Monday, March 25, 2013

അവനെ ക്രൂശിക്ക, ക്രൂശിക്ക - ന്യായവിധി നടത്തുന്ന ജനക്കൂട്ടം

യേശു പെസഹപെരുന്നാള് ആചരിച്ചതിനു ശേഷം ശിഷ്യന്മാരുമായി ഒലീവുമലക്കരകിലുള്ള കെദ്രോൻ തോട്ടിന്നു അക്കരെക്കുള്ള തോട്ടത്തിലേക്ക് പതിവുപോലെ പോയി. യേശുവിനെ കാണിച്ചു കൊടൂത്ത യൂദ ജനക്കൂട്ടത്തോടൂം പട്ടാളക്കാരോടൊപ്പവും വന്ന് യേശുവിനെ കാണിച്ചു കൊടുക്കുന്നു. പട്ടാളക്കാർ യേശുവിനെ ഹന്നാവിന്റെ അടുക്കൽ എത്തിക്കുന്നു....

1. ഹന്നാവിന്റെ അടുക്കൽ (യോഹന്നാൻ 18:13)
യേശുവിനെ ആദ്യം ഹന്നാവിന്റെ അരമനയിൽ കൊണ്ടുവരാൻ കാരണം എന്താണന്ന് വേദപുസ്തകത്തിൽ വ്യക്തമല്ല. ഹന്നാവ് മഹാപുരോഹിതനായതുകൊണ്ടായിരിക്കണം ഹന്നാവിന്റെ അടുക്കലേക്ക് കൊണ്ടുവരുന്നത്.(ആ സംവത്സരത്തിലെ മഹാപുരോഹിതസ്ഥാനം കയ്യാഫിവിനായിരുന്നു.). ലൂക്കോസിന്റെ സുവിശേഷം 3:2 ല് ഇങ്ങനെ കാണാൻ കഴിയും, ഇടപ്രഭൂക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം....

ഒലിവുമലക്കരികിൽ നിന്ന് പിടികൂടിയ യേശുവിനെ ഹന്നാവിന്റെ അരമനയിൽ വെച്ച് ഹന്നാവ് ചോദ്യം ചെയ്യ്യുന്നു. ഹന്നാവിനു അറിയേണ്ടത് യേശുവിന്റെ ഉപദേശത്തെയും ശിഷ്യന്മാരെയും കുറിച്ച് മാത്രമാണ്. എന്റെ ഉപദേശം എന്തായിരുന്നു എന്ന് അത് കേട്ടവരോട് ചോദിച്ച മനസിലാക്കാൻ യേശു ഹന്നാവിനോട് പറയുന്നു. (യോഹന്നാൻ 18:19-20). ഹന്നാവിന്റെ അരമനയിൽ വെച്ച് ചേവകരിൽ ഒരുത്തൻ യേശുവിന്റെ കന്നത്ത് അടിക്കുകയും ചെയ്യുന്നു. ഉടൻ തന്നെ ഹന്നാവ് യേശുവിനെ ബന്ധിച്ച് കയ്യാഫാവിന്റെ അടുക്കലേക്ക് അയക്കുന്നു

2. മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കൽ(യോഹന്നാൻ 18:24)
കയ്യഫാ യേശുവിനെ കൊല്ലണമെന്ന് ആദ്യം പറയുന്നത്.യോഹന്നാന്റെ സുവിശേഷം 11ന്റെ 40-51 വാക്യങ്ങളിൽ നമുക്ക് ഇത് കാണാൻ കഴിയും.  "അവരിൽ ഒരുത്തൻ, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടു: നിങ്ങൾ ഒന്നും അറിയുന്നില്ല; ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല എന്നു പറഞ്ഞു." . യോഹന്നാന്റെ സുവിശേഷം 18 ആം അദ്ധ്യായം 13 ആം വാക്യം കൂടി ഇതോനോടൊപ്പം കൂട്ച്ചേർത്ത് വായിക്കുമ്പോൾ യെശുവിന്റെ മരണത്തിനു കയ്യഫാ  എത്രമാത്രം ശ്രമിച്ചിരുന്നു എന്ന് മനസിലാക്കാൻ സാധിക്കും. ഹാന്നാവ് യേശുവിനെ കൊല്ലാൻ ശ്രമിക്കുന്നതിനു ഒരു സ്വയം ന്യായീകരണം നൽകുന്നുണ്ട്. ആ ന്യായീകരണം ഇതാണ് ,  "ജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേർക്കേണ്ടതിന്നും തന്നേ." (യോഹന്നാൻ 11:52).
പലവിധകാരണങ്ങളാൽ യഹൂദമതതത്വങ്ങളിൽ നിന്ന് മാറിപ്പോയവരെ , പുരോഹിതന്മാരുടെ ന്യായപ്രമാണവ്യാഖ്യാനങ്ങലെ ചോദ്യം ചെയ്ത് മാറി അധികാരികളോട് കലഹിക്കുന്നവരെ ശാന്തരാക്കി ഒന്നിക്കാൻ പറ്റിയമാർഗ്ഗമായി യേശുവിന്റെ മരണത്തെ മാറ്റി തങ്ങളുടെ അജണ്ടനടപ്പാക്കാം എന്ന് കയ്യഫാ കണക്കു കൂട്ടുന്നു. അതിനവർ വിജയിക്കുകയും ചെയ്യുന്നുണ്ട്. യേശുവിനു പകരം ബറബാസിനെ മോച്ചിപ്പിച്ചെടുത്തത് ഇതിനുദാഹരണമായി പറയാം.


(ഇന്ത്യയുടെ വർത്തമാനകാല സാഹചര്യത്തിൽ ഈ ഒരു ഭാഗത്തിനു അനേകം അർത്ഥതലങ്ങൾ കാണാൻ കഴിയും. ഇന്ത്യയുടെമാത്രമല്ല ഒട്ടുമിക്ക ലോകരാജ്യങ്ങളുടേയും വർത്തമാനകാല രാഷ്ട്രീയ സാഹചര്യവും ഈ ഒരു വാക്യത്തോട് ചേർത്ത് വായിക്കാൻ കഴിയും. അതിനെക്കുറിച്ച് അവസാനം പറയാം.)


കയ്യാഫാവിന്റെ മുന്നിൽ വെച്ച് യേശുവിൽ കുറ്റം ആരോപിക്കാനായി അനേകം ആളുകൾ കള്ളസാക്ഷ്യം പറഞ്ഞെ എങ്കിലും അതൊന്നും തെളിയിക്കാനായില്ല. അവരുടെ ആരോപണങ്ങൾ യേശു തന്നെ മറുപിടി നൽകിയിരിക്കണം. അവരുടെ കുറ്റാരോപണങ്ങൾ എല്ലാം യേശു നിഷേധിച്ചു. കള്ളസാക്ഷ്യങ്ങൾ അധികം ആയപ്പോൾ യേശു നിശബ്ദ്ദതപാലിക്കുകയും ചെയ്തു. എല്ലാ ആരോപണങ്ങളും കള്ളസാക്ഷ്യങ്ങളും ഫലിക്കാതെ വന്നു. അവസാനം അവർ യേശുവിനോട് ചോദിക്കുന്നു, എന്നാൽ നീ ദൈവപുത്രൻ തന്നെയോ?" “നിങ്ങൾ പറയുന്നതു ശരി; ഞാൻ ആകുന്നു” എന്ന് യേശു മറുപിടി പറയുന്നു.(മത്തായി 26:64 , മർക്കോസ് 14:62, ലൂക്കൊസ് 22:70). ദൈവദൂഷ്ണം പറയുന്നു എന്നുള്ള എന്ന കുറ്റം ആരോപിക്കപ്പെട്ട് യേശു മരണശിക്ഷയ്ക്ക് അര്‍ഹനാണന്ന് ജനക്കൂട്ടവും മഹാപുരോഹിത വർഗ്ഗവും വിധിക്കുന്നു. ഒരു മനുഷ്യനെ മരണത്തിനു വിധിക്കാൻ അവർക്ക് അർഹത ഇല്ലാ എങ്കിലും യേശു മരണത്തിനു യോഗ്യനാണന്ന് അവർ വിധിക്കുന്നു. ജനകൂട്ടത്തിന്റെ ന്യായവിധി!!!

3. നാടുവാഴിയായ പീലാത്തോസിന്റെ അടുക്കലേക്ക് (മത്തായി 27:2 , മർക്കോസ് 15:1 , ലൂക്കോസ് 23:1 , യോഹന്നാൻ 18:29)
ജനക്കൂട്ടത്തിന്റെ അന്യായമായ ആവശ്യങ്ങൾക്കും ജനങ്ങളുടെ പൊതുബോധത്തിനു ചെർന്നു നിൽക്കേണ്ടി വരികയും ജനങ്ങളെ ഭയപ്പെടുകയും ചെയ്യുന്ന ഒരു നാടുവാഴിയെ നമുക്ക് പീലാത്തോസിൽ കാണാൻ കഴിയും.ആരോപിക്കപ്പെടുന്നവയിൽ ഒന്നിനുപോലും തെളിവുകൾ ലഭിക്കാതെയും യേശുവിൽ ഒരുതെറ്റും കാണാന് കഴിയുന്നില്ലങ്കിലും സ്വന്തം നീതിബോധത്തെ നശിപ്പിച്ചുകൊണ്ട് ജനക്കൂട്ടത്തിന്റെ നിലവിളിക്ക് അന്യായമായ വിധി പുറപ്പെടുവി ക്കേണ്ടി വന്ന ഒരു നാടുവാഴികൂടിയാണ് പിലാത്തോസ്.

ഈ മനുഷ്യന്റെ നേരെ എന്തു കുറ്റം ബോധിപ്പിക്കുന്നു? എന്ന് പീലാത്തോസ് ചോദിക്കുമ്പോൾ ജനക്കൂട്ടം മറുപിടി പറയുന്നത് "കുറ്റക്കാരൻ അല്ലാഞ്ഞു എങ്കിൽ ഞങ്ങൾ അവനെ നിന്റെ പക്കൽ ഏല്പിക്കയില്ലായിരുന്നു" എന്നാണ്. നിങ്ങൾ ന്യായപ്രമാണപ്രകാരം വിധിപ്പിൻൻ എന്ന് പീലാത്തോസ് പറയുമ്പോൾ "മരണശിക്ഷെക്കുള്ള അധികാരം ഞങ്ങൾക്കില്ലല്ലോ" എന്ന് യഹൂദന്മാർ പറയുന്നു.(യോഹന്നാൻ 18:29-31). യേശുവിനു മരണശിക്ഷതന്നെ നൽകണമെന്ന് വാശിപിടിക്കുന്ന ഒരു സമൂഹത്തെ നമുക്കിവിടെ കാണാൻ കഴിയുയ്ന്നു. ന്യായപ്രമാണപ്രകാരം ശിക്ഷയ്ക്ക് വിധേയനാക്കിയാൽ യേശുവിനെതിരെ ഒരു ശിക്ഷയും ലഭിക്കില്ലന്ന് അവർക്കറിയാം.

പിന്നീട് യഹൂദന്മാർ പീലാത്തോസിന്റെ മുന്നിൽ യേശുവിനെതിരെയുള്ള ആരോപണം ഉന്നയിക്കുന്നു. "ഇവൻ ഞങ്ങളുടെ ജാതിയെ മറിച്ചുകളകയും താൻ  ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ടു കൈസർക്കു കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങൾ കണ്ടു" (ലൂക്കോസ് 23:2) എന്നു യഹൂദന്മാർ പറഞ്ഞു. "ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല" (ലൂക്കൊസ് 23:4) എന്ന് പീലാത്തോസ് പറയുമ്പോൾ അവർ മറ്റു ചില ആരോപണങ്ങൾ കൂടി ഉന്നയിക്കുന്നു. "അവൻ(യേശു)  ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ എങ്ങും ഇവിടത്തോളവും പഠിപ്പിച്ചു ജനത്തെ കലഹിപ്പിക്കുന്നു" എന്നായിരുന്നു യഹൂദരുടെ ആരോപണം. യേശു ഗലീലക്കാരൻ ആണന്നറിഞ്ഞപ്പോൾ പീലാത്തോസ് യേശുവിനെ ഹെരോദാവിന്റെ അടുക്കലേക്ക് അയക്കുന്നു.

4. യേശു ഹെരോദാവിന്റെ അടുക്കല് (ലൂക്കോസ് 23:7)
ഹെരോദാവിന്റെ മുന്നിൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി യേശുവിനെ കുറ്റം ചുമത്തിക്കൊണ്ടു നിന്നുഎങ്കിലും ഹെരോദാവും യേശുവിൽ കുറ്റം ഒന്നും കാണുന്നില്ല. യേശുവിനെ ഹെരോദാവ് പീലാത്തോസിന്റെ അടുക്കലേക്ക് തന്നെ തിരിച്ചയിക്കുന്നു.

ഹെരോദാവ് യേശുവിനെ കൊല്ലുവാൻ അന്വേഷിച്ച ആളാണ്. "ആ നാഴികയിൽ തന്നേ ചില പരീശന്മാർ അടുത്തുവന്നു: ഇവിടം വിട്ടു പൊയ്ക്കാൾക ഹെരോദാവു നിന്നെ കൊല്ലുവാൻ ഇച്ഛിക്കുന്നു എന്നു അവനോടു പറഞ്ഞു."(ലൂക്കോസ് 13:31.). ഹെരോദാവിനെ കുറുക്കൻ എന്ന് യേശു വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. യെശുവിനെ കാണാൻ ഹെരോദാവ് വളരെക്കാലമായി ആഗ്രഹിച്ചിരുന്നതാണ്. അതെന്തിനായിരുന്നെന്ന് ലൂക്കോസ് 9:7-9 വരെ നമുക്ക് കാണാം. "സംഭവിക്കുന്നതു എല്ലാം ഇടപ്രഭുവായ ഹെരോദാവു കേട്ടു. യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവു പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറക കൊണ്ടു ഹെരോദാവു ചഞ്ചലിച്ചു:യോഹന്നാനെ ഞാൻ ശിരഃഛേദം ചെയ്തു; എന്നാൽ ഞാൻ ഇങ്ങനെയുള്ളതു കേൾക്കുന്ന ഇവൻ ആർ എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു."

യേശുവിനെ കാണാൻ ആഗ്രഹിക്കുകയും അവനെ ഭയപ്പെടുകയും അവനെ കൊല്ലുവാൻ ശ്രമിക്കുകയും ചെയ്ത ഹെരോദാവാണ് യേശുവിൽ ഒരു കുറ്റവും കാണാതെ ഇപ്പോൾ പീലാത്തോസിന്റെ അടുക്കലേക്ക് തിരിച്ചയിച്ചിരിക്കുന്നത്.

5. വീണ്ടും പീലാത്തോസിന്റെ അരമനയിൽ
താൻ വിസ്തരിച്ചിട്ടൂം ഹെരോദാവ് വിസ്തരിച്ചിട്ടൂം യെശുവിൽ ഒരു കുറ്റവും കാണുന്നില്ല എന്ന് പീലാത്തോസ് പറഞ്ഞിട്ടൂം യഹൂദന്മാർ യേശുവിനെ ക്രൂശിക്കണം എന്നുള്ള ഒരൊറ്റ ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നു. യെശുവിനോടുള്ള അസൂയകൊണ്ടാണ് യഹൂദന്മാർ യേശുവിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് പീലാത്തോസ് മനസിലാക്കീയിട്ട് അവനെ വിട്ടയിപ്പിക്കാൻ ശ്രമിച്ചു എങ്കിലും യഹൂദന്മാർ അതിനു സമ്മതിക്കുന്നില്ല. സത്യം എന്താണന്ന് പീലാത്തോസിനറിയാം. പക്ഷേ പീലാത്തോസ് നിസഹായനാകുന്നു. ഒരവസരത്തിൽ നിസഹായതോടെ യേശുവിനോട്  പീലാത്തോസ് ചോദിക്കുന്നു,സത്യം എന്നാൽ എന്തു ? (യോഹന്നാൻ 18:38). പെസഹായ്ക്കു വിട്ടയിക്കപ്പെടുന്ന ആളായി യേശുവിനെ വിട്ടയിക്കാൻ പീലാത്തോസ് ശ്രമിക്കുന്നു. പക്ഷേ അവിടയും പീലാത്തോസ് പരാജയപ്പെടുന്നു. പീലാത്തോസിന്റെ അടുക്കലേക്ക് അവന്റെ ഭാര്യ ആളയച്ചു "ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുതു; അവൻ  നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു" എന്ന് പറയിപ്പിക്കുന്നു (മത്തായി 27:19).
കലഹം നടത്തി കൊലപാതകം ചെയ്തതിനു പിടിക്കപ്പെട്ട ബറബാസിന്റെ മോചനത്തിനായി മഹാപുറൊഹിതന്മാർ ജനങ്ങളെ നിർബന്ധിച്ച് ബറബാസിനെ വിട്ടിയക്കണമെന്ന് പറയുന്നു. നിയമപ്രകാരം ന്യായവിധിയിൽ കുറ്റം തെളിഞ്ഞ് ശിക്ഷയ്ക്ക് വിധേയനായ ഒരുവനെ മോചിപ്പിക്കാൻ പുരോഹിതന്മാർക്കും മൂപ്പന്മാർക്കു സാധിക്കുന്നു.

യേശുവിനെ ക്രൂശിക്കാനായി നിലവിളിക്കുന്ന പുരുഷാരം ഒരുവശത്ത്, സ്വന്തം മനസാക്ഷിയുടെ നീതിബോധത്തിന്റെ ചിന്തകൾ മറുവശത്തുമായി യെശുവിനെ  പീലാത്തോസ് വിഷമിക്കുന്നു.അവസാനം ന്യായവിസ്താരം അവസാനിപ്പിക്കുന്നു. ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടുവെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല; നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു.(മത്തായി 27:24) .ചാട്ടവാറുകൊണ്ട് അടിച്ചു യേശുവിനെ വിട്ടയിക്കാൻ പീലാത്തോസ് ശ്രമിക്കുന്നു എങ്കിലും അതിനു പീലാത്തോസിനു കഴിയുന്നില്ല. ജനങ്ങൾ യേശുവിനെ ക്രൂശിക്കാനായി നിലവിളിക്കുക തന്നെ ചെയ്യുന്നു. മൂന്നു പ്രാവിശ്യം "അവൻ  ചെയ്ത ദോഷം എന്തു? മരണയോഗ്യമായതു ഒന്നും അവനിൽ കണ്ടില്ല;" എന്ന് പീലാത്തോസ് പറയുന്നു. (ലൂക്കോസ് 23:22). കുറ്റം ഒന്നും കാണാനാവുന്നില്ലങ്കിലും അവസാനം ജനങ്ങളുടെ ഭീക്ഷണിക്കുമുമ്പിൽ പീലാത്തോസ് യേശുവിനെ ക്രൂശു മരണത്തിനു ഏൽപ്പിക്കുന്നു. യഹൂദന്മാരോ: നീ ഇവനെ വിട്ടയച്ചാൽ കൈസരുടെ സ്നേഹിതൻ അല്ല; തന്നെത്താൻ  രാജാവാക്കുന്നവൻ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്നു ആർത്തു പറഞ്ഞു.(യോഹന്നാൻ 19:12). യേശുവിനെ പുറത്തു കൊണ്ട് വന്ന് "ഇതാ യഹൂദന്മാരുടെ രാജാവ്" എന്ന് പീലാത്തോസ് പറയുന്നു. യേശു ദൈവപുത്രനാണന്നും അവൻ ചെയ്തിരുന്നത് എല്ലാം ദൈവീക അധികാരത്തിൽ ആയിരുന്നു എന്നും പീലാത്തോസ് മനസിലാക്കിയിരുന്നു. ജനക്കൂട്ടം വീണ്ടും യേശുവി ക്രൂശിക്കാനായി നിലവിളിക്കുന്നു."അവരോ: കൊന്നുകളക, കൊന്നുകളക; അവനെ ക്രൂശിക്ക എന്നു നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കേണമോ എന്നു പീലാത്തൊസ് അവരോടു ചോദിച്ചു; അതിന്നു മഹാപുരോഹിതന്മാർ: ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്നു ഉത്തരം പറഞ്ഞു." (യോഹന്നാൻ 19:15). പീല്ലാത്തോസ് യേശുവിനെ ക്രൂശിക്കാനയി ജനക്കൂട്ടത്തിനു ഏൽപ്പിച്ചു കൊടുക്കുന്നു...

'എഴുതിയതു എഴുതി'യ പീലാത്തോസ്
യേശുവിനെ വിസ്തരിച്ചപ്പോൾ യെശുവിനോട് നീതി പുലർത്താൻ കഴിയാതിരുന്ന പീലാത്തോസ് യേശുവിനെ ക്രൂശിക്കാൻ ഏൽപ്പിച്ചതിനു ശേഷം യേശുവിനോട് നീതി പുലർത്താൻ ശ്രമിക്കുന്നുണ്ട്. നീ യഹൂദന്മാരുടെ രാജാവോ എന്ന് പീലാത്തോസ് യേശുവിനോട് ചോദിക്കുകയും യേശു അതിനു മറുപിടി പറയുകയും ചെയ്യുന്നു."നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു" (യോഹന്നാൻ 18:37). ഇതായിരുന്നു യേശുവിന്റെ മറുപിടി. യേശു യെഹൂദന്മാരുടെ രാജാവു എന്ന് യേശുവിനെ ക്രൂശിച്ച കുരിശിന്റെ മുകളിൽ പീലാത്തോസ് ഒരു മേലെഴുത്ത് എഴുതി വയ്ച്ചു. യേശു യഹൂദന്മാരുടെ രാജാവാണ് എന്ന് പീലാത്തോസിനു ഉറപ്പായിരുന്നു. എബ്രായ റോമ യവന ഭാഷകളിൽ എഴുതിയിരുന്ന എഴുത്ത് അനേകം ആളുകൾ വായിച്ചു. ഉടനെ "യെഹൂദന്മാരുടെ മഹാപുരോഹിതന്മാർ പീലാത്തൊസിനോടു: യെഹൂദന്മാരുടെ രാജാവു എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവു എന്നു അവൻ  പറഞ്ഞു എന്നത്രേ എഴുതേണ്ടതു എന്നു പറഞ്ഞു." (യേഹന്നാൻ 19:21). അതിനു പിലാത്തോസ് പറയുന്നു "ഞാൻ എഴുതിയതു എഴുതി" (യോഹന്നാൻ 19:22). യേശുവിനെ ക്രൂശിക്കാൻ ഏൽപ്പിച്ചതിനു ശേഷം ആ മേലെഴുത്തിലൂടേ പീലാത്തോസ് സത്യം പറയാൻ ശ്രമിക്കുന്നു.


വർത്തമാനകാല  (ലോക/ഇന്ത്യ)സാഹചര്യത്തിലേക്ക്
യേശുവിന്റെ വിസ്താരവും മരണവും ഒക്കെ വർത്തമാനകാല സാഹചര്യത്തിലേക്ക് ബന്ധിപ്പിച്ച് ചിന്തിക്കുന്നത് നല്ലതായിരിക്കും..

1.രാഷ്ട്രീയമായോ അല്ലാത്തതോ ആയ പ്രതിസന്ധി വരുമ്പോൾ ഒരു മരണത്തോടെ അല്ലങ്കിൽ എന്തെങ്കിലും പ്രത്യേക സംഭവത്തോടെ/അക്രമണത്തോടെ ആ പ്രതിസന്ധിയെ വിസ്മൃതിയിലാക്കാനോ അവയിൽ നിന്ന് ശ്രദ്ധമാറ്റാനോ ഭരണകൂടം ശ്രമിക്കുന്നു. ജനങ്ങളെ ഭരണകൂടത്തിന്റെ പിന്നിൽ അണിനിരത്തൻ ഇതിലൂടെ ഭരണകൂടം ശ്രമിക്കുന്നു. - യെശുവിനെ കൊല്ലാനായി ആദ്യം നിർദ്ദേശം വയ്ക്കുന്ന കയ്യാഫാ ചെയ്യുന്നതും ഇതു തന്നെയാണ്.

2. ജനക്കൂട്ടം നിയമം നടപ്പിലാക്കുന്നതും മുൻവിധിയോടുകൂടി സംഭവങ്ങളെ സമീപിക്കുകയും ചെയ്യുന്നു. യേശുവിനു മരണം ആണ് വിധിക്കപ്പെടെണ്ടത് എന്നുള്ള മുൻവിധിയോടുകൂടിയാണ് യേശുവിനെ പിടികൂടി വിസ്തരിക്കുന്നത്. പലപ്പോഴും നമ്മുടെ ഇടയിലും ഇങ്ങനെയുള്ള പ്രവണതകൾ ഉണ്ടാകാറുണ്ട്.

3. കുറ്റം ചെയ്തവര്‍ മോചിപ്പിക്കപ്പെടൂന്നു
ന്യായ വിസ്താരത്തിനുശേഷം കുറ്റം തെളിയക്കപ്പെട്ട് തടവിനു ശിക്ഷക്കപ്പെടുന്ന രാഷ്ട്രീയമായോ സാമ്പത്തികമായോ പിന്തുണയുള്ളവർ അധികാരസ്ഥാനത്തുള്ളവരുടെ പിന്തുണയോടെ ശിക്ഷാക്കാലാവധിക്കുമുമ്പ് നീതിന്യായവ്യവസ്ഥിതിയെ നോക്കുകുത്തിയാക്കി ശിക്ഷാക്കാലയളവിനു ഇളവുകിട്ടി പുറത്തുവരുന്നു. അവർക്കുവേണ്ടി അധികാരികൾ തന്നെ പരസ്യമായി രംഗത്തുവരുകയും ചെയ്യുന്നു. - ബറബാസിന്റെ മോചനം

4. പൊതുബോധം ന്യായാധിപരെ സ്വാധീനിക്കുമ്പോൾ
ഒരാൾക്ക് ഈ ശിക്ഷകിട്ടും എന്നും അയാൾക്ക് ശിക്ഷയ്ക്ക് അരഹതയുണ്ടന്നും ന്യായവിധി സമയത്തിനു മുമ്പുതന്നെ സമൂഹം ഉറപ്പിക്കിന്നു. ഇന്നത്തെക്കാലത്ത് മാധ്യമങ്ങൾ മുൻവിധിയോടുതന്നെ ആരോപണങ്ങളെ/അരോപണവിധേയനായ ആളെ സമീപിക്കുകയും അവർ തന്നെ വിധി പുറപ്പെടുവിക്കുകയും ചെയ്യുന്നു. ന്യായാധിപന്മാരെ അവർ ഉയർത്തിക്കാട്ടൂന്ന വിധിയിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും/ സ്വാധീനിക്കുകയും ചെയ്യുന്നു. പൊതുബോധത്തിനു എതിരായി വിധി പുറപ്പെടുവിക്കെണ്ടി വരുമ്പോൾ ന്യായാധിപന്മാരെ വിമർശനത്തിനു വിധേയരാക്കുകയും ചെയ്യുന്നു. - പീലാത്തോസ് യേശുവിൽ കുറ്റം കാണുന്നില്ലങ്കിലും യേശുവിനെ ശിക്ഷയ്ക്കായി ഏൽപ്പിക്കേണ്ടി വരുന്നു

5. നിരപരാധികൾ ശിക്ഷിക്കപ്പെടുന്നു
ഭരണാധികാരികളുടെ മുൻവിധിയോടുകൂടിയുള്ള നടപടികൾ പലപ്പോഴും നിരപരാധികളെ ശിക്ഷിക്കുന്നു. തങ്ങൾക്ക് എതിരെ സംസാരിക്കുന്നവരെ നിശബ്‌ദ്ദരാക്കാൻ ഭരണാധികൾ നിയമത്തിന്റെ തെറ്റായ നടപടികൾ അനുവർത്തിക്കുകയും ശിക്ഷയ്ക്കായി കോടതികളെ ഉപയോഗിക്കുകയും ചെയ്യുന്നു. കുറ്റവാളികളോടൊപ്പം നിരപരാധിയും ശിക്ഷിക്കപ്പെടൂന്നു. - കള്ളന്മാരോടൊപ്പം യേശുവിനും ക്രൂശുമരണം

(ചിത്രങ്ങൾ ഗൂഗിളിൽ നിന്ന്)

നോമ്പുകാല ചിന്തകൾ ,പീഡാനുഭവ ആഴ്ച, മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ ,bible stories , malayalam bible stories , ഉപവാസം , നോമ്പ് , Great Lent , 50 days great lent,jesus taken t o Annas , jesus befor Pilate, The crucifixion