Saturday, January 12, 2013

24 . ഇരുപതു വെള്ളിക്കാശിനു വിൽക്കപ്പെട്ട യോസഫ്


യാക്കോബ് തന്റെ പിതാവായ യിസഹാക്ക് താമസിച്ചിരുന്ന കനാൻ ദേശത്ത് തന്റെ കുടുംബത്തോടൊപ്പം വന്ന് താമസിച്ചു. തന്റെ ആൺമക്കളിൽ പതിനൊന്നാമനായ യോസഫിനോട് യാക്കോബിനു മറ്റ് മക്കളെക്കാൾ സ്നേഹം യാക്കൊബിനു ഉണ്ടായിരുന്നു. ഇത് മറ്റുള്ള മക്കൾക്ക് ഇഷ്ടപ്പെട്ടില്ല. അലങ്കാരങ്ങൾ ഒക്കെ ചെയ്ത ഒരു കുപ്പായം ഉണ്ടാക്കി  യാക്കൊബ്ബ് യോസഫിനു കൊടുത്തു. ഇതോടെ അവന്റെ സഹോദരന്മാർക്ക് അവനെ കണ്ണെടുത്താൽ കണ്ടു കൂടാതെയായി. അപ്പന്റെ ആടുകളെയെല്ലാം ദൂരെ ദേശത്ത് മേയിക്കാൻ കൊണ്ടുപോകുന്ന തങ്ങളേക്കാൾ വീട്ടിൽ മാത്രം ഇരിക്കുന്ന പതിനേഴു വയസുകാരനായ യോസഫിനെ അപ്പൻ എന്തിന ഇന്ങനെ സ്നേഹിക്കുന്നത് അവർ പരസ്പരം ചോദിച്ചു. അതോടെ അവർ യോസഫിനോടെ ദ്യേഷ്യത്തോടെമാത്രം പെരുമാറാൻ തുടങ്ങി.

ഒരു ദിവസം യോസഫ് ഒരു സ്വപ്നം കണ്ടു. യോസഫും സഹോദരന്മാരും വയലിൽ കറ്റ കൊയ്യാൻ പോയി.അവർ കറ്റ ഒക്കെ കൊയ്തു കഴിഞ്ഞപ്പോൾ യോസഫ് കൊയ്ത് കെട്ടിയിട്ട കറ്റ വയലിൽ നിവർന്നു നിന്നപ്പോൾ മറ്റു സഹോദരന്മാർ കൊയ്തു കെട്ടിയിട്ട കറ്റ യോസഫ് കെട്ടിയ കറ്റയെ നമസ്ക്കരിച്ചു. യോസഫ് ഈ സ്വപനം തന്റെ സഹോദരന്മാരോട് പറഞ്ഞു. "നീ ഞങ്ങളുടെ രാജാവാകുമോ ,നീ ഞങ്ങളെ അധികാരത്തിലാക്കുമോ?" എന്നൊക്കെ പറഞ്ഞ് മറ്റ് സഹോദരന്മാർ യോസഫിനോട് വീണ്ടൂം ദേഷ്യപ്പെട്ടു.

യോസഫ് വീണ്ടും ഒരു സ്വപ്നം കണ്ടു.സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്രങ്ങളും തന്നെ നമസ്ക്കരിക്കുന്ന സ്വപനം ആയിരുന്നു യോസഫ് കണ്ടത്.യോസഫ് ആ സ്വപനവും സഹോദരന്മാരോട് പറഞ്ഞു.
അവർ വീണ്ടും യോസഫിനോട് ദേഷ്യപ്പെട്ടു. സഹോദരന്മാർ യോസഫിനേയും കൂട്ടി അപ്പനായ യാക്കൊബിന്റെ അടുകൽ ചെന്നു. യോസഫ് ഇങ്ങനെയുള്ള സ്വപ്നങ്ങൾ കാണുന്നതിനെക്കുറിച്ച് പറഞ്ഞു.യാക്കോബ് യോസഫിനെ ശാസിക്കുകമാത്രം ചെയ്തു.
"ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും നിന്നെ നമസ്ക്കരിക്കാൻ വരുന്ന സ്വപ്നം ആണോ നീ കണ്ടത്?"
അപ്പൻ സഹോദരനെ ശാസിക്കുക മാത്രം ചെയ്യുന്നതു കണ്ടിട്ട് സഹോദരങ്ങൾക്ക് അവനോട്  അസൂയ തോന്നി. യോസഫിന്റെ സ്വപ്നവും അവന്റെ വാക്കുകളും അപ്പന് അവനോടുള്ള സ്നേഹവും ഒക്കെ അവന്റെ സഹോദരന്മാർക്ക് അവനോട് അസൂയ ഉണ്ടാവാൻ തക്ക കാരണങ്ങൾ ആയിരുന്നു.

യോസഫിന്റെ സഹോദരന്മാർ ശെഖേം എന്ന സ്ഥലത്ത് ആടുകളുമായി പോയി. കുറച്ചു ദിവസം കഴിഞ്ഞിട്ടും അവരെക്കുറിച്ച് വിവരങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് യാക്കൊബിനു വിഷമമായി. യാക്കൊബ് യോസഫിനെ വിളിച്ചിട്ടു പറഞ്ഞു..
"നിന്റെ സഹോദരന്മാർ ആടുകളുമായി സെഖേമിൽ പോയിട്ട് കുറച്ചു ദിവസങ്ങളായി. അവർ പോയതിനു ശേഷം ഒരു വിവരവും ഇല്ലന്ന് നിനക്കും അറിയാം.. നീ പോയി അവർക്കു സുഖം ആണോ..ആടുകളൊക്കെ എങ്ങനെയിരിക്കുന്നു എന്നൊക്കെ നോക്കിയിട്ട് വരണം"

യോസഫിനും അതു സമ്മതം ആയിരുന്നു. ഇളയ സഹോദരനായ ബെന്യാമിൻ മാത്രമേ ഇപ്പോൾ വീട്ടിലുള്ളു.ബാക്കി പത്തു പേരും ആടുകളെകൊണ്ട് പോയതായിരിക്കുന്നു. സഹോദരന്മാരുടെ വിവരങ്ങൾ ഒന്നും അറിയാത്തതുകൊണ്ട് യോസഫിനും സങ്കടം ഉണ്ടായിരുന്നു..
"ഞാൻ ഉടൻ തന്നെ പോയി സഹോദരന്മാരെ കണ്ടെത്തി വിവരങ്ങൾ അറിയിക്കാം" എന്ന് യോസഫ് അപ്പനോട് പറഞ്ഞു. ഹെബ്രോൻ താഴ്വരയിൽ നിന്ന് യോസഫ് തന്റെ സഹോദരന്മാരെ അന്വേഷിച്ച് ശെഖേമിലേക്ക് യാത്ര തിരിച്ചു.

ശെഖേം മുഴുവൻ യോസഫ് തന്റെ സഹോദരന്മാരെ അന്വേഷിച്ചു. പക്ഷേ അവരെ കണ്ടത്താൻ കഴിഞ്ഞില്ല. അപ്പനോട് എന്തു ചെന്നു പറയും എന്ന് ആലോചിച്ചു കൊണ്ട് മരുഭൂമിയിലൂടെ യോസഫ് നടന്നു. യോസഫ് ഇങ്ങനെ നടക്കുന്നതു കണ്ടിട്ട് ഒരുത്തൻ യോസഫിന്റെ അടുക്കൽ വന്നു..

"നീ ഒന്നു രണ്ടു ദിവസമായി ഇവിടെ നടക്കുന്നത് ഞാൻ കാണുന്നുണ്ട്. നീ എന്താണിവിടെ അന്വേഷിക്കുന്നത്?" അവൻ ചോദിച്ചു.

"ഞാൻ എന്റെ സഹോദരന്മാരെ അന്വേഷിക്കുകയാണ്.അവർ കുറേ ദിവസങ്ങൾക്ക് മുമ്പ് ശെഖേമിലേക്ക് ആടുമേയിക്കാനായി വീട്ടിൽ നിന്ന് പോന്നതാണ്. അവരെ കാണാതെ വിഷമിക്കുന്ന അപ്പൻ അവരെ തിരക്കി എന്നെ വിട്ടതാണ്. രണ്ടു ദിവസമായി ഞാൻ അവരെ ഇവിടെ അന്വേഷിക്കുന്നു,പക്ഷേ  അവരയോ ആടുകളയോ എനിക്ക് ഇവിടെ കണ്ടത്താൻ പറ്റിയില്ല.." യോസഫ് പറഞ്ഞു..

"നീ പറഞ്ഞ അടയാളങ്ങൾ ഒക്കെയുള്ള ആളുകൾ കുറച്ച് ദിവസം മുമ്പുവരെ ഇവിടെ ഉണ്ടായിരുന്നു.അവർ ഇപ്പോൾ ദോഥാനിലേക്ക് പോയി എന്നാണ് എനിക്ക് തോന്നുന്നത്. അവർ ദോഥാനിലേക്ക് ഇവിടെ നിന്ന് പോകുവാണന്ന് എനിക്കവരുടെ സംസാരത്തിൽ നിന്ന് തോന്നിയിരുന്നു" അയാൾ പറഞ്ഞു. അയാളോട് നന്ദി പറഞ്ഞ് യോസഫ് തന്റെ സഹോദരന്മാരെ തേടി ദോഥാനിലേക്ക് പോയി.

ശേഖേമിൽ നിന്ന് ദോഥാനിലേക്കുള്ള വഴിയിലൂടെ യോസഫ് വരുന്നത് അവന്റെ സഹോദരന്മാർ ദൂരെ നിന്നേ കണ്ടു. അവർക്ക് അവനോടുള്ള അസൂയ പകയായി മാറിയിരുന്നു.

നമുക്കവനെ കൊന്ന് മരുഭൂമിയിലെ ഏതെങ്കിലും ഒരു കുഴിയിൽ ഇട്ടിട്ട്  വന്യമൃഗം അവനെ കൊന്നു എന്ന് നമുക്ക് പറയാം. മരിച്ചു കഴിഞ്ഞാൽ അവനെങ്ങനെ സ്വപ്നം കാണും,അവൻ കണ്ട സ്വപ്നങ്ങൾ എങ്ങനെ നടക്കും. നമ്മൾ അവനെ നമസ്ക്കരിക്കുന്ന സ്വപ്നങ്ങൾ എന്താകും എന്നൊക്കെ പറഞ്ഞ് അവനെ കൊല്ലാൻ അവർ തീരുമാനിച്ചു. പക്ഷേ സഹോദരന്മാരിൽ മൂത്തവനായ രൂബേനു യോസഫിനെ കൊല്ലുന്നതിനെ എതിർത്തു.

"നമ്മുടെ സഹോദരന്റെ ചോര നമ്മൾ ചീന്തരുത്.അവനെ കൊല്ലരുത്.നമുക്കവനെ ജീവനോടെ മരുഭൂമിയിലെ ഏതെങ്കിലും പൊട്ടക്കുഴിയിൽ ഇടാം." രൂബേൻ മറ്റ് സഹോദരന്മാരോട് പറഞ്ഞു. അവർ ആദ്യം എതിർത്തെങ്കിലും രൂബേൻ അവരെക്കോണ്ട് അത് സമ്മതിപ്പിച്ചു. സഹോദരന്മാർ അറിയാതെ യോസഫിനെ കുഴിയിൽ നിന്ന് കയറ്റി അപ്പന്റെ അടുക്കൽ എത്തിക്കണം എന്ന് ഉറപ്പിച്ചാണ് രൂബേൻ ഇങ്ങനെ ചെയ്തത്.

തന്റെ സഹോദരന്മാരെ കണ്ട് യോസഫ് അവരുടെ അടുക്കലേക്ക് ഓടി വന്നു. അപ്പൻ അവരെ കാണാതെ വിഷമിക്കുന്നതിനെക്കുറിച്ചും താൻ അവരെ തിരക്കി ശെഖേമിൽ അലഞ്ഞതിനെക്കുറിച്ചൊക്കെ സഹോദരന്മാരോട് പറഞ്ഞു. യാക്കോബ് നൽകിയ കുപ്പായം ആയിരുന്നു യോസഫ് ആ സമയം ധരിച്ചിരുന്നത്. അവന്റെ സഹോദരന്മാർ ആ കുപ്പായം ഊരി എടുത്തിട്ട് യോസഫിനെ മരുഭൂമിയിലെ ഒരു പൊട്ടക്കുഴിയിൽ ഇട്ടു.. യോസഫ് കുഴിയിൽ കിടന്ന് നിലവിളിച്ചു. അവന്റെ നിലവിളി കേൾക്കാനാവാതെ രൂബേൻ അവിടെ നിന്ന് മാറി...

ഒൻപതു സഹോദരന്മാർ ഭക്ഷണത്തിനായി ഇരിക്കുമ്പോൾ ഗിലയാദിൽ നിന്ന് മിസ്രയീമിലേക്കുള്ള മരുഭൂമിയിലെ  വഴിയിലൂടെ യാത്രാക്കൂട്ടം വരുന്നത് അവർ കണ്ടു. ഗിലയാദിൽ നിന്ന് സാമ്പ്രാണിയും സുഗന്ധവസ്തുക്കളും ഒക്കെ ഒട്ടകപ്പുറത്ത് മിസ്രായേമിൽ എത്തിക്കുന്ന മിദ്യാനകച്ചവടക്കാർ ആണ് അതെന്ന് അവർക്ക് മനസിലായി. അവരെ കണ്ടപ്പോൾ സഹോദരന്മാരിൽ ഒരുവനായ യെഹൂദയ്ക്ക് ഒരു ബുദ്ധി തോന്നി .അവൻ അത് തന്റെ മറ്റ് സഹോദരന്മാരോട് പറഞ്ഞു.
"നമ്മൾ നമ്മുടെ സഹോദരനെ കൊന്നാൽ നമുക്കെന്തു പ്രയോജനമാണുള്ളത്. അവൻ നമ്മുടെ സഹോദരനാണ്. അവന്റെ രക്തം നമ്മൾ ചീന്തരുത്.അവന്റെ മേൽ കൈവയ്ക്കുകയും ചെയ്യരുത്. നമുക്കവനെ കുഴിയിൽ നിന്ന് കയറ്റി ആ വരുന്ന മിദ്യാന കച്ചവടക്കാർക്ക് വിൽക്കാം" . ബാക്കിയുള്ളവർ അതിനു സമ്മതിച്ചു.

മിദ്യാന കച്ചവടക്കാർ അടുക്കാറായപ്പോൾ യോസഫിനെ അവന്റെ സഹോദരന്മാർ കുഴിയിൽ നിന്ന് വലിച്ചു കയറ്റി. തന്നെ സഹോദരന്മാർ കുഴിയിൽ നിന്ന് വലിച്ചു കയറ്റി വീട്ടിലേക്ക് വിടാൻ പോവുകയാണന്നാണ് യോസഫ് കരുതിയത്. തന്നെ കുഴിയിൽ നിന്ന് രക്ഷപ്പെത്തിയത് മിദ്യാന കച്ചവടക്കാർക്ക് വിൽക്കാനാണന്ന് പിന്നീടാണ് യോസഫിനു മനസിലായത്. യോസഫിന്റെ വിലയായി അമ്പതു വെള്ളിക്കാശ് ആണ് അവന്റെ സഹോദരന്മാർ കച്ചവടക്കാരോട് അവശ്യപ്പെട്ടത്. അടിമക്കച്ചവടത്തിൽ ലാഭം മാത്രം നോക്കിയിരുന്ന കച്ചവടക്കാർ അവസാനം ഇരുപത് വെള്ളിക്കാശ് നൽകാമെന്ന് സമ്മതിച്ചു. ഇരുപതുവെള്ളിക്കാശിനു യോസഫിനെ സഹോദരന്മാർ മിദ്യാന കച്ചവടക്കാർക്ക് വിറ്റു. കച്ചവടക്കാർ പോയിക്കഴിഞ്ഞപ്പോൾ അവർ ഭക്ഷണം കഴിച്ച് ആടുകളുമായി മുന്നോട്ടു നടന്നു.

കുറേ കഴിഞ്ഞിട്ടാണ് രൂബേൻ മടന്ങി വന്നത്. രൂബേൻ തിരികെ വന്ന് പൊട്ടക്കുഴിയിൽ നോക്കിയപ്പോൾ കുഴിയിൽ യോസഫ് ഇല്ല. ഇനി തന്റെ സഹോദരന്മാർ താൻ പോയപ്പോൾ അവനെ കൊന്നു കളഞ്ഞതായിരിക്കുമോ? അവൻ തന്റെ വസ്ത്രം കീറി നിലവിളിച്ചു. അവൻ തന്റെ സഹോദരന്മാരുടെ അടുത്തേക്ക് നിലവിളിച്ചു കൊണ്ട് ചെന്നു.

"യോസഫിനെ ആ കുഴിയിൽ കാണുന്നില്ലല്ലോ...ഞാനിനി അവനെ അന്വേഷിച്ച് എവിടെ പോകും.. നിങ്ങൾ അവനെ കൊന്നു കളഞ്ഞോ? അപ്പനോട് ഇനി എന്ത് സമാധാനം പറയും" അവൻ ഉറക്കെ കരഞ്ഞു.

യോസഫിനെ മിസ്രയീമിലേക്ക് പോകുന്ന മിദ്യാനകച്ചവടക്കാർക്ക് ഇരുപതു വെള്ളിക്കാശിനു വിറ്റ കാര്യം സഹോദരങ്ങൾ അവനോട് പറഞ്ഞു. രൂബേൻ മിദ്യാന കച്ചവടക്കാർ പോയ വഴിയിലൂടെ കുറേ ദൂരം പോയെങ്കിലും കച്ചവടക്കാരെ കാണാതെ നിരാശനായി മടങ്ങി വന്നു..

യോസഫ് കൊല്ലപ്പെട്ടതായി തന്നെ അപ്പനായ യാക്കൊബിനെ അറിയിക്കാൻ അവർ തീരുമാനിച്ചു. അവർ യോസഫിന്റെ കുപ്പായം  ഒരു ആടിനെ കൊന്ന്  ആട്ടിൻ രക്തത്തിൽ മുക്കി എടുത്തു. എന്നിട്ട് യാക്കൊബിന്റെ അടുകലേക്ക് കൊടുത്തയിച്ചിട്ടൂ പറഞ്ഞു
"ഇത് യോസഫിന്റെ കുപ്പായം ആണോ എന്ന് നോക്കണം.ഇത് ഞങ്ങൾക്ക് ഇവിടെ മരുഭൂമിയിൽ നിന്ന് കിട്ടിയതാണ്. മരുഭൂമിയിലെ വന്യമൃഗങ്ങൾ സഞ്ചരിക്കുന്ന വഴിയിൽ നിന്ന് ഞങ്ങൾക്ക് കിട്ടിയതാണിത്. ശെഖേമിൽ നിന്ന് ദോഥാനിലേക്ക് ഞങ്ങളെ അന്വേഷിച്ച് വരുമ്പോൾ വഴിതെറ്റി പോയ യോസഫിനെ ദുഷ്ടമൃഗങ്ങൾ കടിച്ചു കീറിക്കാണും"

യാക്കൊബ് തന്റെ മകന്റെ കുപ്പായം തിരിച്ചറിഞ്ഞു. ദുഷ്ടമൃഗങ്ങൾ തന്റെ മകനെ കൊന്നു എന്ന് യാക്കോബ് വിശ്വസിച്ചു. അവൻ തന്റെ മകനെ ഓർത്തു ദുഃഖിച്ചു കൊണ്ടിരുന്നു. യാക്കോബിനെ ആശ്വസിപ്പിക്കാൻ മക്കളെല്ലാം എത്തി. പക്ഷേ അവരുടെ ഒരു ആശ്വാസവാക്കും യാക്കൊബിനു ആശ്വാസമായില്ല.

യോസഫിനെ വാന്ങിയ മിദ്യാനകച്ചവടക്കാർ മിസ്രയീമിലെ അടിമ ചന്തയിൽ യോസഫിനെ വിൽക്കാനായി നിർത്തി. മിസ്രയീം രാജാവായ ഫറവോന്റെ കടമ്പടിനായകാനായ പോത്തീഫറിനു മിദ്യാനകച്ചവടക്കാർ യോസഫിനെ വിറ്റു.


ചിത്രങ്ങൾ joseph sold by his brothers , joseph's dream  എന്നിങ്ങനെ ഗൂഗിളിന്റെ ഫോട്ടോ സേർച്ചിൽ കൊടൂത്തപ്പോൽ കിട്ടിയത്