്മാവനായ ലാബാനെക്കുറിച്ച് അവരോട് ചോദിച്ചു. അവര്‍ക്ക് ലാബാനെ അറിയാമായിരുന്നു. ആ ആട്ടിടയര്‍ ലാബാനെക്കുറിച്ച് യാക്കൊബിനോട് പറഞ്ഞു.

അവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ദൂരേന്ന് ഒരു പെണ്‍കുട്ടി ആടുകളെ മേയിച്ചു കൊണ്ട് ആ കിണറിന്റെ അടുക്കലേക്ക് വരുന്നത് കണ്ടത്. അവര്‍ ആ പെണ്‍കുട്ടിയെ കാണിച്ചിട്ട് യാക്കൊബിനോട് പറഞ്ഞു.

“ദാ, ആ ആടുകളുമായി വരുന്ന പെണ്‍കുട്ടി ഇല്ലേ? അവള്‍ നിങ്ങള്‍ അന്വേഷിക്കുന്ന ലാബാന്റെ ഇളയ മകളായ റാഹേല്‍ ആണ്“ .

അവള്‍ ആടുകളുമായി ആ കിണറിന്റെ അടുക്കലേക്ക് എത്തി. മറ്റുള്ള ആട്ടിടയര്‍ ആടുകളുമായി വരാന്‍ അവര്‍ കാത്തു നിന്നു. എല്ലാവരും കൂടെ ശ്രമിച്ചാലേ കിണറിന്റെ വായ്ക്കല്‍ നിന്ന് കല്ല് ഉരുട്ടി മാറ്റി ആടുകള്‍ക്ക് വെള്ളം കൊടുക്കാന്‍ പറ്റൂ. തന്റെ അമ്മാവന്റെ മകളേയും അമ്മാവന്റെ ആടുകളേയും കണ്ടപ്പോള്‍ യാക്കൊബ് കിണറിന്റെ അടച്ചു വെച്ചിരുന്ന കല്ല് ഒറ്റയ്ക്ക് ഉരുട്ടി മാറ്റി ലാബാന്റെ ആടുകള്‍ക്ക് വെള്ളം കൊടുത്തു.

യാക്കോബ് റാഹേലിനെ ചുംബിച്ച് പൊട്ടിക്കരഞ്ഞു. താന്‍ ആരാണന്ന് യാക്കൊബ് അവളോട് പറഞ്ഞു. താന്‍ അവളുടെ അപ്പന്റെ സഹോദരനും അപ്പന്റെ സഹോദരിയായ റിബേക്കയുടെ മകനും ആണന്നാണ് യാക്കോബ് പറഞ്ഞത്. ബന്ധം പറഞ്ഞു വരുമ്പോള്‍ യാക്കോവ് ലാബാന്റെ സഹോദരനാണ്. യാക്കൊബിന്റെ അപ്പച്ചനായ അബ്രഹാമിന്റെ സഹോദരനായ നാഹോരിന്റെ കൊച്ചുമകനാണ് ലാബാന്‍. ചേട്ടന്റേയും അനുജന്റേയും കൊച്ചുമക്കളാണ് യാക്കൊബും ലാബാനും. തന്റെ അപ്പന്റെ സഹോദരിയുടെ മകന്‍ വന്ന കാര്യം അവള്‍ ഓടിച്ചെന്ന് അപ്പനെ അറിയിച്ചു.

തന്റെ സഹോദരിയായ റിബേക്കയുടേ മകന്‍ വന്നിരിക്കുന്ന വിവരം അറിഞ്ഞ് അവനെ കൂട്ടിക്കോണ്ടു വരാനായി ലാബാന്‍ കിണറിന്റെ അരികലേക്ക് ചെന്നു. ലാബാന്‍ യാക്കൊബിനെ കെട്ടിപ്പിടിച്ച് ചുംബിച്ച് വീട്ടിലേക്ക് കൊണ്ടുവന്നു. അവര്‍ വിശേഷങ്ങള്‍ ഒക്കെ പങ്കുവെച്ചു. യാക്കൊബ് ലാബാന്റെ ആടുകളെയും കൃഷി നോക്കിയും ഒക്കെ ഒരുമാസം താമസിച്ചു.

ഒരു ദിവസം ലാബാന്‍ യാക്കൊബിന്റെ അടുക്കല്‍ ചെന്നിട്ട് പറഞ്ഞു.
“നീ എന്റെ സഹോദരനാണ്. നീ എനിക്ക് വേണ്ടി വെറുതെ പണിചെയ്യേണ്ട കാര്യമില്ല. നിനക്ക് എന്ത് പ്രതിഫലം വേണമെങ്കിലും എന്നോട് ചോദിക്കാം. ഞാനത് നിനക്ക് അത് തരാം”

ലാബാന് രണ്ടു പെണ്‍‌മക്കള്‍ ആയിരുന്നു ഉണ്ടായിരുന്നത്. മൂത്തവള്‍ ലേയാ, ഇളയവള്‍ റാഹേല്‍. ലേയയുടെ കണ്ണുകള്‍ക്ക് തിളക്കം കുറവായിരുന്നു. റാഹേലിന്റെ കണ്ണുകള്‍ നല്ല തിളക്കമുള്ളതും അവള്‍ സുന്ദരിയും ആയിരുന്നു. ആദ്യം കിണറ്റരികില്‍ വെച്ച് കണ്ടപ്പോഴേ യാക്കോബിന് റാഹേലിനോട് ഒരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു. യാക്കോബ് അന്നു‌മുതലേ റാഹേലിനെ സ്നേഹിച്ചിരുന്നു. തന്നെ സേവിക്കുന്നതിന് എന്ത് പ്രതിഫലം വേണമെങ്കിലും ചോദിച്ചോ എന്ന് ലാബാന്‍ പറഞ്ഞപ്പോള്‍ മറ്റൊന്നും ചോദിക്കാന്‍ യാക്കോബ് ചിന്തിച്ചില്ല.

“നിന്റെ ഇളയമകള്‍ റാഹേലിനു വേണ്ടി ഞാന്‍ നിന്നെ ഏഴുവര്‍ഷം സേവിക്കാം” എന്ന് യാക്കൊബ് ലാബാനോട് പറഞ്ഞു. ലാബാന്‍ അത് സമ്മതിച്ചു.
യാക്കോബ് ഏഴുവര്‍ഷം റാഹേലിനെ വേണ്ടി ലാബാനെ സേവിച്ചു. റാഹേലിനെ ഭാര്യയായി കിട്ടുന്നതിനു വേണ്ടിയും അവന്‍ അവളെ വളരെയധികം സ്നേഹിക്കുകയും ചെയ്തിരുന്നതുകൊണ്ട് ഏഴു വര്‍ഷം എന്നുള്ളത് അവന് കുറച്ചുകാലമായിട്ടേ തോന്നിയുള്ളൂ.

ഏഴുവര്‍ഷം തികഞ്ഞപ്പോള്‍ യാക്കോബ് ലാബാന്റെ അടുക്കല്‍ ചെന്നു.
“ഞാനിപ്പോള്‍ ഏഴു വര്‍ഷമായി നിന്നെ സേവിക്കുന്നു. നമ്മള്‍ പറഞ്ഞ ഏഴു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. റാഹേലിനെ ഇനി എനിക്ക് തരണം” ലാബാനോട് യാക്കൊബ് പറഞ്ഞു. ലാബാന്‍ ആ സ്ഥലത്തെ എല്ലാ ആളുകളേയും വിളിച്ച് ഒരു വലിയ വിരുന്ന് നല്‍‌കി. എല്ലാവരും ആഘോഷത്തോടെ വിരുന്ന് ആസ്വദിച്ചു.

അന്ന് രാത്രിയില്‍ ലാബാന്‍ തന്റെ മൂത്ത മകളായ ലേയയെ ആണ് യാക്കൊബിന്റെ അടുക്കല്‍ കൊണ്ടു പോയി ആക്കിയത്. .തന്റെ ദാസിയായ സില്പയെ ലേയക്ക് പരിചാരികയായി ലാബാന്‍ കൊടുത്തു.

നേരം വെളുത്തപ്പോഴാണ് തന്റെ കൂടെ രാത്രിയില്‍ ഉണ്ടായിരുന്നത് റാഹേലല്ല ലേയ ആയിരുന്നു എന്ന് യാക്കൊബിന് മനസിലായത്. യാക്കൊബ് വേഗം ലാബാന്റെ അടുക്കല്‍ ചെന്നു.
“ ഞാന്‍ റാഹേലിനു വേണ്ടിയല്ലേ നിന്നെ ഏഴു വര്‍ഷം സേവിച്ചത്. അങ്ങനെയാണ് നീ പ്രതിഫലം ആവിശ്യപ്പെട്ടപ്പോള്‍ ഞാന്‍ പറഞ്ഞതും. പിന്നെ നീ എന്തിനാണ് റാഹേലിനു പകരം ലേയയെ തന്ന് എന്നെ ചതിച്ചത്.?” യാക്കോബ് ലാബാനോട് ചോദിച്ചു.

“ഞങ്ങളുടെ ഈ സ്ഥലത്ത് മൂത്തമകള്‍ നില്‍‌ക്കുമ്പോള്‍ ഇളയവളുടെ വിവാഹം നടത്താറില്ല. നീ ഇപ്പോള്‍ ലേലയുടെ കൂടെ താമസിക്കുക. റാഹേലിലെ ഭാര്യയായി നിനക്ക് തരില്ല എന്ന് ഞാന്‍ പറയില്ല. ഇനി ഒരു ഏഴുവര്‍ഷം കൂടി എനിക്ക് വേണ്ടി പണി ചെയ്താ ഞാന്‍ നിനക്ക് റാഹേലിനെ ഭാര്യയായി തരാം” ലാബാന്‍ യാക്കോബിനോട് പറഞ്ഞു. യാക്കോബ് അത് സമ്മതിച്ചു.

ഏഴുവര്‍ഷം തികഞ്ഞപ്പോള്‍ ലാബാന്‍ വീണ്ടും ഒരു വിരുന്നൊരുക്കി. അന്ന് രാത്രിയില്‍ ലാബാന്‍ തന്റെ ഇളയ മകളായ റാഹേലിനെ യാക്കൊബിന്റെ അടുക്കല്‍ കൊണ്ടു പോയി ആക്കി.തന്റെ ദാസിയായ ബില്‍ഹയെ റാഹേലിന് പരിചാരികയായി ലാബാന്‍ കൊടുത്തു. യാക്കോബ് ലേയെക്കാള്‍ അധികമായി റാഹേലിനെ സ്നേഹിച്ചു. വീണ്ടും ഏഴു വര്‍ഷം കൂടി യാ‍ക്കോബ് ലാബാനെ സേവിച്ചു. അങ്ങനെ ഇരുപത്തൊന്ന് വര്‍ഷമാണ് യാക്കൊബ് ലാബാനെ സേവിച്ചത് .അതില്‍ പതിന്നാലു വര്‍ഷം റാഹേലിനെ ഭാര്യയായി ലഭിക്കാനാണ് യാക്കോബ് ലാബാനെ സേവിച്ചത്.


ചിത്രങ്ങള്‍ ::
http://www.purposedriven.com/article.html?c=137705&l=1
http://www.htmlbible.com/kjv30/B01C029.htm