Monday, August 1, 2011

18. ഹാഗാറിന്റെ നിലവിളി

അബ്രാഹാമിന്റെ ഭാര്യയായിരുന്നു സാറാ. വിവാഹശേഷം വളരെ നാളുകള്‍ അവര്‍ക്ക് മക്കളുണ്ടായില്ല. സാറാ തന്റെ മിസ്രയീമ്യദാസിയായിരുന്ന ഹാഗാറിനെ അബ്രഹാമിന് ഭാര്‍‌യ്യയായി നല്‍കി. ഹാഗാര്‍ ഗര്‍ഭിണിയായപ്പോള്‍ സാറായോട് അല്പം നീരസം ഒക്കെ ഭാവിച്ചു. തന്റെ ദാസിയായിരുന്ന ഹാഗാറിന് തന്നോടുള്ള നീരസം സാറായിക്ക് മനസിലായി. തനിക്ക് കുഞ്ഞുങ്ങളേ ഗര്‍ഭം ധരിക്കാനുള്ള കഴിവ് ഇല്ലാത്തതുകൊണ്ടാണ് ഹാഗാറിന് തന്നോട് നീരസം ഉണ്ടായതൊന്നും സാറായ്ക്ക് അറിയാമായിരുന്നു. സാറാ പരാതിയുമായി അബ്രഹാമിന്റെ അടുക്കല്‍ എത്തി. ഹാഗാര്‍ നിന്റെ ദാസിയാണ്. അവളുടെ അധികാരം നിനക്കാണ് നീ അവളോട് ഇഷ്ടം പോലെ ചെയ്തോ എന്നോ അബ്രഹാം സാറായോട് പറഞ്ഞു. അതു കേട്ടതോടെ സാറാ ഹാഗാറിനെ ഉപദ്രവിക്കാന്‍ തുടങ്ങി. ഉപദ്രവം കൂടിയപ്പോള്‍ ഗര്‍ഭിണിയായ ഹാഗാര്‍ തന്റെ യജമാനാത്തിയായ സാറായെ വിട്ട് ഓടിപ്പോയി.

ദൈവത്തിന്റെ ഒരു ദൂതന്‍ ഹാഗാറിനെ മരുഭൂമിയില്‍ വെച്ച് കാണുകയും അവളേ ആശ്വസിപ്പിച്ച് തിരികെ സാറായുടെ അടുക്കലേക്ക് അയിക്കുകയും ചെയ്തു. ഹാഗാര്‍ തിരികെ സാറായുടെ അടുക്കല്‍ വന്നു. ഹാഗാര്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞിന് യി‌ശ്‌മായേല്‍ എന്ന പേരാണ് അബ്രഹാം ഇട്ടത്. ഇ‌ന്‍‌മയേല്‍ ജനിക്കുമ്പോള്‍ അബ്രഹാമിന് എണ്‍‌പത്താറ് വയസുണ്ടായിരുന്നു.

പതിന്നാലു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍, അബ്രഹാമിന് നൂറു വയസായപ്പോള്‍ വൃദ്ധയായ സാറാ ഒരു മകനെ പ്രസവിച്ചു.. ആ മകന് അവര്‍ യിസ‌ഹാക്ക് എന്ന് പേരിട്ടു. വൃദ്ധരായ അബ്രഹാമിനും സാറായിക്കും ഒരു മകന്‍ ഉണ്ടായത് അറിഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു. യിസഹാക്കിന്റെ മുലകുടി മാറിയ ദിവസം അബ്രഹാം വലിയ ഒരു വിരുന്നു നടത്തി. രാജാക്കന്മാരും പ്രഭുക്കന്മാരും ഒക്കെ ആ വിരുന്നില്‍ പങ്കെടുത്തു. എല്ലാവരും യിസഹാക്കിനു സമ്മാനപൊതികളുമായിട്ടാണ് വന്നത്. ഇതെല്ലാം യി‌സ്‌മായേലിന് ഒരു തമാശയായിട്ടാണ് തോന്നിയത്. വിരുന്നിന് പങ്കെടുക്കാന്‍ വന്നവര്‍ യിസഹാക്കിനേയും സാറായേയും നോക്കി ചിരിച്ചു. വൃദ്ധയായ സാറായ്ക്ക് ഇങ്ങനെ ഒരു മകനെ കിട്ടി എന്ന് അവര്‍ അതിശയിച്ചു.

യി‌ശ്‌മായേലും യിസഹാക്കും ഒരുമിച്ച് വളരുന്നത് സാറായ്ക്ക് ഇഷ്ടമല്ലായിരുന്നു. യിശ്‌മായേലിനെ തന്റെ ദാസിയുടെ മകനായിട്ട് മാത്രമായിരുന്നു സാറാ കണ്ടിരുന്നത്. തരം കിട്ടുമ്പോഴെക്കെ യിശ്മായേല്‍ യിസഹാക്കിനെ പരിഹസിക്കുകയും കളീയാക്കുകയും ഒക്കെ ചെയ്യുമായിരുന്നു. തന്റെ മകനായ യിസഹാക്കിനെ യിശ്മായേല്‍ പരിഹസിക്കുന്നു എന്ന് അറിഞ്ഞ ഉടനെ സാറാ അബ്രഹാമിന്റെ അടുക്കല്‍ പരാതിയുമായി എത്തി. തന്റെ ദാസിയായ ഹാഗാറിനേയും അവളുടെ മകനായ യിശ്മായേലിനേയും എത്രയും പെട്ടന്ന് വീട്ടില്‍ നിന്ന് പുറത്താക്കണമെന്നും, തന്റെ മകനായ യി‌സഹാക്കിനോടു‌കൂടെ അവകാശി ആകുന്നത് തനിക്ക് ഇഷ്ടമല്ലന്നും സാറാ അബ്രഹാമിനോട് പറഞ്ഞു. ഇത് കേട്ടപ്പോള്‍ അബ്രഹാമിന് ഭയങ്കര ദേഷ്യമായി. സാറാ നിര്‍ബന്ധിച്ചിട്ടാണ് താന്‍ ഹാഗാറിനെ വിവാഹം ചെയ്‌തത്. യിശ്മായേല്‍ തന്റെ ആദ്യ മകനാണ്. അവരെ രണ്ടിനേയും പുറത്താക്കണമെന്നാണ് സാറാ പറയുന്നത്. ഒരു വശത്ത് സാറായുടെ നിര്‍ബന്ധം മറുവശത്ത് യിശ്മായേലിനോടുള്ള സ്നേഹം. അബ്രഹാം ധര്‍മ്മ സങ്കടത്തിലായി.

അന്ന് രാത്രിയില്‍ ദൈവം അബ്രഹാമിന് പ്രത്യക്ഷനായി. “ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്ക് അനിഷ്ടം തോന്നരുത്. സാറാ പറഞ്ഞതുപോലെ അവളുടെ വാക്ക് കേള്‍ക്കുക.യിസഹാക്കില്‍ നിന്നുള്ളവരാണ് സാക്ഷാല്‍ നിന്റെ സന്തതികള്‍” എന്ന് ദൈവം അബ്രഹാമിനോട് പറഞ്ഞു. അബ്രഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു വലിയ തുരുത്തിയില്‍(പാത്രത്തില്‍ ) വെള്ളവും എടുത്ത് ഹാഗാറിന്റെ തോളത്ത് വെച്ചു. യിശ്മായേലിനെ വിളിച്ച് ഹാഗാറിന്റെ കൈയ്യില്‍ കൊടുത്തു. അവരെ രണ്ടിനേയും വീട്ടില്‍ നിന്ന് പറഞ്ഞയിച്ചു. തന്റെ ആദ്യമകനും അവന്റെ അമ്മയും പോകുന്നത് കണ്ടപ്പോള്‍ അബ്രഹാമിന് സങ്കടം വന്നെങ്കിലും അത് പുറത്ത് കാണിച്ചില്ല. ഹാഗാര്‍ തന്റെ മകനുമായി ബേര്‍-ശേബ മരുഭൂമിയിലൂടെ നടന്നു.

തലയ്ക്കു‌മീതെ തീച്ചൂളപോലെ കത്തി എരിയുന്ന സൂര്യന്‍. ചുട്ടു പൊള്ളുന്ന മണലില്‍ കൂടി ഹാഗാര്‍ തന്റെ മകനുമായി നടന്നു. നോക്കത്താ ദൂരത്തോളം പടര്‍ന്നു കിടകൂകയാണ് മണല്‍ കടല്‍. കത്തീരിയുന്ന സൂര്യന്റെ തീഷ്ണതയില്‍ നിന്ന് രക്ഷപെടാന്‍ അലപം ആശ്വാസം ലഭിക്കാന്‍ ഒരു ചെറിയ തണലായി അപൂര്‍വ്വമായി മരങ്ങളും മുള്ള്‌കാടുകളും.. ദിക്കുകള്‍ അറിയാതെ ലക്ഷ്യമില്ലാതെ ഹാഗാര്‍ തന്റെ മകനുമായി ദിവസങ്ങളോളം നടന്നു. അബ്രഹാം നല്‍കിയ അപ്പം തീര്‍ന്നു കഴിഞ്ഞു. ശരീരം തളര്‍ന്നു പോകുന്ന ചൂടില്‍ ദാഹം കൂടി കൂടി വന്നു. തുരുത്തിയിലെ വെള്ളവും തീര്‍ന്നു കഴിഞ്ഞു. അടുത്തൊന്നും ഒരു നീറുറവ ഉള്ളതിന്റെ ലക്ഷണവും ഇല്ല. യിസ്‌മായേല്‍ വിശന്ന് കരയാന്‍ തുടങ്ങി. അവന്റെ വിശപ്പും ദാഹവും ഇല്ലാതാക്കാന്‍ തന്റെ കൈയ്യില്‍ ഒന്നും ഇല്ലന്ന് ഹാഗാറിന് മനസിലായി. ഹാഗാര്‍ അവനെ എടൂത്തു കൊണ്ട് നടന്നു. അവനപ്പോഴേക്കും തളര്‍ന്നുറങ്ങി. ദൂരെ കാണുന്ന മുള്‍ക്കാടിന്റെ തണലിലേക്ക് അവള്‍ നടന്നു. അവള്‍ യിശ്മായേലിനെ ആ മുള്ള്‌കാടിന്റെ തണലില്‍ കിടത്തി. തന്റെ മകന്‍ വിശന്ന് നിലവിളിച്ച് മരിക്കുന്നത് കാണാനാവാതെ അവള്‍ ദൂരെമാറിയിരുന്ന് ഉറക്കെ കരഞ്ഞു.

ഹാഗാറിനെ ദൈവത്തിന്റെ ദൂതന്‍ വിളിച്ചു. “നിന്റേയും മകന്റേയും നിലവിളി ദൈവം കേട്ടിരിക്കുന്നു എന്നും മകനെ തങ്ങി എഴുന്നേല്‍പ്പിക്കുക, ദൈവം അവനെ വലിയ ഒരു ജാതിയാക്കും“ എന്നും ദൈവദൂതന്‍ ഹാഗാറിനോട് പറഞ്ഞു. ഹാഗാര്‍ എഴുന്നേറ്റ് നോക്കിയപ്പോള്‍ അടുത്ത് തന്നെ ഒരു നീരുറവ കണ്ടു. അത് ഇപ്പോഴാണ് അവള്‍ കാണുന്നത്. അവള്‍ തുരുത്തിയുമായി ഓടി ആ നീരുറവയില്‍ നിന്ന് തുരുത്തിയില്‍ വെള്ളം നിറച്ച് യിശ്മായേലിന്റെ അടുക്കല്‍ വന്നു. അവനെ താങ്ങി എഴുന്നേല്‍പ്പിച്ച് അവനെ വെള്ളം കുടിപ്പിച്ചു. അവന്റെ ക്ഷീണവും തളര്‍ച്ചയും മാറിയപ്പോള്‍ അവര്‍ വീണ്ടും യാത്ര തുടര്‍ന്നു. അവര്‍ മരുഭൂമിയിലെ ഒരു ഗ്രാമത്തില്‍ എത്തി. അവര്‍ ആ ഗ്രാമത്തില്‍ ജീവിച്ചു. യിശ്മായേല്‍ ഒരു വില്ലാളിയായി പാരാന്‍ മരുഭൂമിയില്‍ ജീവിച്ചു.

image source::
http://marcuscurnow.files.wordpress.com/2010/06/gustavedore.jpg
http://newsyoucanbelieve.com/bible/2010/01/05/day-005/
http://www.oceansbridge.com/oil-paintings/product/89369/hagarundismaelinderwuste