Sunday, August 14, 2011

20. ജ്യേഷ്ഠാവകാശം വിറ്റ ഏശാവ്

യിസഹാക്ക് നാല്‌പതു വയസായപ്പോഴാണ് റിബെക്കയെ ഭാര്യയായി പരിഗ്രഹിക്കുന്നത്. അവര്‍ക്ക് കുറെ കാലത്തേക്ക് കുട്ടികള്‍ ഉണ്ടയിരുന്നില്ല. യിസഹാക്ക് കുഞ്ഞുണ്ടാകുന്നതിനായി യഹോവയോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. യഹോവ യിസഹാക്കിന്റെ പ്രാര്‍ത്ഥന കേട്ടു. റിബെക്കാ ഗര്‍ഭിണിയായി. ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്റെ ചവിട്ടല്‍ വളരെയധികം ആയപ്പോള്‍ റിബേക്കാ വിഷമിച്ചു. അവള്‍ ദൈവത്തിന്റെ അടുക്കല്‍ ചെന്നു.

ഗര്‍ഭപാത്രത്തിലെ കുഞ്ഞ് വളരെയധികമായി ചവിട്ടുന്നു. ഇങ്ങനെയായാല്‍ ഞാന്‍ എന്തിനാ ജീവിക്കുന്നതെന്ന് അവള്‍ ദൈവത്തോട് ചോദിച്ചു. അതിന് യഹോവ മറുപിടി നല്‍കി. രണ്ട് ജാതികള്‍ നിന്റെ ഗര്‍ഭത്തില്‍ ഉണ്ട്. രണ്ട് വംശങ്ങള്‍ നിന്റെ ഉദരത്തില്‍ നിന്ന് ഉണ്ടാകും. ഒരു വംശം മറ്റേ വംശത്തെക്കാള്‍ ശക്തിയാകും.ഇളയവനെ മൂത്തവന്‍ സേവിക്കും എന്നാണ് യഹോവ റിബേക്കായ്ക്ക് മറുപടി നല്‍കിയത്.

റിബേക്കായ്ക്ക് പ്രസവ സമയം ആയപ്പോള്‍ കൂടാരത്തില്‍ അവള്‍ക്ക് പ്രസവിക്കാനുള്ള സൌകര്യങ്ങള്‍ ഒരുക്കി. ജനിക്കുന്നത് ഇരട്ടകുട്ടികള്‍ ആയിരിക്കുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നതുകൊണ്ട് അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും കൂടാരത്തില്‍ ഉണ്ടായിരുന്നു. റിബേക്ക പ്രസവിച്ചു. ഒന്നാമത്തെ കുഞ്ഞിന്റെ ശരീരം മുഴുവന്‍ രോമ കൊണ്ടുള്ള വസ്ത്രം പോലെ ആയിരുന്നു. അവന് അവര്‍ ഏശാവ് എന്ന് വിളിച്ചു. ഏശാവ് ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്ത് വന്നതിന്റെ പുറകെ അവന്റെ അനുജനും പുറത്തുവന്നു. അവന്റെ കൈ ഏശാവിന്റെ കുതികാലില്‍ പിടിച്ചിട്ടൂണ്ടായിരുന്നു. അവര്‍ രണ്ടാമത് ജനിച്ചവന് യാക്കോബ് എന്നും പേരിട്ടു.

ഏശാവും യാക്കോബും ജനിക്കുമ്പോള്‍ ഇസഹാക്കിന് അറുപത് വയസായിരുന്നു. ഏശാവും യാക്കൊബും ഒരുമിച്ച് വളര്‍ന്നു. ഏശാവാണങ്കില്‍ വേട്ടയില്‍ മിടുക്കനായിരുന്നു പോരാത്തതിന് വനസഞ്ചാരിയും. എന്നാല്‍ യാക്കോബ് സാധു ശീലനും കൂടാരവാസിയും ആയിരുന്നു. ഏശാവിനെപോലെ സഞ്ചരിക്കാനൊന്നും യാക്കോബിന് ഇഷ്ടമല്ലായിരുന്നു. കഴിവതും കൂടാരത്തില്‍ തന്നെ തിരിച്ചെത്താന്‍ യാക്കോബ് ശ്രമിച്ചിരുന്നു. ഏശവാണങ്കില്‍ വേട്ടയ്ക്ക് പോയാല്‍ കുറേ ദിവസം കഴിഞ്ഞേ തിരിച്ചു വരൂ. തിരിച്ചു വരുന്നത് വേട്ടയാടി കിട്ടിയ മൃഗങ്ങളുമായിരിക്കും. ഏശാവ് കൊണ്ടു വരുന്ന വേട്ടയിറച്ചിയില്‍ രുചി പിടിച്ചിരുന്നതുകൊണ്ട് യിസ‌ഹാക്ക് യാക്കൊബിനെക്കാള്‍ കൂടുതല്‍ സ്നേഹിച്ചത് ഏശാവിനെ ആയിരുന്നു. എന്നാല്‍ അമ്മയായ റിബേക്കായ്ക്ക് ഇഷ്ടം ഇളയ മകനായ യാക്കൊബിനെ ആയിരുന്നു.

ഒരു ദിവസം യാക്കോബ് പയറു കൊണ്ടുള്ള പായസം വെച്ചു. ഏശാവ് ഈ സമയം കൂടാരത്തില്‍ ഇല്ലായിരുന്നു. യാക്കോബ് പായസം ഉണ്ടാക്കി കഴിഞ്ജ ഉടനെയാണ് ക്ഷീണിച്ച് ഏശാവ് എത്തിയത്. കൂടാരത്തില്‍ കയറിയ ഉടനെ പായസത്തിന്റെ മണം ഏശാവിന് കിട്ടി. യാക്കൊബായിരിക്കും പായസം ഉണ്ടാക്കിയിരിക്കുന്നതെന്ന് ഏശാവിനറിയാമായിരുന്നു. അവിടെ പാത്രത്തില്‍ ചുവന്ന പായസം ഇരിക്കുന്നത് ഏശാവ് കാണുകയും ചെയ്തു.

“അനുജാ, ഞാന്‍ നന്നായി ക്ഷീണിച്ചിരിക്കുന്നു. എനിക്ക് നീ ഉണ്ടാക്കിയ ചുവന്ന പായസത്തില്‍ കുറച്ച് തരേണം” എന്ന് ഏശാവ് യാക്കൊബിനോട് പറഞ്ഞു. താന്‍ ഉണ്ടാക്കിയ പായിസത്തിന്റെ മണത്തില്‍ കൊതി പിടിച്ചിരിക്കുന്ന ചേട്ടനെ യാക്കൊബൊന്നു നോക്കി. വന്റെ മനസില്‍ പെട്ടന്ന് ഒരു ചിന്ത വന്നു. ഏശാവിന്റെ കൈയ്യില്‍ നിന്ന് അവന്റെ ജ്യേഷ്ഠാവകാശം വാങ്ങാന്‍ പറ്റിയ സമയം ഇതാണ്. യാക്കൊബ് ഏശാവിന്റെ നേരെ തിരിഞ്ഞു.

“ഞാന്‍ ചേട്ടന് ഞാന്‍ ഉണ്ടാക്കിയ പായസം തരാം. പക്ഷേ ഞാന്‍ ചോദിക്കുന്ന കാര്യം ചേട്ടന്‍ എനിക്ക് നല്‍കണം. അങ്ങനെയുണ്ടങ്കിലേ ഞാന്‍ പാ‍യസം തരൂ..” യാക്കൊബ് പറഞ്ഞു.

“ശരി, നീ ചോദിക്കുന്നത് ഞാന്‍ തരാം. നീ ഉണ്ടാക്കിയ പായസത്തിന് പകരം ഞാന്‍ എന്താണ് നിനക്ക് പകരം തരേണ്ടത്?” ഏശാവ് ചോദിച്ചു.

“നിന്റെ ജ്യേഷ്ഠാവകാശം ഇന്ന് എനിക്ക് വി‌ല്‌ക്കുക. ജ്യേഷ്ഠാവകാശത്തിന്റെ വിലയായി ഞാന്‍ നിനക്ക് പായസം തരാം” യാക്കൊബ് പറഞ്ഞു.

ഏശാവിന് ക്ഷീണം അതി കഠിനമായിരുന്നു. വിശപ്പവും ദാഹവും ഒക്കെ അവന്‍ വളരെ അധികമായി അവന് തോന്നി.

“ഞാന്‍ മരിക്കേണ്ടി വരും. ജ്യേഷ്ഠാവകാശം എനിക്ക് എന്തിന്..നീ എടുത്തു കൊള്ളൂ. എന്റെ ജ്യേഷ്ഠാവകാശം എടുത്തിട്ട് എനിക്ക് പായസം തരൂ” ഏശാവ് പറഞ്ഞു.

യാക്കോബിനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഏശാവ് അവന്റെ ജ്യേഷ്ഠാവകാശം തനിക്ക് തന്നിരിക്കുന്നു.!!!

“നിന്റെ ജ്യേഷ്ഠാവകാശം എനിക്ക് തന്നു എങ്കില്‍ നീ അത് സത്യം ചെയ്‌ക” യാക്കോബ് ഏശാവിനോട് പറഞ്ഞു.

ഏശാവ് യാക്കൊബിനോട് സത്യം ചെയ്തു. പായസത്തിനു വേണ്ടി ഏശാവ് തന്റെ ജ്യേഷ്ഠാവകാശം അനുജനായ യാക്കോബിന് വിറ്റു.

യാക്കോബ് ഏശാവിന് പയറുകൊണ്ട് അവന്‍ ഉണ്ടാക്കിയ ചുവന്ന പായസവും അപ്പവും കൊടുത്തു. അവന്‍ അത് കഴിച്ചതിനു ശേഷം എഴുന്നേറ്റു പോയി. ഒരു പാത്രം പായസം നല്‍കി ഉപായത്തില്‍ യാക്കൊബ് തന്റെ ജ്യേഷ്ഠനായ ഏശാവിന്റെ കൈയ്യില്‍ നിന്ന് ജ്യേഷ്ഠാവകാശം വാങ്ങി.


ചിത്രങ്ങള്‍ ::
1. http://upload.wikimedia.org/wikipedia/commons/7/70/Esau_and_Jacob_Presented_to_Isaac.jpg
2. http://freepages.genealogy.rootsweb.ancestry.com/~royalancestors/book/page4/page4.html