Monday, December 22, 2008

ക്രിസ്തുമസ് നല്‍കുന്ന സന്ദേശം : ലേഖനം

.
വി.ലൂക്കോസിന്റെ സുവിശേഷം 2 ആം അദ്ധ്യായം 10 ആം വാക്യം; “ദൂതന്‍ അവരോട്: ഭയപ്പെടേണ്ടാ; സര്‍വ്വജനത്തിനുംഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാന്‍ നിങ്ങളോട് സുവിശേഷിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു.” ആട്ടിടയന്മാര്‍ക്ക് പ്രത്യക്ഷനായിക്കൊണ്ട് ദൈവദൂതന്‍ ആട്ടിടയന്മാര്‍ക്ക് നല്‍കുന്ന അറിയിപ്പാണ് ഈ വാക്യം. യഹൂദവംശത്തിന്റെ വീണ്ടെടുപ്പി നായി ജനിക്കുന്ന ദൈവപുത്രനെ പ്രതീക്ഷിച്ചുകഴിഞ്ഞിരുന്ന യഹൂദവംശത്തിലുള്ളവര്‍ തങ്ങളുടെ വീണ്ടെടുപ്പുകാരന്‍ ഏതെങ്കിലും ഒരു രാജകൊട്ടാരത്തില്‍ ജനിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മനുഷ്യന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് തന്റെ പുത്രനെ ഭൂമിയിലേക്ക് അയിക്കാന്‍ ദൈവം തിരഞ്ഞെടുത്തത് ഗ്രാമീണപെണ്‍കുട്ടിയായ മറിയാമിനെ ആയിരുന്നു.

പഴയനിയമകാല പ്രവാചകന്മാരുടെ പ്രവചനം അനുസരിച്ച് ജനിക്കുന്ന വീണ്ടെടുപ്പുകാരന്‍ തങ്ങളുടെ ഗര്‍ഭപാത്രത്തില്‍പിറക്കാനായി എല്ലാ രാജകുമാരികളും ആഗ്രഹിച്ചിരുന്നു. രാജകൊട്ടാരത്തിലേ തങ്ങളുടെ വീണ്ടെടുപ്പുകാരന്‍ ജനിക്കുകയുള്ളുഎന്ന് ജനങ്ങളും വിശ്വസിച്ചിരുന്നു. ഈ വിശ്വാസം പ്രബലമായതുകൊണ്ടാണ് വിദ്വാന്മാര്‍ നക്ഷത്രം നോക്കി രാജകൊട്ടാരത്തില്‍ എത്തി ശിശുവിനെ അന്വേഷിച്ചത്. ഒരു നിമിഷത്തേക്ക് നക്ഷത്ര ത്തില്‍ നിന്നുള്ള കാഴ്ച നഷ്ടപ്പെട്ടതുകൊണ്ടാണ് തെറ്റായ ഇടത്തേക്ക് അത്ഭുതബാലനെ തിരഞ്ഞ് വിദ്വാന്മാര്‍ക്ക് കയറേണ്ടി വന്നത്. ഇതുപോലെ തന്നെയാണ് നമ്മളുടെ അവസ്ഥയും. ഈശ്വരനില്‍ നിന്നുള്ള കാഴ്ചയില്‍ നിന്ന് മറഞ്ഞ് സ്വന്തം വഴികളിലൂടെ സഞ്ചരിച്ച് തെറ്റായ ഇടങ്ങളിലേക്ക് നമ്മള്‍ പലപ്പോഴും കടന്നുചെല്ലുന്നു.

എന്താണ് ദൈവത്തിന്റെ ദൂതന്‍ അറിയിച്ച മഹാസന്തോഷം ? ക്രിസ്തു എന്ന രക്ഷിതാവിന്റെ ജനനം ആണ് ദൂതന്‍ നല്‍കിയമഹാസന്തോഷം. ഈ സന്തോഷം ആദ്യം അറിയുന്നത് സമൂഹത്തിലെ പുറമ്പോക്കില്‍ മാത്രം സ്ഥാനം ഉണ്ടായിരുന്ന ആട്ടിടയന്മാരായിരുന്നു. എതോ ധനവാന്റെ ആടുകളെ മേയിച്ച് അവയോടൊത്ത് കഴിഞ്ഞ് ആടുകളുടെ മലമുത്ര ത്തിന്റെ മണവും പേറി കഴിയുന്ന നിഷ്കളങ്കരായ ആട്ടിടയര്‍ക്കാണ് ദൈവപുത്രന്റെ ജനനം ആദ്യം അറിയാനുള്ള ഭാഗ്യം ലഭിക്കുന്നത്. വേദ-പുസ്തകം വായിച്ചാല്‍ വിചിത്രങ്ങളായ ചില തിരഞ്ഞെടുപ്പുകള്‍ കാണാന്‍ സാധിക്കും. തന്റെ കാര്യങ്ങള്‍ക്കായി ദൈവം തിരഞ്ഞെടുക്കുന്ന വര്‍ക്ക് മനുഷ്യന്‍ കല്പിച്ചുകൊടുക്കുന്ന ഗുണഗണങ്ങള്‍ ഉണ്ടാകണമെന്നില്ല.മനുഷ്യന്‍ കല്പിച്ചുകൊടുക്കുന്ന സ്വഭാവഗുണങ്ങള്‍ അവന്‍ കണക്കാക്കാറുമില്ല. വിക്കനായമോശയെ യിസ്രായേല്‍ ജനത്തിന്റെ വീണ്ടെടുപ്പുകാരനാക്കി , നാണം കുണുങ്ങിയായ ശൌലിലെ യിസ്രായേലിലെ രാജാവാക്കി, ആട്ടിടയനായ ദാവീദിനെ ശൌലിനു പിന്‍‌ഗാമിയാക്കി, വേശ്യാപുത്രനായ യിപ്താഹിനെ ന്യായപാലകനാക്കി , ഇങ്ങനെ പലവിധമായ തിരഞ്ഞെടുപ്പ് നമ്മള്‍ക്ക് കാണാന്‍ സാധിക്കും. ദൈവത്തിന്റെ തിരഞ്ഞെടുപ്പ്, ദൈവഹിതം അനുസരിച്ച് മാത്രം നടക്കുന്ന ഒന്നാണ്. നമ്മുടെ കുറവുകള്‍ ദൈവം ഒരിക്കലും കണക്കിടുകയില്ല.

തച്ചനായ യേസഫിന്റെ മകനായി തന്റെ ഏകജാതനായ പുത്രനെ അയക്കാന്‍ ദൈവം തമ്പുരാന് മടിയുണ്ടായില്ല.യഹൂദന്മാര്‍ര്‍ എപ്പോഴും മറ്റുള്ളവരെ പുച്ഛിച്ച് തള്ളിക്കളഞ്ഞിരുന്നു. “ബേത്‌ലഹേമില്‍ നിന്ന് എന്തെങ്കിലും നന്മയുണ്ടാകുമോ?” എന്നവര്‍ ചോദിക്കുന്നുമുണ്ട്. ദൈവത്തിന്റെ തിരഞ്ഞെടുപ്പാണ് ക്രിസ്തുമസില്‍ക്കൂടി നമുക്ക് ലഭിക്കുന്ന സന്ദേശം.തന്റെ മകന്റെമാതാപിതാക്കളാകാന്‍ തച്ചനേയും ഗ്രാമീണപെണ്‍‌കുട്ടിയേയും തിരഞ്ഞെടുത്തു. അത്ഭുതശിശുവിനെക്കാണാന്‍ ആട്ടിടയന്മാര്‍ക്ക് അവസരം ഉണ്ടാക്കി കൊടുത്തു. രാജകുമാര നായി ജനിക്കേണ്ടവന്‍ പശുത്തൊഴുത്തിലെ പുല്ലിന്മേലാണ് ജനിച്ചത്. സൂതകര്‍മ്മിണികളും പരിവാരങ്ങളും വൈദ്യന്മാരും നല്‍‌കേണ്ട ഗര്‍ഭശുശ്രൂഷ ജോസഫ് തനിയെ നടത്തി. കൊട്ടാരത്തിലെ സുഗന്ധവര്‍ഗങ്ങളുടെ സൌരഭ്യത്തില്‍ ഉറങ്ങേണ്ടവന്‍ പശുക്കളുടെ ചാണകത്തിന്റേയും മൂത്രത്തിന്റേയും മണം ഏറ്റാണ് ഉറങ്ങിയത്. തന്റെ പുത്രന്‍ ജനങ്ങളുടെ ഇടയില്‍ എങ്ങനെ ജനിച്ച് വളരണമെന്ന് ദൈവത്തിന് ഒരു പദ്ധതിയുണ്ടായിരുന്നു. ഈശ്വരന് നമ്മള്‍ ഓരോരുത്തരെക്കുറിച്ചു ഇങ്ങനെ ഒരു പദ്ധതിയുണ്ട്.

യേശുജനിച്ച വാര്‍ത്ത അറിഞ്ഞ് എത്തുന്ന ആട്ടിടയന്മാര്‍ ആ ശിശുവിന് കാഴ്ചകൊണ്ടുവരു ന്നത് തങ്ങളുടെ ഇല്ലായ്മകളില്‍നിന്നുള്ള ഏറ്റവും മികച്ച സമ്മാനവും കൊണ്ടാണ്. തങ്ങളുടെ ആട്ടിന്‍‌പറ്റത്തില്‍ നിന്ന് തിരഞ്ഞെടുത്ത ആട്ടിന്‍‌കുട്ടികളുമായാണ് അവര്‍ എത്തിയത്. പൈതലിനെ കണ്ടതിനു ശേഷം ആ പൈതലിന്റെ വിശേഷങ്ങള്‍ തങ്ങള്‍ കടന്നുപോകുന്ന വഴികളില്‍ അവര്‍ അറിയിക്കുകയും ചെയ്തു. ദൈവദൂതന്റെ വാക്കുകള്‍ കേട്ടയുടനെതന്നെ അവര്‍ പൈതലിനുള്ള സമ്മാനവുമായി തങ്ങളുടെ ആടുകളുടെ അടുക്കല്‍ നിന്ന് ദൈവപുത്രനെ കാണാനായി തിരിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന്റെ (ഈശ്വരന്റെ) വാക്കുകള്‍ക്ക് വിലകല്‍പ്പിക്കുന്നവരാണോ എന്ന് നമ്മള്‍ ചിന്തിക്കേണം.ദൂതന്റെ വാക്ക് കേട്ടയുടനെ തന്നെ ആട്ടിടയര്‍ യാത്രപുറപ്പെട്ടു.

കിഴക്ക് ഉദിച്ച നക്ഷത്രം നോക്കി പൊന്ന്,മൂര് , കുന്തിരിക്കം എന്നിവയുമായിട്ടാണ് വിദ്വാന്മാര്‍ പുറപ്പെട്ടത്. എന്നാല്‍യാത്രയില്‍ അവര്‍ അല്പസമയം അലസരായി നക്ഷത്രത്തില്‍ നിന്നുള്ള കാഴ്ചയില്‍ നിന്ന് മാറിപ്പോയി. ദൈവത്തില്‍ നിന്ന് മാറിപ്പോകുന്നവര്‍ക്ക് ഉണ്ടായ കഷ്ടനഷ്ടങ്ങള്‍ എത്രവലുതായിരിക്കും. ദൈവത്തില്‍ നിന്ന് അകലുന്നതുവരെ തങ്ങളുടെ നഗ്നത ആദാമിനും ഹവ്വായിക്കും അനുഭവപ്പെട്ടുരുന്നില്ല. ദൈവത്തിന്റെ വാക്ക് ധിക്കരിച്ച് നടുവില്‍ നില്‍ക്കുന്ന വൃക്ഷത്തിന്റെഫലം തിന്ന് ദൈവത്തില്‍ നിന്ന് ഓടിയൊളിച്ചപ്പോള്‍ തങ്ങളുടെ നഗ്നത അവര്‍ക്ക് അനുഭവപ്പെട്ടു.ദൈവം കൂടെയുണ്ടങ്കില്‍ നമ്മളുടെ കുറവുകള്‍ ഒരിക്കലും നമുക്ക് അനുഭവപ്പെടുകയില്ല. വിദ്വാന്മാര്‍ ഹെരോദാവിന്റെ കൊട്ടാരത്തില്‍ നിന്ന് വീണ്ടും യാത്രപുറപ്പെട്ട് ശിശുവിനെ കാണുന്നു. ദൈവദൂതന്റെ നിര്‍ദ്ദേശപ്രകാരം മറ്റൊരു വഴിയില്‍ക്കൂടി തങ്ങളുടെ ദേശത്തേക്ക് യാത്രയാവുകയും ചെയ്യുന്നു.

നമ്മള്‍ ഓരോ വര്‍ഷവും ക്രിസ്തുമസ് ആഘോഷിക്കുന്നുണ്ട്. വെറും ആഘോഷമായിമാത്രം അത് തീരുകയാണ് ചെയ്യുന്നത്. നമ്മളുടെ ഹൃദയങ്ങളില്‍ ക്രിസ്തുവിന് ജനിക്കാന്‍ ഇടം ഒരുക്കി കൊടുക്കാന്‍ നമ്മള്‍ തയ്യാറായില്ലങ്കില്‍ എപ്പോഴും എന്നാളും ക്രിസ്തുവിന്റെ ജനനം നമുക്ക് വെറും ആഘോഷമായി മാത്രമേ കാണാന്‍ കഴിയൂ. ജോസഫ് പശുത്തൊഴുത്തിലെ മാലിന്യങ്ങള്‍ മാറ്റി പുല്ലുവിരിച്ച് യേശുവിന് ജനിക്കാനായി സ്ഥലം ഒരുക്കിയതുപോലെ നമുക്കും നമ്മുടെ ഹൃദയങ്ങളിലെ മാലിന്യങ്ങള്‍ മാ‍റ്റി ക്രിസ്തുവിന് ജനിക്കാന്‍ ഒരിടം ഒരുക്കി കൊടുക്കണം. സ്വന്തം ഹൃദയത്തിലേക്ക് ഉണ്ണിയേശുവിനെ ഏറ്റ് വാങ്ങുമ്പോഴാണ് ക്രിസ്തുമസ് അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ഈ വര്‍ഷത്തെ ക്രിസ്തുമസ് എല്ലാ വിധത്തിലും അര്‍ത്ഥപൂര്‍ണ്ണമാകട്ടേ എന്ന് ആശംസിക്കുകയാണ്. അതിന് ദൈവത്തിന്റെ കൃപ നമ്മളെ എല്ലാം പ്രാപതരാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എല്ലാവിധമായ ക്രിസ്തുമസ് ആശംസകള്‍ നേരുകയും ചെയ്യുന്നു.

.

Friday, December 5, 2008

കരോള്‍ ഗാനങ്ങള്‍‍ :

: പാട്ട് 11 :
ലോകാഥി നാഥന്‍ മറിയകുമാരന്‍
പാരിടത്തില്‍ വന്നുദിച്ചു

രാക്കിളികള്‍ ഗാനം ഏറ്റുപാടി .. രാവില്‍
പൂമരങ്ങള്‍ താളമിട്ടു
നിശാഗന്ധി പൂക്കളെല്ലാം
വെള്ളയണിഞ്ഞെത്തിടുന്നു
സൌഗന്ധികള്‍ നൃത്താമാടി (ലോകാഥി നാഥന്‍..)

പൂര്‍വ്വ ദിക്കില്‍ നിന്നും നാനാദിക്കില്‍ നിന്നും
മന്നവന്മാര്‍ വന്നിറങ്ങി(2)

പൊന്ന് മൂര് കുന്തിരിക്കും
കാഴ്ചയായി സമര്‍പ്പിച്ചു
പൈതലിനെ വന്ദിച്ചിടുന്നു (ലോകാഥി നാഥന്‍..)


:പാട്ട് 12:
വരൂ.. വരൂ.. നീ വരൂ വര്‍ണ്ണമേഘമേ
തരൂ .. തരൂ.. നീ തരൂ സ്നേഹദൂതുകള്‍
താരാപഥങ്ങളെ .. ഈ ..ജന്മനാളിനായ്
താഴെപ്പോരൂ നീ... താരാട്ടു പാടു നീ

കാലികള്‍ മയങ്ങുമാ ഗേഹമൊന്നിലായ്
കാലുകള്‍ കുഴഞ്ഞിതാ ദേവനന്ദനന്‍
മോദമോടയാ ചാരെ യെത്തിടാം
മായാത്ത സ്നേഹത്തിന്‍ മാറ്റുകണ്ടീടാന്‍ (വരൂ.. വരൂ.. നീ..)

പച്ചയായ പുല്‍പ്പുറത്തെന്നെ നടത്താന്‍
മെച്ചമായ ഭക്ഷണം എനിക്കേകുവാന്‍
കനിഞ്ഞരുളുവാന്‍ വരം ചൊരിഞ്ഞിടാന്‍
കണ്ണീര്‍ തുടയ്ക്കുവാന്‍ കാത്തരുളീടുവാന്‍ (വരൂ .. വരൂ...)


:പാട്ട് 13:
ശാന്തരാത്രി തിരുരാത്രി
പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി
വിണ്ണിലെ താരക ദൂതരിറങ്ങുന്ന
മണ്ണിന്‍ സമാധാന രാത്രി
ഉണ്ണി പിറന്നു... ഉണ്ണിയേശു പിറന്നു..(3) (ശാന്തരാത്രി..)

ദാവീദിന്‍ പട്ടണം പോലെ പാതകള്‍ നമ്മളലങ്കരിച്ചു(2)
വീഞ്ഞു പകരുന്ന മണ്ണില്‍ നിന്നും വീണ്ടും മനസുകള്‍ പാടി
ഉണ്ണി പിറന്നു... ഉണ്ണിയേശു പിറന്നു..(3) (ശാന്തരാത്രി..)

കുന്തിരിക്കത്താല്‍ എഴുതി
സന്തോഷഗീതത്തിന്‍ പൂ വിടര്‍ത്തി
ആയിരമായിരം അഴകില്‍ നിന്ന്
വീണ്ടും ആശംസതൂകി
ഉണ്ണി പിറന്നു... ഉണ്ണിയേശു പിറന്നു..(3) (ശാന്തരാത്രി..)


: പാട്ട് 14 :
കുളിരൊഴുകും ശീതളരാവില്‍
ദാവീദിന്‍ പട്ടണമൊന്നില്‍
ദൈവത്തിന്‍ ഓമനമകനായി
യേശു പിറന്നല്ലോ ... ഈ രാവില്‍ യേശു പിറന്നല്ലോ..(2)
(ഈ ദുനിയാവിലെ.. കുളിരൊഴുകും...)

ആ ദിവസം അംബരവീഥിയില്‍
അത്ഭുതമായി കണ്ടൊരു താരം
അതുകണ്ടാ ശാസ്ത്രികള്‍ മൂവരും
യാത്ര തിരിച്ചല്ലോ.. ഈ രാവില്‍ യാത്രതിരിച്ചല്ലോ...
(ഈ ദുനിയാവിലെ.. കുളിരൊഴുകും...)

മാനവനായ് വന്നൊരു താതന്‍
മന്നില്‍ പാടുകള്‍ ഏറ്റൊരു മശിഹ
ആ ദിവസം സുന്ദരഗീതം മന്നില്‍ വാഴ്ത്തിടട്ടെ
ഈ രാവില്‍ വാഴ്ത്തിടട്ടെ
(ഈ ദുനിയാവിലെ.. കുളിരൊഴുകും...)

.

കരോള്‍ ഗാനങ്ങള്‍‍

: പാട്ട് 6 :
കൂടുമോ കൂടുമോ മത്സോദരാ
ആടിടാം പാടിടാം ആമോദരായി(2)
മന്നവന്‍ ... മന്നവന്‍ ബേദലഹേം നഗരിയില്‍
ലോകരേ ഈ ദിനം പാരിതില്‍ ജാതനായ് (കൂടുമോ കൂടുമോ ...)

മുമ്പെമുമ്പെ ഒരു പൊന്‍‌താരകം
അതുകണ്ടെത്തി രാജാക്കളും
ഈ ഇമ്പാമിമ്പമൊരു ഗാനത്തിനായ്
അജപാലകര്‍ കാതോര്‍ത്തതും (യേശു മുമ്പെമുമ്പെ....)

പൊന്നുമൂരു കുന്തിരിക്കമെല്ലാമുണ്ട്
മന്നവരില്‍ മൂന്നുപേരും ഗോശാലയില്‍
ആനന്ദമായ് പരമാന്ദമായ്
വാനവര്‍.. വാനവര്‍... വാഴ്‌ത്തിടാം വേളയില്‍ (കൂടുമോ കൂടുമോ...)


: പാട്ട് 7 :
ജില്‍ ജില്‍ ജില്‍
ജില്‍ ജില്‍ ജില്‍
ജില്‍ ജില്‍ തുമ്പികളെ
ബേദലഹേമിലെ കാലിക്കൂട്ടില്‍
യേശു പിറന്നല്ലോ
യേശു പിറന്നല്ലോ [ജില്‍ ജില്‍...]

വാനില്‍ ഗാനം പടരുന്നു
ദൂതര്‍ഗാനം പാടുന്നു
വിദ്വാന്മാരവരെത്തുന്നു
കാഴ്ചകളേകി നമിക്കുന്നു [ജില്‍ ജില്‍ ജില്‍]

ഹേരോദാവ് വിറയ്ക്കുന്നു
സാത്തോനോടി‌യോളിക്കുന്നു
മറിയം പുഞ്ചിരി തൂകുന്നു
മഞ്ഞില്‍ ഭൂമി തണുക്കുന്നു [ജില്‍ ജില്‍ ജില്‍]


: പാട്ട് 8 :
പുല്‍ക്കുടിലില്‍ കല്‍‌ത്തൊട്ടിയില്‍
മറിയത്തിന്‍ പൊന്‍‌മകനായ്
പണ്ടൊരുനാള്‍ ദൈവസുതന്‍
പിറന്നതിനോര്‍മ്മ ദിനം

ഒരു മണ്ണിലെ ഇടയന്മാരെ
പടുവിണ്ണിലെ മാലാഖമാരെ
പാടൂ തബുരുവും കിന്നരവും താളവുമായ് [പുല്‍‌ക്കുടിലില്‍ ....]

ബത്സറും കാത്സറും ബത്സസറും വാഴ്ത്തും
ഉന്നതരില്‍ ഉന്നതനാം മശിഹാ‌പിറന്നു [ഒരു മണ്ണിലെ...]

ഭൂമിയില്‍ ദൈവമക്കള്‍ നേടും സമാധാനം
ഉന്നതിയില്‍ അത്യുന്നതിയില്‍ ദൈവത്തിനു മഹത്വം [ഒരു മണ്ണിലെ...]

: പാട്ട് 9 :
മനുജനായ് ക്രിസ്തു മനുജനായ് (2)
ഏദനിലാദാം ചെയ്ത പിഴപോക്കാന്‍
ഏദനില്‍ സൌഖ്യം വെടിഞ്ഞവനായ് (മനുജനായ്..)

സ്വര്‍ഗീയ സൈന്യങ്ങളാര്‍ത്തുപാടി
രാവില്‍ സാമോദ നൂതന ഗാനം പാടി (മനുജനായ്..)

മിന്നിത്തെളിഞ്ഞൊരു താരം വാനില്‍
കണ്ടുവന്നവര്‍ കാഴ്ചയുമായ് ഗമിച്ചു (മനുജനായ്..)

ബേദലഹേമിലെ കാലിക്കൂട്ടില്‍
പുല്ലുമെത്തയില്‍ കന്യകാനന്ദനാഗതനായ് (മനുജനായ്..)


: പാട്ട് 10 :
യഹൂദ‌ന്‍‌മാരുടെ രാജാവേ
നി പിറന്നനാള്‍ സന്തോഷനാള്‍
പ്രഭുക്കന്മാരുടെ പ്രഭുവായ് നീ
ജാതം ചെയ്തു പുല്‍ക്കൂട്ടില്‍(2)

പാരില്‍ ദിവ്യയൊളി വീശിയനേരം
പാരിലെങ്ങും സന്തോഷം പൂരിതമായ്
ദൂതവൃന്ദങ്ങള്‍..ഹ..ഹ.. ആശ്ചര്യമോടെ
കര്‍ത്താതി കര്‍ത്തനെ വാഴ്ത്തിപ്പാടാം (യഹൂദ‌ന്‍‌മാരുടെ....)

കുസുമ വല്ലരികള്‍ കാറ്റിലാടി
കുയിലുകള്‍ ..കൂ..കൂ.. ഗാനം മുഴക്കി
മയിലുകള്‍ ..ഹ..ഹ.. നര്‍ത്തനമാടി
പാരിലെങ്ങും സന്തോഷം പൂരിതമായി. (യഹൂദ‌ന്‍‌മാരുടെ..)

.

കരോള്‍ ഗാനങ്ങള്‍‍

: പാട്ട് 2 :
ഇന്നാവെള്ളിത്താര മുദിച്ചല്ലോ
വാനൊളി വാനില്‍ വന്നല്ലോ?
ദേവനിന്നു പിറന്നല്ലോ രാവില്‍
മേരി‌സുതന്‍ സൂനുവായ് ബേദലഹേമില്‍
വന്നു പിറന്ന രക്ഷകനായ് സ്തോത്രം പാടിടാം

സ്തുതി ഗാനങ്ങളാല്‍ തുടിതാളങ്ങളാല്‍
കിളിപാടുന്നിതാ തിരുന്നാളിന്നിതാ
ഒരു പൂങ്കാറ്റിതാ... നല്ല താരാട്ടുമായ് (2)
ഹാലേലുയ്യാ പാടാം (2)
വരൂ രാവില്‍ നാമൊന്നായ് പോകാം പോകാം (ഇന്നാവെള്ളിത്താര...)


: പാട്ട് 3 :
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
മണ്ണിന്റെ നാഥനെന്ന് ... ഇവന്‍
മണ്ണിന്റെ നാഥനെന്ന്

വാനില്‍ താരത്തെ ദര്‍ശിച്ചവിദ്യാന്മാര്‍
ബേദ്‌ലഹേമില്‍ വന്നു
അവര്‍ കാഴ്ച്‌കള്‍ കൊണ്ടുവന്നു(2)
(എല്ലാരും ചൊല്ലണ് എല്ലാരും...)

കാലിക്കൂട്ടില്‍ പൈതലിനെ
കണ്ടവര്‍കോരിത്തരിച്ചുപോയി.. അവര്‍..
കോരിത്തരിച്ചുപോയി
(എല്ലാരും ചൊല്ലണ് എല്ലാരും...)


: പാട്ട് 4 :
ഉത്സവം ഉത്സവം മാനവര്‍ക്കിന്ന്(2)
സന്തോഷിപ്പിന്‍ സന്തോഷിപ്പിന്‍
ആര്‍ത്തുല്ലസിപ്പിന്‍ ആര്‍ത്തുല്ലസിപ്പിന്‍
(ഉത്സവം ഉത്സവം....)

ആ രാവില്‍ വാനെങ്ങും മുഴങ്ങിയോരാ-
നന്ദഗാനത്തിന്‍ സ്വര നാദം
ഉന്നതങ്ങളില്‍ ദൈവമഹത്വം
വാനദൂതസേനഗണം വാഴ്ത്തിപ്പാടി
(ഉത്സവം ഉത്സവം....)

ഇരുള്‍ മാറ്റാന്‍ പ്രകാശം പരത്തിടാന്‍
ഇന്നിതാ യേശുരാജന്‍ മന്നില്‍പ്പിറന്നു
പാതതെറ്റിയ മനിതര്‍ക്കു വാഴികാട്ടിയായ്
വന്നു ലോകനാഥ യേശുരാജന്‍ മന്നില്‍‌പ്പിറന്നു. (ഉത്സവം ഉത്സവം....)

: പാട്ട് 5 :
കന്യകാതന്‍ സുതനായി
ജനിച്ചവന്‍ ഉണ്ണിയേശു
കാലിക്കൂട്ടില്‍ ജനിച്ചതിന്റെ
സുദിനമാം തിരുനാള്
ഹാലേലുയ്യാ പാടാം ആമോദത്താല്‍ പാടാം
ബേദലഹേം തന്നില്‍ ജാതനിന്ന് ജാതനായ്
(കന്യകാതന്‍ സുതനായി....)

പട്ടുമില്ല പൊന്നുമില്ല പട്ടുമെത്തയുമില്ല
കൂട്ടരില്ലാ കൂട്ടിനായ് കാലിക്കൂട്ടം മാത്രം
ദൂതന്മാര്‍ തന്നുടെ ആരവം
കേട്ടവര്‍ പാവമാം ഇടയര്‍
ഹാലേലുയ്യാ വാഴ്ത്തി പാടിടാം
ദൂതരോടുകൂടെ വാഴ്ത്തിടാം (കന്യകാതന്‍ സുതനായി...)