Saturday, January 26, 2013

26. ഫറവോൻ കണ്ട സ്വപ്നങ്ങൾ

യോസഫ് തടവിലായതിനുശേഷം രണ്ടു വർഷം കഴിഞ്ഞു.മിസ്രയീം രാജ്യത്തെ രാജാവായിരുന്നു ഫറവോൻ ഒരു ദിവസം ഉറക്കത്തിൽ രണ്ടു സ്വപങ്ങൾ കണ്ടു.

ഫറവോൻ നദീ തീരത്ത് നിൽക്കുമ്പോൾ നല്ല തടിച്ച് ആരോഗ്യമുള്ള  ഏഴു പശുക്കൾ നദിയിൽ നിന്ന് കയറി നദീ തീരത്തെ പുല്ല് തിന്നുകൊണ്ട് നിന്നു. കുറച്ച് കഴിഞ്ഞപ്പോൾ ആരോഗ്യമില്ലാത്ത മെലിഞ്ഞ ഏഴു പശുക്കൾ നദിയിൽ നിന്ന് കയറി നദീ തീരത്ത് പുല്ലു തിന്നു കൊണ്ട് നിന്ന ആരോഗ്യമുള്ള ഏഴു പശുക്കളുടെ അടുത്ത് വന്നു നിന്നിട്ട്, ആരോഗ്യമുള്ള പശുക്കളെ ആരോഗ്യമില്ലാത്ത പശുക്കൾ തിന്നു. അപ്പോഴേക്കും ഫറവോൻ ഉണർന്നു. വീണ്ടും ഫറവോൻ ഉറങ്ങി. ഫറവോൻ ഉറക്കത്തിൽ മറ്റൊരു സ്വപ്നം കണ്ടു. ഒരു തണ്ടിന്മേൽ നല്ല കരുത്തുള്ള ഏഴ് കതിരുകൾ പൊങ്ങി വന്നു. അവയ്ക്ക് പിന്നാലെ കരിഞ്ഞുണങ്ങിയ ഏഴു കതിരുകളും പൊങ്ങി വന്നു. എന്നിട്ട് കരിഞ്ഞുണങ്ങിയ കതിരുകൾ നല്ല കതിരുകളെ തിന്നു. ഉറക്കത്തിൽ നിന്ന് ഫറവോൻ ഞെട്ടി ഉണർന്നു.

രാവിലെ ഫറവോൻ തന്റെ കൊട്ടാരത്തിലേക്ക് മിസ്രയീംമിലുള്ള എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും വിളിപ്പിച്ചു. എന്നിട്ട് താൻ രാത്രിയിൽ കണ്ട രണ്ട് സ്വപ്നത്തെക്കുറിച്ചും അവരോട് പറഞ്ഞു. അവരെല്ലാം സ്വപ്നം വിശദീകരിച്ച് നൽകാൻ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു. മന്ത്രവാദികളും ജ്ഞാനികളും തങ്ങൾക്ക് രാജാവ് കണ്ട സ്വപ്നം വിശദീകരിക്കാൻ പറ്റുന്നില്ലന്ന് പറഞ്ഞു. സ്വപ്നത്തിന്റെ വിശദീകരണം കിട്ടാതെ ഫറവോ രാജാവ് അതി ദുഃഖതനായി തീർന്നു.

അപ്പോഴാണ് ഫറവോ രാജാവിന്റെ പാനപാത്ര വാഹകരുടെ പ്രമാണിക്ക് രാജാവിന്റെ അകമ്പടിനായകനായ പോത്തിഫേറിന്റെ വീട്ടിലെ കാരാഗൃഹത്തിൽ കിടക്കുന്ന യോസഫിന്റെ കാര്യം ഓർമ്മ വന്നത്. രണ്ടു വർഷം മുമ്പ് പാനപാത്രവാഹകരുടേ പ്രമാണിയേയും അപ്പക്കാരുടെ പ്രമാണിയേയും രാജാവ് യോസഫ് കിടന്ന കാരാഗൃഹത്തിൽ അടച്ചിരുന്നു. അവർ രണ്ടു പേരും ഒരു രാത്രിയിൽ സ്വപനം കണ്ടു. ആ സ്വപ്നങ്ങൾ അവർക്ക് വിശദീകരിച്ചു നൽകിയത് യോസഫ് ആയിരുന്നു. യോസഫ് സ്വപ്നം വിശദീകരിച്ചു നൽകിയതു പോലെ അപ്പക്കാരുടെ പ്രമാണിയെ രാജാവ് കൊല്ലുകയും പാനപാത്രവാകരുടെ പ്രമാണിയെ ജോലിയിൽ തിരിച്ചെടുക്കുകയും ചെയ്തു. പാനപാത്രവാഹകന്മാരുടെ പ്രമാണി തങ്ങളുടെ സ്വപ്നങ്ങൾ യോസഫ് വ്യാഖ്യാനിച്ചു തന്നതും അതുപോലെ സംഭവിച്ചതും രാജാവിനോട് പറഞ്ഞു. 

ഉടൻ തന്നെ ഫറവോൻ അകമ്പടി നായകനെ വിളിച്ച് യോസഫിനെ കാരഗൃഹത്തിൽ നിന്ന് മോചിപ്പിച്ച് രാജസന്നിധിയിൽ എത്തിക്കാൻ കൽപ്പിച്ചു. പടയാളികൾ യോസഫിനെ കാരാഗൃഹത്തിൽ നിന്ന് മോചിപ്പിച്ചു. ക്ഷൗരം ഒക്കെ ചെയ്ത് നല്ല വസ്ത്രങ്ങൾ ധരിച്ച് യോസഫ് കൊട്ടാരത്തിൽ ഫറവോന്റെ രാജസന്നിധിയിൽ എത്തി. രാജസന്നിധിയിൽ മിസ്രയീമിലെ മന്ത്രവാദികളും ജ്ഞാനികളും എല്ലാം സ്വപ്നം വിശദീകരിക്കാൻ പരാജയപ്പെട്ട് തല കുനിച്ച് നിൽപ്പുണ്ടായിരുന്നു. തങ്ങളെക്കാൾ പ്രായം കുറഞ്ഞ ഒരുത്തൻ സ്വപനം വ്യാഖ്യാനിക്കാൻ വന്നിരിക്കുന്നു എന്ന് കണ്ടപ്പോൾ അവർ തല ഉയർത്തി. 

"യോസഫ്,ഞാൻ ഇന്നലെ രാത്രി സ്വപ്നം കണ്ടിരിക്കുന്നു. ആ സ്വപ്നം എന്റെ മനസിനെ വല്ലാതെ പിടിച്ചിരിക്കൂന്നു. ആ സ്വപ്നത്തിന്റെ അർത്ഥം വിശദീകരിക്കാൻ ഞാൻ ഈ നാട്ടിലെ എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും വിളിപ്പിച്ചു. പക്ഷേ അവർക്കാർക്കും ഞാൻ കണ്ട സ്വപ്നം വ്യാഖ്യാനിക്കാൻ പറ്റിയില്ല. ഒരു സ്വപ്നം കേട്ടാൽ അത് വ്യാഖ്യാനിക്കാൻ നിനക്ക് കഴിയും എന്ന് ഞാൻ കേട്ടിരിക്കുന്നു" ഫറവോൻ പറഞ്ഞു.

"രാജാവേ, ഞാനല്ല യഹോവയായ ദൈവം അങ്ങയുടെ സ്വപ്നത്തിനു ഉചിതമായ ഉത്തരം നൽകും" യോസഫ് രാജാവിനോട് പറഞ്ഞു.

ഫറവോൻ താൻ കണ്ട രണ്ട് സ്വപ്നങ്ങളും യോസഫിനോട് പറഞ്ഞു. ആരോഗ്യമുള്ള ഏഴു പശുക്കളെ ആരോഗ്യമില്ലാത്ത പശുക്കൾ തിന്നതും, നല്ല ഏഴ് കതിരുകളെ ഉണങ്ങിയ ഏഴ് കതിരുകൾ വിഴുന്ങിയതുമായ ഫറവോന്റെ സ്വപ്നങ്ങൾ യോസഫ് കേട്ടു. എല്ലാവരും യോസഫിനെ തന്നെ നോക്കി നിൽക്കുകയാണ്. അനേകം സ്വപ്നങ്ങൾ വ്യാഖ്യാനിച്ചിട്ടുള്ള തങ്ങൾക്ക് കഴിയാത്ത സ്വപ്ന വ്യാഖ്യാനം വെറും യുവാവായ ഒരുത്തന് എങ്ങനെ വിശദീകരിക്കാൻ കഴിയും എന്ന് മന്ത്രവാദികളും ജ്ഞാനികളും മുഖത്തോട് മുഖം നോക്കി ചോദിച്ചു. യോസഫിനു ആ സ്വപ്നം വ്യാഖ്യാനിച്ചു നൽകാൻ കഴിയില്ലന്ന് അവർ ഉറപ്പിച്ചു. ഫറവോ രാജാവും യോസഫിനെ തന്നെ ഉറ്റുനോക്കി ഇരിക്കുകയായിരുന്നു. തന്റെ സ്വപ്നത്തിന്റെ അർത്ഥം യോസഫിനെങ്കിലും പറയാൻ കഴിയുമോ?? 

യോസഫ് പറഞ്ഞു തുടങ്ങി
"രാജാവേ, അങ്ങ് കണ്ട രണ്ട് സ്വപ്നങ്ങളും ഒന്നു തന്നെയാണ്. താൻ ചെയ്യാൻ പോകുന്നത് ദൈവം അന്ങേയ്ക്ക് വെളിപ്പെടൂത്തി തന്നതാണ് ഈ രണ്ട് സ്വപ്നങ്ങളും..."

"എന്താണ് ദൈവം ചെയ്യാൻ പോകുന്നത്?" ഫറവോൻ ചോദിച്ചു.

"ഏഴ് നല്ല പശുക്കളും നല്ല കതിരുകളും ഏഴ് സംവത്സരം. ഇത് സമ്പൽ സമൃദ്ധിയുടെ ഏഴ് സംവത്സരങ്ങൾ ആയിരിക്കും. മെലിഞ്ഞ പശുക്കളും കരിഞ്ഞ കതിരുകളും സൂചിപ്പിക്കുന്നത് ഏഴു സംവത്സരങ്ങളെ തന്നെയാണ്. ക്ഷാമത്തിന്റെ ഏഴ് സംവത്സരങ്ങൾ.. നല്ല ഏഴ് സംവത്സരങ്ങൾക്ക് ശേഷം മഹാക്ഷാമത്തിന്റെ ഏഴ് സംവത്സരങ്ങൾ ദൈവം വരുത്തും എന്നാണ് ഈ സ്വപ്നങ്ങൾ അർത്ഥമാക്കുന്നത്" യോസഫ് പറഞ്ഞു. എന്നിട്ട് യോസഫ് തുടർന്നു.
"മിസ്രയീംദേശത്തു സമ്പൽസമൃദ്ധിയുടേയും സുഭിക്ഷതയുടേയും ഏഴ് സംവത്സരങ്ങൾക്കു ശേഷം ക്ഷാമമുള്ള ഏഴ് സംവത്സരം വരും.. ക്ഷാമത്താൽ മിസ്രയീംദേശം നശിച്ചു പോകും. ക്ഷാമം അതി കഠിനം ആയിരിക്കുന്നതുകൊണ്ട് നാട്ടിലുണ്ടായിരുന്ന സുഭിക്ഷത അറിയാതെ പോകും.."

"ഒരേ പോലുള്ള രണ്ട് സ്വപ്നങ്ങൾ ഞാൻ കണ്ടത് എന്തുകൊണ്ടായിരിക്കും?" ഫറവോൻ ചോദിച്ചു.

"സ്വപ്നം രണ്ട് വട്ടം ഉണ്ടായതിനു കാരണം ഈ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കൂന്നതുകൊണ്ടും ദൈവം അത് വേഗത്തിൽ വരുത്തുന്നതുകൊണ്ടും ആണ്" യോസഫ് പറഞ്ഞു.

"ബഹു സുഭിക്ഷതയുടേ ഏഴ് സംവത്സരങ്ങൾക്ക് ശേഷം വരുന്ന മഹാ ക്ഷാമത്തെ നേരിടാൻ എന്തു ചെയ്യൻ പറ്റും?" ഫറവോൻ ചോദിച്ചു.

"വിവേകവും ജ്ഞാനവുമുള്ള ഒരാളെ മിസ്രയീംരാജ്യത്തിന്നു മേലധികാരി ആക്കണം.സുഭിക്ഷതയുള്ള ഏഴു സംവത്സരത്തിൽ മിസ്രയീംദേശത്തിലെ വിളവിൽ നിന്ന് അഞ്ചിലൊന്നു വാങ്ങാനായി വിചാരകന്മരെ നിയമിക്കുകയും അത് രാജാവിന്റെ അധീനതയിൽ പട്ടണങ്ങളിൽ സൂക്ഷിക്കുകയും ചെയ്യണം. ബഹു സുഭക്ഷതയിൽ ഇങ്ങനെ ശേഖരിക്കുന്ന ധാന്യം മഹക്ഷാമത്തിന്റെ സംവത്സരങ്ങളിൽ മിസ്രയേം ദേശത്തിനു ഉപയോഗിക്കാം" യോസഫ് പറഞ്ഞു.

യോസഫിന്റെ സ്വപ്ന വ്യാഖ്യാനം ഫറവോനു ഇഷ്ടമായി. തങ്ങൾക്കു സാധിക്കാത്ത സ്വപ്ന വ്യാഖ്യാനം മുപ്പതു വയസുമാത്രം പ്രായമുള്ള യോസഫ് ചെയ്തതുകൊണ്ട് മിസ്രയീം രാജ്യത്തെ മന്ത്രവാദികളും ജ്ഞാനികളും അസൂയയോടെ അവനെ നോക്കി. ഇനി ഒരിക്കലും രാജാവ് തങ്ങളെ സ്വപ്ന വ്യാഖ്യാനത്തിനായി വിളിക്കില്ലന്ന് അവർക്ക് ഉറപ്പായി.

"ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ?" എന്ന് യോസഫിനെ ചൂണ്ടി കൊണ്ട് ഫറവോൻ തന്റെ ഭൃത്യന്മാരോട് ചോദിച്ചു. ഭൃത്യന്മാരാരും ഉത്തരം പറഞ്ഞില്ല.

രാജാവ് സിംഹാസനത്തിൽ നിന്ന് ഇറങ്ങി യോസഫിന്റെ അടുക്കലേക്ക്  വന്നു.
"ദൈവം ഈ സ്വപ്നങ്ങളൊക്കയും നിനക്കു വെളിപ്പെടുത്തി തന്നതു കൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല.നിന്നെ ഈ മിസ്രയീം രാജ്യത്തിനു മേലധികാരിയായി ഞാൻ പ്രഖ്യാപിക്കുന്നു. നിന്റെ വാക്കെല്ലാം ഈ രാജ്യം അനുസരിക്കും. സിംഹാസനം കൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും" ഫറവോൻ യോസഫിനോടും രാജ സദസ്സിൽ ഉള്ളവരോടുമായി പറഞ്ഞു.
ഫറവോൻ തന്റെ കയ്യിലെ മുദ്രമോതിരം ഊരി യോസേഫിന്റെ വിരലിൽ ഇട്ടിട്ട് അവനെ രാജ വസ്ത്രം ധരിപ്പിച്ചു. രാജാധികാരത്തിന്റെ സ്വർണ്ണമാല അവന്റെ കഴുത്തിൽ ഇട്ടു. ഫറവോൻ യോസഫിനെ തന്റെ രണ്ടാം രഥത്തിൽ കയറ്റി. "മുട്ടുകുത്തുവിൻ" എന്ന് യോസഫിന്റെ മുമ്പിൽ വിളിച്ചു പറയച്ചു.എല്ലാ മിസ്രായീംകാരും യോസഫിന്റെ മുമ്പിൽ മുട്ടുകുത്തി. അങ്ങനെ യോസഫ് മിസ്രയീം ദേശത്തിനു മേലധികാരിയായി മാറി.

( ചിത്രങ്ങൾ Pharaoh's dreams , joseph in charge of Egypt എന്ന് ഗൂഗിളിന്റെ ഫോട്ടോ സേർച്ചിൽ കൊടൂത്തപ്പോൽ കിട്ടിയത് )
മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , കഥ , കഥകൾ , bible stories , malayalam bible stories , Pharaoh's dreams

Monday, January 21, 2013

നീനെവേ നോമ്പ് :: ദൈവത്തോട് കോപിക്കുന്ന യോന

:: ആമുഖം ::
യോനാ പ്രവാചകനെക്കുറിച്ച് വേദപുസ്തകത്തിൽ ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് 2രാജാക്കന്മാരുടെ പുസ്തകം 14 ആം അദ്ധ്യായം 25 ആം വാക്യത്തിൽ ആണ്. ഗത്ത്-
ഹേഫർകാരനായ അമിത്ഥായിയുടെ മകനായ യോനാപ്രവാചകൻ എന്ന തന്റെ ദാസൻ മുഖാന്തരം യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവൻ  ഹമാത്തിന്റെ അതിർമുതൽ അരാബയിലെ കടൽവരെ യിസ്രായേലിന്റെ ദേശത്തെ വീണ്ടും സ്വാധീനമാക്കി. (2രാജാക്കാന്മാർ 14:25). പിന്നീട് നമ്മൾ യോനാ പ്രവാചകനെ കാണൂന്നത് നാലു അദ്ധ്യായങ്ങൾ മാത്രമുള്ള പ്രവാചക പുസ്തകത്തിൽ കൂടിയാണ്. പക്ഷേ ഈ പുസ്തകം യോനായുടെ പ്രവചനങ്ങൾ എന്നതിനെക്കാൾ യോനാ പ്രവാചകന്റെ ജീവിതത്തിലെ ഒരു സംഭവത്തിന്റെ വിവരണം മാത്രമാണങ്കിലും ഈ പുസ്തകം നൽകുന്ന സന്ദേശം ഏറ്റവും ശക്തവും മനോഹരവുമാണ്.

മൂന്നു നോമ്പും നീനെവേ നോമ്പും
മൂന്നു നോമ്പും നീനെവേ നോമ്പും ഒന്നാണോ എന്നുള്ള ചോദ്യത്തിനു ഉത്തരം വേദപുസ്തകാടിസ്ഥാനത്തിൽ നൽകുകയാണങ്കിൽ രണ്ടാണന്ന് പറയേണ്ടിവരും.കാരണം മൂന്നു ദിവസത്തെ ഉപവാസം(നോമ്പ്)എടുത്തത് യോനായായിരുന്നു { യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റിൽ കിടന്നു. (യോനാ 1:17) , യോനാ മത്സ്യത്തിന്റെ വയറ്റിൽവെച്ചു തന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ:.. (യോനാ 2:1) }. അതിനുശേഷം ദൈവത്തിന്റെ അരുളപ്പാട് രണ്ടാമത് യോനായ്ക്ക് ഉണ്ടായി യോനാ നിനെവേ പട്ടണത്തിൽ പ്രസംഗിച്ചതിനുശേഷം ജനങ്ങളും രാജാവും ദൈവത്തിൽ വിശ്വസിച്ചു ഉപവാസം നടത്തി (എന്നാൽ നീനെവേക്കാർ ദൈവത്തിൽ വിശ്വസിച്ചു ഒരു ഉപവാസം പരസ്യം ചെയ്തു വലിയവരും ചെറിയവരും ഒരുപോലെ രട്ടുടുത്തു. (യോനാ 2:5) ). ഇതാണ് നീനെവേക്കാരുടെ നോമ്പ്(ഉപവാസം). ഇതു രണ്ടും പരസ്പരം പൂരകമായിരിക്കൂന്നതുകൊണ്ട് മൂന്നു നോമ്പും നീനേവേ നോമ്പും ഒന്നാണ് എന്നു പറയുന്നതിലോ ഒരുമിച്ച് നോക്കുന്നതിലോ തെറ്റും ഇല്ല. പേരിലല്ല ശരിയായ രീതിയിൽ ഉപവാസം/നോമ്പ് അനുഷ്ഠിക്കുക എന്നുള്ളതാണ് പ്രധാനം.(മൂന്നു നോമ്പാണോ നിനെവെ നോമ്പാണൊ നമ്മൾ അനുഷ്ഠിക്കേണ്ടത് എന്ന് ഈ ലേഖനത്തിന്റെ അവസാനം നമുക്ക് ചിന്തിക്കാം) എങ്ങനെയാണ് ഉപവാസം/നോമ്പ് അനുഷ്ഠിക്കേണ്ടത് എന്ന് യെശയ്യാ പ്രവാചകൻ പറയുന്നു. എനിക്കു ഇഷ്ടമുള്ള നോമ്പും മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിന്നോ നീ നോമ്പെന്നും യഹോവെക്കു പ്രസാദമുള്ള ദിവസമെന്നും പേർ‍ പറയുന്നതു? അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകർ‍ക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം? (യെശയ്യാ 58 : 5,6)


യോനാപ്രവാചകന്റെ പുസ്തകത്തെ (പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന കഥയെ(സംഭവത്തെ) ) നമുക്ക് അഞ്ചായി  തിരിക്കാം
1. ദൈവത്തിൽ നിന്ന് ഒളിച്ചോടുന്ന യോനാ
2. ദൈവത്തോട് നിലവിളിച്ചു പ്രാർത്ഥിക്കുന്ന യോനാ
3. ഉപവസിക്കൂന്ന നിനെവേക്കാർ
4. ദൈവത്തോട് കോപിക്കുന്ന യോനാ
5. ക്ഷമിക്കുന്ന ദൈവം


1. ദൈവത്തിൽ നിന്ന് ഒളിച്ചോടുന്ന യോനാ
മഹാനഗരമായ നീനെവേയിലേക്കു ചെന്നു അതിന്നു വിരോധമായി പ്രസംഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു(യോനാ 1:2) എന്നാണ് യോനായ്ക്ക് ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായത്. പക്ഷേ നീനെവെയ്ക്ക് പോകുന്നതിനു പകരം തർശീശിലേക്കു പോകാനാണ് യോനാ തീരുമാനിച്ചത്. പക്ഷേ ദൈവകല്പനയിൽ നിന്ന് ഒളിച്ചോടിയ യോന കടലിൽ എറിയപ്പെട്ടു.
ദൈവ കല്പനയിൽ നിന്ന് ഒളിച്ചോടിയ യോനയെ സംരക്ഷിക്കാന് ദൈവത്തിനു മനസുണ്ടായി യോനായെ വിഴുങ്ങാൻ വലിയ ഒരു മത്സ്യത്തെ അയച്ചു.
ദൈവത്തിൽ നിന്നോ ദൈവ കല്പനയിൽ നിന്നോ ഓടിപ്പോകുന്നവരെ കാക്കുകയും അവരോട് ക്ഷമിക്കുകയും ചെയ്യുന്ന ദൈവത്തെ നമുക്കിവിടേ കാണാൻ കഴിയും. കാണാതെപോയ ഒരു ആടിനെ തിരക്കി ബാക്കി തൊണ്ണൂറ്റൊമ്പതിനേയുംവിട്ട് കാണാതെ പോയതിനെ തിരയുന്ന സ്നേഹമാണല്ലോ ദൈവ സ്‌നേഹം. 

ദൈവത്തിൽ നിന്ന് ഒളിച്ചോടിയിട്ടും യോനായോട് ദൈവം എന്തുകൊണ്ട് ദയ കാണിച്ചു? ഒന്നാമതായി യോനായെക്കൊണ്ട് ദൈവത്തിനു ഒരു പദ്ധതി ഉണ്ടായിരുന്നു,രണ്ടാമതായി ദൈവത്തിന്റെ നിത്യ സ്നേഹം. (യഹോവ ദൂരത്തുനിന്നു എനിക്കു പ്രത്യക്ഷമായി അരുളിച്ചെയ്തതു: നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു. യിരേമ്യാവു 31:3). യോനായെ കടലിൽ എറിഞ്ഞു കഴിഞ്ഞപ്പോൾ കടൽ ശാന്തമാകുന്നതുകണ്ട് യാത്രക്കാർ യഹോവയെ ഭയപ്പെട്ട് യഹോവയ്ക്ക് യാഗം കഴിക്കുകയും നേർച്ചകൾ നേരുകയും ചെയ്തു. ഇതാണ് യോനായെക്കുറിച്ച് ഒരു പദ്ധതി ദൈവത്തിനു ഉണ്ടായിരുന്നു എന്ന് ആദ്യം പറഞ്ഞത്. കാരണം കടൽ കോപിച്ചപ്പോൾ താന്താങ്ങളുടെ ദൈവത്തെ വിളിച്ചപേക്ഷിച്ചവർ,അവരരവരുടെ ദൈവത്തോട് പ്രാർത്ഥിക്കാൻ പറഞ്ഞ കപ്പൽ പ്രമാണിയും യഹോവയുടെ നാമത്തെ ഭയപ്പെട്ട് യഹോവയ്ക്ക് യാഗം അർപ്പിക്കുന്നു. യഹോവ എന്ന ദൈവത്തെക്കുറിച്ച് യോനാ നിമിത്തം ആ കപ്പലിൽ യാത്ര ചെയ്തവർക്ക് വെളിപ്പെട്ടു. 

(യോനാ എന്തുകൊണ്ടായിരിക്കും നീനെവേയിലേക്ക് പോകാതെ തർശീശിലേക്ക് ഓടിപ്പോയത്? യോനായുടെ പുസ്തകം 4ആം അദ്ധ്യായം 2 ആം വാക്യത്തിൽ യോന ഒരു സൂചന നൽകുന്നുണ്ട്. അതിനെക്കുറിച്ച് 'ദൈവത്തോട് കോപിക്കുന്ന യോനാ' എന്ന വിഷയത്തിലേക്ക് വരുമ്പോൾ ചിന്തിക്കാം.)


2. ദൈവത്തോട് നിലവിളിച്ചു പ്രാർത്ഥിക്കുന്ന യോനാ
കപ്പലിൽ നിന്ന് കടലിലേക്ക് എറിയപ്പെട്ട യോനയെ വിഴുങ്ങാൻ ദൈവം വലിയ ഒരു മത്സ്യത്തെ ആക്കിയിരുന്നു. ആ മത്സ്യത്തിന്റെ വായിൽ യോനാ എന്റെ പ്രാണൻ എന്റെ ഉള്ളിൽ ക്ഷീണിച്ചുപോയപ്പോൾ ഞാൻ യഹോവയെ ഓർത്തു എന്റെ പ്രാർത്ഥന നിന്റെ വിശുദ്ധമന്ദിരത്തിൽ നിന്റെ അടുക്കൽ എത്തി. (യോനാ 2:7). പശ്ചാത്തപിച്ച്  വിശുദ്ധമന്ദിരത്തിലേക്ക് നോക്കിയിരിക്കുന്ന യോനാപ്രവാചകന്റെ രൂപം ആയിരിക്കണം ഈ നോമ്പ് വേളയിൽ നമ്മുടെ ഉള്ളിൽ തെളിഞ്ഞു നിൽക്കേണ്ടത്. യോനായുടെ നിലവിളിയോടുള്ള പ്രാർത്ഥന ദൈവം കേട്ടു. യഹോവയുടെ കല്പന മുഖാന്തരം മത്സ്യം മൂന്നു ദിവസങ്ങൾക്ക് ശേഷം യോനയെ കരയിൽ ഛർദിച്ചു.
മൂന്നു രാത്രി മൂന്നു പകലും കിടന്നു. യോനാ ദൈവത്തോടു ആ ദിവസങ്ങളിൽ നിലവിളിച്ചു പ്രാർത്ഥിച്ചു. താൻ ചെയ്ത തെറ്റിൽ,ദൈവ കല്പനയിൽ നിന്ന് മാറി ഓടിപ്പോയതിൽ അവൻ പശ്ചാത്തപിച്ചുകൊണ്ടാണ് ദൈവത്തോട് നിലവിളിച്ചത്. യോനാപ്രവാചകന്റെ പുസ്തകം രണ്ടാം അദ്ധ്യായം യോനാപ്രവാചകന് ദൈവത്തോട് നിലവിളിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നതാണ്.

പ്രാർത്ഥനയുടെ/ഉപവാസത്തിന്റെ ഫലം
മൂന്നു ദിവസം യോനാ പ്രവാചകൻ ദൈവത്തോട് നിലവിളിച്ചു പ്രാർത്ഥിച്ചപ്പോൾ ദൈവം യോനായുടെ പ്രയാസങ്ങളിൽ നിന്ന് അവനെ വിടുവിച്ചു. അതോടൊപ്പം ദൈവത്തിന്റെ അരുളപ്പാട് അനുസരിക്കാൻ അവൻ സ്വയം സജ്ജീകരിക്കപ്പെടുകയും ചെയ്തു. ആ പ്രാർത്ഥനയുടെ ഫലമായാണ്  ദൈവത്തിന്റെ അരുളപ്പാട് രണ്ടാമതും യോനായ്ക്ക് ലഭിക്കുന്നത്.

3. ഉപവസിക്കൂന്ന നിനെവേക്കാർ
മുന്നു ദിവസം ഉപവസിച്ചു പ്രാർത്ഥിച്ച യോനായ്ക്ക് ദൈവത്തിന്റെ അരുളപ്പാട് രണ്ടാമതും ഉണ്ടായി. നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു ഞാൻ നിന്നോടു അരുളിച്ചെയ്യുന്ന പ്രസംഗം അതിനോടു പ്രസംഗിക്ക.(യോനാ 3:2). ദൈവ കല്പന പ്രകാരം യോനാ മൂന്നു ദിവസം വഴിദൂരമുള്ള നിനെവേയിലേക്ക്  പോയി. നാൽപതു ദിവസം കഴിഞ്ഞാൽ നിനെവേ പട്ടണം യഹോവ നശിപ്പിക്കും എന്ന് യോനാ ഒന്നാംദിവസം നിനെവേ പട്ടണത്തിൽ ചെന്ന് ഉറക്കെ പറഞ്ഞു. പ്രവാചന്റെ പ്രവചനം പെട്ടന്നു തന്നെ നിനെവേ പട്ടണം മുഴുവൻ വ്യാപിച്ചു. നിനെവേക്കാർ ദൈവത്തിൽ വിശ്വസിച്ചു ഒരു ഉപവാസം പരസ്യം ചെയ്തു. ദൈവം തന്റെ പട്ടണം നശിപ്പിക്കാാൻ പോകുന്നു എന്ന് രാജാവും കേട്ടു.രാജാവും എഴുന്നേറ്റ് തന്റെ രാജ വസ്ത്രം മാറി ചാക്ക് ഉടുത്ത് വെണ്ണീറിൽ ഇരുന്നു ഉപവസിച്ചു ദൈവത്തോട് പ്രാർത്ഥിച്ചു. മനുഷ്യർ മാത്രമല്ല ജീവനുള്ള എല്ലാം ആ ഉപവാസത്തിൽ പങ്കു ചേർന്നു. നിനെവേക്കാർ തങ്ങളുടെ ദുർമ്മാർഗവും സാഹസവും വിട്ട് പശ്ചാത്തപിച്ച് അനുതാപത്തോട് ദൈവത്തോട് ഉപവസിച്ചു പ്രാർത്ഥിച്ചു.

ഉപവാസത്തിന്റെ ഫലം
നിനെവേക്കാരുടെ ഉപവാസം കൊണ്ട് ദൈവത്തിന്റെ ഉഗ്രകോപം അവരെ വിട്ടുമാറി. വെറുതെ ഉപവസിക്കുകയായിരുന്നില്ല നിനെവെക്കാർ. അവർ തന്ങളുടെ ദുർമ്മാർഗ്ഗങ്ങൾ എല്ലാം ഉപേക്ഷിച്ചാണ് ഉപവാസം നടത്തിയത്. നിനെവെക്കാർ തങ്ങളുടെ ദുർമ്മാർഗ്ഗന്ങൾ വിട്ടു തിരിഞ്ഞു എന്നു ദൈവം കണ്ടപ്പോൾ നിനെവെ പട്ടണം നശിപ്പിക്കുക എന്ന അനർത്ഥത്തിൽ നിന്ന് ദൈവം പിന്മാറി. ഉപവാസം മൂലം നിനെവെക്കാർ തങ്ങളുടെ ജീവനേയും പട്ടണത്തെയും സംരക്ഷിച്ചു. ദൈവ കോപം അവരിൽ നിന്ന് മാറുകയും ചെയ്തു.


4. ദൈവത്തോട് കോപിക്കുന്ന യോനാ
ദൈവം നിനെവെക്കാരോട് ദയ കാണിച്ചത് യോനെയ്ക്ക് ഇഷ്ടമായില്ല. നാൽപ്പതു ദിവസം കഴിഞ്ഞാൽ നിനെവെ പട്ടണം നശിപ്പിക്കപ്പെടും എന്ന് പ്രസംഗിച്ചത് യോനയാണ്. പക്ഷേ ദൈവം നിനെവെ പട്ടണം നശിപ്പിച്ചില്ല. കാരണം നിനെവെക്കാർ എല്ലാവരും തങ്ങളുടെ ദുർമ്മാർഗ്ഗങ്ങൾ ഉപേക്ഷിച്ച് ഉപവസിച്ച് പ്രാർത്ഥിച്ചു.
നോഹയുടെ കാലത്തെ പ്രളയവും സൊദോമിന്റെയും ഗൊമോരയുടെയും നാശവും ഒക്കെ യോനായുടെ മനസിൽ ഉണ്ടായിരിക്കണം. തന്നിൽക്കൂടിയുള്ള ദൈവത്തിന്റെ പ്രവചനം കേട്ട് നിനെവെക്കാർ പശ്ചാത്തപിച്ച് ഉപവസിച്ച് ദൈവശിക്ഷ ഒഴുവാക്കി എന്നതിനെക്കാൾ ദൈവം തന്നിൽക്കൂടി പ്രവചിച്ചത് നടന്നില്ല എന്നുള്ളതാണ് യോനായെ കോപാകുലനാക്കിയത്.

യോന ദൈവത്തോട് പറയുന്നുണ്ട്,നീ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ള ദൈവമായി അനർത്ഥത്തെക്കുറിച്ചു അനുതപിക്കുന്നവൻ എന്നു എനിക്ക് അറിയാം. എന്റെ പ്രവചനം കേട്ട് യോനയിൽ ഉള്ളവർ മാനസാന്തരപ്പെട്ട് ഉപവസിച്ചാൽ നീ അവരോട് അനുതപിച്ച് അവരോട് ക്ഷമിക്കും എന്ന് എനിക്കറിയാമായിരുന്നു. ഞാൻ എന്റെ ദേശത്ത് ആയിരുന്നപ്പോൾ ഞാൻ ഇതു തന്നെയാണ് അങ്ങയോട് പറഞ്ഞതും. അതുകൊണ്ടാണ് നിന്റെ ആദ്യ കല്പന കെട്ടിട്ടൂം ഞാൻ നിനെവെയിലേക്ക് വരാതെ തർശീശിലേക്കു ഓടിപ്പോയത്.(യോനാ 4:2)

ഇതുവരെ കാണാത്ത ഒരു യോനയുടെ മറ്റൊരു മുഖം ആണ് നമ്മളിവിടെ കാണുന്നത്. ലക്ഷക്കണക്കിനു നിനെവെക്കാർ നശിക്കണമെന്ന് ആഗ്രഹിക്കുന്ന യോനായെ നമുക്കിവിടെ കാണാം. വംശീയ വിദ്വേഷത്തിന്റെ വിഷവിത്തുകൾ യോനായുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു. യിസ്രായേൽ ജനതയ്ക്കുമാത്രം രക്ഷ ദൈവത്തിൽ കൂടി എന്ന് കരുതുന്ന ഒരു സമൂഹത്തിൽ നിന്ന് വന്നതിലെ കാഴ്ചപ്പാടിന്റെ പ്രശ്നം ആയിരുന്നു യോനായ്ക്ക്. യോനായുടെ ആ കാഴ്ചപ്പാട് ദൈവം തിരുത്തുന്നുണ്ട്.  നിനെവെ പട്ടണം ദൈവം നശിപ്പിക്കാതിരിക്കൂന്നത് യോനയ്ക്ക് സമ്മതം അല്ലായിരുന്നു. അതുകൊണ്ടാണ് യോനാ തന്റെ ജീവൻ എടുക്കാൻ ദൈവത്തോട് കോപിച്ചു കൊണ്ട് പറയുന്നത്.. നമ്മൾ ഓർക്കണം ദൈവ കല്പന അനുസരിക്കാതെ ഓടിപ്പോയി അപകടം സംഭവിച്ച് മൂന്നു ദിവസം മത്സ്യത്തിന്റെ വയറ്റിൽ കിടന്ന് നിലവിളിച്ച് 'രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു(യോന 2:9)' എന്ന് പ്രാർത്ഥിച്ച യോനായാണ് ഇപ്പോൾ കടകം തിരിഞ്ഞിരിക്കുന്നത്.  നീ കോപിക്കുന്നതു വിഹിതമോ എന്നു(4:4) യോനായോട്  യഹോവ ചോദിച്ചെങ്കിലും യോനാ അതിനുത്തരം പറയാതെ നിനെവേ പട്ടണം വിട്ട് പട്ടണത്തിന്റെ കിഴക്ക് വശത്ത് ഒരു കുടിൽ ഉണ്ടാക്കി നിനെവെ പട്ടണത്തിനു എന്ത് സംഭവിക്കാൻ പോകുന്നു എന്ന് നോക്കി കുടിലിന്റെ തണലിൽ ഇരുന്നു.

ദൈവത്തോട് കോപിച്ചതിനു ശേഷം യോനാ നിനെവെ പട്ടണം വിട്ടൂ പോകാൻ എന്തെങ്കിലും ഒക്കെ കാരണം ഉണ്ടാകാം. ഒന്നാമത് യോനാ തന്റെ ജീവൻ സുരക്ഷിതമാക്കാൻ പട്ടണത്തിൽ നിന്ന് പിന്മാറി. ഇനി താൻ കോപിച്ചതുകൊണ്ടോ, പട്ടണത്തിലെ ആരെങ്കിലും വീണ്ടും തെറ്റായ പ്രവൃത്തികൾ ചെയ്തതുകൊണ്ടോ ദൈവത്തിനു ആ പട്ടണം നശിപ്പിക്കാൻ തോന്നിയാൽ താൻ അവിടെ ഉണ്ടന്ന് പറഞ്ഞ് ദൈവം പട്ടണത്തെ നശിപ്പിക്കാതിരുന്നു കൂടാ. ഇനി നശിപ്പിച്ചാലും താൻ സുരക്ഷിതനായിരിക്കണം. നശിപിക്കുകയാണങ്കിൽ അത് എങ്ങനെയാണന്ന് കാണണം.ഇന്ങനെയൊക്കെ ചിന്തിച്ചായിരിക്കണം യോനാ കുടിലിന്റെ തണലിൽ പട്ടണത്തെ നോക്കി ഇരുന്നത്.


യോനായുടെ കോപത്തിനു ദൈവത്തിന്റെ ഉത്തരം
യോനാ കുടിലിന്റെ തണലിൽ ഇരുന്ന നിനെവെ പട്ടണത്തിനു സംഭവിക്കുന്ന ദുരന്തം കാണാൻ ആഗ്രഹിക്കുന്നു. പട്ടണത്തിലേക്ക് നോക്കി ഇരിക്കുന്ന യോനായ്ക്ക് തണൽ നൽകാൻ ഒരു ആവണക്ക് സൃഷ്ടിച്ചു. അത് പെട്ടന്ന് വളർന്നു യോനായ്ക്ക് തണലേകി. ആവണക്കിന്റെ തണലിൽ യോനാ നിനെവെ പട്ടണം നോകി ഇരുന്നു. പിറ്റേന്ന് രാവിലെ ആവണക്ക് പുഴുവിന്റെ ആക്രമണത്തിൽ വാടി ഉണങ്ങി. വെയിൽ യോനായുടേ തലയിൽ പതിച്ചപ്പോൾ അവൻ ക്ഷീണീച്ചു തളർന്നു. മരിക്കുന്നതു തന്നെ നല്ലത് എന്ന് അവൻ പറഞ്ഞു.  ആവണക്ക് ഉണങ്ങി അതിന്റെ തണൽ നഷ്ടപ്പെട്ടപ്പോൾ മരിക്കാൻ ആഗ്രഹിച്ച യോനായോട് ദൈവം ചോദിച്ചു. "നീ ആവണക്കു നിമിത്തം കോപിക്കുന്നതു വിഹിതമോ?". അതിനു അവൻ നൽകിയ ഉത്തരം ഇതായിരുന്നു. "ഞാൻ മരണം വരെ കോപിക്കുന്നത് വിഹിതം". ഉടൻ തന്നെ ദൈവം അവനു മറുപിടി നൽകുന്നു. യോനായുടെ വിദ്വേഷം മാറ്റാൻ തക്കവണ്ണ മറുപിടി ആയിരുന്നു അത്.
" നീ അദ്ധ്വാനിക്കയോ വളർത്തുകയൊ ചെയ്യാതെ ഒരു രാത്രിയിൽ ഉണ്ടായ്‍വരികയും ഒരു രാത്രിയിൽ നശിച്ചുപോകയും ചെയ്തിരിക്കുന്ന ആവണക്കിനെക്കുറിച്ചു നിനക്കു അയ്യോഭാവം തോന്നുന്നുവല്ലോ.എന്നാൽ വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരുലക്ഷത്തിരുപതിനായിരത്തിൽ ചില്‌വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോടു എനിക്കു അയ്യോഭാവം തോന്നരുതോ എന്നു ചോദിച്ചു." ( യോനാ 4:10,11)
ഈ ചോദ്യത്തിനു ഉത്തരം പറവാൻ യോനായ്ക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. യോനായ്ക്ക് തന്റെ തെറ്റ് മനസിലായിട്ടുണ്ടാവണം. ദൈവത്തിന്റെ അളവറ്റ സ്നേഹം നമുക്കിതിൽ നിന്ന് മനസിലാക്കാൻ സാധിക്കും. ഏകദേശം സമാനമായ മറ്റൊരു സംഭവം നമുക്ക് പുതിയ നിയമത്തിലെ ലൂക്കോസിന്റെ സുവിശേഷം 9 ആം അദ്ധ്യായത്തിൽ 53-56ല് കാണാൻ കഴിയും . "മനുഷ്യ പുത്രൻ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നതു” എന്നു പറഞ്ഞു.) അവർ വേറൊരു ഗ്രാമത്തിലേക്കു പോയി." (ലൂക്കോസ് 9:56)


5. ക്ഷമിക്കുന്ന ദൈവം
യോനായുടെ പുസ്തകത്തിൽ നിറഞ്ഞു നിൽക്കുന്നത് ക്ഷമിക്കുകയും,വർഗ്ഗവെത്യസം ഇല്ലാതെ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്ന ദൈവം ആണ്. തന്റെ കല്പന കേട്ട് അനുസരിക്കാതെ ഓടിപ്പോയ യോനായോട് ദൈവം ക്ഷമിക്കുകയും കടലിലേക്ക് എറിയപ്പെട്ടപ്പോൾ അവനെ കരുതുകയും ചെയ്തു.
നിനെവെക്കാർ ദുർമ്മാർഗ്ഗങ്ങൾ വിട്ട് അനുതപിക്കുമ്പോൾ അവരോട് ക്ഷമിച്ച് അവർക്ക് സംഭവിക്കാവുന്ന ദുരന്തങ്ങൾ ഒഴിവാക്കിയ ദൈവത്തെ കാണാം. അവർ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു എന്നു ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടപ്പോൾ താൻ  അവർക്കു വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു ദൈവം അനുതപിച്ചു അതു വരുത്തിയതുമില്ല.(യോനാ 3:10). അവസാന അദ്ധ്യായത്തിലെ അവസാന വാക്യത്തിൽ നിന്ന് ദൈവത്തിന്റെ കരുതലും നമുക്ക് മനസിലാക്കാൻ കഴിയും. വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരുലക്ഷത്തിരുപതിനായിരത്തിൽ ചില്‌വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോടു എനിക്കു അയ്യോഭാവം തോന്നരുതോ എന്നു ചോദിച്ചു.(യോനാ 4:11)

യോനാ പ്രവാചകൻ : അടയാളം അന്വേഷിക്കുന്നവർക്കുള്ള അടയാളം
അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോടു: ഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവൻ  അവരോടു ഉത്തരം പറഞ്ഞതു:“ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല. (മത്തായി 12:38,39)

അനന്തരം പരീശന്മാരും സദൂക്യരും അടുക്കെ വന്നു: ആകാശത്തുനിന്നു ഒരു അടയാളം കാണിച്ചുതരേണമെന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല;” പിന്നെ അവൻ  അവരെ വിട്ടു പോയി. (മത്തായി 16:1,4)

പുരുഷാരം തിങ്ങിക്കൂടിയപ്പോൾ അവൻ  പറഞ്ഞുതുടങ്ങിയതു: “ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അതു അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു ഒരു അടയാളവും കൊടുക്കയില്ല. യോനാ നീനെവേക്കാർക്കു അടയാളം ആയതു പോലെ മനുഷ്യപുത്രൻ ഈ തലമുറെക്കും ആകും. (ലൂക്കോസ് 11:29,30)


നിനെവേ ഒരു പ്രതീകവും മുന്നറിയിപ്പും
ദൈവത്തിൽ വിശ്വസിച്ച് ദുർമ്മാർഗ്ഗങ്ങൾ വിട്ട് പശ്ചാത്തപിക്കൂന്നവർ നശിക്കുകയില്ല എന്നുള്ളതിനു ഒരു പ്രതീകമാണ് നിനെവേ. നിനെവേക്കാർ ഒരുമിച്ച് രാജാവും വലിയവനും ചെറിയവനും എല്ലാം ഒരു വെത്യാസവും ഇല്ലാതെ ഉപവസിച്ച് പ്രാർത്ഥിച്ചതുകൊണ്ടാണ് ദൈവം അവർക്ക് വരുത്താൻ തീരുമാനിച്ചിരുന്ന അനർത്ഥത്തെക്കുറിച്ച് അനുതപിച്ച് ശിക്ഷയിൽ നിന്ന് പിൻമാറിയത്..നിനെവേ എങ്ങനെ ഒരു മുന്നറിയിപ്പാകുന്നു എന്നു ഈ വേദവാക്യത്തിൽ നിന്ന് മനസിലാക്കാം. " നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനയിലും വലിയവൻ." (മത്തായി 12:41 , ലൂക്കോസ് 11:32).

യോനയിലും വലിയവനായ ദൈവത്തിന്റെ പുത്രന്റെ വാക്കു കേട്ട് അവനെ പിന്തുടരുന്നവർ എന്ന് വിശ്വസിക്കുന്ന നമ്മൾ ക്രിസ്ത്യാനികൾ ഉപവസിച്ചു പ്രാർത്ഥിക്കുമ്പോൾ മാനസാന്തരം നമുക്ക് ഉണ്ടാവണം. കഴിഞ്ഞകല ചെയ്തികളിൽ നിന്നുള്ള പശ്ചാത്താപത്തിൽ നിന്നുകൊണ്ടുള്ളതും, അന്യായബന്ധനങ്ങളെ അഴിച്ചു കൊണ്ടുള്ളതും ആയ ഉപവാസം ആണോ നമ്മുടേത് എന്ന് ചിന്തിക്കണം. യോനായുടെ പ്രസംഗം കേട്ട് നിനെവേക്കാർ അനുതപിച്ച് ദുർമ്മാർഗ്ഗങ്ങളിൽ നിന്ന് വിട്ട് ഉപവാസത്തോട് കഴിഞ്ഞു എങ്കിൽ യോനയിലും വലിയവന്റെ അനുയായികൾ എന്ന് കരുതുന്ന നമ്മൾ അവന്റെ വാക്ക് കേട്ട് മാനസാന്തരപെട്ടില്ലങ്കിൽ ന്യായവിധിയിൽ നിനെവേക്കാർ നമ്മളെ ന്യായം വിധിക്കും.

നീനെവേയുടെ പതനം
ദുർമ്മാർഗ്ഗങ്ങളിൽ നിന്ന് വിട്ട് ഉപവസിച്ച് ദൈവ കോപം ഒഴിവാക്കിയ നീനെവേയുടെ പതനവും വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നഹൂം പ്രവാചകന്റെ (യോനാ പ്രവാചകന്റെയും മീഖാ പ്രാവചകന്റെയും പുസ്തകങ്ങൾക്ക് ശേഷം) പ്രവചനപുസ്തകം നീനെവേയുടെ പതനത്തെക്കുറിച്ചാണ്. "നീനെവേയെക്കുറിച്ചുള്ള പ്രവാചകം; എൽക്കോശ്യനായ നഹൂമിന്റെ ദർശനപുസ്തകം." എന്നു പറഞ്ഞാണ് നഹൂം പ്രവാചകന്റെ പുസ്തകം തുടങ്ങുന്നത്. നിങ്ങൾ യഹോവെക്കു വിരോധമായി നിരൂപിക്കുന്നതെന്തു?(നഹൂം 1:9) എന്ന് നഹൂം പ്രവാചകൻ ചോദിക്കുന്നുണ്ട്. നഹൂം പ്രവാചകന്റെ പുസ്തകത്തിലെ അവസാന വാക്യം ഇന്ങനെയാണ്. "നിന്റെ കേടിന്നു ഉപശാന്തി ഇല്ല; നിന്റെ മുറിവു വിഷമമാകുന്നു; നിന്റെ വർത്തമാനം കേൾക്കുന്ന ഏവരും നിന്നെക്കുറിച്ചു കൈകൊട്ടും; ആരുടെ മേലാകുന്നു നിന്റെ ദുഷ്ടത ഇടവിടാതെ കവിഞ്ഞുവരാതിരുന്നതു?"(നഹൂം 3:19). നീനെവേക്കുറിച്ച് നഹൂം പ്രവാചകൻ പറയുന്നത് നമുക്ക് കൂടിയുള്ള മുന്നറിയിപ്പാണ്.

നിനെവേ നോമ്പ് നോൽക്കുന്നത് വെറും പ്രകടനമാകരുത്. അതൊരു പ്രകടനമാക്കി "നിന്റെ വർത്തമാനം കേൾക്കുന്ന ഏവരും നിന്നെക്കുറിച്ചു കൈകൊട്ടും" എന്ന് നിനെവേക്കുറിച്ച് നഹൂം പ്രവാചകൻ പറഞ്ഞതുപോലെ മറ്റുള്ളവർ നമ്മളെക്കുറിച്ച് പറയരുത്.

*******************************
ചിത്രങ്ങൾ::
http://pjcockrell.files.wordpress.com/2011/03/jonah-and-fish-3.jpg
http://rainingtruthprayer.files.wordpress.com/2009/03/jonah-and-big-fish.jpg
http://biblelessonsite.org/flash/images52/slides/p_0003.jpg
http://wol.jw.org/en/wol/mp/r1/lp-e/ia/2013/135

Saturday, January 19, 2013

25. യോസഫും പോത്തീഫറിന്റെ ഭാര്യയും

മിദ്യാനകച്ചവടക്കാരിൽ നിന്ന് യോസഫിനെ വാന്ങിയ ഫറവോന്റെ കടമ്പടിനായകാനായ പോത്തീഫർ യോസഫിനെ തന്റെ വീട്ടിൽ കൊണ്ടു വന്നു. യോസഫിന്റെ കൂടെ ദൈവം ഉണ്ടന്നും യോസഫ് ചെയ്യുന്നതെല്ലാം ദൈവം സാധിപ്പിക്കുന്നു എന്നും പോത്തിഫർ കണ്ടു. യോസഫിന്റെ പരിചാരക ശുശ്രൂഷയിൽ സംതൃപ്തനായ പോത്തിഫർ യോസഫിനെ തന്റെ വീടിന്റെ ഗൃഹവിചാരകനാക്കുകയും ചെയ്തു. തന്റെ വീടിന്റെയും കൃഷി ഇടങ്ങളുടേയും എല്ലാം അധിപതിയാക്കി യോസഫിനെ നിയമിച്ചു. ദൈവം യോസഫിൽ കൂടി  പോത്തിഫറിന്റെ കൃഷി ഇടങ്ങളെ അനുഗ്രഹിക്കുകയും വിള സമൃദ്ധി ഉണ്ടാവുകയും ചെയ്തു.

വിലയ്ക്കു വാന്ങപ്പെട്ട ഒരു അടിമയായ എബ്രായൻ തങ്ങളുടെ അധികാരി ആയിരിക്കുന്നത് മറ്റു പരിചാരകർക്ക് അത്ര ഇഷ്ടമല്ലായിരുന്നു. ഒരു അടിമ തങ്ങളെ ഭരിക്കുന്നു എന്ന് അവർ അടക്കം പറഞ്ഞു എങ്കിലും യോസഫ് പോത്തിഫറിന്റെ വിശ്വസ്ഥൻ ആയിരുന്നതുകൊണ്ട് അവരാരും യോസഫിനെതിരെ പരസ്യമായി സംസാരിച്ചിരുന്നില്ല. യോസഫ് വീട്ടിലേയും കൃഷി ഇടത്തിലേയും കാര്യങ്ങൾ എല്ലാം ശരിയായ രീതിയിൽ നോക്കി ഇരുന്നതുകൊണ്ട് പോത്തിഫറിനു ആ കാര്യങ്ങളെ കുറിച്ച് ചിന്തിച്ചില്ല. കഴിക്കൂന്ന ആഹാരം ഒഴിച്ച് ബാക്കി എല്ലാ കാര്യങ്ങളും യോസഫിനെ എൽപ്പിച്ചിരുന്നതുകൊണ്ട് മറ്റൊന്നിനെക്കുറിച്ചും പോത്തീഫറിനു അറിയേണ്ടിയിരുന്നില്ല.

യോസഫ് ബുദ്ധിമാനും അതി സുന്ദരനും യുവാവും ആയിരുന്നു. ആരേയും ആകർഷിക്കുന്ന രൂപം. യോസഫിന്റെ അതി മനോഹര രൂപം പോത്തിഫറിന്റെ ഭാര്യയുടെ മനസിൽ മായാതെ നിന്നു. അവൾക്ക് യോസഫിനോട് പ്രണയം തോന്നി തുടങ്ങി. അവനെ എങ്ങനേയും തന്റെ ഇഷ്ടത്തിലേക്ക് കൊണ്ടു വരണമെന്ന് അവൾ ആഗ്രഹിച്ചു. അവന്റെ ശ്രദ്ധ നേടാൻ അവൾ പലവഴികളും ആലോചിച്ചു.പക്ഷേ യോസഫ് അവളിൽ നിൻ കഴിവതും ഒഴിഞ്ഞു മാറി. ഒരു ദിവസം അവൾ തന്റെ പ്രണയവും യോസഫിനോട് വെളുപ്പെടുത്തിയിട്ട് അവനെ തന്റെ കിടക്കയിലേക്ക് ക്ഷണിച്ചു. യോസഫ് അവളുടെ ക്ഷണം നിരസിച്ചു.

"ഈ വീടിന്റെ ഗൃഹവിചാരകാനാണ് ഞാൻ. ഈ വീട്ടിൽ ഉള്ളയാതൊന്നിനെകുറിച്ച് യജമാനാന് അറിയില്ല,അദ്ദേഹത്തിനു ഉള്ളതെല്ലാം എല്ലാം എന്നെ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുകയാണ് .യജമാനനും യജമാനിത്തിയും കഴിഞ്ഞാൽ ഈ വീട്ടിൽ എന്നെക്കാൾ വലിയവൻ ആരും ഇല്ല. ഞാൻ ഇവിടെ എന്ത് ചെയ്താലും അവൻ അറിയത്തുമില്ല.ഈ വീട്ടിൽ യാതൊന്നും അവൻ എനിക്ക് നിഷേധിച്ചിട്ടുമില്ല. പക്ഷേ നിങ്ങൾ എന്റെ യജമാനന്റെ ഭാര്യയാണ്. ഞാൻ യജമാനനോട് ദോഷം ചെയ്ത് ദൈവത്തോട് വലിയ പാപം ചെയ്യുന്നത് എന്ങനെ?". യോസഫ് തന്റെ യജമാനന്റെ ഭാര്യയോട് ചോദിച്ചു... അവൾ അവസരം കിട്ടുമ്പോഴും അവസരങ്ങൾ ഉണ്ടാക്കിയും യോസഫിനോട് തന്റെ പ്രണയം ആവർത്തിച്ചു കൊണ്ടേ ഇരുന്നു. അവനെ തന്റെ അരികത്തിരിക്കാനും കിടക്കയിലേക്കും അവൾ ക്ഷണിച്ചുകൊണ്ടേഇരുന്നു. അവളുടെ എല്ലാ ക്ഷണവും അവൻ നിരസിച്ചു. യജമാനന്റെ ഭാര്യയുടെ മുന്നിൽ എത്തേണ്ടി വരുന്ന അവസരങ്ങൾ യോസഫ് ഒഴിവാക്കുകയും എന്തെങ്കിലും ആവശ്യത്തിനു യജമാനന്റെ ഭാര്യയുടെ അടുക്കൽ പോകേണ്ടി വരികയാണങ്കിൽ അവൻ തന്റെ ഒപ്പം ആരെയെങ്കിലും കൂടി കൂട്ടാനും തുടങ്ങി.

ഒരു ദിവസം യോസഫ് തന്റെ ജോലി ചെയ്യാനായി വീടിനകത്തേക്ക് വന്നു. വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു. യോസഫ് വീടിനകത്തേക്ക് വരുന്നത് പോത്തീഫറിന്റെ ഭാര്യ കണ്ടു. അവൾ അവന്റെ അടുക്കലേക്ക് ചെന്നു. പ്രണയ പൂർവ്വം അവനെ തന്റെ കിടക്കയിലേക്ക് വീണ്ടും ക്ഷണിച്ചു. അവൻ വീണ്ടും അവളുടെ ക്ഷണം നിരസിച്ചു. തന്നെ എപ്പോഴും അവഗണിക്കുന്ന യോസഫിനോടുള്ള പ്രണയം അവളുടെ സിരകളിലൂടെ ഒഴുകി പരന്നു.യോസഫ് അവളുടെ മുന്നിൽ നിന്ന് മാറി തിരികെപോകാൻ തുടങ്ങി .അവൾ അവന്റെ വസ്ത്രത്തിൽ പിടിച്ചു വലിച്ചു കൊണ്ട് മന്ത്രിച്ചു...
"യോസഫ് നിന്നെ ഞാൻ എത്രമാത്രം പ്രണയിക്കുന്നു.ഒരിക്കലെങ്കിലും എന്റെ കൂടെ വന്ന് എന്റെ ആഗ്രഹം പൂർത്തിയാക്കി തരിക. നിന്റെ യജമാനൻ ഒന്നും അറിയാൻ പോകുന്നില്ല. ഇപ്പോഴാണങ്കിൽ ഈ വീടിനകത്ത് പരിചാരകർ ആരും ഇല്ല. വരിക എന്റെ പ്രണയം പങ്കിടുക..എന്നോടൊത്ത് കിടക്കയിലേക്ക് വരിക".

യജമാനനെ ചതിച്ച് ദൈവത്തോട് പാപം ചെയ്യാൻ യോസഫിനു സമ്മതമല്ലായിരുന്നു.അവൾ യോസഫിന്റെ വസ്ത്രത്തിൽ പിടിച്ച് വലിച്ച് തന്റെ മുറിയിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചു .യോസഫ് തന്റെ വസ്ത്രം അവളുടെ കൈയ്യിൽ വിട്ടേച്ച് പുറത്തേക്ക് ഓടിപ്പോയി.

യോസഫ് ഓടിപ്പോകുന്നത് കണ്ടപ്പോൾ അവൾ പരിഭ്രമിച്ചു. താൻ അവനെ കിടക്കയിലേക്ക് ക്ഷണിച്ചത് പോത്തീഫറിനോടോ മറ്റാരോടെങ്കിലും പറഞ്ഞാൽ തനിക്ക് പിന്നീടിവിടെ ജീവിക്കാൻ പറ്റില്ല. ഒരു അഭിസാരികയെപ്പോലെ എല്ലാവരും തന്നോട് പെരുമാറും. പോത്തീഫർ തന്നെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യും. അവളുടെ ഉള്ളിൽ പെട്ടന്ന് തന്നെ ഒരുപായം തെളിഞ്ഞു.
ഉടൻ തന്നെ അവൾ നിലവിളിക്കാൻ തുടങ്ങി.
അവളുടെ നിലവിളി കേട്ട് വീട്ടിലുള്ളവരും പരിചാരകരും ഓടി വന്നു..
യോസഫിന്റെ വസ്ത്രവുമായി നിൽക്കുന്ന അവളെ കണ്ട് അവർ പരസ്പരം നോക്കി.
അവൾ യോസഫിന്റെ തുണി എല്ലാവരേയും കാണിച്ചു കൊണ്ട് പറഞ്ഞു.
"നമ്മളെ കളിയാക്കാനായി പോത്തീഫർ എബ്രായനായ യോസഫിനെ അടിമ ചന്തയിൽ നിന്ന് വാന്ങി കൊണ്ടു വന്നു.എന്നിട്ട് അവന്റെ കൂടേ ദൈവം ഉണ്ടന്ന് പറഞ്ഞ് എല്ലാത്തിനും അവനെ കാര്യവിചാരകനാക്കി. എന്നിട്ടവനിപ്പോൾ ചെയ്തതോ... അവനിപ്പോൾ എന്റെ കൂടെ കുറച്ച് സമയമെങ്കിലും കഴിയണമെന്ന് പറഞ്ഞ് എന്നെ കയറിപ്പിടിക്കാൻ വന്നു.ഞാൻ ഉറക്കെ നിലവിളിച്ചപ്പോൾ അവന്റെ വസ്ത്രം ഇവിടെ ഇട്ടിട്ട് ഓടിപ്പോയി". അവൾ പറഞ്ഞത് എല്ലാവർക്കും വിശ്വാസമായില്ലങ്കിലും അവർ അവളെ ആശ്വസിപ്പിച്ചു.

പോത്തീഫർ കൊട്ടാരത്തിൽ നിന്ന് മടങ്ങി വരുന്നതുവരെ അവൾ യോസഫിന്റെ വസ്ത്രം കൈയ്യിൽ പിടിച്ചു നിന്നു. പോത്തീഫർ മടങ്ങി വന്നപ്പോൾ അവൾ വീട്ടുകാരോടും പരിചാരകരോടും പറഞ്ഞ കഥ അവനോടും ആവർത്തിച്ചു.
"അടിമചന്തയിൽ നിന്ന് നിങ്ങൾ വാന്ങിയ ആ എബ്രായൻ എന്നെ ബലാത്ക്കാരം ചെയ്യാൻ വന്നപ്പോൾ ഞാൻ ഉറക്കെ നിലവിളിച്ചു. എന്റെ നിലവിളി കേട്ടപ്പോൽ അവൻ വസ്ത്രം ഇവിടെ ഉപേക്ഷിച്ച് ഓടിക്കളഞ്ഞു..നിന്റെ ദാസൻ എന്നോട് ഇങ്ങനെ ചെയ്തത് എന്ത്?"
അവൾ തന്റെ ഭർത്താവിനോട് ചോദിച്ചു.

അവളുടെ ചോദ്യം അവന്റെ മനസിനെ മുറിപ്പെടുത്തി. അടിമ ചന്തയിൽ നിന്ന് വാന്ങിയ യോസഫിനോട് താൻ ഒരിക്കൽ പോലും ഒരു അടിമയോട് പെരുമാറിയിട്ടില്ല. അവനെ തനിക്കുള്ളതിന്റെയെല്ലാം കാര്യവിചാരകനാക്കി നിയമിക്കുകയും ചെയ്തു. എന്നിട്ട് അവൻ തന്റെ ഭാര്യയെ,അവന്റെ യജമാനത്തിയെ ബലാത്ക്കാരം ചെയ്യാൻ ശ്രമിച്ചിരിക്കുന്നു.തന്റെ ഭാര്യ പറഞ്ഞതെല്ലാം അവൻ വിശ്വസിച്ചു .അവൻ കോപം കൊണ്ട് വിറച്ചു. യോസഫിനെ കൊണ്ടുവരാൻ അവൻ കല്പിച്ചു.

പരിചാരകർ യോസഫിനെ പിടിച്ചു കൊണ്ടു വന്നു. പോത്തിഫറിന്റെ ഭാര്യ ഒരു വിജയിയെപോലെ പോത്തീഫറിന്റെ അടുക്കൽ നിന്നു. തന്റെ യജമാനന്റെ മുന്നിൽ യോസഫ് കുറ്റക്കാരനെപോലെ നിന്നു. യോസഫിനെ കാരാഗൃഹത്തിൽ അടക്കാൻ പോത്തീഫർ ഉത്തരവിട്ടു. പരിചാരകർ യോസഫിനെ കാരാഗൃഹത്തിൽ അടച്ചു.


( ചിത്രങ്ങൾ joseph and potiphar's wife എന്ന് ഗൂഗിളിന്റെ ഫോട്ടോ സേർച്ചിൽ കൊടൂത്തപ്പോൽ കിട്ടിയത് )

മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , കഥ , കഥകൾ , bible stories , malayalam bible stories , joseph and potiphar's wife

Saturday, January 12, 2013

24 . ഇരുപതു വെള്ളിക്കാശിനു വിൽക്കപ്പെട്ട യോസഫ്


യാക്കോബ് തന്റെ പിതാവായ യിസഹാക്ക് താമസിച്ചിരുന്ന കനാൻ ദേശത്ത് തന്റെ കുടുംബത്തോടൊപ്പം വന്ന് താമസിച്ചു. തന്റെ ആൺമക്കളിൽ പതിനൊന്നാമനായ യോസഫിനോട് യാക്കോബിനു മറ്റ് മക്കളെക്കാൾ സ്നേഹം യാക്കൊബിനു ഉണ്ടായിരുന്നു. ഇത് മറ്റുള്ള മക്കൾക്ക് ഇഷ്ടപ്പെട്ടില്ല. അലങ്കാരങ്ങൾ ഒക്കെ ചെയ്ത ഒരു കുപ്പായം ഉണ്ടാക്കി  യാക്കൊബ്ബ് യോസഫിനു കൊടുത്തു. ഇതോടെ അവന്റെ സഹോദരന്മാർക്ക് അവനെ കണ്ണെടുത്താൽ കണ്ടു കൂടാതെയായി. അപ്പന്റെ ആടുകളെയെല്ലാം ദൂരെ ദേശത്ത് മേയിക്കാൻ കൊണ്ടുപോകുന്ന തങ്ങളേക്കാൾ വീട്ടിൽ മാത്രം ഇരിക്കുന്ന പതിനേഴു വയസുകാരനായ യോസഫിനെ അപ്പൻ എന്തിന ഇന്ങനെ സ്നേഹിക്കുന്നത് അവർ പരസ്പരം ചോദിച്ചു. അതോടെ അവർ യോസഫിനോടെ ദ്യേഷ്യത്തോടെമാത്രം പെരുമാറാൻ തുടങ്ങി.

ഒരു ദിവസം യോസഫ് ഒരു സ്വപ്നം കണ്ടു. യോസഫും സഹോദരന്മാരും വയലിൽ കറ്റ കൊയ്യാൻ പോയി.അവർ കറ്റ ഒക്കെ കൊയ്തു കഴിഞ്ഞപ്പോൾ യോസഫ് കൊയ്ത് കെട്ടിയിട്ട കറ്റ വയലിൽ നിവർന്നു നിന്നപ്പോൾ മറ്റു സഹോദരന്മാർ കൊയ്തു കെട്ടിയിട്ട കറ്റ യോസഫ് കെട്ടിയ കറ്റയെ നമസ്ക്കരിച്ചു. യോസഫ് ഈ സ്വപനം തന്റെ സഹോദരന്മാരോട് പറഞ്ഞു. "നീ ഞങ്ങളുടെ രാജാവാകുമോ ,നീ ഞങ്ങളെ അധികാരത്തിലാക്കുമോ?" എന്നൊക്കെ പറഞ്ഞ് മറ്റ് സഹോദരന്മാർ യോസഫിനോട് വീണ്ടൂം ദേഷ്യപ്പെട്ടു.

യോസഫ് വീണ്ടും ഒരു സ്വപ്നം കണ്ടു.സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്രങ്ങളും തന്നെ നമസ്ക്കരിക്കുന്ന സ്വപനം ആയിരുന്നു യോസഫ് കണ്ടത്.യോസഫ് ആ സ്വപനവും സഹോദരന്മാരോട് പറഞ്ഞു.
അവർ വീണ്ടും യോസഫിനോട് ദേഷ്യപ്പെട്ടു. സഹോദരന്മാർ യോസഫിനേയും കൂട്ടി അപ്പനായ യാക്കൊബിന്റെ അടുകൽ ചെന്നു. യോസഫ് ഇങ്ങനെയുള്ള സ്വപ്നങ്ങൾ കാണുന്നതിനെക്കുറിച്ച് പറഞ്ഞു.യാക്കോബ് യോസഫിനെ ശാസിക്കുകമാത്രം ചെയ്തു.
"ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും നിന്നെ നമസ്ക്കരിക്കാൻ വരുന്ന സ്വപ്നം ആണോ നീ കണ്ടത്?"
അപ്പൻ സഹോദരനെ ശാസിക്കുക മാത്രം ചെയ്യുന്നതു കണ്ടിട്ട് സഹോദരങ്ങൾക്ക് അവനോട്  അസൂയ തോന്നി. യോസഫിന്റെ സ്വപ്നവും അവന്റെ വാക്കുകളും അപ്പന് അവനോടുള്ള സ്നേഹവും ഒക്കെ അവന്റെ സഹോദരന്മാർക്ക് അവനോട് അസൂയ ഉണ്ടാവാൻ തക്ക കാരണങ്ങൾ ആയിരുന്നു.

യോസഫിന്റെ സഹോദരന്മാർ ശെഖേം എന്ന സ്ഥലത്ത് ആടുകളുമായി പോയി. കുറച്ചു ദിവസം കഴിഞ്ഞിട്ടും അവരെക്കുറിച്ച് വിവരങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് യാക്കൊബിനു വിഷമമായി. യാക്കൊബ് യോസഫിനെ വിളിച്ചിട്ടു പറഞ്ഞു..
"നിന്റെ സഹോദരന്മാർ ആടുകളുമായി സെഖേമിൽ പോയിട്ട് കുറച്ചു ദിവസങ്ങളായി. അവർ പോയതിനു ശേഷം ഒരു വിവരവും ഇല്ലന്ന് നിനക്കും അറിയാം.. നീ പോയി അവർക്കു സുഖം ആണോ..ആടുകളൊക്കെ എങ്ങനെയിരിക്കുന്നു എന്നൊക്കെ നോക്കിയിട്ട് വരണം"

യോസഫിനും അതു സമ്മതം ആയിരുന്നു. ഇളയ സഹോദരനായ ബെന്യാമിൻ മാത്രമേ ഇപ്പോൾ വീട്ടിലുള്ളു.ബാക്കി പത്തു പേരും ആടുകളെകൊണ്ട് പോയതായിരിക്കുന്നു. സഹോദരന്മാരുടെ വിവരങ്ങൾ ഒന്നും അറിയാത്തതുകൊണ്ട് യോസഫിനും സങ്കടം ഉണ്ടായിരുന്നു..
"ഞാൻ ഉടൻ തന്നെ പോയി സഹോദരന്മാരെ കണ്ടെത്തി വിവരങ്ങൾ അറിയിക്കാം" എന്ന് യോസഫ് അപ്പനോട് പറഞ്ഞു. ഹെബ്രോൻ താഴ്വരയിൽ നിന്ന് യോസഫ് തന്റെ സഹോദരന്മാരെ അന്വേഷിച്ച് ശെഖേമിലേക്ക് യാത്ര തിരിച്ചു.

ശെഖേം മുഴുവൻ യോസഫ് തന്റെ സഹോദരന്മാരെ അന്വേഷിച്ചു. പക്ഷേ അവരെ കണ്ടത്താൻ കഴിഞ്ഞില്ല. അപ്പനോട് എന്തു ചെന്നു പറയും എന്ന് ആലോചിച്ചു കൊണ്ട് മരുഭൂമിയിലൂടെ യോസഫ് നടന്നു. യോസഫ് ഇങ്ങനെ നടക്കുന്നതു കണ്ടിട്ട് ഒരുത്തൻ യോസഫിന്റെ അടുക്കൽ വന്നു..

"നീ ഒന്നു രണ്ടു ദിവസമായി ഇവിടെ നടക്കുന്നത് ഞാൻ കാണുന്നുണ്ട്. നീ എന്താണിവിടെ അന്വേഷിക്കുന്നത്?" അവൻ ചോദിച്ചു.

"ഞാൻ എന്റെ സഹോദരന്മാരെ അന്വേഷിക്കുകയാണ്.അവർ കുറേ ദിവസങ്ങൾക്ക് മുമ്പ് ശെഖേമിലേക്ക് ആടുമേയിക്കാനായി വീട്ടിൽ നിന്ന് പോന്നതാണ്. അവരെ കാണാതെ വിഷമിക്കുന്ന അപ്പൻ അവരെ തിരക്കി എന്നെ വിട്ടതാണ്. രണ്ടു ദിവസമായി ഞാൻ അവരെ ഇവിടെ അന്വേഷിക്കുന്നു,പക്ഷേ  അവരയോ ആടുകളയോ എനിക്ക് ഇവിടെ കണ്ടത്താൻ പറ്റിയില്ല.." യോസഫ് പറഞ്ഞു..

"നീ പറഞ്ഞ അടയാളങ്ങൾ ഒക്കെയുള്ള ആളുകൾ കുറച്ച് ദിവസം മുമ്പുവരെ ഇവിടെ ഉണ്ടായിരുന്നു.അവർ ഇപ്പോൾ ദോഥാനിലേക്ക് പോയി എന്നാണ് എനിക്ക് തോന്നുന്നത്. അവർ ദോഥാനിലേക്ക് ഇവിടെ നിന്ന് പോകുവാണന്ന് എനിക്കവരുടെ സംസാരത്തിൽ നിന്ന് തോന്നിയിരുന്നു" അയാൾ പറഞ്ഞു. അയാളോട് നന്ദി പറഞ്ഞ് യോസഫ് തന്റെ സഹോദരന്മാരെ തേടി ദോഥാനിലേക്ക് പോയി.

ശേഖേമിൽ നിന്ന് ദോഥാനിലേക്കുള്ള വഴിയിലൂടെ യോസഫ് വരുന്നത് അവന്റെ സഹോദരന്മാർ ദൂരെ നിന്നേ കണ്ടു. അവർക്ക് അവനോടുള്ള അസൂയ പകയായി മാറിയിരുന്നു.

നമുക്കവനെ കൊന്ന് മരുഭൂമിയിലെ ഏതെങ്കിലും ഒരു കുഴിയിൽ ഇട്ടിട്ട്  വന്യമൃഗം അവനെ കൊന്നു എന്ന് നമുക്ക് പറയാം. മരിച്ചു കഴിഞ്ഞാൽ അവനെങ്ങനെ സ്വപ്നം കാണും,അവൻ കണ്ട സ്വപ്നങ്ങൾ എങ്ങനെ നടക്കും. നമ്മൾ അവനെ നമസ്ക്കരിക്കുന്ന സ്വപ്നങ്ങൾ എന്താകും എന്നൊക്കെ പറഞ്ഞ് അവനെ കൊല്ലാൻ അവർ തീരുമാനിച്ചു. പക്ഷേ സഹോദരന്മാരിൽ മൂത്തവനായ രൂബേനു യോസഫിനെ കൊല്ലുന്നതിനെ എതിർത്തു.

"നമ്മുടെ സഹോദരന്റെ ചോര നമ്മൾ ചീന്തരുത്.അവനെ കൊല്ലരുത്.നമുക്കവനെ ജീവനോടെ മരുഭൂമിയിലെ ഏതെങ്കിലും പൊട്ടക്കുഴിയിൽ ഇടാം." രൂബേൻ മറ്റ് സഹോദരന്മാരോട് പറഞ്ഞു. അവർ ആദ്യം എതിർത്തെങ്കിലും രൂബേൻ അവരെക്കോണ്ട് അത് സമ്മതിപ്പിച്ചു. സഹോദരന്മാർ അറിയാതെ യോസഫിനെ കുഴിയിൽ നിന്ന് കയറ്റി അപ്പന്റെ അടുക്കൽ എത്തിക്കണം എന്ന് ഉറപ്പിച്ചാണ് രൂബേൻ ഇങ്ങനെ ചെയ്തത്.

തന്റെ സഹോദരന്മാരെ കണ്ട് യോസഫ് അവരുടെ അടുക്കലേക്ക് ഓടി വന്നു. അപ്പൻ അവരെ കാണാതെ വിഷമിക്കുന്നതിനെക്കുറിച്ചും താൻ അവരെ തിരക്കി ശെഖേമിൽ അലഞ്ഞതിനെക്കുറിച്ചൊക്കെ സഹോദരന്മാരോട് പറഞ്ഞു. യാക്കോബ് നൽകിയ കുപ്പായം ആയിരുന്നു യോസഫ് ആ സമയം ധരിച്ചിരുന്നത്. അവന്റെ സഹോദരന്മാർ ആ കുപ്പായം ഊരി എടുത്തിട്ട് യോസഫിനെ മരുഭൂമിയിലെ ഒരു പൊട്ടക്കുഴിയിൽ ഇട്ടു.. യോസഫ് കുഴിയിൽ കിടന്ന് നിലവിളിച്ചു. അവന്റെ നിലവിളി കേൾക്കാനാവാതെ രൂബേൻ അവിടെ നിന്ന് മാറി...

ഒൻപതു സഹോദരന്മാർ ഭക്ഷണത്തിനായി ഇരിക്കുമ്പോൾ ഗിലയാദിൽ നിന്ന് മിസ്രയീമിലേക്കുള്ള മരുഭൂമിയിലെ  വഴിയിലൂടെ യാത്രാക്കൂട്ടം വരുന്നത് അവർ കണ്ടു. ഗിലയാദിൽ നിന്ന് സാമ്പ്രാണിയും സുഗന്ധവസ്തുക്കളും ഒക്കെ ഒട്ടകപ്പുറത്ത് മിസ്രായേമിൽ എത്തിക്കുന്ന മിദ്യാനകച്ചവടക്കാർ ആണ് അതെന്ന് അവർക്ക് മനസിലായി. അവരെ കണ്ടപ്പോൾ സഹോദരന്മാരിൽ ഒരുവനായ യെഹൂദയ്ക്ക് ഒരു ബുദ്ധി തോന്നി .അവൻ അത് തന്റെ മറ്റ് സഹോദരന്മാരോട് പറഞ്ഞു.
"നമ്മൾ നമ്മുടെ സഹോദരനെ കൊന്നാൽ നമുക്കെന്തു പ്രയോജനമാണുള്ളത്. അവൻ നമ്മുടെ സഹോദരനാണ്. അവന്റെ രക്തം നമ്മൾ ചീന്തരുത്.അവന്റെ മേൽ കൈവയ്ക്കുകയും ചെയ്യരുത്. നമുക്കവനെ കുഴിയിൽ നിന്ന് കയറ്റി ആ വരുന്ന മിദ്യാന കച്ചവടക്കാർക്ക് വിൽക്കാം" . ബാക്കിയുള്ളവർ അതിനു സമ്മതിച്ചു.

മിദ്യാന കച്ചവടക്കാർ അടുക്കാറായപ്പോൾ യോസഫിനെ അവന്റെ സഹോദരന്മാർ കുഴിയിൽ നിന്ന് വലിച്ചു കയറ്റി. തന്നെ സഹോദരന്മാർ കുഴിയിൽ നിന്ന് വലിച്ചു കയറ്റി വീട്ടിലേക്ക് വിടാൻ പോവുകയാണന്നാണ് യോസഫ് കരുതിയത്. തന്നെ കുഴിയിൽ നിന്ന് രക്ഷപ്പെത്തിയത് മിദ്യാന കച്ചവടക്കാർക്ക് വിൽക്കാനാണന്ന് പിന്നീടാണ് യോസഫിനു മനസിലായത്. യോസഫിന്റെ വിലയായി അമ്പതു വെള്ളിക്കാശ് ആണ് അവന്റെ സഹോദരന്മാർ കച്ചവടക്കാരോട് അവശ്യപ്പെട്ടത്. അടിമക്കച്ചവടത്തിൽ ലാഭം മാത്രം നോക്കിയിരുന്ന കച്ചവടക്കാർ അവസാനം ഇരുപത് വെള്ളിക്കാശ് നൽകാമെന്ന് സമ്മതിച്ചു. ഇരുപതുവെള്ളിക്കാശിനു യോസഫിനെ സഹോദരന്മാർ മിദ്യാന കച്ചവടക്കാർക്ക് വിറ്റു. കച്ചവടക്കാർ പോയിക്കഴിഞ്ഞപ്പോൾ അവർ ഭക്ഷണം കഴിച്ച് ആടുകളുമായി മുന്നോട്ടു നടന്നു.

കുറേ കഴിഞ്ഞിട്ടാണ് രൂബേൻ മടന്ങി വന്നത്. രൂബേൻ തിരികെ വന്ന് പൊട്ടക്കുഴിയിൽ നോക്കിയപ്പോൾ കുഴിയിൽ യോസഫ് ഇല്ല. ഇനി തന്റെ സഹോദരന്മാർ താൻ പോയപ്പോൾ അവനെ കൊന്നു കളഞ്ഞതായിരിക്കുമോ? അവൻ തന്റെ വസ്ത്രം കീറി നിലവിളിച്ചു. അവൻ തന്റെ സഹോദരന്മാരുടെ അടുത്തേക്ക് നിലവിളിച്ചു കൊണ്ട് ചെന്നു.

"യോസഫിനെ ആ കുഴിയിൽ കാണുന്നില്ലല്ലോ...ഞാനിനി അവനെ അന്വേഷിച്ച് എവിടെ പോകും.. നിങ്ങൾ അവനെ കൊന്നു കളഞ്ഞോ? അപ്പനോട് ഇനി എന്ത് സമാധാനം പറയും" അവൻ ഉറക്കെ കരഞ്ഞു.

യോസഫിനെ മിസ്രയീമിലേക്ക് പോകുന്ന മിദ്യാനകച്ചവടക്കാർക്ക് ഇരുപതു വെള്ളിക്കാശിനു വിറ്റ കാര്യം സഹോദരങ്ങൾ അവനോട് പറഞ്ഞു. രൂബേൻ മിദ്യാന കച്ചവടക്കാർ പോയ വഴിയിലൂടെ കുറേ ദൂരം പോയെങ്കിലും കച്ചവടക്കാരെ കാണാതെ നിരാശനായി മടങ്ങി വന്നു..

യോസഫ് കൊല്ലപ്പെട്ടതായി തന്നെ അപ്പനായ യാക്കൊബിനെ അറിയിക്കാൻ അവർ തീരുമാനിച്ചു. അവർ യോസഫിന്റെ കുപ്പായം  ഒരു ആടിനെ കൊന്ന്  ആട്ടിൻ രക്തത്തിൽ മുക്കി എടുത്തു. എന്നിട്ട് യാക്കൊബിന്റെ അടുകലേക്ക് കൊടുത്തയിച്ചിട്ടൂ പറഞ്ഞു
"ഇത് യോസഫിന്റെ കുപ്പായം ആണോ എന്ന് നോക്കണം.ഇത് ഞങ്ങൾക്ക് ഇവിടെ മരുഭൂമിയിൽ നിന്ന് കിട്ടിയതാണ്. മരുഭൂമിയിലെ വന്യമൃഗങ്ങൾ സഞ്ചരിക്കുന്ന വഴിയിൽ നിന്ന് ഞങ്ങൾക്ക് കിട്ടിയതാണിത്. ശെഖേമിൽ നിന്ന് ദോഥാനിലേക്ക് ഞങ്ങളെ അന്വേഷിച്ച് വരുമ്പോൾ വഴിതെറ്റി പോയ യോസഫിനെ ദുഷ്ടമൃഗങ്ങൾ കടിച്ചു കീറിക്കാണും"

യാക്കൊബ് തന്റെ മകന്റെ കുപ്പായം തിരിച്ചറിഞ്ഞു. ദുഷ്ടമൃഗങ്ങൾ തന്റെ മകനെ കൊന്നു എന്ന് യാക്കോബ് വിശ്വസിച്ചു. അവൻ തന്റെ മകനെ ഓർത്തു ദുഃഖിച്ചു കൊണ്ടിരുന്നു. യാക്കോബിനെ ആശ്വസിപ്പിക്കാൻ മക്കളെല്ലാം എത്തി. പക്ഷേ അവരുടെ ഒരു ആശ്വാസവാക്കും യാക്കൊബിനു ആശ്വാസമായില്ല.

യോസഫിനെ വാന്ങിയ മിദ്യാനകച്ചവടക്കാർ മിസ്രയീമിലെ അടിമ ചന്തയിൽ യോസഫിനെ വിൽക്കാനായി നിർത്തി. മിസ്രയീം രാജാവായ ഫറവോന്റെ കടമ്പടിനായകാനായ പോത്തീഫറിനു മിദ്യാനകച്ചവടക്കാർ യോസഫിനെ വിറ്റു.


ചിത്രങ്ങൾ joseph sold by his brothers , joseph's dream  എന്നിങ്ങനെ ഗൂഗിളിന്റെ ഫോട്ടോ സേർച്ചിൽ കൊടൂത്തപ്പോൽ കിട്ടിയത്