Thursday, August 14, 2008

2. ഹവ്വയെന്ന ആദ്യ സ്ത്രി

ആദാമിനെ ഏദന്‍‌തോട്ടത്തിന്റെ കാവല്‍ ഏല്‍പ്പിച്ചതിനു ശേഷം എല്ലാദിവസവും ദൈവം ആദാമിനെകാണാനായി വെയിലാറുമ്പോള്‍ ചെല്ലുമായിരുന്നു.ദൈവം നടന്നുവരുന്ന ശബ്ദ്ദം കേള്‍ക്കുമ്പോഴേ ആദാംദൈവത്തെ കാണാനായി ഏദന്‍‌തോട്ടത്തിന്റെ അതിരില്‍ ചെല്ലുമായിരുന്നു.ഇപ്പോള്‍ ആദാമിന് പഴയപോലുള്ളഉത്സാഹവും സന്തോഷവും ഒന്നുമില്ലന്ന് ദൈവത്തിനു തോന്നി.ആദാമിനോട് ചോദിച്ചിട്ട് അവനൊന്നുംപറഞ്ഞുമില്ല. മൃഗങ്ങളെല്ലാം കൂടി ഒരുമിച്ച് നടക്കുന്നതു കാണുമ്പോഴാണ് ആദാമിന് ദുഃഖം എന്ന് ദൈവംമനസ്സിലാക്കി.ആദാം തനിയെ ഇരിക്കുന്നതാണ് അവന്റെ ദുഃഖം.അവന് മിണ്ടാനോ പറയാനോ ആരുംഏദന്‍‌തോട്ടത്തില്‍ ഇല്ല.മനുഷ്യന്‍(ആദാം)ഏകനായിരിക്കുന്നത് നല്ലതല്ല എന്ന് ദൈവത്തിന് തോന്നി.അവന്പറ്റിയ ഒരു തുണയെ നല്‍കണമെന്ന് ദൈവം മനസ്സില്‍ കരുതി.

ദൈവം അതുവരെ തന്റെ സൃഷ്ടികള്‍ക്ക് ഒരു പേരും ഇട്ടിട്ടില്ലായിരുന്നു.മൃഗജാലകങ്ങള്‍ക്ക് പേരിടാനായിആദാമിന്റെ മുന്നില്‍ ദൈവം എല്ലാ മൃഗങ്ങളേയും പറവകളേയും വരുത്തി.മനുഷ്യന്‍ തന്റെ സൃഷ്ടികള്‍ക്ക്എന്ത് പേരാണ് ഇടുന്നതന്ന് കാണാനായി ദൈവവും ആദാമിന്റെ അടുക്കല്‍ വന്നു.ഓരോ മൃഗവും,പറവയും പേരിടുന്നതിനായി ആദാമിന്റെ മുന്നില്‍ വന്നു നിന്നു.ആദാം അവയ്ക്ക് പേരിട്ടു.ഓരോ മൃഗവും വരുമ്പോള്‍ ആദാമിന് എന്തെങ്കിലും ഭാവവെത്യാസമുണ്ടോ എന്ന് ദൈവം നോക്കി.ഇല്ല ആദാമിന് ഒരു ഭാവവെത്യാസവും ഇല്ല.താന്‍ ഇതുവരെ സൃഷ്ടിച്ച സൃഷ്ടികളില്‍ നിന്ന് ആദാമിന് പറ്റിയ തുണയെ കണ്ടെത്താന്‍ ദൈവത്തിന് കഴിഞ്ഞില്ല.

അണ്ണാറക്കണ്ണന്മാരും,കുരങ്ങന്മാരും,സിംഹങ്ങളും, പറവകളും ഒക്കെ തങ്ങളുടെ ഇണകളോടൊത്ത് ആഹ്ലാദിക്കുന്നത് കണ്ടപ്പോള്‍ താനിക്ക് മാത്രം ഒരു കൂട്ടില്ലല്ലോ എന്ന് വിചാരിച്ച് ആദാമിന് സങ്കടം തോന്നി.ആദാമിന്റെകണ്ണുകള്‍ നിറയുന്നത് ദൈവം കണ്ടു.ആദാമിന് എത്രയും പെട്ടന്ന് ഒരു തുണയെ നല്‍കണം.മണ്ണ് കുഴച്ച് ഒരു രൂപം കൂടിയുണ്ടാക്കി ജീവശ്വാസം ഊതി അവനൊരു തുണയെ ഉണ്ടാക്കിയാലോ ?അതുവേണ്ട,അവന്റെസുഖത്തിലും ദുഃഖത്തിലും എന്നും അവനോട് കൂടി ഉണ്ടാകേണ്ടത് അവന്റെ തുണയാണ്.മറ്റൊരു സൃഷ്ടിയായിതുണയെ ഉണ്ടാക്കിയാല്‍ അവനെന്നും തുണയെ മറ്റൊരു സൃഷ്ടിയായി മാത്രമേ കാണുകയുള്ളു.തുണയുംഅവനെ അങ്ങനെതന്നെയേ കാണുകയുള്ളു.അതുകൊണ്ട് അവനില്‍ നിന്നു തന്നെവേണം അവനൊരു തുണയെഉണ്ടാക്കാന്‍.അങ്ങനെലഭിക്കുന്ന തുണയെ തന്റെ ശരീരമായിതന്നെകാണാന്‍ അവന് കഴിയും.തുണയ്ക്കുംഅവനെ തന്റെ ഭാഗമായിതന്നെ കാണാന്‍ കഴിയും.അതുകൊണ്ട് അവനില്‍ നിന്ന് തന്നെ അവനുപറ്റിയ തുണയെസൃഷ്ടിക്കാന്‍ ദൈവം ഉറച്ചു.

പോക്കുവെയിലിന്റെ കാഠിന്യത്തിനു ശക്തികുറഞ്ഞു കുറഞ്ഞുവന്നു.ആകാശത്ത് ചെഞ്ചായം വാരിവിതറി അസ്തമനസൂര്യന്‍ മറയാന്‍ തുടങ്ങി.ദൈവം മനുഷ്യന്റെ അടുത്തേക്ക് ചെന്നു.ദൈവം മനുഷ്യന് ഒരു ഗാഢനിദ്ര വരുത്തി.മനുഷ്യന്‍ ഉറക്കത്തിലേക്ക് വഴുതിവീണപ്പോള്‍ ദൈവം അവന്റെ വാരിയെല്ലില്‍ ഒരെണ്ണം എടുത്തു.വാരിയെല്ലിനുപകരം മാംസം പിടിപ്പിച്ചു.വാരിയെല്ലിനെ ദൈവം മനുഷ്യന് പറ്റിയ ഒരുതുണയായി,ഒരു സ്ത്രിയാക്കി മാറ്റി.മനുഷ്യന്റെവാരിയെല്ലില്‍ നിന്ന് താന്‍ സൃഷ്ടിച്ച സ്ത്രിയെ ദൈവം നോക്കി.ഇവള്‍ അവനെപ്പോഴും ഒരു തുണയായിരിക്കും എന്ന്ദൈവത്തിനു തോന്നി.

ദൈവം സ്ത്രിയെ ആദാമിന്റെ മുന്നില്‍ കൊണ്ടുവന്നു.ദൈവം അവനെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തി.തന്റെ മുന്നില്‍നില്‍ക്കുന്നവളെ അവന്‍ നോക്കി.ദൈവത്തിന്റെ സൃഷ്ടികളില്‍ താന്‍ ഇതുവരേയും കണ്ടിട്ടുള്ളതില്‍ ഏറ്റവും മനോഹരമായസൃഷ്ടി ഇതാ തന്റെ മുന്നില്‍ നില്‍ക്കുന്നു.അവളുടെ തലമുടി,കണ്ണുകള്‍,ചുണ്ടുകള്‍ ഒക്കെ എത്രമനോഹരമാണ്. മനുഷ്യന്‍നന്ദിയോടെ ദൈവത്തെ നോക്കി.ദൈവം അവളെ തന്റെ വാരിയെല്ലില്‍ നിന്ന് സൃഷ്ടിച്ചതാണന്ന് അറിഞ്ഞപ്പോള്‍ മനുഷ്യന്റെ സന്തോഷം ഇരട്ടിയായി.“ഇതു ഇപ്പോള്‍ എന്റെ അസ്ഥിയില്‍ നിന്നു അസ്ഥിയും എന്റെ മാംസത്തില്‍ നിന്നുമാംസവും ആകുന്നു.ഇവളെ നരനില്‍നിന്നു എടുത്തിരിക്കയാല്‍ ഇവള്‍ക്കു നാരി എന്നു പേരാകും “എന്നു പറഞ്ഞു.“അതുകൊണ്ടു പുരുഷന്‍ അപ്പനേയും അമ്മയേയും വിട്ടുപിരിഞ്ഞു ഭാര്‍‌യ്യയോടു പറ്റിച്ചേരും;അവര്‍ ഏക ദേഹമായി തീരും.”

സ്ത്രിയെ പുരുഷന്‍ തുണയായി ദൈവം നല്‍കി.ദൈവം അവളുടെ കൈകള്‍ അവനെ ഏല്‍പ്പിച്ചു.“ഇനി എപ്പോഴും നിങ്ങള്‍ഒരുമിച്ചായിരിക്കും.നിങ്ങള്‍ പരസ്പരം തുണയായിരിക്കണം.“ദൈവം അവരോട് കല്പിച്ചു.അവര്‍ അത് തലകുലുക്കി സമ്മതിച്ചു.“ഞാനിവളെ നിനക്ക് ഭാര്‍‌യ്യയായി നല്‍കുന്നു”പുരുഷനോട് പറഞ്ഞു.
” ഞാനിവനെ നിനക്ക് ഭര്‍ത്താവായിതരുന്നു”സ്ത്രിയോട് പറഞ്ഞു.ദൈവം ഒരിക്കല്‍കൂടി അവര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കിയിട്ട് ഏദന്‍‌തോട്ടത്തില്‍ നിന്ന്പുറത്തുപോയി.സമയം സന്ധ്യകഴിഞ്ഞിരിക്കുന്നു.ഏദന്‍‌തോട്ടത്തില്‍ നിലാവ് പരുന്നു.നിലാവെട്ടത്തില്‍ ദൈവം തനിക്കായിനല്‍കിയ തന്റെ തുണ,സ്ത്രി അതിസുന്ദരിയായിരിക്കുന്നു.അവളുടെ കാര്‍കൂന്തലിലൂടെ നിലാവ് ഒഴുകി പരക്കുന്നു.മനുഷ്യന്‍സ്ത്രിയെ തന്നോട് ചേര്‍ത്ത് ചേര്‍ത്തുനിര്‍ത്തി.“മനുഷ്യനും ഭാര്‍യ്യയും ഇരുവരും നഗ്നരായിരുന്നു.അവര്‍ക്കുനാണം തോന്നിയില്ലതാനും.“