Sunday, March 19, 2017

ബറബ്ബാസ്

 കുരിശുവഴിയിൽ നമ്മൾ കണ്ടുമുട്ടുന്നവർ

1. ബറബ്ബാസ്
വേദപുസ്തകത്തിൽ ഒരേഒരു സന്ദർഭത്തിൽ മാത്രം നമുക്ക് കാണാൻ കഴിയുന്ന ആളാണ് ബറബ്ബാസ്. പെസഹപെരുന്നാൾ ദിവസം മോചിപ്പിക്കപ്പെടൂന്ന ഒരാൾ. ജനക്കൂട്ടത്തിന്റെ നിർബന്ധത്തിന് വഴങ്ങി യേശുവിന് പകരമായി പീലാത്തോസിന് മോചിപ്പിക്കേണ്ടി വന്ന തടവുപുള്ളിയാണ് ബറബ്ബാസ്. ഈ ഒരൊറ്റ സന്ദർഭത്തിൽ മാത്രമേ ബറബ്ബാസിനെ കാണാൻ കഴിയൂ. മോചിപ്പിക്കപ്പെട്ട ബറബ്ബാസിന് എന്ത് സംഭവിച്ചു എന്ന് ബൈബിളിൽ ഇല്ല...

ആരായിരുന്നു ബറാബ്ബസ്?
യേശുവിന്റെ വിസ്താരസമയത്ത് പെസഹപെരുന്നാളിൽ ജനക്കൂട്ടത്തിന്റെ ആവിശ്യപ്രകാരം വിട്ടയ്ക്കപ്പെട്ട കുറ്റവാളിയാണ് ബറാബ്ബസ്. നാല് സുവിശേഷങ്ങളിലും ബറബ്ബാസിനെ വിട്ടയിച്ചതിനെക്കുറിച്ച് പറയുന്നുണ്ട്. സുവിശേഷകർ ബറബ്ബാസിനെക്കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കാം.  മത്തായി ബറബ്ബാസിനെക്കുറിച്ച് പറയുന്നത് "ശ്രുതിപ്പെട്ടോരു തടവുകാരൻ" എന്നാണ് (മത്തായി 27:16). മർക്കോസ് ബറബ്ബാസിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് , "ഒരു കലഹത്തിൽ കുല ചെയ്തവരായ കലഹക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ്" (മർക്കോസ് 15: 7) . "നഗരത്തിൽ ഉണ്ടായ ഒരു കലഹവും കുലയും ഹേതുവായി തടവിലായവൻ" എന്നാണ് ലൂക്കോസ് ബറബ്ബാസിനെ വിശേഷിപ്പിക്കുന്നത് (ലൂക്കോസ് 23:19). യോഹന്നാൻ പറയുന്നത് ബറബ്ബാസ് കവർച്ചാക്കാരൻ ആയിരുന്നു എന്നാണ് (യോഹന്നാൻ 18:40). (ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വേദപുസ്തക പരിഭാഷകൾ ആണ് നമ്മളിപ്പോൾ പറഞ്ഞത്). 
ബറബ്ബാസ് ചിത്രകാരന്റെ ഭാവനയിൽ :: സോഴ്സ്-വിക്കി

പിഓസി മലയാളം ബൈബിളിൽ (കത്തോലിക്ക ബൈബിളിൽ) ബറബ്ബാസിന് നൽകിയിരിക്കുന്ന  വിശേഷണം കൂടി നമുക്ക് നോക്കാം..
കുപ്രസിദ്ധനായ ഒരു തടവു പുള്ളി (മത്തായി 27:16) , വിപ്ലവത്തിനിടയിൽ കൊലപാതകം നടത്തിയ ആൾ (മർക്കോസ് 15:7) , പട്ടണത്തിൽ നടന്ന കലാപത്തിനും കൊലപാതകത്തിനും കാരഗ്രഹത്തിൽ അടയ്ക്കപ്പെട്ടവൻ (ലൂക്കൊസ് 23:19) ; കൊള്ളക്കാരൻ (യോഹന്നാൻ 18:40).

വിവിധ ഇംഗ്ലീഷ് പരിഭാഷകളിൽ ബറബ്ബാസിനുള്ള വിശേഷ്ണം നോക്കാം (മലയാളത്തിലേക്ക് മാറ്റിയത്...)

മത്തായിയുടെ സുവിശേഷം - 
പ്രസിദ്ധനായ തടവുകാരൻ , കുപ്രിസിദ്ധനായ തടവുകാരൻ ,  അസാമാന്യനായ തടവുകാരൻ

മർക്കോസിന്റെ സുവിശേഷം -
പ്രക്ഷോഭകാരിയും ലഹളയിൽ കൊലപാതകം നടത്തിയ ആളും , വിപ്ലവകാരിയും കലാപത്തിൽ കൊലപപാതകം നടത്തിയ ആളും ,വിപ്ലവത്തിൽ കൊലപാതകം നടത്തിയ ആൾ , വിപ്ലവത്തിൽ കൊലപാതകം നടത്തിയ ആൾ , കലാപം ഉണ്ടാക്കുകയും കലാപത്തിൽ കൊലപാതകം നടത്തുകയും ചെയ്ത ആൾ , വിപ്ലവം ഉണ്ടാക്കുകയും വിപ്ലവത്തിൽ കൊലപാതകം നടത്തുകയും ചെയ്ത ആൾ

ലൂക്കോസിന്റെ സുവിശേഷം -
നഗരത്തിൽ വിപ്ലവം/പ്രക്ഷോഭം നടത്തുകയും കൊലപാതകം ചെയ്യുകയും ചെയ്തവൻ , രാജ്യദ്രോഹത്തിന് പ്രേരിപ്പിക്കുകയും കൊലപാതകം ചെയ്യുകയും ചെയ്തവൻ , നഗരത്തിൽ നിയമം ലംഘിച്ച് പ്രക്ഷോഭം നടത്തിയവൻ ,രാജ്യത്ത് ലഹളയിൽ പങ്കെടുക്കുകയും കൊലപാതകം ചെയ്യുകയും ചെയ്തവൻ.

യോഹന്നാന്റെ സുവിശേഷം -
ലഹളക്കാരൻ , വിപ്ലവക്കാരൻ ,രാഷ്ട്രീയ വിപ്ലവകാരി ,  പ്രക്ഷോഭകൻ, കൊള്ളക്കാരൻ /പിടിച്ചുപറിക്കാരൻ /കള്ളൻ

ഈ വിശേഷ്ണങ്ങളിൽ നിന്ന് നമുക്ക് മനസിലാക്കാൻ കഴിയുന്നത് രാജ്യദ്രോഹക്കുറ്റവും കൊലപാതക കുറ്റം ചെയ്ത് മരണശിക്ഷയ്ക്ക് വിധേയനായി തടവിൽ കഴിഞ്ഞിരുന്ന ഒരാളായിരുന്നു ബരബ്ബാസ്.

യേശുവിന്റെ ന്യായവിസ്താരസമയത്ത് ബറാബ്ബസ് എവിടെ?
യേശുവിന്റെ ന്യായവിസ്താരസമയത്ത് ബറാബ്ബസ് തടവറയിലാണ്. കുലപാതകശിക്ഷയ്ക്ക് വിധേയനായി കാരാഗൃഹത്തിൽ കിടന്ന ബറബ്ബാസിന് ഒരിക്കൽ പോലും താൻ മോചിതനാകും എന്ന് ചിന്തിച്ചിരുന്നില്ല. അവൻ കാത്തിരുന്നത് തന്റെ മരണത്തിനു വേണ്ടിയാണ്. കാരാഗൃഹത്തിലേക്ക് വരുന്ന ഓരോ കാൽപ്പെരുമാറ്റവും തന്നെ മരണത്തിനായി കൊണ്ടുപോകാനുള്ളവരുടെ വരവായി അവന് തോന്നിയിട്ടുണ്ടാവും. ബറാബ്ബസിന്റെ മുന്നിൽ ഇനി മരണം മാത്രമേയുള്ളൂ. ഇനി എന്തെങ്കിലും ജീവൻ നിലനിൽക്കും എന്ന് പ്രതീക്ഷിക്കാവുന്നത് പെസഹപെരുന്നാളിൽ മോചിപ്പിക്കപ്പെടൂന്ന ഒരേ ഒരു കുറ്റവാളി എന്ന പതിവിലാണ്. പക്ഷേ അവിടയും ബറബ്ബാസിന് പ്രതീക്ഷിക്ക് വകയില്ല. വിപ്ലവത്തിലും കൊലപാതകത്തിലും ഉൾപ്പെട്ട ഒരാൾക്ക് അങ്ങനെയൊരു മോചനം നടക്കും എന്ന് കരുതാൻ കഴിയില്ല. കൊലപാതകന് മരണം തന്നെയാണ് ശിക്ഷ. സംഖ്യാപുസ്തകം 35 ആം അദ്ധ്യായം 16 മുതൽ 30 വരെയുള്ള വാക്യങ്ങളിൽ കൊലപാതകം നടത്തുന്ന ആൾക്ക് മരണശിക്ഷ തന്നെ നൽകണം എന്ന് പറയുന്നുണ്ട്. "മരണയോഗ്യനായ കുലപാതകന്റെ ജീവന്നുവേണ്ടി നിങ്ങൾ വീണ്ടെടുപ്പു വില വാങ്ങരുതു; അവൻ  മരണശിക്ഷ തന്നേ അനുഭവിക്കേണം." എന്ന് സംഖാപുസ്തകം 35: 31 ൽ പറയുന്നു. ഇനി ഒരുതരത്തിലും ബറബ്ബാസിന് മരണശിക്ഷയിൽ നിന്ന് ഒഴിവാകാൻ പറ്റില്ല.

ബറബ്ബാസ് എങ്ങനെയാണ് യേശുവിന് പകരക്കാരൻ ആകുന്നത്?
പീലാത്തൊസിന് യേശുവിനെ രക്ഷിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിനുള്ള ഇച്ഛാസക്തി പീലാത്തോസിന് ഇല്ലായിരുന്നു. യേശുവിൽ ഒരു കുറ്റവും കാണാൻ പീലാത്തോസിന് കഴിഞ്ഞിരുന്നില്ല. യഹൂദന്മാർ അസൂയകൊണ്ടാണ് യേശുവിനെതിരെ കള്ളസാക്ഷികളെ നിർത്തിയിരിക്കുന്നതന്നും അവൻ മനസിലാക്കിയിരുന്നു. ന്യായംവിധിച്ച് ശിക്ഷനടപ്പാക്കാൻ നിൽക്കുന്ന ജനങ്ങളെ അവൻ ഭയപ്പെട്ടിരുന്നു. ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്തുകയേ വഴിയുള്ളൂ. ശിക്ഷവിധിക്കാതെ യേശുവിനെ വിടാൻ കഴിയില്ല. അപ്പോഴാണ് യേശു ഗലീലക്കാരൻ ആണന്ന് പീലാത്തൊസ് മനസിലാക്കുന്നത്. ഗലീലയിലെ ഭരണാധികാരിയായ ഹെരൊദാവിന്റെ അടുക്കലേക്ക് യേശുവിനെ വിട്ടു എങ്കിലും യേശുവിൽ കുറ്റം കാണാനാവാതെ ഹെരോദാവ് യേശുവിനെ പീലാത്തൊസിന്റെ അടുക്കലേക്ക് തിരികെ വിട്ടു. വീണ്ടും ജനക്കൂട്ടത്തിന്റെ ബഹളം. യേശുവിന് മരണശിക്ഷ വിധിച്ച് പാപം ചെയ്യരുതെന്ന് ഭാര്യയുടെ മുന്നറിയിപ്പ് പീലാത്തൊസിന് ലഭിക്കുകയും ചെയ്തു. 

ജനത്തെ ഭയപ്പെട്ട് ന്യായവിധി നടത്തേണ്ടിവരുന്ന ഒരു ന്യായാധിപന്റെ നിസഹായവസ്ഥയിലൂടെ പീലാത്തൊസ് കടന്ന് പോകുന്നു. പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന ഒരു വിധിയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ആ വിധി എന്ന് പറയുന്നത് യേസുവിന്റെ മരണശിക്ഷ തന്നെയായിരിക്കണം എന്നാണ് പൊതുബോധം. യേശുവിനെ ചാട്ടവാറുകൊണ്ട് അടിപ്പിച്ച് ജനങ്ങളുടെ രോഷം തണിപ്പിച്ച് അവരെ തൃപ്തിപ്പെടുത്താൻ പീലാത്തൊസ് ശ്രമിക്കുന്നു എങ്കിലും അതും പരാജയപ്പെടുന്നു. ശരീരം മുഴുവൻ ചാട്ടവാറടിയേറ്റ് രക്തം ഒലിച്ച് മൃതപ്രാണനായ കാണുമ്പോഴെങ്കിലും ജനങ്ങൾ അടങ്ങും എന്ന് കരുതിയ പീലാത്തോസിന് പിഴച്ചു. ജനങ്ങൾ യേശുവിന്റെ മരണശിക്ഷയ്ക്കായി അലറിവിളിച്ചു. 

അപ്പോഴാണ് പീലാത്തൊസ് മറ്റൊരു നിർദ്ദേശം വയ്ക്കുന്നത്. പെസഹപ്പെരുന്നാളിൽ ഒരു തടവുകാരനെ മോചിപ്പിക്കുന്ന പതിവ് അനുസരിച്ച് യേശുവിനെ മോചിപ്പിക്കാൻ ശ്രമിക്കുന്നത്. പീലാത്തോസിന്റെ വിവേചനാധികാരം ഉപയോഗിച്ച് യേശുവിനെ മോചിപ്പിക്കാവുന്നതേയുള്ളൂ. പക്ഷേ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്തി വേണം യേശുവിനെ മോചിപ്പിക്കേണ്ടത്. അതുകൊണ്ട് മോചനത്തിനായി യേശുവിനോടൊപ്പം മറ്റൊരാളയും അവതരിപ്പിക്കുക. അതിൽ നിന്ന് ഒരാളെ ജനങ്ങൾ തിരഞ്ഞെടുക്കുക. കൊലപാതകകുറ്റത്തിന് മരണശിക്ഷവിധിക്കപ്പെട്ട ബറബ്ബാസിനെ അങ്ങനെയാണ് യേശുവിനോടൊപ്പം ജനക്കൂട്ടത്തിന് മുമ്പിൽ പീലാത്തൊസ് അവതരിപ്പിക്കുന്നത്. ബറബ്ബാസിനെയും യേശുവിനെയും താരതമ്യപ്പെടുത്തുമ്പോൾ യേശുവിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ നിസാരമാണ്. തെളിയിക്കാനാവത്ത കുറ്റങ്ങളായിരുന്നു അത്. മൂന്നു പ്രാവിശ്യമാണ് പീലാത്തോസ് വിസ്താരം നടത്തി യേശു കുറ്റക്കാരനല്ല എന്ന് പറയുന്നത് .കലാപത്തിനും കൊലപാതകത്തിനും കവർച്ചയ്ക്കും ശിക്ഷിക്കപ്പെട്ട ഒരാളെ മോചിപ്പിക്കാൻ ജനക്കൂട്ടം ആവശ്യപെടുകയില്ലന്ന് പീലാത്തൊസ് കരുതി. പക്ഷേ ജനങ്ങൾ ആവശ്യപ്പെട്ടത് ബറബാസിനെയാണ്. കൊലപാതകനായവനെ വിട്ടു തരിക, യേശുവിനെ ക്രൂശിക്ക എന്നാണ് ജനം വിളിച്ചു പറഞ്ഞത്. 
ബറബ്ബാസ് മോചിപ്പിക്കപ്പെടുന്നു :: പാഷൻ ഓഫ് ദി ക്രൈസ്റ്റ് എന്ന ചിത്രത്തിലെ രംഗം (സിനിമയുടെ 49 മിനിട്ടുമുതൽ 51:17 വരെയുള്ള ഭാഗത്ത് ബറബ്ബാസിന്റെ മോചനം)

മഹാപുരോഹിതന്മാരും മൂപ്പന്മാരും ബറബ്ബാസിനുവേണ്ടി ജനങ്ങളെ  നിർബന്ധിക്കുകയായിരുന്നു. ജനങ്ങളെ സംബന്ധിച്ച് യേശു അവർക്ക് ഒരു തരത്തിലും ഉള്ള ഭീക്ഷണി അല്ല. പക്ഷേ മഹാപുരോഹിതന്മാരും മൂപ്പന്മാരും യേശുവിനെ ഭയപ്പെട്ടിരുന്നു. അവരുടെ ഇല്ലാത്ത അധികാരങ്ങൾക്കെതിരെയായിരുന്നു യേശുവിന്റെ പഠിപ്പിക്കൽ. യേശുവിന്റെ പിന്നാലെ ജനങ്ങൾ പോയാൽ തങ്ങൾക്ക്,തങ്ങളുടെ സ്ഥാനമാനങ്ങൾക്ക് അത് വലിയ ഭീക്ഷണിയാണന്ന് മഹാപുരോഹിതന്മാർക്കും മൂപ്പന്മാർക്കും അറിയാം. അതുകൊണ്ടാണ് യേശുവിന്റെ മരണം ഉറപ്പിക്കാനായി ബറബ്ബാസിനെ വിട്ടയ്ക്കാൻ ആവിശ്യപ്പെടൂന്നത്. മഹാപുരോഹിത്ന്മാരയും മൂപ്പന്മാരയും സംബന്ധിച്ച് ബറബ്ബാസ് ഒരു ഭീക്ഷണിയല്ല. തങ്ങളുടെ അധികാരാവകാശങ്ങൾക്ക് എതിരെ വിരൽചൂണ്ടിയ യേശുവിനെ നശിപ്പിക്കാൻ വേണ്ടി രാജ്യദ്രോഹക്കുറ്റത്തിന് ജയിലിൽ കിടക്കുന്ന ബറബ്ബാസിനെ വിട്ടയ്ക്കാൻ ജനങ്ങളെ അവർ നിർബന്ധിച്ചു. യേശുവിനെ മഹാപുരോഹിതന്മാർക്കും അധികാരശ്രേണിയിൽ ഉള്ളവർക്കും ഭയമായിരുന്നു. "അതു കേട്ടിട്ടു മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു." (മർക്കോസ് 11:18). അവൻ  ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ തക്കം നോക്കി. (ലൂക്കോസ് 19:47). അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാൽ അവനെ ഒടുക്കുവാൻ ഉപായം അന്വേഷിച്ചു. (ലൂക്കോസ് 22:2). യേശുവിനെ ഇല്ലാതാക്കാൻ മഹാപുരോഹിതരും കൂട്ടാളികളും പലപ്പോഴായി ശ്രമിച്ചിരുന്നു. അപ്പോഴൊക്കെ ജനത്തയും യേശുവിനെയും ഭയപ്പെട്ട് അവർ പിൻവാങ്ങുകയായിരുന്നു.

ഇപ്പോൾ യേശു പീലാത്തോസിന്റെ അരമനയിൽ കുറ്റാരോപിതനായി നിൽക്കുകയാണ്. ജനങ്ങളെ യേശുവിനെതിരായി തിരിക്കാനായി അവർക്ക് കഴിഞ്ഞിരിക്കുന്നു. യേശുവിനെ നശിപ്പിക്കാനായി ഇങ്ങനെയൊരു അവസരം ഇനി തങ്ങൾ ലഭിക്കുകയില്ലന്ന് അവർക്ക് അറിയാം. യേശുവിൽ ആരോപിക്കപ്പെട്ട കുറ്റം കണ്ടെത്താൻ ഹെരോദാവിനോ പീലാത്തോസിനോ കഴിഞ്ഞിട്ടില്ല. യേശു ഇപ്പോൾ മോചിപ്പിക്കപ്പെട്ടാൽ അതിശക്തമായി തിരികെവരും. അത് തങ്ങളുടെ അവസാനം ആയിരിക്കും. എങ്ങനയും യേശുവിനെ ഇല്ലാതാക്കുക. അതിനാണ് അവർ ബറബ്ബാസിനെ മോചിപ്പിക്കാൻ ജനങ്ങളെ നിർബന്ധിക്കുന്നത്.

ബറബ്ബാസ്(Barabbas) എന്ന വാക്കിന്റെ അർത്ഥം
അരാമ്യ ഭാഷയിലെ Bar-Abba - അർത്ഥം പിതാവിന്റെ പുത്രൻ(son of the father.) എന്നതിൽ നിന്നാണ് ബറബ്ബാസ്(Barabbas)  എന്ന ഗ്രീക്ക് വാക്ക് ഉണ്ടായിരിക്കുന്നത് (അബ്ബാ എന്ന വാക്കിന്റെ അർത്ഥം പിതാവ്) {യേശു തന്റെ അന്ത്യനിമിഷങ്ങളിൽ അബ്ബാ പിതാവേ എന്ന് വിളിക്കുന്നുണ്ട് , "അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു." (മർക്കോസ് 14:36) } .പിതാവിന്റെ പുത്രൻ എന്നതോടൊപ്പം തന്നെ ഗുരുവിന്റെ പുത്രൻ ( "son of the master." ) എന്നു കൂടി Barabbas ന് അർത്ഥം ഉണ്ട്.

Barabbas എന്നതിന് ബൈബിൾ ഹബ് എന്ന് വെബ്ബ് സൈറ്റ് നൽകുന്ന വിശദീകരണം നോക്കുക►
Barabbas: "son of Abba," Barabbas, the Isr. robber released instead of Christ
Original Word: Βαραββᾶς, ᾶ, ὁ
Part of Speech: Noun, Masculine
Transliteration: Barabbas
Phonetic Spelling: (bar-ab-bas')
Short Definition: Barabbas
Definition: Barabbas.


ബറബ്ബാസോ യേശു ബറബ്ബാസോ? Barabbas or Jesus Barabbas
ബറബ്ബാസിന് യേശു ബറബ്ബാസ് എന്നും പേരുണ്ടായിരുന്നോ? ഉണ്ടായിരുന്നു എന്നാണ് പറയപ്പെടൂന്നത്. ചില വേദപുസ്തക പരിഭാഷകളിൽ ബറബ്ബാസിന്റെ പേര് പറയുന്നത് യേശു ബറബ്ബാസ് (Jesus Barabbas) എന്നാണ്. 

At that time they had a well-known prisoner whose name was Jesus Barabbas. So when the crowd had gathered, Pilate asked them, “Which one do you want me to release to you: Jesus Barabbas, or Jesus who is called the Messiah?” (New International Version Matthew 27:16,17)

At that time they had in custody a notorious prisoner named Jesus Barabbas. So after they had assembled, Pilate said to them, “Whom do you want me to release for you, Jesus Barabbas or Jesus who is called the Christ?” ( NET Bible Matthew 27:16,17)

മത്തായിയുടെ സുവിശേഷത്തിൽ പീലാത്തോസ് ജനങ്ങളോട് ചോദിക്കുന്നത് ; ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ ആരെ നിങ്ങൾക്ക് വിട്ടു തരണം എന്നാണ്. ഒരേ വിളിപ്പേരുള്ള രണ്ടുപേരെ നിർത്തിക്കോണ്ട് അവരുടെ പേര് വ്യക്തമാക്കുന്നതിനുവേണ്ടിയാണ് പീലാത്തോസിന്റെ ചോദ്യം. ക്രിസ്തു എന്ന യേശുവിനെയോ(മിശീഹ എന്ന യേശുവിനെയോ) ബറബ്ബാസ് എന്ന യേശുവിനെയോ ആണോ വിട്ടയ്ക്കേണ്ടത് എന്ന് ജനങ്ങളോട് ചോദിക്കുന്നു. 

യേശു എന്ന പേര് എവിടെനിന്ന് വരുന്നു? 
Yehoshua എന്ന ഹിബ്രു പേരാണ് യേശു(Jesus) എന്ന പേരിന്റെ അടിസ്ഥാനം . Yehoshua - Yeshua - Yeshu ഇത് മൂന്നും ഒരൊറ്റ പേരാണ്. (ഹിബ്രു പേരായ Yehoshua യെ ഇംഗ്ലീഷിൽ Joshua(ജോഷ്വ) എന്ന് എഴുതി). Yehoshua എന്ന ഹിബ്രു പേരിന്റെ ഗ്രീക്ക് പദമാണ് Jesus. ഗ്രീക്ക് വാക്കിനെ ഇംഗ്ലീഷുകാർ അതേ പോലെ തന്നെ കടം എടുത്തു. Yeshu എന്ന ഹിബ്രു പേരിനെ നമ്മൾ മലയാളത്തിലേക്ക് നേരിട്ട് യേശു എന്ന് ഉപയോഗിക്കുന്നു.
Yehoshua / Yeshua / Yeshu - ഹിബ്രു ; Jesus - ഗ്രീക്ക്,ഇംഗ്ലീഷ് ; യേശു - മലയാളം . Yeshu/Jesus/യേശു എന്ന വാക്കിന്റെ അർത്ഥം രക്ഷകൻ (Savior) എന്നാണ് . പുതിയ നിയമത്തിൽ നമുക്ക് മറ്റൊരു യേശുവിനെക്കൂടി കാണാൻ കഴിയും. യുസ്തൊസ് എന്ന യേശു.  യുസ്തൊസ് എന്നു പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; എന്ന് പൗലോസ് കൊലൊസ്സ്യർ 4:11 ൽ.

{
യേശു എന്നതിനെക്കാൾ യേശുക്രിസ്തു എന്ന പേരാണ് പുതിയ നിയമത്തിൽ എഴുത്തുകാർ 'ഔദ്യോഗികമായി' ഉപയോഗിച്ചിരിക്കുന്നത്. പുതിയ നിയമം തുടങ്ങുന്നത് ഇങ്ങനെയാണ് "അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി:" (മത്തായി 1:1). മത്തായി 1:16 ഇങ്ങനെയാണ് , "യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു". മർക്കോസ് സുവിശേഷം തുടങ്ങുന്നത് നോക്കുക , "ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം:" (മർക്കോസ് 1:1). സംഭവങ്ങളും സന്ദർഭങ്ങളും മൂന്നാമതൊരാളായി നിന്നുകൊണ്ട് വിശദീകരിക്കാൻ വേണ്ടിയാണ് മിക്കപ്പോഴും സുവിശേഷകർ യേശു എന്നുമാത്രമായി രേഖപ്പെടുത്തിയിരിക്കുന്നത്. ലേഖനങ്ങളിൽ ശരിക്കും ഈ മാറ്റം കാണുന്നുണ്ട്. യേശുക്രിസ്തു എന്നു തന്നെയാണ് കൂടുതൽ തവണയും ഉപയോഗിച്ചിരിക്കുന്നത്. കാരണം ലേഖനങ്ങൾ എഴുത്തുകളുടെ രൂപത്തിലാണ്. സംഭാഷ്ണരൂപങ്ങളിൽ ആണ് യേശു എന്ന് ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന് യോഹന്നാൻ ശ്ലീഹ (സുവിശേഷവും ലേഖനവും എഴുതിയതുകൊണ്ടാണ് യോഹന്നാൻ ശ്ലീഹയെ ഉദാഹരണമായി ചൂണ്ടികാണിക്കുന്നത്) സുവിശേഷത്തിൽ യേശു എന്നുമാത്രമായി 200 ൽ അധികം തവണയും ക്രിസ്തു/യേശുക്രിസ്തു എന്ന് 20 ൽ താഴെ മാത്രമേ പറയുന്നുള്ളൂ.(യേശുക്രിസ്തു എന്ന് 2 ഇടങ്ങളിൽ മാത്രം). പക്ഷേ ലേഖനങ്ങളിൽ യേശു എന്ന് മാത്രമായി ('നാമ'മായി മാത്രം) ഉപയോഗിക്കുന്നില്ല. യേശുക്രിസ്തു എന്നാണ് പറഞ്ഞിരിക്കുന്നത്. പത്രോസിന്റെ ലേഖനങ്ങളിലും യേശു എന്നുമാത്രമായി ഉപയോഗിക്കുന്നില്ല.
വീണെടുപ്പുകാരൻ എന്നർത്ഥം വരുന്ന മറ്റൊരു പേരുകൂടി പഴയ നിയമത്തിൽ ഉണ്ട്. യേശുവ (Jeshua). എസ്രായുടേയും നെഹെമ്യാവുവിന്റെയും പുസ്തകങ്ങളിൽ ഈ പേര് കാണാം (എസ്ര 2:6 ,26 ;5:2;.... നെഹെമ്യാവു 3:19 , 7:7,11,39...) 

മോചിപ്പിക്കപ്പെട്ട ബറബ്ബാസിന്റെ ചിന്തകളിലേക്ക്...
ജനങ്ങളുടെ നിർബന്ധത്തിന് വഴങ്ങി പീലാത്തൊസ് ബറബ്ബാസിനെ തടവറയിൽ നിന്ന് മോചിപ്പിക്കുന്നു. യേശുവിനെ ക്രൂശിക്കാനായി വിട്ടു നൽകി. തടവറയിൽ തന്റെ മരണത്തെ പ്രതീക്ഷിച്ച് ഇരിക്കുന്ന ബറബ്ബാസ്. പടയാളികളുടെ കാൽപ്പെരുമാറ്റം അവൻ കേട്ടു. തടവറയുടെ ഇരിമ്പ് വാതിലുകൾ ശബ്ദ്ദത്തോടെ തുറക്കുന്നത് കേട്ടപ്പോൾ അവൻ ഉറപ്പിച്ചു. ഇതാ ഇന്ന് തന്റെ മരണശിക്ഷയ്ക്കുള്ള സമയം ആയിരിക്കുന്നു. തടവറയ്ക്ക് പുറത്തുള്ള ബഹളം അവന് അവ്യക്തമായി കേൾക്കാം. ബറബ്ബാസ് എന്ന് ആർത്ത് വിളിക്കുന്ന ജനങ്ങളുടെ ശബ്ദ്ദം അവന്റെ കാതുകളിലെക്ക് അവ്യക്തമായി പതിക്കുന്നുണ്ട്. യേശുവിനെ ക്രൂശിക്ക എന്ന് അവർ നിലവിളിക്കുന്നതും കേൾക്കാം. അവനൊന്നും മനസിലായില്ല. പുറത്തേക്കുള്ള വാതിക്കലേക്ക് നടക്കുമ്പോൾ മറ്റ് തടവറകളിൽ ഉള്ളവർ അവനെ അവസാനമായി കാണാനായി വാതിക്കലേക്ക് നീങ്ങി നിന്നു. ഇനി ബറബ്ബാസിന് ഒരു തിരിച്ച് വരവില്ല. ഒരു വിപ്ലവകാരികൂടി കുരിശിലെ ആണികളിൽ പിടിഞ്ഞ് വീഴാൻ പോകുന്നു.... ബറബ്ബാസിന്റെ കണ്ണുകളിലേക്ക് മരണഭയം കടന്നു വന്നു. പടയാളികൾ ഒന്നും സംസാരിക്കുന്നില്ല. തടവറയ്ക്ക് പുറത്തേക്കുള്ള ദൂരം കുറയുന്നതിന് അനുസരിച്ച് പുറത്തെ ശബ്ദ്ദങ്ങൾ വ്യക്തമായിക്കൊണ്ടിരിക്കുന്നു. ജനങ്ങൾ നിലവിളിക്കുന്നത് തന്റെ മോചനത്തിനാണന്ന് അവൻ തിരിച്ചറിഞ്ഞു. എന്ത്? രാജദ്രോഹക്കുറ്റത്തിനും കൊലപാതകത്തിനും പിടിക്കപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തന്റെ മോചനത്തിന് വേണ്ടി ജനങ്ങൾ ആർത്ത് വിളിക്കുന്നോ? എന്താണ് സംഭവിക്കുന്നത്? അവനൊന്നും മനസിലായില്ല. പടയാളികൾ അവന്റെ കൈകളിലെ ചങ്ങലകൾ ഊരിമാറ്റി. അവനെ പുറത്തേക്ക് കൊണ്ടുവന്നു.അതാ ന്യായവിസ്താരസ്ഥലത്തിന് വെളിയിലായി ആയിരങ്ങൾ ബറബ്ബാസ് ബറബ്ബാസ് എന്ന് ആർത്ത് വിളിക്കുന്നു.... യെശുവിനെ ക്രൂശിക്ക ക്രൂശിക്ക എന്നും അവർ വിളിച്ചു പറയുന്നു...... 

നാളുകൾക്ക് ശേഷം അവന്റെ കണ്ണുകളിലേക്ക് സൂര്യപ്രകാശം വീണു. കണ്ണുകളിലെ മങ്ങിയ കാഴ്ചയിലൂടെ അവൻ കണ്ടു, വിസ്താരസ്ഥലത്ത് ചാട്ടവാറടികൾ കൊണ്ട് ശരീരത്തിലൂടെ രക്തം ഒഴുകുന്നു ഒരു മനുഷ്യൻ. ചാട്ടവാറടി വീഴുമ്പോൾ ആ മനുഷ്യന്റെ ശരീരത്തിൽ നിന്ന് രക്തം തെറിക്കുന്നു. തന്റെ ശരീരത്തിലേക്ക് വീണ നനവ് രക്തതുള്ളികളുടേത് ആണന്ന് ബറബ്ബാസ് തിരിച്ചറിച്ചു. അവന്റെ മൂക്കിലൂടെ ചോരയുടെ ഗന്ധം അരിച്ചിറങ്ങി. കലഹനാളുകളിൽ താൻ കൊന്ന് തള്ളിയവരുടെ ചോരയുടെ മണം അവന്റെ തലച്ചോറിൽ പ്രകമ്പനം കൊള്ളിച്ചു. ആ നാളുകൾ അവന്റെ കണ്ണുകളിൽ കാഴ്ചകളായി നിറഞ്ഞു. കാതുകളിൽ ജനങ്ങളുടെ നിലവിളി ശബ്ദ്ദം..... കാതുകൾ അടയ്ക്കാൻ ശ്രമിച്ചു. പക്ഷേ അവൻ പരാജയപ്പെട്ടു. കാഴ്ചകൾ മങ്ങുന്നു. തലകറങ്ങുന്നു.... കണ്ണുകളിലേക്ക് ഇരട്ടു വ്യാപിക്കുന്നു. വായുവിലൂടെ ചാട്ടവാറിന്റെ ശബ്ദ്ദം.... ആ ചാട്ടവാർ മനുഷ്യശരീരത്തിൽ പതിക്കുന്നു. ആ മനുഷ്യന്റെ ഞരുക്കും..... ബറബാസിന്റെ കണ്ണുകളിലേക്ക് രക്തതുള്ളികൾ തെറിച്ചു വീണു. ബറബ്ബാസ് കണ്ണുകൾ തുടച്ചു. കണ്ണുകളിൽ രക്തതുള്ളികളുടെ നനവ്.... കണ്ണുകളിലെ ഇരുട്ട് മാറുന്നു.... കലാപക്കാഴ്ചകൾ പതിയെ കണ്ണുകളിൽ നിന്ന് മായുന്നു. കണ്ണുകളിലേക്ക് പ്രകാശം വീഴുന്നു.... മുന്നിലെ കാഴ്ചകൾ തെളിയുന്നു... അതാ തന്റെ തൊട്ടു മുമ്പിൽ ആ മനുഷ്യൻ. തലയിൽ മുൾക്കിരീടവുമായി ശരീരം മുഴുവൻ രക്തം ഇറ്റിറ്റ് വേദനയോടെ ഞരുങ്ങുന്നവൻ.... അവനെ ക്രൂശിക്ക ക്രൂശിക്ക എന്ന് നിലവിളിക്കുന്ന ജനക്കൂട്ടം.... ഏതാനും സ്ത്രികൾ അവനായി കരയുന്നുണ്ട്.....

പടയാളികൾ വന്ന് യേശുവിനെ ചുവന്ന കുപ്പായം ധരിപ്പിക്കുന്നു.... അവർ അവന്റെ മുഖത്തേക്ക് തുപ്പുന്നു. ചിലർ വടി എടുത്ത് അവനെ അടിക്കുന്നു. വന്റെ മുഖത്തൂടെ അവരുടെ തുപ്പൽ രക്തത്തോടൊപ്പം ഒലിച്ചിറങ്ങി. അവന്റെ തലയിലെ മുൾക്കിരീടത്തിലെ മുള്ളുകൾ ആഴ്ന്ന് അവന്റെ തലയിൽ നിന്ന് രക്തതുള്ളികൾ ഇറ്റിറ്റ് വീഴുന്നത് ബറബ്ബാസ് കണ്ടു. വടികൊണ്ട് അവന്റെ തലയിൽ അടിക്കുമ്പോൾ വടി ആ മുൾക്കിരീടത്തിൽ കൊണ്ട് അവന്റെ തലയിലേക്ക് ആ മുള്ളുകൾ ആഴ്ന്നിറങ്ങുന്നു.... പടയാളികളും ജനക്കൂട്ടവും അവനെ പരിഹസിക്കുന്നു. ഇപ്പോൾ ജനങ്ങളാരും തന്നെ ശ്രദ്ധിക്കുന്നില്ല. അവർ യേശുവിനെ ക്രൂശിക്കാനായി ആർത്ത് വിളിക്കുകയാണ്. തനിക്ക് പകരമാണ് ആ മനുഷ്യൻ ഇപ്പോൾ ക്രൂരമായ ശിക്ഷാവിധികൾ ഏറ്റുവാങ്ങുന്നത് എന്നൊരു ചിന്ത ബറബ്ബാസിന്റെ ഉള്ളിലൂടെ കടന്നു പോയി.... ജനക്കൂട്ടം ക്രിസ്തു എന്ന യേശുവിനെ മോചിപ്പിക്കാൻ ആവിശ്യപ്പെട്ടിരുന്നു എങ്കിൽ താനിപ്പോൾ വധശിക്ഷയ്ക്ക് വിധേയനാകേണ്ടതാണ്. ജനക്കൂട്ടം മുഴുവനായി ഈ മനുഷ്യനെ ക്രൂശിക്കാനായി ആവിശ്യപ്പെടൂന്നത് എന്തിനാണ്? ഇവൻ ചെയ്ത കുറ്റമെന്താണ്? 

അർദ്ധപ്രാണനായ യേശുവിനെ പടയാളികൾ താങ്ങി എടുക്കുന്നു. അവന്റെ ചുവന്ന വസ്ത്രം അവർ മാറ്റി മറ്റൊരു വസ്ത്രം ധരിപ്പിക്കുന്നു. അവർ അവനെ പിടിച്ചപ്പോൾ ധരിച്ചിരുന്ന വസ്ത്രമായിരിക്കണം അത്. അവന്റെ തലയിൽ നിന്ന് ഒലിക്കുന്ന രക്തം കണ്ണുകളിലൂടേ ഒഴുകി മുഖത്തൂടെ താഴേക്ക് വീഴുകയാണ്. അവന് നേരെ നിൽക്കാൻ കഴിയുന്നില്ല. അവൻ വേച്ച് വേച്ച് പോവുകയാണ്. അതാ പടയാളികൾ ഭാരമേറിയ ഒരു കുരിശ് അവന്റെ ചുമലിലേക്ക് വച്ചു കൊടുക്കുന്നു. അവന് ആ മരക്കുരിശിന്റെ ഭാരം താങ്ങാനാവുന്നില്ല. യേശു മരക്കുരിശുമായി മറിഞ്ഞ് വീഴാനായി പോകുന്നു. ബറബ്ബാസ് അവനെ താങ്ങാനായി മുന്നോട്ടാഞ്ഞു. "മാറി നിൽക്ക്" പടയാളികൾ ബറബാസിനെ പിടിച്ചു തള്ളി. അവൻ നില തെറ്റി പിന്നോട്ടാഞ്ഞു. ബറബ്ബാസ് യെശുവിനെ നോക്കി. മരക്കുരിശും പേറി മുന്നോട്ടൂ നീങ്ങുന്ന അവൻ തന്നെ നോക്കി പുഞ്ചിരിച്ചുവോ? പടയാളികൾ യേശുവിനെ ന്യായാസനത്തിന് വെളിയിലേക്ക് കൊണ്ടുപോവുകയാണ്. അവനെ വധശിക്ഷയ്ക്കായി ഗൊല്ഗോഥാ മലയിലേക്ക് കൊണ്ടുപോവുകയാണ്. ജനക്കൂട്ടം എല്ലാം പട്ടാളത്തോടൊപ്പം ഗൊൽഗോഥാ മലയിലേക്ക് പോവുകയാണ്..... ബറബ്ബാസും അവരിലൊരാളായി അവരോടൊപ്പം ചേർന്നു......  
ഗൊല്ഗോഥാ മലയിലേക്കുള്ള യാത്ര :: സോഴ്സ് -വിക്കി

ഗൊല്ഗോഥാ മലയിലേക്കുള്ള വഴിയരികിൽ നിറയെ ജനങ്ങളാണ്. ചിലർ കണ്ണീർ തുടയ്ക്കുന്നുണ്ട്. യേശുവിന് കുരിശ് എടുത്തുകൊണ്ട് നടക്കാൻ സാധിക്കുന്നില്ല. അവൻ പലപ്പോഴും താഴെ വീഴുകയാണ്. വേച്ചു വേച്ചു പോകുമ്പോഴെല്ലാം പടയാളികളുടെ ചാട്ടവാർ അവന്റെ ശരീരത്തിൽ പതിക്കുന്നു.. യേശുവിന്റെമേൽ പതിക്കുന്ന ഓരോ ചാട്ടവാറടികളും തന്റെ മേൽ പതിക്കെണ്ടതാണന്ന് ബറബ്ബാസിന് തോന്നി. അതാ യേശു താഴേക്ക് വീഴുന്നു... അവന് എഴുന്നേൽക്കാൻ സാധിക്കുന്നില്ല. ചില സ്ത്രികൾ വാവിട്ട് നിലവിളിക്കുന്നുണ്ട്. ഒരു സ്ത്രിയെ കുറേ സ്ത്രികൾ ചേർന്ന് പിടിച്ചുകൊണ്ടാണ് നടക്കുന്നുത്. അത് യേശുവിന്റെ അമ്മയായിരിക്കാം. ഒരമ്മയ്ക്ക് എങ്ങനെയാണ് ഇത്തരം കാഴ്ചകൾ കണ്ടു നിൽക്കാൻ കഴിയുന്നത്. പത്തുമാസം ഗർഭപാത്രത്തിൽ വഹിച്ച ആ മകന് ഏൽക്കുന്ന ഓരോ അടികളും ആ അമ്മയുടേ ചങ്ക് തകർക്കുകയായിരിക്കും.... അതാ പടയാളികൾ ഒരുത്തനെ പിടിച്ചുകൊണ്ട് വന്ന് യേശുവിന്റെ ക്രൂശ് അവന്റെ തോളിൽ വെച്ച് കൊടുക്കുന്നു..... യേശുവിന്റെ തോളിലും കുരിശിന്റെ ഭാരമുണ്ട്.... ഇനിയും കുറേ ദൂരം കൂടി നടക്കാനുണ്ട് ഗൊല്ഗോഥാ മലയിലേക്ക്.... വേച്ച് വേച്ചു പോകുന്ന യേശു... മുഖത്തെയും കൺപോളകളിലെയും രക്തം കട്ടപിടിച്ചു തുടങ്ങിയിരിക്കൂന്നു.... മൂന്നാലു ദിവസം മുമ്പ് ഇതേ ജനങ്ങളാണത്രെ യെശുവിന് ഹൊശന്ന എന്ന് വിളിച്ചുകൊണ്ട് അവനെ ഒരു രാജാവിനെപ്പോലെ കൊണ്ട് നടന്നത്.... ഇപ്പോൾ ജനങ്ങൾ അവനെ ക്രൂശിക്കാൻ നിർബന്ധിക്കുന്നത് എന്തിനാണ്?അതാ യേശു തന്നെ നോക്കി കരയുന്ന സ്ത്രികളെ നോക്കി എന്തോ പറയുന്നു..... അതാ ഒരു സ്ത്രി പട്ടാളക്കാരുടെ എതിർപ്പ് അവഗണിച്ച് അവന്റെ അടുക്കൽ എത്തി അവന്റെ മുഖം തുണികൊണ്ട് ഒപ്പുന്നു... ആ തുണിയിൽ അവന്റെ രക്തം പറ്റിപ്പിടിച്ച് അവന്റെ രൂപം ആ തുണിയിൽ രക്തനിറത്തിൽ പതിഞ്ഞിരിക്കുന്നു.......

ഇതാ ഗൊല്ഗോഥാ മലയിൽ എത്തിയിരിക്കുന്നു.... യേശുവിനെ കുരിശിൽ കിടത്തി അവന്റെ കൈകാലുകളിൽ ആണി തറയ്ക്കുന്നു... അവന്റെ ശരീരത്തിൽ തറയ്ക്കുന്ന ആണികൾ തന്റെ ശരീരത്തിലൂടെ കടന്നു പോകേണ്ടതാണ്. യേശുവിന്റെ അവ്യക്തമായ ഞരക്കങ്ങൾ. അതാ പട്ടാളക്കാർ അവന്റെ കുരിശ് ഉയർത്തുന്നു.... സൂര്യപ്രകാശത്തെ മറച്ചുകൊണ്ട് യേശുവിനെ തറച്ച് കുരിശ് ഗൊല്ഗോഥാ മലയിൽ പൊങ്ങി. ആ കുരിശിന്റെ നിഴൽ തന്റെ മേലേക്ക് വീഴുന്നു... ബറബ്ബാസ് ആ കുരിശിലേക്ക് നോക്കി.... ശരീരം മുഴുവൻ ചാട്ടവാറടി ഏറ്റ് രക്തം കട്ടപിടിച്ച ഒരു ശരീരം... കാലുകളിലും കൈകളിലും തറച്ചിറങ്ങിയ ആണികളിലൂടെ വീഴുന്ന രക്തതൂള്ളികൾ.... വേദനയോടെ അവൻ കുരിശിൽ പിടയുന്നു.... തനിക്ക് പകരമാണ് അവൻ കുരിശിൽ തറയ്ക്ക്പ്പെട്ടത്.... അതാ സൂര്യപ്രകാശം ഇല്ലാതാകുന്നു. ആ കുരിശിന്റെ നിഴൽ സൂര്യനെ മറയ്ക്കുന്നു... സൂര്യൻ ഇരുണ്ടു പോവുകയാണ്. ഗൊല്ഗോഥാ താഴ്വരയിൽ നിന്ന് ജനങ്ങളുടെ നിലവിളി കേൾക്കാം... അതാ വലിയ ശബ്ദ്ദ്ങ്ങൾ മൂമി മുഴങ്ങുന്നു.... ഭൂമി കുലുങ്ങുകയാണോ? അതെ ഭൂമി കുലുങ്ങുകയാണ്. ബറബ്ബാസ് അടൂത്തുകണ്ട കല്ലിലേക്ക് ചാരി കുരിശിലേക്ക് നോക്കി നിന്നു.... ഭൂമി കുലുക്കത്തിൽ പടയാളികൾ താഴെ വീഴുന്നു.....സൂര്യൻ ഇരുളുകയാണ് ... അതാ ആ കുരിശിന്റെ നിഴൽ സൂര്യനെ മറച്ചിരിക്കുന്നു... കുരിശിനെങ്ങനെയാണ് നിഴലുണ്ടാക്കാൻ കഴിയുന്നത്.... അതാ ആ കുരിശ് സൂര്യനെക്കാൾ പ്രകാശിക്കുന്നു..... പെട്ടന്ന് എല്ലാ പ്രകാശവും ഇല്ലാതായി.... എങ്ങും പൂർണ്ണമായ ഇരുട്ട്.... താഴ്വരയിൽ ജനങ്ങൾ നിലവിളിക്കുകയാണ്.... താഴ്വരയിൽ പന്തങ്ങൾ കത്തിച്ചന്ന് തോന്നുന്നു..... നേരിയ പ്രകാശം ഗൊല്ഗോഥാ മലയിലേക്കും.... അതാ യെശുവിന്റെ ചലനങ്ങൾ എല്ലാം അവസാനിച്ചിരിക്കുന്നു.... അവൻ ഇത്രയും പെട്ടന്ന് മരിച്ചുവോ? ശരിക്കും അവൻ ഒരു അത്ഭുതമനുഷ്യൻ തന്നെയായിരുന്നു... അവന്റെ മരണം കാണാനാവാതെ സൂര്യൻ പോലും മറഞ്ഞു പോയി..... അതെ അവൻ തനിക്ക് വേണ്ടിയാണ് ആ കുരിശിൽ പിടഞ്ഞ് തീർന്നത്.... യേശു ബർബ്ബാസ് പുതിയ ഒരു മനുഷ്യനാവുകയായിരുന്നു...... അവൻ ആ അരണ്ട വെളിച്ചത്തിൽ ഗൊല്ഗോഥാ മലയിറങ്ങി... ഇതുവരെയുള്ള ജീവിതത്തിന്റെ എല്ലാ ഇരുട്ടുകളെയും അവിടെ ഉപേക്ഷിച്ച് താഴ്വരയിലെ പ്രകാശത്തിലേക്ക് ബറബ്ബാസ് എന്ന യേശു ബറബ്ബാസ് നടന്നു......... പുതിയ ഒരു ജീവിതത്തിലേക്ക്........

ബറബ്ബാസ്  ബറാബ്ബാസ് , യേശു ബറബ്ബാസ് ,  ബറാബ്ബസ് , ബറാബസ് , ജീസസ് ബറാബ്ബസ് ,ജീസസ് ബറാബസ്