Saturday, March 3, 2018

ബൈബിളിലെ പ്രണയങ്ങൾ

പ്രണയം. എത്ര മനോഹരമായ പദമാണ്. നയിക്കൽ , അനുരാഗം , വിശ്വാസം , വിവാഹം എന്നൊക്കെയാണ് പ്രണയത്തിന്റെ അർത്ഥം.  പ്രണയത്തിന്റെ അവസാനമായി നമ്മൾ കരുതുന്നത് പരിണയമാണ്. മനുഷ്യന്റെ ആരംഭം മുതലേ പ്രണയവും തുടങ്ങിയിരിക്കണം.  തുണയായി തന്നോടൊപ്പം ഒരു സ്ത്രി ഉണ്ടാവണമെന്ന് പുരുഷൻ ആഗ്രഹിക്കുന്നു (തിരിച്ചും) , ആ തുണയ്ക്കുവേണ്ടിയുള്ള അന്വേഷ്ണമാണ് പ്രണയം.  മനുഷ്യന്റെ മാനസികവ്യാപാരങ്ങൾക്ക് അനുസരിച്ച് അവന്റെ പ്രണയവും മാറിക്കൊണ്ടേ ഇരിക്കും. തനിക്ക് ഏറ്റവും ഇഷ്ടപ്പെടൂന്നത് എന്തിനെയൊ, അത് സ്വന്തമാക്കാനുള്ള അവന്റെ യാത്രയാണ് പ്രണയം. പ്രണയവും വിരഹവും ഒക്കെ ഒരു മനുഷ്യജീവിതത്തിലേക്ക് വരുമ്പോൾ (അകലെയെവിടയോ) ഒരു പ്രതീക്ഷയുണ്ട് - ഒന്നായ് തീരുമെന്നുള്ള പ്രതീക്ഷ. പ്രണയം ഉൽപത്തിയിൽ നിന്ന്  തുടങ്ങുന്നു - അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു. (ഉല്പത്തി 2:14) അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും. (ഉല്പത്തി 2:24). ബൈബിളിലും പ്രണയമുണ്ട്. ആ പ്രണയങ്ങളിൽ ചിലതിൽ ചതിയുണ്ട് , വിരഹമുണ്ട്, കൂടിച്ചേരലുകൾ ഉണ്ട് , പ്രതികാരം ഉണ്ട് , കാത്തിരിപ്പുണ്ട് , മരണമുണ്ട്....  ബൈബിളിൽ പറഞ്ഞിരിക്കുന്ന ചില പ്രണയങ്ങളെ പരിചയപ്പെടൂത്തുന്നു.... 

1. യാക്കോബും റാഹേലും (ഉല്പത്തി 29) jacob and rachel
2. ശിംശോൻ ദെലീല (ന്യാധിപന്മാർ 16) Samson and delilah
3. ശിംശോനും ഫെലിസ്‌ത്യ കന്യകയും
4. രൂത്ത് ബോവസ് (രൂത്ത് ) Ruth and Boaz
5. ദാവീദും മീഖളും (1ശമുവേൽ 18)  david and michal
6. ദാവീദും ബത്ത്-ശേബയും (2ശമുവേൽ 11)  david and bathsheba

1. യാക്കോബ് - റാഹേൽ(ഉല്പത്തി 29) - കാത്തിരിപ്പിന്റെ പ്രണയം
ജ്യേഷ്ഠനായ ഏശാവുമായിട്ടൂള്ള പ്രശ്നങ്ങളെ തുടർന്ന് യാക്കോബ് നാടുവിട്ട് പദ്ദൻ-ആരാമിലേക്ക്, തന്റെ അമ്മയായ റിബെക്കയുടെ സഹോദരനായ ലാബാന്റെ അടുക്കലേക്ക് പോയി. അവിടെ ചെന്ന് വഴി അറിയാതെ നിൽക്കുമ്പോഴാണ് വയലിലെ കിണറ്റിനരുകരിൽ ആട്ടിടയന്മാരെ കണ്ടത്. യാക്കോബ് അവരോട് ലാബാനെക്കുറിച്ച് അന്വേഷിച്ചു. ലാബാന്റെ മകളായ റാഹേൽ ആടുകളെ മേയ്ച്ചുകൊണ്ട് കിണറ്റരികിലേക്ക് വരുന്നുണ്ടന്ന് ആട്ടിടയന്മാർ യാക്കോബിനോട് പറഞ്ഞു. വയലിലെ കിണർ വലിയ ഒരു കല്ലുകൊണ്ട് അടച്ചിരിക്കൂകയായിരുന്നു. അവിടെ ആടിനെമേയ്ക്കുന്നവർ എത്തി ഒരുമിച്ച് കല്ലുമാറ്റിയായിരിക്കണം ആടുകൾക്ക് വെള്ളം കോരി നൽകിയിരുന്നത്. റാഹേൽ ആടുകളുമായി എത്തിയപ്പോൾ യാക്കോബ് കിണറിന്റെ കല്ല് ഉരുട്ടിമാറ്റി ലാബാന്റെ ആടുകൾക്ക് വെള്ളം നൽകി...

Rachel WilliamDyce താൻ ആരാണന്ന് യാക്കോബ് റാഹേലിനോട് പറഞ്ഞു. റാഹേൽ ലാബാന്റെ അടൂക്കൽ ചെന്ന് യാക്കോബിനെക്കുറിച്ച് പറഞ്ഞു. ലാബാൻ വന്ന് യാക്കൊബിനെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഒരുമാസം യാക്കോബ് ലാബാന്റെ വീട്ടിൽ കഴിഞ്ഞു. അതു കഴിഞ്ഞപ്പോൾ ലാബാൻ തന്നെ യാക്കോബിനോട് പറഞ്ഞു , "നീ പ്രതിഫലം ഒന്നും വാങ്ങാതെ ഇവിടിത്തെ കാര്യങ്ങൾ എല്ലാം നടത്തുന്നുണ്ട്. നീ ചെയ്യുന്ന കാര്യങ്ങൾക്ക് ഞാൻ എന്ത് പ്രതിഫലമാണ് തരേണ്ടത് എന്ന് പറയുക". യാക്കോബിന് കൂടുതലോന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ലാബാന്റെ ഇളയമകളായ റാഹേലിനെ ഭാര്യയായി നൽകാൻ തയ്യാറാണങ്കിൽ ഏഴുവർഷം ലാബാന്റെ വീട്ടിൽ കാര്യങ്ങളൊക്കെ നോക്കി നിൽക്കാം എന്ന് യാക്കോബ് ലാബാനോട് പറഞ്ഞു. ലാബാൻ അത് സമ്മതിച്ചു.

ലാബാന് രണ്ട് പെണ്മക്കളായിരുന്നു.  മൂത്തവൾ ലേയ ഇളയവൾ റാഹേൽ.  ലേയെക്കാൾ സുന്ദരിയായിരുന്നു റാഹേൽ. ലേയയുടെ കണ്ണുകൾക്ക് തിളക്കം കുറവായിരുന്നു എങ്കിൽ റാഹേലിന്റെ കണ്ണുകൾക്ക് തിളക്കമേറെയായിരുന്നു. റാഹേലിനെ ആദ്യമായി കിണറ്റരികിൽ വെച്ച് കണ്ടപ്പോഴേ യാക്കോബിന് അവളോട് അനുരാഗം തോന്നിത്തുടങ്ങിയിരുന്നു. പിന്നീട് ഒരുമാസം ലാബാന്റെ വീട്ടിൽ താമസിച്ചപ്പോൾ , ലേയയോടും റാഹേലിനോടും ഒപ്പം ആടൂകളെ മേയ്ക്കാൻ പോകുമ്പോഴും യാക്കോബിന് റാഹേലിനോട് പ്രണയം തുടങ്ങിയിരുന്നു. റാഹേലിനെ തന്നെ ഭാര്യയായി ഒപ്പം കൂട്ടണമെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെയാണ് ലാബാൻ പ്രതിഫലം ചോദിച്ചപ്പോൾ റാഹേലിനായി ഏഴുവർഷം ലാബാനെ സേവിക്കാൻ യാക്കോബ് തയ്യാറായത്... ഏഴുവർഷത്തെ പ്രണയകാലം !!!

സേവനത്തിന്റെ ഏഴുവർഷം പൂർത്തിയാകുമ്പോൾ യാക്കോബ് ലാബാനോട് തനിക്ക് ഭാര്യയായി റാഹേലിനെ നൽകാൻ ആവശ്യപ്പെട്ടു. എതിർപ്പൊന്നും പറയാതെ ലാബാൻ വിവാഹം നടത്തി. വിവാഹം കഴിഞ്ഞ് പിറ്റേന്നാണ് ലാബാന്റെ ചതി യാക്കോബ് മനസിലാക്കൈയത്. തനിക്ക് വിവാഹം ചെയ്ത് തന്നിരിക്കുന്നത് റാഹേലിനു പകരം ലേയയെയാണ്. യാക്കോബ് ലാബാന്റെ അടൂക്കൽ ചെന്നു. റാഹേലിനുവേണ്ടി ലാവാനെ സേവിച്ചിട്ട് എന്തിന് ലേയയെ നൽകി ചതിച്ചതെന്ന് ചോദിച്ചപ്പോൾ ലാബാന് പറയാൻ ഒരു മറുപടി ഉണ്ടായിരുന്നു. മൂത്തവളുടെ വിവാഹം കഴിയാതെ ഇളയവളുടെ വിവാഹം നടത്തുന്ന പതിവ് ഇല്ലാത്തതുകൊണ്ടാണ് താൻ യാക്കോബിന് ലേയയെ വിവാഹം ചെയ്ത് നൽകിയതന്ന് ലാബാൻ പറഞ്ഞു. വീണ്ടും ഏഴുവർഷം ലാബാനെ സേവിക്കാൻ സമ്മതിച്ചാൽ , ഒരാഴ്ച കഴിഞ്ഞ്  റാഹേലിനെ ഭാര്യയായി നൽകാം എന്ന് ലാബാൻ യാക്കോബിനോട് സത്യം ചെയ്ത്. തന്റെ പ്രണയിനിയെ വെറുതെയങ്ങ് ഉപേക്ഷിച്ച് പോകാൻ യാക്കോബ് തയ്യാറല്ലായിരുന്നു. ലാബാന്റെ ഉടമ്പടി സമ്മതിച്ച യാക്കോബിന് ഒരാഴ്ച കഴിഞ്ഞപ്പോൾ റാഹേലിനെയും വിവാഹം ചെയ്ത് നൽകി.

അങ്ങനെ റാഹേലിനുവേണ്ടി പതിന്നാലുവർഷമാണ് യാക്കോബ് തന്റെ അമ്മായിയപ്പനായ ലാബാനെ സേവിച്ചത്.  യാക്കോബ് റാഹേലിനെയാണ് കൂടുതൽ സ്നേഹിച്ചതെങ്കിലും ലേയയും റാഹേലും യാക്കോബിനെ മത്സരിച്ച് സ്നേഹിച്ചു. അവരുടെ മത്സരംകൊണ്ട് റാഹേലിന്റെ ദാസി ബിൽഹയെയും ലേയയുടെ ദാസി സില്പയെയും കൂടി യാക്കോബിന് വിവാഹം കഴിക്കേണ്ടി വന്നു എന്നുള്ളത് യാക്കോബ്-റാഹേൽ പ്രണയത്തിന്റെ ബാക്കിപത്രമാണ്... പന്ത്രണ്ട് ഗോത്രപിതാക്കന്മാരുടെ ചരിത്രവും അവിടെ നിന്ന് തുടങ്ങുന്നു.... 


2a. ശിംശോൻ ദെലീല (ന്യായാധിപന്മാർ 16) - മരണത്തിലേക്കുള്ള പ്രണയം
യിസ്രായേലിനു ഇരുപതുവർഷം ന്യായപാലനം ചെയ്തിരുന്ന ന്യായാധിപനായിരുന്നു ശിംശോൻ. സോരേൿ താഴ്വരയിൽ ദെലീലാ എന്ന പെൺകുട്ടിയെ സ്നേഹിച്ചു. ശിംശോൻ-ദലീല Peter Paul Rubens - Samson and Delilah - Google Art Projectപ്രണയത്തെക്കുറിച്ച് അറിഞ്ഞ ഫെലിസ്ത്യർ ശിംശോനെ പരാജയപ്പെടുത്താൻ ദെലീലയുടെ സഹായം തേടി. ശിംശോന്റെ ശക്തിയുടെ രഹസ്യം ചോർത്താൻ ഫെലിസ്ത്യപ്രഭുക്കന്മാർ ഓരോരുത്തരും ആയിരിത്തൊരുന്നൂറ് (1100) വെള്ളിപ്പണം ദെലീലയ്ക്ക്  വാഗ്ദാനം ചെയ്തു. പണത്തിന്റെ പ്രലോഭനത്തിൽ ദെലീല അകപ്പെട്ടു. പ്രണയത്തോടെ അവൾ ശിംശോനോട് പറ്റിച്ചേർന്ന്  അവനിൽ നിന്ന് മഹാശക്തിയുടെ രഹസ്യം ചോർത്താൻ അവൾ ശ്രമിച്ചു. മൂന്നു തവണ ശിംശോൻ കളവ് പറഞ്ഞു. അവൾ വീണ്ടും വീണ്ടും അവനെ അസഹ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ദെലീല ശിംശോന്റെ പ്രണയത്തെ കുറ്റപ്പെടുത്തി സംസാരിച്ചു. ദെലീലയുടെ ചതി മനസിലാക്കാൻ പ്രണയപരവശനായ ശിംശോന് കഴിഞ്ഞില്ല. അവളോടുള്ള പ്രണയം അവനെ അന്ധനാക്കിയിരുന്നു. ദെലീലയോട് ശിംശോൻ തന്റെ ശക്തിയുടെ രഹസ്യം വെളുപ്പെടൂത്തി.ഒരിക്കലും മുറിക്കാത്ത മുടിയിലാണ് തന്റെ ശക്തി എന്നവൻ പറഞ്ഞു .ദെലീല ഫെലിസ്ത്യപ്രഭുക്കന്മാരെ വിളിച്ചു വരുത്തി. അവർ അവൾക്ക് പണവും നൽകി.

പ്രണയം.തന്റെ പ്രണയിനിയിൽ അലിഞ്ഞു ചേരാൻ ശിംശോൻ കൊതിച്ചു. പ്രണയത്തോടെ ശിംശോൻ അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ ചിരിക്കു പിന്നിലെ ചതി അറിയാതെ അവൻ അവളിൽ ലയിച്ചു . പ്രണയ നിമിഷങ്ങൾ കടന്നുപോകവേ അവസാനം അവൻ ക്ഷീണിതനായി. സ്നേഹത്തോടെ ദെലീല ശിംശൊനെ തന്റെ മടിയിൽ കിടത്തി. അവൻ അവളുടെ മടിയിൽ കിടന്ന് ഉറങ്ങിപ്പോയി. ദെലീലയുടെ നിർദ്ദേശപ്രകാരം ശിംശോന്റെ മുടി മുറിച്ചു. അവനിൽ നിന്ന് അവന്റെ ശക്തി നഷ്ടപ്പെട്ടു.  "ഇതാ ഫെലിസ്ത്യർ പിടിക്കാൻ വരുന്നു" എന്ന് പതിവുപോലെ  ദെലീല ശിംശോനോട് പറഞ്ഞു. അവൻ ഉറക്കമുണർന്ന് ഫെലിസ്ത്യരെ എതിർക്കാൻ ശ്രമിച്ചു എങ്കിലും ശക്തി നഷ്ടപ്പെട്ട അവനെ ഫെലിസ്ത്യർ പിടിച്ച് തടവലാക്കി.

3.ശിംശോനും തി‌മ്‌നയിലെ ഫെലിസ്ത്യ കന്യകയും
ന്യായാധിപന്മാർ 14 ആം അദ്ധ്യായത്തിൽ ശിംശോനും തി‌മ്‌നയിലെ ഫെലിസ്ത്യ കന്യകയും തമ്മിലുള്ള  പ്രണയത്തെക്കുറിച്ച് പറയുന്നുണ്ട്. തിം‌ന്നയിൽ വെച്ച് കണ്ട ഫെലിസ്ത്യ കന്യകയെ വിവാഹം കഴിക്കണമെന്ന് ശിംശോൻ നിർബന്ധം പിടിച്ചപ്പോൾളവന്റെ മാതാപിതാക്കൾ ആദ്യം എതിർത്തു എങ്കിലും പിന്നീട് അവർ സമ്മതിച്ചു. അവർ ഒരുമിച്ച് ആ പെൺകുട്ടിയുടെ വീട്ടിൽ പോയി ശിംശോനായി ഫെ‌ലിസ്ത്യകന്യകയെ വിവാഹം ആലോചിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഫെലിസ്ത്യരോടുള്ള പ്രതികാരത്തിനായിരുന്നു ശിംശോൻ ഫെലിസ്ത്യ കന്യകയെ വിവാഹം ഉറപ്പിച്ചത്.

 4. രൂത്തും ബോവസ്സും (രൂത്ത്)   :: ഒരു നിശബ്ദ്ദ പ്രണയം.

മറ്റ് പ്രണയകഥകളിൽ നിന്നെല്ലാം മാറി മറ്റൊരു തലത്തിലായിരുന്നു രൂത്ത്- ബോവസ് പ്രണയം. രൂത്തിനെക്കാൾ ഇരട്ടിപ്രായമുള്ളയാളായിരുന്നു ബോവസ്. അവരുടെ പ്രണയത്തിനും വിവാഹത്തിനും പിന്നിൽ യെഹൂദസമൂഹത്തിന്റെ 'ആചാര പിന്തുടർച്ച' ഉണ്ടായിർന്നു.

യെഹൂദയിലെ ബേത്ത്ളേഹെമിലുള്ള എലീമേലെക്കും ഭാര്യ നൊവൊമിയും മക്കളായ മഹ്ളോൻ , കില്യോൻ എന്നിവർ മൊവാബ് ദേശത്തേക്ക് പോകുന്നത് ക്ഷാമം കാരണം ആണ്.  മഹ്ളോൻ , കില്യോൻ എന്നിവർ ഒർപ്പാ ,രൂത്ത് എന്നീ രണ്ട് മൊവാബ് സ്ത്രികളെ വിവാഹം കഴിച്ചു. പത്തു വർഷം അവർ അവിടെ താമസിച്ചു. .നൊവൊമിയുടെ ഭർത്താവും ആൺമക്കളും മൊവാബിൽ വെച്ച് മരിച്ചു. ക്ഷാമം തീർന്നതായി അറിഞ്ഞ് നൊവൊമിയും മരുമക്കളും ബേത്ത്ളേഹെമിലേക്ക് പുറപ്പെട്ടു. മരുമക്കളെ അവരവരുടെ വീട്ടിലേക്ക് തിരിച്ചു പോകാൻ നൊവൊമി നിർബന്ധിച്ചു എങ്കിലും രൂത്ത് അവളെ വിട്ടുപോയില്ല. നൊവൊമിയും രൂത്തും ബേത്ത്ളേഹെമിലേക്ക് തിരികെ എത്തി. (രൂത്ത് 1 ആം അദ്ധ്യായം)

Julius Schnorr von Carolsfeld- Ruth im Feld des Boazയവക്കൊയ്ത്തിന്റെ കാലത്താണ് നൊവൊമിയും രൂത്തും ബേത്ത്ളേഹെമില് എത്തിയത്. രൂത്ത് അമ്മായിയമ്മയുടെ അനുവാദത്തോടെ കൊയത്തുപാടത്ത് കതിർ(കാലാ) പറക്കാൻ പോയി.(ലേവ്യ 19:9 , ലേവ്യ 23 , ആവർത്തനം 24:19). രൂത്ത് എത്തുന്നത് നൊവൊമിയുടെ ഭർത്താവായ എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിന്നുള്ള പാടത്താണ്. ബോവസ് രൂത്തിനോട് പെരുമാറൂന്നത് അനുകമ്പയോടെയാണ്. നൊവൊമിയുടെ നിർദ്ദേശപ്രകാരം രൂത്ത് രാത്രിയിൽ പാടത്ത് കാവൽ കിടന്ന ബോവസിന്റെ അടുക്കൽ ചെന്നു. ബോവസ് തന്റെ വീണ്ടെടുപ്പുകാരൻ ആയതിനാൽ വീണ്ടെടുപ്പുകാരന്റെ ധർമ്മം അനുഷ്ഠിക്കാൻ രൂത്ത് ആവശ്യപ്പെട്ടു. (വീണ്ടെടുപ്പ് - ആവർത്തനം 25:5-7 , ലേവ്യ  25:: 23-28) . മറ്റൊരു വീണ്ടെടുപ്പുകാരൻ ഉള്ളതിനാൽ അയാളുടെ സമ്മതത്തോടെ മാത്രമെ രൂത്തിനെ വീണ്ടെടുക്കാൻ സാധിക്കൂ എന്ന് പറഞ്ഞ് ബോവസ് രൂത്തിനെ വെളിച്ചം പരക്കുന്നതിനു മുമ്പ് തന്നെ വീട്ടിലേക്ക് യാത്രയാക്കി. രൂത്ത് സംഭവിച്ചതെല്ലം നൊവൊമിയോട് പറഞ്ഞു.

ബോവസ് അതിരാവിലെ തന്നെ പട്ടണവാതിക്കൽ ചെന്നിരുന്ന് രൂത്തിന്റെ ആദ്യ വീണ്ടെടൂപ്പുകാരനെ കണ്ടെത്തി. അയാളോട് ബോവസ് സംസാരിച്ചു. അയാൾക്ക് എലീമേലെക്കിന്റെ വയൽമാത്രമേ വീണ്ടെടുക്കാൻ സമ്മതമുണ്ടായിരുന്നുള്ളൂ. രൂത്തിനെക്കൂടി വീണ്ടെടുക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ അയാൾ വീണ്ടെടൂപ്പ് അവകാശം ബോവസിന് നൽകി. വീണ്ടെടൂപ്പവകാശം നേടിയ ബോവസ് രൂത്തിനെ വിവാഹം കഴിച്ചു. ബോവസിനും രൂത്തിനും ജനിച്ച മകനാണ് ഓബേദ്. അങ്ങനെ ബോവസും രൂത്തും യേശുക്രിസ്തുവിന്റെ വംശാവലിയിൽ ഭാഗമായി. (മത്തായി 1:5-6)

5 ദാവീദും മീഖളും - ഒരു ദുഃഖസാന്ദ്രമായ പ്രണയം
മീഖളിന് ദാവീദിനോട് പ്രണയം തോന്നിത്തുടങ്ങുന്നത് എപ്പോഴാണ്? പതിനായിരത്തെ കൊന്നവനോടുള്ള വീരാരാധന പ്രണയമായിമാറിത്തുടങ്ങി. യിസ്രായേൽ രാജാവായ തന്റെ പിതാവ് ശൗൽ ആയിരത്തെ കൊന്നപ്പോൾ ദാവീദ് പതിനായിരത്തെ കൊന്നവൻ എന്ന് തെരുവിൽ വിളിച്ചുപറഞ്ഞ് നൃത്തം ചെയ്യുന്ന സ്ത്രികൾ. ഫെലിസ്ത്യ മല്ലനായ ഗൊല്യാത്തിനെ ഏലാ താഴ്‌വരയിൽ വെച്ച് വധിച്ച് യിസ്രായേലിനെ രക്ഷിച്ച് പട്ടാളമേധാവിയായി തിരിച്ചു വരുന്ന ദാവീദ് . കൊട്ടാരത്തിൽ നിന്ന് നോക്കുമ്പോൾ മീഖൾ കാണുകയും കേൾക്കുകയും ചെയ്യുന്നത് ദാവീദിന്റെ വീരകഥകൾ ആണ്... രാജാവിനെക്കാൾ വലിയ വീരനായ പട്ടാളക്കാരൻ. വെറും ആട്ടിടയനായി ഏലാ താഴ്‌വരയിലേക്ക് പോയ ദാവീദ് തിരികെ വരുന്നത് യിസ്രായേലിന്റെ പട്ടാളമേധാവിയായി. ആ ധീരനായ പട്ടാളമേധാവിയായ ദാവീദിനോട് ശൗൽ രാജാവിന്റെ ഇളയമകളായ മീഖളിന് പ്രണയം തുടങ്ങി...

തന്നെക്കാൾ ദാവീദിനെ  ആളുകൾ ബഹുമാനിക്കുകയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ ശൗലിന് അവനോട്  ഭയം തോന്നി. എങ്ങനയും ദാവീദിനെ ഇല്ലാതാക്കുക.  തന്റെ മൂത്തമകൾ മേരബിനെ ദാവീദിന് ഭാര്യയായി നൽകാം പകരം തനിക്ക് വേണ്ടി യുദ്ധങ്ങൾ നടത്തിയാൽ മതി എന്ന് ശൗൽ ദാവീദിനോട് പറഞ്ഞു. പക്ഷേ സമയം ആയപ്പോൾ ശൗൽ മേരബിനെ  അദ്രിയേൽ എന്ന മറ്റൊരാൾക്ക് വിവാഹം ചെയ്ത് കൊടുത്തു.

മീഖളിന് ദാവീദിനോടുള്ള  പ്രണയം യിസ്രായേലിൽ എങ്ങും അറിഞ്ഞു. രാജകുമാരിയും ജനനായകനും തമ്മിലുള്ള പ്രണയം...  ദാവീദിന് തന്റെ പോരായ്മയെക്കുറിച്ച് ബോധ്യം ഉണ്ടായിരുന്നു. തനിക്ക് സമ്പത്തും പ്രതാപവും ഇല്ല. അതുകൊണ്ടാണല്ലോ മേരബിനെ വിവാഹം ചെയ്ത് നൽകാം എന്ന് രാജാവ് പറഞ്ഞിട്ട് അവസാനം മറ്റൊരാൾക്ക് വിവാഹം ചെയ്ത് നൽകിയത്. അത് മീഖളിനെ ബോധ്യപ്പെടൂത്താൻ ശ്രമിച്ചിട്ടും പ്രണയത്തിൽ നിന്ന് പിന്മാറാൻ മീഖൾ തയ്യാറല്ല. അവളുടെ മനസിൽ നിന്ന് ആ ധീരനായ ജനനായകനെ മായ്ച്ച് കളയാൻ അവൾക്ക് കഴിയുമായിരുന്നില്ല. മീഖളിന് ദാവീദിനോടുള്ള പ്രണയം ശൗൽ രാജാവും അറിഞ്ഞു. മീഖൾ വഴി ദാവീദിനെ ഇല്ലാതാക്കാൻ ശൗൽ പദ്ധതികൾ രൂപ്പപ്പെടൂത്തി. മീഖളിനെ ദാവീദിന് ഉപേക്ഷിക്കാൻ കഴിയില്ലന്ന് രാജാവിനറിയാമായിരുന്നു. ശൗൽ തന്നെ ദാവീദിനെവിളിച്ച് മീഖളിനെ വിവാഹം ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചു. ദാവീദ് മറുപടി ഒന്നും പറയാതെ തിരികെപ്പോന്നു. രാജാവ് തന്റെ ജോലിക്കാരെക്കോണ്ട് ദാവീദിനോട് സ്വകാര്യമായി സംസാരിപ്പിച്ചു. ദാവീദിന്റെ മനസറിയുകയായിരുന്നു ലക്ഷ്യം. തന്റെ കൈയ്യിൽ സ്ത്രിധനമായി നൽകാൻ ഒന്നുമില്ല എന്ന് ദാവീദ് പറഞ്ഞത് ജോലിക്കാർ രാജാവിനോട് പറഞ്ഞു. പണവും സമ്പത്തും ഒന്നും നൽകാതെ ഫെലിസ്ത്യരുടെ നൂറ് അഗ്രചർമ്മം മാത്രം നൽകിയാൽ രാജാവിന്  വിവാഹത്തിന് സമ്മതമാണന്ന് ശൗൽ ജോലിക്കാരെക്കൊണ്ട് ദാവീദിനോട് പറയിപ്പിച്ചു. ഫെലിസ്ത്യരെ
ആക്രമിക്കുമ്പോൾ അവർ ദാവിദിനെ കൊലപ്പെടുത്തിക്കോളും എന്ന് ശൗൽ കരുതി. സ്ത്രിധനമായി നൂറ് ഫെലിസ്ത്യ അഗ്രചർമ്മം നൽകിയാൽ മതിയന്ന് അറിഞ്ഞപ്പോൾ ദാവീദിന് സന്തോഷമായി. ദാവീദ് മീഖളിനെകണ്ട് യാത്രപറഞ്ഞു. തന്റെ പ്രണയിതാവ് ഫെലിസ്ത്യരെ വധിച്ച്  അഗ്രചർമ്മം രാജാവിന് സ്ത്രിധനമായി നൽകി തന്നെ ഭാര്യയാക്കുന്നത് അവൾ സ്വപനം കണ്ടു. ദാവീദും സംഘവും ഇരുന്നൂറ് ഫെലിസ്ത്യരെ കൊന്ന് അവരുടെ അഗ്രചർമ്മം ശൗലിന് സ്ത്രിധനമായി നൽകി മീഖളിനെ വിവാഹം കഴിച്ചു....

പ്രതിസന്ധികളെ എല്ലാം അതിജീവിച്ച്  അവരുടെ പ്രണയം സഫലമായെങ്കിലും കാലം അവർക്കായി കാത്തുവച്ചിരുന്നത് ദുരന്തങ്ങൾ ആയിരുന്നു. ദാവീദിനും മീഖളിനും പിരിയേണ്ടിവന്നു. മീഖൾ മറ്റൊരു വിവാഹം കഴിച്ചു. ദാവീദിന് മറ്റ് പ്രണയങ്ങളും വിവാഹങ്ങളും ഉണ്ടായി. കാലചക്രത്തിൽ ദാവീദ് വീണ്ടും മീഖളിനെ സ്വന്തമാക്കി. പക്ഷേ അവർ വീണ്ടും വേർപിരിഞ്ഞു. അവസാനം ദാവീദ് മീഖളിനെ കൊലപ്പെടുത്തി. ഒരു ദുഃഖപൂർണ്ണമായ പ്രണയവസാനം !!

6. ദാവീദും ബത്ത്-ശേബയും (2ശമുവേൽ 11) - വഞ്ചനയുടെ പ്രണയം
ചതിയും വഞ്ചനയും കൊലപാതകവും നിയമവിരുദ്ധതയും ഒക്കെ ചേർന്ന ഒന്നായിരുന്നു ദാവീദ്-ബത്ത് ശേബ ബന്ധം.  ഒരു യുദ്ധകാലത്ത് സന്ധ്യാസമയത്ത് യെരുശലേമിലെ കൊട്ടാരത്തിൽ നിൽക്കുമ്പോൾ അതിസുന്ദരിയായ ഒരു സ്ത്രി കുളിക്കുന്നത് ദാവീദ് കണ്ടു. ദാവീദ് ആളയച്ച് അവളെക്കുറിച്ച് അന്വേഷിച്ചു. ഹിത്യനായ ഊരിയാവിന്റെ ഭാര്യ ബത്ത്-ശേബയാണ് ആ സുന്ദരിയെന്ന് ഭൃത്യന്മാർ ദാവീദിനെ വന്നറിയിച്ചു.
David begehrt Batseba 17Jh
സുന്ദരിയായ അവളോട് അവന് പ്രണയം തോന്നിത്തുടങ്ങിരുന്നു. അവളെസ്വന്തമാക്കാൻ അവൻ ആഗ്രഹിച്ചു. അവൾ കന്യകയല്ലന്നും ഭർത്താവ് മരിച്ചവളല്ലന്നും ദാവീദിന് അറിയാമായിരുന്നു.ബത്ത്-ശേബയുടെ ഭർത്താവായ ഊരിയാവ് തനിക്ക് വേണ്ടി യുദ്ധത്തിന് പോയതാണന്നും അറിയാമായിരുന്നു. എല്ലാം അറിഞ്ഞുകൊണ്ടു തന്നെ ദാവീദ് ബത്ത്-ശേബയെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു.വിവാഹം കഴിക്കാതെ തന്നെ ദാവീദിനൊപ്പം ബത്ത്-ശേബയ്ക്ക് കിടക്കപങ്കിടേണ്ടി വന്നു.

താൻ ഗർഭിണിയാണന്ന് ബത്ത്-ശേബ അറിയിക്കുമ്പോൾ ദാവീദ് ഭയപ്പെട്ടു. ഭർത്താവ് ഇല്ലാതെ ഭാര്യ എങ്ങനെ ഗർഭിണിയാകും. ചോദ്യങ്ങൾ ഉയരും, ചോദ്യങ്ങൾ തന്റെ നേരെ വരും. ന്യായപ്രമാണലംഘനം സംഭവിച്ചതായി എല്ലാവർക്കും മനസിലാകും. മരണകരമായ കുറ്റമാണ് ചെയ്തിരിക്കുന്നത്. (ലേവ്യ 20:10). ഉപായത്തിലൂടെ  ഊരിയാവിനെ യുദ്ധമുഖത്ത് നിന്ന് കൊട്ടാരത്തിൽ എത്തിച്ച് ബെത്ത്-ശേബയുടെ അടൂക്കൽ എത്തിക്കാനുള്ള ശ്രമം രണ്ട് പ്രാവിശ്യം പരാജയപ്പെട്ടു. ഭാര്യയുടെ അടുക്കലേക്ക് പോകാതെ ഊരിയാവ് കൊട്ടാരത്തിൽ നിന്ന് യുദ്ധസ്ഥലത്തിലേക്ക് തിരികെപോയി. പടനയിക്കുന്ന യോവാബിന് നൽകാൻ ദാവീദ് ഒരു എഴുത്തും നൽകിയാണ് ഊരിയാവിനെ യുദ്ധഭൂമിയിലേക്ക് അയക്കുന്നത്. ഊരിയാവിനെ ചതിയിൽപ്പെടുത്തി യുദ്ധത്തിനിടയിൽ കൊലപ്പെടുത്തണം എന്നായിരുന്നു ആ എഴുത്തിൽ എഴുതിയിരുന്നത്. ദാവീദിന്റെ കല്പന യോവാബ് അനുസരിച്ചു. യുദ്ധത്തിൽ ഊരിയാവ് കൊല്ലപ്പെട്ടു. സങ്കടകാലം കഴിഞ്ഞപ്പോൾ ബത്ത്-ശേബയെ ദാവീദ് വിവാഹം കഴിച്ചു.

:: ഒരാൾക്ക് മാത്രം തോന്നിയ പ്രണങ്ങൾ ::

7. ശെഖേംമിനു ദീനയോട് തോന്നിയ പ്രണയം (ഉല്പത്തി 34)
ഗോത്രപിതാവായ യാക്കോബിന് ലേയയിൽ ഉണ്ടായ മകളായിരുന്നു ദീന - പന്ത്രണ്ട് സഹോദരങ്ങളുടെ പെങ്ങൾ. പദ്ദൻ-അരാമിൽനിന്നു വന്ന യാക്കോബ് സഹോദരനായ ഏശാവിനെ കണ്ടതിനുശേഷം
കനാൻ ദേശത്തിലെ ശേഖേം പട്ടണത്തിലായിരുന്നു.  ഹമോരിന്റെ പുത്രന്മാരോടു (ഹിവ്യനായ ഹമോരിന്റെ ഒരു മകനായിരുന്നു ശേഖേം) നൂറു വെള്ളിക്കാശിന്നു വാങ്ങിയ സ്ഥലത്തായിരുന്നു യാക്കോബിന്റെയും കുടുംബത്തിന്റെയും താമസം. ദീന എല്ലാ ദിവസവും ആ നാട്ടിലെ കനാന്യകന്യകമാരെ കാണാൻ പോവുമായിരുന്നു. (ദേശങ്ങളുടെ ചരിത്രം തുടങ്ങുന്നത് നോഹയുടെ കാലത്തെ പ്രളയത്തിനുശേഷമാണ്. നോഹയുടെ മകനായ ഹാം മിന്റെ നാല് പുത്രന്മാരിൽ ഒരാളായിരുന്നു കനാൻ. കനാന്റെ പതിനൊന്ന് മക്കളിൽ നിന്നാണ് കനാന്യവംശങ്ങളുടെ പിറവി.  കനാന്റെ മക്കളിൽ ഒരാളായിരുന്നു ഹിവ്യൻ). കന്യകമാരുടെ കൂട്ടത്തിൽ നിൽക്കുന്ന ദീനയെ ദേശപ്രഭുവായ ശേഖേം (ഷെക്കെം) കണ്ടു. അവളോട് ശേഖേം‌മിനു പ്രണയം തോന്നി. ഒരു ദിവസം ശേഖേം ദീനയെ പിടിച്ചുകൊണ്ടുപോയി അവളെ മാനഭംഗപ്പെടുത്തി .  ശേഖേം ദീനയോട് പ്രണയപൂർവ്വം പെരുമാറി.

Dinah tissotശേ‌ഖേം തന്റെ അപ്പനായ ഹമോരിനോട് ദീനയെ തനിക്ക് ഭാര്യയായി കിട്ടണം എന്ന് പറഞ്ഞു. ഹമോർ യാക്കൊബിനെ കാണാനായി പോയി. ദീനയുടെ സഹോദരന്മാരും അതേ സമയം വയലിൽ നിന്ന് എത്തി. തന്റെ മകന് ദീനയെ വിവാഹം ചെയ്ത് നൽകണമെന്ന് ഹമോർ യാക്കൊബിനോടും മക്കളോടും ആവശ്യപ്പെട്ടു . ശേഖേം‌മും യാക്കോബിനോടും ദീനയുടെ ആങ്ങളമാരോടും സംസാരിച്ചു.  സ്ത്രിധനവും ദാനവും എത്ര വേണമെങ്കിലും നൽകാം പകരം ദീനയെ വിവാഹം ചെയ്ത് നൽകണമെന്ന് ശേഖേം അവരോട് പറഞ്ഞു. ദീനയെ വിവാഹം ചെയ്ത് കൊടുക്കുന്നതിന് പകരം എന്ത് ചോദിച്ചാലും അത് നൽകാൻ വരെ ശേഖേം തയ്യാറായിരുന്നു. യാക്കൊബിന്റെ ആൺമക്കൾ പക്ഷേ ഹമോറിനോടും ശേഖേമ്മിനോടും സംസാരിച്ചത് കപടമായിട്ടായിരുന്നു. തങ്ങളുടെ സഹോദരിയെ പിടിച്ചുകൊണ്ടുപോയതിലുള്ള പക അവർക്ക് ഉള്ളിൽ ഉണ്ടായിരുന്നു. ശേഖേമും കുടുംബവും പരിച്ഛേദന ഏറ്റാൽ ദീനയെ വിവാഹം ചെയ്ത് നൽകാമെന്ന് യാക്കോബിന്റെ ആണ്മക്കൾ അവരോട് പറഞ്ഞു. അതിന് തയ്യാറല്ലങ്കിൽ അവർ ദീനയെ തിരികെ കൊണ്ടുവരുമെന്നും അറിയിച്ചു.

ദീനയോടുള്ള പ്രണയം കൊണ്ട് ശേഖേം പരിച്ഛേദനയേൽക്കാൻ സമ്മതിച്ചു. ശേഖേം നഗരത്തിലെ പുരുഷന്മാരോട് ഹമോരും ശേഖേമും സംസാരിച്ചു , അവരെക്കൊണ്ടും പരിച്ഛേദനഏൽക്കാൻ സമ്മതിപ്പിച്ചു. ശേഖേമും കൂടെയുള്ളവരും പരിച്ഛേദനയേറ്റതിന്റെ മൂന്നാം ദിവസം ,അവർ വേദനയോടെ ഇരിക്കുമ്പോൾ യാക്കോബിന്റെ രണ്ട് ആണ്മക്കളായ ശിമെയോനും ലേവിയും (ലേയയുടെ മക്കൾ) പട്ടണത്തിൽ ചെന്ന്  വാൾ കൊണ്ട് ആ പട്ടണത്തിലെ പുരുഷന്മാരെയെല്ലാം കൊന്നു. തികച്ചും അപ്രതീക്ഷതമായ ആക്രമണത്തിൽ അവരെല്ലാം കൊല്ലപ്പെട്ടു. ഹാമ്മോറിനേയും ശേഖേമിനേയും വാൾകൊണ്ട് വെട്ടിക്കൊന്ന് അവർ ദീനയെ ശെഖേമിന്റെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടു പോയി.

8. പോത്തീഫറിന്റെ ഭാര്യയ്ക്ക് യോസഫിനോട് തോന്നിയ പ്രണയം - (ഉല്പത്തി 39)
മിദ്യാനകച്ചവടക്കാരിൽ നിന്ന് യോസഫിനെ വാങ്ങിയ ഫറവോന്റെ കടമ്പടിനായകാനായ പോത്തീഫർ യോസഫിനെ തന്റെ വീട്ടിൽ കൊണ്ടു വന്നു. യോസഫിന്റെ കൂടെ ദൈവം ഉണ്ടന്നും യോസഫ് ചെയ്യുന്നതെല്ലാം ദൈവം സാധിപ്പിക്കുന്നു എന്നും പോത്തിഫർ കണ്ടു. യോസഫിന്റെ പരിചാരക ശുശ്രൂഷയിൽ സംതൃപ്തനായ പോത്തിഫർ യോസഫിനെ തന്റെ വീടിന്റെ ഗൃഹവിചാരകനാക്കുകയും ചെയ്തു.
യോസഫ് ബുദ്ധിമാനും അതി സുന്ദരനും യുവാവും ആയിരുന്നു. ആരേയും ആകർഷിക്കുന്ന രൂപം. യോസഫിന്റെ അതി മനോഹര രൂപം പോത്തിഫറിന്റെ ഭാര്യയുടെ മനസിൽ മായാതെ നിന്നു. അവൾക്ക് യോസഫിനോട് പ്രണയം തോന്നി തുടങ്ങി. അവനെ എങ്ങനേയും തന്റെ ഇഷ്ടത്തിലേക്ക് കൊണ്ടു വരണമെന്ന് അവൾ ആഗ്രഹിച്ചു. അവന്റെ ശ്രദ്ധ നേടാൻ അവൾ പലവഴികളും ആലോചിച്ചു.പക്ഷേ യോസഫ് അവളിൽ നിൻ കഴിവതും ഒഴിഞ്ഞു മാറി. ഒരു ദിവസം അവൾ തന്റെ പ്രണയവും യോസഫിനോട് വെളുപ്പെടുത്തിയിട്ട് അവനെ തന്റെ കിടക്കയിലേക്ക് ക്ഷണിച്ചു. യോസഫ് അവളുടെ ക്ഷണം നിരസിച്ചു.

"ഈ വീടിന്റെ ഗൃഹവിചാരകാനാണ് ഞാൻ. ഈ വീട്ടിൽ ഉള്ളയാതൊന്നിനെകുറിച്ച് യജമാനാന് അറിയില്ല,അദ്ദേഹത്തിനു ഉള്ളതെല്ലാം എല്ലാം എന്നെ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുകയാണ് .യജമാനനും യജമാനിത്തിയും കഴിഞ്ഞാൽ ഈ വീട്ടിൽ എന്നെക്കാൾ വലിയവൻ ആരും ഇല്ല. ഞാൻ ഇവിടെ എന്ത് ചെയ്താലും അവൻ അറിയത്തുമില്ല.ഈ വീട്ടിൽ യാതൊന്നും അവൻ എനിക്ക് നിഷേധിച്ചിട്ടുമില്ല. പക്ഷേ നിങ്ങൾ എന്റെ യജമാനന്റെ ഭാര്യയാണ്. ഞാൻ യജമാനനോട് ദോഷം ചെയ്ത് ദൈവത്തോട് വലിയ പാപം ചെയ്യുന്നത് എന്ങനെ?". യോസഫ് തന്റെ യജമാനന്റെ ഭാര്യയോട് ചോദിച്ചു... അവൾ അവസരം കിട്ടുമ്പോഴും അവസരങ്ങൾ ഉണ്ടാക്കിയും യോസഫിനോട് തന്റെ പ്രണയം ആവർത്തിച്ചു കൊണ്ടേ ഇരുന്നു. അവനെ തന്റെ അരികത്തിരിക്കാനും കിടക്കയിലേക്കും അവൾ ക്ഷണിച്ചുകൊണ്ടേഇരുന്നു. അവളുടെ എല്ലാ ക്ഷണവും അവൻ നിരസിച്ചു. യജമാനന്റെ ഭാര്യയുടെ മുന്നിൽ എത്തേണ്ടി വരുന്ന അവസരങ്ങൾ യോസഫ് ഒഴിവാക്കുകയും എന്തെങ്കിലും ആവശ്യത്തിനു യജമാനന്റെ ഭാര്യയുടെ അടുക്കൽ പോകേണ്ടി വരികയാണങ്കിൽ അവൻ തന്റെ ഒപ്പം ആരെയെങ്കിലും കൂടി കൂട്ടാനും തുടങ്ങി.

ഒരു ദിവസം യോസഫ് തന്റെ ജോലി ചെയ്യാനായി വീടിനകത്തേക്ക് വന്നു. വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു. യോസഫ് വീടിനകത്തേക്ക് വരുന്നത് പോത്തീഫറിന്റെ ഭാര്യ കണ്ടു. അവൾ അവന്റെ അടുക്കലേക്ക് ചെന്നു. പ്രണയ പൂർവ്വം അവനെ തന്റെ കിടക്കയിലേക്ക് വീണ്ടും ക്ഷണിച്ചു. അവൻ വീണ്ടും അവളുടെ ക്ഷണം നിരസിച്ചു. തന്നെ എപ്പോഴും അവഗണിക്കുന്ന യോസഫിനോടുള്ള പ്രണയം അവളുടെ സിരകളിലൂടെ ഒഴുകി പരന്നു.യോസഫ് അവളുടെ മുന്നിൽ നിന്ന് മാറി തിരികെപോകാൻ തുടങ്ങി .അവൾ അവന്റെ വസ്ത്രത്തിൽ പിടിച്ചു വലിച്ചു കൊണ്ട് മന്ത്രിച്ചു...
"യോസഫ് നിന്നെ ഞാൻ എത്രമാത്രം പ്രണയിക്കുന്നു.ഒരിക്കലെങ്കിലും എന്റെ കൂടെ വന്ന് എന്റെ ആഗ്രഹം പൂർത്തിയാക്കി തരിക. നിന്റെ യജമാനൻ ഒന്നും അറിയാൻ പോകുന്നില്ല. ഇപ്പോഴാണങ്കിൽ ഈ വീടിനകത്ത് പരിചാരകർ ആരും ഇല്ല. വരിക എന്റെ പ്രണയം പങ്കിടുക..എന്നോടൊത്ത് കിടക്കയിലേക്ക് വരിക"

Guido Reni (Italian - Joseph and Potiphar's Wife - Google Art Project യജമാനനെ ചതിച്ച് ദൈവത്തോട് പാപം ചെയ്യാൻ യോസഫിനു സമ്മതമല്ലായിരുന്നു.അവൾ യോസഫിന്റെ വസ്ത്രത്തിൽ പിടിച്ച് വലിച്ച് തന്റെ മുറിയിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചു . യോസഫ് തന്റെ വസ്ത്രം അവളുടെ കൈയ്യിൽ വിട്ടേച്ച് പുറത്തേക്ക് ഓടിപ്പോയി.യോസഫ് ഓടിപ്പോകുന്നത് കണ്ടപ്പോൾ അവൾ പരിഭ്രമിച്ചു. താൻ അവനെ കിടക്കയിലേക്ക് ക്ഷണിച്ചത് പോത്തീഫറിനോടോ മറ്റാരോടെങ്കിലും പറഞ്ഞാൽ തനിക്ക് പിന്നീടിവിടെ ജീവിക്കാൻ പറ്റില്ല. ഒരു അഭിസാരികയെപ്പോലെ എല്ലാവരും തന്നോട് പെരുമാറും. പോത്തീഫർ തന്നെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യും. അവളുടെ ഉള്ളിൽ പെട്ടന്ന് തന്നെ ഒരുപായം തെളിഞ്ഞു.ഉടൻ തന്നെ അവൾ നിലവിളിക്കാൻ തുടങ്ങി.അവളുടെ നിലവിളി കേട്ട് വീട്ടിലുള്ളവരും പരിചാരകരും ഓടി വന്നു..യോസഫിന്റെ വസ്ത്രവുമായി നിൽക്കുന്ന അവളെ കണ്ട് അവർ പരസ്പരം നോക്കി.അവൾ യോസഫിന്റെ തുണി എല്ലാവരേയും കാണിച്ചു കൊണ്ട് പറഞ്ഞു.

"നമ്മളെ കളിയാക്കാനായി പോത്തീഫർ എബ്രായനായ യോസഫിനെ അടിമ ചന്തയിൽ നിന്ന് വാന്ങി കൊണ്ടു വന്നു.എന്നിട്ട് അവന്റെ കൂടേ ദൈവം ഉണ്ടന്ന് പറഞ്ഞ് എല്ലാത്തിനും അവനെ കാര്യവിചാരകനാക്കി. എന്നിട്ടവനിപ്പോൾ ചെയ്തതോ... അവനിപ്പോൾ എന്റെ കൂടെ കുറച്ച് സമയമെങ്കിലും കഴിയണമെന്ന് പറഞ്ഞ് എന്നെ കയറിപ്പിടിക്കാൻ വന്നു.ഞാൻ ഉറക്കെ നിലവിളിച്ചപ്പോൾ അവന്റെ വസ്ത്രം ഇവിടെ ഇട്ടിട്ട് ഓടിപ്പോയി". അവൾ പറഞ്ഞത് എല്ലാവർക്കും വിശ്വാസമായില്ലങ്കിലും അവർ അവളെ ആശ്വസിപ്പിച്ചു.

പോത്തീഫർ കൊട്ടാരത്തിൽ നിന്ന് മടങ്ങി വരുന്നതുവരെ അവൾ യോസഫിന്റെ വസ്ത്രം കൈയ്യിൽ പിടിച്ചു നിന്നു. പോത്തീഫർ മടങ്ങി വന്നപ്പോൾ അവൾ വീട്ടുകാരോടും പരിചാരകരോടും പറഞ്ഞ കഥ അവനോടും ആവർത്തിച്ചു.
"അടിമചന്തയിൽ നിന്ന് നിങ്ങൾ വാങ്ങിയ ആ എബ്രായൻ എന്നെ ബലാത്ക്കാരം ചെയ്യാൻ വന്നപ്പോൾ ഞാൻ ഉറക്കെ നിലവിളിച്ചു. എന്റെ നിലവിളി കേട്ടപ്പോൽ അവൻ വസ്ത്രം ഇവിടെ ഉപേക്ഷിച്ച് ഓടിക്കളഞ്ഞു..നിന്റെ ദാസൻ എന്നോട് ഇങ്ങനെ ചെയ്തത് എന്ത്?" അവൾ തന്റെ ഭർത്താവിനോട് ചോദിച്ചു.

അവളുടെ ചോദ്യം അവന്റെ മനസിനെ മുറിപ്പെടുത്തി. അടിമ ചന്തയിൽ നിന്ന് വാന്ങിയ യോസഫിനോട് താൻ ഒരിക്കൽ പോലും ഒരു അടിമയോട് പെരുമാറിയിട്ടില്ല. അവനെ തനിക്കുള്ളതിന്റെയെല്ലാം കാര്യവിചാരകനാക്കി നിയമിക്കുകയും ചെയ്തു. എന്നിട്ട് അവൻ തന്റെ ഭാര്യയെ,അവന്റെ യജമാനത്തിയെ ബലാത്ക്കാരം ചെയ്യാൻ ശ്രമിച്ചിരിക്കുന്നു.തന്റെ ഭാര്യ പറഞ്ഞതെല്ലാം അവൻ വിശ്വസിച്ചു .അവൻ കോപം കൊണ്ട് വിറച്ചു. യോസഫിനെ കൊണ്ടുവരാൻ അവൻ കല്പിച്ചു.പരിചാരകർ യോസഫിനെ പിടിച്ചു കൊണ്ടു വന്നു. പോത്തിഫറിന്റെ ഭാര്യ ഒരു വിജയിയെപോലെ പോത്തീഫറിന്റെ അടുക്കൽ നിന്നു. തന്റെ യജമാനന്റെ മുന്നിൽ യോസഫ് കുറ്റക്കാരനെപോലെ നിന്നു. യോസഫിനെ കാരാഗൃഹത്തിൽ അടക്കാൻ പോത്തീഫർ ഉത്തരവിട്ടു. പരിചാരകർ യോസഫിനെ കാരാഗൃഹത്തിൽ അടച്ചു.

9. അ‌മ്‌നോന് താമാറിനോട് തോന്നിയ പ്രേമം :  (2ശമുവേൽ 13) - മരണം ഇരന്ന് വാങ്ങിയ അ‌മ്‌നോന്റെ പ്രണയം
ദാവീദിന്റെ രണ്ട് മക്കളാണ് അമ്‌നോനും താമാറും. ദാവീദിന് മയഖയിൽ ജനിച്ച മകളാണ് താമാർ , അബ്ശാലോമിന്റെ സഹോദരി. യിസ്രെയേൽക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോൻ ആണ് ദാവീദിന്റെ ആദ്യജാതൻ. അ‌മ്‌നോന് പ്രണയം തോന്നുന്നത് തന്റെ അർദ്ധ സഹോദരിയായ താമാറിനോടാണ്. തമാറിനോടുള്ള പ്രണയം പുറത്തുപറയാനാവാതെ ഉള്ളിൽ ഒതുക്കിപ്പിടിച്ച പ്രണയം അവനെ രോഗിയാക്കിമാറ്റി. ഈ സമയത്താണ് അ‌മ്‌നോനിന്റെ സുഹൃത്ത്; ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകനായ യോനാദാബ് അവന്റെ അടുക്കൽ എത്തുന്നത് . യോനാദാബിന്റെ ആവർത്തിച്ചുള്ളാ ചോദ്യങ്ങൾക്കവസാനം അബ്ശാലോമിന്റെ സഹോദരിയായ താമാറിനോട് തനിക്കുള്ള പ്രണയത്തെക്കുറിച്ച് അ‌മ്‌നോൻ പറഞ്ഞു. തമാറിനെ അ‌മ്‌നോന് അടുക്കൽ എത്തിക്കാനുള്ള ഒരു ഉപായം   യോനാദാബ്  അ‌മ്‌നോന് പറഞ്ഞ് കൊടുക്കുന്നു.  തന്റെ സഹോദരിയായ താമാർ തന്റെ അടുക്കൽ വന്ന് ഭക്ഷ്ണം ഉണ്ടാക്കിത്തരണമെന്ന് ദാവീദ് രാജാവ് കാണാൻ വരുമ്പോൾ ആവശ്യപ്പെടണമെന്ന് യോനാദാബ്  അ‌മ്‌നോനോട് പറഞ്ഞു. ദാവീദ് കാണാൻ വന്നപ്പോൾ അ‌മ്‌നോൻ അങ്ങനെ തന്നെ ചെയ്തു. ദാവീദ് തമാറിനെ ആളെ അയച്ച് , സഹോദരനായ അ‌മ്‌നോന് വീട്ടിൽ എത്തി ഭക്ഷ്ണം ഉണ്ടാക്കി നൽകാൻ പറയിച്ചു.

Jan Steen 001
താമാർ അ‌മ്‌നോന്റെ വീട്ടിൽ എത്തി അവൻ പറഞ്ഞതുപോലെ അവനുവേണ്ടി വട ഉണ്ടാക്കി. തന്റെ കൂടെ നിൽക്കുന്നവരെയെല്ലാം പുറത്താക്കിയതിനു ശേഷം അ‌മ്‌നോൻ താമാറിനെ ഭക്ഷ്ണവുമായി മുറിയിലേക്ക് വിളിപ്പിച്ചു. മുറിയിയിലേക്ക് ചെന്ന തമാറിനെ അവൾ പറയുന്നതൊന്നും കേൾക്കാതെ അവളുടെ എതിർപ്പുകൾ അവഗണിച്ച് അ‌മ്‌നോൻ ബലാത്ക്കാരം ചെയ്തു. പെട്ടന്നു തന്നെ അ‌മ്‌നോന് താമാറിനോട് വെറുപ്പായി. അവന് അവളോട് തോന്നിയ പ്രേമത്തെക്കാൾ ഇരട്ടി വെറുപ്പ്. അ‌മ്‌നോൻ താമാറിനെ പുറത്താക്കിച്ച് വാതിലടച്ചു. താമാർ നിലവിളിച്ച് തന്റെ കുപ്പായം കീറി തലയിൽ ചാരം വാരിയിട്ട് കൈകൾ തലയിൽ വെച്ച് നടന്നുപോയി. താമാർ ഏകാകിയായി സഹോദരനായ അബ്‌ശാലോമിന്‍റെ വീട്ടിൽ താമസിച്ചു. അബ്‌ശാലോമിന് തന്റെ സഹോദരിയെ നശിപ്പിച്ച അ‌മ്‌നോനോട് പകയായിരുന്നു എങ്കിലും പുറത്ത് കാണിച്ചില്ല.പ്രതികാരത്തിനായി കാത്തിരുന്നു. രണ്ട് വർഷത്തിനു ശേഷം അബ്‌ശാലോം അ‌മ്‌നോനെ വധിച്ചു തന്റെ പ്രതികാരം പൂർത്തിയാക്കി.

10. തോബിയാസ് - സാറാ (തോബിത്ത് 7,8) :: പ്രാണഭയമില്ലാത്ത നിഷ്‌കളങ്കമായ പ്രണയം
ഒരാളെ കാണാതെയോ കേൾക്കാതയോ പ്രണയിക്കാൻ പറ്റുമോ? സുഹൃത്തിന്റെ വിവരണത്തിലൂടെ കേൾക്കുന്ന ഒരു പെൺകുട്ടിയിൽ പ്രണിയിക്കാൻ കഴിയുമോ? ഇങ്ങനെ പ്രണയിച്ച ഒരാളെ ബൈബിളിൽ, തോബിത്തിന്റെ പുസ്ത്കത്തിൽ കാണാൻ പറ്റും. തോബിത്തിന്റെ മകനായ തോബിയാസാണ് തന്റെ സഹയാത്രികനായ അസറിയാസിന്റെ (ദൈവദൂതനായിരുന്ന റഫായേലായിരുന്നു ഇത്) വാക്ക് കേട്ട് ഏക്‌ബത്താനായിലെ റഗുവേലിന്റെ മകളായ സാറായെ പ്രണയിച്ചത്. ഏഴു വിവാഹം കഴിഞ്ഞവളായിരുന്നു സാറാ. പക്ഷേ വിവാഹരാത്രിയിൽ തന്നെ ആ ഏഴുപേരും മണവറയിൽ വെച്ചുതന്നെ മരിക്കുകയായിരുന്നു. മണവറയിൽ അവളുടെ അടൂത്ത് എത്തുന്ന ഭർത്താക്കന്മാരെ അസ്‌മോദേവൂസ് എന്ന ദുഷ്ടപിശാച് വധിക്കുകയായിരുന്നു.

തോബിയായിന്റെ പിതാവായ തോബിത്ത് വർഷങ്ങൾക്ക് മുമ്പ് ഗബായേൽ എന്ന ആളിന്റെ കൈയ്യിൽ പത്തു താലന്ത് വെള്ളി ഏൽപ്പിച്ചിരുന്നു. അത് വാങ്ങാൻ തോബിയാസിനെ നിനെവേയിൽ നിന്ന് തോബിത്ത് മേദിയായിലെ റാഗെസിലേക്ക് പറഞ്ഞു വിടുന്നു. തോബിയാസിന് കൂട്ടിനുപോകാനായി ഒരാളെ തിരക്കുമ്പോൾ ദൈവദൂതനായ റഫായേൽ തോബിത്തിന്റെ ബന്ധുവായ അനനിയാസിന്റെ പുത്രനായ അസറിയാസ് ആണന്ന് പറഞ്ഞു ആ യാത്രയിൽ ചേരുന്നു. പിന്നീടൂള്ള യാത്രയിൽ അസറിയാസ് എന്ന റഫായേൽ ദൂതന്റെ നിർദ്ദേശം അനുസരിച്ചായിരുന്നു തോബിയാസ് പോയത്. ടൈഗ്രീസ് നദിയിൽ നിന്ന് ലഭിച്ച മീനിന്റെ ചങ്കും കരളും കയ്പയും(ഹൃദയം , കരൾ , പിത്താശയം) അസറിയാസിന്റെ നിർദ്ദേശപ്രകാരം തോബിയാസ് എടുത്ത് സൂക്ഷിക്കുന്നു. പിശാച് ഉപദ്രവിച്ചാൽ മീനിന്റെ ചങ്കും കരളും എടൂത്ത് പുകച്ചാൽ പിശാച് ശല്യപ്പെടൂത്തുകയില്ലന്ന് അസറിയാസ് പറഞ്ഞു.

പോകുന്ന വഴിയിൽ അവർ ഏക്ബത്താനായിൽ എത്തി. തോബിയായിസിന്റെ ബന്ധുവായ റഗുവേലിന്റെ  വീട്ടിൽ ഇന്ന് കഴിയാമെന്ന് അസറിയാസ് തോബിയാസിനോട് പറഞ്ഞു. റഗുവേലിന്റെ സുന്ദരിയും വിവേകമതിയുമായ മകൾ സാറായെ തോബിയാസ് വിവാഹം ചെയ്യണമെന്ന് അസറിയാസ് അഭിപ്രായപ്പെട്ടു. സാറാ വിവാഹം കഴിച്ച ഏഴുപേരും മരിച്ചതിനെക്കുറിച്ച് തോബിയാസ് അസറിയാസിനോട് പറയുന്നു, താൻ പിതാവിന് ഒരൊറ്റ മകനാണന്നും വിവാഹം ശേഷം താൻ മരിച്ചുപോയാൽ മാതാപിതാക്കൾ ദുഃഖം താങ്ങാനാവാതെ മരിക്കുമെന്നും അയാൾ തുടർന്നു. അതിന് ദൂതനായ അസറിയാസ് പറയുന്നത് വിവാഹം കഴിഞ്ഞ് മണീയറയിൽ പ്രവേശിക്കുമ്പോൾ ധൂപപാത്രത്തിലെ കനലിൽ മീനിന്റെ ചങ്കും കരളും ഇട്ട് പുകച്ചാൽ  പിശാചിനെ ഓടിക്കാൻ സാധിക്കുമെന്നാണ്. സാറാ തോബിയാസിനായി നിശ്ചയിക്കപ്പെട്ടവളാണ് , തോബിയാസ് സാറായെ രക്ഷിക്കും , തോബിയാസിന് സാറായിൽ മക്കൾ ഉണ്ടാകും എന്ന് പറഞ്ഞ് ദൂതൻ തോബിയായിനെ ധൈര്യപ്പെടൂത്തി. സാറായെക്കുറിച്ചുള്ള വർണ്ണനകൾ ദൂതൻ തുടർന്നപ്പോൾ തോബിയാസിനോട് അവളൊട് പ്രണയം തുടങ്ങി. അവളെ വിവാഹം കഴിക്കാൻ അവൻ വെമ്പൽ പൂണ്ടു.

Nicolaus Knupfer - Tobias en Sarah 1654തോബിയാസും അസറിയാസ് എന്ന റഫായേൽ ദൂതനും റഗുവേലിന്റെ വീട്ടിലെത്തി. സാറാ അവരെ സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. തന്റെ ബന്ധുവായ തോബിത്തിന്റെ മകനാണ് തോബിയാസ് എന്ന് റഗുവേൽ മനസിലാക്കി. റഗുവേലും ഭാര്യ എദ്‌നായും അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അവർ ആട്ടിൻകൂട്ടത്തിൽ നിന്ന് ഒരു മുട്ടാടിനെകൊന്ന് വിഭവസമൃദ്ധമായ ഭക്ഷണമുണ്ടാക്കി സത്ക്കരിച്ചു. അതിനുശേഷം തോബിയാസ്-സാറാ വിവാഹത്തെക്കൂറിച്ച് റഫായേൽ റഗുവേലിനോട് സംസാരിച്ചു. തന്റെ മകളുടെ കഴിഞ്ഞകാല വിവാഹത്തെക്കുറിച്ച് റഗുവേൽ തോബിയാസിനോട് തുറന്നുപറഞ്ഞു. തോബിയാസിന് സാറായോടുള്ള പ്രണയം കൂടിയതേയുള്ളൂ. തോബിയാസിന്റെയും സാറായുടെയും വിവാഹത്തിന് റഗുവേൽ സമ്മതം നൽകി. റഗുവേൽ മകൾ സാറായെ കൈയ്ക്ക് പിടിച്ച് തോബിയാസിന് ഭാര്യയായി നൽകി. വിവാഹ വാഗ്ദാനം എഴുതി അവർ അതിൽ മുദ്രയും വെച്ചു. സാറായുടെ അമ്മയായ എദ്‌നാൻ തോബിയാസ്-സാറായ്ക്ക് വിവാഹമുറി ഒരുക്കി നൽകി. കരയുന്ന സാറായെ എദ്‌നാൻ ആശ്വസിപ്പിച്ച് വിവാഹമുറിയിലേക്ക് അയിച്ചു. മുറിയിലേക്ക് കടന്ന തോബിയാസ് റഫായേൽ ദൂതന്റെ വാക്കുകൾ പോലെ മുറിയിലെ ധൂപപാത്രത്തിൽ മത്സ്യത്തിന്റെ ചങ്കും കരളും ഇട്ട് പുകച്ചു. മണമേറ്റപ്പോൾ ഓടിപ്പോയ പിശാചിനെ റഫായേൽ ബന്ധിച്ചു. മണവറയിൽ വെച്ച് തോബിയാസും സാറായും ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട്. പ്രാർത്ഥനയുടെ അവസാനം തോബിയാസ് പറയുന്നതിങ്ങനെയാണ് , " കർത്താവേ ഞാൻ ഇവളെ സ്വീകരിക്കൂന്നത് ജഡികമായ അഭിലാഷത്താലല്ല , നിഷ്‌കളങ്കമായ പ്രേമത്താലാണ് .അങ്ങയുടെ കാരുണ്യം എനിക്ക് ഉണ്ടാകണമെ ! ഇവളോടൊത്ത് വാർധക്യത്തിലെത്തുന്നതിന് അവിടൂന്ന് അനുഗ്രഹിച്ചാലും! ". പതിന്നാലു ദിവസം നീണ്ടു നിന്ന വിവാഹവിരുന്നിന് ശേഷം തോബിയാസും സാറായും അസറിയാസും നിനെവെയിലേക്ക് തിരിച്ചത്തി.

11. ശലോമോനും ശൂനേംകാരത്തിയായ അബീശഗിനും...:: ഒരു ത്രികോണപ്രണയം
ശലോമോൻ രാജാവു ഫറവോന്റെ മകളെ കൂടാതെ മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യാജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു.(1രാജാക്കന്മാർ 11:1) , അവന്നു എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്റെ ഭാര്യമാർ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു. (1രാജാക്കന്മാർ11:3).  ശലോമോനെക്കുറിച്ച് പറഞ്ഞിരിക്കൂന്ന രണ്ട് വാക്യങ്ങളാണ് . ആയിരത്തോളം സ്ത്രികളെ സ്വന്തമാക്കി അവരോടൊപ്പം കഴിഞ്ഞിരുന്ന ഒരാൾക്ക് പ്രണയം ഉണ്ടാകുമോ? അധികാരവും പ്രതാപവും സമ്പത്തും ജ്ഞാനവും ഉള്ള ഒരാളുടെ; അതും രാജാവിന്റെ, പ്രണയം നിഷേധിച്ച് ഒരു പെൺകുട്ടി തന്റെ കാമുകനായി കാത്തിരിക്കുമോ? വേദപുസ്തകത്തിൽ നിന്ന് മാറ്റി നിർത്തി വായിച്ചാൽ മനോഹരമായ ഒരു പ്രണയകാവ്യമാണ് ഉത്തമഗീതം. അതൊരു നഷ്ടപ്രണയത്തിന്റെ രേഖപ്പെടുത്തലുകൾക്കൂടിയാണന്ന് പറയപ്പെടുന്നു.

King David with Abishag1രാജാക്കന്മാർ 1, 2 അദ്ധ്യായങ്ങളിലായി അഞ്ച് വാക്യങ്ങളിൽ മാത്രം പരാമർശിക്കപ്പെടുന്ന ഒരാളാണ് ശൂനേംകാരത്തിയായ അബീശഗിൻ(അബീശഗ്). വയസുചെന്ന് വൃദ്ധനായ ദാവീദ് രാജാവിനെ ശുശ്രൂഷിക്കാനും രാജാവിന്റെ കുളിർമാറാനായി അവനോടൊപ്പം കിടക്കാനുമായി രാജകൊട്ടാരത്തിൽ എത്തിയവളാണ് അതിസുന്ദരിയായ  ശൂനേംകാരത്തി അബീശഗിൻ. (1രാജാക്കന്മാർ 1-4). പരിചാരക എന്നതിന് അപ്പുറത്തേക്ക് ദാവീദ്-അബീശാഗിൻ ബന്ധം പോയില്ല.  The woman was very beautiful; she took care of the king and waited on him, but the king had no sexual relations with her. (new International Version NIV-1King1:4) . രാജകൊട്ടാരത്തിൽ തന്റെ പിതാവിനെ പരിചരിക്കുന്ന അബീശഗീനെ ശലോമോൻ കണ്ടതുമുതൽ അവന് അവളോട് ഇഷ്ടം തോന്നി തുടങ്ങിയിരിക്കാം. തന്നെ നിയമിച്ച തൊഴിലിൽ മാത്രമായിരുന്നു അബീശഗിന് ശ്രദ്ധ. ദാവീദിന്റെ മരണശേഷവും അബീശഗിൻ കൊട്ടാരത്തിലായിരുന്നു താമസം. ശൂനേംകാരത്തിയായ അബീശഗിനെ തനിക്കു ഭാര്യയായിട്ടു നൽകണമെന്ന് ശലോമോന്റെ അർദ്ധസഹോദരനായ അദോനീയാവ് ശലോമോന്റെ അമ്മയായ ബത്ത്-ശേബവഴി രാജാവായ ശലോമോനോട് ആവശ്യപ്പെടുന്നുണ്ട്. പക്ഷേ ആ അവശ്യം തള്ളിയ ശലോമോൻ അദോനിയാവിനെ കൊല്ലാൻ കൽപ്പിക്കുകയായിരുന്നു.... വെറും ഒരു പരിചാരികയായിരുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ സഹോദരനെ കൊല്ലണമെങ്കിൽ അതിനെ പിന്നിലെ കാരണം എന്തായിരിക്കും??

ഉത്തമഗീതം വേദപുസ്തകത്തിന് പുറത്തെ ഒരു പുസ്തകമായി വായിച്ചാൽ അത് ഏറ്റവും മനോഹരമായ ഒരു പ്രണയകാവ്യമായി വായിക്കാൻ സാധിക്കും (ക്രിസ്ത്യുവും സഭയും ആയിട്ടുള്ള ബന്ധമാണ് ഉത്തമഗീതം എന്നുള്ള വ്യാഖ്യാനം നൽകുന്നത് ആദിമ ക്രൈസ്തവർ ആയിരുന്നു. {പി.ഓ.സി. ബൈബിളിലെ ഉത്തമഗീതം ആമുഖം}). ശലോമോന് അബീശഗിനോട് ഉണ്ടായിരുന്ന പ്രണയവെളിപ്പെടൂത്തലും അത് അവൾ നിഷേധിക്കുന്നതുമാണ് ഉത്തമഗീതം. ഉത്തമഗീതം തുടങ്ങുന്നതുതന്നെ "ശലോമോന്റെ ഉത്തമഗീതം." എന്ന മുഖവുരയോടെയാണ് (1:1). ഉത്തമഗീതം 3:7 , 3:9 , 3:11 , 8:11,12 എന്നീഭാഗങ്ങളിലൊക്കെ ശലോമോന്റെ പേര് പറയുന്നുണ്ട്. ഏഴാം അദ്ധ്യായത്തിന്റെ തുടക്കത്തിൽ ശൂലേംകാരത്തീ,(ശൂനേംകാരത്തി) എന്ന് അഭിസംബോധനയുണ്ട്. ഉത്തമഗീതം ഒരു പ്രണായകാവ്യം എന്ന രീതിയിൽ വായിച്ചു നോക്കൂ. മറ്റൊരാളിനോട് പ്രണയം ഉണ്ടായിരുന്നവൾ രാജാവിന്റെ എല്ലാ പ്രലോഭനങ്ങളെയും തിരസ്ക്കരിച്ച് തന്റെ പ്രണയത്തോട് മാത്രം വിധേയത്വവും ആത്മാർത്ഥതയും കാണിക്കുന്നു. ശൂനേംകാരത്തിക്ക് മറ്റൊരാളിനോട് പ്രണയം ഉണ്ടായിരുന്നു. അവനോട് മാത്രമായിരുന്നു അവളുടെ പ്രണയം. രാജാവിന്റെ പ്രണയം സ്വീകരിച്ച് തന്റെ കാമുകനോടുള്ള പ്രണയം നഷ്ടപ്പെടൂത്താൻ അവൾ തയ്യാറാവുന്നില്ല...

ഉത്തമഗീതത്തിന്റെ ഇംഗ്ലീഷ് പരിഭാഷ (new International Version NIV) 8ന്റെ ആറും ഏഴും വാക്യങ്ങൾ - 6Place me like a seal over your heart, like a seal on your arm;for love is as strong as death,
its jealousy  unyielding as the grave.It burns like blazing fire,like a mighty flame. Many waters cannot quench love;rivers cannot sweep it away.If one were to give all the wealth of one’s house for love,it  would be utterly scorned. എന്നെ ഒരു മുദ്രയായി നിന്‍റെ ഹൃദയത്തിന്മേലും ഒരു മുദ്രയായി നിന്‍റെ കൈമേലും വെച്ചാലും. കാരണം, പ്രേമം മരണംപോലെ ശക്തവും പ്രണയബദ്ധത ശവക്കുഴിപോലെ വഴങ്ങാത്തതും ആണല്ലോ. അതിന്‍റെ ജ്വാലകൾ ആളിക്കത്തുന്ന തീനാളങ്ങളാണ്‌, യാഹിന്‍റെ ജ്വാലയാണ്‌.  ആർത്തലച്ചുവരുന്ന വെള്ളത്തിനു പ്രേമത്തെ കെടുത്തിക്കളയാനാകില്ല. നദികൾക്ക് അതിനെ ഒഴുക്കിക്കളയാനാകില്ല. പ്രേമത്തിനായി ഒരു മനുഷ്യൻ തന്‍റെ വീട്ടിലെ സമ്പത്തു മുഴുവൻ കൊടുക്കാമെന്നു പറഞ്ഞാലും അതെല്ലാം പാടേ പുച്ഛിച്ചുതള്ളും.” (പുതിയലോക ഭാഷാന്തരം ബൈബിൾ)...
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 'ദിവ്യഗീതം' എന്ന ഖണ്ഡകാവ്യത്തിൽ ആ ഭാഗം ഇങ്ങനെയാണ്..

കരുതുകൊരു മുദ്രപോലെന്നെ നിൻ കരളിൽ നീ
കരുതുകൊരു മുദ്രപോൽ നിൻ കരത്തിൽ;
എന്തെന്നാൽ, പ്രേമം മൃതിപോൽശക്ത, മസൂയയോ
ഹന്ത, ശവക്കല്ലറപോലതികഠിനം!
അതിതീക്ഷ്ണജ്ജ്വാലകളാളിപ്പടരുന്നതാ-
ണതിൽനിന്നുയരുന്ന ചെന്തീപ്പൊരികൾ!

ജലധാരയ്ക്കെന്നല്ല പ്രളയത്തിനുകൂടിയു-
മെളുതല്ല കെടുത്തീടുവാൻ പ്രേമദീപം!
ഒരുവൻ നിജഭവനത്തിലെ മുതലെല്ലാം, പ്രേമത്തെ-
ക്കരുതി, യതിനായെടുത്തേകിയാലും;
അതുമുഴുവൻ കേവലം തൃണതുല്യമാണോർക്കി-
ലതുലആം പ്രേമത്തിൻ സന്നിധിയിൽ!

അബീശഗിന്റെ പ്രണയം തിരിച്ചറിഞ്ഞ ശലോമോൻ അവസാനം അവളോടൂള്ള പ്രണയത്തിൽ നിന്ന് പിന്മാറുകയും ,അബീശഗിന്റെ വിവാഹം അവളുടെ ഇഷ്ടപ്രകാരം തന്നെ നടക്കുകയും ചെയതു. (അബീശഗിന്റെ വിവഹത്തെക്കുറിച്ചുള്ള സൂചനകൾ ബൈബിളിൽ ഇല്ല)

**********      ******          ******
ബൈബിളിലെ പ്രണയങ്ങൾ , വേദപുസ്തകത്തിലെ പ്രണയം , പ്രണയകഥകൾ ,