Sunday, February 26, 2017

പേത്തുർത്ത

വലിയ നോമ്പിന്റെ(50 നോമ്പിന്റെ) തലേ ദിവസമാണ് പേത്തുർത്ത. അതായത് നോമ്പിന്റെ തലേ ദിവസത്തെ ഞായറാഴ്ചയാണ് പേത്തുർത്ത ആചരിക്കുന്നു. മതപരമായ ഒരു ചടങ്ങ് എന്നതിനിക്കാൾ വിശ്വാസപരമായതും സാമുദായികവുമായ ഒരു ചടങ്ങാണ് പേത്തുർത്ത. മാർത്തോമ്മൻ/സുറിയാനി ക്രിസ്ത്യാനികളായിരുന്നു പേത്തുർത്ത കൂടുതലായി ആഘോഷിച്ചിരുന്നത് .പേത്തുർത്ത എന്ന വാക്ക് പ്രധാനപ്പെട്ട സുറിയാനി നിഘണ്ടുകളിൽ രേഖപ്പെടുത്തിയിട്ടില്ല. തിരികെ വരിക , അവസാനിക്കുക , കടന്നുപോവുക എന്നെല്ലാം അർത്ഥമുള്ള "ഫ്തർ" എന്നതിൽ നിന്ന് വന്നതാകാം പേത്തുർത്ത എന്ന വാക്ക്. ചിലർ പേത്തുർത്ത എന്ന വാക്കിന് 'തിരിഞ്ഞു നോട്ടം' എന്ന അർത്ഥവും നൽകുന്നുണ്ട്.

വലിയ നോമ്പ് തുടങ്ങുന്നതിന്റെ തലേ ദിവസമായ പേത്തുർത്ത സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യമായ ചടങ്ങാണന്ന് പറയാം. പുതിയ ഒരു ജീവിതത്തിലേക്കുള്ള തിരികെ വരികലായിരുന്നു പേത്തുർത്ത. പഴയജീവിതം അവസാനിപ്പിച്ച് പുതിയ ജീവിതശൈലിയിലേക്കുള്ള മാറ്റം. വലിയ നോമ്പിലേക്ക് കടക്കൂന്നതിനു മുമ്പുള്ള ആത്മീയവും ശാരീരികവുമായ പുതുക്കലിന്റെ അനുഭവമായിരുന്നു പേത്തുർത്ത. സമൃദ്ധ്മായ ഭക്ഷണത്തിനു പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ചടങ്ങായിരുന്നു പേത്തുർത്ത. പേത്തുർത്ത ദിവസം നോമ്പുദിവസങ്ങളിൽ വർജ്യിക്കേണ്ടതായ ആഹാരപദാർത്ഥങ്ങൾ (ഇറച്ചി , മീൻ , മുട്ട...) പാകം ചെയ്തതിനു ശേഷം അവ പാകം ചെയ്ത മൺപാത്രങ്ങൾ ഉടച്ചു കളയുന്ന ഒരു ചടങ്ങു കൂടി ഉണ്ടായിരുന്നു.

നോമ്പിൽ ശാരീരിക തലത്തിൽ നിന്നുകൊണ്ടുള്ള മാറ്റത്തിന്റെ തുടക്കമാണ് പേത്തുർത്ത. ഇനിയുള്ള ദിവസങ്ങളിൽ തങ്ങൾ വർജിക്കേണ്ട മാംസാഹരങ്ങൾ ഇന്നത്തോടുകൂടി ഭക്ഷിച്ച് അവസാനിപ്പിക്കുന്നു എന്നുള്ള ഉടമ്പടിയാണ് പേത്തുർത്ത. അതുകൊണ്ടു കൂടിയാണ് ആഹാരം പാകം ചെയ്ത മൺപാത്രങ്ങൾ ഉടച്ചുകളയുന്നത്. നോമ്പ് എന്ന് പറയുന്നത് ശാരീരക തലത്തിൽ നിന്നുകൊണ്ടുള്ള ഭക്ഷണപാനീയങ്ങളുടെ ഉപേക്ഷിക്കൽ മാത്രമല്ല , ആത്മീയതലത്തിൽ നിന്നുകൊണ്ടുള്ള ചില സ്വയം നിയന്ത്രണങ്ങൾ കൂടിയാണ്. പേത്തൂർത്തയിൽ ശാരീരികതലത്തിൽ നിന്നുകൊണ്ടുള്ള ഭക്ഷണപാനീയങ്ങളുടെ ഉപേക്ഷിക്കൽ തുടങ്ങുമ്പോൾ നോമ്പു തുടങ്ങുന്ന ദിവസമായ തിങ്കളാഴ്ച 'ശുബക്കോനയിൽ' (അനുരഞ്ജനത്തിന്റെ ശുശ്രൂഷയിൽ) കൂടി ആത്മീയ തലത്തിലുള്ള ഒരു പുതുക്കവും ഉണ്ടാകുന്നു. പേത്തുർത്തയും അനുരഞ്ജനത്തിന്റെ ശുശ്രൂഷയും പരസ്പരം പൂരകമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.




::സഹായകം::
http://marthoman.tv/Orthodox%20Liturgy/pethratha.html