Monday, January 21, 2013

നീനെവേ നോമ്പ് :: ദൈവത്തോട് കോപിക്കുന്ന യോന

:: ആമുഖം ::
യോനാ പ്രവാചകനെക്കുറിച്ച് വേദപുസ്തകത്തിൽ ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് 2രാജാക്കന്മാരുടെ പുസ്തകം 14 ആം അദ്ധ്യായം 25 ആം വാക്യത്തിൽ ആണ്. ഗത്ത്-
ഹേഫർകാരനായ അമിത്ഥായിയുടെ മകനായ യോനാപ്രവാചകൻ എന്ന തന്റെ ദാസൻ മുഖാന്തരം യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവൻ  ഹമാത്തിന്റെ അതിർമുതൽ അരാബയിലെ കടൽവരെ യിസ്രായേലിന്റെ ദേശത്തെ വീണ്ടും സ്വാധീനമാക്കി. (2രാജാക്കാന്മാർ 14:25). പിന്നീട് നമ്മൾ യോനാ പ്രവാചകനെ കാണൂന്നത് നാലു അദ്ധ്യായങ്ങൾ മാത്രമുള്ള പ്രവാചക പുസ്തകത്തിൽ കൂടിയാണ്. പക്ഷേ ഈ പുസ്തകം യോനായുടെ പ്രവചനങ്ങൾ എന്നതിനെക്കാൾ യോനാ പ്രവാചകന്റെ ജീവിതത്തിലെ ഒരു സംഭവത്തിന്റെ വിവരണം മാത്രമാണങ്കിലും ഈ പുസ്തകം നൽകുന്ന സന്ദേശം ഏറ്റവും ശക്തവും മനോഹരവുമാണ്.

മൂന്നു നോമ്പും നീനെവേ നോമ്പും
മൂന്നു നോമ്പും നീനെവേ നോമ്പും ഒന്നാണോ എന്നുള്ള ചോദ്യത്തിനു ഉത്തരം വേദപുസ്തകാടിസ്ഥാനത്തിൽ നൽകുകയാണങ്കിൽ രണ്ടാണന്ന് പറയേണ്ടിവരും.കാരണം മൂന്നു ദിവസത്തെ ഉപവാസം(നോമ്പ്)എടുത്തത് യോനായായിരുന്നു { യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റിൽ കിടന്നു. (യോനാ 1:17) , യോനാ മത്സ്യത്തിന്റെ വയറ്റിൽവെച്ചു തന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ:.. (യോനാ 2:1) }. അതിനുശേഷം ദൈവത്തിന്റെ അരുളപ്പാട് രണ്ടാമത് യോനായ്ക്ക് ഉണ്ടായി യോനാ നിനെവേ പട്ടണത്തിൽ പ്രസംഗിച്ചതിനുശേഷം ജനങ്ങളും രാജാവും ദൈവത്തിൽ വിശ്വസിച്ചു ഉപവാസം നടത്തി (എന്നാൽ നീനെവേക്കാർ ദൈവത്തിൽ വിശ്വസിച്ചു ഒരു ഉപവാസം പരസ്യം ചെയ്തു വലിയവരും ചെറിയവരും ഒരുപോലെ രട്ടുടുത്തു. (യോനാ 2:5) ). ഇതാണ് നീനെവേക്കാരുടെ നോമ്പ്(ഉപവാസം). ഇതു രണ്ടും പരസ്പരം പൂരകമായിരിക്കൂന്നതുകൊണ്ട് മൂന്നു നോമ്പും നീനേവേ നോമ്പും ഒന്നാണ് എന്നു പറയുന്നതിലോ ഒരുമിച്ച് നോക്കുന്നതിലോ തെറ്റും ഇല്ല. പേരിലല്ല ശരിയായ രീതിയിൽ ഉപവാസം/നോമ്പ് അനുഷ്ഠിക്കുക എന്നുള്ളതാണ് പ്രധാനം.(മൂന്നു നോമ്പാണോ നിനെവെ നോമ്പാണൊ നമ്മൾ അനുഷ്ഠിക്കേണ്ടത് എന്ന് ഈ ലേഖനത്തിന്റെ അവസാനം നമുക്ക് ചിന്തിക്കാം) എങ്ങനെയാണ് ഉപവാസം/നോമ്പ് അനുഷ്ഠിക്കേണ്ടത് എന്ന് യെശയ്യാ പ്രവാചകൻ പറയുന്നു. എനിക്കു ഇഷ്ടമുള്ള നോമ്പും മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിന്നോ നീ നോമ്പെന്നും യഹോവെക്കു പ്രസാദമുള്ള ദിവസമെന്നും പേർ‍ പറയുന്നതു? അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകർ‍ക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം? (യെശയ്യാ 58 : 5,6)


യോനാപ്രവാചകന്റെ പുസ്തകത്തെ (പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന കഥയെ(സംഭവത്തെ) ) നമുക്ക് അഞ്ചായി  തിരിക്കാം
1. ദൈവത്തിൽ നിന്ന് ഒളിച്ചോടുന്ന യോനാ
2. ദൈവത്തോട് നിലവിളിച്ചു പ്രാർത്ഥിക്കുന്ന യോനാ
3. ഉപവസിക്കൂന്ന നിനെവേക്കാർ
4. ദൈവത്തോട് കോപിക്കുന്ന യോനാ
5. ക്ഷമിക്കുന്ന ദൈവം


1. ദൈവത്തിൽ നിന്ന് ഒളിച്ചോടുന്ന യോനാ
മഹാനഗരമായ നീനെവേയിലേക്കു ചെന്നു അതിന്നു വിരോധമായി പ്രസംഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു(യോനാ 1:2) എന്നാണ് യോനായ്ക്ക് ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായത്. പക്ഷേ നീനെവെയ്ക്ക് പോകുന്നതിനു പകരം തർശീശിലേക്കു പോകാനാണ് യോനാ തീരുമാനിച്ചത്. പക്ഷേ ദൈവകല്പനയിൽ നിന്ന് ഒളിച്ചോടിയ യോന കടലിൽ എറിയപ്പെട്ടു.
ദൈവ കല്പനയിൽ നിന്ന് ഒളിച്ചോടിയ യോനയെ സംരക്ഷിക്കാന് ദൈവത്തിനു മനസുണ്ടായി യോനായെ വിഴുങ്ങാൻ വലിയ ഒരു മത്സ്യത്തെ അയച്ചു.
ദൈവത്തിൽ നിന്നോ ദൈവ കല്പനയിൽ നിന്നോ ഓടിപ്പോകുന്നവരെ കാക്കുകയും അവരോട് ക്ഷമിക്കുകയും ചെയ്യുന്ന ദൈവത്തെ നമുക്കിവിടേ കാണാൻ കഴിയും. കാണാതെപോയ ഒരു ആടിനെ തിരക്കി ബാക്കി തൊണ്ണൂറ്റൊമ്പതിനേയുംവിട്ട് കാണാതെ പോയതിനെ തിരയുന്ന സ്നേഹമാണല്ലോ ദൈവ സ്‌നേഹം. 

ദൈവത്തിൽ നിന്ന് ഒളിച്ചോടിയിട്ടും യോനായോട് ദൈവം എന്തുകൊണ്ട് ദയ കാണിച്ചു? ഒന്നാമതായി യോനായെക്കൊണ്ട് ദൈവത്തിനു ഒരു പദ്ധതി ഉണ്ടായിരുന്നു,രണ്ടാമതായി ദൈവത്തിന്റെ നിത്യ സ്നേഹം. (യഹോവ ദൂരത്തുനിന്നു എനിക്കു പ്രത്യക്ഷമായി അരുളിച്ചെയ്തതു: നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു. യിരേമ്യാവു 31:3). യോനായെ കടലിൽ എറിഞ്ഞു കഴിഞ്ഞപ്പോൾ കടൽ ശാന്തമാകുന്നതുകണ്ട് യാത്രക്കാർ യഹോവയെ ഭയപ്പെട്ട് യഹോവയ്ക്ക് യാഗം കഴിക്കുകയും നേർച്ചകൾ നേരുകയും ചെയ്തു. ഇതാണ് യോനായെക്കുറിച്ച് ഒരു പദ്ധതി ദൈവത്തിനു ഉണ്ടായിരുന്നു എന്ന് ആദ്യം പറഞ്ഞത്. കാരണം കടൽ കോപിച്ചപ്പോൾ താന്താങ്ങളുടെ ദൈവത്തെ വിളിച്ചപേക്ഷിച്ചവർ,അവരരവരുടെ ദൈവത്തോട് പ്രാർത്ഥിക്കാൻ പറഞ്ഞ കപ്പൽ പ്രമാണിയും യഹോവയുടെ നാമത്തെ ഭയപ്പെട്ട് യഹോവയ്ക്ക് യാഗം അർപ്പിക്കുന്നു. യഹോവ എന്ന ദൈവത്തെക്കുറിച്ച് യോനാ നിമിത്തം ആ കപ്പലിൽ യാത്ര ചെയ്തവർക്ക് വെളിപ്പെട്ടു. 

(യോനാ എന്തുകൊണ്ടായിരിക്കും നീനെവേയിലേക്ക് പോകാതെ തർശീശിലേക്ക് ഓടിപ്പോയത്? യോനായുടെ പുസ്തകം 4ആം അദ്ധ്യായം 2 ആം വാക്യത്തിൽ യോന ഒരു സൂചന നൽകുന്നുണ്ട്. അതിനെക്കുറിച്ച് 'ദൈവത്തോട് കോപിക്കുന്ന യോനാ' എന്ന വിഷയത്തിലേക്ക് വരുമ്പോൾ ചിന്തിക്കാം.)


2. ദൈവത്തോട് നിലവിളിച്ചു പ്രാർത്ഥിക്കുന്ന യോനാ
കപ്പലിൽ നിന്ന് കടലിലേക്ക് എറിയപ്പെട്ട യോനയെ വിഴുങ്ങാൻ ദൈവം വലിയ ഒരു മത്സ്യത്തെ ആക്കിയിരുന്നു. ആ മത്സ്യത്തിന്റെ വായിൽ യോനാ എന്റെ പ്രാണൻ എന്റെ ഉള്ളിൽ ക്ഷീണിച്ചുപോയപ്പോൾ ഞാൻ യഹോവയെ ഓർത്തു എന്റെ പ്രാർത്ഥന നിന്റെ വിശുദ്ധമന്ദിരത്തിൽ നിന്റെ അടുക്കൽ എത്തി. (യോനാ 2:7). പശ്ചാത്തപിച്ച്  വിശുദ്ധമന്ദിരത്തിലേക്ക് നോക്കിയിരിക്കുന്ന യോനാപ്രവാചകന്റെ രൂപം ആയിരിക്കണം ഈ നോമ്പ് വേളയിൽ നമ്മുടെ ഉള്ളിൽ തെളിഞ്ഞു നിൽക്കേണ്ടത്. യോനായുടെ നിലവിളിയോടുള്ള പ്രാർത്ഥന ദൈവം കേട്ടു. യഹോവയുടെ കല്പന മുഖാന്തരം മത്സ്യം മൂന്നു ദിവസങ്ങൾക്ക് ശേഷം യോനയെ കരയിൽ ഛർദിച്ചു.
മൂന്നു രാത്രി മൂന്നു പകലും കിടന്നു. യോനാ ദൈവത്തോടു ആ ദിവസങ്ങളിൽ നിലവിളിച്ചു പ്രാർത്ഥിച്ചു. താൻ ചെയ്ത തെറ്റിൽ,ദൈവ കല്പനയിൽ നിന്ന് മാറി ഓടിപ്പോയതിൽ അവൻ പശ്ചാത്തപിച്ചുകൊണ്ടാണ് ദൈവത്തോട് നിലവിളിച്ചത്. യോനാപ്രവാചകന്റെ പുസ്തകം രണ്ടാം അദ്ധ്യായം യോനാപ്രവാചകന് ദൈവത്തോട് നിലവിളിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നതാണ്.

പ്രാർത്ഥനയുടെ/ഉപവാസത്തിന്റെ ഫലം
മൂന്നു ദിവസം യോനാ പ്രവാചകൻ ദൈവത്തോട് നിലവിളിച്ചു പ്രാർത്ഥിച്ചപ്പോൾ ദൈവം യോനായുടെ പ്രയാസങ്ങളിൽ നിന്ന് അവനെ വിടുവിച്ചു. അതോടൊപ്പം ദൈവത്തിന്റെ അരുളപ്പാട് അനുസരിക്കാൻ അവൻ സ്വയം സജ്ജീകരിക്കപ്പെടുകയും ചെയ്തു. ആ പ്രാർത്ഥനയുടെ ഫലമായാണ്  ദൈവത്തിന്റെ അരുളപ്പാട് രണ്ടാമതും യോനായ്ക്ക് ലഭിക്കുന്നത്.

3. ഉപവസിക്കൂന്ന നിനെവേക്കാർ
മുന്നു ദിവസം ഉപവസിച്ചു പ്രാർത്ഥിച്ച യോനായ്ക്ക് ദൈവത്തിന്റെ അരുളപ്പാട് രണ്ടാമതും ഉണ്ടായി. നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു ഞാൻ നിന്നോടു അരുളിച്ചെയ്യുന്ന പ്രസംഗം അതിനോടു പ്രസംഗിക്ക.(യോനാ 3:2). ദൈവ കല്പന പ്രകാരം യോനാ മൂന്നു ദിവസം വഴിദൂരമുള്ള നിനെവേയിലേക്ക്  പോയി. നാൽപതു ദിവസം കഴിഞ്ഞാൽ നിനെവേ പട്ടണം യഹോവ നശിപ്പിക്കും എന്ന് യോനാ ഒന്നാംദിവസം നിനെവേ പട്ടണത്തിൽ ചെന്ന് ഉറക്കെ പറഞ്ഞു. പ്രവാചന്റെ പ്രവചനം പെട്ടന്നു തന്നെ നിനെവേ പട്ടണം മുഴുവൻ വ്യാപിച്ചു. നിനെവേക്കാർ ദൈവത്തിൽ വിശ്വസിച്ചു ഒരു ഉപവാസം പരസ്യം ചെയ്തു. ദൈവം തന്റെ പട്ടണം നശിപ്പിക്കാാൻ പോകുന്നു എന്ന് രാജാവും കേട്ടു.രാജാവും എഴുന്നേറ്റ് തന്റെ രാജ വസ്ത്രം മാറി ചാക്ക് ഉടുത്ത് വെണ്ണീറിൽ ഇരുന്നു ഉപവസിച്ചു ദൈവത്തോട് പ്രാർത്ഥിച്ചു. മനുഷ്യർ മാത്രമല്ല ജീവനുള്ള എല്ലാം ആ ഉപവാസത്തിൽ പങ്കു ചേർന്നു. നിനെവേക്കാർ തങ്ങളുടെ ദുർമ്മാർഗവും സാഹസവും വിട്ട് പശ്ചാത്തപിച്ച് അനുതാപത്തോട് ദൈവത്തോട് ഉപവസിച്ചു പ്രാർത്ഥിച്ചു.

ഉപവാസത്തിന്റെ ഫലം
നിനെവേക്കാരുടെ ഉപവാസം കൊണ്ട് ദൈവത്തിന്റെ ഉഗ്രകോപം അവരെ വിട്ടുമാറി. വെറുതെ ഉപവസിക്കുകയായിരുന്നില്ല നിനെവെക്കാർ. അവർ തന്ങളുടെ ദുർമ്മാർഗ്ഗങ്ങൾ എല്ലാം ഉപേക്ഷിച്ചാണ് ഉപവാസം നടത്തിയത്. നിനെവെക്കാർ തങ്ങളുടെ ദുർമ്മാർഗ്ഗന്ങൾ വിട്ടു തിരിഞ്ഞു എന്നു ദൈവം കണ്ടപ്പോൾ നിനെവെ പട്ടണം നശിപ്പിക്കുക എന്ന അനർത്ഥത്തിൽ നിന്ന് ദൈവം പിന്മാറി. ഉപവാസം മൂലം നിനെവെക്കാർ തങ്ങളുടെ ജീവനേയും പട്ടണത്തെയും സംരക്ഷിച്ചു. ദൈവ കോപം അവരിൽ നിന്ന് മാറുകയും ചെയ്തു.


4. ദൈവത്തോട് കോപിക്കുന്ന യോനാ
ദൈവം നിനെവെക്കാരോട് ദയ കാണിച്ചത് യോനെയ്ക്ക് ഇഷ്ടമായില്ല. നാൽപ്പതു ദിവസം കഴിഞ്ഞാൽ നിനെവെ പട്ടണം നശിപ്പിക്കപ്പെടും എന്ന് പ്രസംഗിച്ചത് യോനയാണ്. പക്ഷേ ദൈവം നിനെവെ പട്ടണം നശിപ്പിച്ചില്ല. കാരണം നിനെവെക്കാർ എല്ലാവരും തങ്ങളുടെ ദുർമ്മാർഗ്ഗങ്ങൾ ഉപേക്ഷിച്ച് ഉപവസിച്ച് പ്രാർത്ഥിച്ചു.
നോഹയുടെ കാലത്തെ പ്രളയവും സൊദോമിന്റെയും ഗൊമോരയുടെയും നാശവും ഒക്കെ യോനായുടെ മനസിൽ ഉണ്ടായിരിക്കണം. തന്നിൽക്കൂടിയുള്ള ദൈവത്തിന്റെ പ്രവചനം കേട്ട് നിനെവെക്കാർ പശ്ചാത്തപിച്ച് ഉപവസിച്ച് ദൈവശിക്ഷ ഒഴുവാക്കി എന്നതിനെക്കാൾ ദൈവം തന്നിൽക്കൂടി പ്രവചിച്ചത് നടന്നില്ല എന്നുള്ളതാണ് യോനായെ കോപാകുലനാക്കിയത്.

യോന ദൈവത്തോട് പറയുന്നുണ്ട്,നീ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ള ദൈവമായി അനർത്ഥത്തെക്കുറിച്ചു അനുതപിക്കുന്നവൻ എന്നു എനിക്ക് അറിയാം. എന്റെ പ്രവചനം കേട്ട് യോനയിൽ ഉള്ളവർ മാനസാന്തരപ്പെട്ട് ഉപവസിച്ചാൽ നീ അവരോട് അനുതപിച്ച് അവരോട് ക്ഷമിക്കും എന്ന് എനിക്കറിയാമായിരുന്നു. ഞാൻ എന്റെ ദേശത്ത് ആയിരുന്നപ്പോൾ ഞാൻ ഇതു തന്നെയാണ് അങ്ങയോട് പറഞ്ഞതും. അതുകൊണ്ടാണ് നിന്റെ ആദ്യ കല്പന കെട്ടിട്ടൂം ഞാൻ നിനെവെയിലേക്ക് വരാതെ തർശീശിലേക്കു ഓടിപ്പോയത്.(യോനാ 4:2)

ഇതുവരെ കാണാത്ത ഒരു യോനയുടെ മറ്റൊരു മുഖം ആണ് നമ്മളിവിടെ കാണുന്നത്. ലക്ഷക്കണക്കിനു നിനെവെക്കാർ നശിക്കണമെന്ന് ആഗ്രഹിക്കുന്ന യോനായെ നമുക്കിവിടെ കാണാം. വംശീയ വിദ്വേഷത്തിന്റെ വിഷവിത്തുകൾ യോനായുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു. യിസ്രായേൽ ജനതയ്ക്കുമാത്രം രക്ഷ ദൈവത്തിൽ കൂടി എന്ന് കരുതുന്ന ഒരു സമൂഹത്തിൽ നിന്ന് വന്നതിലെ കാഴ്ചപ്പാടിന്റെ പ്രശ്നം ആയിരുന്നു യോനായ്ക്ക്. യോനായുടെ ആ കാഴ്ചപ്പാട് ദൈവം തിരുത്തുന്നുണ്ട്.  നിനെവെ പട്ടണം ദൈവം നശിപ്പിക്കാതിരിക്കൂന്നത് യോനയ്ക്ക് സമ്മതം അല്ലായിരുന്നു. അതുകൊണ്ടാണ് യോനാ തന്റെ ജീവൻ എടുക്കാൻ ദൈവത്തോട് കോപിച്ചു കൊണ്ട് പറയുന്നത്.. നമ്മൾ ഓർക്കണം ദൈവ കല്പന അനുസരിക്കാതെ ഓടിപ്പോയി അപകടം സംഭവിച്ച് മൂന്നു ദിവസം മത്സ്യത്തിന്റെ വയറ്റിൽ കിടന്ന് നിലവിളിച്ച് 'രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു(യോന 2:9)' എന്ന് പ്രാർത്ഥിച്ച യോനായാണ് ഇപ്പോൾ കടകം തിരിഞ്ഞിരിക്കുന്നത്.  നീ കോപിക്കുന്നതു വിഹിതമോ എന്നു(4:4) യോനായോട്  യഹോവ ചോദിച്ചെങ്കിലും യോനാ അതിനുത്തരം പറയാതെ നിനെവേ പട്ടണം വിട്ട് പട്ടണത്തിന്റെ കിഴക്ക് വശത്ത് ഒരു കുടിൽ ഉണ്ടാക്കി നിനെവെ പട്ടണത്തിനു എന്ത് സംഭവിക്കാൻ പോകുന്നു എന്ന് നോക്കി കുടിലിന്റെ തണലിൽ ഇരുന്നു.

ദൈവത്തോട് കോപിച്ചതിനു ശേഷം യോനാ നിനെവെ പട്ടണം വിട്ടൂ പോകാൻ എന്തെങ്കിലും ഒക്കെ കാരണം ഉണ്ടാകാം. ഒന്നാമത് യോനാ തന്റെ ജീവൻ സുരക്ഷിതമാക്കാൻ പട്ടണത്തിൽ നിന്ന് പിന്മാറി. ഇനി താൻ കോപിച്ചതുകൊണ്ടോ, പട്ടണത്തിലെ ആരെങ്കിലും വീണ്ടും തെറ്റായ പ്രവൃത്തികൾ ചെയ്തതുകൊണ്ടോ ദൈവത്തിനു ആ പട്ടണം നശിപ്പിക്കാൻ തോന്നിയാൽ താൻ അവിടെ ഉണ്ടന്ന് പറഞ്ഞ് ദൈവം പട്ടണത്തെ നശിപ്പിക്കാതിരുന്നു കൂടാ. ഇനി നശിപ്പിച്ചാലും താൻ സുരക്ഷിതനായിരിക്കണം. നശിപിക്കുകയാണങ്കിൽ അത് എങ്ങനെയാണന്ന് കാണണം.ഇന്ങനെയൊക്കെ ചിന്തിച്ചായിരിക്കണം യോനാ കുടിലിന്റെ തണലിൽ പട്ടണത്തെ നോക്കി ഇരുന്നത്.


യോനായുടെ കോപത്തിനു ദൈവത്തിന്റെ ഉത്തരം
യോനാ കുടിലിന്റെ തണലിൽ ഇരുന്ന നിനെവെ പട്ടണത്തിനു സംഭവിക്കുന്ന ദുരന്തം കാണാൻ ആഗ്രഹിക്കുന്നു. പട്ടണത്തിലേക്ക് നോക്കി ഇരിക്കുന്ന യോനായ്ക്ക് തണൽ നൽകാൻ ഒരു ആവണക്ക് സൃഷ്ടിച്ചു. അത് പെട്ടന്ന് വളർന്നു യോനായ്ക്ക് തണലേകി. ആവണക്കിന്റെ തണലിൽ യോനാ നിനെവെ പട്ടണം നോകി ഇരുന്നു. പിറ്റേന്ന് രാവിലെ ആവണക്ക് പുഴുവിന്റെ ആക്രമണത്തിൽ വാടി ഉണങ്ങി. വെയിൽ യോനായുടേ തലയിൽ പതിച്ചപ്പോൾ അവൻ ക്ഷീണീച്ചു തളർന്നു. മരിക്കുന്നതു തന്നെ നല്ലത് എന്ന് അവൻ പറഞ്ഞു.  ആവണക്ക് ഉണങ്ങി അതിന്റെ തണൽ നഷ്ടപ്പെട്ടപ്പോൾ മരിക്കാൻ ആഗ്രഹിച്ച യോനായോട് ദൈവം ചോദിച്ചു. "നീ ആവണക്കു നിമിത്തം കോപിക്കുന്നതു വിഹിതമോ?". അതിനു അവൻ നൽകിയ ഉത്തരം ഇതായിരുന്നു. "ഞാൻ മരണം വരെ കോപിക്കുന്നത് വിഹിതം". ഉടൻ തന്നെ ദൈവം അവനു മറുപിടി നൽകുന്നു. യോനായുടെ വിദ്വേഷം മാറ്റാൻ തക്കവണ്ണ മറുപിടി ആയിരുന്നു അത്.
" നീ അദ്ധ്വാനിക്കയോ വളർത്തുകയൊ ചെയ്യാതെ ഒരു രാത്രിയിൽ ഉണ്ടായ്‍വരികയും ഒരു രാത്രിയിൽ നശിച്ചുപോകയും ചെയ്തിരിക്കുന്ന ആവണക്കിനെക്കുറിച്ചു നിനക്കു അയ്യോഭാവം തോന്നുന്നുവല്ലോ.എന്നാൽ വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരുലക്ഷത്തിരുപതിനായിരത്തിൽ ചില്‌വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോടു എനിക്കു അയ്യോഭാവം തോന്നരുതോ എന്നു ചോദിച്ചു." ( യോനാ 4:10,11)
ഈ ചോദ്യത്തിനു ഉത്തരം പറവാൻ യോനായ്ക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. യോനായ്ക്ക് തന്റെ തെറ്റ് മനസിലായിട്ടുണ്ടാവണം. ദൈവത്തിന്റെ അളവറ്റ സ്നേഹം നമുക്കിതിൽ നിന്ന് മനസിലാക്കാൻ സാധിക്കും. ഏകദേശം സമാനമായ മറ്റൊരു സംഭവം നമുക്ക് പുതിയ നിയമത്തിലെ ലൂക്കോസിന്റെ സുവിശേഷം 9 ആം അദ്ധ്യായത്തിൽ 53-56ല് കാണാൻ കഴിയും . "മനുഷ്യ പുത്രൻ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നതു” എന്നു പറഞ്ഞു.) അവർ വേറൊരു ഗ്രാമത്തിലേക്കു പോയി." (ലൂക്കോസ് 9:56)


5. ക്ഷമിക്കുന്ന ദൈവം
യോനായുടെ പുസ്തകത്തിൽ നിറഞ്ഞു നിൽക്കുന്നത് ക്ഷമിക്കുകയും,വർഗ്ഗവെത്യസം ഇല്ലാതെ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്ന ദൈവം ആണ്. തന്റെ കല്പന കേട്ട് അനുസരിക്കാതെ ഓടിപ്പോയ യോനായോട് ദൈവം ക്ഷമിക്കുകയും കടലിലേക്ക് എറിയപ്പെട്ടപ്പോൾ അവനെ കരുതുകയും ചെയ്തു.
നിനെവെക്കാർ ദുർമ്മാർഗ്ഗങ്ങൾ വിട്ട് അനുതപിക്കുമ്പോൾ അവരോട് ക്ഷമിച്ച് അവർക്ക് സംഭവിക്കാവുന്ന ദുരന്തങ്ങൾ ഒഴിവാക്കിയ ദൈവത്തെ കാണാം. അവർ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു എന്നു ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടപ്പോൾ താൻ  അവർക്കു വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു ദൈവം അനുതപിച്ചു അതു വരുത്തിയതുമില്ല.(യോനാ 3:10). അവസാന അദ്ധ്യായത്തിലെ അവസാന വാക്യത്തിൽ നിന്ന് ദൈവത്തിന്റെ കരുതലും നമുക്ക് മനസിലാക്കാൻ കഴിയും. വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരുലക്ഷത്തിരുപതിനായിരത്തിൽ ചില്‌വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോടു എനിക്കു അയ്യോഭാവം തോന്നരുതോ എന്നു ചോദിച്ചു.(യോനാ 4:11)

യോനാ പ്രവാചകൻ : അടയാളം അന്വേഷിക്കുന്നവർക്കുള്ള അടയാളം
അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോടു: ഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവൻ  അവരോടു ഉത്തരം പറഞ്ഞതു:“ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല. (മത്തായി 12:38,39)

അനന്തരം പരീശന്മാരും സദൂക്യരും അടുക്കെ വന്നു: ആകാശത്തുനിന്നു ഒരു അടയാളം കാണിച്ചുതരേണമെന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല;” പിന്നെ അവൻ  അവരെ വിട്ടു പോയി. (മത്തായി 16:1,4)

പുരുഷാരം തിങ്ങിക്കൂടിയപ്പോൾ അവൻ  പറഞ്ഞുതുടങ്ങിയതു: “ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അതു അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു ഒരു അടയാളവും കൊടുക്കയില്ല. യോനാ നീനെവേക്കാർക്കു അടയാളം ആയതു പോലെ മനുഷ്യപുത്രൻ ഈ തലമുറെക്കും ആകും. (ലൂക്കോസ് 11:29,30)


നിനെവേ ഒരു പ്രതീകവും മുന്നറിയിപ്പും
ദൈവത്തിൽ വിശ്വസിച്ച് ദുർമ്മാർഗ്ഗങ്ങൾ വിട്ട് പശ്ചാത്തപിക്കൂന്നവർ നശിക്കുകയില്ല എന്നുള്ളതിനു ഒരു പ്രതീകമാണ് നിനെവേ. നിനെവേക്കാർ ഒരുമിച്ച് രാജാവും വലിയവനും ചെറിയവനും എല്ലാം ഒരു വെത്യാസവും ഇല്ലാതെ ഉപവസിച്ച് പ്രാർത്ഥിച്ചതുകൊണ്ടാണ് ദൈവം അവർക്ക് വരുത്താൻ തീരുമാനിച്ചിരുന്ന അനർത്ഥത്തെക്കുറിച്ച് അനുതപിച്ച് ശിക്ഷയിൽ നിന്ന് പിൻമാറിയത്..നിനെവേ എങ്ങനെ ഒരു മുന്നറിയിപ്പാകുന്നു എന്നു ഈ വേദവാക്യത്തിൽ നിന്ന് മനസിലാക്കാം. " നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനയിലും വലിയവൻ." (മത്തായി 12:41 , ലൂക്കോസ് 11:32).

യോനയിലും വലിയവനായ ദൈവത്തിന്റെ പുത്രന്റെ വാക്കു കേട്ട് അവനെ പിന്തുടരുന്നവർ എന്ന് വിശ്വസിക്കുന്ന നമ്മൾ ക്രിസ്ത്യാനികൾ ഉപവസിച്ചു പ്രാർത്ഥിക്കുമ്പോൾ മാനസാന്തരം നമുക്ക് ഉണ്ടാവണം. കഴിഞ്ഞകല ചെയ്തികളിൽ നിന്നുള്ള പശ്ചാത്താപത്തിൽ നിന്നുകൊണ്ടുള്ളതും, അന്യായബന്ധനങ്ങളെ അഴിച്ചു കൊണ്ടുള്ളതും ആയ ഉപവാസം ആണോ നമ്മുടേത് എന്ന് ചിന്തിക്കണം. യോനായുടെ പ്രസംഗം കേട്ട് നിനെവേക്കാർ അനുതപിച്ച് ദുർമ്മാർഗ്ഗങ്ങളിൽ നിന്ന് വിട്ട് ഉപവാസത്തോട് കഴിഞ്ഞു എങ്കിൽ യോനയിലും വലിയവന്റെ അനുയായികൾ എന്ന് കരുതുന്ന നമ്മൾ അവന്റെ വാക്ക് കേട്ട് മാനസാന്തരപെട്ടില്ലങ്കിൽ ന്യായവിധിയിൽ നിനെവേക്കാർ നമ്മളെ ന്യായം വിധിക്കും.

നീനെവേയുടെ പതനം
ദുർമ്മാർഗ്ഗങ്ങളിൽ നിന്ന് വിട്ട് ഉപവസിച്ച് ദൈവ കോപം ഒഴിവാക്കിയ നീനെവേയുടെ പതനവും വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നഹൂം പ്രവാചകന്റെ (യോനാ പ്രവാചകന്റെയും മീഖാ പ്രാവചകന്റെയും പുസ്തകങ്ങൾക്ക് ശേഷം) പ്രവചനപുസ്തകം നീനെവേയുടെ പതനത്തെക്കുറിച്ചാണ്. "നീനെവേയെക്കുറിച്ചുള്ള പ്രവാചകം; എൽക്കോശ്യനായ നഹൂമിന്റെ ദർശനപുസ്തകം." എന്നു പറഞ്ഞാണ് നഹൂം പ്രവാചകന്റെ പുസ്തകം തുടങ്ങുന്നത്. നിങ്ങൾ യഹോവെക്കു വിരോധമായി നിരൂപിക്കുന്നതെന്തു?(നഹൂം 1:9) എന്ന് നഹൂം പ്രവാചകൻ ചോദിക്കുന്നുണ്ട്. നഹൂം പ്രവാചകന്റെ പുസ്തകത്തിലെ അവസാന വാക്യം ഇന്ങനെയാണ്. "നിന്റെ കേടിന്നു ഉപശാന്തി ഇല്ല; നിന്റെ മുറിവു വിഷമമാകുന്നു; നിന്റെ വർത്തമാനം കേൾക്കുന്ന ഏവരും നിന്നെക്കുറിച്ചു കൈകൊട്ടും; ആരുടെ മേലാകുന്നു നിന്റെ ദുഷ്ടത ഇടവിടാതെ കവിഞ്ഞുവരാതിരുന്നതു?"(നഹൂം 3:19). നീനെവേക്കുറിച്ച് നഹൂം പ്രവാചകൻ പറയുന്നത് നമുക്ക് കൂടിയുള്ള മുന്നറിയിപ്പാണ്.

നിനെവേ നോമ്പ് നോൽക്കുന്നത് വെറും പ്രകടനമാകരുത്. അതൊരു പ്രകടനമാക്കി "നിന്റെ വർത്തമാനം കേൾക്കുന്ന ഏവരും നിന്നെക്കുറിച്ചു കൈകൊട്ടും" എന്ന് നിനെവേക്കുറിച്ച് നഹൂം പ്രവാചകൻ പറഞ്ഞതുപോലെ മറ്റുള്ളവർ നമ്മളെക്കുറിച്ച് പറയരുത്.

*******************************
ചിത്രങ്ങൾ::
http://pjcockrell.files.wordpress.com/2011/03/jonah-and-fish-3.jpg
http://rainingtruthprayer.files.wordpress.com/2009/03/jonah-and-big-fish.jpg
http://biblelessonsite.org/flash/images52/slides/p_0003.jpg
http://wol.jw.org/en/wol/mp/r1/lp-e/ia/2013/135