Wednesday, December 25, 2013

നക്ഷത്രങ്ങളാവുക : ക്രിസ്തുമസ് സന്ദേശം

അവർ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നു നില്‌ക്കുവോളം അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.നക്ഷത്രം കണ്ടതുകൊണ്ടു അവർ അത്യന്തം സന്തോഷിച്ചു:(മത്തായി 2:9-10)

വീണ്ടും ഒരു ക്രിസ്തുമസ് കൂടി ആഘോഷിക്കുമ്പോൾ ഉണ്ണിയേശുവിന്റെ
ജനനം വിദ്വാന്മാർക്ക് വെളീപ്പെടൂത്തിയ നക്ഷത്രത്തെ കുറിച്ച് ഒന്നു ചിന്തിക്കുന്നത് നന്നായിരിക്കും. യേശുവിന്റെ ജനനം വിദ്വാന്മാർ മനസിലാക്കുന്നത് കിഴക്ക് കണ്ട നക്ഷത്രത്തിന്റെ ശോഭയിൽ നിന്നാണ്. ആ നക്ഷത്രമാണ് വിദ്വാന്മാരെ ഉണ്ണിയേശുവിലേക്ക് വഴികാട്ടിയാവുന്നത്. ശാന്തിയുടേയും സമാധാനത്തിന്റെയും പ്രചാരകനായി ജനിച്ച യേശുവിന്റെ ജനനം ജ്ഞാനികൾ അറിഞ്ഞത് ആ ദിവ്യതാരകത്തിന്റെ ഉദയത്തിലൂടേയായിരുന്നു.

ഇന്ന് നമ്മൾ നക്ഷത്രവിളക്കുകൾ വീടുകളിൽ തൂക്കി ഉണ്ണീയേശുവിന്റെ ജനനത്തിൽ പങ്കാളികൾ ആകുമ്പോൾ ആ നക്ഷത്രത്തിന്റെ ശോഭയിൽ മറ്റുള്ളവർക്ക് വഴികാട്ടികൾ ആകാൻ നമുക്ക് കഴിയുന്നുണ്ടോ??? നൂറുകണക്കിനു നക്ഷത്രവിളക്കുകൾ തൂക്കിയാലും വിപണിയിലെ വലിയ നക്ഷത്രം സ്വന്തമാക്കി അത് തെളിയിച്ചാലും സ്വയം ഒരു നക്ഷത്രമായി മറ്റുള്ളവർക്ക് വഴികാട്ടിയാവാൻ നമുക്ക് കഴിയുന്നില്ലങ്കിൽ നക്ഷത്രത്തിന്റെ തിളക്കം എന്തിനാണ്??? ഇന്ന് ക്രിസ്തുമസ് നക്ഷ്ത്രം തൂക്കുന്നത് മത്സരമാണ്, നക്ഷത്രത്തിന്റെ എണ്ണവും വലിപ്പവും മുതൽ വിലയും നക്ഷത്രത്തിനുള്ളിലെ ലൈറ്റുകളുടെ എണ്ണംവരെ വാർത്തകളിൽ കൊണ്ടുവരാൻ മത്സരിക്കുമ്പോൾ വിദ്വാന്മാർക്ക് വഴികാട്ടിയ ആ നക്ഷത്രത്തിന്റെ ശോഭയെ നമ്മൾ കാണാതെ പോകരുത്. കിഴക്ക് ഉദിച്ച ആ നക്ഷത്രത്തിന് വലിയ പ്രകാശം ഉണ്ടായിരുന്നില്ല. പക്ഷേ അതൊരു ദിവ്യതാരകം ആണന്നും അത് എന്തിന്റെയോ പ്രതീകവുമാണന്നും തിരിച്ചറിയാൻ വിദ്വാന്മാർക്ക് കഴിഞ്ഞു.

വലിയ പ്രകാശം ഇല്ലങ്കിലും ഒരു ചെറിയ വെളിച്ചമുള്ള നക്ഷ്ത്രമാവാൻ നമുക്ക് കഴിയേണ്ടേ?? നന്മയിലേക്കും കരുണയിലേക്കും സഹനത്തിലേക്കും ക്ഷമയിലേക്കും സമാധാനത്തിലേക്കും ഒക്കെ മറ്റുള്ളവരെ നയിക്കാൻ കഴിയുന്ന ഒരു ചെറിയ നക്ഷത്രമെങ്കിലും നമുക്ക് ആകാൻ കഴിയണം. ചെറിയ ചെറിയ നക്ഷത്രത്തിളക്കങ്ങൾ ചേർന്ന് വലിയ ഒരു പ്രകാശമാവാൻ , ആ പ്രകാശത്തിലൂടെ മറ്റുള്ളവർക്ക് വഴികാട്ടികൾ ആകാൻ കഴിയും. ഒരിക്കൽ ഒരു മനുഷ്യൻ കാട്ടിലൂടെ യാത്ര ചെയ്യുകയായിരുന്നു. പെട്ടന്ന് ആകാശത്ത് മഴക്കാറുകൾ നിറഞ്ഞു. ഭയങ്കര മഴ. കാട്ടിൽ ഇരുട്ട് പരക്കുന്നു. ആ മനുഷ്യൻ തന്റെ കുടൂംബത്തെ ഓർത്തു. തന്നെ കാത്തിരിക്കുന്ന കുട്ടികളെ ഓർത്തു. എത്രയും പെട്ടന്ന് വീട്ടിൽ എത്തണം. അയാൾ മഴയത്ത് നടന്നു. പക്ഷേ ഇടയ്ക്കെപ്പോഴോ വഴി തെറ്റി. കൈയ്യിൽ വെളിച്ചം ഇല്ല. വഴി തിരിച്ചറിയാൻ പറ്റുന്നില്ല. അതുവഴി വന്നൊരു മിന്നാമിനുങ്ങ് ഈ മനുഷ്യനെ കണ്ടു.മിന്നാമിനുണ്ട് അയാളോട് സംസാരിച്ചു. അവസാനം മിന്നാമിനുങ്ങ് അയാളോട് പറഞ്ഞു.
"ഞാൻ നിങ്ങൾക്ക് വഴി കാണിച്ച് തരാം" 
ഇതുകേട്ടപ്പോൾ അയാൾ ചിരിച്ചു. ഇച്ചിരിപോന്ന ഒരു മിന്നാമിനുങ്ങിന്റെ വെട്ടത്തിലെങ്ങനെ വഴികാണും? മിന്നാമിനുങ്ങ് പെട്ടന്ന് തന്റെ കൂട്ടൂകാരെ വിളിച്ചുകൊണ്ട് വന്നു. അനേകായിരും മിന്നാമിനുങ്ങൾ ഒരുമിച്ച് വന്നപ്പോൾ അയാൾക്ക് തന്റെ വഴികണ്ടത്താൻ കഴിഞ്ഞു. ആ മിന്നാമിനുങ്ങുകൾ അയാൾക്ക് നൽകിയ പ്രകാശത്തിൽ അയാൾ വീടെത്തി. ഇങ്ങനെ ചെറിയ ചെറിയ നക്ഷത്രതിളക്കങ്ങൾ ഒരുമിച്ച് ചേരുമ്പോൾ അത് മറ്റുള്ളവർക്ക് വലിയ ഒരു പ്രകാശമായി തീരും. തിന്മയെ നന്മയിലേക്ക് നയിക്കാൻ ആ പ്രകാശത്തിനു കഴിയും. അപ്പോഴാണ് നമ്മുടെ വീടിനുമുന്നിൽ കത്തുന്ന നക്ഷത്രവിളക്കുകൾ കൂടുതൽ പ്രകാശിക്കുന്നത്.

വിദ്വാന്മാർക്ക് വഴികാട്ടിയായ നക്ഷത്രം വാൽനക്ഷത്രമോ/ഉത്ക്കയോ ആയിരിക്കും. സ്വയം എരിഞ്ഞടങ്ങി അത് വിദ്വാന്മാർക്ക് വഴികാട്ടിയായി.മെഴുകുതിരി സ്വയം ഉരുകി ഇരുട്ടിനെ പ്രകാശപൂരിതമാക്കുമ്പോലെ അന്ധതമസിൽ ഉഴറി നടന്ന ഒരു ജനതയ്ക്ക് പ്രകാശമായി സ്വയം എരിഞ്ഞടങ്ങാൻ ആ മനുഷ്യപുത്രൻ ഭൂമിയിൽ അവതരിച്ചു. അവന്റെ ജനനം ഒരു ജനതയ്ക്ക് ആശ്വാസമായങ്കിൽ അവന്റെ ജനനം ഭയപ്പെടുത്തിയ ഒരു കൂട്ടരും ഉണ്ടായിരുന്നു. ഹെരോദാവും സംഘവും. യിസ്രായേലിനു രാജാവായി പിറന്നവൻ കാലിത്തൊഴുത്തില് കീറ്റുശീലയിൽ പൊതിഞ്ഞ് കിടക്കുകയായിരുന്നു. മാമരം കോച്ചുന്ന തണൂപ്പിൽ ആ മനുഷ്യപുത്രനെ കാണാൻ ആട്ടിടയരും വിദ്വാന്മാരും എത്തി. ഉണ്ണിയേശുവിന്റെ ജനനത്തിൽ നമ്മൾ ആഘോഷിക്കുമ്പോൾ/സന്തോഷിക്കുമ്പോൾ ചില നിലവിളികൾ കേൾക്കാതിരുന്നു കൂടാ.

തനികും തന്റെ സന്തതി പരമ്പരയ്ക്കും ഭീഷ്ണിയായി ജനിച്ച 'യിസ്രായേലിനു രാജാവായി പിറന്നവനെ' കൊല്ലാനായി ബേത്ത്ളേഹെമിലും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലെയും രണ്ടു വയസിനു താഴെയുള്ള ആൺകുട്ടികളെ ഒക്കെയും  ഹൊരോദാവ് കൊല്ലിച്ചു.  രാജാവ് കുഞ്ഞുങ്ങളെ കൊല്ലാൻ കല്പന കൊടുക്കുന്നതിനു മുമ്പുതന്നെ ജോസഫ് മറിയയെയും ഉണ്ണിയേശുവിനയും കൊണ്ട്  മിസ്രയീമിലേക്കു പോയിരുന്നു. “റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു” (മത്തായി 2:17)

കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും കരച്ചിലും നിലവിളിയും ബെത്ലഹേം പട്ടണത്തിൽ നിന്നുയർന്നു. നമ്മുടെ സമൂഹത്തിൽ നിന്ന് ഉയരുന്ന കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും കരച്ചിലിന്റെ ശബ്ദ്ദം നിങ്ങൾക്ക് കേൾക്കാൻ കഴിയുന്നുണ്ടോ? വിശപ്പിനും പീഡനങ്ങൾക്കും രോഗങ്ങൾക്കും ഒക്കെ ഇരയായി കരയുന്ന കുഞ്ഞുങ്ങളുടെ കരച്ചിൽ. നമ്മൾ ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ ഒരു നേരത്തെ ആഹാരത്തിന് വഴികാണാതെ അലയുന്ന അനേകം കുഞ്ഞുങ്ങൾ നമ്മൾ ഇടയിൽ ഉണ്ട്. അവർക്കെന്നും ആഘോഷങ്ങൾ അന്യമാണ്. നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഒരു വിഹിതം അവർക്കൂടെ മാറ്റിവയ്ക്കാൻ നമ്മൾ തയ്യാറാകണം. അടക്കിപ്പിടിച്ച തേങ്ങലുകളുമായി നമ്മടെ അടുത്തിരിക്കുന്ന കൂട്ടുകാരന്റെ സങ്കടം കാണാനും അവന്റെ ബുദ്ധിമുട്ടുകൾ കാണാനും നമുക്ക് കഴിയണം. കൂട്ടായ പ്രവർത്തനങ്ങളിലൂടെ അവന്റെ മുഖത്ത് പുഞ്ചിരിവരുത്താൻ നമുക്ക് കഴിയും. വിശന്നിരുന്നവര്ക്ക് ഭക്ഷണം കൊടുത്തവനായ യേശുവിന്റെ ജനനത്തില്‍ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ അലയുന്നവരുടെ വിശപ്പ് മാറ്റിക്കൊണ്ടല്ലേ നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കേണ്ടത്. ഇവിടെയാണ് ആദ്യം സൂചിപ്പിച്ച മിന്നാമിനുങ്ങുവെട്ടങ്ങൾ വലിയ ഒരു പ്രകാശമായി തീരേണ്ടത്. സങ്കടപ്പെടൂന്നവന്റെ കണ്ണീർ കാണുവാനും അതിൽ നിന്നവന് മോചനം ഉണ്ടാക്കുവാനും നമുക്ക് കഴിയണം.

വിദ്വാന്മാർക്ക് വഴി കാണിച്ച ആ നക്ഷത്രത്തെ നമ്മുടെ ഉള്ളിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞാൽ
അതിൽ നിന്ന് അല്പമെങ്കിലും വെളിച്ചം സമൂഹത്തിനു നൽകാൻ കഴിഞ്ഞാൽ ക്രിസ്തുമസ് നമുക്ക് വെറും ഒരു ആഘോഷമായി മാത്രം തീരില്ല. അത് നമ്മുടെ ജീവിതത്തയും സമൂഹത്തെയും പുതുക്കുവാൻ കഴിയുന്നതായിരിക്കും.

ഉണ്ണിയേശു ജനിച്ച സ്ഥലം വിദ്വാന്‍‌മാര്ക്ക്  കാണിക്കാനായി വഴികാട്ടിയ നക്ഷത്രം ആ കാലിത്തൊഴുത്തിനു മുകളില്‍ പ്രകാശിച്ചതുപോലെ നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ണിയ്യേശു ജനിച്ചാല്‍ നമുക്കു ചുറ്റും ആ ദിവ്യതാരകത്തിന്റെ പ്രകാശം നിറയുമെന്ന് ഉറപ്പാണ്.നമ്മുടെ ഹൃദയങ്ങളില്‍ അടിച്ചുകൂടിയ പകയും വിദ്വേഷവും മാറ്റി, പശുത്തൊഴുയില്‍ ഉണ്ണിയെശുവിനെ കിടത്താനായി മറിയയും ജോസഫും വിരിച്ച കീറത്തുണിപോലെ , നമുക്ക് നമ്മുടെ ഹൃദയങ്ങളില്‍ സ്നേഹമെന്ന പട്ടുതുണി വിരിച്ച് നമ്മുടെ ഹൃദയങ്ങളില്‍ ജനിക്കുന്ന ഉണ്ണിയേശുവിനായി കാത്തിരിക്കാം. ശാന്തിയുടയും സമാധാനത്തിന്റെയും പ്രതീക്ഷയുമായി എത്തുന്ന ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ സന്തോഷപൂര്‍ണ്ണയമായ ക്രിസ്തുമസിന്റെ എല്ലാവിധമായ മംഗളങ്ങളും നേരുന്നു..

{ചിത്രങ്ങൾ ഗൂഗിളിൽ നിന്ന്}

Friday, April 5, 2013

ക്രൂശിലെ ഏഴ് മൊഴികൾ

യഹൂദന്മാർ യേശുവിനെ രണ്ട് കള്ളന്മാരോടൊപ്പം ക്രൂശിൽ തറച്ചു. യേശുവിനെ ക്രൂശിൽ തറച്ചതുമുതൽ മരണ സമയം വരെയുള്ള മൂന്നു മണിക്കൂർ സമയം യേശു പറഞ്ഞ വാക്കുകളെ ആണ് ക്രൂശിലെ ഏഴ് മൊഴികൾ എന്ന് പറയുന്നത്. യേശുവിന്റെ അവസാനവാക്കുകൾ , യേശുവിന്റെ ഏഴ് മരണമൊഴികൾ എന്നൊക്കെ ഈ വാക്യങ്ങൾ അറിയപ്പെടൂന്നുണ്ട്. ക്രൂശിലെ മൊഴികൾ ഇവയാണ്.
ക്രൂശിലെ ഏഴ് മൊഴികൾ
 1. "പിതാവേ ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കണമേ"  -: ലൂക്കോസ് 23:34
2.
"ഇന്ന് നീ എന്നോടു കുടെ പറുദീസയില്‍ ഇരിക്കുമെന്ന് സത്യമായി നിന്നോടു പറയുന്നു" - : ലൂക്കോസ് 23:43
3.
"സ്ത്രീയെ ഇതാ നിന്റെ മകന്‍" (അമ്മയോട്),  "ഇതാ നിന്റെ അമ്മ" (ശിഷ്യനോടു ) -: (യോഹന്നാന്‍-19:26,27)
4.
"എന്റെ ദൈവമേ,  എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്തു?" -: മത്തായി- 27:46 , മാര്‍ക്കോസ് 15:34 , സങ്കീ :22:1
5.
"എനിക്ക് ദാഹിക്കുന്നു" -:  ( യോഹന്നാന്‍-19:28)
6.
നിവൃത്തിയായി  -:  ( യോഹന്നാന്‍-19:30)
7. 
"പിതാവേ ഞാന്‍ എന്റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്‍പ്പിക്കുന്നു" -:  ലൂക്കോസ് 23:46          

ഇതിലെ ഒന്നാമത്തയും നാലാമത്തെയും ഏഴാമത്തയും വാക്കുകൾ ദൈവത്തോടുള്ള സംസാരമാണ്.
രണ്ടാമത്തെ വാക്കുകൾ തന്നോടൊപ്പം ക്രൂശിക്കപെട്ട ഒരു കള്ളനോടാണ്. (വലതുവശത്തുള്ള കള്ളനോട് എന്ന് വിശ്വസിക്ക്കുന്നു)
മൂന്നാമത്തെ വാക്ക് തന്റെ അമ്മയോടൂം തന്റെ ശിഷ്യനായ യോഹന്നാനോടും പറയുന്നു.
അഞ്ചാമത്തെ വാക്ക് ക്രൂശിനു ചുറ്റും നിൽക്കുന്നവരോട് പറയുന്നു.
ആറാമത്തെ വാക്ക് സ്വയം പറയുന്നതാണ്.

1."പിതാവേ ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കണമേ"  -  ലുക്കോസ് 23:34
ജനക്കൂട്ടത്തിന്റെ നിർബന്ധപ്രകാരം പീലാത്തോസ് യേശുവിനെ ക്രൂശിക്കാനായി ജനങ്ങൾക്ക് ഏൽപ്പിച്ചു കൊടുക്കുന്നു. “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ”
പിതാവേ ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കണമേ
റോമൻ പടയാളികളുടെ ക്രൂരമായ പീഡനങ്ങൽക്കു ശേഷം യേശു ക്രൂശുമായി കാൽവറി മലയിൽ എത്തുന്നു. അവിടെവെച്ച് യേശുവിന്റെ വസ്ത്രങ്ങൾ അവർ ചീട്ടിട്ടൂ എടുക്കുന്നു. കള്ളന്മാരോടൊപ്പം യേശുവിനെയും ക്രൂശിൽ തറയ്ക്കുന്നു. ദൈവത്തിന്റെ ഏകപുത്രനും യഹൂദന്മാരുടെ രാജാവുമായവനോടാണ് അസൂയകൊണ്ട് യഹൂദന്മാർ ക്രൂരമായി പെരുമാറുന്നത്. തന്നോട് ക്രൂരമായി പെരുമാറുകയും ക്രൂശിൽ തറയ്ക്കുകയും ചെയ്യുന്നവരോട് യേശു സ്വയം ക്ഷമിച്ച് അവർക്കുവേണ്ടീ പിതാവായ ദൈവത്തോട് അപേക്ഷിക്കുന്നു ,

ക്രൂശിലെ ക്ഷമിക്കുന്ന സ്നേഹത്തെ നമുക്കിവിടെ കാണാൻ കഴിയും.ക്ഷമയെക്കുറിച്ച് പഠിപ്പിച്ച യേശു തന്റെ ജിവിതത്തിലും ക്ഷമ എന്താണന്ന് കാണിച്ചു തരുന്നു. എന്റെ സഹോദരനോട് ഏഴുവട്ടം ക്ഷമിച്ചാൽ മതിയോ എന്ന് ചോദിക്കുന്ന പത്രോസിനോട് യേശു പറയുന്നത് ഇങ്ങനെയാണ് , “ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു” (മത്തായി 18:22). തനിക്കുള്ള വീതം വാന്ങിച്ചു കൊണ്ടുപോയി എല്ലാം നശിപ്പിച്ച തിരിച്ചുവരുന്ന മുടിയനായ പുത്രനോട് ക്ഷമിക്കുന്ന പിതാവിന്റെ സ്നേഹമായിരുന്നു ദൈവസ്നേഹം. മത്തായി 18:35 ല് യേശു പറയുന്നത് ഇങ്ങനെയാണ്, "നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെ തന്നേ നിങ്ങളോടും ചെയ്യും.”

മത്തായി 6:14-15 ലും യെശു ക്ഷമയെക്കുറിച്ച് പറയുന്നു, " നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല. " . യേശു പഠിപ്പിച്ച പ്രാർത്ഥനയിലും ക്ഷമയെക്കുറിച്ച് പറയുന്നു , "ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; " (മത്തായി 6:12)

യിരേമ്യാവു പ്രാവചകൻ ദൈവത്തോട് നടത്തുന്ന ഒരു പ്രാർത്ഥനയുണ്ട്, "യഹോവേ, എന്റെ മരണത്തിന്നായുള്ള അവരുടെ ആലോചനയൊക്കെയും നീ അറിയുന്നു; അവരുടെ അകൃത്യം ക്ഷമിക്കരുതേ; അവരുടെ പാപം നിന്റെ മുമ്പിൽനിന്നു മായിച്ചുകളയരുതേ; അവർ തിരുമുമ്പിൽ ഇടറിവീഴട്ടെ; നിന്റെ കോപത്തിന്റെ കാലത്തു തന്നേ അവരോടു പ്രവർത്തിക്കേണമേ." (യിരേമ്യാവ് 18:23). പക്ഷേ യേശു കാലവറിയിൽ തന്നെ മരണത്തിനായി ഏൽപ്പിച്ചവർക്കുവേണ്ടി അവരോട് ക്ഷമിക്കാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു. വേദപുസ്തകം പരിശോധിച്ചാൽ നമുക്ക് ക്ഷമിക്കുന്ന ദൈവത്തെ കാണാൻ കഴിയും. കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോടു അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവും ആകുന്നു.(സങ്കീർത്തനം 86:5)

ഒരാളെ വയലിൽ കൊന്നിട്ടിരിക്കുന്നതു കാണുകയും കൊലപാതകൈ ആരാണന്ന് അറിയാതിരിക്കുകയും ചെയ്യുമ്പോൾ പട്ടണത്തിലെ മൂപ്പന്മാർ പാപപരിഹാരം ചെയ്ത് കുറ്റമില്ലാത്ത രക്തത്തിന്റെ പാപം നീക്കണമെന്ന് ആവർത്തനപുസ്തകം 21 ആം അദ്ധ്യായത്തിൽ പറയുന്നു. "യഹോവ, നീ വീണ്ടെടുത്തിട്ടുള്ള നിന്റെ ജനമായ യിസ്രായേലിനോടു ക്ഷമിക്കേണമേ; നിന്റെ ജനമായ യിസ്രായേലിന്റെ മദ്ധ്യേ കുറ്റമില്ലാത്ത രക്തം ഇരിപ്പാൻ ഇടവരുത്തരുതേ എന്നു പറയേണം; എന്നാൽ ആ രക്തപാതകം അവരോടു മോചിക്കപ്പെടും." (ആവർത്തനം 21:8) . കുറ്റം ചെയ്യാത്തവനായ യേശുവിന്റെ രക്തം ഇവിടെ ചീന്തപ്പെട്ടിരിക്കുന്നു. അവന്റെ രക്തം തങ്ങളുടേയും തങ്ങളുടെ തലമുറകളുടേയ് മേൽ വരട്ടെ എന്നാണ് യഹൂദന്മാർ പീലാത്തോസിനോട് പറഞ്ഞത്. പക്ഷേ യേശു അവർക്ക് വേണ്ട് ദൈവത്തോട് അപേക്ഷിക്കുന്നു.

2. ഇന്ന് നീ എന്നോടു കുടെ പറുദീസയില്‍ ഇരിക്കുമെന്ന് സത്യമായി നിന്നോടു പറയുന്നു"-  ലുക്കോസ് 23:43

യേശുവിനോടൊപ്പം രണ്ട് ദുഷ്പ്രവൃത്തിക്കാരെ (കള്ളന്മാരെ) , ഒരുവനെ യേശുവിന്റെ ഇടത്തും മറ്റവനെ വലത്തുഭാഗത്തുമായും ക്രൂശിൽ തറച്ചു. ക്രൂരമായ വേദന അനുഭവിക്കുമ്പോൾ കള്ളന്മാരിൽ ഒരുത്തൻ "നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക" എന്നു പറഞ്ഞു. ചെയ്ത കുറ്റങ്ങളുടെ ഫലമായിട്ടാണ് തനിക്ക് മരണ ശിക്ഷ കിട്ടിയത് എന്ന് അവനറിയാമായിരുന്നെങ്കിലും അവനപ്പോഴും യേശുവിനെ കൂട്ടുപിടിച്ച് രക്ഷപെടൻ ശ്രമിക്കുകയായിരുന്നു. ക്രൂശുമരണത്തിൽ നിന്ന് രക്ഷപെടാൻ കഴിയുന്നില്ല എന്ന് കണ്ടപ്പോൾ അവൻ യേശുവിനെ ദുഷിക്കാനും തുടങ്ങി. ഇതുകേട്ടപ്പോൾ മറ്റേ കള്ളൻ യേശുവിനെ ദുഷിച്ച കള്ളനെ ശാസിക്കാൻ തുടങ്ങി. തങ്ങൾ ചെയ്ത ദുഷ്പ്രവൃത്തിയുടെ ശിക്ഷയാണ് തങൾക്ക് ലഭിച്ചതന്ന് അവൻ മറ്റേ കള്ളനെ ഓർമ്മിപ്പിക്കുന്നു."നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു". അവൻ യേശുവിനോട് പറയുന്നു , "യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ". യേശു ദൈവത്തിന്റെ പുത്രനാണന്നും യഹൂദന്മാരുടെ രാജാവാണന്നും അവൻ വിശ്വസിച്ചിരുന്നു. യേശു അവനോട് പറയുന്നു ,“ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു”. പ്രത്യാശ നൽകുന്ന വാഗ്ദാനമാണ് അത്. യേശുവിനെ അവന്റെ ക്രൂശ് എടുത്ത്  അനുഗമിക്കുന്നവർക്കുള്ള വാഗ്ദാനമായിരുന്നു അത്. കാൽവറിയിലെ വാഗദാനം. പറുദീസയുടെ വാഗ്ദാനം. ആദ്യമനുഷ്യനായിരുന്ന ആദാം നഷ്ടപ്പെടുത്തിയ പറുദീസയുടെ അനുഭവം രണ്ടാം ആദാം വാഗ്ദാനം ചെയ്യുന്നു.
ഇന്ന് നീ എന്നോടു കുടെ പറുദീസയില്‍ ഇരിക്കുമെന്ന് സത്യമായി നിന്നോടു പറയുന്നു

നമ്മുടെ കർത്താവിന്റെ രാജത്വത്തെക്കുറിച്ച് വെളിപാടു പുസ്തകത്തിൽ പറയുന്നത് നോക്കുക.
1. ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ  എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി. (വെളിപ്പാടു 11:15)

2.അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു. (വെളിപ്പാടു 19:6)

യേശുവിന്റെ വാഗ്ദാനം
മർക്കൊസിന്റെ സുവിശെഷം 10 ആം അദ്ധ്യായത്തിൽ സെബദിപുത്രന്മാര്‍ "നിന്റെ മഹത്വത്തിൽ ഞങ്ങളിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിക്കാൻ വരം നല്കേണം" എന്നു യേശുവിനോട് പറയുമ്പോൾ യെശു പറയുന്നത് ഇങ്ങനെയാണ് "എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതോ എന്റേതല്ല; ആർക്കു ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും" (മർക്കോസ് 10:40). പക്ഷേ കാൽവറിയിലെ സഹനപീഡാമരണസമയത്ത് തന്നെ ഓർക്കണമെന്ന് പറയുന്ന കള്ളനോട് യേശു പറയുന്നു "ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും".

യേശുവിനെ അനുഗമിക്കുന്നവർക്ക് നൽകുന്ന വാഗ്ദാനമാണ് തന്നോടൊപ്പമുള്ള വാസം. "ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും"എന്നു പത്രോസ് ചോദിക്കുമ്പോൽ യേശു നൽകുന്ന മറുപിടി ഇതാണ് "“എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും"(മത്തായി 19:28). അനുഗമിക്കുന്നവർക്ക് നിത്യജീവനും അവൻ വാഗ്ദാനം ചെയ്യുന്നു."പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിന്നു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു." (യോഹന്നാൻ 17:24)

3."സ്ത്രീയെ ഇതാ നിന്റെ മകന്‍"(അമ്മയോട്), "ഇതാ നിന്റെ അമ്മ"(ശിഷ്യനോടു ) - (യോഹന്നാന്‍-19:26,27)
സ്ത്രീയെ ഇതാ നിന്റെ മകന്‍"(അമ്മയോട്), "ഇതാ നിന്റെ അമ്മ"(ശിഷ്യനോടു )
സ്വന്തം മകന്റെ ക്രൂശുമരണത്തിനു സാക്ഷിയാകേണ്ടിവന്ന അമ്മ. "നിന്റെ സ്വന്തപ്രാണനിലൂടെ ഒരു വാൾ കടക്കും" എന്ന ശിമ്യോൻ പറഞ്ഞത് മറിയം ഓർത്തിരിക്കണം. സ്വന്തം മകൻ പീഡനങ്ങൾ സഹിച്ച് കാൽവറിയിലേക്ക് നടന്നപ്പോൽ ആ അമ്മയുടെ ഓർമ്മയിൽ തെളിഞ്ഞത് എതായിരിക്കും.33 വർഷങ്ങൾക്ക് മുമ്പ് ബേത്ളേഹെം പട്ടണത്തിൽ നിറവയറുമായി വേദന സഹിച്ച് പ്രസവിക്കാൻ അല്പം സ്ഥലം തിരക്കി നടന്നത് ആ അമ്മ ഓർത്തിരിക്കണം. തന്റെ കുഞ്ഞിന്റെ ജനനം മുതൽ മരണവരെയുള്ള ജീവിതം ആ അമ്മയുടെ മനസിൽ തെളിഞ്ഞിരിക്കണം. യേശുവിന്റെ പരസ്യ ജീവിതം ആരംഭിക്കുന്നത് കാനാവിലെ കല്യാണനാളിൽ വെള്ളം വീഞ്ഞാക്കിയായിരുന്നു. തന്റെ മകൻ ആരാണന്നും അവനു എന്ത് ചെയ്യാൻ കഴിയും എന്ന് അറിഞ്ഞിരുന്ന ആ അമ്മ മകനോട് "അവർക്ക് വീഞ്ഞില്ല" എന്ന് പറയുമ്പോൾ  "സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്തു?" എന്നു മകൻ പറഞ്ഞെങ്കിലും മകൻ അവരെ സഹായിക്കുമെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു, അതുകൊണ്ടാണല്ലോ "അവൻ  നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്‍വിൻ" എന്ന് ആ അമ്മ കല്യാണവിരുന്നു ശാലയിലെ ശുശ്രൂഷ്ക്കാരോട് പറഞ്ഞത്. അമ്മയും മകനും തമ്മിലുള്ള ബന്ധം എത്ര ഗാഡമായിരുന്നു. മകനെ പൂർണ്ണമായും മനസിലാക്കിയ അമ്മ.

ചെയ്യാത്ത കുറ്റത്തിനു മകന് മരണശിക്ഷ വിധിക്കുമ്പോൾ ചങ്ക് തകർന്നെങ്കിലും ആ അമ്മനെ അവന്റെ മരണവഴിയിലൂടേയുള്ള യാത്രയിൽ പങ്കാളിയായി. മകന് ഏൽക്കുന്ന ഓരോ ചാട്ടവാറടിയും വേദനപ്പിച്ചത് അവളുടെ ഹൃദയത്തെയായിരുന്നു.മകനെ ക്രൂശിൽ തറയ്ക്കുന്നതും അവൻ വേദനകൊണ്ട് പുളയുന്നതും നിസഹായതോടെ ആ അമ്മ നോൽക്കി നിന്നു. അവൾക്ക് തന്റെ മകനെ ഉപേക്ഷിച്ച് പോകാൻ മനസില്ലായിരുന്നു. മകൻ മരണത്തിലെക്ക് കടന്നു പോകുന്ന ഓരോ നിമിഷവും അവളുടെ ജീവനും നഷ്ടപ്പെടുകായിരുന്നു. തന്റെ മുലപ്പാൽ കുടിച്ച് വിശപ്പ് മാറ്റിയ മകൻ ദാഹജലത്തിനു വേണ്ടി കേഴുന്നത് ആ അമ്മ കണ്ടു. ആ അമ്മ നിസഹായ ആയിരുന്നു. അവളുടെ മാതൃത്വം വിങ്ങി. തന്റെ മടിയിൽ കാലിട്ടിടിച്ച് മുഖം മാറിൽ ഒളിപ്പിച്ച് മുലപ്പാൽ നുകർന്ന കുഞ്ഞിനെ അവൾ ഓർത്തിരിക്കണം....

അമ്മ.. തന്റെ അമ്മ.. വേദനയോടെ സ്ഥലം അന്വേഷിച്ച് അവസാനം പശുത്തോഴുത്തിൽ തന്നെ പ്രസവിച്ച തന്റെ അമ്മ.ദേവാലയത്തിൽ തന്നെ കാണാതെപ്പോയപ്പോൾ പരിഭ്രമത്തോടെ അന്വേഷിച്ച് വന്ന അമ്മ.. മരപ്പണിശാലയിൽ എപ്പോഴും ചിരിച്ച മുഖത്തോടെ തന്നയും അപ്പനേയും സഹായിച്ച അമ്മ.. കാനാവിൽ വിരുന്നുകാരെ സഹായിക്കാൻ തന്നോട് ആവശ്യപ്പെട്ട അമ്മ... യേശുവിന്റെ മനസിലൂടയും അമ്മയും താനുമായുള്ള ഓരോ നിമിഷവും കടന്നു പോയി, തന്റെ മരണശേഷം തന്റെ അമ്മയ്ക്ക് ഇനി ആരുണ്ട്? തനിക്ക് വേണ്ടി ജീവിച്ച അമ്മ തന്റെ മരണം ഹൃദയവേദനയോടെ നോക്കി നിൽക്കുന്നു. ലോകത്ത് ഒരമ്മയ്ക്കും വരാൻ പാടില്ലാത്ത വിധി. താൻ എത്രമാത്രം തന്റെ അമ്മയെ സ്നേഹിക്കുന്നുണ്ട്... അതാ തന്റെ അമ്മയോടൊപ്പം താൻ ഏറ്റവും സ്നേഹിക്കുന്ന ശിഷ്യൻ,യോഹന്നാൻ.

"സ്ത്രീയേ, ഇതാ നിന്റെ മകൻ"(യോഹന്നാൻ 19:26) യേശു തന്റെ അമ്മയോട് പറഞ്ഞു. "ഇതാ നിന്റെ അമ്മ" (യോഹന്നാൻ 19:27) എന്ന് ആ ശിഷ്യനോടും പറഞ്ഞു. തന്റെ അമ്മയെ മകൻ തനിക്ക് ഏറ്റവും വിശ്വാസവും സ്നേഹവുമുള്ള ഒരാളെ ഏൽപ്പിച്ചു. ആ ശിഷ്യൻ തന്റെ ഗുരുവിന്റെ അമ്മയെ തന്റെ വീട്ടിൽ കൈക്കോള്ളുകയും ചെയ്തു.
അമ്മയും മകനും തമ്മിലുള്ള ഗാഡമായ ബന്ധം നമുക്കിവിടെ, ഈ ക്രൂശിൽ കാണാൻ കഴിയും. മരണസമയത്ത് ആ മകൻ ചിന്തിച്ചിരുന്നത് തന്റെ മാതാവിനെക്കുറിച്ചുകൂടിയായിരുന്നു. വർത്തമാനകാലത്തിലേക്ക് നമ്മളൊന്ന് നോക്കുക, ദിവസംതോറും ഉയരുന്ന വൃദ്ധസദനങ്ങൾ, മക്കൾ അവിടെക്ക് തങ്ങളുടെ മാതാപിതാക്കളെ വലിച്ചെറിയുന്നു. പണം നൽകി ഒഴിവാക്കുന്ന പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും ഭാരങ്ങൾ!!. ഓർക്കുക ക്രൂശിൽ വേദനകൊണ്ട് രക്തം ഒഴുക്കി മരിച്ച ആ മകൻ തന്റെ മാതാവിനെ എത്രയും സ്നേഹിച്ചിരുന്നു വെന്ന്.


4. "എന്റെ ദൈവമേ,  എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്തു ?" - മത്തായി- 27:46, (മാര്‍ക്കോസ് 15:34, സങ്കീ :22:1)
യേശു ക്രൂശിൽ കിടന്നതു മൂന്നു മണിക്കൂർ സമയം സൂര്യൻ ഇരുണ്ടു പോയി. ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു. (മര്‍ക്കോസ് 15:34).
എന്റെ ദൈവമേ,  എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്തു?

ദൈവപുത്രനാണങ്കിലും മനുഷ്യാവതാരമെടുത്ത ക്രിസ്തു മനുഷ്യനെപോലെ തന്റെ പിതാവിനെ അതി വേദനയോടെ വിളിക്കുന്നു. ദാവീദിന്റെ 22 ആം സങ്കീർത്തനത്തിലെ ആദ്യ വാക്യം ആണ് യേശു വേദനയോടെ പറയുന്നത്. "എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു?" (സങ്കീർത്തനം 22:1).
നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവർ എന്റെ കൈകളെയും കാലുകളെയും തുളെച്ചു.എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവർ എന്നെ ഉറ്റുനോക്കുന്നു. എന്റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു. (സങ്കീർത്തനം 22:16-18) യേശുവിന്റെ ക്രൂശുമരണ സമയത്ത് ഈ സങ്കീർത്തന വാക്യങ്ങൾ എങ്ങനെ സംഭവിച്ചു എന്ന് നമുക്കറിയാം.

യേശുവിന്റെ ക്രൂശുമരണത്തിനു മുമ്പ് അവനെ യഹൂദന്മാർ പിടിക്കുന്നതിനുമുമ്പും ഒരു മനുഷ്യന്റെ വികാരങ്ങളൊടുകൂടി യേശു നടത്തിയ പ്രാർത്ഥന നമുക്ക് കാണാൻ കഴിയും.

"പിന്നെ അവൻ  അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു." (മത്തായി 26:39). 

"രണ്ടാമതും പോയി: “പിതാവേ, ഞാൻ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ” എന്നു പ്രാർത്ഥിച്ചു."(മത്തായി 26:42)

അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു. (മർക്കോസ് 14:36)

പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ” എന്നു പ്രാർത്ഥിച്ചു.(ലൂക്കോസ് 22:42)

കഷ്ടതകൾ നീങ്ങിപ്പോകാൻ പ്രാർത്ഥിക്കുന്ന ഉടനെ തന്നെ യേശു തന്റെ പിതാവിനോട് പറയുന്നു, എന്റെ ഇഷ്ടമല്ല നടക്കേണ്ടത്,നിന്റെ ഇഷ്ടം തന്നെയാണ്.


5. "എനിക്ക് ദാഹിക്കുന്നു"- ( യോഹന്നാന്‍-19:28)
വീണ്ടും മനുഷ്യപുത്രനായി അവതരിച്ച യേശുക്രിസ്തു മനുഷ്യന്റെ വേദനയോടെ ദാഹജലത്തിനായി കേഴുന്നു.തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.
എനിക്ക് ദാഹിക്കുന്നു
എന്തായിരുന്നു ആ തിരുവെഴുത്തു? സങ്കീർത്തനം 69 ല്‍ നമുക്ക് ആ തിരുവെഴുത്ത് കാണാം.
ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവന്നും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും. അവർ എനിക്കു തിന്നുവാൻ കൈപ്പു തന്നു; എന്റെ ദാഹത്തിന്നു അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു. (സങ്കീർത്തനം 69 :20-21). ഈ തെരുവെഴുത്ത് പോലെ പട്ടാളക്കാർ യേശുവിനു പുളിച്ച വീഞ്ഞ് നൽകുന്നു.
അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോടു അടുപ്പിച്ചു.(യോഹന്നാൻ 19:29)

കാൽവറിയിലേക്കുള്ള വഴിയിൽ പട്ടാളക്കാർ യേശുവിനു കണ്ടിവെണ്ണ കലർത്തിയ വീഞ്ഞു നൽകാൻ ശ്രമിച്ചു എങ്കിലും യേശു അത് വാന്ങിയിരുന്നില്ല (ലൂക്കോസ് 15:23). സകലത്തിന്റെയും നാഥനായ യേശുവിന് ക്രൂശിൽ ഒരിറ്റ് ദാഹജലമായി കിട്ടിയത് പുളിച്ച വീഞ്ഞ്!!

“ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല." (യോഹന്നാൻ 6:35) എന്നും “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ." (യോഹന്നാൻ 7:37) എന്നും  പറഞ്ഞ യേശു ക്രിസ്തു ക്രൂശിൽ ദാഹജലത്തിനായി കേഴുന്നു. യേശു ദാഹജലത്തിനായി ക്രൂശിൽ നിന്ന് പറയുമ്പോൾ പുളിവീഞ്ഞു കൊടുക്കുമ്പോൾ യേശു ക്രിസ്തു നലകിയ വാഗ്ദാനം ഓർക്കുക, "ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” (യോഹന്നാൻ 4:14) .  “നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ  ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” (യോഹന്നാൻ 4:10)

യേശുവിന്റെ ഈ വാക്കുകൾ നമ്മുടേ ചെവിയിൽ മുഴങ്ങണം ,
"എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല." (മത്തായി 25:42).
നമുക്കെങ്ങനെ നമ്മുടെ നാഥനെ സ്വീകരിക്കാൻ കഴിയും. അതിനും യേശു ഉത്തരം നൽകുന്നു. "എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു" (മത്തായി 25:40)


6. നിവൃത്തിയായി - ( യോഹന്നാന്‍-19:30)
യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.(യോഹന്നാൻ 19:30).തിരുവെഴുത്തുകളുടെ പൂർത്തീകരണമാണ് നിവൃത്തിയായി

നിവൃത്തിയായി
എന്നതുകൊണ്ട് യേശു ക്രിസ്തു പറയുന്നത്. യേശുവിന്റെ ജനനം മുതൽ ഇപ്പോൽ ക്രൂശു മരണംവരെയും എല്ലാം തിരുവചനങ്ങളുടെ നിവൃത്തിയാകൽ ആയിരുന്നു. പ്രവാചകന്മാർ പറഞ്ഞതെല്ലാം യേശുവിന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരുന്നു. യേശു ക്രിസ്തു തന്നെ പറയുന്നു

അവനെ അധർമ്മികളുടെ കൂട്ടത്തിൽ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു” എന്നു പറഞ്ഞു. (ലൂക്കോസ് 22:37).

പിന്നെ അവൻ  അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു . (ലൂക്കോസ് 24:44).

ദൈവത്തിന്റെ ഏകജാതനായ പുത്രൻ മനുഷ്യവേഷത്തിൽ എന്തിനായിരുന്നു ഈ ലോകത്തിൽ ജന്മം എടുത്തത്? "മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” (മത്തായി 20:28),
"മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു." (മർക്കോസ് 10:45),
"കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു”(ലൂക്കോസ് 19:10) എന്ന് യേശു ക്രിസ്തു തന്നെ പറയുന്നു.
മനുഷ്യർക്കുവേണ്ടി കുറ്റമില്ലാത്തവൻ ക്രൂശിൽ ബലിയായി തീർന്നു.
"എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ." (1തിമൊഥെയൊസ് 2:6)

ആടുകൾക്കു വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു. (യോഹന്നാൻ 10:15) എന്നാണ് യേശു പറയുന്നത്.
യേശു ക്രിസ്തു തന്റെ ജീവനെക്കുറിച്ച് യോഹന്നാൻ 10 ന്റെ 17,18 ല് പറയുന്നത് ഇങ്ങനെയാണ്.
" എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു. ആരും അതിനെ എന്നോടു എടുത്തുകളയുന്നില്ല; ഞാൻ തന്നേ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാൻ എനിക്കു അധികാരം ഉണ്ടു; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ടു; ഈ കല്പന എന്റെ പിതാവിങ്കൽ നിന്നു എനിക്കു ലഭിച്ചിരിക്കുന്നു."

7. "പിതാവേ ഞാന്‍ എന്റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്‍പ്പിക്കുന്നു" -  ലൂക്കോസ് 23:46

പീലാത്തോസിന്റെ അരമനമുതൽ കാൽവറിയിലേക്കുള്ള വഴിയിലും പീഡനങ്ങൾ സഹിച്ച യേശു നാഥൻ ഉച്ചയ്ക്ക് പന്ത്രണ്ടു മണിമുതൽ  മൂന്നുമണിവരെയുള്ള മൂന്നുമണിക്കൂർ സമയം അതിവേദനയോടെ ക്രൂശിൽ കിടന്നു. വലതുവശത്തുള്ള കള്ളന് അവൻ പറുദീസ വാഗ്ദാനം “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.(ലൂക്കോസ് 23:46).
പിതാവേ ഞാന്‍ എന്റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്‍പ്പിക്കുന്നു
ചെയ്യുന്നു. തന്റെ മാതാവിനെ തന്റെ പ്രിയപ്പെട്ട ശിഷ്യന്റെ കൈയ്യിൽ ഏൽപ്പിക്കുന്നു. തിരുവെഴുത്തുകൾ എല്ലാം നിവൃത്തിയാകുന്നു. അവൻ ദാഹജലം ചോദിച്ചപ്പോൾ പട്ടാളക്കാർ അവനു പുളിച്ച വീഞ്ഞു നൽകി. അതവൻ കുടിച്ചു. യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.(ലൂക്കോസ് 23:46).

ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ ചീന്തി,പാറകൾ പിളർന്നു,ഭൂകമ്പം ഉണ്ടായി, കല്ലറകൾ തുടക്കപ്പെട്ടു. ഇതെല്ലാം കണ്ടപ്പോൾ ശതാധിപൻ 'യേശു നീതിമാൻ ആയിരുന്നു' എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി. പീലാത്തോസ് മൂന്നുപ്രാവിശ്യം വിസ്തരിച്ചിട്ടൂം യേശുവിൽ ഒരു കുറ്റവും കാണാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ ജനക്കൂട്ടത്തിനു വേണ്ടീ പീലാത്തോസിനു യേശുവിനെ മരണത്തിനു ഏൽപ്പിക്കേണ്ടീവന്നു.

ക്രൂശിലെ യേശുവിന്റെ അവസാന മൊഴി സങ്കീർത്തനത്തിലെ ഒരുവാക്യവുമായി ബന്ധപ്പെടുത്തേണ്ടിയിരിക്കുന്നു. "നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു." (സങ്കീർത്തനം 31:5)

ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്ന് വിശേഷ്ണം സ്വീകരിച്ച് പാപികളെ സ്നേഹിക്കുന്ന യേശു ക്രിസ്തു തന്റെ ജീവൻ അവർക്കായി നൽകി.
സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.(യോഹന്നാൻ 15:13)

പഴയ നിയമത്തിലെ പെസഹകുഞ്ഞാട് അറക്കപ്പെടൂന്ന സമയത്ത് പുതിയ നിയത്തിലെ കുഞ്ഞാട് സ്വയം ബലിയായി തീർന്നിരിക്കുന്നു. പുതിയ നിയമത്തിലെ പെസഹകുഞ്ഞാട് യെശു ക്രിസ്തു തന്നെയാണ്.

നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിൻ. നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ.(1കൊരിന്ത്യർ 5:7)

ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ. (1 പത്രൊസ് 1:19)

വെളിപാടു പുസ്തകത്തിൽ യേശുക്രിസ്തുവിനെ കുഞ്ഞാടായി പലയിടത്തും സൂച്ചിപ്പിച്ചിട്ടൂണ്ട്.

നഗരത്തിന്റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനവും അതിൽ കുഞ്ഞാടിന്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ടു. (വെളിപ്പാടു 21:14)

അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു. (വെളിപ്പാടു 5:12)

രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു. (വെളിപ്പാടു 7:10)

നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു.(വെളിപ്പാടു 21:23)

കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ളേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല. (വെളിപ്പാടു 21:27)

(ചിത്രങ്ങൾ ഗൂഗിളിൽ നിന്ന്)

Label :: നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , bible stories , malayalam bible stories , ഉപവാസം , നോമ്പ്, ദുഃഖവെള്ളി , good friday, ഉയർപ്പ് , ഈസ്‌റ്റർ, easter, കുരിശിലെ വചനങ്ങൾ , ക്രൂശിലെ വചനങ്ങൾ , അവസാന വാക്കുകൾ , ഏഴ് മൊഴികൾ , യേശുവിന്റെ അവസാന വാക്കുകൾ , THE SEVEN WORDS OF JESUS ON THE CROSS , The Seven Last Words of Christ , 7 Last Words of Jesus , last words from the cross , great lent

Sunday, March 31, 2013

ഉയിർപ്പു നൽകുന്ന സന്ദേശവും പ്രത്യാശയും

സത്യത്തിന്റെയും നീതിയുടെയും വിജയം എന്നുള്ളതാണ് ഉയിർപ്പു നൽകുന്ന നൽകുന്ന സന്ദേശം. അനീതിയിലൂടയും അധർമ്മത്തിലൂടയും സത്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കുള്ള മറുപിടിയായിരുന്നു ഉയിർപ്പ്. അനീതിയുടെ വിജയം താത്ക്കാലികമായിരുന്നു. മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ യേശുവിലൂടെ നീതി വിജയിക്കുന്നു. യേശുവിന്റെ ക്രൂശുമരണം അനീതിയുടെ വിജയം ആയിരുന്നു. കള്ള സാക്ഷികളെ മുന്നിൽ നിർത്തി ജനക്കൂട്ടത്തിന്റെ ന്യായവിധിയുടെ വിജയം. അവിടെ നിയമം നോക്കുകുത്തിആയിരുന്നു. ന്യായാധിപൻ നീതി നടത്താൻ അവസാന നിമിഷം വരെ ശ്രമിച്ചു എങ്കിലും ആൾക്കൂട്ടത്തിനുമുന്നിൽ ആ ന്യായാധിപനു തന്റെ വിധിന്യായം അന്യായത്തിന്റെ മാർഗ്ഗത്തിലേക്കുള്ളതാക്കേണ്ടിവന്നു. പീലാത്തോസ് എന്ന ന്യായാധിപന്റെ പരാജയവും ആൾക്കൂട്ടത്തിന്റെ വിജയവും ആയിരുന്നു ആ മരണം. മതനേതാക്കളുടെ നിർബന്ധത്തിനു വഴങ്ങി കുറ്റവാളിയായ ബർബാസിനെ വിട്ടയിക്കേണ്ടീവരികയും കുറ്റമില്ലാത്തവനെ മരണശിക്ഷയ്ക്ക് വിധിക്കേണ്ടിവരികയും ചെയ്ത ദുഃഖവെള്ളിയിൽ നിന്ന് ഉയിർപ്പ് ഞായറിൽ എത്തുമ്പോൾ സത്യനായകൻ ഉയിർക്കുന്നു. അതാണ് നമുക്ക് ഉയിർപ്പ് നൽകുന്ന പ്രത്യാശ. സത്യം ഒരു നാൾ ഉയിർത്തെഴുന്നേൽക്കും. സത്യം എന്തന്ന് മറ്റുള്ളവർക്ക് തിരിച്ചറിയാൻ സാധിക്കും.എത്ര നശിപ്പിക്കാൻ നോക്കിയാലും പീഡനങ്ങൾ നൽകിയാലും അവസാനം സത്യം ഉയിർത്തെഴുന്നേൽക്കും എന്നതാണ് ഈസ്റ്റ്‌ര്‍ നൽകുന്ന പ്രത്യാശ.

പ്രകടമായ ആഘോഷമല്ല ഉയിർപ്പ്. ജനങ്ങൾക്കുവേണ്ടി മരിച്ചവനാണ് യേശു. രാജാവിനും മതത്തിനും എതിരെ വിപ്ലവം ഉണ്ടാക്കി എന്നുള്ളതായിരുന്നു അവനെതിരെയുള്ള കുറ്റം. വ്യവസ്ഥാപിതമായ രീതിയിൽ അനീതി സമൂഹത്തിൽ വളർന്നു കഴിഞ്ഞപ്പോൾ അതിനൊരു പൊളിച്ചെഴുത്ത് ആവശ്യമാണന്ന് കണ്ടപ്പോൾ അതിനായി ഇറങ്ങിയവനായിരുന്നു യേശു. അവന്റെ പിന്നിൽ മറ്റാരും ഉണ്ടായിരുന്നില്ല. മതസ്ഥാപനങ്ങൾ വാണിജ്യവത്ക്കരിക്കുന്നതു കണ്ടപ്പോൾ ചമ്മട്ടികൊണ്ട് പ്രതികരിച്ചവനായിരുന്നു യേശു. അതേ സമയം തന്നെ നാട്ടിലെ നിയമത്തിനു വിധേയനുമായിരുന്നു."കൈസർക്കുള്ളത് കൈസർക്കും ദൈവത്തനിള്ളതു ദൈവത്തിനും' എന്നു പറഞ്ഞ് ചുങ്കവും കരവും കൊടുത്ത് നിയമവിധേയമായിരുന്നു ആ ജീവിതം. നിയമത്തിനു വിധേയനായി നിന്നുകൊണ്ടുള്ള ഒരു പൊളിച്ചെഴുത്തായിരുന്നു യേശു നടത്തിയത്. പക്ഷേ എതിർക്കേണ്ടവയെ എതിർക്കുകയും ചെയ്തിരുന്നു. ജനങ്ങൾ തന്നെ പിടിച്ചു രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു കണ്ടപ്പോൾ ജനക്കൂട്ടത്തിൽ നിന്ന് മാറിപ്പോയവനായിരുന്നു യേശു. ജനക്കൂട്ടത്തിന്റെ വികാരപ്രകടനങ്ങളിൽ മതിമറന്നുപോകുന്ന ഒരു നേതാവായിരുന്നില്ല യേശു.

നമ്മളിൽ മിക്കവർക്കും ദുഃഖവെള്ളിമാത്രമേയുള്ളൂ. ഉയിർപ്പിന്റെ സന്ദേശം നമ്മളിൽ നിന്നില്ല. സത്യത്തെയും നീതിയേയും ക്രൂശിക്കുമ്പോൾ സന്തോഷത്തിൽ മതിമറക്കുന്ന നമ്മൾ സത്യവും നീതിയും ഉയിർക്കുന്നത് കാണുമ്പോൾ കണ്ണുകൾ തിരിക്കും. കാരണം നമ്മുടെ മുൻവിധികളിൽ നിന്ന് ഒരുമാറ്റത്തിനു നമ്മൾ തയ്യാറല്ല. നമ്മുടെ ഉള്ളിൽ ഇപ്പോഴും ക്രൂശിൽ തറച്ചു കിടക്കുന്ന യേശുവാണ്. പക്ഷേ ആ യേശു നമ്മുടെ ഉള്ളീൽ ഉയിർത്തെഴുന്നേൽക്കുന്നില്ല. സത്യവും ധർമ്മവും ഒരിക്കലും ഇരുട്ടറയിൽ ഒതുങ്ങേണ്ടവയല്ല. യേശുവിനെ അടക്കിയ കല്ലറയുടെ മുന്നിൽ വലിയ ഒരു കല്ല് ഉരുട്ടി വെച്ചിരുന്നു. മൂന്നോ നാലോപേർ ചേർന്ന് അത് തള്ളിമാറ്റാനും സാധിക്കുകയില്ലായിരുന്നു. ആ കല്ലറയ്ക്ക് പട്ടാളക്കാരുടെ കാവലും ഉണ്ടായിരുന്നു. ആ പ്രതിബന്ധങ്ങളേ അതിജീവിച്ചാണ് യേശു ഉയിർത്തെഴുന്നേല്‍ക്കുന്നത്. യേശു ഉയിർത്തെഴുന്നേറ്റത് പട്ടാളക്കാർ പോലും അറിയുന്നത് പിന്നീടാണ്. സത്യത്തെ മൂടിവെച്ചിരുന്നാലും സംഭവിക്കുന്നത് ഇതു തന്നെയാണ്. അനേകം ആളുകളെ കള്ളസാക്ഷി വേഷം കെട്ടിച്ചും കള്ളതെളിവുകൾ സൃഷ്ടിച്ചും സത്യത്തെ കുഴിച്ചിട്ടാലും ആ സത്യം ഒരു നാൾ ഉയിർത്തെഴുന്നേൽക്കും!! നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും.  എന്നാണ് യേശു  തന്റെ ഗിരിപ്രഭാഷ്ണത്തിൽ പറയുന്നത്. നീതിക്കുവിശന്നു ദാഹിക്കുന്നവർക്കുള്ള പ്രത്യാശകൂടിയാണ് ഈസ്റ്റർ. അനീതിയെ മാറ്റി ഒരു ദിവസം നീതിവരും എന്നുള്ള പ്രത്യാശ!!

സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടിരുന്നവരുടേയും അകറ്റി നിർത്തപെട്ട്വരുടേയും സുഹൃത്തായിരുന്നു യേശു. ഞാൻ നീതിമാന്മാരെയല്ല പാപികളെ തേടിയാണ് വന്നിരിക്കുന്നതന്നും, പശ്ചാത്തപിക്കുന്ന ഒരു കുറ്റവാളിയെക്കുറിച്ച് സന്തോഷിക്കുമെന്നും പറഞ്ഞവനാണ് യേശു. സമൂഹത്തിൽ നിന്ന് അവഹേളനം മാത്രം ലഭിക്കുന്ന വേശ്യകളെയും ചുങ്കക്കാരയും പാപികളെയും എല്ലാം അവൻ സ്നേഹിച്ചു. അവന്റെ മുന്നിൽ എല്ലാവരും സമന്മാരായിരുന്നു. ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെക്കാൾ നമുക്ക് ആവശ്യം ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെയാണ്. ക്രിസ്തു ഉയിർത്തെഴുന്നേറ്റും എന്ന് പറയുന്നതോടൊപ്പം ചെയ്ത തെറ്റുകളിൽ നിന്ന് പശ്ചാത്തപിച്ച് നമ്മളിൽ നിന്ന് നീതിയും സത്യവും പുറപ്പെടണം. നീതിക്കായി വിശന്നു ദാഹിക്കുന്നവരുടെ നിലവിളിക്ക് ചെവികൊടുക്കാൻ സാധിക്കണം.

കെന്നത്ത് സോയർ ഗോഡ്മാൻ എഴുതിയ 'ഡസ്റ്റ് ഓഫ് ദി റോഡ്' എന്ന നാടകത്തിലെ രണ്ട് കഥാപാത്രങ്ങളാണ് മുപ്പതുവെള്ളിക്കാശ് വാങ്ങി യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസും ഉയിർത്തെഴുന്നേറ്റ യേശുവും. താൻ ചെയ്ത പാപത്തിൽ നിന്നുള്ള മോചനത്തിനായി യേശുവിന്റെ അടുക്കൽ യൂദാസ് എത്തുന്നു. ചെയ്ത തെറ്റുകളിൽ നിന്ന് പശ്ചാത്തപിക്കുന്ന ഒരു മനുഷ്യനെ കണ്ടത്തിയാൽ യൂദാസിന്റെ പണസഞ്ചിയിലെ മുപ്പതിവെള്ളിക്കാശിൽ നിന്ന് ഒരു വെള്ളിക്കാശിന്റെ ഭാരം കുറയും.ഇങ്ങനെ എല്ലാ വെള്ളിക്കാശിന്റെയും ഭാരം കുറഞ്ഞാൽ യൂദാസിനു മോചനം ലഭിക്കും. യെശുവും യൂദാസും കൂടി ക്രിസ്തുമസ് നാളിൽ പശ്ചാത്തപിക്കുന്ന മനുഷ്യനെ തേടി നടക്കും. നൂറ്റാണ്ടുകളായി അവർ നടക്കുന്നു എങ്കിലും യൂദാസിന്റെ പണസഞ്ചിയിലെ ഭാരം കുറയുന്നില്ല.

യുദാസിന്റെ പണസ്ഞ്ചിയുടെ ഭാരം കുറയാതിരിക്കാൻ കാരണം നമ്മൾ തന്നെയാണ്. നമ്മൾ എപ്പോഴും സത്യവും നീതിയും നമ്മളിൽ തന്നെ അടക്കിയിരിക്കുകയാണ്. സത്യവും നീതിയും ഒരിക്കലും പുറത്ത് വരാതിരിക്കാൻ വലിയ കല്ലുകളും ഉരുട്ടിവച്ചിരിക്കുന്നു. പക്ഷേ എത്രനാൾ നമുക്കതിനു കഴിയും?? ഉള്ളിലെ കല്ലുകളും വേലിക്കെട്ടുകളും തകർത്ത് നമ്മളിൽ നിന്ന് സത്യവും നീതിയും ഉയിർത്തെഴുന്നേൽക്കണം. ആ ഉയിർത്തെഴുന്നേൽപ്പാണ് യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിൽ നമ്മളിൽ ഉണ്ടാകേണ്ടത്.

(ചിത്രങ്ങൾ ഗൂഗിളിൽ നിന്ന്)

നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , bible stories , malayalam bible stories , ഉപവാസം , നോമ്പ്, ഉയർപ്പ് , ഈസ്‌റ്റർ, easter ,  Great Lent , 50 days great lent

Wednesday, March 27, 2013

കുരിശിന്റെ വഴിയിലെ ഇടങ്ങൾ

കുരിശിന്റെ വഴിയിൽ പതിന്നാലു ഇടങ്ങൾ/സ്ഥലങ്ങൾ ആണ് ഉള്ളത്. യേശുവിനെ പീലാത്തോസിന്റെ അരമനയിൽ മരണത്തിനു വിധിക്കുന്നതുമുതൽ ക്രൂശുമരണത്തിനുശേഷം കല്ലറയിൽ അടക്കുന്നതുവരെയുള്ള പീഡാനുഭവദിവസസംഭവങ്ങൾ ആണ് കുരിശിന്റെ വഴിയിൽ ഉള്ളത്. ഈ പതിന്നാലു സ്ഥലങ്ങൾ എല്ലാം വേദപുസ്തകത്തിൽ ഉള്ളതല്ല. ക്രിസ്തീയ പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും പിൻതുടർച്ചയിൽ ഉള്ളവയും ഈ പതിന്നാലു ഇടങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു.യേശുവിനു നേരിടേണ്ടീ വന്ന പീഡാനുഭവങ്ങളും കുരിശുമരണവും കബറക്കവും ആണ് ഈ പതിന്നാലു സ്ഥലങ്ങൾ.

1. യേശു മരണത്തിനു വിധിക്കപ്പെടുന്നു
2. യേശു കുരിശു ചുമക്കുന്നു
3. യേശു ഒന്നാം പ്രാവശ്യം വീഴുന്നു
4. യേശു വഴിയില്‍ വെച്ചു മാതാവിനെ കാണുന്നു
5. ശിമയോന്‍ യേശു വിനെ സഹായിക്കുന്നു
6. വേറോനിക്കാ യേശുവിന്റെ മുഖം തുടയ്ക്കുന്നു
7. യേശു രണ്ടാം പ്രാവശ്യം വീഴുന്നു
8. യേശു യെരുശലേം  നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു
9. യേശു മൂന്നാം പ്രാവശ്യം വീഴുന്നു
10. യേശുവിന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്നു
11. യേശു കുരിശില്‍ തറയ്ക്കപ്പെടുന്നു
12. യേശു കുരിശിന്മേല്‍ തൂങ്ങി മരിക്കുന്നു
13. യേശുവിന്റെ മൃതശരീരം മാതാവിന്റെ മടിയില്‍ കിടത്തുന്നു
14. യേശുവിന്റെ മൃതശരീരം കല്ലറയില്‍ സംസ്ക്കരിക്കുന്നു


1. യേശു മരണത്തിനു വിധിക്കപ്പെടുന്നു
ഗെത്ത്ശെമന തോട്ടത്തിൽ നിന്ന് യേശുവിനെ പിടിക്കുന്ന ജനക്കൂട്ടവും ചേവകരും
യേശുവിനെ മഹാപുരോഹിതനായ കയ്യാഫാവിന്റെ അടുക്കലേക്കാണ് കൊണ്ടു പോകുന്നത്. കയ്യാഫാവിന്റെ അടുക്കൽ നിന്ന് നാടുവാഴിയായ പീലാത്തോസിന്റെ അടുക്കലേക്ക് കൊണ്ടു ചെന്നു. പീലാത്തോസ് വിസ്തരിച്ചിട്ട് യേശുവിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ഒന്നും അവനിൽ കാണാൻ കഴിഞ്ഞില്ല. താൻ യേശുവിൽ ഒരു കുറ്റവും കാണുന്നില്ലന്ന് പീലാത്തോസ് മൂന്നുപ്രവിശ്യം ജനക്കൂട്ടത്തോട് പറഞ്ഞുഎങ്കിലും യേശുവിനെ ക്രൂശിക്കണം എന്ന് ജനങ്ങൾ ആവശ്യപ്പെട്ടു കൊണ്ടിരുന്നു. പെസഹദിവസം വിട്ടു കൊടുക്കുന്ന കുറ്റവാളിയായി യേശുവിനെ വിട്ടയ്ക്കാൻ പീലാത്തോസ് ശ്രമിക്കുന്നു. പക്ഷേ ജനക്കൂട്ടം ബറബാസിനെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. ചാട്ടവാറുകൊണ്ട് അടിച്ചതിനു ശേഷം യേശുവിനെ വിട്ടയ്ക്കാൻ പീലാത്തോസ് ശ്രമിക്കുന്നു. അതിനും ജനക്കൂട്ടം സമ്മതിക്കുന്നില്ല. അവസാനം ജനക്കൂട്ടത്തെ ഭയന്ന് പീലാത്തോസ് യേശുവിനെ മരണശിക്ഷയ്ക്കായി ജനങ്ങൾക്ക് ഏൽപ്പിച്ചു കൊടുക്കുന്നു. ചുവന്ന കുപ്പായം ധരിപ്പിച്ച് മുൾക്കിരീടവും തലയിൽ വെച്ച് പീലാത്തോസ് യെശുവിനെ ജനക്കൂട്ടത്തിനു മുമ്പിൽ കൊണ്ടുവന്നു. അവിടെവെച്ച് യേശുവിന്റെ വലതുകൈയ്യിൽ ഒരു കോൽ പിടിപ്പിച്ചു. രാജാധികാരത്തിന്റെ ദണ്ഡായി യേശുവിനെ പരിഹസിക്കാനാണ് ഈ കോൽ നൽകിയത്. 'യഹൂദന്മാരുടെ രാജാവേ ജയ ജയ' എന്ന് പറഞ്ഞ് ജനക്കൂട്ടം പരിഹസിച്ചു. ചിലർ യേശുവിന്റെ മുഖത്ത് തുപ്പി. ചിലർ മുഖത്ത് അടിച്ചു. ചിലർ യെശുവിന്റെ കൈയ്യിൽ പിടിപ്പിച്ച കോൽ വാന്ങി യേശുവിന്റെ തലയിൽ അടിച്ചു.
(വിശദമായ വായനയ്ക്ക് ഇവിടെ നോക്കുക)

2. യേശു കുരിശു ചുമക്കുന്നു
(മത്തായി 27:31, മർക്കോസ് 15:20 , യോഹന്നാൻ 19:17)
മരണശിക്ഷയ്ക്ക് വിധിച്ചതിനു ശേഷം യേശുവിന്റെ വസ്ത്രം തന്നെ
അവനു നൽകുന്നു. യേശുവിന്റെ ചുമലിൽ അവനെ തറയ്ക്കാനുള്ള ക്രൂശ് എടുത്ത് വയ്ക്കുന്നു. എബ്രായഭാഷയിൽ ഗൊല്ഗോഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു യേശു ക്രൂശു ചുമന്നു കൊണ്ടു പോകുന്നു.

യേശുവിനെ പടയാളികൾ പിടിച്ച ഉടനീന്നെ അവന്റെ ശിഷ്യന്മാർ എല്ലാവരും ഓടിപ്പോയിരുന്നു.യേശുവിനു എന്താണ് സംഭവിക്കുന്നത് എന്ന് അറിയാനായി യേശുവിനെ പിടിച്ചവരുടെ കൂടെ പോയ പത്രോസിനെ ചിലർ തിരിഞ്ഞറിഞ്ഞപ്പോൾ തനിക്കു യേശുവിനെ അറിയില്ല എന്ന് പത്രോസ് പറഞ്ഞു. ഭാരമേറിയ ക്രൂശുമായി യേശു ഗൊല്ഗോഥാ മലയിലേക്ക് പോകുന്നു...

“ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ  തന്നെത്താൻ  ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ." എന്ന് യേശു ശിഷ്യന്മാരോടും ജനക്കൂട്ടത്തോടും നേരത്തെ തന്നെ പറഞ്ഞിട്ടൂണ്ടയിരുന്നു. (മർക്കോസ് 8:34 , ലൂക്കോസ് 9:23) . യേശു തന്റെ ക്രൂശു മരണത്തെക്കുറിച്ച് ശിഷ്യന്മാരോട് നേരത്തെ തന്നെ പറയുന്നുണ്ട്. "അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ  ഉയിർത്തെഴുന്നേല്ക്കും.” (മത്തായി 20:19), “രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിപ്പാൻ ഏല്പിക്കും” എന്നു പറഞ്ഞു.(മത്തായി 26:2).

3. യേശു ഒന്നാം പ്രാവശ്യം വീഴുന്നു.
യേശു ക്രൂശുമായി പോകുമ്പോൾ മൂന്നു പ്രാവശ്യം വീണു എന്നുള്ളത് ഒരു വിശ്വാസ പാരമ്പര്യം ആണ്.

ദുർഘടമായ വഴിയിലൂടെ യേശു ക്രൂശുമായി നടക്കുകയാണ്. കൂർത്ത കല്ലുകൾ വന്റെ കാൽപ്പാദങ്ങളിലൂടെ തുളച്ചുകയറി. ചുമലിലെ കുരിശിന്റെ ഭാരവും കൂടിയായപ്പോൽ അവൻ തളർന്നു. പട്ടാളക്കാരുടെ മർദ്ദനം, തലയിലെ മുൾക്കിരീടത്തിലെ മുള്ളൂകൾ തലയിൽ തുളച്ചു കയറി രക്തം ഒഴുകുന്നു. ജനങ്ങൾ പരിഹസിക്കുകയാണ്. കുരിശിന്റെ ഭാരം താന്ങാനാവാതെ ക്ഷീണിതനായി യേശു വീഴുന്നു.


4. യേശു വഴിയില്‍ വെച്ചു മാതാവിനെ കാണുന്നു
വീണുപോയ യേശുവിനു പട്ടാളക്കാരുടെ ക്രൂരമായ മർദ്ദനം. ചാട്ടവാറുകൾ കൊണ്ട് അവന്റെ ശരീരം കീറിമുറിഞ്ഞു. അവൻ വേച്ച് വേച്ച്
വീണ്ടും എഴുന്നേൽക്കുന്നു. ക്രൂശ് ചുമലിൽ വെച്ച് മുന്നോട്ട് നീന്ങുന്നു. തലയിൽ കൂടി ഒഴുകി പരക്കുന്ന രക്തം അവന്റെ കൺപോളകളിലൂടെ നിലത്തേക്ക് ഇറ്റിറ്റു വീഴുന്നു. കാഴ്ചകൾ മറയ്ക്കുന്ന രക്തപടർപ്പിലൂടേ യേശു തന്റെ മാതാവിനെ കണ്ടൂ. ഒരുമാതാവും സഹിക്കാനാവാത്ത കാഴ്ച. തന്റെ മകൻ ഭാരമേറിയ ക്രൂശുമായി കൊടിയമർദ്ദനത്തോടെ മരണത്തിലേക്ക് നടക്കുന്നു. ആ മാതാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. തന്റെ മാതാവിന്റെ കണ്ണുകൾ തുടയ്ക്കാനാവാതെ നിസഹായതോടെ ആ മകൻ മാതാവിനെ നോക്കി നിന്നു. ആ രണ്ടു ഹൃദയങ്ങളും പിടഞ്ഞു. തന്റെ ഹൃദയത്തിലൂടെ വേദനയുടെ വാൾ കടന്നു പോകുന്നത് മാതാവ് അറിഞ്ഞു.ശിമയോൻ പറഞ്ഞത് മാതാവ് ഓർത്തിരിക്കണം.

"പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ചു അവന്റെ അമ്മയായ മറിയയോടു: അനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന്നു ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചെയക്കും എഴുന്നേല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു.നിന്റെ സ്വന്തപ്രാണനിൽകൂടിയും ഒരു വാൾ കടക്കും എന്നു പറഞ്ഞു." (ലൂക്കോസ് 2:34-35)

5. ശിമയോന്‍ യേശുവിനെ സഹായിക്കുന്നു
(മത്തായി 27:32 , മർക്കോസ് 15:21, ലൂക്കോസ് 23:26,)
കുരിശിന്റെ ഭാരം താന്ങാനാവാതെ യേശു  വേച്ചു വേച്ചു പോകുമ്പോൽ 
യേശുവിന്റെ കുരിശ് താന്ങാനായി ഒരാളെ പട്ടാളക്കാർ അന്വേഷിച്ചു. കുറേനക്കാരനായ ശീമോൻ എന്ന മനുഷ്യൻ വയലിൽ നിന്ന് വരുമ്പോൾ പട്ടാളക്കാർ അവനെ പിടിച്ചു. യേശുവിനോടൊപ്പം ക്രൂശ് ചുമക്കാൻ അവനെ നിർബന്ധിച്ചു. ശിമോൻ ക്രൂശു ചുമക്കാൻ യേശുവിനെ സഹായിക്കൂന്നു. യേശുവിനോടുള്ള കരുണകൊണ്ടല്ല പട്ടാളക്കാർ സഹായത്തിനായി ശീമോനെ നിർബന്ധിച്ചത്. യേശു പോകുന്ന വഴിയിൽ തളർന്നു വീണു രക്തം ഒഴുകി മരിച്ചാൽ ജീവനോടെ അവനെ ക്രൂശിക്കാൻ പറ്റുകയില്ല എന്നതുകൊണ്ടായിരിക്കണം പട്ടാളക്കാർ ശീമോനെ ഏശുവിന്റെ സഹായത്തിനായി വിളിച്ചത്.

മത്തായി 11:29-30 വാക്യങ്ങൾ ഇപ്രകാരം ആണ്. " ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”. യേശുവിന്റെ കുരിശ് വഹിക്കാനായി ഭാഗ്യം ചെയ്തവായിരുന്നു ശീമോൻ.

6. വേറോനിക്കാ യേശുവിന്റെ മുഖം തുടയ്ക്കുന്നു
യേശുവിനെ വിശ്വസിക്കുന്നവരുടെ കൂട്ടത്തിലുള്ളവരിൽ ഒരാളായിരുന്നു വെറോനിക്ക. കുറച്ച് ആളുകൾ യേശുവിനെ പിന്തുടർന്നിരുന്നു.
അവരിൽ അധികവും സ്ത്രികൾ ആയിരുന്നു. കത്തുന്ന സൂര്യനിൽ ക്രൂശുമായി പോകുന്ന യേശുവിന്റെ മുഖത്ത് നിന്ന് രക്തം ഇറ്റിറ്റ് വീണുകൊണ്ടീരുന്നു. മാനുഷികമായ വേദനകളും അവശതകളും കൊണ്ട് തളർന്ന യേശുവിനെ പട്ടാളക്കാർ മർദ്ദിച്ചുകൊണ്ടിരുന്നു. മുഖത്ത് വിയർപ്പും രക്തവും എല്ലാംകൂടി യേശുവിന്റെ മുഖത്തെ ഭീകരമാക്കിയിരുന്നു. യേശുവിനെ ആശ്വസിപ്പിക്കണം എന്ന് വെറോനിക്കയ്ക്ക് ഉണ്ട്. പക്ഷേ യേശുവിന്റെ മരണത്തിനായി ആർത്തുവിളിക്കുന്ന ജനക്കൂട്ടവും പട്ടാളക്കാരും അവളെ യെശുവിന്റെ അടുക്കലേക്ക് പോകാതിരിക്കാനുള്ള കാരണങ്ങളായി. പക്ഷേ അവൾക്ക് ആ കാഴ്ച അധികനേരം കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. അവൾ പട്ടാളക്കാരുടെ ഇടയിലൂടെ ചെന്ന് വേച്ച് വീഴാൻ പോയ യേശുവിനെ താങ്ങി. അവന്റെ മുഖം തന്റെ തൂവാലകൊണ്ട് ഒപ്പി.

വെറോനിക്കയെ കുറിച്ച് വേദപുസ്തകത്തിൽ ഒന്നും തന്നെ പറയുന്നില്ലങ്കിലും ചില പാരമ്പര്യങ്ങൾ വെറോനിക്കയെക്കുറിച്ചുണ്ട്.
അതിലൊന്ന് യേശു സൗഖ്യമാക്കിയ ഒരു സ്ത്രിയെക്കുറിച്ചുള്ളതാണ്. പതിനെട്ട് വർഷമായി രക്തസ്രവമുള്ളൊരു സ്ത്രി യേശുവിന്റെ വസ്ത്രം തൊട്ട് സൗഖ്യമായതായി സുവിശേഷത്തിൽ ഉണ്ട്. ആ സ്ത്രിയാണ് വെറോനിക്ക. (മത്തായി 9:20-22 , ലൂക്കോസ് 8:43-48)

മറ്റൊന്ന് , പീലാത്തോസിന്റെ ഭാര്യയായ ക്ലാദിയയുടെ സഹോദരിയാണ് വെറോനിക്ക എന്നുള്ളതാണ്. യേശുവിന്റെ മുഖം ഒപ്പിയ തൂവാലയിൽ യെശുവിന്റെ മുഖം അതുപോലെ തന്നെ പതിഞ്ഞു എന്നും ചിത്രകാരി കൂടിയായ വെറോനിക്ക തൂവാല നോക്കി  യെശുവിന്റെ ചിത്രം വരയ്ക്കുകയും ക്ലാദിയയെ കാണിക്കുകയും ചെയ്തു. ക്ലാദിയ ചിത്രം വരയ്ക്കാൻ അറിയാവുന്ന മറ്റ് സ്ത്രികളെ കൊണ്ടും ആ ചിത്രം വരപ്പിക്കുകയും ചെയ്തു.

7. യേശു രണ്ടാം പ്രാവശ്യം വീഴുന്നു
ഈ ഭാഗവും വേദപുസ്തകത്തിൽ ഇല്ല.

ക്രൂശു താന്ങാനായി ശിമയോൻ ഉണ്ടങ്കിലും തളർന്ന യേശു നിലത്തേക്ക് വീഴുന്നു. വീഴുമ്പോൾ പട്ടാളക്കാരുടെ ചാട്ടവാറകൾ ഒരുമിച്ച് അവന്റെ മെലേക്ക് വീഴും. ജനങ്ങളെ വിപ്ലവത്തിനു പ്രേരിപ്പിച്ച എന്ന കുറ്റം ആരോപിക്കപ്പെട്ട യേശുവിനെ ജനക്കൂടത്തിന്റെ മുമ്പിലൂടെ ക്രൂരമായി മർദ്ദിച്ച് കൊണ്ടുപോവുകയാണ്.


8. യേശു യെരുശലേം  നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു
(ലൂക്കോസ് 23:28)
യേശുവിനെ ക്രൂശിക്കാനായി ഗൊല്ഗോഥാ മലയിലേക്ക് കൊണ്ടുപോകുമ്പോൾ അനേകം ആളുകൾ അവന്റെ പിന്നാലെ ചെല്ലുന്നുണ്ടായിരുന്നു.
യേശുവിനു സഹിക്കെണ്ടിവരുന്ന പീഡനങ്ങൾ കണ്ട് അനേകം സ്ത്രികൾ നിലവിളിച്ചു കരഞ്ഞു. നീങ്ങളയും നിങ്ങളുടെ മക്കളയും ഓർത്ത് കരയുക എന്ന് പറഞ്ഞ് തനിക്കുവേണ്ടി കരയുന്ന സ്ത്രികളെ യേശു ആശ്വസിപ്പിക്കുന്നു.

"യേശു തിരിഞ്ഞു അവരെ നോക്കി: “യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ. മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു.അന്നു മലകളോടു: ഞങ്ങളുടെ മേൽ വീഴുവിൻ എന്നും കുന്നുകളോടു: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞു തുടങ്ങും.പച്ചമരത്തോടു ഇങ്ങനെ ചെയ്താൽ ഉണങ്ങിയതിന്നു എന്തു ഭവിക്കും”എന്നു പറഞ്ഞു." (ലൂക്കോസ് 23: 27:31)  

9. യേശു മൂന്നാം പ്രാവശ്യം വീഴുന്നു
ഇതും വേദപുസ്തകത്തിൽ ഉള്ളതല്ല.

അസഹമായ പീഡനത്താൽ തളർന്ന യേശുവിനു ഇനി ഒരൽപ്പം പോലും നടക്കാൻ കഴിയുന്നില്ല. അവൻ വീണ്ടും തളർന്നു വീണു. പട്ടാളക്കാരുടെ പീഡനം തുടർന്നു. ഇനി ഒരല്പം കൂടി പോയാൽ മരണശിക്ഷ നടത്തുന്ന സ്ഥലമാകും. പട്ടാളക്കാർ യേശുവിനെ വലിച്ചിഴച്ചു. അസഹ്യമായ വേദനയാൽ യേശു പിടഞ്ഞു. ചാട്ടവാറുകൾ വായുവിൽ വീഴുന്ന സീൽക്കാര ശബ്ദ്ദം. ചോര ഒഴുകുന്ന അവന്റെ ശരീരത്തിൽ വീണ്ടും വീണ്ടൂം ചാട്ടവാറുകൾ വീണു. വീണ്ടും കുരിശുമായി കാൽവറിമലയിലേക്ക്

10. യേശുവിന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്നു
(മർക്കോസ് 15:24 , യോഹന്നാൻ 19:23)
പീലാത്തോസിന്റെ അരമനയിൽ നിന്ന് യേശുവിനെ സ്വന്തം
വസ്ത്രം അണിയിച്ചായിരുന്നു കാൽവറിയിലേക്ക്  ക്രൂശിക്കാനായി കൊണ്ടു പോയത്. അവിടെ ചെന്ന് കഴിഞ്ഞ് യേശുവിന്റെ വസ്ത്രങ്ങൾ അവർ ഊരിമാറ്റി. അങ്കി ഒഴിച്ച് ബാക്കിയുള്ള വസ്ത്രങ്ങൾ പടയാളികൾ തങ്ങൾക്ക് തുല്യമായി വീതിച്ചെടുത്തു.രക്തം കട്ടിപിടിച്ചിരുന്ന ആ വസ്ത്രങ്ങൾ ചാട്ടവാറിന്റെ അടികൊണ്ട് കീറിത്തുടങ്ങിയിരുന്നു.അങ്കി തുന്നൽ ഇല്ലാതെ മുഴുവനായും നെയ്തെടുത്തതായിരുന്നു. അത് ആർക്കും ലഭിക്കുമെന്നറിയാനായി അവർ അത് ചീട്ടിട്ടു.ചീട്ടൂ വീണയാൾക്ക് അങ്കി നൽകി.
(സങ്കീർത്തനം 22:18 - എന്റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു.)

11. യേശു കുരിശില്‍ തറയ്ക്കപ്പെടുന്നു
(മത്തായി 27:38 , മർക്കോസ് 15:25 ,  ലൂക്കോസ് 23:33 , യോഹന്നാൻ 19:18)
വസ്ത്രം മാറ്റിയ യേശുവിനെ കുരിശിൽ കിടത്തി അവന്റെ കാലിലും കൈയ്യിലുമായി
ആണി തറയ്ക്കുന്നു. കാലിലും കൈകളിലും ആണി തറയ്ക്കുമ്പോൾ അതി വേദനയോടെ അവൻ ഞരുങ്ങി. യേശുവിനെ തറച്ച കുരിശ് അവർ ഗോൽഗാഥാ മലയിൽ ഉയർത്തി. യേശുവിന്റെ ഇരുഭാഗങ്ങളിലുമായി രണ്ട് കള്ളന്മാരെയും കുരിശിൽ തറച്ചു. യേശുവിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ അവർ കുരിശിനു മുകളിൽ എഴുതി വെച്ചു. ആ വഴി പോകുന്നവർ യേശുവിനെ പരിഹസിച്ചു. യരുശളേം ദൈവാലയം പൊളിച്ചാൽ മൂന്നു ദിവസം കൊണ്ട് പണിയും എന്നുള്ള ദൈവദൂഷ്ണവും യെശുവിനെതിരെ ആരോപിക്കപ്പെട്ടിരുന്നു. ആ രോപണം വായിച്ചവർ യേശുവിനെ ഇങ്ങനെ കളിയാക്കി, "മന്ദിരം പൊളിച്ചു മൂന്നുനാൾകൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിക്ക; ദൈവപുത്രൻ എങ്കിൽ ക്രൂശിൽ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു." (മത്തായി 27:40). യേശുവിനെ കുരിശിൽ തറച്ചതിനു ശേഷം പട്ടാളക്കാർ കാവൽ നിന്നു.

12. യേശു കുരിശിന്മേല്‍ തൂങ്ങി മരിക്കുന്നു
(മത്തായി 27:50, മർക്കോസ് 15:37 , ലൂക്കോസ് 23:46 , യോഹന്നാൻ 19:30)

യേശുവിനെ കള്ളന്മാരോടൊപ്പം ക്രൂശിൽ തൂക്കി. അതിലൊരു കള്ളൻ യേശുവിനെ കളിയാക്കിയപ്പോൾ മറ്റേ കള്ളൻ യേശുവിനെ
കളിയാക്കിയ കള്ളനെ ശാസിക്കുന്നു. തന്റെ അമ്മയും ശിഷ്യനായ യോഹന്നാനും ക്രൂശിനു മുന്നിൽ നിൽക്കുന്നത് യേശു കണ്ടു. തന്റെ അമ്മയെ യേശു യോഹന്നാനെ ഏൽപ്പിക്കുന്നു.
"യേശു തന്റെ അമ്മയും താൻ  സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു.പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു." (യോഹന്നാൻ 19:26,27).

സൂര്യനെ കാർമേഘങ്ങൾ മറച്ചു തുടങ്ങി. ദേശത്ത് അന്ധകാരം വ്യാപിക്കാൻ തുടങ്ങി. യേശു അതിവേദനയോടെ നിലവിളിച്ചു.എനിക്കു ദാഹിക്കുന്നു എന്ന് പറഞ്ഞു. പടയാളികളിൽ ഒരുത്തൻ പുളിവീഞ്ഞ് യേശുവിനു കുടിക്കാനായി ഈസോപ്പ് തണ്ടിന്മേൽ നൽകി.കാനാവിലെ കല്യാണനാളിൽ പച്ചവെള്ളത്തെ മേൽത്തരം വീഞ്ഞാക്കിയ യേശു ആ പുളിവിഞ്ഞു കുടിച്ചു. “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു"(ലൂക്കോസ് 23:46) കൊണ്ട് യേശു മരിച്ചു. ഈ സമയം ദേവാലയത്തിലെ തിരശ്ശീല രണ്ടായി കീറി. ഭൂമി കുലുങ്ങി,പാറകൾ പിളർന്നു, കല്ലറകൾ തുറന്നു നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു. (മത്തായി 27:51,52)

13. യേശുവിന്റെ മൃതശരീരം മാതാവിന്റെ മടിയില്‍ കിടത്തുന്നു
യേശു കുരിശിൽ മരിക്കുമ്പോൾ കുറച്ച് സ്ത്രികൾ അവിടെ ഉണ്ടായിരുന്നു.(മത്തായി 27:55,56).
യേശു മരിച്ചു എന്ന് കണ്ടപ്പോൾ ജനങ്ങൾ മടങ്ങിപ്പോയി.(ലൂക്കോസ് 23:48). പിറ്റേന്ന് ശബത്ത് ആയതുകൊണ്ട് അന്ന് ക്രൂശിൽ നിന്ന് മൃതശരീരം എടുക്കാൻ ഇടയാകാതിരിക്കാൻ വെള്ളിയാഴ്ച വൈകിട്ട് ക്രൂശിൽ തറച്ചവരുടെ കാൽ ഒടിച്ച് എടുക്കാനായി യഹൂദന്മാർ പീലാത്തോസിനോട് അപേക്ഷിച്ചു. പീലാത്തോസിന്റെ സമ്മതം വാന്ങിയ പട്ടാളക്കാർ വന്ന് ജീവൻ ശേഷിച്ചിരുന്ന കള്ളന്മാരുടെ മുട്ടുകൾ ഒടിച്ചു. യെശു മരിച്ചു എന്ന് കണ്ടപ്പോൾ മുട്ട്കാൽ ഒടിക്കാതെ മരണം ഉറപ്പിക്കാൻ പടയാളികളിൽ ഒരുത്തൻ കുന്തം കൊണ്ട് യെശുവിന്റെ നെഞ്ചത്ത് കുത്തി.മുറിവിൽ നിന്ന് രക്തവും വെള്ളവും ഒഴുകി(യോഹന്നാൻ 19:32)

സന്ധ്യയായപ്പോൾ അരിമഥ്യക്കാരനായ യോസേഫ് പീലാത്തോസിന്റെ അരികിൽ ചെന്ന് യെശുവിനെ അടക്കാനുള്ള അനുവാദം വാന്ങി. യേശൂവിന്റെ മൃതശരീരം കുരിശീൽ നിന്ന് ഇറക്കി മാതാവിന്റെ മടിയിൽ കിടത്തി (മാതാവിന്റെ മടിയിൽ കിടത്തിയതായി വേദപുസ്തകത്തിൽ പറയുന്നില്ലങ്കിലും ,ക്രൈസ്തവ പാരമ്പര്യം അനുസരിച്ച് മൃതശരീരം മാതാവിന്റെ മടിയിൽ കിടത്തിയതായി വിശ്വസിക്കുന്നു).

14. യേശുവിന്റെ മൃതശരീരം കല്ലറയില്‍ സംസ്ക്കരിക്കുന്നു
(മത്തായി 27:60, മർക്കോസ് 15:46, ലൂക്കോസ് 23:53 , യോഹന്നാൻ 19:42)

നിക്കോദിമോസ് മൃതശരീരം ഏറ്റെടുത്ത്, മൃതശരീരം നൂറുറാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു ശീലയിൽ പൊതിഞ്ഞു. യേശുവിനെ ക്രൂശിച്ച സ്ഥലത്തിനരികെ ഒരു തോട്ടവും അതിൽ ഒരു കല്ലറയും ഉണ്ടായിരുന്നു. ആ കല്ലറയിൽ ഇതുവരെ ആരയും അടക്കിയിട്ടില്ലായിരുന്നു. നിക്കോദിമോസ് യഹൂദ ആചാരപ്രകാരം യെശുവിന്റെ മൃതശരീരം ആ കല്ലറയിൽ അടക്കി. കല്ലറയുടെ വാതിക്കലിൽ വലിയ ഒരു കല്ലും ഉരുട്ടിവെച്ചു. യഹൂദന്മാർ പീലാത്തോസിന്റെ അനുമതിയോടെ ആ കല്ലറയുടെ മുന്നിൽ കാവൽക്കാരയും നിയമിച്ചു.

(ചിത്രങ്ങൾ ഗൂഗിളിൽ നിന്ന്)

നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ ,bible stories , malayalam bible stories , ഉപവാസം , നോമ്പ് ,കുരിശിന്റെ വഴി, Great Lent , 50 days great lent, , The crucifixion , Way of the Cross , Stations of the Cross

Monday, March 25, 2013

അവനെ ക്രൂശിക്ക, ക്രൂശിക്ക - ന്യായവിധി നടത്തുന്ന ജനക്കൂട്ടം

യേശു പെസഹപെരുന്നാള് ആചരിച്ചതിനു ശേഷം ശിഷ്യന്മാരുമായി ഒലീവുമലക്കരകിലുള്ള കെദ്രോൻ തോട്ടിന്നു അക്കരെക്കുള്ള തോട്ടത്തിലേക്ക് പതിവുപോലെ പോയി. യേശുവിനെ കാണിച്ചു കൊടൂത്ത യൂദ ജനക്കൂട്ടത്തോടൂം പട്ടാളക്കാരോടൊപ്പവും വന്ന് യേശുവിനെ കാണിച്ചു കൊടുക്കുന്നു. പട്ടാളക്കാർ യേശുവിനെ ഹന്നാവിന്റെ അടുക്കൽ എത്തിക്കുന്നു....

1. ഹന്നാവിന്റെ അടുക്കൽ (യോഹന്നാൻ 18:13)
യേശുവിനെ ആദ്യം ഹന്നാവിന്റെ അരമനയിൽ കൊണ്ടുവരാൻ കാരണം എന്താണന്ന് വേദപുസ്തകത്തിൽ വ്യക്തമല്ല. ഹന്നാവ് മഹാപുരോഹിതനായതുകൊണ്ടായിരിക്കണം ഹന്നാവിന്റെ അടുക്കലേക്ക് കൊണ്ടുവരുന്നത്.(ആ സംവത്സരത്തിലെ മഹാപുരോഹിതസ്ഥാനം കയ്യാഫിവിനായിരുന്നു.). ലൂക്കോസിന്റെ സുവിശേഷം 3:2 ല് ഇങ്ങനെ കാണാൻ കഴിയും, ഇടപ്രഭൂക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം....

ഒലിവുമലക്കരികിൽ നിന്ന് പിടികൂടിയ യേശുവിനെ ഹന്നാവിന്റെ അരമനയിൽ വെച്ച് ഹന്നാവ് ചോദ്യം ചെയ്യ്യുന്നു. ഹന്നാവിനു അറിയേണ്ടത് യേശുവിന്റെ ഉപദേശത്തെയും ശിഷ്യന്മാരെയും കുറിച്ച് മാത്രമാണ്. എന്റെ ഉപദേശം എന്തായിരുന്നു എന്ന് അത് കേട്ടവരോട് ചോദിച്ച മനസിലാക്കാൻ യേശു ഹന്നാവിനോട് പറയുന്നു. (യോഹന്നാൻ 18:19-20). ഹന്നാവിന്റെ അരമനയിൽ വെച്ച് ചേവകരിൽ ഒരുത്തൻ യേശുവിന്റെ കന്നത്ത് അടിക്കുകയും ചെയ്യുന്നു. ഉടൻ തന്നെ ഹന്നാവ് യേശുവിനെ ബന്ധിച്ച് കയ്യാഫാവിന്റെ അടുക്കലേക്ക് അയക്കുന്നു

2. മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കൽ(യോഹന്നാൻ 18:24)
കയ്യഫാ യേശുവിനെ കൊല്ലണമെന്ന് ആദ്യം പറയുന്നത്.യോഹന്നാന്റെ സുവിശേഷം 11ന്റെ 40-51 വാക്യങ്ങളിൽ നമുക്ക് ഇത് കാണാൻ കഴിയും.  "അവരിൽ ഒരുത്തൻ, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടു: നിങ്ങൾ ഒന്നും അറിയുന്നില്ല; ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല എന്നു പറഞ്ഞു." . യോഹന്നാന്റെ സുവിശേഷം 18 ആം അദ്ധ്യായം 13 ആം വാക്യം കൂടി ഇതോനോടൊപ്പം കൂട്ച്ചേർത്ത് വായിക്കുമ്പോൾ യെശുവിന്റെ മരണത്തിനു കയ്യഫാ  എത്രമാത്രം ശ്രമിച്ചിരുന്നു എന്ന് മനസിലാക്കാൻ സാധിക്കും. ഹാന്നാവ് യേശുവിനെ കൊല്ലാൻ ശ്രമിക്കുന്നതിനു ഒരു സ്വയം ന്യായീകരണം നൽകുന്നുണ്ട്. ആ ന്യായീകരണം ഇതാണ് ,  "ജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേർക്കേണ്ടതിന്നും തന്നേ." (യോഹന്നാൻ 11:52).
പലവിധകാരണങ്ങളാൽ യഹൂദമതതത്വങ്ങളിൽ നിന്ന് മാറിപ്പോയവരെ , പുരോഹിതന്മാരുടെ ന്യായപ്രമാണവ്യാഖ്യാനങ്ങലെ ചോദ്യം ചെയ്ത് മാറി അധികാരികളോട് കലഹിക്കുന്നവരെ ശാന്തരാക്കി ഒന്നിക്കാൻ പറ്റിയമാർഗ്ഗമായി യേശുവിന്റെ മരണത്തെ മാറ്റി തങ്ങളുടെ അജണ്ടനടപ്പാക്കാം എന്ന് കയ്യഫാ കണക്കു കൂട്ടുന്നു. അതിനവർ വിജയിക്കുകയും ചെയ്യുന്നുണ്ട്. യേശുവിനു പകരം ബറബാസിനെ മോച്ചിപ്പിച്ചെടുത്തത് ഇതിനുദാഹരണമായി പറയാം.


(ഇന്ത്യയുടെ വർത്തമാനകാല സാഹചര്യത്തിൽ ഈ ഒരു ഭാഗത്തിനു അനേകം അർത്ഥതലങ്ങൾ കാണാൻ കഴിയും. ഇന്ത്യയുടെമാത്രമല്ല ഒട്ടുമിക്ക ലോകരാജ്യങ്ങളുടേയും വർത്തമാനകാല രാഷ്ട്രീയ സാഹചര്യവും ഈ ഒരു വാക്യത്തോട് ചേർത്ത് വായിക്കാൻ കഴിയും. അതിനെക്കുറിച്ച് അവസാനം പറയാം.)


കയ്യാഫാവിന്റെ മുന്നിൽ വെച്ച് യേശുവിൽ കുറ്റം ആരോപിക്കാനായി അനേകം ആളുകൾ കള്ളസാക്ഷ്യം പറഞ്ഞെ എങ്കിലും അതൊന്നും തെളിയിക്കാനായില്ല. അവരുടെ ആരോപണങ്ങൾ യേശു തന്നെ മറുപിടി നൽകിയിരിക്കണം. അവരുടെ കുറ്റാരോപണങ്ങൾ എല്ലാം യേശു നിഷേധിച്ചു. കള്ളസാക്ഷ്യങ്ങൾ അധികം ആയപ്പോൾ യേശു നിശബ്ദ്ദതപാലിക്കുകയും ചെയ്തു. എല്ലാ ആരോപണങ്ങളും കള്ളസാക്ഷ്യങ്ങളും ഫലിക്കാതെ വന്നു. അവസാനം അവർ യേശുവിനോട് ചോദിക്കുന്നു, എന്നാൽ നീ ദൈവപുത്രൻ തന്നെയോ?" “നിങ്ങൾ പറയുന്നതു ശരി; ഞാൻ ആകുന്നു” എന്ന് യേശു മറുപിടി പറയുന്നു.(മത്തായി 26:64 , മർക്കോസ് 14:62, ലൂക്കൊസ് 22:70). ദൈവദൂഷ്ണം പറയുന്നു എന്നുള്ള എന്ന കുറ്റം ആരോപിക്കപ്പെട്ട് യേശു മരണശിക്ഷയ്ക്ക് അര്‍ഹനാണന്ന് ജനക്കൂട്ടവും മഹാപുരോഹിത വർഗ്ഗവും വിധിക്കുന്നു. ഒരു മനുഷ്യനെ മരണത്തിനു വിധിക്കാൻ അവർക്ക് അർഹത ഇല്ലാ എങ്കിലും യേശു മരണത്തിനു യോഗ്യനാണന്ന് അവർ വിധിക്കുന്നു. ജനകൂട്ടത്തിന്റെ ന്യായവിധി!!!

3. നാടുവാഴിയായ പീലാത്തോസിന്റെ അടുക്കലേക്ക് (മത്തായി 27:2 , മർക്കോസ് 15:1 , ലൂക്കോസ് 23:1 , യോഹന്നാൻ 18:29)
ജനക്കൂട്ടത്തിന്റെ അന്യായമായ ആവശ്യങ്ങൾക്കും ജനങ്ങളുടെ പൊതുബോധത്തിനു ചെർന്നു നിൽക്കേണ്ടി വരികയും ജനങ്ങളെ ഭയപ്പെടുകയും ചെയ്യുന്ന ഒരു നാടുവാഴിയെ നമുക്ക് പീലാത്തോസിൽ കാണാൻ കഴിയും.ആരോപിക്കപ്പെടുന്നവയിൽ ഒന്നിനുപോലും തെളിവുകൾ ലഭിക്കാതെയും യേശുവിൽ ഒരുതെറ്റും കാണാന് കഴിയുന്നില്ലങ്കിലും സ്വന്തം നീതിബോധത്തെ നശിപ്പിച്ചുകൊണ്ട് ജനക്കൂട്ടത്തിന്റെ നിലവിളിക്ക് അന്യായമായ വിധി പുറപ്പെടുവി ക്കേണ്ടി വന്ന ഒരു നാടുവാഴികൂടിയാണ് പിലാത്തോസ്.

ഈ മനുഷ്യന്റെ നേരെ എന്തു കുറ്റം ബോധിപ്പിക്കുന്നു? എന്ന് പീലാത്തോസ് ചോദിക്കുമ്പോൾ ജനക്കൂട്ടം മറുപിടി പറയുന്നത് "കുറ്റക്കാരൻ അല്ലാഞ്ഞു എങ്കിൽ ഞങ്ങൾ അവനെ നിന്റെ പക്കൽ ഏല്പിക്കയില്ലായിരുന്നു" എന്നാണ്. നിങ്ങൾ ന്യായപ്രമാണപ്രകാരം വിധിപ്പിൻൻ എന്ന് പീലാത്തോസ് പറയുമ്പോൾ "മരണശിക്ഷെക്കുള്ള അധികാരം ഞങ്ങൾക്കില്ലല്ലോ" എന്ന് യഹൂദന്മാർ പറയുന്നു.(യോഹന്നാൻ 18:29-31). യേശുവിനു മരണശിക്ഷതന്നെ നൽകണമെന്ന് വാശിപിടിക്കുന്ന ഒരു സമൂഹത്തെ നമുക്കിവിടെ കാണാൻ കഴിയുയ്ന്നു. ന്യായപ്രമാണപ്രകാരം ശിക്ഷയ്ക്ക് വിധേയനാക്കിയാൽ യേശുവിനെതിരെ ഒരു ശിക്ഷയും ലഭിക്കില്ലന്ന് അവർക്കറിയാം.

പിന്നീട് യഹൂദന്മാർ പീലാത്തോസിന്റെ മുന്നിൽ യേശുവിനെതിരെയുള്ള ആരോപണം ഉന്നയിക്കുന്നു. "ഇവൻ ഞങ്ങളുടെ ജാതിയെ മറിച്ചുകളകയും താൻ  ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ടു കൈസർക്കു കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങൾ കണ്ടു" (ലൂക്കോസ് 23:2) എന്നു യഹൂദന്മാർ പറഞ്ഞു. "ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല" (ലൂക്കൊസ് 23:4) എന്ന് പീലാത്തോസ് പറയുമ്പോൾ അവർ മറ്റു ചില ആരോപണങ്ങൾ കൂടി ഉന്നയിക്കുന്നു. "അവൻ(യേശു)  ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ എങ്ങും ഇവിടത്തോളവും പഠിപ്പിച്ചു ജനത്തെ കലഹിപ്പിക്കുന്നു" എന്നായിരുന്നു യഹൂദരുടെ ആരോപണം. യേശു ഗലീലക്കാരൻ ആണന്നറിഞ്ഞപ്പോൾ പീലാത്തോസ് യേശുവിനെ ഹെരോദാവിന്റെ അടുക്കലേക്ക് അയക്കുന്നു.

4. യേശു ഹെരോദാവിന്റെ അടുക്കല് (ലൂക്കോസ് 23:7)
ഹെരോദാവിന്റെ മുന്നിൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി യേശുവിനെ കുറ്റം ചുമത്തിക്കൊണ്ടു നിന്നുഎങ്കിലും ഹെരോദാവും യേശുവിൽ കുറ്റം ഒന്നും കാണുന്നില്ല. യേശുവിനെ ഹെരോദാവ് പീലാത്തോസിന്റെ അടുക്കലേക്ക് തന്നെ തിരിച്ചയിക്കുന്നു.

ഹെരോദാവ് യേശുവിനെ കൊല്ലുവാൻ അന്വേഷിച്ച ആളാണ്. "ആ നാഴികയിൽ തന്നേ ചില പരീശന്മാർ അടുത്തുവന്നു: ഇവിടം വിട്ടു പൊയ്ക്കാൾക ഹെരോദാവു നിന്നെ കൊല്ലുവാൻ ഇച്ഛിക്കുന്നു എന്നു അവനോടു പറഞ്ഞു."(ലൂക്കോസ് 13:31.). ഹെരോദാവിനെ കുറുക്കൻ എന്ന് യേശു വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. യെശുവിനെ കാണാൻ ഹെരോദാവ് വളരെക്കാലമായി ആഗ്രഹിച്ചിരുന്നതാണ്. അതെന്തിനായിരുന്നെന്ന് ലൂക്കോസ് 9:7-9 വരെ നമുക്ക് കാണാം. "സംഭവിക്കുന്നതു എല്ലാം ഇടപ്രഭുവായ ഹെരോദാവു കേട്ടു. യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവു പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറക കൊണ്ടു ഹെരോദാവു ചഞ്ചലിച്ചു:യോഹന്നാനെ ഞാൻ ശിരഃഛേദം ചെയ്തു; എന്നാൽ ഞാൻ ഇങ്ങനെയുള്ളതു കേൾക്കുന്ന ഇവൻ ആർ എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു."

യേശുവിനെ കാണാൻ ആഗ്രഹിക്കുകയും അവനെ ഭയപ്പെടുകയും അവനെ കൊല്ലുവാൻ ശ്രമിക്കുകയും ചെയ്ത ഹെരോദാവാണ് യേശുവിൽ ഒരു കുറ്റവും കാണാതെ ഇപ്പോൾ പീലാത്തോസിന്റെ അടുക്കലേക്ക് തിരിച്ചയിച്ചിരിക്കുന്നത്.

5. വീണ്ടും പീലാത്തോസിന്റെ അരമനയിൽ
താൻ വിസ്തരിച്ചിട്ടൂം ഹെരോദാവ് വിസ്തരിച്ചിട്ടൂം യെശുവിൽ ഒരു കുറ്റവും കാണുന്നില്ല എന്ന് പീലാത്തോസ് പറഞ്ഞിട്ടൂം യഹൂദന്മാർ യേശുവിനെ ക്രൂശിക്കണം എന്നുള്ള ഒരൊറ്റ ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നു. യെശുവിനോടുള്ള അസൂയകൊണ്ടാണ് യഹൂദന്മാർ യേശുവിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് പീലാത്തോസ് മനസിലാക്കീയിട്ട് അവനെ വിട്ടയിപ്പിക്കാൻ ശ്രമിച്ചു എങ്കിലും യഹൂദന്മാർ അതിനു സമ്മതിക്കുന്നില്ല. സത്യം എന്താണന്ന് പീലാത്തോസിനറിയാം. പക്ഷേ പീലാത്തോസ് നിസഹായനാകുന്നു. ഒരവസരത്തിൽ നിസഹായതോടെ യേശുവിനോട്  പീലാത്തോസ് ചോദിക്കുന്നു,സത്യം എന്നാൽ എന്തു ? (യോഹന്നാൻ 18:38). പെസഹായ്ക്കു വിട്ടയിക്കപ്പെടുന്ന ആളായി യേശുവിനെ വിട്ടയിക്കാൻ പീലാത്തോസ് ശ്രമിക്കുന്നു. പക്ഷേ അവിടയും പീലാത്തോസ് പരാജയപ്പെടുന്നു. പീലാത്തോസിന്റെ അടുക്കലേക്ക് അവന്റെ ഭാര്യ ആളയച്ചു "ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുതു; അവൻ  നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു" എന്ന് പറയിപ്പിക്കുന്നു (മത്തായി 27:19).
കലഹം നടത്തി കൊലപാതകം ചെയ്തതിനു പിടിക്കപ്പെട്ട ബറബാസിന്റെ മോചനത്തിനായി മഹാപുറൊഹിതന്മാർ ജനങ്ങളെ നിർബന്ധിച്ച് ബറബാസിനെ വിട്ടിയക്കണമെന്ന് പറയുന്നു. നിയമപ്രകാരം ന്യായവിധിയിൽ കുറ്റം തെളിഞ്ഞ് ശിക്ഷയ്ക്ക് വിധേയനായ ഒരുവനെ മോചിപ്പിക്കാൻ പുരോഹിതന്മാർക്കും മൂപ്പന്മാർക്കു സാധിക്കുന്നു.

യേശുവിനെ ക്രൂശിക്കാനായി നിലവിളിക്കുന്ന പുരുഷാരം ഒരുവശത്ത്, സ്വന്തം മനസാക്ഷിയുടെ നീതിബോധത്തിന്റെ ചിന്തകൾ മറുവശത്തുമായി യെശുവിനെ  പീലാത്തോസ് വിഷമിക്കുന്നു.അവസാനം ന്യായവിസ്താരം അവസാനിപ്പിക്കുന്നു. ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടുവെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല; നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു.(മത്തായി 27:24) .ചാട്ടവാറുകൊണ്ട് അടിച്ചു യേശുവിനെ വിട്ടയിക്കാൻ പീലാത്തോസ് ശ്രമിക്കുന്നു എങ്കിലും അതിനു പീലാത്തോസിനു കഴിയുന്നില്ല. ജനങ്ങൾ യേശുവിനെ ക്രൂശിക്കാനായി നിലവിളിക്കുക തന്നെ ചെയ്യുന്നു. മൂന്നു പ്രാവിശ്യം "അവൻ  ചെയ്ത ദോഷം എന്തു? മരണയോഗ്യമായതു ഒന്നും അവനിൽ കണ്ടില്ല;" എന്ന് പീലാത്തോസ് പറയുന്നു. (ലൂക്കോസ് 23:22). കുറ്റം ഒന്നും കാണാനാവുന്നില്ലങ്കിലും അവസാനം ജനങ്ങളുടെ ഭീക്ഷണിക്കുമുമ്പിൽ പീലാത്തോസ് യേശുവിനെ ക്രൂശു മരണത്തിനു ഏൽപ്പിക്കുന്നു. യഹൂദന്മാരോ: നീ ഇവനെ വിട്ടയച്ചാൽ കൈസരുടെ സ്നേഹിതൻ അല്ല; തന്നെത്താൻ  രാജാവാക്കുന്നവൻ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്നു ആർത്തു പറഞ്ഞു.(യോഹന്നാൻ 19:12). യേശുവിനെ പുറത്തു കൊണ്ട് വന്ന് "ഇതാ യഹൂദന്മാരുടെ രാജാവ്" എന്ന് പീലാത്തോസ് പറയുന്നു. യേശു ദൈവപുത്രനാണന്നും അവൻ ചെയ്തിരുന്നത് എല്ലാം ദൈവീക അധികാരത്തിൽ ആയിരുന്നു എന്നും പീലാത്തോസ് മനസിലാക്കിയിരുന്നു. ജനക്കൂട്ടം വീണ്ടും യേശുവി ക്രൂശിക്കാനായി നിലവിളിക്കുന്നു."അവരോ: കൊന്നുകളക, കൊന്നുകളക; അവനെ ക്രൂശിക്ക എന്നു നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കേണമോ എന്നു പീലാത്തൊസ് അവരോടു ചോദിച്ചു; അതിന്നു മഹാപുരോഹിതന്മാർ: ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്നു ഉത്തരം പറഞ്ഞു." (യോഹന്നാൻ 19:15). പീല്ലാത്തോസ് യേശുവിനെ ക്രൂശിക്കാനയി ജനക്കൂട്ടത്തിനു ഏൽപ്പിച്ചു കൊടുക്കുന്നു...

'എഴുതിയതു എഴുതി'യ പീലാത്തോസ്
യേശുവിനെ വിസ്തരിച്ചപ്പോൾ യെശുവിനോട് നീതി പുലർത്താൻ കഴിയാതിരുന്ന പീലാത്തോസ് യേശുവിനെ ക്രൂശിക്കാൻ ഏൽപ്പിച്ചതിനു ശേഷം യേശുവിനോട് നീതി പുലർത്താൻ ശ്രമിക്കുന്നുണ്ട്. നീ യഹൂദന്മാരുടെ രാജാവോ എന്ന് പീലാത്തോസ് യേശുവിനോട് ചോദിക്കുകയും യേശു അതിനു മറുപിടി പറയുകയും ചെയ്യുന്നു."നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു" (യോഹന്നാൻ 18:37). ഇതായിരുന്നു യേശുവിന്റെ മറുപിടി. യേശു യെഹൂദന്മാരുടെ രാജാവു എന്ന് യേശുവിനെ ക്രൂശിച്ച കുരിശിന്റെ മുകളിൽ പീലാത്തോസ് ഒരു മേലെഴുത്ത് എഴുതി വയ്ച്ചു. യേശു യഹൂദന്മാരുടെ രാജാവാണ് എന്ന് പീലാത്തോസിനു ഉറപ്പായിരുന്നു. എബ്രായ റോമ യവന ഭാഷകളിൽ എഴുതിയിരുന്ന എഴുത്ത് അനേകം ആളുകൾ വായിച്ചു. ഉടനെ "യെഹൂദന്മാരുടെ മഹാപുരോഹിതന്മാർ പീലാത്തൊസിനോടു: യെഹൂദന്മാരുടെ രാജാവു എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവു എന്നു അവൻ  പറഞ്ഞു എന്നത്രേ എഴുതേണ്ടതു എന്നു പറഞ്ഞു." (യേഹന്നാൻ 19:21). അതിനു പിലാത്തോസ് പറയുന്നു "ഞാൻ എഴുതിയതു എഴുതി" (യോഹന്നാൻ 19:22). യേശുവിനെ ക്രൂശിക്കാൻ ഏൽപ്പിച്ചതിനു ശേഷം ആ മേലെഴുത്തിലൂടേ പീലാത്തോസ് സത്യം പറയാൻ ശ്രമിക്കുന്നു.


വർത്തമാനകാല  (ലോക/ഇന്ത്യ)സാഹചര്യത്തിലേക്ക്
യേശുവിന്റെ വിസ്താരവും മരണവും ഒക്കെ വർത്തമാനകാല സാഹചര്യത്തിലേക്ക് ബന്ധിപ്പിച്ച് ചിന്തിക്കുന്നത് നല്ലതായിരിക്കും..

1.രാഷ്ട്രീയമായോ അല്ലാത്തതോ ആയ പ്രതിസന്ധി വരുമ്പോൾ ഒരു മരണത്തോടെ അല്ലങ്കിൽ എന്തെങ്കിലും പ്രത്യേക സംഭവത്തോടെ/അക്രമണത്തോടെ ആ പ്രതിസന്ധിയെ വിസ്മൃതിയിലാക്കാനോ അവയിൽ നിന്ന് ശ്രദ്ധമാറ്റാനോ ഭരണകൂടം ശ്രമിക്കുന്നു. ജനങ്ങളെ ഭരണകൂടത്തിന്റെ പിന്നിൽ അണിനിരത്തൻ ഇതിലൂടെ ഭരണകൂടം ശ്രമിക്കുന്നു. - യെശുവിനെ കൊല്ലാനായി ആദ്യം നിർദ്ദേശം വയ്ക്കുന്ന കയ്യാഫാ ചെയ്യുന്നതും ഇതു തന്നെയാണ്.

2. ജനക്കൂട്ടം നിയമം നടപ്പിലാക്കുന്നതും മുൻവിധിയോടുകൂടി സംഭവങ്ങളെ സമീപിക്കുകയും ചെയ്യുന്നു. യേശുവിനു മരണം ആണ് വിധിക്കപ്പെടെണ്ടത് എന്നുള്ള മുൻവിധിയോടുകൂടിയാണ് യേശുവിനെ പിടികൂടി വിസ്തരിക്കുന്നത്. പലപ്പോഴും നമ്മുടെ ഇടയിലും ഇങ്ങനെയുള്ള പ്രവണതകൾ ഉണ്ടാകാറുണ്ട്.

3. കുറ്റം ചെയ്തവര്‍ മോചിപ്പിക്കപ്പെടൂന്നു
ന്യായ വിസ്താരത്തിനുശേഷം കുറ്റം തെളിയക്കപ്പെട്ട് തടവിനു ശിക്ഷക്കപ്പെടുന്ന രാഷ്ട്രീയമായോ സാമ്പത്തികമായോ പിന്തുണയുള്ളവർ അധികാരസ്ഥാനത്തുള്ളവരുടെ പിന്തുണയോടെ ശിക്ഷാക്കാലാവധിക്കുമുമ്പ് നീതിന്യായവ്യവസ്ഥിതിയെ നോക്കുകുത്തിയാക്കി ശിക്ഷാക്കാലയളവിനു ഇളവുകിട്ടി പുറത്തുവരുന്നു. അവർക്കുവേണ്ടി അധികാരികൾ തന്നെ പരസ്യമായി രംഗത്തുവരുകയും ചെയ്യുന്നു. - ബറബാസിന്റെ മോചനം

4. പൊതുബോധം ന്യായാധിപരെ സ്വാധീനിക്കുമ്പോൾ
ഒരാൾക്ക് ഈ ശിക്ഷകിട്ടും എന്നും അയാൾക്ക് ശിക്ഷയ്ക്ക് അരഹതയുണ്ടന്നും ന്യായവിധി സമയത്തിനു മുമ്പുതന്നെ സമൂഹം ഉറപ്പിക്കിന്നു. ഇന്നത്തെക്കാലത്ത് മാധ്യമങ്ങൾ മുൻവിധിയോടുതന്നെ ആരോപണങ്ങളെ/അരോപണവിധേയനായ ആളെ സമീപിക്കുകയും അവർ തന്നെ വിധി പുറപ്പെടുവിക്കുകയും ചെയ്യുന്നു. ന്യായാധിപന്മാരെ അവർ ഉയർത്തിക്കാട്ടൂന്ന വിധിയിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും/ സ്വാധീനിക്കുകയും ചെയ്യുന്നു. പൊതുബോധത്തിനു എതിരായി വിധി പുറപ്പെടുവിക്കെണ്ടി വരുമ്പോൾ ന്യായാധിപന്മാരെ വിമർശനത്തിനു വിധേയരാക്കുകയും ചെയ്യുന്നു. - പീലാത്തോസ് യേശുവിൽ കുറ്റം കാണുന്നില്ലങ്കിലും യേശുവിനെ ശിക്ഷയ്ക്കായി ഏൽപ്പിക്കേണ്ടി വരുന്നു

5. നിരപരാധികൾ ശിക്ഷിക്കപ്പെടുന്നു
ഭരണാധികാരികളുടെ മുൻവിധിയോടുകൂടിയുള്ള നടപടികൾ പലപ്പോഴും നിരപരാധികളെ ശിക്ഷിക്കുന്നു. തങ്ങൾക്ക് എതിരെ സംസാരിക്കുന്നവരെ നിശബ്‌ദ്ദരാക്കാൻ ഭരണാധികൾ നിയമത്തിന്റെ തെറ്റായ നടപടികൾ അനുവർത്തിക്കുകയും ശിക്ഷയ്ക്കായി കോടതികളെ ഉപയോഗിക്കുകയും ചെയ്യുന്നു. കുറ്റവാളികളോടൊപ്പം നിരപരാധിയും ശിക്ഷിക്കപ്പെടൂന്നു. - കള്ളന്മാരോടൊപ്പം യേശുവിനും ക്രൂശുമരണം

(ചിത്രങ്ങൾ ഗൂഗിളിൽ നിന്ന്)

നോമ്പുകാല ചിന്തകൾ ,പീഡാനുഭവ ആഴ്ച, മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ ,bible stories , malayalam bible stories , ഉപവാസം , നോമ്പ് , Great Lent , 50 days great lent,jesus taken t o Annas , jesus befor Pilate, The crucifixion

Sunday, March 24, 2013

കഴുതപ്പുറത്ത് യാത്ര ചെയ്ത രാജാവിന്റെ വിപ്ലവം : നോമ്പുകാല ചിന്തകൾ

കഴുതപ്പുറത്തെയാത്ര - ഓശാന
( മത്തായി 21:1-11 ,മർക്കോസ് 11:1-10 , ലൂക്കോസ് 19:29-40 , യോഹന്നൻ 12:12-19 )
രക്ഷനായ യേശു ക്രിസ്തു തന്റെ പരസ്യ ശുശ്രൂഷയുടെ അവസാനം തന്റെ പീഡാനുഭവ ത്തിനുവേണ്ടി യരുശലേമിലേക്ക് ഒരു ജൈത്രയാത്ര നടത്തുകയാണ്. മൂന്നരവര്‍ഷം നീണ്ടുനിന്ന തന്റെ പരസ്യ ശുശ്രൂഷാകാലത്ത് ഒരിക്കല്‍പ്പോലും അവിടെനിന്ന്ജനങ്ങളുടെ ആര്‍പ്പുവിളികള്‍ക്ക് നിന്നുകൊടുത്തിരു ന്നില്ല. രോഗസൌഖ്യം നേടിയവരെപ്പോലും തന്നെ ആരാണ് സൌഖ്യമാക്കിയതന്ന് പറയുന്നതില്‍ നിന്ന് യേശുവിലക്കിയിരുന്നു. തന്നെ പിടിച്ച് ജനങ്ങള്‍ രാജാവാക്കും എന്ന തോന്നല്‍ ഉണ്ടായപ്പോള്‍ ജനങ്ങളില്‍ നിന്ന് മാറിപ്പോയ ആളാണ് യേശു. പിന്നെ എന്തുകൊണ്ട് യേശു യരുശലേമിലേക്ക് ആഘോഷപൂര്‍വ്വം ജനങ്ങളുടെ ഹോശാനാ ആര്‍പ്പുകളുടെ അകമ്പടിയോടെ കഴുത്തപ്പുറത്ത് കയറി വന്നു.

കഴുത സമാധാനത്തിന്റെ പ്രതീകം :
രാജാക്കന്മാര്‍ യുദ്ധസമയങ്ങളില്‍ കുതിരപ്പുറത്തും സമാധാനസമയങ്ങളില്‍ കഴുതപ്പുറത്തും സഞ്ചരിക്കുന്ന ഒരു രീതി അന്ന് ഉണ്ടായിരുന്നു. യേശു സമാധാനത്തിന്റെ രാജാവ് ആയിരുന്നു. അവന്‍ നിരപ്പിന്റെ(ക്ഷമയുടെ) വക്താവായിരുന്നു. സമാധാനത്തിലേക്കുള്ള വഴി ക്ഷമയാണല്ലോ? എല്ലാം ക്ഷമിക്കുന്ന സ്നേഹമായിരുന്നു യേശുവിന്റെ മുഖമുദ്ര. യെശയ്യാവു 9:6 ല്‍യേശുവിനെ സമാധാന പ്രഭു എന്ന് പറയുന്നുണ്ട്. വിപ്ലവങ്ങളില്‍ക്കൂടി തങ്ങളെ വീണ്ടെടുക്കാന്‍ വരുന്ന ഒരാളെയാണ് യഹൂദന്മാര്‍പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ യേശുവിന്റെ മാര്‍ഗ്ഗം സമാധാനത്തിന്റെ ആയിരുന്നു. അതുകൊണ്ട് അവന്‍ യരുശലേമ്മിലെക്കുള്ളയാത്രയ്ക്കായി കഴുതയെ തിരഞ്ഞെടൂത്തു.

കഴുത വിനയത്തിന്റെ പ്രതീകം :
കുതിര ശക്തിയുടേയും കഴുത വിനയത്തിന്റേയും പ്രതീകമാണ്. യരുശലേമിലേക്കുള്ള തന്റെ അവസാന യാത്ര ഒരു ശക്തിപ്രകടനമാകാതെ വിനയപൂര്‍വ്വമായ ഒരു രംഗപ്രവേശമായിരുന്നു യേശു ആഗ്രഹിച്ചത്. രാജാധിരാജാവായ, എല്ലാ ശക്തികളുടേയും ശക്തിയായ അവന്‍ കഴുതപ്പുറത്തുകയറി വന്നതോടെ തന്റെ വിനയവും താഴ്മയും ആണ് പ്രകടിപ്പിച്ചത്. ഈ വിനയും താഴ്ചയും പിന്നീടും നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. പെസഹപ്പെരുന്നാളില്‍ തന്റെ ശിഷ്യന്മാരുടെ കാല്‍ കഴുകി തുടച്ചത് രാജാധിരാജാവിന്റെ വിനയവും താഴ്ചയും ആണ് കാണിക്കുന്നത്. ഇഹലോകപരമായ ഒരു ശക്തിപ്രകടനമായിരുന്നില്ല യേശു ആഗ്രഹിച്ചിരുന്നത്.

പ്രവചനങ്ങള്‍ക്ക് നിവര്‍ത്തിയുണ്ടാകുവാന്‍ :
സെഖര്‍‌യ്യാവു പ്രവാചകന്റെ പുസ്തകം 9 ആം അദ്ധ്യായം 9 ആം വാക്യത്തില്‍ ഇപ്രകാരം പറയുന്നു. “ഇതാ, നിന്റെ രാജാവുനിന്റെ അടുക്കല്‍ വരുന്നു; അവന്‍ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെണ്‍കഴുതയുടെ കുട്ടിയായചെറുകഴുതപ്പുറത്തും കയറി വരുന്നു.”. വി.മത്തായിയുടെ സുവിശേഷം 21 ആം അദ്ധ്യായം 1 മുതല്‍ 11 വരെയുള്ള വാക്യങ്ങളില്‍ പഴയനിയമ പ്രവചനം നിവര്‍ത്തിയായതായി നമുക്ക് മനസിലാക്കാം. അതായത് പ്രവചനങ്ങള്‍ക്ക് നിവര്‍ത്തി യുണ്ടാകുന്നതിനുവേണ്ടി യേശു തന്റെ യരുശ്ലേം യാത്രയ്ക്കായി കഴുതക്കുട്ടിയെ തിരഞ്ഞെടുത്തു.

യേശുവിന്റെ യരുശലേം യാത്രയും ജനങ്ങളും
സങ്കീർത്തനം 118 ന്റെ 26 ല്‍ "യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;" എന്ന് പറയുന്നുണ്ട്. യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ(യോഹന്നാൻ 12:13) എന്ന്പറഞ്ഞു കൊണ്ടാണ് ജനങ്ങൾ യേശുവിനെ എതിരേൽക്കുന്നത്. അവർ ഒരുമിച്ച് "ഹോശന്നാ" എന്ന് വിളിച്ചു പറയുന്നു. ഹോശന്ന എന്ന ഹിബ്രു വാക്കിനർത്ഥം രക്ഷ(സേവ്) എന്നാണ്. മരണത്തിൽ നിന്ന് ലാസറെ ഉയർപ്പിച്ചതിനു ശേഷമാണ് യേശു യരുശലേമിലേക്ക് വരുന്നത്. ജനങ്ങക്ക് തങ്ങൾക്ക് കിട്ടിയ രക്ഷകനായി യേശുവിനെ കാണുന്നു. അതുകൊണ്ടാണ് ജനങ്ങൾ വീരനായകനെപോലെ യേശുവിനെ എതിരേൽക്കാനായി ചെല്ലുന്നത്.

യേശുവിനെ എതിരേൽക്കുന്ന ജനം മുന്നിലും പിന്നിലും നിൽക്കുന്ന ജനങ്ങൾ അത്യുന്നതങ്ങളിൽ നിന്ന് തങ്ങൾക്ക് വന്ന രക്ഷയായി യേശുവിനെ കാണുന്നു. ദാവീദിന്റെ കുലത്തിൽ നിന്ന് വന്ന രക്ഷകനായി യേശുവിനെ ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞു. യേശു യരുശ്ലേമിലേക്ക് കടന്നു വരുമ്പോൾ ജനങ്ങൾ മുഴുവൻ അവന്റെ വരവ് അറിഞ്ഞു കഴിഞ്ഞു. പെസഹ പെരുന്നാളിനു വന്ന് വലിയ ഒരു ജന സ്മൂഹം അവിടെ ഉണ്ടായിരുന്നു. രക്ഷകൻ വരുന്നു രക്ഷകൻ വരുന്നു എന്ന് പറഞ്ഞ് ജനങ്ങൾ സന്തോഷിക്കുമ്പോൾ അവരുടെ ഇടയിൽ ഒരു മനുഷ്യൻ കഴുതപ്പുറത്ത് വരുന്നത് കാണൂമ്പോൾ ജനങ്ങൾ ചോദിക്കുന്നു, ഇവൻ ആർ?? അതിനു യേശുവിനോടൊപ്പം ഉള്ള പുരുഷാരം നൽകുന്ന മറുപിടി "ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു" എന്നാണ്. (മത്തായി 21:10-11)


യേശു യരുശലേം ദൈവാലയത്തെ ശുദ്ധീകരിക്കുന്നു
(മത്തായി 21:12-14 , മർക്കോസ് 11:15-17 , ലൂക്കോസ് 19:45-46 ,യോഹന്നാൻ 2:13-17)

യേശു യരുശലേം ദൈവാലയത്തിൽ നിന്ന് ബലിവസ്തുക്കൾ വിൽക്കുന്നവരേയും പൊൻവാണിഭക്കാരയും ചമ്മട്ടിയുണ്ടാക്കി, അതുകൊണ്ട് അടിച്ച് വിൽപ്പനക്കാരെയെല്ലാം ദൈവാലയത്തിൽ നിന്ന് ഓടിക്കുന്നു. എല്ലാ സുവിശേഷങ്ങളിലും ഈ സംഭവം എഴുതിയിട്ടുണ്ടങ്കിലും രണ്ടു രീതിയിലാണ് അവ രേഖപ്പെടുത്തിയിരിക്കുന്നത്. യോഹന്നാന്റെ സുവിശേഷത്തിൽ കാനാവിലെ കല്യാണവീട്ടിൽ വെള്ളം വീഞ്ഞാക്കിയതിനു ശേഷം പെസഹപെരുന്നാളിനോട് അനുബന്ധിച്ച് യേശു ദൈവാലയത്തിലേക്ക് വന്ന് വിൽപ്പനക്കാരെ അടിച്ചോടിച്ചു എന്നാണ് പറയുന്നത്. മറ്റ് സുവിശേഷങ്ങളിൽ പെസഹ പെരുന്നാളിനോട് അനുബന്ധിച്ച് യേശു യരുശലേമ്ലേക്ക് കഴുതക്കുട്ടിപ്പുറത്ത് വന്നതിനു ശേഷം(ഹോശന്ന) ദൈവാലയത്തിൽ നിന്ന് കച്ചവടക്കാരെ പുറത്താക്കി എന്നാണ്. എല്ലാ സുവിശേഷങ്ങളിലും പെസഹപെരുന്നാളിനോട് അടുത്ത ദിവസങ്ങളിൽ ആണ് യേശു ദൈവാലയത്തിൽ നിന്ന് കച്ചവടക്കാരെ പുറത്താക്കിയത് എന്ന് കാണാം. യോഹന്നാൻ എഴുതിയതുപോലെ യേശു തന്റെ പരസ്യ ശുശ്രൂഷയുടെ ആരംഭ സമയത്ത് തന്നെ ആയിരിക്കണം ദൈവാലയ ശുദ്ധീകരണം നടത്തിയത്. അന്നുമുതൽ യേശുവിനെ കൊല്ലാൻ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വഴി അന്വേഷിച്ചുതുടങ്ങിയിരുന്നു. പക്ഷേ അവർ ജനത്തെ ഭയപ്പെടുകയും ചെയ്തിരുന്നു.

ദൈവാലയത്തിലെ കച്ചവടക്കരെ പുറത്താക്കികൊണ്ട് യേശു പറയുന്നത് "“എന്റെ ആലയം പ്രാർത്ഥാനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തിർക്കുന്നു” എന്നാണ്. (മത്തായി 21:13). യെശയ്യാ പ്രവാച്കന്റെ പുസ്തകം 56 : 7 ല് "എന്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർ‍ത്ഥനാലയം എന്നു വിളിക്കപ്പെടും." എന്നും യിരേമ്യാവു പ്രവചനം 7:11 ല് "എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം കള്ളന്മാരുടെ ഗുഹ എന്നു നിങ്ങൾക്കു തോന്നുന്നുവോ? " എന്ന് പ്രവാച്കന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചകന്മാരുടെ ഈ രണ്ട് വാക്യങ്ങളും കൂട്ടിച്ചേർത്താണ് യേശു വരെ ചോദ്യം ചെയ്യുന്നത്. പ്രാർത്ഥനയ്ക്കായി വേർതിരിക്കപ്പെട്ട ദൈവാലയം കച്ചവട സ്ഥാപനം ആക്കിയതിനു എതിരേ യേശു പ്രതികരിക്കുന്നു.

വർഷങ്ങളായി ദൈവാലയത്തെ കച്ചവട സ്ഥാപനങ്ങളായി കണ്ട് അവയിൽ വില്പന നടത്തി അതിൽ നിന്നുള്ള ലാഭത്തിന്റെ പങ്ക് കൈപ്പറ്റിയിരുന്ന മഹാപുരോഹിതനും ശാസ്ത്രിമാർക്കും ഏറ്റ വലിയ ഒരു തിരിച്ചടിയായിരുന്നു യെശുവിന്റെ പ്രതികരണം. ചോദ്യചെയ്യപ്പെടാത്ത ശക്തികളായി വളരുകയും ചോദ്യം ചെയ്യുന്നവരെ ന്യായപ്രമാണത്തിന്റെ തെറ്റായ വിശകലനത്തിലൂടെ നിശ്ബദ്ദരാക്കുകയും കായികമായും നേരിടുകയും ചെയ്തിരുന്ന ദൈവാലയ പ്രമാണികൾക്ക് യേശു ഉചിതമായ മറുപിടി ന്യായപ്രമാണഗ്രന്ഥത്തിൽ നിന്ന് നൽകുകയും അവരെ കായികമായി തന്നെ നേരിടുകയും ചെയ്യുന്നു. യേശുവിനെ നേരിട്ട് തോൽപ്പിക്കാൻ കഴിയില്ലന്ന് അവർക്ക് മനസിലാവുകയും ചെയ്തു.

വിൽപ്പനക്കാരെ പുറത്താക്കിയതിനു ശേഷം യേശു രോഗികളെ സൗഖ്യമാക്കുകയാണ് ചെയ്യുന്നത്. ദൈവാലയത്തിൽ നിന്ന് മാറി നിൽക്കേണ്ടീ വന്നവരെല്ലാം / അധികാരികൾ മാറ്റി നിർത്തിയവരെല്ലാം യേശുവിന്റെ അടുക്കലേക്ക് ദൈവാലയത്തിലേക്ക് വരുന്നു. മതനേതാക്കൾക്കുള്ള ശക്തമായ മുന്നറിയിപ്പായ്യിരുന്നു യേശുവിന്റെ ശബ്‌ദ്ദം. നീതിക്കുവേണ്ടീ , ന്യായത്തിനു വേണ്ടീ സമൂഹത്തിൽ പാർശ്വവൽക്കരിക്കപെടേണ്ടിവന്നവർക്കു വേണ്ടീ യേശു ശബ്ദ്ദം ഉയർത്തുന്നു. അതിൽ മതനേതാക്കളും അധികാരികളും ഭയപ്പെടുന്നു. തങ്ങളെ ചോദ്യം ചെയ്യുന്ന യേശുവിനെ കൊല്ലാൻ തന്നെ അവർ തീരുമാനിക്കുകയും ചെയ്യുന്നു.

ഈ കാലഘട്ടത്തിൽ നമ്മുടെ ദൈവാലയങ്ങളിൽ നടക്കുന്നത് എന്താണ്? അത് പ്രാർത്ഥനാലയം തന്നെയാണോ? പരസ്പരം ലാഭത്തിന്റെ കണക്ക് പറഞ്ഞ് സാമ്പത്തിക ലാഭം മാത്രം നോക്കി പരസ്പരം പോരാടുകയും ദൈവാലയങ്ങൾ രക്തകളങ്ങൾ ആക്കുകയും പൂട്ടിയിടുകയും ചെയ്യുകയല്ലേ ചെയ്യുന്നത്? നമ്മൾ ദൈവാലയങ്ങളെ കള്ളന്മാരുടേയും പീഡനക്കാരുടേയും ഗുഹയാക്കി തീർക്കുകയല്ലേ ചെയ്യുന്നത്?? തെറ്റ് ചെയ്യുന്നവർക്ക് ദൈവാലയത്തിന്റെ പേരിൽ സംരക്ഷണം ഒരുക്കുകയല്ലേ ഇന്ന് ദൈവാലയത്തെ പ്രാർത്ഥനാലയം ആയി സംരക്ഷിക്കെണ്ടവർ ചെയ്യുന്നത്?? തെറ്റ് ചെയ്യുന്നവരെ/ചെയ്തവരെ ദൈവാലയത്തിൽ സ്വികരിച്ചിരുത്തകയും അവർക്ക് ജയ് വിളിക്കുകയും ചെയ്യുമ്പോൾ അവരാൽ പീഡനവും നഷ്ടവും ഏറ്റുവാങ്ങേണ്ടി വന്നവരെ ദൈവാലയത്തിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നു. യേശു ചെയ്ത പ്രവൃത്തിയുടെ കടകവിരുദ്ധമായ ചെയ്തികൾ. ദൈവാലയത്തിൽ യെശുവിന്റെ വാക്കുകൾ മുഴങ്ങുന്നത് നിങ്ങൾ കേൾക്കുന്നില്ലേ,
“എന്റെ ആലയം പ്രാർത്ഥാനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കി ത്തിർക്കുന്നു” . യെരുശലേം ദൈവാലയത്തിൽ മുഴങ്ങുന്ന ചമ്മട്ടിയുടെ സീൽക്കാരം കേൾക്കുന്നില്ലേ? അതൊരു മുന്നറിയിപ്പാണ്. ദൈവാലയത്തെ പലരീതികളിൽ വാണിഭശാലയും ഗുഹകളും  ആക്കുന്നവർക്കുള്ള മുന്നറിയിപ്പ്.!!!

(ചിത്രങ്ങൾ ഗൂഗിളിൽ നിന്ന്)
നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , ഓശാന , bible stories , malayalam bible stories , ഉപവാസം , നോമ്പ് , Great Lent , 50 days great lent, Jesus clears the temple , the triumphal entry

Sunday, March 3, 2013

കനാന്യ സ്ത്രിയുടെ വിശ്വാസം :: നോമ്പുകാല ചിന്തകൾ

യേശു അവളോടു: “സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ” എന്നു ഉത്തരം പറഞ്ഞു. (മത്തായി 15:28)

(കനാന്യ സ്ത്രിയുടെ വിശ്വാസം :: മത്തായി 15:22-28 , മർക്കോസ് 7 : 25-30)

യേശുവിന്റെ പിന്നാലെ ഒരു കനാന്യ സ്ത്രി തന്റെ മകളുടെ ഭൂതോപദ്രവം മാറ്റാൻ യേശുവിനു കഴിയും എന്ന് വിശ്വസിച്ച് അവന്റെ പിന്നാലെ ചെല്ലുകയാണ്. കർത്താവേ, ദാവീദ് പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു കൊണ്ടാണ് ആ സ്ത്രി യേശുവിന്റെ പിന്നാലെ ചെല്ലുന്നത്. അവരുടെ നിലവിളി അസഹ്യമാവുകയും അവർ കുറേനേരമായി തങ്ങളുടേ പിന്നാലെ നിലവിളിച്ചുകൊണ്ട് വന്നിട്ടൂം ഗുരു അവരെ ശ്രദ്ധിക്കാതിരുന്നപ്പോൾ ശിഷ്യന്മാർ യേശുവിനോട് പറഞ്ഞു. അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ. അതിനു യേശു ശിഷ്യന്മാർക്ക് നൽകുന്ന മരുപിടി വിചിത്രമായിരുന്നു “യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നായിരുന്നു യേശുവിന്റെ മറുപിടി.

യഹൂദന്മാർ കനാന്യരെ അകറ്റി നിർത്തിയിരുന്നു. കനാന്യരിൽ നിന്ന് അവർ വിവാഹബന്ധവും ഒഴിഞ്ഞു നിന്നിരുന്നതായി വേദപുസ്തകത്തിൽ തന്നെ കാണാൻ കഴിയും. അബ്രഹാം യിസഹാക്കിനു പെണ്ണ് അന്വേഷിക്കാനായി തന്റെ ദാസനെ അയക്കുമ്പോൽ അവനോട് പറയുന്നുണ്ട്. കനാന്യരുടെ കന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ, (ഉല്പ 24:3). യിസഹാക് യാക്കൊബിനോടും ഇതു തന്നെ പറയുന്നുണ്ട് ,  നീ കനാന്യ സ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുതു.(ഉല്പ 28:1).ഇതുമാത്രമല്ല സെഖർയ്യാവു പ്രവാചകന്റെ പ്രചനപുസ്തകത്തിലെ അവസാനവാക്യം ഇങ്ങനെയാണ്, യെരൂശലേമിലും യെഹൂദയിലും ഉള്ള കലമൊക്കെയും സൈന്യങ്ങളുടെ യഹോവെക്കു വിശുദ്ധമായിരിക്കും; യാഗം കഴിക്കുന്നവരൊക്കെയും വന്നു വാങ്ങി അവയിൽ വേവിക്കും; അന്നുമുതൽ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ ഒരു കനാന്യനും ഉണ്ടാകയില്ല. (സെഖർയ്യാവു 14:21).

യേശുവും ശിഷ്യന്മാരും വീണ്ടും മുന്നോട്ടൂ നടക്കുമ്പോൾ ആ സ്ത്രി വന്ന് യേശുവിന്റെ മുന്നിൽ മുട്ടുകുത്തിക്കോണ്ട് പറയുന്നു, "കർത്താവേ, എന്നെ സഹായിക്കേണമേ". അവൾക്ക് യേശു നൽകുന്ന മറുപിടി ഇതാണ് “മക്കളുടെ അപ്പം എടുത്തു നായകൂട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല”. ഒരു വംശീയ വേർതിരിവ് നമുക്ക് ഈ വാക്യത്തിൽ കാണാമെങ്കിലും ഈ മറുപിടി ആ സ്ത്രിയുടേ പ്രതികരണം അറിയാനുള്ള ഒന്ന് മാത്രം ആയിരിന്നിരിക്കണം. പക്ഷേ എപ്പോഴൊക്കയോ യേശുവിന്റെ ഉള്ളിലും ഒരു യഹൂദ ചിന്താഗതി ഉണ്ടായിരുന്നു. യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളെക്കുറിച്ച് മറ്റൊരുഭാഗത്തും നമുക്ക് കാണാൻ കഴിയും.  പന്ത്രണ്ടു ശിഷ്യന്മാരെ തിരഞ്ഞെടുത്തിട്ട് അവർക്ക് അശുദ്ധാത്മാക്കളെ ഒക്കെ പുറത്താക്കാനുള്ള അധികാരം കൊടുത്തിട്ട് യേശു പറയുന്നത് ഇങ്ങനെയാണ് , ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ. (മത്തായി 10:5-6). പിന്നീട് യേശു എഴുപതുപേരെ തിരഞ്ഞെടുത്ത് താൻ  ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയക്കുമ്പോൾ പറഞ്ഞത് "ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വെക്കുന്നതു ഭക്ഷിപ്പിൻ. അതിലെ രോഗികളെ സൌഖ്യമാക്കി, ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചുവന്നിരിക്കുന്നു എന്നു അവരോടു പറവിൻ." (ലൂക്കോസ് 10:8) . ഉയർത്തെഴുന്നേറ്റ യേശു ക്രിസ്തു ശിഷ്യന്മാരോട്  പറയുന്നത് നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ എന്നാണ് (മർക്കോസ് 16:15-20)

യേശുവിനു കനാന്യ ആളുകളോട് വേർതിരിവ് ഇല്ലായിരുന്നു. ഇങ്ങനെ എന്തെങ്കിലും വേർതിരിവ് ഉണ്ടായിരുന്നെങ്കിൽ കനാന്യനായ ശിമോനെ തന്റെ ശിഷ്യനായി തിരഞ്ഞെടുക്കുകയില്ലായിരുന്നല്ലോ? (മർക്കോസ് 3:18). കനാന്യ സ്ത്രിയുടെ പ്രതികരണം എപ്രകാരം ആണന്ന് അറിയുകയും അവരുടെ വിശ്വാസത്തിന്റെ തീഷ്ണത അറിയുന്നതിനും വേണ്ടി ആയിരിക്കും യേശു അവരോട് “മക്കളുടെ അപ്പം എടുത്തു നായകൂട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്ന് പറഞ്ഞത്. ഉടൻ തന്നെ ആ സ്ത്രി യേശുവിനു നൽകുന്ന മറുപിടി അവർക്ക് എന്തുമാത്രം വിശ്വാസം യേശുവിൽ ഉണ്ടായിരുന്നു എന്ന് കാണിക്കുന്നതാണ്. യേശു പറഞ്ഞത് സമ്മതിച്ചുകൊണ്ട് ആ സ്ത്രി പറയുന്നു:  അതേ, കർത്താവേ, നായക്കുട്ടികളും ഉടയവരുടെ മേശയിൽ നിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ.
ദൈവത്തിന്റെ ജനം യിസ്രായേല്മക്കൾ ആണന്നും യഹൂദന്മാർക്ക് മാത്രമേ രക്ഷ ഉണ്ടാവൂ എന്നൊക്കെയാണ് യഹൂദന്മാർ പഠിപ്പിക്കുന്നത്. “മക്കളുടെ അപ്പം എടുത്തു നായകൂട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്ന് പറയുമ്പോൾ യഹൂദ അല്ലാത്ത ഒരു കനാന്യ സ്ത്രിക്ക്  താൻ എങ്ങനെയാണ് സഹായം നൽകേണ്ടത് എന്ന് അവരോടു തന്നെ ചോദിക്കുകയാണ്. കനാന്യരെ നായ്ക്കുട്ടികളായി ഉപമിക്കുകപോലും ചെയ്യുന്നു. മക്കൾ തിന്നു കൊണ്ടിരിക്കുന്ന മേശയിൽ നിന്ന് വീഴുന്ന നുറുക്കുകൾ നായക്കുട്ടികൾ കഴിക്കുന്നുണ്ട് എന്ന് ആ സ്ത്രി പറയുന്നു. അവരുടെ വിശ്വാസത്തിന്റെ ആഴം എത്ര്മാത്രം ഉണ്ടന്ന് നമുക്കിവിടെ കാണാം.  ഞാൻ യഹൂദന്മാരുടെ രക്ഷകനാണ് കനാന്യരെ രക്ഷിക്കാൻ എനിക്ക് പറ്റില്ല എന്നു പറയുകയല്ല ഇവിടെ, മറിച്ച് യേശുവിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും രക്ഷ ഉണ്ട് എന്ന് കാണിക്കുകയാണ് യേശു ഇവിടെ.

യേശു പറഞ്ഞാൽ മകളുടെ രോഗം മാറുമെന്ന് പൂർണ്ണമായും വിശ്വസിച്ചിരുന്ന ആ കനാന്യ സ്ത്രിക്ക് തന്റെ ജാതിയുടെ വേർതിരിവ് യേശുവിന്റെ അടുക്കലേക്ക് വരാൻ ഒരു തടസം ആയില്ല. വിശ്വാസത്തിന്റെ പൂർണ്ണതയാണ് വംശീയ വേർതിരിവ് മറികടക്കാൻ അവളെ സഹായിക്കുന്ന്. അവളുടെ പൂർണ്ണവിശ്വാസം യേശുവിനെപോലും അത്ഭുതപ്പെടുത്തുന്നുണ്ട്. “സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ”(മത്തായി 15:28) എന്ന് യേശു പറയുന്നത് അവളുടെ വിശ്വാസ തീഷ്ണത കണ്ടിട്ടാണ്. ആ സമയത്ത് തന്നെ അവളുടെ മകളുടെ രോഗം മാറുകയും ചെയ്തു.

മർക്കോസിന്റെ സുവിശെഷത്തിൽ യേശു പറയുന്നത് “ഈ വാക്കുനിമിത്തം പൊയ്ക്കൊൾക: ഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു” (മർക്കോസ് 7:29) എന്നാണ്.  "ചെറുനായ്കളും മേശെക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ"(മർക്കോസ് 7:27) എന്നുള്ള വിശ്വാസത്തോടുകൂടിയ വാക്ക് ആണ് ഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു എന്ന് കനാന്യ സ്ത്രിയോട് പറയാൻ യേശുവിനെ പ്രേരിപ്പിക്കുന്നത്. അവൾ തിരിച്ച് വീട്ടിൽ വന്നപ്പോൾ മകളെ സൗഖ്യത്തോടെ കാണുകയും ചെയ്തു.

സമാനഗതിയിലുള്ള മറ്റൊരു വിശ്വാസം നമുക്ക് ലൂക്കോസിന്റെ സുവിശേഷം 7 ആം അദ്ധ്യായം 1 മുതൽ  10 വരെയുള്ള ഭാഗത്ത് കാണാവുന്നതാണ്. ഇവിടെ ശതാധിപന്റെ ദാസൻ മരിക്കാറായി കിടക്കുമ്പോൾ യേശുവിനെ ആ വീട്ടിലേക്ക് കൊണ്ടൂവരാൻ യഹൂദന്മാരുടെ മൂപ്പന്മാർ യേശുവിന്റെ അടുക്കൽ എത്തുന്നു. യേശു ആ വീടിന്റെ അടുക്കൽ എത്താറാകുമ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അയച്ച് യേശുവിനോട് പറയുന്നു, നീ എന്റെ അടുക്കൽ വരുവൻ ഞാൻ യോഗ്യനല്ല. നീ ഒരുവാക്കുകല്പിച്ചാൽ എന്റെ ദാസനു സൗഖ്യം വരും. ലൂക്കൊസ് 7:8 ല്‍ ശതാധിപന്റെ വിശ്വാസം നമുക്ക് കാണാൻ കഴിയും. "ഞാനും അധികാരത്തിന്നു കീഴ്പെട്ട മനുഷ്യൻ; എന്റെ കീഴിൽ പടയാളികൾ ഉണ്ടു; ഒരുവനോടു പോക എന്നു പറഞ്ഞാൽ അവൻ  പോകുന്നു; മറ്റൊരുവനോടു വരിക എന്നു പറഞ്ഞാൽ അവൻ  വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ  ചെയ്യുന്നു എന്നു പറയിച്ചു." യേശു ആരാണന്ന് അയാൾ പൂർണ്ണമായും മനസിലാക്കികൊണ്ട് അവനിലുള്ള വിശ്വാസം പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. “യിസ്രായേലിൽകൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” (ലൂക്കൊസ് 7:9) എന്നാണ് യേശൂ പറയുന്നത്.

യേശൂവിൽ വിശ്വസിക്കുന്നവർക്ക് അവൻ ഒരിക്കലും അകലയല്ല എന്നാണ് ഈ രണ്ട് സംഭവങ്ങളും നമുക്ക് കാണിച്ചു തരുന്നത്. മകൾക്ക് വേണ്ടീ യവനസ്ത്രിയും ദാസനു വേണ്ടീ ശതാധിപനും വിശ്വാസത്തോടെകൂടി യേശുവിനെ സമീപിക്കുന്നു. രണ്ടുപേരുടേയും വിശ്വാസം അവർക്ക് ആശ്വാസം നൽകുകയും ചെയ്യുന്നു. എബ്രായർ 11:6 ല് പൗലോസ് പറയുന്ന ഈ വാക്യം ഒരു ഓർമ്മപ്പെടുത്തലാണ്.
എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.
കനാന്യ സ്ത്രിയും ശതാധിപനും വിശ്വാസത്തോടുകൂടിയാണ് യേശുവിന്റെ അടുക്കൽ എത്തിയത്. ആ വിശ്വാസത്തിനു അവർക്ക് പ്രതിഫലവും കിട്ടുകയും ചെയ്തു.

നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , bible stories , malayalam bible stories , ഉപവാസം , നോമ്പ് , Great Lent , 50 days great lent