Thursday, February 27, 2020

നോമ്പ് : കഷ്ടതയിൽ കൂടിയുള്ള യാത്ര

എന്നെ കുറ്റം വിധിക്കരുതേ; എന്നോടു വ്യവഹരിപ്പാൻ സംഗതി എന്തു? (ഇയ്യോബ് 10:2)

ഊസ് ദേശത്തെ ഇയ്യോബ് എന്ന ഭക്തന്റെ ജീവിതം നമുക്കറിയാം. ഏഴ് പുത്രന്മാരും മൂന്ന് പുത്രിമാരും അനേകം സമ്പത്തും ഉണ്ടായിരുന്ന ഇയ്യോബിന് അതെല്ലാം നഷ്ടപ്പെടുകയും അവന്റെ ആരോഗ്യം നശിക്കുകയും ചെയ്തു. ദൈവത്തെ തള്ളിപ്പറയാൻ ഇയ്യോബിനെ ഭാര്യയും സുഹൃത്തുക്കളും  നിർബന്ധിച്ചു എങ്കിലും ദൈവത്തെ തള്ളിപ്പറയാൻ ഇയ്യോബ് തയ്യാറായില്ല. ഇയ്യോബ് ദൈവത്തോട് തന്റെ സങ്കടം പറയുന്നു , "ഞാൻ ദൈവത്തോടു പറയും: എന്നെ കുറ്റം വിധിക്കരുതേ; എന്നോടു വ്യവഹരിപ്പാൻ സംഗതി എന്തു? എന്നെ അറിയിക്കേണമേ." (ഇയ്യോബ് 10:2). ദൈവഭക്തനായ തനിക്ക് ,ഒരിക്കൽ ‌പോലും ദൈവത്തിൽ നിന്ന് മാറിപ്പോകാത്ത , മക്കളുടെ പാപങ്ങൾക്ക് പോലും പരിഹാരയാഗം കഴിക്കുന്ന തനിക്കെതിരെ എന്താണ് ദൈവകോപത്തിന്റെ അടിസ്ഥാനം എന്നറിയാൻ ഇയ്യോബിന് ആഗ്രഹമുണ്ട്. അവനത് ദൈവത്തോട് ചോദിക്കാൻ ശ്രമിക്കുകയാണ്....

കുറച്ചു പുറകോട്ട് പോയാൽ ദൈവത്തിന്റെ മുമ്പിൽ ദൈവപുത്രന്മാരോടൊപ്പം സാത്താൻ നിൽക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ലോകം മുഴുവൻ സഞ്ചരിച്ച് സാത്താൻ ദൈവത്തിന്റെ മുമ്പിൽ എത്തിയിരിക്കുകയാണ് സാത്താൻ. തന്റെ ഭക്തനായ ഇയ്യോബിനെക്കുറിച്ച് ദൈവം സാത്താനോട് പറയുമ്പോൾ  സാത്താൻ ദൈവത്തോട് പറയുന്നത് ഇങ്ങനെയാണ്. ഇയ്യോബിനെയും അവനുള്ള സകലത്തെയും ദൈവം അനുഗ്രഹിച്ചതുകൊണ്ടാണ് ഇയ്യോബ് ദൈവത്തോട് ഭക്തിയുള്ളവനായിരിക്കുന്നത്. അവനുള്ളതിനെ തൊട്ടാൽ ഇയ്യോബ് ദൈവത്തെ ത്യജിച്ച് പറയും എന്ന് സാത്താൻ പറഞ്ഞു. തന്റെ ഭക്തനായ ഇയ്യോബിന്റെ ദൈവഭക്തിയെക്കുറിച്ച് ദൈവത്തിന് ഉറപ്പായിരുന്നു. ഇയ്യോബിന്റെ ജീവനൊഴികെ എല്ലാം ദൈവം സാത്താനെ ഏൽപ്പിച്ചു.  ദൈവം സാത്താനോടു: ഇതാ, അവന്നുള്ളതൊക്കെയും നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ മേൽ മാത്രം കയ്യേറ്റം ചെയ്യരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താൻ  യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി. (ഇയ്യോബ്1:12) .  ഇയ്യോബിന്റെ മക്കൾ കൊല്ലപ്പെടുകയും വസ്തുവകകൾ കൊള്ളയടിക്കപ്പെടുകയും ചെയ്തപ്പോഴും ഇയ്യോബ് ദൈവത്തെ തള്ളിപ്പറഞ്ഞില്ല. വീണ്ടൂം സാത്താൻ ദൈവമുമ്പാകെ എത്തി. ഇയ്യോബിന്റെ ശരീരത്തിന് ബലഹീനതകൾ സംഭവിച്ചാൽ ഇയ്യോബ് ദൈവത്തെ തള്ളിപ്പറയുമെന്ന് സാത്താൻ ദൈവത്തോട് പറയുമ്പോൾ ദൈവം സാത്താനോട് പറയുന്നു , യഹോവ സാത്താനോടു: ഇതാ, അവൻ  നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ പ്രാണനെമാത്രം തൊടരുതു എന്നു കല്പിച്ചു. (ഇയ്യോബ് 2:6) . ഇയ്യോബിന്റെ ശരീരം മുഴുവൻ പരുക്കളാൽ നിറഞ്ഞു. ദൈവത്തെ തള്ളിപ്പറയാൻ ഭാര്യ അവനെ നിർബന്ധിച്ചു. അവന്റെ ഭാര്യ അവനോടു: നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക എന്നു പറഞ്ഞു. (ഇയ്യോബ് 2:9) . ഇയ്യോബിന്റെ മൂന്ന് സുഹൃത്തുക്കളായ തേമാന്യനായ എലീഫസ്, ശൂഹ്യനായ ബിൽദാദ്, നയമാത്യനായ സോഫർ എന്നിവർ ഇയ്യോബിനെ കാണാനായി എത്തിച്ചേർന്നു. ഏഴുദിവസമാണ് ആ സുഹൃത്തുക്കൾ ഒന്നും ശബ്ദ്ദിക്കാതെ ഇയ്യോബിന് കൂട്ടിരുന്നത്.


ഇയ്യോബും അവന്റെ സുഹൃത്തുക്കളും അതിനുശേഷം ദീർഘമായി സംസാരിക്കുന്നുണ്ട്. ഇയ്യോബിന് ഈ ദുരിതങ്ങൾ വരാനുള്ള കാരണങ്ങൾ കണ്ടെത്താൻ അവന്റെ സുഹൃത്തുക്കൾക്കും കഴിഞ്ഞില്ല. ചുഴലിക്കാറ്റിൽ നിന്ന് ദൈവം ഇയ്യോബിനോട് സംസാരിക്കുന്നുണ്ട്. ഇയ്യോബിന്റെ സംശയങ്ങൾക്കെല്ലാം ദൈവം ഉത്തരം നൽകുന്നു. വളരെയേറേ ചോദ്യങ്ങൾ ദൈവം ഇയ്യോബിനോട് ചോദിക്കുമ്പോളവൻ നിശബ്ദ്ദനായി മാറുന്നു. "നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു." (ഇയ്യോബ് 42:2) എന്ന് ഇയ്യോബ് ദൈവത്തോട് പറയുന്നു. ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു. (ഇയ്യോബ് 42:5) . തന്നെക്കുറിച്ച് ഹിതകരമായി പറയാത്തുകൊണ്ട്  യഹോവയ്ക്ക് ഇയ്യോബിന്റെ സുഹൃത്തുക്കളോട് കോപം ഉണ്ടായി. അവർ യഹോവയ്ക്കായി ഹോമയാഗം കഴിക്കുകയും ഇയ്യോബ് തന്റെ സുഹൃത്തുക്കൾക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ഇയ്യോബ് തന്റെ സ്നേഹിതന്മാർക്കുവേണ്ടീ പ്രാർത്ഥിച്ചപ്പോൾ സംഭവിച്ചത് എന്താണ്? ഇയ്യോബ് തന്റെ സ്നേഹിതന്മാർക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ യഹോവ അവന്റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പെ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന്നു ഇരട്ടിയായി കൊടുത്തു. (ഇയ്യോബ് 42:10) .

ദൈവഭക്തനായ ഇയ്യോബിനെ പരീക്ഷിക്കാൻ ശ്രമിച്ച് സാത്താന് തോറ്റ് പിന്മാറേണ്ടീവന്നു. സമ്പത്തും പ്രതാപവും മക്കളും ബന്ധുക്കളും നഷ്ടപ്പെട്ട് രോഗാവസ്ഥയിൽ ആയാൽ ഇയ്യോബ് ദൈവത്തെ തള്ളിപ്പറയുമെന്ന് സാത്താൻ കരുതി. പക്ഷേ തന്റെ ദൈവത്തെ തള്ളിപ്പറയാൻ തന്റെ ദുരവസ്ഥയിലും സാത്താൻ തയ്യാറായില്ല. {സാത്താൻ ദൈവത്തിന്റെ മുമ്പിൽ നിന്നതായി പഴയനിയമത്തിൽ രണ്ട് ഭാഗങ്ങളിൽ നമുക്ക് കാണാൻ സാധിക്കൂം. 1. ഇയ്യോബിനെ പരീക്ഷിക്കാൻ 2. സെഖർയ്യാവ് 3:2) }. ഇയ്യോബിനെപ്പോലെ കഷ്ടതയിൽ കൂടി കടന്നുപോയാൽ നമ്മുടെ അവസ്ഥ എന്തായിരിക്കും. അപ്പോൾ നമ്മുടെ ജിവിതത്തിൽ ദൈവത്തിനുള്ള സ്ഥാനം എന്തായിരിക്കൂം?
കഷ്ടതയിൽ കൂടി കടന്നുപോകുമ്പോൾ നമ്മൾ നിലവിളിക്കുമ്പോൾ നമ്മുടെ നിലവിളി ദൈവം കേൾക്കുമോ? സങ്കീർത്തനക്കാരൻ ഇങ്ങനെ പറയുന്നു , "എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു നിലവിളിച്ചു; അവൻ  തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു; തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥന അവന്റെ ചെവിയിൽ എത്തി." (സങ്കീർത്തനം 18:6) ; എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവൻ  എനിക്കു ഉത്തരം അരുളുകയും ചെയ്തു. (സങ്കീർത്തനം 120:1) . കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു (റോമർ12:13)

ഇയ്യോബിനെപ്പോലെ തന്നെ ജീവിതം കഷ്ടതകളിലൂടെ കടന്നുപോയ ഒരാളാണ് നവോമി. യെഹൂദയിലെ ബേത്ത്ലേഹിമിലെ ക്ഷാമകാലത്ത് നൊവൊമി തന്റെ ഭര്‍ത്താവായ എലീമേലെക് മക്കളായ മഹ്ലോന്‍ , കില്യോന്‍ എന്നിവരോടൊപ്പം മോവാബ് ദേശത്ത് എത്തുകയായിരുന്നു. എലീമേലെക് മരിച്ചതിനുശേഷം നൊവൊമിയുടെ മക്കളായ മഹ്ലോന്‍ രൂത്തിനേയും , കില്യോന്‍ ഒര്‍പ്പ എന്നീ മൊവാബ്യ സ്ത്രികളെ വിവാഹം കഴിച്ചു. പത്തുവര്‍ഷത്തിനുശേഷം നൊവൊമിയുടെ രണ്ടാണ്മക്കളും മരിച്ചു. ബേത്ത്ലേഹിമിലെ ക്ഷാമം തീര്‍ന്നതായി കേട്ട നൊവമി തന്റെ രണ്ടു മരുമക്കളോടൊപ്പം തിരിച്ച് ബേത്ത്ലേഹിമിലേക്ക് പോകാന്‍ തീരുമാനിച്ചു.

ക്ഷാമത്തില്‍ നിന്ന് രക്ഷപെടാന്‍ മൊവാബ്യ ദേശത്തേക്ക് ഭര്‍ത്താവിനോടും മക്കളോടും കൂടെ വരികയും അവരില്ലാതെ രൂത്ത് എന്ന മരുമകളുമായി തിരിച്ച് യെഹൂദദേശത്തേക്ക് പോകേണ്ടിവന്ന ഏറ്റവും നിര്‍ഭാഗ്യവതിയായ സ്ത്രി ആയിരുന്നു നൊവൊമി. നിറഞ്ഞവളായി ഞാന്‍ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കി വരുത്തിയിരിക്കുന്നു എന്നാണ് (രൂത്ത് 1:21) നൊവൊമി തന്റെ അവസ്ഥയെക്കുറിച്ച് പറയുന്നത്, മാത്രവുമല്ല തന്റെ അവസ്ഥയില്‍ ആ സ്ത്രി എത്രമാത്രം ദുഃഖിക്കുന്നു എന്നത് മനസിലാക്കണമെങ്കില്‍ ബേത്ത്ലേഹിമിലേക്ക് തിരിച്ചെത്തുന്ന നൊവൊമിയുടെ ചിന്തകള്‍ക്കൂടി മനസിലാക്കണം. നൊവൊമിയും രൂത്തും മൊവാബ്യില്‍ നിന്ന് നടന്ന് ബേത്ത്ലേഹിമില്‍ എത്തുമ്പോള്‍ പട്ടണവാസികള്‍ അവരെ സംശയത്തോടെ ആണ് കാണുന്നത്.ക്ഷാമകാലത്ത് മൊവാബ്യലേക്ക് പോയ നൊവൊമിയില്‍ നിന്ന് എല്ലാം നഷ്ടപ്പെട്ട് തിരിച്ചെത്തിയ, മാനസികവും ശാരീരികവുമായി തളര്‍ന്ന നൊവൊമിയെ അവര്‍ക്ക് പെട്ടന്ന് മനസിലാക്കാന്‍ കഴിയാതെ വരുന്നു. ”ഇത് നൊവൊമിയോ?” എന്ന് സ്ത്രികള്‍ ആശ്ചര്യത്തോടെ ചോദിക്കുന്നു. അതിനു മറുപിടിയായി നൊവൊമി പറയുന്നത് ഇപ്രകാരമാണ്. നൊവൊമി എന്നല്ല മാറാ എന്നു വിളിപ്പിന്‍. സര്‍വ്വശക്തന്‍ എന്നോടു ഏറ്റവും കൈപ്പായതു പ്രവര്‍ത്തിച്ചിരിക്കുന്നു(രൂത്ത് 1:20). നമ്മള്‍ ജീവിതത്തില്‍ പ്രയാസങ്ങളും കഷ്ടങ്ങളും അനുഭവിക്കുമ്പോള്‍ , ജീവിതത്തിന്റെ കയ്പുനീര്‍കുടിച്ച് തളരുമ്പോള്‍ മാറായിലെ വെള്ളം ശുദ്ധീകരിച്ചതുപോലെ യഹോവ നമ്മുടെ ജീവിതത്തില്‍ നിന്ന് കയ്പ്പ് മാറ്റി നമ്മുടെ ജീവിതവും മധുരമാക്കിത്തീര്‍ക്കും എന്നുള്ളതാണ് നൊവൊമിയുടെ ജീവിതത്തില്‍ നിന്ന് നമുക്ക് മനസിലാക്കാന്‍ കഴിയുന്നത്.

ഇയ്യോബും നവോമിയും നമുക്കുള്ള മാതൃകകളാണ്. കഷ്ടതകളിൽ കൂടി കടന്നുപോയിട്ടും ദൈവത്തെ തള്ളിപ്പറയാതെ ജീവിതം മുന്നോട്ട് കൊണ്ടൂപോയവർ. ഈ നോമ്പുകാലയളവിൽ നമ്മൾ ഓർക്കേണ്ടതാണ്. പാപം ചെയ്യാതിരുന്നവൻ നമുക്ക്‌ വേണ്ടി ക്രൂശിൽ രക്തം ചീന്തിയ നാഥനായ യേശുക്രിസ്തു നടന്ന പീഡാനുഭവ‌വഴിയിലൂടെ അവന്റെ ക്രൂശ് വഹിച്ചുകൊണ്ട് നമുക്കും സഞ്ചരിക്കാം....

https://commons.wikimedia.org/wiki/File:Book_of_Job_Chapter_19-1_(Bible_Illustrations_by_Sweet_Media).jpg

great lent , നോമ്പുകാല ചിന്തകൾ , വലിയ നോമ്പ് , അമ്പത് നോമ്പ് , 50 നോമ്പ് , ക്ഷമ , വലിയ നോമ്പ് ചിന്തകൾ

Tuesday, February 25, 2020

ദൈവത്തിൽ നിന്ന് ഒളിച്ചോടുന്നവർ


മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. (ഉല്പത്തി 3:8).

ഏദൻതോട്ടത്തിൽ മനുഷ്യനും ഭാര്യയും ഒരുമിച്ച് ദൈവത്തെ അനുസരിച്ച് കഴിയുമ്പോൾ പ്രലോഭനങ്ങളുമായി സാത്താൻ അവരുടെ അടുത്ത് എത്തുന്നു. സാത്താന് വളരെവേഗം സ്ത്രിയെ തന്റെ കെണിയിൽ വീഴ്ത്താൻ കഴിഞ്ഞു.  തിന്നരുത് എന്ന് ദൈവം പറഞ്ഞ വൃക്ഷഫലം സാത്താന്റെ വാക്ക് കേട്ട് ദൈവത്തെപ്പോലെ ആകാൻ വേണ്ടി ഏദൻതോട്ടത്തിന്റെ നടവിൽ നിൽക്കുന്ന വൃക്ഷത്തിന്റെ ഫലം  സ്ത്രി പറിച്ച് കഴിച്ചു. പക്ഷേ സംഭവിച്ചത് എന്താണ്? തങ്ങൾ നഗ്നരാണന്ന് അറിഞ്ഞ് അവർ അത്തിയിലകൊണ്ട് അരയാട ഉണ്ടാക്കി ധരിച്ചു. ദൈവത്തിന്റെ വാക്കുകേട്ട് അവനെ അനുസരിച്ച് കഴിഞ്ഞപ്പോഴും അവർ നഗ്നരായിരുന്നു. പക്ഷേ  അന്നവർക്ക് അവരുടെ നഗ്നത തിരിച്ചറിയാൻ കഴിഞ്ഞില്ല. ദൈവത്തിൽ നിന്ന് പിൻമാറിയപ്പോൾളവർക്ക് തങ്ങളുടെ നഗ്നതയെ തിരിച്ചറിയാൻ പറ്റി. ദൈവത്തോടൊപ്പം ആയിരുന്നപ്പോൾ അവർക്ക് തങ്ങളുടെ കുറവുകളെ തിരിച്ചറിയാൻ സാധിച്ചില്ല, ദൈവത്തിൽ നിന്ന് എപ്പോ പിൻമാറിയോ ആ സമയം മുതൽ അവർക്ക് തങ്ങളുടെ കുറവുകളെ കുറിച്ച് ഭയപ്പെടാൻ തുടങ്ങി.

നമ്മുടെ ജീവിതത്തിലേക്ക് ഒന്നു നോക്കൂ. ദൈവത്തോടൊപ്പം നടക്കുമ്പോൾ നമ്മുടെ കുറവുകളെക്കുറിച്ച് ഭയപ്പെടേണ്ട കാര്യം നമുക്കില്ല. കാരണം ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു അവന്റെ നാമം പരിശുദ്ധം തന്നേ. (ലൂക്കോസ് 1:49). ദൈവത്തോടൊപ്പം നടന്ന ഒരു മനുഷ്യന്റെ കഥയുണ്ട്. ഒരു മനുഷ്യൻ അവന്റെ സന്തോഷനാളുകളിൽ കടൽക്കരയിലൂടെ നടക്കുകയായിരുന്നു. അദൃശ്യനായ ദൈവം അവനോടൊപ്പം ഉണ്ടായിരുന്നു. അവരിങ്ങനെ സംസാരിച്ചുകൊണ്ട് നടന്നു. കടൽക്കരയിലെ മണലിൽ തന്റെ കാൽപ്പാദങ്ങളൊടൊപ്പം കാണുന്ന കാൽപ്പാദങ്ങൾ ദൈവത്തിന്റെ ആണന്ന് അവനറിയാമായിരുന്നു. നാളുകൾ കഴിഞ്ഞു, അവന്റെ ജീവിതത്തിൽ  പ്രയാസങ്ങൾ ഉടലെടുത്തു. അവനപ്പോഴും കടൽക്കരയിലൂടെ നടക്കും. പ്രയാസകാലങ്ങൾക്ക് ശേഷം വീണ്ടും സന്തോഷ നാളൂകൾ. ദൈവത്തോട് അവൻ ചോദിച്ചു, " നോക്കൂ, ദൈവമേ, പ്രയാസകാലഘട്ടത്തിൽ നീ പോലും എന്നെ ഉപേക്ഷിച്ചു. കടൽക്കരയിലെ കാൽപ്പാദങ്ങൾ നോക്കൂ. ആ സമയങ്ങളിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ നോക്കൂ നിന്റെ കാൽപ്പാദങ്ങൾ കൂടി എന്നോടൊപ്പം ഉണ്ട്". ദൈവം അവനോട് പറഞ്ഞു. "നീ ആ കാൽപ്പാദങ്ങൾ ഒന്നു കൂടി നോക്കൂ, എന്റെങ്കിലും പ്രത്യേകത കാണുന്നുണ്ടോ?" അവൻ തന്റെ സങ്കടകാലത്തെ കാൽപ്പാദങ്ങൾ നോക്കി. എന്നിട്ട് ദൈവത്തോട് പറഞ്ഞു. " എന്റെ സങ്കടകാലഘട്ടത്തിലെ കാൽപ്പാദങ്ങൾക്ക് വളരെ താഴ്ചയുണ്ട്. ". ദൈവം അവനോട് പറഞ്ഞു. "അത് നിന്റെ കാൽപ്പാദങ്ങൾ അല്ല. എന്റെ കാൽപ്പാദങ്ങൾ ആണ്. നിന്റെ സങ്കടകാലത്ത് ഞാൻ നിന്നെ എന്റെ കൈകളിൽ വഹിക്കുകയായിരുന്നു...".

വീണ്ടും നമുക്ക് ഏദൻതോട്ടത്തിലേക്ക് വരാം. മനുഷ്യനും ഭാര്യയും  തോട്ടത്തിന്റെ നടുവിൽ നിൽക്കുന്ന വൃക്ഷത്തിന്റെ ഫലം തിന്ന അന്ന് വെയിലാറിയ  സമയം ദൈവം പതിവുപോലെ ഏദൻതോട്ടത്തിൽ അവരെ കാണാനായി എത്തി. എന്നും ദൈവം വരുന്ന സമയത്ത് അവനെ കാണാൻ എത്തിയിരുന്ന മനുഷ്യനും ഭാര്യയും ഇന്ന് ദൈവം തോട്ടത്തിൽ നടക്കുന്ന ശബ്ദ്ദം കേട്ടയുടനെ അവൻ കാണാതിരിക്കാനായി വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. തന്നെ കാണാൻ മനുഷ്യനും ഭാര്യയും എത്താതിരുന്നപ്പോൾ ദൈവം അവരെ വിളിച്ചു. "മനുഷ്യാ നീ എവിടെ?" എന്ന് ദൈവം ചോദിച്ചു. തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്ന് മനുഷ്യൻ ദൈവത്തോട് വിളിച്ചു പറഞ്ഞു. ദൈവം അവനോട് ചോദിച്ചു , നീ നഗ്നനാണന്ന് ആരാണ് പറഞ്ഞത്? ഇത്രയും നാളും നഗ്നനായിരുന്ന മനുഷ്യനും സ്ത്രിക്ക് ഇതുവരെ അവരുടെ നഗ്നത അവർക്കൊരു ബുദ്ധിമുട്ടല്ലായിരുന്നുവെങ്കിൽ ഇപ്പോൾ അവർ തങ്ങളുടെ നഗ്നത മൂലം ഒളിച്ചിരിക്കൂകയാണ്. തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്ന് ദൈവം ഉടൻ ‌തന്നെ മനുഷ്യനോട് ചോദിച്ചു. മനുഷ്യൻ താൻ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്തം സ്ത്രിയുടെ മേൽ ആരോപിച്ചു. സ്ത്രി തന്റെ തെറ്റുകളുടെ ഉത്തരവാദിത്തം പാമ്പിന്റെ മേൽ ആരോപിക്കുന്നു.

ഇനി നമ്മുടെ ജീവിതത്തിലേക്ക് നോക്കൂ. നമ്മുടെ കുറവുകളെക്കുറിച്ച് പരാതിപറയുമ്പോൾ ദൈവം ചോദിക്കുന്നു, നിനക്ക് കുറവുകൾ ഉണ്ടന്ന് ആരാണ് പറഞ്ഞത്.? ദൈവത്തോടൊപ്പം നടക്കുമ്പോൾ അറിയാത്ത കുറവുകൾ ദൈവത്തിൽ നിന്ന് ഓടിയൊളിക്കുമ്പോൾ നമുക്ക് അനുഭവപ്പെടുന്നില്ലേ? സർവ്വശക്തിയുള്ള ദൈവം കൂടെയുള്ളപ്പോൾ നമ്മുടെ കുറവുകളെ നമ്മളെന്തിന് ഭയപ്പെടണം? .ദൈവം പിന്നെയും അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു (ഉല്പത്തി 35:11) . ഇസ്രായേൽ ജനതയെ ഈജിപ്റ്റിൽ നിന്ന് മോചിപ്പിക്കാൻ ദൈവം മോശയെ ദൈവത്തിന്റെ പർവ്വതമായ ഹോരേബിൽ വെച്ച് തിരഞ്ഞെടുക്കൂന്നത് എങ്ങനെയാണന്ന് ഒന്നു ചിന്തിച്ചു നോക്കൂ. ദൈവം തന്നെ തിരഞ്ഞെടുത്തു എന്നറിയുമ്പോൾ അതിൽ നിന്ന് ഒഴിവാകാൻ മോശ ഒരോരോ കാരണങ്ങൾ പറയുന്നുണ്ട്. അവൻ പറയുന്ന കാരനങ്ങളെയെല്ലാം ദൈവം തള്ളിക്കണഞ്ഞ് അവനെ ബലപ്പെടുത്തി തന്റെ തിരഞ്ഞെടുപ്പ് ശരിയാണന്ന് ദൈവം അവനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അവസാനം മോശ തന്റെ ശാരീരിക ബലഹീനതയെ ദൈവത്തിന്റെ മുമ്പിൽ അവതരിപ്പിക്കുന്നുണ്ട്.  മോശെ യഹോവയോടു: കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ചനാവുള്ളവനും ആകുന്നു എന്നു പറഞ്ഞു. (പുറപ്പാട് 4:10). അതിനു ദൈവം നൽകുന്ന മറുപിടി ശ്രദ്ധേയമാണ്.  യഹോവ അവനോടു: മനുഷ്യന്നു വായി കൊടുത്തതു ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക; ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും എന്നു അരുളിച്ചെയ്തു. (പുറപ്പാട് 4:11,12). എന്നിട്ടും മോശയ്ക്ക് സംശയമാണ് തന്നെക്കൊണ്ട് യിസ്രായേൽ ജനതയെ രക്ഷിക്കാൻ സാധിക്കുമോ എന്ന്. മോശയ്ക്ക് പകരം സംസാരിക്കാനായി മാത്രം ദൈവം അഹരോനെ മോശയോടൊപ്പം തിരഞ്ഞെടുത്തു. ആദ്യം ഭയപ്പെട്ട് അറച്ചു നിന്ന മോശയ്ക്ക് വളരെയേറെ തീക്ഷ്ണതയും ശക്തിയുള്ളവനായി യിസ്രായേൽക്കാരെ മിസ്രേമിൽ നിന്ന് തിരിച്ചുകൊണ്ടുവരാൻ സാധിച്ചത് ദൈവം അവനോടൊപ്പം ഉള്ളതുകൊണ്ടാണ്.

യിസ്രായേലിന്റെ ആദ്യരാജാവായി ദൈവം തിരഞ്ഞെടുത്ത് ശൗലിനെ ആയിരുന്നുവെല്ലോ. പക്ഷേ ശൗൽ ദൈവത്തിൽ നിന്ന് മാറിപ്പോകാൻ തുടങ്ങിയപ്പോൾ രാജസിംഹാസനത്തിൽ നിന്ന് ശൗലിനെ മാറ്റി ദാവീദിനെ രാജാവാക്കിയതും ദൈവമാണ്. ശീംശോന്റെ ജീവിതം ഒന്നു നോക്കൂ. ദൈവം അവനോടൊപ്പം ഉണ്ടായിരുന്നപ്പോൾ അവൻ എങ്ങനെയായിരുന്നു? ദൈവശക്തി അവന് നഷ്ടപെട്ടപ്പോൾ അവൻ തടവിലാക്കപ്പെട്ടു. വീണ്ടൂം ദൈവശക്തി അവനിലേക്ക് വന്നപ്പോൾ അവൻ കൂടുതൽ ശക്തിശാലിയായിമാറി. ബേർ-ശേബമരുഭൂമിയിൽ തന്റെ മകന്റെ മരണം കാത്തിരുന്ന  ഹാഗാറിനെ കാത്ത ദൈവം നമ്മുടെ തളർച്ചയിലും തകർച്ചയിലും കൈവിടുമോ? യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ  നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു. (ആവർത്തനം 31:8)

വീണ്ടൂം ഏദൻതോട്ടത്തിലേക്ക്... ദൈവത്തിൽ നിന്ന് ഒളിച്ചോടിയെങ്കിലും മനുഷ്യനും ഭാര്യയ്ക്കും ദൈവമുമ്പിൽ തന്നെ നിൽക്കേണ്ടീ വന്നുഎന്നു മാത്രമല്ല മനുഷ്യനും ഭാര്യയ്ക്കും ഏദൻതോട്ടത്തിൽ നിന്ന് പുറത്തുപോകേണ്ടിയും വന്നു. അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി. ഇങ്ങനെ അവൻ  മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ  ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി. (ഉല്പത്തി 3:23,24). നമുക്ക് ദൈവത്തോടൊപ്പം ചേർന്നു നിൽക്കാം. അവനോടൊപ്പം നിൽക്കുമ്പോൾ നമ്മുടെ കുറവുകൾ നമുക്ക് അനുഭവപ്പെടുകയില്ല.... സക്കായിയുടെ ജീവിതം ഒന്നു ഓർക്കൂ. ചുങ്കക്കാരനും പാപിയുമായ സക്കായി ദൈവത്തോട് ചേർന്നു നിന്നപ്പോൾ അവന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ എത്രമാത്രമായിരുന്നു... ഇമ്മാനൂവേൽ എന്ന വാക്കിന്റെ അർത്ഥം തന്നെ 'ദൈവം നമ്മോടുകൂടെ' എന്നാണല്ലോ...  ദൈവത്തിൽ നിന്ന് ഒളിച്ചോടാതെ നമ്മോടുകൂടെയുള്ള ദൈവത്തോടൊപ്പം ഒരുമിച്ച് നടന്ന് നമുക്ക് ഈ നോമ്പ്‌ യാത്ര പൂർത്തിയാക്കാം.....

great lent , നോമ്പുകാല ചിന്തകൾ , വലിയ നോമ്പ് , അമ്പത് നോമ്പ് , 50 നോമ്പ് , ക്ഷമ , വലിയ നോമ്പ് ചിന്തകൾ

Monday, February 24, 2020

ക്ഷമയുടെ വഴിയിലൂടെയുള്ള യാത്ര


നിന്റെ സഹോദരന്മാർ നിന്നോടു ദോഷം ചെയ്തു; അവർ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കേണം (ഉല്പത്തി 50:16)

പഴയ നിയമത്തിലെ യോസേഫിനോട് അവന്റെ സഹോദരന്മാർ അപേക്ഷിക്കുന്ന വേദഭാഗമാണ് ഇത്. യോസേഫിനോട് അവന്റെ സഹോദരന്മാർ ചെയ്‌തത് എന്താണ്? തങ്ങളുടെ സഹോദരനെ അവർ അസൂയ നിമിത്തം കൊല്ലാൻ ശ്രമിച്ചു എങ്കിലും അവസാനം അവർ അവനെ അടിമവ്യാപാരികൾക്ക് വിറ്റു. അവിടെ നിന്ന് യോസേഫ് മിസ്രയീംദേശത്തിലെ മേലധികാരിയായി തീർന്നു. യിസ്രായേലിൽ ക്ഷാമം വന്നപ്പോൾ യോസേഫിന്റെ സഹോദരന്മാർ ഭക്ഷണത്തിനായി യോസേഫിന്റെ അടുക്കൽ ചെല്ലേണ്ടിയും വന്നു. അവിടെ വെച്ച് സഹോദരന്മാർ പരസ്പരം മനസിലാക്കുന്നു. യാക്കോബിന്റെ മരണശേഷം അവന്റെ സഹോദരന്മാർ യോസേഫിനോട് തങ്ങൾ അവനോട് ചെയ്‌ത തെറ്റുകൾക്ക് ക്ഷമ ചോദിക്കുകയാണ് . യോസേഫിനോട് അവന്റെ സഹോദരന്മാരോട് ക്ഷമിക്കാതിരിക്കാൻ കഴിയില്ലല്ലോ. യോസേഫ് അവന്റെ സഹോദരന്മാരോട് പറയുന്നത് ഇങ്ങനെയാണ് , "ആകയാൽ നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും പോറ്റി രക്ഷിക്കും" എന്നു പറഞ്ഞു അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി. (ഉല്പത്തി 50:21)

32 ആം സങ്കീർത്തനത്തിൽ ഭാഗ്യവാന്മാരെക്കുറിച്ച് പറയുന്നുണ്ട്. സങ്കീർത്തനം 32: 1ൽ പറയുന്ന ഭാഗ്യവാൻ ഇങ്ങനെയുള്ള ആളാണ് , ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ. 32 ആം സങ്കീർത്തനം 5 ആം വാക്യം ഇങ്ങനെയാണ് , ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു.

നമ്മുടെ ജീവിതം എന്നു പറയുന്നത്  ചുരുങ്ങിയ സമയത്തേക്കാണ്. പരസ്പരം ക്ഷമിച്ചും വിട്ടുവീഴ്ച ചെയ്തും ജീവിതം മുന്നോട്ട് നയിക്കാൻ നമുക്ക് സാധിക്കണം. യേശൂവിനോട് പത്രോസ് ചോദിക്കുന്നു ,ഞാൻ എന്റെ സഹോദരനോട് എത്ര തവണ ക്ഷമിക്കണം. ഏഴുതവണ മതിയോ എന്ന്. അതിന് യേശു നൽകുന്ന മറുപിടി നീ നിന്റെ സഹോദരനോട് ഏഴു തവണയല്ല ക്ഷമിക്കേണ്ടത് ഏഴ് എഴുപതുവട്ടം ക്ഷമിക്കണം എന്നാണ്. ദീർഘക്ഷമയെക്കുറിച്ച് ദൈവം നമ്മളെ പഠിപ്പിക്കുന്നു. ദൈവത്തെക്കുറിച്ച് ദീർഘക്ഷമയുള്ളവൻ എന്ന്  ബൈബിളിൽ പലയിടത്തും വിശേഷിപ്പിക്കുന്നുണ്ട്. യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. (പുറപ്പാട് 34:6) , യഹോവ ദീർഘക്ഷമയും മഹാദയയും ഉള്ളവൻ (സംഖ്യ 14:17) , നീയോ കർത്താവേ, കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നേ. (സങ്കീർത്തനം 86:15 ) , യഹോവ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ളവൻ. (സങ്കീർത്തനം 145:8) , യഹോവ ദീർഘക്ഷമയും മഹാശക്തിയുമുള്ളവൻ (നഹൂം 1:3)

ദീർഘക്ഷമയുള്ളവന്റെ പ്രത്യേകത എന്താണ് ?
1. ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ (സദൃശ്യവാക്യം 14:29)
2. ദീർഘക്ഷമയുള്ളവൻ കലഹം ശമിപ്പിക്കുന്നു  (സദൃശ്യവാക്യം 15:18)


എങ്ങനെയാണ് ഒരു മനുഷ്യന് ദീർഘക്ഷമ ഉണ്ടാകുന്നത് ? വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമവരുന്നു (സദൃശ്യവാക്യം 19:11) എന്നാണ് വേദപുസ്‌തകത്തിൽ നമ്മൾ വായിക്കുന്നത്. എപ്പോഴാണ് ദൈവം നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നത് ? നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.  നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.  (മത്തായി 6:14,15). മറ്റുള്ളവരോട് നമുക്ക് ക്ഷമിക്കാൻ കഴിഞ്ഞു എങ്കിലേ ദൈവം നമ്മളോടും ക്ഷമിക്കുകയുള്ളൂ. യേശു തമ്പുരാൻ പഠിപ്പിച്ച പ്രാർത്ഥനയിൽ ക്ഷമയെക്കുറിച്ച് പറയുന്ന ഭാഗം - ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;  (മത്തയി 6:12) . നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കണമെന്നാണ് യേശു പഠിപ്പിക്കുന്നത്. മത്തയിയുടെ സുവിശേഷം 18 ആം അദ്ധ്യായത്തിൽ യേശു ഒരു യജമാനന്റെ ദാസന്റെയും അവന്റെ കൂട്ടുദാസന്റെയും ഉപമ നമ്മളോട് പറയുന്നുണ്ട്. പ്രാർത്ഥനയക്ക് ഉത്തരം ലഭിക്കണമെങ്കിൽ ആ പ്രാർത്ഥന ശരിയായ രീതിയിൽ ഉള്ളതായിരിക്കണം. എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്ന് യേശു പറയുന്നത് ഇങ്ങനെയാണ് , "നിങ്ങൾ പ്രാർത്ഥിപ്പാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ." (മർക്കോസ് 11:25). ആത്മാവിന്റെ ഫലങ്ങളിൽ ഒന്നായി ദീർഘക്ഷമയെ പൗലോസ്ശ്ലീഹ പറയുന്നു. (ഗലാത്യർ 5:22).ക്ഷമയും സ്നേഹവും പരസ്പരം പൂരകങ്ങളാണ്.  നമ്മളിൽ സ്നേഹം ഉണ്ടങ്കിൽ മാത്രമേ നമുക്ക് ക്ഷമിക്കാൻ സാധിക്കൂ. സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല. (1കോരിന്ത്യർ13:4) . നിങ്ങൾ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.(ലൂക്കോസ് 21:19) എന്ന് യേശു പറയുന്നു...

കാൽവറിയിലെ ക്ഷമ നിങ്ങൾ ഓർക്കുന്നുണ്ടോ? നിങ്ങളുടെ മനസിൽ എപ്പോഴെങ്കിലും കാൽവറിയിലെ ക്ഷമിക്കുന്ന സ്നേഹം തെളിഞ്ഞ് വന്നിട്ടുണ്ടോ? തന്നെ ഉപദ്രവിച്ചവരോട് , അതികഠിനമായി മർദ്ദിവരോട് , കുറ്റം ചെയ്യാത്ത തനിക്കെതിരെ കള്ളസാക്ഷി പറഞ്ഞവരോട് , തന്നെ മരണത്തിന് ഏൽപ്പിച്ചവരോട് എല്ലാം ക്ഷമിക്കണേ എന്ന് തന്റെ പിതാവിനോട് അതി കഠിനമായ വേദനയിൽ പ്രാർത്ഥിച്ച യേശുനാഥന്റെ നിണമൊഴുകുന്ന മുഖം നമ്മുടെ മനസുകളിൽ ഈ നോമ്പുനാളുകളിൽ തെളിയണം. എന്നാൽ യേശു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു. (ലൂക്കോസ് 23:24)

തിരിച്ചു വന്ന ധൂർത്ത പുത്രനോട് ക്ഷമിച്ച പിതാവിനെപ്പോലെയാകാൻ നമുക്ക് കഴിയുമോ? കാൽവറിയിലെ അതികഠിനമായ വേദനയിലും തന്നെ ഉപദ്രവിക്കുന്നവരോട് ക്ഷമിക്കുന്ന സ്നേഹത്തിന്റെ ആയിരത്തിലൊരംശം നമ്മളിൽ ഉണ്ടാകുമോ? കഴിയും /ഉണ്ടാകും എന്നായിരിക്കണം നമ്മുടെ ഉത്തരം. പരസ്പരം സ്നേഹിക്കാനും ക്ഷമിക്കാനും നമുക്ക് കഴിയണം. ഈ നോമ്പുകാലം അതിന് നമുക്ക് ഇടയാക്കട്ടെ....  ക്ഷമയുടെ വഴിയിലൂടെ  നമുക്ക് ഒരുമിച്ച് കാൽവറിയിലേക്ക് നടക്കാം.... 

ചിത്രം :: https://trueorthodox.eu/wp-content/uploads/2019/03/Great-Lent-Illustration-by-K.-Tikhomirova.jpeg

great lent , നോമ്പുകാല ചിന്തകൾ , വലിയ നോമ്പ് , അമ്പത് നോമ്പ് , 50 നോമ്പ് , ക്ഷമ , വലിയ നോമ്പ് ചിന്തകൾ

Monday, October 14, 2019

ഈസേബെൽ , അഥല്യ : ക്രൂരതയുടെ പര്യായങ്ങൾ

അധികാരത്തിനും സമ്പത്തിനും വേണ്ടി വ്യാജരേഖകൾ ഉണ്ടാക്കുകയും കൊലപാതകങ്ങൾ നടത്തുകയും ചെയ്‌ത രണ്ട് സ്ത്രി കഥാപാത്രങ്ങൾ ബൈബിളിൽ ഉണ്ട് ; ഈസേബെലും അഥല്യയും.

ഈസേബെൽ
യിസ്രായേലിലെ രാജാവായ ആഹാബിന്റെ ഭാര്യ ആയിരുന്നു ഈസേബെൽ. (സീദോന്യരാജാവായ എത്ത്-ബാലിന്റെ മകളാണ് ഈസേബെൽ). ആഹാബിന്റെ കൊട്ടാരത്തിനടുത്ത് നാബോത്ത് എന്ന ആൾക്ക്ൊരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആഹാബ് നാബോത്തിനോട് ആ മുന്തിരിത്തോട്ടം തനിക്ക് ചീരത്തോട്ടം ഉണ്ടാക്കാനായി നൽകാൻ ആവിശ്യപ്പെട്ടു എങ്കിലും നാബോത്ത് അത് നൽകിയില്ല. ആഹാബ് ഭക്ഷണമൊന്നും കഴിക്കാതിരിക്കൂന്നതു കണ്ട് കാര്യം അന്വേഷിച്ച ഈസേബെലിനോട് നാബോത്ത് മുത്തിരി തോട്ടം നൽകാത്ത കാര്യം ആഹാബ് പറഞ്ഞു. നാബോത്തിന്റെ മുന്തിരിത്തോട്ടം താൻ വാങ്ങിനൽകുമെന്ന് ആഹാബിനോട് ഈസേബെൽ പറഞ്ഞു.  ആഹാബിന്റെ പേരിൽ ഒരു എഴുത്ത് എഴുതി ആഹാബിന്റെ ഒപ്പൊക്കെ ഇട്ട് ഈസേബെൽ നാബോത്തിന്റെ പട്ടണത്തിലെ പ്രധാനികൾക്ക് അയച്ചു കൊടൂത്തു. നാബോത്തിനെ ചതിയിൽക്കൂടി കൊല്ലണമെന്നും അതിനുള്ള മാർഗ്ഗവുമായിരുന്നു ഈസേബെൽ എഴുത്തിൽ എഴുതിയിരുന്നത്. ഈസേബെലിന്റെ എഴുത്തിൽ എഴുതിയിരുന്നതുപോലെ പട്ടണത്തിലെ പ്രധാനികൾ നാബോത്തിനെ കല്ലെറിഞ്ഞു കൊന്നു. ഈസേബേൽ അതിനുശേഷം ആഹാബിനെ നാബോത്തിന്റെ മുന്തിരിത്തോട്ടം സ്വന്തമാക്കാൻ പറഞ്ഞു വിട്ടു. പക്ഷേ ആ മുന്തിരിത്തോട്ടം സ്വന്തമാക്കാൻ ആഹാബിന് കഴിഞ്ഞില്ല. മാത്രമല്ല ആഹാബിന്റെ മകനായ യോരാം‌മിനെ യേഹൂ (യേഹൂ പിന്നീട് യിസ്രായേലിലെ രാജാവായി) നാബോത്തിന്റെ സ്ഥലത്ത്‌വെച്ച് കൊലപ്പെടൂത്തി. ഈസേബേലിനെ യേഹൂവിന്റെ നിർദ്ദേശപ്രകാരം കൊട്ടാരത്തിന്റെ മുകളിൽ നിന്ന് തള്ളി താഴെയിട്ട് കൊലപ്പെടുത്തി. താഴെവീണ ഈസേബേലിന്റെ ശരീരം നായ്‌ക്കൾ തിന്നുകയും ചെയ്തു...... ആഹാബിന്റെ എഴുപത് പുത്രന്മാരെയും യേഹൂ കൊലപ്പെടൂത്തി.

അഥല്യ
ഈസേബേലിനെക്കാൾ ക്രൂരയായിരുന്നു അഥല്യ. യെഹൂദാ രാജാവായ അഹസ്യാവിന്റെ അമ്മയായിരുന്നു അഥല്യ. ( യിസ്രായേൽരാജാവായ ഒമ്രിയുടെ കൊച്ചുമകളും ആഹാബിന്റെ മകളും കൂടിയായിരുന്നു അഥല്യ. അഹസ്യാവിന്റെ പിതാവ് യെഹോരാം മിന്റെ ഭാര്യ കൂടിയായിരുന്നു അഥല്യ. ബന്ധം നോക്കി വരുമ്പോൾ ഈസേബേലിന്റെ മകളാണ് അഥല്യ).
യെഹൂദാരാജാവായ അഹസ്യായെ യേഹൂ തന്നെ കൊലപ്പെടുത്തി. മാത്രമല്ല അഹസ്യായുടെ 42 സഹോദരന്മാരെയും യേഹൂ കൊലപ്പെടൂത്തി. ഇനിയും രാജാവകാശികളായി ആ രാജവംശത്തിൽ അവശേഷിക്കുന്നത് അഹസ്യാവിന്റെ മക്കൾ മാത്രം. മകനായ അഹസ്യാവ് മരിച്ചു എന്നറിഞ്ഞപ്പോൾ അഥല്യ രാജസന്തതികളെയെല്ലാം കൊന്നുകളഞ്ഞു. ഇതിനിടയ്ക്ക് അഹസ്യാവിന്റെ സഹോദരിയായ യെഹോശേബക്ക് രാജകുമാരന്മാരിലൊരാളായ യോവാശിനെ രക്ഷിക്കാൻ സാധിച്ചു. അഥല്യ കാണാതെ യോവാശിനെ ഒരിടത്ത് ഒളിപ്പിച്ചു. രാജ്യഭരണത്തിന് അവകാശികൾ ആകേണ്ട കൊച്ചുമക്കളെയെല്ലാം കൊന്നു എന്ന് ആശ്വസിച്ച് അഥല്യ യെഹൂദ ദേശത്തിന്റെ ഭരണം ഏറ്റെടുത്തു... അഥല്യായുടെ ഭരണത്തിന് ആറു വർഷത്തിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ.

അഹസ്യാവിന്റെ സഹോദരിയായ യെഹോശേബക്ക് രാജകുമാരന്മാരിലൊരാളായ യോവാശിനെ രക്ഷിച്ച കാര്യം പറഞ്ഞല്ലോ. പുരോഹിതനായ യെഹോയാദാ ആയിരുന്നു യെഹോശബത്തിന്റെ ഭർത്താവ് . യോവാശ് രാജകുമാരനെ യെഹോയാദായും യെഹോശബത്തും കൂടി ആറു വർഷം ദൈവാലയത്തിൽ ഒളിപ്പിച്ചു. യോവാശ് രാജകുമാരന് ഏഴുവയസായപ്പോൾ  യെഹോയാദാ രാജകുമാരനെ പുറത്തുകൊണ്ടൂവരാൻ തീരുമാനിച്ചു. അതിനുമുമ്പ് യെഹോയാദാ യെഹൂദാനഗരങ്ങളിൽ സഞ്ചരിച്ച് എല്ലാ പുരോഹിതരെയും ഭവനത്തലവന്മാരെയും യെരുശലേമിലെ ദൈവാലയത്തിൽ എത്തിച്ച് എല്ലാവരുടേയും സഹായം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. എല്ലാവരുടേയും സഹായത്തോടെ യെഹോയാദാ പുരോഹിതൻ യോവാശ് രാജകുമാരനെ രാജാവാക്കി വാഴിച്ചു. രാജാവേ, ജയജയ എന്നു ജനങ്ങൾ ആർത്തുവിളിക്കുന്നതുകേട്ടാണ് അഥല്യാ ദൈവാലയത്തിൽ എത്തിയത്. അഥല്യാ എതിർപ്പ് പ്രകടിപ്പിച്ചു എങ്കിലും ആരും അവളെ സഹായിക്കാനില്ലായിരുന്നു. രാജധാനിക്കരികിൽ വെച്ച് അഥല്യായെ ജനങ്ങൾ വാളുകൊണ്ട് കൊന്നു.

രാജ്യത്തിന്റെ ഭരണാധികാരിയാകാൻ തന്റെ കൊച്ചുമക്കളെ എല്ലാം കൊന്നുകളഞ്ഞ അഥല്യയ്ക്ക് ആറുവർഷത്തിനു ശേഷം രാജസിംഹാസനത്തിൽ ഇറങ്ങേണ്ടി വന്നു എന്നു മാത്രമല്ല തന്റെ ജനങ്ങളുടെ കൈയ്യാൽ കൊല്ലപ്പെടുകയും ചെയ്തു.

സ്വത്തുക്കളും അധികാരവും എല്ലാം  തെറ്റായ മാർഗ്ഗങ്ങളിൽ കൂടി പിടിച്ചെടുത്ത് സ്വന്തമാക്കാൻ ശ്രമിച്ചാൽ താൽക്കാലികമായി അതിന് സാധിച്ചാലും ശാശ്വതമായ ഒരു നിലനിൽപ്പ് അതിനുണ്ടാവുകയില്ല എന്ന് ഈസേബെലും അഥല്യയും നമ്മളെ കാണിച്ചു തരുന്നു....

Monday, March 26, 2018

കുറേനക്കാരനായ ശിമോൻ

 കുരിശുവഴിയിൽ നമ്മൾ കണ്ടുമുട്ടുന്നവർ

4. കുറേനക്കാരനായ ശിമോൻ (മത്തായി 27:32 , മർക്കോസ് 15: 21 , ലൂക്കോസ് 23:26 )

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യേശൂവിനെ പടയാളികൾ ക്രൂരമായി മർദ്ദിച്ചു. അവന്റെ തലയിൽ മുൾക്കിരീടം വെച്ചു. അവന്റെ ശരീരത്തിൽ നിന്ന് ചോര ഒഴുകാൻ തുടങ്ങി. അവനെ ക്രൂശിക്കാനുള്ള കുരിശ് അവന്റെ തോളിലേക്ക് തന്നെ വെച്ചു. ശരീരത്തിലെ മുറിവിലെ വേദനകൾ , തുടർച്ചയായ പീഢനങ്ങൾ ഒക്കെയായി യേശുവിന്റെ ശരീരം തളർന്നു, ശരീരം മാത്രമല്ല മനസും. ഒരു കുറ്റവാളിയെപ്പോലെ ഗൊല്ഗോഥാ മലയിലേക്ക് ഭാരമേറിയ കുരിശുമായി പോകുമ്പോൾ കൂടെ നിലവിളികളുമായി അമ്മയുണ്ട്, ബന്ധുക്കളുണ്ട്, താൻ സൗഖ്യമാക്കിയവർ ഉണ്ട്. തന്റെ ശരീരത്തിൽ ഏൽക്കുന്ന ഓരോ ചാട്ടവാറടികളുടേയും വേദന തന്റെ അമ്മയുടെ ഹൃദയത്തിലൂടെ കടന്നുപോകുമെന്ന് അവനറിയാമായിരുന്നു. ശരീരത്തിന്റെയും മനസിന്റെയും വേദനയോടൊപ്പം വലിയ ഭാരമുള്ള കുരിശ് അവന് താങ്ങാൻ കഴിഞ്ഞില്ല. അവൻ നിലത്തേക്ക് കുരിശിനോടൊപ്പം വീണു. അവൻ എഴുന്നേറ്റു.. കാൽവറിയിലേക്കുള്ള യാത്ര തുടർന്നു
StationV
കുരിശിന്റെ ഭാരം താങ്ങാനാവാതെ യേശു  വേച്ചു വേച്ചു പോകുമ്പോൽ  യേശുവിന്റെ കുരിശ് താങ്ങാനായി ഒരാളെ പട്ടാളക്കാർ അന്വേഷിച്ചു. കുറേനക്കാരനായ ശീമോൻ എന്ന മനുഷ്യൻ വയലിൽ നിന്ന് വരുമ്പോൾ പട്ടാളക്കാർ അവനെ പിടിച്ചു. യേശുവിനോടൊപ്പം ക്രൂശ് ചുമക്കാൻ അവനെ നിർബന്ധിച്ചു. ശിമോൻ ക്രൂശു ചുമക്കാൻ യേശുവിനെ സഹായിച്ചു. യേശുവിനോടുള്ള കരുണകൊണ്ടല്ല പട്ടാളക്കാർ സഹായത്തിനായി ശീമോനെ നിർബന്ധിച്ചത്. യേശു പോകുന്ന വഴിയിൽ തളർന്നു വീണു രക്തം ഒഴുകി മരിച്ചാൽ ജീവനോടെ അവനെ ക്രൂശിക്കാൻ പറ്റുകയില്ല എന്നതുകൊണ്ടായിരിക്കണം പട്ടാളക്കാർ ശിമോനെ യേശുവിന്റെ സഹായത്തിനായി വിളിച്ചത്.

ആരായിരുന്നു കുരിശു വഹിച്ച ശിമോൻ?
മത്തായിയുടെ സുവിശേഷത്തിൽ കുറേനക്കാരനായ ശിമോൻ എന്നും , മർക്കോസിന്റെ സുവിശേഷത്തിൽ അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലിൽ നിന്നു വരുന്ന കുറേനക്കാരനായ ശിമോൻ എന്നും , ലൂക്കോസിന്റെ സുവിശേഷത്തിൽ വയലിൽ നിന്ന് വരുന്ന കുറേനക്കാരനായ ശിമോൻ എന്നും നമുക്ക് കാണാം. കുറേൻ(Cyrene) എന്ന സ്ഥലം ആഫ്രിക്കൻ രാജ്യമാണ്. സൈറീൻ / Ancient Greek: Κυρήνη, translit. Kyrēnē - കെവുറീൻ എന്ന് പറയുന്ന കുറേൻ കിഴക്കൻ ആഫ്രിക്കയിലെ ലിബിയയിലെ ഗ്രീക്ക് കോളനിയായിരുന്നു. പിന്നീടിത് റോമാസാമ്രാജ്യത്തിന്റെ ഭാഗമായി തീർന്നു. യഹൂദരുടെ പ്രവാസകാലത്ത് ഇസ്രായേലിൽ/ യരുശലേമിൽ നിന്ന് ആഫ്രിക്കയിലേക്ക് പോയ യഹൂദന്മാരുടെ പിൻതലമുറയിൽ പെട്ടയാളായിരിക്കണം ശിമോൻ.

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മലയാള പരിഭാഷ ബൈബിളിൽ കാണുന്നത് 'വയലിൽ നിന്ന് വരുന്ന ശിമോൻ' എന്നാണ്. ഇതൊരു പരിഭാഷ പ്രശ്നമാകാനാണ് സാധ്യത. മർക്കോസ് 15:21ആം വാക്യം നോക്കുക.  അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലിൽ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാൻ അവർ നിർബന്ധിച്ചു.(ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ  ). They forced a certain passer-by named Simon of Cyrene, the father of Alexander and Rufus, who happened to be coming in from the country, to carry Jesus' cross. (ഇന്റ്ർനാഷ്ണൽ സ്റ്റാൻഡേർഡ് വേർഷൻ) . And they compel one Simon a Cyrenian, who passed by, coming out of the country, the father of Alexander and Rufus, to bear his cross.(കിം‌ങ് ജയിംസ് ബൈബിൾ).
(ഗ്രീക്ക് ഭാഷയിൽ ἀγρός (agros) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്കിന് വയൽ ,രാജ്യം , ഗ്രാമം, പ്രദേശം എന്നൊക്കെ അർത്ഥമുണ്ട്... ഗ്രീക്ക് ബൈബിളിലെ മർക്കോസ് 15:21 താഴെ..)


ശിമോൻ എന്തിന് കുറേനയിൽ നിന്ന് യരുശലേമിൽ വന്നു?
ആ കാലഘട്ടത്തിൽ  പെസഹപെരുന്നാൾ ആഘോഷത്തിന് യഹൂദർ യരുശലേ‌മിൽ എത്തുന്ന പതിവുണ്ടായിരുന്നു. യേശുവും അവന്റെ മാതാപിതാക്കളും പെസഹപെരുന്നാൾ ആഘോഷിക്കാൻ യരുശലേ‌മിൽ എത്തിയിരുന്നതായി ലൂക്കോസിന്റെ സുവിശേഷത്തിൽ കാണാം. അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും. അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി. (ലൂക്കോസ് 2:41,42). യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി. (യോഹന്നാൻ 2:13) . യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കയാൽ പലരും തങ്ങൾക്കു ശുദ്ധിവരുത്തുവാൻ പെസഹെക്കു മുമ്പെ നാട്ടിൽ നിന്നു യെരൂശലേമിലേക്കു പോയി. (യോഹന്നാൻ 11:15) . ഈ വാക്യങ്ങളിൽ നിന്നൊക്കെ നമുക്ക് മനസിലാക്കാൻ സാധിക്കുന്നത് യഹൂദർ പെസഹപെരുന്നാളിനായി(പഴയ നിയമ പെസഹ) യരുശലേമിലേക്ക് എത്തിയിരുന്നു എന്ന്.  പുറപ്പാട് പുസ്തകം 12 ആം അദ്ധ്യായത്തിൽ പെസഹ എങ്ങനെ ആചരിക്കെണം എന്ന് മോശയോട്(അഹറോനോടും) ദൈവം പറയുന്നു. ആവർത്തന പുസ്തകം 16 ആം അദ്ധ്യായത്തിൽ എവിടെവെച്ചാണ് പെസഹ ആചരിക്കേണ്ടതന്ന് ദൈവം കല്പിക്കുന്നു.  നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതെങ്കിലും ഒരു പട്ടണത്തിൽവെച്ചു പെസഹയെ അറുത്തുകൂടാ. നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു മാത്രം, സന്ധ്യാസമയത്തു, നീ മിസ്രയീമിൽനിന്നു പുറപ്പെട്ട നേരത്തു തന്നേ, സൂര്യൻ അസ്തമിക്കുമ്പോൾ പെസഹയെ അറുക്കേണം. (ആവർത്തനം 16:5,6) .

ശിമോൻ പെസഹപെരുന്നാൾ ആഘോഷിക്കാനായി കുറേനയിൽ നിന്ന് യരുശലേമിലേക്ക് വന്ന ആളോ കുറെനയിൽ നിന്ന് യരുശലേമിലെത്തി പാർക്കുന്ന ആളോ ആയിരിക്കും. കുറേനയിൽ നിന്നുള്ള യഹൂദരും യരുശലേമിൽ താമസിക്കുന്നുണ്ടായിരുന്നു. അപ്പോസ്തോലപ്രവൃത്തികൾ രണ്ടാം അദ്ധ്യായത്തിന്റെ (പെന്തെക്കൊസ്തനാളിനെക്കുറിച്ച് പറയുമ്പോൾ) 5 ആം വാക്യം , അന്നു ആകാശത്തിൻ കീഴുള്ള സകല ജാതികളിൽ നിന്നും യെരൂശലേമിൽ വന്നു പാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു. പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം.... (അ.പ്ര 2:10) - (ശിമയോൻ വയലിൽ നിന്ന് വരുകയായിരുന്നു എന്നത് വിശ്വാസയോഗ്യമല്ല എന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു, യഹൂദന്മാരുടെ പെരുന്നാൾ ആയ പെസഹയൂം തുടർന്നുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെയും ആഘോഷസമയത്ത് വയലിലേക്ക് പണിചെയ്യാൻ പോയി എന്ന് പറയുന്നത് ശരിയാകണമെന്നില്ല)...

ബൈബിളിലെ ശിമോൻ (പിതാവായ ശിമോൻ)
മർക്കോസിന്റെ സുവിശേഷത്തിൽ ശിമോനെക്കുറിച്ച് പറയുന്നത് , അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലിൽ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാൻ അവർ നിർബന്ധിച്ചു (മർക്കോസ് 15:21). ശിമോനെക്കുറിച്ച് പിന്നീട് ബൈബിളിൽ ഒന്നും തന്നെ പറയുന്നില്ലങ്കിലും അലക്സന്തരിനെയും രൂഫൊസിനെക്കുറിച്ചും ലേഖനങ്ങളിൽ(അ.പ്ര,റോമർ) പറയുന്നുണ്ട്. അപ്പോസ്തോല പ്രവൃത്തികൾ 19 ന്റെ 33 ൽ അലക്സന്തരിനെക്കുറിച്ച് പറയുന്നു, യെഹൂദന്മാർ മുമ്പോട്ടു ഉന്തിക്കൊണ്ടുവന്ന അലക്സന്തരിനെ പുരുഷാരത്തിൽ ചിലർ സംസാരിപ്പാൻ ഉത്സാഹിപ്പിച്ചു; അലക്സാന്തർ ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാൻ ഭാവിച്ചു. പൗലോസ് റോമർക്ക് എഴുതിയ ലേഖനത്തിൽ രൂഫോസിനെക്കുറിച്ചും അവന്റെ അമ്മയെക്കുറിച്ചും പറയുന്നു. കർത്താവിൽ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്‍വിൻ. (റോമർ 16:13) . ഈ രണ്ട് വാക്യങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്  ശിമോനും കുടുംബവും ക്രിസ്ത്യാനികളായി മാറി എന്നാണ്. അലക്സന്തരും രൂഫോസും പൗലോസിനോടൊത്ത് സുവിശേഷയാത്രകളിൽ പങ്കാളികളാവുകയും ചെയ്തു. എഫെസൊസിൽ പൗലോസിന്റെ പ്രസം‌ഗത്തെ തുടർന്നുണ്ടായ കലഹത്തെക്കുറിച്ച് വാദപ്രതിവാദം നടക്കുന്നിടത്തേക്ക് ആണ് പൗലോസിന്റെ കൂടെ ഉണ്ടാടായിരുന്ന അലക്സന്തർ സംസാരിക്കാൻ ശ്രമിക്കുന്നത്. ർത്താവിൽ പ്രസിദ്ധനായ രൂഫൊസ് എന്നാണ് രൂഫൊസിനെ പൗലോസ് വിശേഷിപ്പിക്കൂന്നത്.

നിർബന്ധിക്കപ്പെട്ട ശിമോൻ
പെസഹ ആഘോഷിക്കാനായി യരുശലേം‌മിൽ എത്തിയ ശിമോന് എങ്ങനെയാണ് കർത്താവിന്റെ ക്രൂശ് എടുക്കേണ്ടി വന്നത്? പെരുന്നാളിനായി യരുശലേമിലേക്ക് വരുന്ന അനേകായിരം യഹൂദന്മാരിൽ ഒരുവൻ. പെരുന്നാൾ ആഘോഷിക്കാൻ വിവിധഭാഗങ്ങളിൽനിന്ന് വന്നവരുടെ തിരക്കുകൾക്കിടയിലൂടെ അയാൾ വേഗം പോവുകയാണ്. സന്ധ്യാസമയത്ത് പെസഹക്കുഞ്ഞാടിനെ അറക്കുകയാണ്. മറ്റൊന്നും ശ്രദ്ധിക്കാൻ സമയമില്ല. ഗൊല്ഗോഥാ എന്ന സ്ഥലത്തേക്കുള്ള വഴിയിൽ നിന്ന് വലിയ കരച്ചിലും അസാധാരണമായ ആൾക്കൂട്ടവും കണ്ട് ശിമോൻ ഒരു നിമിഷം നിന്നു. അവിടെ എന്താണ് കരച്ചിൽ? സന്തോഷത്തിന്റെ പെരുന്നാൾ ആണ് പെസഹ. അടിമത്വത്തിൽ നിന്ന്  വിടുവിക്കപ്പെട്ടതിന്റെ ആഘോഷം. പക്ഷേ ഇവിടെ നിലവിളി കേൾക്കുന്നുണ്ട്. ക്രൂശിക്ക ക്രൂശിക്ക എന്ന ആക്രോശം ഉണ്ട്. ചാട്ടവാറടിയുടെ ശബ്ദ്ദം ഉണ്ട്. അസാധാരണമായ കാഴ്ചകൾ ആണ് നടക്കുന്നത്. ശിമോൻ ഗൊല്ഗോഥാ വഴിയിലേക്കുള്ള ആൾക്കൂട്ടത്തിനിടയിലൂടെ നൂണ്ട് കയറി. അതാ ഒരുമനുഷൻ കുരിശുമായി കിടക്കുന്നു. ചില സ്ത്രികൾ നിലവിളിക്കുന്നു. അയാളുടെ വസ്ത്രങ്ങൾ ചാട്ടവാറടി ഏറ്റ് കീറിയിട്ടുണ്ട്. പുറത്ത് ചാട്ടവാർ പതിച്ചയിടങ്ങളിൽ രക്തം കിനിയിന്നു. തലയിൽ ഒരു മുൾക്കിരീടം ഉണ്ട്. മുൾക്കിരീടത്തിലെ മുള്ളുകൾ തലയിലേക്ക് തറച്ചു കയറി തലയിൽ നിന്ന് രക്തം ഒഴുകുന്നു.നിലത്തു കിടക്കുന്ന മനുഷ്യൻ ബദ്ധപ്പെട്ട് എഴുന്നേൽക്കുന്നു . തലയിൽ നിന്നുള്ള രക്തം അവന്റെ മുഖത്തുകൂടി ഒഴുകി ഇറങ്ങുന്നു. പോക്കുവെയിലിന്റെ കിരണങ്ങൾ ആ മുഖത്തേക്ക് വീണപ്പോൾ അയാളുടെ മുഖം ശിമോൻ കണ്ടു. രണ്ട് വർഷം മുമ്പ് പെസഹപെരുന്നാൾ സമയത്ത് യരുശലേം ദൈവാലയത്തിൽ വെച്ച് കണ്ട അതേ മുഖം. യേശു!!! പെസഹപെരുന്നാളിന് മുമ്പ് ദേവാലയത്തിൽ നിന്ന് കച്ചവടക്കാരെയും  പൊൻവാണിഭക്കാരയും ചാട്ടവാറുകൊണ്ട് അടിച്ച് പുറത്താക്കീയവൻ. അതാ അവൻ ഇപ്പോൾ ചാട്ടവാറടി ഏറ്റുകൊണ്ട് നിസഹായനായി ക്രൂശും എടുത്തുകൊണ്ട് നടക്കുന്നു...

ഗൊല്ഗോഥായിലേക്ക് യേശുവിനെ കൊണ്ടുപോകുന്ന പട്ടാളക്കാർ ആൾക്കൂട്ടത്തിൽ നിന്ന് തെള്ളിക്കയറുന്ന ആരോഗ്യവാനായ ശിമോനെ കണ്ടുകഴിഞ്ഞു. ശിക്ഷാസ്ഥലത്ത് എത്തുന്നതിനുമുമ്പ് മർദ്ദനമേറ്റ് യേശു വീണു മരിച്ചാൽ യേശുവിനെ ക്രൂശിൽ തറയ്ക്കാൻ പറ്റാതെ വരും. അവന്റെ ക്രൂശ് താങ്ങാൻ ആരോഗ്യവാനായ ഒരാൾക്ക് മാത്രമേ കഴിയൂ. പട്ടാളക്കാരിൽ ചിലർ ശിമോന്റെ അടുത്തേക്ക് ചെന്നു. അവർ അവനെ കൂട്ടിക്കോണ്ട് യേശുവിന്റെ അടൂക്കൽ എത്തി. യേശുവിനെ ക്രൂശ് എടൂത്ത് നടക്കാൻ സഹായിക്കാൻ അവർ അവനോട് പറഞ്ഞു. ശിമോൻ വിസമ്മതത്തോടെ നിന്നു. പട്ടാളക്കാർ അവനെ വീണ്ടും നിർബന്ധിച്ചു. ശിമോൻ അവനെ നോക്കി. അവന്റെ കണ്ണുകളിലെ ദിവ്യത ശിമോൻ കണ്ടു. അവന്റെ കണ്ണുകളിലെ തിളക്കം അവനെ കുരിശിലേക്ക് അടുപ്പിച്ചു. യേശുവിന്റെ കുരിശ് ശിമോൻ തന്റെ തോളിലേക്ക് ചാരി. യേശുവിന്റെ കുരിശ് വഹിച്ചുകൊണ്ട് ശിമോൻ ഗൊല്ഗോഥാ മലയിലേക്ക് അവരോടൊപ്പം നടന്നു.      .

പിന്നെ അവൻ  പുരുഷാരത്തെയും തന്റെ ശീഷ്യന്മാരെയും അരികെ വിളിച്ചു അവരോടു പറഞ്ഞതു: “ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ  തന്നെത്താൻ  ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ. (മർക്കോസ് 8:34) . പിന്നെ അവൻ  എല്ലാവരോടും പറഞ്ഞതു: “എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ  തന്നെത്താൻ  നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ.  (ലൂക്കോസ് 9:23).

ഉപസംഹാരം
അവൻ  മനുഷ്യരാൽ  നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ‍ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ  നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല. സാക്ഷാൽ  നമ്മുടെ രോഗങ്ങളെ അവൻ  വഹിച്ചു; നമ്മുടെ വേദനകളെ അവൻ  ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.  എന്നാൽ  അവൻ  നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ  ആയി അവന്റെ അടിപ്പിണരുകളാൽ  നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.  നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ  യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ  ചുമത്തി.   (യെശയ്യ 53:3-6 )

പട്ടാളക്കാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ശിമോൻ യേശുവിന്റെ ക്രൂശ് എടുത്തുകൊണ്ട് അവനോടൊപ്പം നടന്ന് തുടങ്ങുന്നതെങ്കിലും യാത്രമുന്നോട്ട് പോവുകവേ ആ കുരിശ് തന്നിലേക്ക് അലിയുന്നത് ശിമോൻ അറിയുന്നുണ്ടായിരുന്നു. തന്റെ തോളിൽ ആ കുരിശിന്റെ ഭാരം  അമരുമ്പോൾ  ശിമോൻ തന്റെ മുന്നിൽ നടക്കുന്ന യേശുവിനെ നോക്കും... ഇനിയും കുറേ ദൂരം കൂടി മുന്നോട്ടൂപോകാനുണ്ട്... ആ വലിയ മരക്കുരിശും വഹിച്ച് ശിമോൻ അവന്റെ പിന്നാലെ നടന്നു... ക്രൂശ് എടുത്തുകൊണ്ട് യേശുവിന്റെ പിന്നാലെ നടക്കാൻ നമുക്ക് കഴിയുമോ??  അവനോടൊപ്പം ഗൊല്ഗോഥാ മലയിലേക്ക് പോകാൻ നമുക്ക് കഴിയണം.....

Saturday, March 24, 2018

വെറോനിക്ക

കുരിശുവഴിയിൽ നമ്മൾ കണ്ടുമുട്ടുന്നവർ

3. വെറോനിക്ക -  Saint Veronica

വേദപുസ്തകത്തിൽ ഒരു പരാമർശവും ഇല്ലാത്ത ഒരാളാണ് വെറോനിക്ക. ചില പാരമ്പര്യങ്ങളുടെ പിന്തുടർച്ചയായിയുള്ള വിശ്വാസമാണ് വെറോനിക്ക. 'കുരിശിന്റെ വഴിയിലെ' ആറാം ഇടം വെറോനിക്കയുമായി ബന്ധപ്പെട്ടതാണ്. 'വേറോനിക്കാ യേശുവിന്റെ മുഖം തുടയ്ക്കുന്ന'താണ് കുരിശിന്റെ വഴിയിലെ ആറാം ഇടം.

യേശുവിനെ വിശ്വസിക്കുന്നവരുടെ കൂട്ടത്തിലുള്ളവരിൽ ഒരാളായിരുന്നു വെറോനിക്ക.വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട യേശുവിനെ കാൽവറിമലയിലേക്ക് കൊണ്ടുപോകുമ്പോൾ യേശൂവിനെ സ്നേഹിച്ചിരുന്ന കുറച്ച് ആളുകളും യേശുവിനെ പിന്തുടർന്നിരുന്നു.അവരിൽ അധികവും സ്ത്രികൾ ആയിരുന്നു. കത്തുന്ന സൂര്യനിൽ ക്രൂശുമായി പോകുന്ന യേശുവിന്റെ മുഖത്ത് നിന്ന് രക്തം ഇറ്റിറ്റ് വീണുകൊണ്ടീരുന്നു. മാനുഷികമായ വേദനകളും അവശതകളും കൊണ്ട് തളർന്ന യേശുവിനെ പട്ടാളക്കാർ മർദ്ദിച്ചുകൊണ്ടിരുന്നു. മുഖത്ത് വിയർപ്പും രക്തവും എല്ലാംകൂടി യേശുവിന്റെ മുഖത്തെ ഭീകരമാക്കിയിരുന്നു. യേശുവിനെ ആശ്വസിപ്പിക്കണം എന്ന് വെറോനിക്കയ്ക്ക് ഉണ്ട്. പക്ഷേ യേശുവിന്റെ മരണത്തിനായി ആർത്തുവിളിക്കുന്ന ജനക്കൂട്ടവും പട്ടാളക്കാരും അവളെ യെശുവിന്റെ അടുക്കലേക്ക് പോകാതിരിക്കാനുള്ള കാരണങ്ങളായി. പക്ഷേ അവൾക്ക് ആ കാഴ്ച അധികനേരം കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. അവൾ പട്ടാളക്കാരുടെ ഇടയിലൂടെ ചെന്ന് വേച്ച് വീഴാൻ പോയ യേശുവിനെ താങ്ങി. അവന്റെ മുഖം തന്റെ തൂവാലകൊണ്ട് ഒപ്പി.

Hans Memling 026
വെറോനിക്കയെ കുറിച്ച് വേദപുസ്തകത്തിൽ ഒന്നും തന്നെ പറയുന്നില്ലങ്കിലും ചില പാരമ്പര്യങ്ങൾ വെറോനിക്കയെക്കുറിച്ചുണ്ട്. അതിലൊന്ന് യേശു സൗഖ്യമാക്കിയ ഒരു സ്ത്രിയെക്കുറിച്ചുള്ളതാണ്. പതിനെട്ട് വർഷമായി രക്തസ്രവമുള്ളൊരു സ്ത്രി യേശുവിന്റെ വസ്ത്രം തൊട്ട് സൗഖ്യമായതായി സുവിശേഷത്തിൽ ഉണ്ട്. ആ സ്ത്രിയാണ് വെറോനിക്ക. (മത്തായി 9:20-22 , ലൂക്കോസ് 8:43-48, മർക്കോസ് 5:25-29). നിക്കോദിമോസിന്റെ സുവിശെഷം(പീലാത്തോസിന്റെ പ്രവൃത്തികൾ) എന്ന അപ്പോക്രീഫ പുസ്തകത്തിൽ വെറോനിക്കയെക്കുറിച്ച് പറയുന്നുണ്ട്. യേശുവിന്റെ വിചാരണ പീലാത്തോസിന്റെ ന്യായാസനത്തിനു മുമ്പാകെ നടക്കുമ്പോൾ യെശുവിനു അനുകൂലമായി ചിലർ സാക്ഷി പറയുന്നു. 38 വർഷം തളർന്നു കിടന്നതിനു ശേഷം യേശു സൗഖ്യമാക്കിയ മനുഷ്യനും, ജനനം മുതൽ തന്നെ അന്ധനായി ജീവച്ചതിനുശേഷം യേശു കാഴ്ച നൽകിയ മനുഷ്യനും , പന്ത്രണ്ട വർഷം രക്തസ്രാവം കൊണ്ട് ബുദ്ധിമുട്ടിയതിനുശേഷം യേശൂവിന്റെ വസ്ത്രത്തിൽ തൊട്ട് സൗഖ്യമായ സ്ത്രിയും യേശുവിനുവേണ്ടി സാക്ഷി പറയുന്നു. സ്ത്രികൾക്ക് സാക്ഷി പറയാൻ നിയമം അനുമതി നൽകുന്നില്ല എന്ന് പറഞ്ഞ് യഹൂദർ വെറോനിക്കയെ ഒഴിവാക്കി.

And a certain woman named Bernice (Beronice Copt., Veronica Lat.) crying out from afar off said: I had an issue of blood and touched the hem of his garment, and the flowing of my blood was stayed which I had twelve years. The Jews say: We have a law that a woman shall not come to give testimony. (എഡീഷൻ :: THE GOSPEL OF NICODEMUS - ACTS OF PILATE , From "The Apocryphal New Testament" , M.R. James-Translation and Notes , Oxford: Clarendon Press, 1924 )

മറ്റൊരു പരിഭാഷയിലെ ഈ ഭാഗം ഇങ്ങനെ - നിക്കോദിമോസിന്റെ സുവിശെഷം അഞ്ചാം അദ്ധ്യായം
26  And a certain woman named Veronica, said,  I was afflicted with an issue of blood twelve years, and I touched the hem of his garments, and presently the issue of my blood stopped.
27 The Jews then said, We have a law, that a woman shall not be allowed as an evidence.
(എഡീഷൻ :: The Lost Books of the Bible edited by Rutherford H. Platt, Jr.[1926])

പീലാത്തോസും ഹെരോദാവും എഴുതിയ എഴുത്തുകൾ എന്ന ഗ്രന്ഥത്തിലും വെറോണിക്കയെക്കുറിച്ച് പറയുന്നു. വെറോനിക്ക തൂവാലയിൽ ഒപ്പിയെടുത്ത യേശൂവിന്റെ മുഖവുമായി അസുഖബാധിതനായ കൈസറെ(റോമൻ ചക്രവർത്തി) [ലൂക്കോസ് 3:1ൽ പറയുന്ന തീബെര്യൊസ് കൈസർ(തിബെരിയസ് കൈസർ) ] കാണാൻ പോയത്  വിശദീകരിക്കുന്നു. തീബെര്യൊസ് കൈസർക്ക് ഗുരുതരമായ രോഗം പിടിപെട്ടപ്പോൾ ജറുശലേം‌മിൽ യേശു എന്നു പേരുള്ള ഒരു വൈദ്യൻ ഉണ്ടന്നും , എല്ലാ രോഗ്യങ്ങളും അവൻ സുഖപ്പെടുത്തുമെന്നും അറിഞ്ഞു. .തന്റെ ഒരു ജോലിക്കാരനെ കൈസർ ജറുശലേമിലെ ഗവർണറായ പീലാത്തോസിന്റെ അടുക്കലേക്ക് അയച്ച് യേശുവിനെ എത്രയും വേഗം റോമിലേക്ക് അയിക്കാൻ ആവശ്യപ്പെട്ടു. കൈസരുടെ ആവശ്യം കേട്ട് പീലാത്തോസ് പരിഭ്രമിച്ചു. യേശുഎന്ന കുറ്റവാളിയെ വധിച്ചതായി ചക്രവർത്തിയുടെ ദൂതനെ അറിയിച്ചു. ദൂതൻ തിരിച്ചു പോകുമ്പോൾ വെറോനിക്ക എന്ന സ്ത്രിയെ കാണുകയും യഹൂദന്മാർ യേശു എന്ന വൈദ്യനെ കൊന്നത് എന്തിനാണന്ന് അന്വേഷിക്കുകയും ചെയ്തു. യേശുവിനോടുള്ള അസൂയകൊണ്ട് യഹൂദന്മാർ അവനെ കൊന്നതെന്ന് വെറോനിക്ക പറഞ്ഞു. പിന്നീട് അവർ സംസാരം തുടർന്നപ്പോൾ താൻ ചക്രവർത്തിയുടെ അസുഖം മാറ്റാനായി യേശുവിനെ തിരക്കി വന്നതാണന്ന് അയാൾ വെറോനിക്കയോട് പറഞ്ഞു. തന്റെ കൈവശമുള്ള യേശുവിന്റെ ചിത്രത്തെക്കുറിച്ച് വെറോനിക്ക പറയുകയും അതുകൊണ്ട് ചക്രവർത്തിയുടെ അസുഖം ഭേദമാക്കാൻ കഴിയുമെന്നും വെറോനിക്ക പറഞ്ഞു. വെറോനിക്കയെ കൂട്ടി ദൂതൻ റോമിലേക്ക് പോയി. ചക്രവർത്തിയുടെ അടുത്തെത്തിയ വെറോനിക്കയുടെ കൈയ്യിലെ തൂവാലയിലെ യേശുവിന്റെ മുഖം നോക്കിയപ്പോൾ ചക്രവർത്തിയുടെ രോഗവസ്ഥയ്ക്ക് മാറ്റം ഉണ്ടായി. ഇതിനുശേഷം ചക്രവർത്തി പീലാത്തോസിനെ റോമിലേക്ക് വിളിച്ചുവരുത്തി.

കുരിശിന്റെ വഴിയിലെ ആറാം സ്ഥല(വേറോനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു)ത്തേക്ക് പോകുമ്പോഴുള്ള ഗാനം  (ആബേലച്ചൻ എഴുതിയത്)   ഇങ്ങനെയാണ്....

വാടിത്തളര്‍ന്നു മുഖം -നാഥന്റെ
കണ്ണുകള്‍ താണുമങ്ങി
വേറോനിക്കാ മിഴിനീര്‍ തൂകിയ-
ദിവ്യാനനം തുടച്ചു.

മാലാഖമാര്‍ക്കെല്ലാ-
മാനന്ദമേകുന്ന
മാനത്തെ പൂനിലാവേ,
താബോര്‍ മാമല -
മേലേ നിന്‍ മുഖം
സൂര്യനെപ്പോലെ മിന്നി.

ഇന്നാമുഖത്തിന്റെ
ലാവണ്യമൊന്നാകെ
മങ്ങി, ദുഃഖത്തില്‍ മുങ്ങി.
ഉപസംഹാരം
പന്ത്രണ്ട് വർഷം രക്തസ്രാവമുള്ളവളായി സമൂഹത്തിൽ നിന്ന് തിരസ്ക്കരിക്കപ്പെട്ട തന്നെ സമൂഹത്തിലേക്ക് തിരികെ കൊണ്ടൂവന്നത് യേശുദേവനാണ്. അവന്റെ വസ്ത്രത്തിൽ തൊട്ടാൽ സൗഖ്യം ആകും എന്നുള്ള തന്റെ വിശ്വാസം കൊണ്ട് അവന്റെ വസ്ത്രത്തിൽ തൊട്ടപ്പോളവൻ പറഞ്ഞത് “മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു” എന്നാണ്. “എന്റെ മുഖം അന്വേഷിപ്പിന്” എന്നു നിങ്കൽനിന്നു കല്പന വന്നു എന്നു എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു. നിന്റെ മുഖം എനിക്കു മറെക്കരുതേ; അടിയനെകോപത്തോടെ നീക്കിക്കളയരുതേ; നീ എനിക്കു തുണയായിരിക്കുന്നു; എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ. (സങ്കീർത്തനം 27:8-9) . ഇതാ തന്റെ സൗഖ്യദായകനെ അവർ മർദ്ദിക്കൂന്നു...ചിലർ അവന്റെ മുഖത്തേക്ക് തുപ്പുന്നു..  അവൻ  മനുഷ്യരാൽ  നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ‍ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ  നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല. (യെശയ്യാവ് 53:3). ഓശാനപ്പെരുന്നാൾ ദിവസം ആർപ്പുവിളികളോടെ അവനെ എതിരേറ്റവർ ഇതാ അവനെ ക്രൂശിക്കാനായി കൊണ്ടുപോകുന്നു... യേശുനാഥനെ ക്രൂശെടുക്കാൻ സഹായിയായി ഒരാൾകൂടി ഉണ്ടങ്കിലും മർദ്ദനങ്ങൾ ഏറ്റ് യേശുനാഥൻ തളർന്നിരിക്കുന്നു... അവന്റെ മുഖത്തെ രക്തം തുടയ്ക്കാം... തന്റെ രക്തസ്രവം നിർത്തിയവനാണവൻ... അവന്റെ മുഖത്തെ രക്തം എങ്കിലും തുടച്ച് സഹായിച്ചില്ലങ്കിൽ അവന്റെ കൈകളിൽ നിന്ന് സ്വീകരിച്ച നന്മകൾക്ക് പിന്നെ എന്താണ് പ്രതിഫലം നൽകേണ്ടത്? വെറോനിക്ക ആൾക്കൂട്ടത്തിനിടയിൽ നിന്ന് അവന്റെ അടുക്കലേക്ക് ചെന്നു....പടയാളികളിൽ ഒരുവൻ അവന്റെ മുൾക്കിരീടത്തിൽ അടിച്ചു. അവന്റെ തലയിൽ നിന്ന് രക്തം ഒഴുകി. അടിയുടെ ശക്തിയിൽ അതാ യേശുദേവൻ വേച്ചു പോകുന്നു... വെറോനിക്ക യേശുവിനെ താങ്ങി... അവൾ പതിയെ തന്റെ കൈയ്യിലെ തൂവാല കൊണ്ട് അവന്റെ മുഖം ഒപ്പി.....തന്റെ രക്തസ്രവം സൗഖ്യമാക്കിയവൻ ഇതാ ക്രൂശുമായി നടക്കുന്നു. അവന്റെ മുഖത്തുകൂടെ രക്തം ഒഴുകുന്നു. അവന്റെ വസ്ത്രത്തിൽ തൊട്ടപ്പോൾ തിരിഞ്ഞു നോക്കി തന്നെ കണ്ടവന്റെ കണ്ണുകളിൽ ഇപ്പോൾ രക്തം ഒഴുകി കാഴ്ച മറച്ചിരിക്കൂന്നു. കാഴ്ച മറച്ച് അവന്റെ തലയിൽ നിന്ന് ഒഴുകുന്ന രക്തതുള്ളികൾ ഒപ്പിയാലോ.... അവന്റെ മുഖം രക്തതുള്ളികൾ കൊണ്ട് മറഞ്ഞിരിക്കാൻ പാടുള്ളതല്ല.

അതാ ക്രിസ്തു കുരിശുമായി രക്തം ഒഴുകുന്ന മുഖവുമായി നമ്മളെ നോക്കുന്നു... നമുക്കൊന്ന് കൈയ്യെത്തിയാൽ അവനെ തൊടാം... അവൻ നടക്കുകയാണ് ഗൊല്ഗോഥാ മലയിലേക്ക് ... വേച്ചു പോകുന്ന അവനെ നമുക്ക് താങ്ങാൻ കഴിയും... വീണു പോകുന്ന അവനെ താങ്ങാൻ നമുക്ക് കഴിയില്ലേ? വീഴുന്നവരെ താങ്ങി എഴുന്നേൽപ്പിക്കാൻ നമുക്ക് കഴിയും .അതാ അവന്റെ കൺപോളകളിലൂടെ കാഴ്ചകൾ മറച്ച് രക്തം ഒഴുകുന്നു... ആ രക്തം ഒപ്പാൻ നമുക്ക് കഴിയില്ലേ? മറ്റുള്ളവർക്ക് കാഴ്ചയാകാൻ നമുക്ക് കഴിയണം...  ഈ ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു (മത്തായി 10:42) .  എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും. (മത്തായി 25:40)

:: കൂടുതൽ വായനയ്ക്ക് ::
http://www.sacred-texts.com/bib/lbob/lbob10.htm - നിക്കോദിമോസിന്റെ സുവിശേഷം
http://www.orthodox.cn/patristics/apostolicfathers/herpilat.htm - പീലാത്തോസിന്റെ എഴുത്തുകൾ

Thursday, March 22, 2018

പീലാത്തോസിന്റെ ഭാര്യ - ക്ലൗഡിയ പ്രോക്കുള

കുരിശുവഴിയിൽ നമ്മൾ കണ്ടുമുട്ടുന്നവർ


2. പീലാത്തോസിന്റെ ഭാര്യ (മത്തായി 27:19) :: wife of pontius pilate - Procla (Claudia) 
അവൻ  ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ഭാര്യ ആളയച്ചു: ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുതു; അവൻ  നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു. (മത്തായി 27:19)

വേദപുസ്തകത്തിൽ  ഒരു ഭാഗത്ത് മാത്രം പരാമർശിക്കപ്പെടൂന്ന ഒരാളാണ് പീലാത്തോസിന്റെ ഭാര്യ. ഗത്സമനതോട്ടത്തിൽ നിന്ന് പിടിച്ച യേശൂവിനെ ആദ്യം കൊണ്ടു പോകുന്നത് മഹാപുരോഹിതനായ കയ്യഫായുടെ അടുക്കലേക്കാണ്. രാത്രിമുഴുവൻ യേശുവിനെതിരെയുള്ള കുറ്റങ്ങൾ കണ്ടെത്താൻ ശാസ്ത്രിമാരും മൂപ്പന്മാരും ഉൾപ്പെടെയുള്ളവർ സൻഹെദ്രിനിൽ(യഹൂദന്മാരുടെ യരുശലേം‌മിലെ കോടതി) കള്ളത്തെളിവുകൾ അന്വേഷിക്കുകയായിരുന്നു. കള്ളസാക്ഷികൾ വന്നിട്ടൂം യേശുവിനെതിരെയുള്ള കുറ്റം കണ്ടെത്താൻ കഴിഞ്ഞില്ല.രാത്രിമുഴുവൻ മാനസിക ശാരീരിക പീഡനങ്ങളിൽ കൂടി യേശൂവിൽ കുറ്റം കണ്ടെത്താൻ അവർ ശ്രമിച്ചു . അവസാനം ദൈവനിന്ദ (ദൈവദൂഷ്ണം) എന്ന കുറ്റം യേശുവിൽ കണ്ടെത്താൻ കഴിഞ്ഞു.രാവിലെ പുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും യേശുവിനെ കൊല്ലുവാൻ തീരുമാനിച്ച്  ഗവർണറായ (നാടൂവാഴിയായ) പീലാത്തോസിന്റെ അടൂക്കൽ  യേശുവിനെ വിസ്തരിക്കാനായി കൊണ്ടുവന്നു. വിസ്താര സമയത്ത് പീലാത്തോസ് യേശുവിനോട് പലതും ചോദിച്ചൂ എങ്കിലും യേശൂ ഉത്തരം നൽകാതെ നിന്നു. യഹൂദർ യേശുവിനെതിരെ കുറ്റം ചുമത്തുമ്പോൾ അത് നിഷേധിക്കാതെ യേശു നിൽക്കുന്നത് കണ്ട് പീലാത്തോസ് ആശ്ചര്യപ്പെട്ടു. യേശു നിരപരാധിയാണന്ന് പീലാത്തോസിന് അറിയാമായിരുന്നു. അതുകൊണ്ട് അവനെ വിട്ടയപ്പാൻ പീലാത്തോസ് ശ്രമിച്ചു. ഈ സമയത്താണ് ന്യായാധിപസ്ഥാനത്തിരിക്കുന്ന പീലാത്തോസിന്റെ അടുക്കലേക്ക് അവന്റെ ഭാര്യ ദൂതനെ വിട്ട് പറയിക്കുന്നു ,  "ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുതു; അവൻ  നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു"...

The dream of Pilate's wife by Alphonse François
The Dream of Pilate's Wife
പീലാത്തോസിന്റെ ഭാര്യ എങ്ങനെയാണ് യേശുവിനെ പീലാത്തോസിന്റെ മുമ്പിൽ കൊണ്ടുവരുന്നു എന്ന് അറിഞ്ഞത്? എന്തുകൊണ്ടാണ് പീലാത്തോസിന്റെ ഭാര്യ സ്വപ്നത്തിൽ കഷ്ടം അനുഭവിച്ചത്. യേശുവിനെ യഹൂദർ പിടിക്കുന്നത് പെസഹ ആഘോഷത്തിന്റെ ദിവസമാണ്. പിറ്റേദിവസമാണ് (വെള്ളിയാഴ്ച) യേശുവിനെ പീലാത്തോസിന്റെ അടുക്കൽ എത്തിക്കുന്നത്. യഹൂദർ യേശുവിനെ പിടിച്ചുകൊണ്ട് സൻഹെദ്രിൻ സംഘത്തിൽ എത്തിച്ച രാത്രിയിലാണ് പീലാത്തോസിന്റെ ഭാര്യ സ്വപ്‌നം കാണുന്നത്. ആ രാത്രിയിൽ സ്വപ്‌നത്തിൽ ആണ് യേശു നിമിത്തം അവൾ കഷ്ടം അനുഭവിക്കുന്നത്. യെശുവിനെ പീലാത്തോസിന്റെ ഭാര്യ വിശേഷിപ്പിക്കൂന്നത് നീതിമാൻ എന്നാണ്. അവൾ പീലാത്തോസിനോട് പറയുന്നത് , ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത് എന്നാണ്. യേശു നീതിമാൻ ആണന്ന് അവൾക്ക് ഉറപ്പായിരുന്നു. കുറ്റവാളിയായി അതും ദൈവനിന്ദ കുറ്റം ആരോപിക്കപ്പെട്ട് മരണശിക്ഷയ്ക്കായി ന്യായാധിപനായ തന്റെ ഭർത്താവിന്റെ മുന്നിൽ വിധിക്കായി കാത്തുനിൽക്കുന്ന ഒരു കുറ്റവാളിയെ ആണ് അവൾ നീതിമാൻ എന്ന് വിശേഷിപ്പിക്കുന്നത്. പീലാത്തോസിന്റെ ഭാര്യയ്ക്ക് യേശുവിനെക്കുറിച്ച് നെരത്തെ തന്നെ അറിയാമായിരുന്നു. അവന്റെ പ്രവൃത്തികളും അത്ഭുത വർത്തമാനങ്ങളും അവളും കേട്ടിരുന്നു. യേശുവിനെ യഹൂദർ പിടിച്ചു എന്നറിഞ്ഞപ്പോഴേ അവൾക്ക് ഉറപ്പായിരുന്നു തന്റെ ഭർത്താവിന്റെ ന്യായാസനത്തിന്റെ മുമ്പിൽ അവൻ എത്തുമെന്ന്. തന്റെ ഭർത്താവ് അവന്റെ കാര്യത്തിൽ എന്ത് തീരുമാനം എടൂക്കുമെന്ന് അവൾക്ക് ഭയമായിരുന്നു. നിരപരാധിയായ യേശുവിനെ യഹൂദരുടെ നിർബന്ധത്തിന് വഴങ്ങി ശിക്ഷയ്ക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു. കാരണം തന്റെ ഭർത്താവിന്റെ ബലഹീനത അവൾക്കറിയാമാരുന്നു. ജനക്കൂട്ടത്തെ പീലാത്തോസിന്  ഭയമായിരുന്നു. ആ ഭയം ഉള്ളിൽ ഉള്ളപ്പോഴാണ് അവൾ ഉറങ്ങുന്നത്. സൻഹെദ്രിസംഘത്തിന് മുമ്പിൽ വെച്ച് യേശുവിന് മർദ്ദനം ഏറ്റതൊക്കെ അവൾ അറിഞ്ഞു കഴിഞ്ഞിരുന്നു.

 പുതിയ നിയമത്തിൽ സുവിശേഷത്തിൽ മറ്റ് ചില സന്ദർഭങ്ങളിലും സ്വപ്നങ്ങളിൽ കൂടി മുന്നറിയിപ്പ് നൽകിയതായി കാണാം. യോസഫിന് നാലു സന്ദർഭങ്ങളിൽ സ്വപ്നത്തിൽ അരുളപ്പാട് ഉണ്ടായതായി നമുക്ക് കാണാൻ സാധിക്കും. വി. മത്തായി 1: 20 ,2:13 , 2:18 , 2:21.  ഉണ്ണിയേശുവിനെ കാണാനായി എത്തിയ വിദ്വാന്മാർക്കും സ്വപ്നത്തിൽ വെളിപാട് ഉണ്ടായതായി കാണാം. ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു അവർ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി. (മത്തായി 2:12) . ഇതുപോലൊരു മുന്നറിയിപ്പായിരിക്കണം പീലാത്തോസിന്റെ ഭാര്യയ്ക്കും സ്വപ്നത്തിൽ ലഭിച്ചത്.

Pontius Pilate's wife
Icon of Saint Claudia Procles
ചരിത്രം രേഖപ്പെടൂത്തുന്നത് പീലാത്തോസിന്റെ ഭാര്യ യേശുവിന്റെ മരണശേഷം ക്രിസ്ത്യാനിയായി എന്നാണ്. വേദപുസ്തകത്തിൽ പീലാത്തോസിന്റെ ഭാര്യയുടെ പേര് പറയുന്നില്ലങ്കിലും ക്ലൗഡിയ പ്രോക്കുള എന്നാണ് പീലാത്തോസിന്റെ ഭാര്യയുടെ പേര് എന്ന് ചില ചരിത്ര രേഖകൾ പറയുന്നു. പീലാത്തോസ് (ഹെരോദാവിന്) എഴുതിയ എഴുത്തുകളിൽ Procla , my wife എന്ന് പീലാത്തോസ് എഴുതുന്നുണ്ട്. ക്രിസ്തുവിന്റെ മരണശേഷം പീലാത്തോസിന്റെ ഭാര്യയായ പ്രോക്കുള മാമോദീസ മുങ്ങി ക്ലൗഡിയ (ക്ലൗദിയ) എന്ന  പേര് സ്വീകരിച്ചു എന്ന് ചിലർ വിശ്വസിക്കുന്നു. പൗലോസിന്റെ ലേഖനത്തിൽ ഒരിടത്തുമാത്രം പരാമർശിച്ചു പോകുന്ന ക്ലൗഡിയ എന്ന ആൾ പീലാത്തോസിന്റെ ഭാര്യയായ പ്രോക്കുളയായിരിക്കാം. (ശീതകാലത്തിന്നു മുമ്പെ വരുവാൻ ശ്രമിക്ക. യൂബൂലൊസും പൂദെസും ലീനൊസും ക്ളൌദിയയും സഹോദരന്മാർ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു. 2 തിമൊഥെയൊസ് 4:21 )  . ക്ലൗഡിയ പ്രോക്കുളയെ വിശുദ്ധയായി കരുതി അവരുടെ പെരുന്നാൾ ആഘോഷിക്കുന്ന ക്രൈസ്തവ സഭകളും ഉണ്ട്. ഈസ്റ്റേൺ ഓർത്തഡോക്സ് സഭ ഒക്ടോബർ 27 നും എത്യോപ്യൻ ഓർത്തഡോക്സ് സഭ ജൂൺ 25 നും  ക്ലൗഡിയ പ്രോക്കുളയുടെ പെരുന്നാൾ ആഘോഷിക്കുന്നു.(എത്യോപ്യൻ സഭ പീലാത്തോസിന്റെയും ക്ലൗദിയയുടെയും പെരുന്നാൾ ഒരുമിച്ചാഘോഷിക്കൂന്നു) പീലാത്തോസ് എഴുതിയ എഴുത്തുകൾ (ഹെരോദാവിന്) എന്ന പുസ്തകത്തിൽ (വേദപുസ്തകത്തിൽ ഉളപ്പെടാത്ത) പീലാത്തോസ് തന്റെ ഭാര്യയെ പേരു ചൊല്ലി വിശേഷിപ്പിക്കുന്നുണ്ട്. (Procla my wife is believing in the visions which appeared unto her when you sent that I should deliver Jesus to the people of Israel, because of the ill-will they had.And when Procla my wife and the Romans heard these things, they came and told me, weeping; for they also were against him, പീലാത്തോസ് ഹെരോദാവിന് എഴുതുമ്പോഴും ഹെരോദാവ് പീലാത്തോസിന് എഴുതുമ്പോഴും പീലാത്തോസിന്റെ ഭാര്യയെ പ്രോക്കുള എന്ന് സൂചിപ്പിക്കുന്നുണ്ട്)

പീലാത്തോസ് ന്യായസത്തിൽ ഇരിക്കുമ്പോൾ ഭാര്യ ദൂതനെ വിട്ട് യേശുവിനെ കുറ്റം വിധിക്കരുതെന്നും താൻ സ്വപ്നം കണ്ടതായി പീലാത്തോസിനോട് അറിയിക്കുന്നുണ്ടല്ലോ.  'നിക്കോദിമോസിന്റെ സുവിശേഷത്തിൽ' ഇതിന്റെ ബാക്കിസംഭവിച്ചത് പറയുന്നുണ്ട്. തന്റെ ഭാര്യ സ്വപ്നം കണ്ടത് പീലാത്തോസ് യഹൂദന്മാരോട് പറയുന്നുണ്ട് . വളരെ നാടകീയമായിട്ടാണ് പീലാത്തോസ് അത് അവതരിപ്പിക്കുന്നത്. "നിങ്ങൾക്ക് എന്റെ ഭാര്യയെക്കുറിച്ച് അറിയാമല്ലോ , അവൾ യഹോവയെ ഭയപ്പെടൂന്നവളും യഹൂദന്മാരുടെ എല്ലാ ആചാരങ്ങളും പിന്തുടരുന്ന ആളും ആണന്ന് ?" . "അതെ ഞങ്ങൾക്കറിയാം" അവർ പറഞ്ഞു. "യേശു നിമിത്തം അവൾക്കിന്നലെ ഉറങ്ങാൻ കഴിഞ്ഞില്ലന്നും നിരപരാധിയായ അയാളെ കുറ്റം വിധിക്കരുതെന്നും അവൾ എന്റെ അടുക്കലേക്ക് ആളെ വിട്ട് പറയിച്ചിരിക്കുന്നു". പീലാത്തോസ് അവരോട് പറഞ്ഞു. അതിന് യഹൂദർ പീലാത്തോസിന് നൽകുന്ന മറുപിടി ഇങ്ങനെയാണ് , " ആ യേശു ഒരു ജാലവിദ്യക്കാരനാണന്ന് അറിയില്ലേ? ജാലവിദ്യയിലൂടെയാണ് യേശു നിങ്ങളുടെ ഭാര്യയെ ഉറക്കത്തിൽ ശല്യപ്പെടുത്തിയത്.". യേശുവിനെ ക്രൂശിൽ തറച്ചപ്പോൾ അതിസങ്കടത്തോടെ പീലാത്തോസും ഭാര്യയും ആ ദിവസം ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ചു എന്നും 'നിക്കോദിമോസിന്റെ സുവിശേഷത്തിൽ' പറയുന്നു.

 പീലാത്തോസിന്റെയും ഹെരോദാവിന്റെയും എഴുത്തുകളിൽ നിന്ന് ചില കാര്യങ്ങൾ കൂടി മനസിലാക്കാൻ സാധിക്കൂം. യേശു ക്രിസ്തു ഉയർത്തെഴുന്നേറ്റു എന്ന വാർത്ത് കേട്ടപ്പോൾ പീലാത്തോസിന്റെ ഭാര്യ പട്ടാളക്കാരുടെ കൂടെ കല്ലറയ്ക്കൽ പോയതായും ശിഷ്യന്മാരോടൊപ്പം ഉയർത്തെഴുന്നേറ്റ യേശുവിനെ കണ്ടതായും പറയുന്നു.

:: കൂടുതൽ വായനയ്ക്ക് ::
പീലാത്തോസിന്റെ എഴുത്തുകൾ - http://www.orthodox.cn/patristics/apostolicfathers/herpilat.htm

Saturday, March 3, 2018

ബൈബിളിലെ പ്രണയങ്ങൾ

പ്രണയം. എത്ര മനോഹരമായ പദമാണ്. നയിക്കൽ , അനുരാഗം , വിശ്വാസം , വിവാഹം എന്നൊക്കെയാണ് പ്രണയത്തിന്റെ അർത്ഥം.  പ്രണയത്തിന്റെ അവസാനമായി നമ്മൾ കരുതുന്നത് പരിണയമാണ്. മനുഷ്യന്റെ ആരംഭം മുതലേ പ്രണയവും തുടങ്ങിയിരിക്കണം.  തുണയായി തന്നോടൊപ്പം ഒരു സ്ത്രി ഉണ്ടാവണമെന്ന് പുരുഷൻ ആഗ്രഹിക്കുന്നു (തിരിച്ചും) , ആ തുണയ്ക്കുവേണ്ടിയുള്ള അന്വേഷ്ണമാണ് പ്രണയം.  മനുഷ്യന്റെ മാനസികവ്യാപാരങ്ങൾക്ക് അനുസരിച്ച് അവന്റെ പ്രണയവും മാറിക്കൊണ്ടേ ഇരിക്കും. തനിക്ക് ഏറ്റവും ഇഷ്ടപ്പെടൂന്നത് എന്തിനെയൊ, അത് സ്വന്തമാക്കാനുള്ള അവന്റെ യാത്രയാണ് പ്രണയം. പ്രണയവും വിരഹവും ഒക്കെ ഒരു മനുഷ്യജീവിതത്തിലേക്ക് വരുമ്പോൾ (അകലെയെവിടയോ) ഒരു പ്രതീക്ഷയുണ്ട് - ഒന്നായ് തീരുമെന്നുള്ള പ്രതീക്ഷ. പ്രണയം ഉൽപത്തിയിൽ നിന്ന്  തുടങ്ങുന്നു - അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു. (ഉല്പത്തി 2:14) അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും. (ഉല്പത്തി 2:24). ബൈബിളിലും പ്രണയമുണ്ട്. ആ പ്രണയങ്ങളിൽ ചിലതിൽ ചതിയുണ്ട് , വിരഹമുണ്ട്, കൂടിച്ചേരലുകൾ ഉണ്ട് , പ്രതികാരം ഉണ്ട് , കാത്തിരിപ്പുണ്ട് , മരണമുണ്ട്....  ബൈബിളിൽ പറഞ്ഞിരിക്കുന്ന ചില പ്രണയങ്ങളെ പരിചയപ്പെടൂത്തുന്നു.... 

1. യാക്കോബും റാഹേലും (ഉല്പത്തി 29) jacob and rachel
2. ശിംശോൻ ദെലീല (ന്യാധിപന്മാർ 16) Samson and delilah
3. ശിംശോനും ഫെലിസ്‌ത്യ കന്യകയും
4. രൂത്ത് ബോവസ് (രൂത്ത് ) Ruth and Boaz
5. ദാവീദും മീഖളും (1ശമുവേൽ 18)  david and michal
6. ദാവീദും ബത്ത്-ശേബയും (2ശമുവേൽ 11)  david and bathsheba

1. യാക്കോബ് - റാഹേൽ(ഉല്പത്തി 29) - കാത്തിരിപ്പിന്റെ പ്രണയം
ജ്യേഷ്ഠനായ ഏശാവുമായിട്ടൂള്ള പ്രശ്നങ്ങളെ തുടർന്ന് യാക്കോബ് നാടുവിട്ട് പദ്ദൻ-ആരാമിലേക്ക്, തന്റെ അമ്മയായ റിബെക്കയുടെ സഹോദരനായ ലാബാന്റെ അടുക്കലേക്ക് പോയി. അവിടെ ചെന്ന് വഴി അറിയാതെ നിൽക്കുമ്പോഴാണ് വയലിലെ കിണറ്റിനരുകരിൽ ആട്ടിടയന്മാരെ കണ്ടത്. യാക്കോബ് അവരോട് ലാബാനെക്കുറിച്ച് അന്വേഷിച്ചു. ലാബാന്റെ മകളായ റാഹേൽ ആടുകളെ മേയ്ച്ചുകൊണ്ട് കിണറ്റരികിലേക്ക് വരുന്നുണ്ടന്ന് ആട്ടിടയന്മാർ യാക്കോബിനോട് പറഞ്ഞു. വയലിലെ കിണർ വലിയ ഒരു കല്ലുകൊണ്ട് അടച്ചിരിക്കൂകയായിരുന്നു. അവിടെ ആടിനെമേയ്ക്കുന്നവർ എത്തി ഒരുമിച്ച് കല്ലുമാറ്റിയായിരിക്കണം ആടുകൾക്ക് വെള്ളം കോരി നൽകിയിരുന്നത്. റാഹേൽ ആടുകളുമായി എത്തിയപ്പോൾ യാക്കോബ് കിണറിന്റെ കല്ല് ഉരുട്ടിമാറ്റി ലാബാന്റെ ആടുകൾക്ക് വെള്ളം നൽകി...

Rachel WilliamDyce താൻ ആരാണന്ന് യാക്കോബ് റാഹേലിനോട് പറഞ്ഞു. റാഹേൽ ലാബാന്റെ അടൂക്കൽ ചെന്ന് യാക്കോബിനെക്കുറിച്ച് പറഞ്ഞു. ലാബാൻ വന്ന് യാക്കൊബിനെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഒരുമാസം യാക്കോബ് ലാബാന്റെ വീട്ടിൽ കഴിഞ്ഞു. അതു കഴിഞ്ഞപ്പോൾ ലാബാൻ തന്നെ യാക്കോബിനോട് പറഞ്ഞു , "നീ പ്രതിഫലം ഒന്നും വാങ്ങാതെ ഇവിടിത്തെ കാര്യങ്ങൾ എല്ലാം നടത്തുന്നുണ്ട്. നീ ചെയ്യുന്ന കാര്യങ്ങൾക്ക് ഞാൻ എന്ത് പ്രതിഫലമാണ് തരേണ്ടത് എന്ന് പറയുക". യാക്കോബിന് കൂടുതലോന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ലാബാന്റെ ഇളയമകളായ റാഹേലിനെ ഭാര്യയായി നൽകാൻ തയ്യാറാണങ്കിൽ ഏഴുവർഷം ലാബാന്റെ വീട്ടിൽ കാര്യങ്ങളൊക്കെ നോക്കി നിൽക്കാം എന്ന് യാക്കോബ് ലാബാനോട് പറഞ്ഞു. ലാബാൻ അത് സമ്മതിച്ചു.

ലാബാന് രണ്ട് പെണ്മക്കളായിരുന്നു.  മൂത്തവൾ ലേയ ഇളയവൾ റാഹേൽ.  ലേയെക്കാൾ സുന്ദരിയായിരുന്നു റാഹേൽ. ലേയയുടെ കണ്ണുകൾക്ക് തിളക്കം കുറവായിരുന്നു എങ്കിൽ റാഹേലിന്റെ കണ്ണുകൾക്ക് തിളക്കമേറെയായിരുന്നു. റാഹേലിനെ ആദ്യമായി കിണറ്റരികിൽ വെച്ച് കണ്ടപ്പോഴേ യാക്കോബിന് അവളോട് അനുരാഗം തോന്നിത്തുടങ്ങിയിരുന്നു. പിന്നീട് ഒരുമാസം ലാബാന്റെ വീട്ടിൽ താമസിച്ചപ്പോൾ , ലേയയോടും റാഹേലിനോടും ഒപ്പം ആടൂകളെ മേയ്ക്കാൻ പോകുമ്പോഴും യാക്കോബിന് റാഹേലിനോട് പ്രണയം തുടങ്ങിയിരുന്നു. റാഹേലിനെ തന്നെ ഭാര്യയായി ഒപ്പം കൂട്ടണമെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെയാണ് ലാബാൻ പ്രതിഫലം ചോദിച്ചപ്പോൾ റാഹേലിനായി ഏഴുവർഷം ലാബാനെ സേവിക്കാൻ യാക്കോബ് തയ്യാറായത്... ഏഴുവർഷത്തെ പ്രണയകാലം !!!

സേവനത്തിന്റെ ഏഴുവർഷം പൂർത്തിയാകുമ്പോൾ യാക്കോബ് ലാബാനോട് തനിക്ക് ഭാര്യയായി റാഹേലിനെ നൽകാൻ ആവശ്യപ്പെട്ടു. എതിർപ്പൊന്നും പറയാതെ ലാബാൻ വിവാഹം നടത്തി. വിവാഹം കഴിഞ്ഞ് പിറ്റേന്നാണ് ലാബാന്റെ ചതി യാക്കോബ് മനസിലാക്കൈയത്. തനിക്ക് വിവാഹം ചെയ്ത് തന്നിരിക്കുന്നത് റാഹേലിനു പകരം ലേയയെയാണ്. യാക്കോബ് ലാബാന്റെ അടൂക്കൽ ചെന്നു. റാഹേലിനുവേണ്ടി ലാവാനെ സേവിച്ചിട്ട് എന്തിന് ലേയയെ നൽകി ചതിച്ചതെന്ന് ചോദിച്ചപ്പോൾ ലാബാന് പറയാൻ ഒരു മറുപടി ഉണ്ടായിരുന്നു. മൂത്തവളുടെ വിവാഹം കഴിയാതെ ഇളയവളുടെ വിവാഹം നടത്തുന്ന പതിവ് ഇല്ലാത്തതുകൊണ്ടാണ് താൻ യാക്കോബിന് ലേയയെ വിവാഹം ചെയ്ത് നൽകിയതന്ന് ലാബാൻ പറഞ്ഞു. വീണ്ടും ഏഴുവർഷം ലാബാനെ സേവിക്കാൻ സമ്മതിച്ചാൽ , ഒരാഴ്ച കഴിഞ്ഞ്  റാഹേലിനെ ഭാര്യയായി നൽകാം എന്ന് ലാബാൻ യാക്കോബിനോട് സത്യം ചെയ്ത്. തന്റെ പ്രണയിനിയെ വെറുതെയങ്ങ് ഉപേക്ഷിച്ച് പോകാൻ യാക്കോബ് തയ്യാറല്ലായിരുന്നു. ലാബാന്റെ ഉടമ്പടി സമ്മതിച്ച യാക്കോബിന് ഒരാഴ്ച കഴിഞ്ഞപ്പോൾ റാഹേലിനെയും വിവാഹം ചെയ്ത് നൽകി.

അങ്ങനെ റാഹേലിനുവേണ്ടി പതിന്നാലുവർഷമാണ് യാക്കോബ് തന്റെ അമ്മായിയപ്പനായ ലാബാനെ സേവിച്ചത്.  യാക്കോബ് റാഹേലിനെയാണ് കൂടുതൽ സ്നേഹിച്ചതെങ്കിലും ലേയയും റാഹേലും യാക്കോബിനെ മത്സരിച്ച് സ്നേഹിച്ചു. അവരുടെ മത്സരംകൊണ്ട് റാഹേലിന്റെ ദാസി ബിൽഹയെയും ലേയയുടെ ദാസി സില്പയെയും കൂടി യാക്കോബിന് വിവാഹം കഴിക്കേണ്ടി വന്നു എന്നുള്ളത് യാക്കോബ്-റാഹേൽ പ്രണയത്തിന്റെ ബാക്കിപത്രമാണ്... പന്ത്രണ്ട് ഗോത്രപിതാക്കന്മാരുടെ ചരിത്രവും അവിടെ നിന്ന് തുടങ്ങുന്നു.... 


2a. ശിംശോൻ ദെലീല (ന്യായാധിപന്മാർ 16) - മരണത്തിലേക്കുള്ള പ്രണയം
യിസ്രായേലിനു ഇരുപതുവർഷം ന്യായപാലനം ചെയ്തിരുന്ന ന്യായാധിപനായിരുന്നു ശിംശോൻ. സോരേൿ താഴ്വരയിൽ ദെലീലാ എന്ന പെൺകുട്ടിയെ സ്നേഹിച്ചു. ശിംശോൻ-ദലീല Peter Paul Rubens - Samson and Delilah - Google Art Projectപ്രണയത്തെക്കുറിച്ച് അറിഞ്ഞ ഫെലിസ്ത്യർ ശിംശോനെ പരാജയപ്പെടുത്താൻ ദെലീലയുടെ സഹായം തേടി. ശിംശോന്റെ ശക്തിയുടെ രഹസ്യം ചോർത്താൻ ഫെലിസ്ത്യപ്രഭുക്കന്മാർ ഓരോരുത്തരും ആയിരിത്തൊരുന്നൂറ് (1100) വെള്ളിപ്പണം ദെലീലയ്ക്ക്  വാഗ്ദാനം ചെയ്തു. പണത്തിന്റെ പ്രലോഭനത്തിൽ ദെലീല അകപ്പെട്ടു. പ്രണയത്തോടെ അവൾ ശിംശോനോട് പറ്റിച്ചേർന്ന്  അവനിൽ നിന്ന് മഹാശക്തിയുടെ രഹസ്യം ചോർത്താൻ അവൾ ശ്രമിച്ചു. മൂന്നു തവണ ശിംശോൻ കളവ് പറഞ്ഞു. അവൾ വീണ്ടും വീണ്ടും അവനെ അസഹ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ദെലീല ശിംശോന്റെ പ്രണയത്തെ കുറ്റപ്പെടുത്തി സംസാരിച്ചു. ദെലീലയുടെ ചതി മനസിലാക്കാൻ പ്രണയപരവശനായ ശിംശോന് കഴിഞ്ഞില്ല. അവളോടുള്ള പ്രണയം അവനെ അന്ധനാക്കിയിരുന്നു. ദെലീലയോട് ശിംശോൻ തന്റെ ശക്തിയുടെ രഹസ്യം വെളുപ്പെടൂത്തി.ഒരിക്കലും മുറിക്കാത്ത മുടിയിലാണ് തന്റെ ശക്തി എന്നവൻ പറഞ്ഞു .ദെലീല ഫെലിസ്ത്യപ്രഭുക്കന്മാരെ വിളിച്ചു വരുത്തി. അവർ അവൾക്ക് പണവും നൽകി.

പ്രണയം.തന്റെ പ്രണയിനിയിൽ അലിഞ്ഞു ചേരാൻ ശിംശോൻ കൊതിച്ചു. പ്രണയത്തോടെ ശിംശോൻ അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ ചിരിക്കു പിന്നിലെ ചതി അറിയാതെ അവൻ അവളിൽ ലയിച്ചു . പ്രണയ നിമിഷങ്ങൾ കടന്നുപോകവേ അവസാനം അവൻ ക്ഷീണിതനായി. സ്നേഹത്തോടെ ദെലീല ശിംശൊനെ തന്റെ മടിയിൽ കിടത്തി. അവൻ അവളുടെ മടിയിൽ കിടന്ന് ഉറങ്ങിപ്പോയി. ദെലീലയുടെ നിർദ്ദേശപ്രകാരം ശിംശോന്റെ മുടി മുറിച്ചു. അവനിൽ നിന്ന് അവന്റെ ശക്തി നഷ്ടപ്പെട്ടു.  "ഇതാ ഫെലിസ്ത്യർ പിടിക്കാൻ വരുന്നു" എന്ന് പതിവുപോലെ  ദെലീല ശിംശോനോട് പറഞ്ഞു. അവൻ ഉറക്കമുണർന്ന് ഫെലിസ്ത്യരെ എതിർക്കാൻ ശ്രമിച്ചു എങ്കിലും ശക്തി നഷ്ടപ്പെട്ട അവനെ ഫെലിസ്ത്യർ പിടിച്ച് തടവലാക്കി.

3.ശിംശോനും തി‌മ്‌നയിലെ ഫെലിസ്ത്യ കന്യകയും
ന്യായാധിപന്മാർ 14 ആം അദ്ധ്യായത്തിൽ ശിംശോനും തി‌മ്‌നയിലെ ഫെലിസ്ത്യ കന്യകയും തമ്മിലുള്ള  പ്രണയത്തെക്കുറിച്ച് പറയുന്നുണ്ട്. തിം‌ന്നയിൽ വെച്ച് കണ്ട ഫെലിസ്ത്യ കന്യകയെ വിവാഹം കഴിക്കണമെന്ന് ശിംശോൻ നിർബന്ധം പിടിച്ചപ്പോൾളവന്റെ മാതാപിതാക്കൾ ആദ്യം എതിർത്തു എങ്കിലും പിന്നീട് അവർ സമ്മതിച്ചു. അവർ ഒരുമിച്ച് ആ പെൺകുട്ടിയുടെ വീട്ടിൽ പോയി ശിംശോനായി ഫെ‌ലിസ്ത്യകന്യകയെ വിവാഹം ആലോചിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഫെലിസ്ത്യരോടുള്ള പ്രതികാരത്തിനായിരുന്നു ശിംശോൻ ഫെലിസ്ത്യ കന്യകയെ വിവാഹം ഉറപ്പിച്ചത്.

 4. രൂത്തും ബോവസ്സും (രൂത്ത്)   :: ഒരു നിശബ്ദ്ദ പ്രണയം.

മറ്റ് പ്രണയകഥകളിൽ നിന്നെല്ലാം മാറി മറ്റൊരു തലത്തിലായിരുന്നു രൂത്ത്- ബോവസ് പ്രണയം. രൂത്തിനെക്കാൾ ഇരട്ടിപ്രായമുള്ളയാളായിരുന്നു ബോവസ്. അവരുടെ പ്രണയത്തിനും വിവാഹത്തിനും പിന്നിൽ യെഹൂദസമൂഹത്തിന്റെ 'ആചാര പിന്തുടർച്ച' ഉണ്ടായിർന്നു.

യെഹൂദയിലെ ബേത്ത്ളേഹെമിലുള്ള എലീമേലെക്കും ഭാര്യ നൊവൊമിയും മക്കളായ മഹ്ളോൻ , കില്യോൻ എന്നിവർ മൊവാബ് ദേശത്തേക്ക് പോകുന്നത് ക്ഷാമം കാരണം ആണ്.  മഹ്ളോൻ , കില്യോൻ എന്നിവർ ഒർപ്പാ ,രൂത്ത് എന്നീ രണ്ട് മൊവാബ് സ്ത്രികളെ വിവാഹം കഴിച്ചു. പത്തു വർഷം അവർ അവിടെ താമസിച്ചു. .നൊവൊമിയുടെ ഭർത്താവും ആൺമക്കളും മൊവാബിൽ വെച്ച് മരിച്ചു. ക്ഷാമം തീർന്നതായി അറിഞ്ഞ് നൊവൊമിയും മരുമക്കളും ബേത്ത്ളേഹെമിലേക്ക് പുറപ്പെട്ടു. മരുമക്കളെ അവരവരുടെ വീട്ടിലേക്ക് തിരിച്ചു പോകാൻ നൊവൊമി നിർബന്ധിച്ചു എങ്കിലും രൂത്ത് അവളെ വിട്ടുപോയില്ല. നൊവൊമിയും രൂത്തും ബേത്ത്ളേഹെമിലേക്ക് തിരികെ എത്തി. (രൂത്ത് 1 ആം അദ്ധ്യായം)

Julius Schnorr von Carolsfeld- Ruth im Feld des Boazയവക്കൊയ്ത്തിന്റെ കാലത്താണ് നൊവൊമിയും രൂത്തും ബേത്ത്ളേഹെമില് എത്തിയത്. രൂത്ത് അമ്മായിയമ്മയുടെ അനുവാദത്തോടെ കൊയത്തുപാടത്ത് കതിർ(കാലാ) പറക്കാൻ പോയി.(ലേവ്യ 19:9 , ലേവ്യ 23 , ആവർത്തനം 24:19). രൂത്ത് എത്തുന്നത് നൊവൊമിയുടെ ഭർത്താവായ എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിന്നുള്ള പാടത്താണ്. ബോവസ് രൂത്തിനോട് പെരുമാറൂന്നത് അനുകമ്പയോടെയാണ്. നൊവൊമിയുടെ നിർദ്ദേശപ്രകാരം രൂത്ത് രാത്രിയിൽ പാടത്ത് കാവൽ കിടന്ന ബോവസിന്റെ അടുക്കൽ ചെന്നു. ബോവസ് തന്റെ വീണ്ടെടുപ്പുകാരൻ ആയതിനാൽ വീണ്ടെടുപ്പുകാരന്റെ ധർമ്മം അനുഷ്ഠിക്കാൻ രൂത്ത് ആവശ്യപ്പെട്ടു. (വീണ്ടെടുപ്പ് - ആവർത്തനം 25:5-7 , ലേവ്യ  25:: 23-28) . മറ്റൊരു വീണ്ടെടുപ്പുകാരൻ ഉള്ളതിനാൽ അയാളുടെ സമ്മതത്തോടെ മാത്രമെ രൂത്തിനെ വീണ്ടെടുക്കാൻ സാധിക്കൂ എന്ന് പറഞ്ഞ് ബോവസ് രൂത്തിനെ വെളിച്ചം പരക്കുന്നതിനു മുമ്പ് തന്നെ വീട്ടിലേക്ക് യാത്രയാക്കി. രൂത്ത് സംഭവിച്ചതെല്ലം നൊവൊമിയോട് പറഞ്ഞു.

ബോവസ് അതിരാവിലെ തന്നെ പട്ടണവാതിക്കൽ ചെന്നിരുന്ന് രൂത്തിന്റെ ആദ്യ വീണ്ടെടൂപ്പുകാരനെ കണ്ടെത്തി. അയാളോട് ബോവസ് സംസാരിച്ചു. അയാൾക്ക് എലീമേലെക്കിന്റെ വയൽമാത്രമേ വീണ്ടെടുക്കാൻ സമ്മതമുണ്ടായിരുന്നുള്ളൂ. രൂത്തിനെക്കൂടി വീണ്ടെടുക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ അയാൾ വീണ്ടെടൂപ്പ് അവകാശം ബോവസിന് നൽകി. വീണ്ടെടൂപ്പവകാശം നേടിയ ബോവസ് രൂത്തിനെ വിവാഹം കഴിച്ചു. ബോവസിനും രൂത്തിനും ജനിച്ച മകനാണ് ഓബേദ്. അങ്ങനെ ബോവസും രൂത്തും യേശുക്രിസ്തുവിന്റെ വംശാവലിയിൽ ഭാഗമായി. (മത്തായി 1:5-6)

5 ദാവീദും മീഖളും - ഒരു ദുഃഖസാന്ദ്രമായ പ്രണയം
മീഖളിന് ദാവീദിനോട് പ്രണയം തോന്നിത്തുടങ്ങുന്നത് എപ്പോഴാണ്? പതിനായിരത്തെ കൊന്നവനോടുള്ള വീരാരാധന പ്രണയമായിമാറിത്തുടങ്ങി. യിസ്രായേൽ രാജാവായ തന്റെ പിതാവ് ശൗൽ ആയിരത്തെ കൊന്നപ്പോൾ ദാവീദ് പതിനായിരത്തെ കൊന്നവൻ എന്ന് തെരുവിൽ വിളിച്ചുപറഞ്ഞ് നൃത്തം ചെയ്യുന്ന സ്ത്രികൾ. ഫെലിസ്ത്യ മല്ലനായ ഗൊല്യാത്തിനെ ഏലാ താഴ്‌വരയിൽ വെച്ച് വധിച്ച് യിസ്രായേലിനെ രക്ഷിച്ച് പട്ടാളമേധാവിയായി തിരിച്ചു വരുന്ന ദാവീദ് . കൊട്ടാരത്തിൽ നിന്ന് നോക്കുമ്പോൾ മീഖൾ കാണുകയും കേൾക്കുകയും ചെയ്യുന്നത് ദാവീദിന്റെ വീരകഥകൾ ആണ്... രാജാവിനെക്കാൾ വലിയ വീരനായ പട്ടാളക്കാരൻ. വെറും ആട്ടിടയനായി ഏലാ താഴ്‌വരയിലേക്ക് പോയ ദാവീദ് തിരികെ വരുന്നത് യിസ്രായേലിന്റെ പട്ടാളമേധാവിയായി. ആ ധീരനായ പട്ടാളമേധാവിയായ ദാവീദിനോട് ശൗൽ രാജാവിന്റെ ഇളയമകളായ മീഖളിന് പ്രണയം തുടങ്ങി...

തന്നെക്കാൾ ദാവീദിനെ  ആളുകൾ ബഹുമാനിക്കുകയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ ശൗലിന് അവനോട്  ഭയം തോന്നി. എങ്ങനയും ദാവീദിനെ ഇല്ലാതാക്കുക.  തന്റെ മൂത്തമകൾ മേരബിനെ ദാവീദിന് ഭാര്യയായി നൽകാം പകരം തനിക്ക് വേണ്ടി യുദ്ധങ്ങൾ നടത്തിയാൽ മതി എന്ന് ശൗൽ ദാവീദിനോട് പറഞ്ഞു. പക്ഷേ സമയം ആയപ്പോൾ ശൗൽ മേരബിനെ  അദ്രിയേൽ എന്ന മറ്റൊരാൾക്ക് വിവാഹം ചെയ്ത് കൊടുത്തു.

മീഖളിന് ദാവീദിനോടുള്ള  പ്രണയം യിസ്രായേലിൽ എങ്ങും അറിഞ്ഞു. രാജകുമാരിയും ജനനായകനും തമ്മിലുള്ള പ്രണയം...  ദാവീദിന് തന്റെ പോരായ്മയെക്കുറിച്ച് ബോധ്യം ഉണ്ടായിരുന്നു. തനിക്ക് സമ്പത്തും പ്രതാപവും ഇല്ല. അതുകൊണ്ടാണല്ലോ മേരബിനെ വിവാഹം ചെയ്ത് നൽകാം എന്ന് രാജാവ് പറഞ്ഞിട്ട് അവസാനം മറ്റൊരാൾക്ക് വിവാഹം ചെയ്ത് നൽകിയത്. അത് മീഖളിനെ ബോധ്യപ്പെടൂത്താൻ ശ്രമിച്ചിട്ടും പ്രണയത്തിൽ നിന്ന് പിന്മാറാൻ മീഖൾ തയ്യാറല്ല. അവളുടെ മനസിൽ നിന്ന് ആ ധീരനായ ജനനായകനെ മായ്ച്ച് കളയാൻ അവൾക്ക് കഴിയുമായിരുന്നില്ല. മീഖളിന് ദാവീദിനോടുള്ള പ്രണയം ശൗൽ രാജാവും അറിഞ്ഞു. മീഖൾ വഴി ദാവീദിനെ ഇല്ലാതാക്കാൻ ശൗൽ പദ്ധതികൾ രൂപ്പപ്പെടൂത്തി. മീഖളിനെ ദാവീദിന് ഉപേക്ഷിക്കാൻ കഴിയില്ലന്ന് രാജാവിനറിയാമായിരുന്നു. ശൗൽ തന്നെ ദാവീദിനെവിളിച്ച് മീഖളിനെ വിവാഹം ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചു. ദാവീദ് മറുപടി ഒന്നും പറയാതെ തിരികെപ്പോന്നു. രാജാവ് തന്റെ ജോലിക്കാരെക്കോണ്ട് ദാവീദിനോട് സ്വകാര്യമായി സംസാരിപ്പിച്ചു. ദാവീദിന്റെ മനസറിയുകയായിരുന്നു ലക്ഷ്യം. തന്റെ കൈയ്യിൽ സ്ത്രിധനമായി നൽകാൻ ഒന്നുമില്ല എന്ന് ദാവീദ് പറഞ്ഞത് ജോലിക്കാർ രാജാവിനോട് പറഞ്ഞു. പണവും സമ്പത്തും ഒന്നും നൽകാതെ ഫെലിസ്ത്യരുടെ നൂറ് അഗ്രചർമ്മം മാത്രം നൽകിയാൽ രാജാവിന്  വിവാഹത്തിന് സമ്മതമാണന്ന് ശൗൽ ജോലിക്കാരെക്കൊണ്ട് ദാവീദിനോട് പറയിപ്പിച്ചു. ഫെലിസ്ത്യരെ
ആക്രമിക്കുമ്പോൾ അവർ ദാവിദിനെ കൊലപ്പെടുത്തിക്കോളും എന്ന് ശൗൽ കരുതി. സ്ത്രിധനമായി നൂറ് ഫെലിസ്ത്യ അഗ്രചർമ്മം നൽകിയാൽ മതിയന്ന് അറിഞ്ഞപ്പോൾ ദാവീദിന് സന്തോഷമായി. ദാവീദ് മീഖളിനെകണ്ട് യാത്രപറഞ്ഞു. തന്റെ പ്രണയിതാവ് ഫെലിസ്ത്യരെ വധിച്ച്  അഗ്രചർമ്മം രാജാവിന് സ്ത്രിധനമായി നൽകി തന്നെ ഭാര്യയാക്കുന്നത് അവൾ സ്വപനം കണ്ടു. ദാവീദും സംഘവും ഇരുന്നൂറ് ഫെലിസ്ത്യരെ കൊന്ന് അവരുടെ അഗ്രചർമ്മം ശൗലിന് സ്ത്രിധനമായി നൽകി മീഖളിനെ വിവാഹം കഴിച്ചു....

പ്രതിസന്ധികളെ എല്ലാം അതിജീവിച്ച്  അവരുടെ പ്രണയം സഫലമായെങ്കിലും കാലം അവർക്കായി കാത്തുവച്ചിരുന്നത് ദുരന്തങ്ങൾ ആയിരുന്നു. ദാവീദിനും മീഖളിനും പിരിയേണ്ടിവന്നു. മീഖൾ മറ്റൊരു വിവാഹം കഴിച്ചു. ദാവീദിന് മറ്റ് പ്രണയങ്ങളും വിവാഹങ്ങളും ഉണ്ടായി. കാലചക്രത്തിൽ ദാവീദ് വീണ്ടും മീഖളിനെ സ്വന്തമാക്കി. പക്ഷേ അവർ വീണ്ടും വേർപിരിഞ്ഞു. അവസാനം ദാവീദ് മീഖളിനെ കൊലപ്പെടുത്തി. ഒരു ദുഃഖപൂർണ്ണമായ പ്രണയവസാനം !!

6. ദാവീദും ബത്ത്-ശേബയും (2ശമുവേൽ 11) - വഞ്ചനയുടെ പ്രണയം
ചതിയും വഞ്ചനയും കൊലപാതകവും നിയമവിരുദ്ധതയും ഒക്കെ ചേർന്ന ഒന്നായിരുന്നു ദാവീദ്-ബത്ത് ശേബ ബന്ധം.  ഒരു യുദ്ധകാലത്ത് സന്ധ്യാസമയത്ത് യെരുശലേമിലെ കൊട്ടാരത്തിൽ നിൽക്കുമ്പോൾ അതിസുന്ദരിയായ ഒരു സ്ത്രി കുളിക്കുന്നത് ദാവീദ് കണ്ടു. ദാവീദ് ആളയച്ച് അവളെക്കുറിച്ച് അന്വേഷിച്ചു. ഹിത്യനായ ഊരിയാവിന്റെ ഭാര്യ ബത്ത്-ശേബയാണ് ആ സുന്ദരിയെന്ന് ഭൃത്യന്മാർ ദാവീദിനെ വന്നറിയിച്ചു.
David begehrt Batseba 17Jh
സുന്ദരിയായ അവളോട് അവന് പ്രണയം തോന്നിത്തുടങ്ങിരുന്നു. അവളെസ്വന്തമാക്കാൻ അവൻ ആഗ്രഹിച്ചു. അവൾ കന്യകയല്ലന്നും ഭർത്താവ് മരിച്ചവളല്ലന്നും ദാവീദിന് അറിയാമായിരുന്നു.ബത്ത്-ശേബയുടെ ഭർത്താവായ ഊരിയാവ് തനിക്ക് വേണ്ടി യുദ്ധത്തിന് പോയതാണന്നും അറിയാമായിരുന്നു. എല്ലാം അറിഞ്ഞുകൊണ്ടു തന്നെ ദാവീദ് ബത്ത്-ശേബയെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു.വിവാഹം കഴിക്കാതെ തന്നെ ദാവീദിനൊപ്പം ബത്ത്-ശേബയ്ക്ക് കിടക്കപങ്കിടേണ്ടി വന്നു.

താൻ ഗർഭിണിയാണന്ന് ബത്ത്-ശേബ അറിയിക്കുമ്പോൾ ദാവീദ് ഭയപ്പെട്ടു. ഭർത്താവ് ഇല്ലാതെ ഭാര്യ എങ്ങനെ ഗർഭിണിയാകും. ചോദ്യങ്ങൾ ഉയരും, ചോദ്യങ്ങൾ തന്റെ നേരെ വരും. ന്യായപ്രമാണലംഘനം സംഭവിച്ചതായി എല്ലാവർക്കും മനസിലാകും. മരണകരമായ കുറ്റമാണ് ചെയ്തിരിക്കുന്നത്. (ലേവ്യ 20:10). ഉപായത്തിലൂടെ  ഊരിയാവിനെ യുദ്ധമുഖത്ത് നിന്ന് കൊട്ടാരത്തിൽ എത്തിച്ച് ബെത്ത്-ശേബയുടെ അടൂക്കൽ എത്തിക്കാനുള്ള ശ്രമം രണ്ട് പ്രാവിശ്യം പരാജയപ്പെട്ടു. ഭാര്യയുടെ അടുക്കലേക്ക് പോകാതെ ഊരിയാവ് കൊട്ടാരത്തിൽ നിന്ന് യുദ്ധസ്ഥലത്തിലേക്ക് തിരികെപോയി. പടനയിക്കുന്ന യോവാബിന് നൽകാൻ ദാവീദ് ഒരു എഴുത്തും നൽകിയാണ് ഊരിയാവിനെ യുദ്ധഭൂമിയിലേക്ക് അയക്കുന്നത്. ഊരിയാവിനെ ചതിയിൽപ്പെടുത്തി യുദ്ധത്തിനിടയിൽ കൊലപ്പെടുത്തണം എന്നായിരുന്നു ആ എഴുത്തിൽ എഴുതിയിരുന്നത്. ദാവീദിന്റെ കല്പന യോവാബ് അനുസരിച്ചു. യുദ്ധത്തിൽ ഊരിയാവ് കൊല്ലപ്പെട്ടു. സങ്കടകാലം കഴിഞ്ഞപ്പോൾ ബത്ത്-ശേബയെ ദാവീദ് വിവാഹം കഴിച്ചു.

:: ഒരാൾക്ക് മാത്രം തോന്നിയ പ്രണങ്ങൾ ::

7. ശെഖേംമിനു ദീനയോട് തോന്നിയ പ്രണയം (ഉല്പത്തി 34)
ഗോത്രപിതാവായ യാക്കോബിന് ലേയയിൽ ഉണ്ടായ മകളായിരുന്നു ദീന - പന്ത്രണ്ട് സഹോദരങ്ങളുടെ പെങ്ങൾ. പദ്ദൻ-അരാമിൽനിന്നു വന്ന യാക്കോബ് സഹോദരനായ ഏശാവിനെ കണ്ടതിനുശേഷം
കനാൻ ദേശത്തിലെ ശേഖേം പട്ടണത്തിലായിരുന്നു.  ഹമോരിന്റെ പുത്രന്മാരോടു (ഹിവ്യനായ ഹമോരിന്റെ ഒരു മകനായിരുന്നു ശേഖേം) നൂറു വെള്ളിക്കാശിന്നു വാങ്ങിയ സ്ഥലത്തായിരുന്നു യാക്കോബിന്റെയും കുടുംബത്തിന്റെയും താമസം. ദീന എല്ലാ ദിവസവും ആ നാട്ടിലെ കനാന്യകന്യകമാരെ കാണാൻ പോവുമായിരുന്നു. (ദേശങ്ങളുടെ ചരിത്രം തുടങ്ങുന്നത് നോഹയുടെ കാലത്തെ പ്രളയത്തിനുശേഷമാണ്. നോഹയുടെ മകനായ ഹാം മിന്റെ നാല് പുത്രന്മാരിൽ ഒരാളായിരുന്നു കനാൻ. കനാന്റെ പതിനൊന്ന് മക്കളിൽ നിന്നാണ് കനാന്യവംശങ്ങളുടെ പിറവി.  കനാന്റെ മക്കളിൽ ഒരാളായിരുന്നു ഹിവ്യൻ). കന്യകമാരുടെ കൂട്ടത്തിൽ നിൽക്കുന്ന ദീനയെ ദേശപ്രഭുവായ ശേഖേം (ഷെക്കെം) കണ്ടു. അവളോട് ശേഖേം‌മിനു പ്രണയം തോന്നി. ഒരു ദിവസം ശേഖേം ദീനയെ പിടിച്ചുകൊണ്ടുപോയി അവളെ മാനഭംഗപ്പെടുത്തി .  ശേഖേം ദീനയോട് പ്രണയപൂർവ്വം പെരുമാറി.

Dinah tissotശേ‌ഖേം തന്റെ അപ്പനായ ഹമോരിനോട് ദീനയെ തനിക്ക് ഭാര്യയായി കിട്ടണം എന്ന് പറഞ്ഞു. ഹമോർ യാക്കൊബിനെ കാണാനായി പോയി. ദീനയുടെ സഹോദരന്മാരും അതേ സമയം വയലിൽ നിന്ന് എത്തി. തന്റെ മകന് ദീനയെ വിവാഹം ചെയ്ത് നൽകണമെന്ന് ഹമോർ യാക്കൊബിനോടും മക്കളോടും ആവശ്യപ്പെട്ടു . ശേഖേം‌മും യാക്കോബിനോടും ദീനയുടെ ആങ്ങളമാരോടും സംസാരിച്ചു.  സ്ത്രിധനവും ദാനവും എത്ര വേണമെങ്കിലും നൽകാം പകരം ദീനയെ വിവാഹം ചെയ്ത് നൽകണമെന്ന് ശേഖേം അവരോട് പറഞ്ഞു. ദീനയെ വിവാഹം ചെയ്ത് കൊടുക്കുന്നതിന് പകരം എന്ത് ചോദിച്ചാലും അത് നൽകാൻ വരെ ശേഖേം തയ്യാറായിരുന്നു. യാക്കൊബിന്റെ ആൺമക്കൾ പക്ഷേ ഹമോറിനോടും ശേഖേമ്മിനോടും സംസാരിച്ചത് കപടമായിട്ടായിരുന്നു. തങ്ങളുടെ സഹോദരിയെ പിടിച്ചുകൊണ്ടുപോയതിലുള്ള പക അവർക്ക് ഉള്ളിൽ ഉണ്ടായിരുന്നു. ശേഖേമും കുടുംബവും പരിച്ഛേദന ഏറ്റാൽ ദീനയെ വിവാഹം ചെയ്ത് നൽകാമെന്ന് യാക്കോബിന്റെ ആണ്മക്കൾ അവരോട് പറഞ്ഞു. അതിന് തയ്യാറല്ലങ്കിൽ അവർ ദീനയെ തിരികെ കൊണ്ടുവരുമെന്നും അറിയിച്ചു.

ദീനയോടുള്ള പ്രണയം കൊണ്ട് ശേഖേം പരിച്ഛേദനയേൽക്കാൻ സമ്മതിച്ചു. ശേഖേം നഗരത്തിലെ പുരുഷന്മാരോട് ഹമോരും ശേഖേമും സംസാരിച്ചു , അവരെക്കൊണ്ടും പരിച്ഛേദനഏൽക്കാൻ സമ്മതിപ്പിച്ചു. ശേഖേമും കൂടെയുള്ളവരും പരിച്ഛേദനയേറ്റതിന്റെ മൂന്നാം ദിവസം ,അവർ വേദനയോടെ ഇരിക്കുമ്പോൾ യാക്കോബിന്റെ രണ്ട് ആണ്മക്കളായ ശിമെയോനും ലേവിയും (ലേയയുടെ മക്കൾ) പട്ടണത്തിൽ ചെന്ന്  വാൾ കൊണ്ട് ആ പട്ടണത്തിലെ പുരുഷന്മാരെയെല്ലാം കൊന്നു. തികച്ചും അപ്രതീക്ഷതമായ ആക്രമണത്തിൽ അവരെല്ലാം കൊല്ലപ്പെട്ടു. ഹാമ്മോറിനേയും ശേഖേമിനേയും വാൾകൊണ്ട് വെട്ടിക്കൊന്ന് അവർ ദീനയെ ശെഖേമിന്റെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടു പോയി.

8. പോത്തീഫറിന്റെ ഭാര്യയ്ക്ക് യോസഫിനോട് തോന്നിയ പ്രണയം - (ഉല്പത്തി 39)
മിദ്യാനകച്ചവടക്കാരിൽ നിന്ന് യോസഫിനെ വാങ്ങിയ ഫറവോന്റെ കടമ്പടിനായകാനായ പോത്തീഫർ യോസഫിനെ തന്റെ വീട്ടിൽ കൊണ്ടു വന്നു. യോസഫിന്റെ കൂടെ ദൈവം ഉണ്ടന്നും യോസഫ് ചെയ്യുന്നതെല്ലാം ദൈവം സാധിപ്പിക്കുന്നു എന്നും പോത്തിഫർ കണ്ടു. യോസഫിന്റെ പരിചാരക ശുശ്രൂഷയിൽ സംതൃപ്തനായ പോത്തിഫർ യോസഫിനെ തന്റെ വീടിന്റെ ഗൃഹവിചാരകനാക്കുകയും ചെയ്തു.
യോസഫ് ബുദ്ധിമാനും അതി സുന്ദരനും യുവാവും ആയിരുന്നു. ആരേയും ആകർഷിക്കുന്ന രൂപം. യോസഫിന്റെ അതി മനോഹര രൂപം പോത്തിഫറിന്റെ ഭാര്യയുടെ മനസിൽ മായാതെ നിന്നു. അവൾക്ക് യോസഫിനോട് പ്രണയം തോന്നി തുടങ്ങി. അവനെ എങ്ങനേയും തന്റെ ഇഷ്ടത്തിലേക്ക് കൊണ്ടു വരണമെന്ന് അവൾ ആഗ്രഹിച്ചു. അവന്റെ ശ്രദ്ധ നേടാൻ അവൾ പലവഴികളും ആലോചിച്ചു.പക്ഷേ യോസഫ് അവളിൽ നിൻ കഴിവതും ഒഴിഞ്ഞു മാറി. ഒരു ദിവസം അവൾ തന്റെ പ്രണയവും യോസഫിനോട് വെളുപ്പെടുത്തിയിട്ട് അവനെ തന്റെ കിടക്കയിലേക്ക് ക്ഷണിച്ചു. യോസഫ് അവളുടെ ക്ഷണം നിരസിച്ചു.

"ഈ വീടിന്റെ ഗൃഹവിചാരകാനാണ് ഞാൻ. ഈ വീട്ടിൽ ഉള്ളയാതൊന്നിനെകുറിച്ച് യജമാനാന് അറിയില്ല,അദ്ദേഹത്തിനു ഉള്ളതെല്ലാം എല്ലാം എന്നെ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുകയാണ് .യജമാനനും യജമാനിത്തിയും കഴിഞ്ഞാൽ ഈ വീട്ടിൽ എന്നെക്കാൾ വലിയവൻ ആരും ഇല്ല. ഞാൻ ഇവിടെ എന്ത് ചെയ്താലും അവൻ അറിയത്തുമില്ല.ഈ വീട്ടിൽ യാതൊന്നും അവൻ എനിക്ക് നിഷേധിച്ചിട്ടുമില്ല. പക്ഷേ നിങ്ങൾ എന്റെ യജമാനന്റെ ഭാര്യയാണ്. ഞാൻ യജമാനനോട് ദോഷം ചെയ്ത് ദൈവത്തോട് വലിയ പാപം ചെയ്യുന്നത് എന്ങനെ?". യോസഫ് തന്റെ യജമാനന്റെ ഭാര്യയോട് ചോദിച്ചു... അവൾ അവസരം കിട്ടുമ്പോഴും അവസരങ്ങൾ ഉണ്ടാക്കിയും യോസഫിനോട് തന്റെ പ്രണയം ആവർത്തിച്ചു കൊണ്ടേ ഇരുന്നു. അവനെ തന്റെ അരികത്തിരിക്കാനും കിടക്കയിലേക്കും അവൾ ക്ഷണിച്ചുകൊണ്ടേഇരുന്നു. അവളുടെ എല്ലാ ക്ഷണവും അവൻ നിരസിച്ചു. യജമാനന്റെ ഭാര്യയുടെ മുന്നിൽ എത്തേണ്ടി വരുന്ന അവസരങ്ങൾ യോസഫ് ഒഴിവാക്കുകയും എന്തെങ്കിലും ആവശ്യത്തിനു യജമാനന്റെ ഭാര്യയുടെ അടുക്കൽ പോകേണ്ടി വരികയാണങ്കിൽ അവൻ തന്റെ ഒപ്പം ആരെയെങ്കിലും കൂടി കൂട്ടാനും തുടങ്ങി.

ഒരു ദിവസം യോസഫ് തന്റെ ജോലി ചെയ്യാനായി വീടിനകത്തേക്ക് വന്നു. വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു. യോസഫ് വീടിനകത്തേക്ക് വരുന്നത് പോത്തീഫറിന്റെ ഭാര്യ കണ്ടു. അവൾ അവന്റെ അടുക്കലേക്ക് ചെന്നു. പ്രണയ പൂർവ്വം അവനെ തന്റെ കിടക്കയിലേക്ക് വീണ്ടും ക്ഷണിച്ചു. അവൻ വീണ്ടും അവളുടെ ക്ഷണം നിരസിച്ചു. തന്നെ എപ്പോഴും അവഗണിക്കുന്ന യോസഫിനോടുള്ള പ്രണയം അവളുടെ സിരകളിലൂടെ ഒഴുകി പരന്നു.യോസഫ് അവളുടെ മുന്നിൽ നിന്ന് മാറി തിരികെപോകാൻ തുടങ്ങി .അവൾ അവന്റെ വസ്ത്രത്തിൽ പിടിച്ചു വലിച്ചു കൊണ്ട് മന്ത്രിച്ചു...
"യോസഫ് നിന്നെ ഞാൻ എത്രമാത്രം പ്രണയിക്കുന്നു.ഒരിക്കലെങ്കിലും എന്റെ കൂടെ വന്ന് എന്റെ ആഗ്രഹം പൂർത്തിയാക്കി തരിക. നിന്റെ യജമാനൻ ഒന്നും അറിയാൻ പോകുന്നില്ല. ഇപ്പോഴാണങ്കിൽ ഈ വീടിനകത്ത് പരിചാരകർ ആരും ഇല്ല. വരിക എന്റെ പ്രണയം പങ്കിടുക..എന്നോടൊത്ത് കിടക്കയിലേക്ക് വരിക"

Guido Reni (Italian - Joseph and Potiphar's Wife - Google Art Project യജമാനനെ ചതിച്ച് ദൈവത്തോട് പാപം ചെയ്യാൻ യോസഫിനു സമ്മതമല്ലായിരുന്നു.അവൾ യോസഫിന്റെ വസ്ത്രത്തിൽ പിടിച്ച് വലിച്ച് തന്റെ മുറിയിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചു . യോസഫ് തന്റെ വസ്ത്രം അവളുടെ കൈയ്യിൽ വിട്ടേച്ച് പുറത്തേക്ക് ഓടിപ്പോയി.യോസഫ് ഓടിപ്പോകുന്നത് കണ്ടപ്പോൾ അവൾ പരിഭ്രമിച്ചു. താൻ അവനെ കിടക്കയിലേക്ക് ക്ഷണിച്ചത് പോത്തീഫറിനോടോ മറ്റാരോടെങ്കിലും പറഞ്ഞാൽ തനിക്ക് പിന്നീടിവിടെ ജീവിക്കാൻ പറ്റില്ല. ഒരു അഭിസാരികയെപ്പോലെ എല്ലാവരും തന്നോട് പെരുമാറും. പോത്തീഫർ തന്നെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യും. അവളുടെ ഉള്ളിൽ പെട്ടന്ന് തന്നെ ഒരുപായം തെളിഞ്ഞു.ഉടൻ തന്നെ അവൾ നിലവിളിക്കാൻ തുടങ്ങി.അവളുടെ നിലവിളി കേട്ട് വീട്ടിലുള്ളവരും പരിചാരകരും ഓടി വന്നു..യോസഫിന്റെ വസ്ത്രവുമായി നിൽക്കുന്ന അവളെ കണ്ട് അവർ പരസ്പരം നോക്കി.അവൾ യോസഫിന്റെ തുണി എല്ലാവരേയും കാണിച്ചു കൊണ്ട് പറഞ്ഞു.

"നമ്മളെ കളിയാക്കാനായി പോത്തീഫർ എബ്രായനായ യോസഫിനെ അടിമ ചന്തയിൽ നിന്ന് വാന്ങി കൊണ്ടു വന്നു.എന്നിട്ട് അവന്റെ കൂടേ ദൈവം ഉണ്ടന്ന് പറഞ്ഞ് എല്ലാത്തിനും അവനെ കാര്യവിചാരകനാക്കി. എന്നിട്ടവനിപ്പോൾ ചെയ്തതോ... അവനിപ്പോൾ എന്റെ കൂടെ കുറച്ച് സമയമെങ്കിലും കഴിയണമെന്ന് പറഞ്ഞ് എന്നെ കയറിപ്പിടിക്കാൻ വന്നു.ഞാൻ ഉറക്കെ നിലവിളിച്ചപ്പോൾ അവന്റെ വസ്ത്രം ഇവിടെ ഇട്ടിട്ട് ഓടിപ്പോയി". അവൾ പറഞ്ഞത് എല്ലാവർക്കും വിശ്വാസമായില്ലങ്കിലും അവർ അവളെ ആശ്വസിപ്പിച്ചു.

പോത്തീഫർ കൊട്ടാരത്തിൽ നിന്ന് മടങ്ങി വരുന്നതുവരെ അവൾ യോസഫിന്റെ വസ്ത്രം കൈയ്യിൽ പിടിച്ചു നിന്നു. പോത്തീഫർ മടങ്ങി വന്നപ്പോൾ അവൾ വീട്ടുകാരോടും പരിചാരകരോടും പറഞ്ഞ കഥ അവനോടും ആവർത്തിച്ചു.
"അടിമചന്തയിൽ നിന്ന് നിങ്ങൾ വാങ്ങിയ ആ എബ്രായൻ എന്നെ ബലാത്ക്കാരം ചെയ്യാൻ വന്നപ്പോൾ ഞാൻ ഉറക്കെ നിലവിളിച്ചു. എന്റെ നിലവിളി കേട്ടപ്പോൽ അവൻ വസ്ത്രം ഇവിടെ ഉപേക്ഷിച്ച് ഓടിക്കളഞ്ഞു..നിന്റെ ദാസൻ എന്നോട് ഇങ്ങനെ ചെയ്തത് എന്ത്?" അവൾ തന്റെ ഭർത്താവിനോട് ചോദിച്ചു.

അവളുടെ ചോദ്യം അവന്റെ മനസിനെ മുറിപ്പെടുത്തി. അടിമ ചന്തയിൽ നിന്ന് വാന്ങിയ യോസഫിനോട് താൻ ഒരിക്കൽ പോലും ഒരു അടിമയോട് പെരുമാറിയിട്ടില്ല. അവനെ തനിക്കുള്ളതിന്റെയെല്ലാം കാര്യവിചാരകനാക്കി നിയമിക്കുകയും ചെയ്തു. എന്നിട്ട് അവൻ തന്റെ ഭാര്യയെ,അവന്റെ യജമാനത്തിയെ ബലാത്ക്കാരം ചെയ്യാൻ ശ്രമിച്ചിരിക്കുന്നു.തന്റെ ഭാര്യ പറഞ്ഞതെല്ലാം അവൻ വിശ്വസിച്ചു .അവൻ കോപം കൊണ്ട് വിറച്ചു. യോസഫിനെ കൊണ്ടുവരാൻ അവൻ കല്പിച്ചു.പരിചാരകർ യോസഫിനെ പിടിച്ചു കൊണ്ടു വന്നു. പോത്തിഫറിന്റെ ഭാര്യ ഒരു വിജയിയെപോലെ പോത്തീഫറിന്റെ അടുക്കൽ നിന്നു. തന്റെ യജമാനന്റെ മുന്നിൽ യോസഫ് കുറ്റക്കാരനെപോലെ നിന്നു. യോസഫിനെ കാരാഗൃഹത്തിൽ അടക്കാൻ പോത്തീഫർ ഉത്തരവിട്ടു. പരിചാരകർ യോസഫിനെ കാരാഗൃഹത്തിൽ അടച്ചു.

9. അ‌മ്‌നോന് താമാറിനോട് തോന്നിയ പ്രേമം :  (2ശമുവേൽ 13) - മരണം ഇരന്ന് വാങ്ങിയ അ‌മ്‌നോന്റെ പ്രണയം
ദാവീദിന്റെ രണ്ട് മക്കളാണ് അമ്‌നോനും താമാറും. ദാവീദിന് മയഖയിൽ ജനിച്ച മകളാണ് താമാർ , അബ്ശാലോമിന്റെ സഹോദരി. യിസ്രെയേൽക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോൻ ആണ് ദാവീദിന്റെ ആദ്യജാതൻ. അ‌മ്‌നോന് പ്രണയം തോന്നുന്നത് തന്റെ അർദ്ധ സഹോദരിയായ താമാറിനോടാണ്. തമാറിനോടുള്ള പ്രണയം പുറത്തുപറയാനാവാതെ ഉള്ളിൽ ഒതുക്കിപ്പിടിച്ച പ്രണയം അവനെ രോഗിയാക്കിമാറ്റി. ഈ സമയത്താണ് അ‌മ്‌നോനിന്റെ സുഹൃത്ത്; ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകനായ യോനാദാബ് അവന്റെ അടുക്കൽ എത്തുന്നത് . യോനാദാബിന്റെ ആവർത്തിച്ചുള്ളാ ചോദ്യങ്ങൾക്കവസാനം അബ്ശാലോമിന്റെ സഹോദരിയായ താമാറിനോട് തനിക്കുള്ള പ്രണയത്തെക്കുറിച്ച് അ‌മ്‌നോൻ പറഞ്ഞു. തമാറിനെ അ‌മ്‌നോന് അടുക്കൽ എത്തിക്കാനുള്ള ഒരു ഉപായം   യോനാദാബ്  അ‌മ്‌നോന് പറഞ്ഞ് കൊടുക്കുന്നു.  തന്റെ സഹോദരിയായ താമാർ തന്റെ അടുക്കൽ വന്ന് ഭക്ഷ്ണം ഉണ്ടാക്കിത്തരണമെന്ന് ദാവീദ് രാജാവ് കാണാൻ വരുമ്പോൾ ആവശ്യപ്പെടണമെന്ന് യോനാദാബ്  അ‌മ്‌നോനോട് പറഞ്ഞു. ദാവീദ് കാണാൻ വന്നപ്പോൾ അ‌മ്‌നോൻ അങ്ങനെ തന്നെ ചെയ്തു. ദാവീദ് തമാറിനെ ആളെ അയച്ച് , സഹോദരനായ അ‌മ്‌നോന് വീട്ടിൽ എത്തി ഭക്ഷ്ണം ഉണ്ടാക്കി നൽകാൻ പറയിച്ചു.

Jan Steen 001
താമാർ അ‌മ്‌നോന്റെ വീട്ടിൽ എത്തി അവൻ പറഞ്ഞതുപോലെ അവനുവേണ്ടി വട ഉണ്ടാക്കി. തന്റെ കൂടെ നിൽക്കുന്നവരെയെല്ലാം പുറത്താക്കിയതിനു ശേഷം അ‌മ്‌നോൻ താമാറിനെ ഭക്ഷ്ണവുമായി മുറിയിലേക്ക് വിളിപ്പിച്ചു. മുറിയിയിലേക്ക് ചെന്ന തമാറിനെ അവൾ പറയുന്നതൊന്നും കേൾക്കാതെ അവളുടെ എതിർപ്പുകൾ അവഗണിച്ച് അ‌മ്‌നോൻ ബലാത്ക്കാരം ചെയ്തു. പെട്ടന്നു തന്നെ അ‌മ്‌നോന് താമാറിനോട് വെറുപ്പായി. അവന് അവളോട് തോന്നിയ പ്രേമത്തെക്കാൾ ഇരട്ടി വെറുപ്പ്. അ‌മ്‌നോൻ താമാറിനെ പുറത്താക്കിച്ച് വാതിലടച്ചു. താമാർ നിലവിളിച്ച് തന്റെ കുപ്പായം കീറി തലയിൽ ചാരം വാരിയിട്ട് കൈകൾ തലയിൽ വെച്ച് നടന്നുപോയി. താമാർ ഏകാകിയായി സഹോദരനായ അബ്‌ശാലോമിന്‍റെ വീട്ടിൽ താമസിച്ചു. അബ്‌ശാലോമിന് തന്റെ സഹോദരിയെ നശിപ്പിച്ച അ‌മ്‌നോനോട് പകയായിരുന്നു എങ്കിലും പുറത്ത് കാണിച്ചില്ല.പ്രതികാരത്തിനായി കാത്തിരുന്നു. രണ്ട് വർഷത്തിനു ശേഷം അബ്‌ശാലോം അ‌മ്‌നോനെ വധിച്ചു തന്റെ പ്രതികാരം പൂർത്തിയാക്കി.

10. തോബിയാസ് - സാറാ (തോബിത്ത് 7,8) :: പ്രാണഭയമില്ലാത്ത നിഷ്‌കളങ്കമായ പ്രണയം
ഒരാളെ കാണാതെയോ കേൾക്കാതയോ പ്രണയിക്കാൻ പറ്റുമോ? സുഹൃത്തിന്റെ വിവരണത്തിലൂടെ കേൾക്കുന്ന ഒരു പെൺകുട്ടിയിൽ പ്രണിയിക്കാൻ കഴിയുമോ? ഇങ്ങനെ പ്രണയിച്ച ഒരാളെ ബൈബിളിൽ, തോബിത്തിന്റെ പുസ്ത്കത്തിൽ കാണാൻ പറ്റും. തോബിത്തിന്റെ മകനായ തോബിയാസാണ് തന്റെ സഹയാത്രികനായ അസറിയാസിന്റെ (ദൈവദൂതനായിരുന്ന റഫായേലായിരുന്നു ഇത്) വാക്ക് കേട്ട് ഏക്‌ബത്താനായിലെ റഗുവേലിന്റെ മകളായ സാറായെ പ്രണയിച്ചത്. ഏഴു വിവാഹം കഴിഞ്ഞവളായിരുന്നു സാറാ. പക്ഷേ വിവാഹരാത്രിയിൽ തന്നെ ആ ഏഴുപേരും മണവറയിൽ വെച്ചുതന്നെ മരിക്കുകയായിരുന്നു. മണവറയിൽ അവളുടെ അടൂത്ത് എത്തുന്ന ഭർത്താക്കന്മാരെ അസ്‌മോദേവൂസ് എന്ന ദുഷ്ടപിശാച് വധിക്കുകയായിരുന്നു.

തോബിയായിന്റെ പിതാവായ തോബിത്ത് വർഷങ്ങൾക്ക് മുമ്പ് ഗബായേൽ എന്ന ആളിന്റെ കൈയ്യിൽ പത്തു താലന്ത് വെള്ളി ഏൽപ്പിച്ചിരുന്നു. അത് വാങ്ങാൻ തോബിയാസിനെ നിനെവേയിൽ നിന്ന് തോബിത്ത് മേദിയായിലെ റാഗെസിലേക്ക് പറഞ്ഞു വിടുന്നു. തോബിയാസിന് കൂട്ടിനുപോകാനായി ഒരാളെ തിരക്കുമ്പോൾ ദൈവദൂതനായ റഫായേൽ തോബിത്തിന്റെ ബന്ധുവായ അനനിയാസിന്റെ പുത്രനായ അസറിയാസ് ആണന്ന് പറഞ്ഞു ആ യാത്രയിൽ ചേരുന്നു. പിന്നീടൂള്ള യാത്രയിൽ അസറിയാസ് എന്ന റഫായേൽ ദൂതന്റെ നിർദ്ദേശം അനുസരിച്ചായിരുന്നു തോബിയാസ് പോയത്. ടൈഗ്രീസ് നദിയിൽ നിന്ന് ലഭിച്ച മീനിന്റെ ചങ്കും കരളും കയ്പയും(ഹൃദയം , കരൾ , പിത്താശയം) അസറിയാസിന്റെ നിർദ്ദേശപ്രകാരം തോബിയാസ് എടുത്ത് സൂക്ഷിക്കുന്നു. പിശാച് ഉപദ്രവിച്ചാൽ മീനിന്റെ ചങ്കും കരളും എടൂത്ത് പുകച്ചാൽ പിശാച് ശല്യപ്പെടൂത്തുകയില്ലന്ന് അസറിയാസ് പറഞ്ഞു.

പോകുന്ന വഴിയിൽ അവർ ഏക്ബത്താനായിൽ എത്തി. തോബിയായിസിന്റെ ബന്ധുവായ റഗുവേലിന്റെ  വീട്ടിൽ ഇന്ന് കഴിയാമെന്ന് അസറിയാസ് തോബിയാസിനോട് പറഞ്ഞു. റഗുവേലിന്റെ സുന്ദരിയും വിവേകമതിയുമായ മകൾ സാറായെ തോബിയാസ് വിവാഹം ചെയ്യണമെന്ന് അസറിയാസ് അഭിപ്രായപ്പെട്ടു. സാറാ വിവാഹം കഴിച്ച ഏഴുപേരും മരിച്ചതിനെക്കുറിച്ച് തോബിയാസ് അസറിയാസിനോട് പറയുന്നു, താൻ പിതാവിന് ഒരൊറ്റ മകനാണന്നും വിവാഹം ശേഷം താൻ മരിച്ചുപോയാൽ മാതാപിതാക്കൾ ദുഃഖം താങ്ങാനാവാതെ മരിക്കുമെന്നും അയാൾ തുടർന്നു. അതിന് ദൂതനായ അസറിയാസ് പറയുന്നത് വിവാഹം കഴിഞ്ഞ് മണീയറയിൽ പ്രവേശിക്കുമ്പോൾ ധൂപപാത്രത്തിലെ കനലിൽ മീനിന്റെ ചങ്കും കരളും ഇട്ട് പുകച്ചാൽ  പിശാചിനെ ഓടിക്കാൻ സാധിക്കുമെന്നാണ്. സാറാ തോബിയാസിനായി നിശ്ചയിക്കപ്പെട്ടവളാണ് , തോബിയാസ് സാറായെ രക്ഷിക്കും , തോബിയാസിന് സാറായിൽ മക്കൾ ഉണ്ടാകും എന്ന് പറഞ്ഞ് ദൂതൻ തോബിയായിനെ ധൈര്യപ്പെടൂത്തി. സാറായെക്കുറിച്ചുള്ള വർണ്ണനകൾ ദൂതൻ തുടർന്നപ്പോൾ തോബിയാസിനോട് അവളൊട് പ്രണയം തുടങ്ങി. അവളെ വിവാഹം കഴിക്കാൻ അവൻ വെമ്പൽ പൂണ്ടു.

Nicolaus Knupfer - Tobias en Sarah 1654തോബിയാസും അസറിയാസ് എന്ന റഫായേൽ ദൂതനും റഗുവേലിന്റെ വീട്ടിലെത്തി. സാറാ അവരെ സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. തന്റെ ബന്ധുവായ തോബിത്തിന്റെ മകനാണ് തോബിയാസ് എന്ന് റഗുവേൽ മനസിലാക്കി. റഗുവേലും ഭാര്യ എദ്‌നായും അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അവർ ആട്ടിൻകൂട്ടത്തിൽ നിന്ന് ഒരു മുട്ടാടിനെകൊന്ന് വിഭവസമൃദ്ധമായ ഭക്ഷണമുണ്ടാക്കി സത്ക്കരിച്ചു. അതിനുശേഷം തോബിയാസ്-സാറാ വിവാഹത്തെക്കൂറിച്ച് റഫായേൽ റഗുവേലിനോട് സംസാരിച്ചു. തന്റെ മകളുടെ കഴിഞ്ഞകാല വിവാഹത്തെക്കുറിച്ച് റഗുവേൽ തോബിയാസിനോട് തുറന്നുപറഞ്ഞു. തോബിയാസിന് സാറായോടുള്ള പ്രണയം കൂടിയതേയുള്ളൂ. തോബിയാസിന്റെയും സാറായുടെയും വിവാഹത്തിന് റഗുവേൽ സമ്മതം നൽകി. റഗുവേൽ മകൾ സാറായെ കൈയ്ക്ക് പിടിച്ച് തോബിയാസിന് ഭാര്യയായി നൽകി. വിവാഹ വാഗ്ദാനം എഴുതി അവർ അതിൽ മുദ്രയും വെച്ചു. സാറായുടെ അമ്മയായ എദ്‌നാൻ തോബിയാസ്-സാറായ്ക്ക് വിവാഹമുറി ഒരുക്കി നൽകി. കരയുന്ന സാറായെ എദ്‌നാൻ ആശ്വസിപ്പിച്ച് വിവാഹമുറിയിലേക്ക് അയിച്ചു. മുറിയിലേക്ക് കടന്ന തോബിയാസ് റഫായേൽ ദൂതന്റെ വാക്കുകൾ പോലെ മുറിയിലെ ധൂപപാത്രത്തിൽ മത്സ്യത്തിന്റെ ചങ്കും കരളും ഇട്ട് പുകച്ചു. മണമേറ്റപ്പോൾ ഓടിപ്പോയ പിശാചിനെ റഫായേൽ ബന്ധിച്ചു. മണവറയിൽ വെച്ച് തോബിയാസും സാറായും ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട്. പ്രാർത്ഥനയുടെ അവസാനം തോബിയാസ് പറയുന്നതിങ്ങനെയാണ് , " കർത്താവേ ഞാൻ ഇവളെ സ്വീകരിക്കൂന്നത് ജഡികമായ അഭിലാഷത്താലല്ല , നിഷ്‌കളങ്കമായ പ്രേമത്താലാണ് .അങ്ങയുടെ കാരുണ്യം എനിക്ക് ഉണ്ടാകണമെ ! ഇവളോടൊത്ത് വാർധക്യത്തിലെത്തുന്നതിന് അവിടൂന്ന് അനുഗ്രഹിച്ചാലും! ". പതിന്നാലു ദിവസം നീണ്ടു നിന്ന വിവാഹവിരുന്നിന് ശേഷം തോബിയാസും സാറായും അസറിയാസും നിനെവെയിലേക്ക് തിരിച്ചത്തി.

11. ശലോമോനും ശൂനേംകാരത്തിയായ അബീശഗിനും...:: ഒരു ത്രികോണപ്രണയം
ശലോമോൻ രാജാവു ഫറവോന്റെ മകളെ കൂടാതെ മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യാജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു.(1രാജാക്കന്മാർ 11:1) , അവന്നു എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്റെ ഭാര്യമാർ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു. (1രാജാക്കന്മാർ11:3).  ശലോമോനെക്കുറിച്ച് പറഞ്ഞിരിക്കൂന്ന രണ്ട് വാക്യങ്ങളാണ് . ആയിരത്തോളം സ്ത്രികളെ സ്വന്തമാക്കി അവരോടൊപ്പം കഴിഞ്ഞിരുന്ന ഒരാൾക്ക് പ്രണയം ഉണ്ടാകുമോ? അധികാരവും പ്രതാപവും സമ്പത്തും ജ്ഞാനവും ഉള്ള ഒരാളുടെ; അതും രാജാവിന്റെ, പ്രണയം നിഷേധിച്ച് ഒരു പെൺകുട്ടി തന്റെ കാമുകനായി കാത്തിരിക്കുമോ? വേദപുസ്തകത്തിൽ നിന്ന് മാറ്റി നിർത്തി വായിച്ചാൽ മനോഹരമായ ഒരു പ്രണയകാവ്യമാണ് ഉത്തമഗീതം. അതൊരു നഷ്ടപ്രണയത്തിന്റെ രേഖപ്പെടുത്തലുകൾക്കൂടിയാണന്ന് പറയപ്പെടുന്നു.

King David with Abishag1രാജാക്കന്മാർ 1, 2 അദ്ധ്യായങ്ങളിലായി അഞ്ച് വാക്യങ്ങളിൽ മാത്രം പരാമർശിക്കപ്പെടുന്ന ഒരാളാണ് ശൂനേംകാരത്തിയായ അബീശഗിൻ(അബീശഗ്). വയസുചെന്ന് വൃദ്ധനായ ദാവീദ് രാജാവിനെ ശുശ്രൂഷിക്കാനും രാജാവിന്റെ കുളിർമാറാനായി അവനോടൊപ്പം കിടക്കാനുമായി രാജകൊട്ടാരത്തിൽ എത്തിയവളാണ് അതിസുന്ദരിയായ  ശൂനേംകാരത്തി അബീശഗിൻ. (1രാജാക്കന്മാർ 1-4). പരിചാരക എന്നതിന് അപ്പുറത്തേക്ക് ദാവീദ്-അബീശാഗിൻ ബന്ധം പോയില്ല.  The woman was very beautiful; she took care of the king and waited on him, but the king had no sexual relations with her. (new International Version NIV-1King1:4) . രാജകൊട്ടാരത്തിൽ തന്റെ പിതാവിനെ പരിചരിക്കുന്ന അബീശഗീനെ ശലോമോൻ കണ്ടതുമുതൽ അവന് അവളോട് ഇഷ്ടം തോന്നി തുടങ്ങിയിരിക്കാം. തന്നെ നിയമിച്ച തൊഴിലിൽ മാത്രമായിരുന്നു അബീശഗിന് ശ്രദ്ധ. ദാവീദിന്റെ മരണശേഷവും അബീശഗിൻ കൊട്ടാരത്തിലായിരുന്നു താമസം. ശൂനേംകാരത്തിയായ അബീശഗിനെ തനിക്കു ഭാര്യയായിട്ടു നൽകണമെന്ന് ശലോമോന്റെ അർദ്ധസഹോദരനായ അദോനീയാവ് ശലോമോന്റെ അമ്മയായ ബത്ത്-ശേബവഴി രാജാവായ ശലോമോനോട് ആവശ്യപ്പെടുന്നുണ്ട്. പക്ഷേ ആ അവശ്യം തള്ളിയ ശലോമോൻ അദോനിയാവിനെ കൊല്ലാൻ കൽപ്പിക്കുകയായിരുന്നു.... വെറും ഒരു പരിചാരികയായിരുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ സഹോദരനെ കൊല്ലണമെങ്കിൽ അതിനെ പിന്നിലെ കാരണം എന്തായിരിക്കും??

ഉത്തമഗീതം വേദപുസ്തകത്തിന് പുറത്തെ ഒരു പുസ്തകമായി വായിച്ചാൽ അത് ഏറ്റവും മനോഹരമായ ഒരു പ്രണയകാവ്യമായി വായിക്കാൻ സാധിക്കും (ക്രിസ്ത്യുവും സഭയും ആയിട്ടുള്ള ബന്ധമാണ് ഉത്തമഗീതം എന്നുള്ള വ്യാഖ്യാനം നൽകുന്നത് ആദിമ ക്രൈസ്തവർ ആയിരുന്നു. {പി.ഓ.സി. ബൈബിളിലെ ഉത്തമഗീതം ആമുഖം}). ശലോമോന് അബീശഗിനോട് ഉണ്ടായിരുന്ന പ്രണയവെളിപ്പെടൂത്തലും അത് അവൾ നിഷേധിക്കുന്നതുമാണ് ഉത്തമഗീതം. ഉത്തമഗീതം തുടങ്ങുന്നതുതന്നെ "ശലോമോന്റെ ഉത്തമഗീതം." എന്ന മുഖവുരയോടെയാണ് (1:1). ഉത്തമഗീതം 3:7 , 3:9 , 3:11 , 8:11,12 എന്നീഭാഗങ്ങളിലൊക്കെ ശലോമോന്റെ പേര് പറയുന്നുണ്ട്. ഏഴാം അദ്ധ്യായത്തിന്റെ തുടക്കത്തിൽ ശൂലേംകാരത്തീ,(ശൂനേംകാരത്തി) എന്ന് അഭിസംബോധനയുണ്ട്. ഉത്തമഗീതം ഒരു പ്രണായകാവ്യം എന്ന രീതിയിൽ വായിച്ചു നോക്കൂ. മറ്റൊരാളിനോട് പ്രണയം ഉണ്ടായിരുന്നവൾ രാജാവിന്റെ എല്ലാ പ്രലോഭനങ്ങളെയും തിരസ്ക്കരിച്ച് തന്റെ പ്രണയത്തോട് മാത്രം വിധേയത്വവും ആത്മാർത്ഥതയും കാണിക്കുന്നു. ശൂനേംകാരത്തിക്ക് മറ്റൊരാളിനോട് പ്രണയം ഉണ്ടായിരുന്നു. അവനോട് മാത്രമായിരുന്നു അവളുടെ പ്രണയം. രാജാവിന്റെ പ്രണയം സ്വീകരിച്ച് തന്റെ കാമുകനോടുള്ള പ്രണയം നഷ്ടപ്പെടൂത്താൻ അവൾ തയ്യാറാവുന്നില്ല...

ഉത്തമഗീതത്തിന്റെ ഇംഗ്ലീഷ് പരിഭാഷ (new International Version NIV) 8ന്റെ ആറും ഏഴും വാക്യങ്ങൾ - 6Place me like a seal over your heart, like a seal on your arm;for love is as strong as death,
its jealousy  unyielding as the grave.It burns like blazing fire,like a mighty flame. Many waters cannot quench love;rivers cannot sweep it away.If one were to give all the wealth of one’s house for love,it  would be utterly scorned. എന്നെ ഒരു മുദ്രയായി നിന്‍റെ ഹൃദയത്തിന്മേലും ഒരു മുദ്രയായി നിന്‍റെ കൈമേലും വെച്ചാലും. കാരണം, പ്രേമം മരണംപോലെ ശക്തവും പ്രണയബദ്ധത ശവക്കുഴിപോലെ വഴങ്ങാത്തതും ആണല്ലോ. അതിന്‍റെ ജ്വാലകൾ ആളിക്കത്തുന്ന തീനാളങ്ങളാണ്‌, യാഹിന്‍റെ ജ്വാലയാണ്‌.  ആർത്തലച്ചുവരുന്ന വെള്ളത്തിനു പ്രേമത്തെ കെടുത്തിക്കളയാനാകില്ല. നദികൾക്ക് അതിനെ ഒഴുക്കിക്കളയാനാകില്ല. പ്രേമത്തിനായി ഒരു മനുഷ്യൻ തന്‍റെ വീട്ടിലെ സമ്പത്തു മുഴുവൻ കൊടുക്കാമെന്നു പറഞ്ഞാലും അതെല്ലാം പാടേ പുച്ഛിച്ചുതള്ളും.” (പുതിയലോക ഭാഷാന്തരം ബൈബിൾ)...
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 'ദിവ്യഗീതം' എന്ന ഖണ്ഡകാവ്യത്തിൽ ആ ഭാഗം ഇങ്ങനെയാണ്..

കരുതുകൊരു മുദ്രപോലെന്നെ നിൻ കരളിൽ നീ
കരുതുകൊരു മുദ്രപോൽ നിൻ കരത്തിൽ;
എന്തെന്നാൽ, പ്രേമം മൃതിപോൽശക്ത, മസൂയയോ
ഹന്ത, ശവക്കല്ലറപോലതികഠിനം!
അതിതീക്ഷ്ണജ്ജ്വാലകളാളിപ്പടരുന്നതാ-
ണതിൽനിന്നുയരുന്ന ചെന്തീപ്പൊരികൾ!

ജലധാരയ്ക്കെന്നല്ല പ്രളയത്തിനുകൂടിയു-
മെളുതല്ല കെടുത്തീടുവാൻ പ്രേമദീപം!
ഒരുവൻ നിജഭവനത്തിലെ മുതലെല്ലാം, പ്രേമത്തെ-
ക്കരുതി, യതിനായെടുത്തേകിയാലും;
അതുമുഴുവൻ കേവലം തൃണതുല്യമാണോർക്കി-
ലതുലആം പ്രേമത്തിൻ സന്നിധിയിൽ!

അബീശഗിന്റെ പ്രണയം തിരിച്ചറിഞ്ഞ ശലോമോൻ അവസാനം അവളോടൂള്ള പ്രണയത്തിൽ നിന്ന് പിന്മാറുകയും ,അബീശഗിന്റെ വിവാഹം അവളുടെ ഇഷ്ടപ്രകാരം തന്നെ നടക്കുകയും ചെയതു. (അബീശഗിന്റെ വിവഹത്തെക്കുറിച്ചുള്ള സൂചനകൾ ബൈബിളിൽ ഇല്ല)

**********      ******          ******
ബൈബിളിലെ പ്രണയങ്ങൾ , വേദപുസ്തകത്തിലെ പ്രണയം , പ്രണയകഥകൾ ,