Monday, February 24, 2020

ക്ഷമയുടെ വഴിയിലൂടെയുള്ള യാത്ര


നിന്റെ സഹോദരന്മാർ നിന്നോടു ദോഷം ചെയ്തു; അവർ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കേണം (ഉല്പത്തി 50:16)

പഴയ നിയമത്തിലെ യോസേഫിനോട് അവന്റെ സഹോദരന്മാർ അപേക്ഷിക്കുന്ന വേദഭാഗമാണ് ഇത്. യോസേഫിനോട് അവന്റെ സഹോദരന്മാർ ചെയ്‌തത് എന്താണ്? തങ്ങളുടെ സഹോദരനെ അവർ അസൂയ നിമിത്തം കൊല്ലാൻ ശ്രമിച്ചു എങ്കിലും അവസാനം അവർ അവനെ അടിമവ്യാപാരികൾക്ക് വിറ്റു. അവിടെ നിന്ന് യോസേഫ് മിസ്രയീംദേശത്തിലെ മേലധികാരിയായി തീർന്നു. യിസ്രായേലിൽ ക്ഷാമം വന്നപ്പോൾ യോസേഫിന്റെ സഹോദരന്മാർ ഭക്ഷണത്തിനായി യോസേഫിന്റെ അടുക്കൽ ചെല്ലേണ്ടിയും വന്നു. അവിടെ വെച്ച് സഹോദരന്മാർ പരസ്പരം മനസിലാക്കുന്നു. യാക്കോബിന്റെ മരണശേഷം അവന്റെ സഹോദരന്മാർ യോസേഫിനോട് തങ്ങൾ അവനോട് ചെയ്‌ത തെറ്റുകൾക്ക് ക്ഷമ ചോദിക്കുകയാണ് . യോസേഫിനോട് അവന്റെ സഹോദരന്മാരോട് ക്ഷമിക്കാതിരിക്കാൻ കഴിയില്ലല്ലോ. യോസേഫ് അവന്റെ സഹോദരന്മാരോട് പറയുന്നത് ഇങ്ങനെയാണ് , "ആകയാൽ നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും പോറ്റി രക്ഷിക്കും" എന്നു പറഞ്ഞു അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി. (ഉല്പത്തി 50:21)

32 ആം സങ്കീർത്തനത്തിൽ ഭാഗ്യവാന്മാരെക്കുറിച്ച് പറയുന്നുണ്ട്. സങ്കീർത്തനം 32: 1ൽ പറയുന്ന ഭാഗ്യവാൻ ഇങ്ങനെയുള്ള ആളാണ് , ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ. 32 ആം സങ്കീർത്തനം 5 ആം വാക്യം ഇങ്ങനെയാണ് , ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു.

നമ്മുടെ ജീവിതം എന്നു പറയുന്നത്  ചുരുങ്ങിയ സമയത്തേക്കാണ്. പരസ്പരം ക്ഷമിച്ചും വിട്ടുവീഴ്ച ചെയ്തും ജീവിതം മുന്നോട്ട് നയിക്കാൻ നമുക്ക് സാധിക്കണം. യേശൂവിനോട് പത്രോസ് ചോദിക്കുന്നു ,ഞാൻ എന്റെ സഹോദരനോട് എത്ര തവണ ക്ഷമിക്കണം. ഏഴുതവണ മതിയോ എന്ന്. അതിന് യേശു നൽകുന്ന മറുപിടി നീ നിന്റെ സഹോദരനോട് ഏഴു തവണയല്ല ക്ഷമിക്കേണ്ടത് ഏഴ് എഴുപതുവട്ടം ക്ഷമിക്കണം എന്നാണ്. ദീർഘക്ഷമയെക്കുറിച്ച് ദൈവം നമ്മളെ പഠിപ്പിക്കുന്നു. ദൈവത്തെക്കുറിച്ച് ദീർഘക്ഷമയുള്ളവൻ എന്ന്  ബൈബിളിൽ പലയിടത്തും വിശേഷിപ്പിക്കുന്നുണ്ട്. യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. (പുറപ്പാട് 34:6) , യഹോവ ദീർഘക്ഷമയും മഹാദയയും ഉള്ളവൻ (സംഖ്യ 14:17) , നീയോ കർത്താവേ, കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നേ. (സങ്കീർത്തനം 86:15 ) , യഹോവ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ളവൻ. (സങ്കീർത്തനം 145:8) , യഹോവ ദീർഘക്ഷമയും മഹാശക്തിയുമുള്ളവൻ (നഹൂം 1:3)

ദീർഘക്ഷമയുള്ളവന്റെ പ്രത്യേകത എന്താണ് ?
1. ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ (സദൃശ്യവാക്യം 14:29)
2. ദീർഘക്ഷമയുള്ളവൻ കലഹം ശമിപ്പിക്കുന്നു  (സദൃശ്യവാക്യം 15:18)


എങ്ങനെയാണ് ഒരു മനുഷ്യന് ദീർഘക്ഷമ ഉണ്ടാകുന്നത് ? വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമവരുന്നു (സദൃശ്യവാക്യം 19:11) എന്നാണ് വേദപുസ്‌തകത്തിൽ നമ്മൾ വായിക്കുന്നത്. എപ്പോഴാണ് ദൈവം നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നത് ? നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.  നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.  (മത്തായി 6:14,15). മറ്റുള്ളവരോട് നമുക്ക് ക്ഷമിക്കാൻ കഴിഞ്ഞു എങ്കിലേ ദൈവം നമ്മളോടും ക്ഷമിക്കുകയുള്ളൂ. യേശു തമ്പുരാൻ പഠിപ്പിച്ച പ്രാർത്ഥനയിൽ ക്ഷമയെക്കുറിച്ച് പറയുന്ന ഭാഗം - ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;  (മത്തയി 6:12) . നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കണമെന്നാണ് യേശു പഠിപ്പിക്കുന്നത്. മത്തയിയുടെ സുവിശേഷം 18 ആം അദ്ധ്യായത്തിൽ യേശു ഒരു യജമാനന്റെ ദാസന്റെയും അവന്റെ കൂട്ടുദാസന്റെയും ഉപമ നമ്മളോട് പറയുന്നുണ്ട്. പ്രാർത്ഥനയക്ക് ഉത്തരം ലഭിക്കണമെങ്കിൽ ആ പ്രാർത്ഥന ശരിയായ രീതിയിൽ ഉള്ളതായിരിക്കണം. എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്ന് യേശു പറയുന്നത് ഇങ്ങനെയാണ് , "നിങ്ങൾ പ്രാർത്ഥിപ്പാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ." (മർക്കോസ് 11:25). ആത്മാവിന്റെ ഫലങ്ങളിൽ ഒന്നായി ദീർഘക്ഷമയെ പൗലോസ്ശ്ലീഹ പറയുന്നു. (ഗലാത്യർ 5:22).ക്ഷമയും സ്നേഹവും പരസ്പരം പൂരകങ്ങളാണ്.  നമ്മളിൽ സ്നേഹം ഉണ്ടങ്കിൽ മാത്രമേ നമുക്ക് ക്ഷമിക്കാൻ സാധിക്കൂ. സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല. (1കോരിന്ത്യർ13:4) . നിങ്ങൾ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.(ലൂക്കോസ് 21:19) എന്ന് യേശു പറയുന്നു...

കാൽവറിയിലെ ക്ഷമ നിങ്ങൾ ഓർക്കുന്നുണ്ടോ? നിങ്ങളുടെ മനസിൽ എപ്പോഴെങ്കിലും കാൽവറിയിലെ ക്ഷമിക്കുന്ന സ്നേഹം തെളിഞ്ഞ് വന്നിട്ടുണ്ടോ? തന്നെ ഉപദ്രവിച്ചവരോട് , അതികഠിനമായി മർദ്ദിവരോട് , കുറ്റം ചെയ്യാത്ത തനിക്കെതിരെ കള്ളസാക്ഷി പറഞ്ഞവരോട് , തന്നെ മരണത്തിന് ഏൽപ്പിച്ചവരോട് എല്ലാം ക്ഷമിക്കണേ എന്ന് തന്റെ പിതാവിനോട് അതി കഠിനമായ വേദനയിൽ പ്രാർത്ഥിച്ച യേശുനാഥന്റെ നിണമൊഴുകുന്ന മുഖം നമ്മുടെ മനസുകളിൽ ഈ നോമ്പുനാളുകളിൽ തെളിയണം. എന്നാൽ യേശു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു. (ലൂക്കോസ് 23:24)

തിരിച്ചു വന്ന ധൂർത്ത പുത്രനോട് ക്ഷമിച്ച പിതാവിനെപ്പോലെയാകാൻ നമുക്ക് കഴിയുമോ? കാൽവറിയിലെ അതികഠിനമായ വേദനയിലും തന്നെ ഉപദ്രവിക്കുന്നവരോട് ക്ഷമിക്കുന്ന സ്നേഹത്തിന്റെ ആയിരത്തിലൊരംശം നമ്മളിൽ ഉണ്ടാകുമോ? കഴിയും /ഉണ്ടാകും എന്നായിരിക്കണം നമ്മുടെ ഉത്തരം. പരസ്പരം സ്നേഹിക്കാനും ക്ഷമിക്കാനും നമുക്ക് കഴിയണം. ഈ നോമ്പുകാലം അതിന് നമുക്ക് ഇടയാക്കട്ടെ....  ക്ഷമയുടെ വഴിയിലൂടെ  നമുക്ക് ഒരുമിച്ച് കാൽവറിയിലേക്ക് നടക്കാം.... 

ചിത്രം :: https://trueorthodox.eu/wp-content/uploads/2019/03/Great-Lent-Illustration-by-K.-Tikhomirova.jpeg

great lent , നോമ്പുകാല ചിന്തകൾ , വലിയ നോമ്പ് , അമ്പത് നോമ്പ് , 50 നോമ്പ് , ക്ഷമ , വലിയ നോമ്പ് ചിന്തകൾ