Sunday, March 3, 2013

കനാന്യ സ്ത്രിയുടെ വിശ്വാസം :: നോമ്പുകാല ചിന്തകൾ

യേശു അവളോടു: “സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ” എന്നു ഉത്തരം പറഞ്ഞു. (മത്തായി 15:28)

(കനാന്യ സ്ത്രിയുടെ വിശ്വാസം :: മത്തായി 15:22-28 , മർക്കോസ് 7 : 25-30)

യേശുവിന്റെ പിന്നാലെ ഒരു കനാന്യ സ്ത്രി തന്റെ മകളുടെ ഭൂതോപദ്രവം മാറ്റാൻ യേശുവിനു കഴിയും എന്ന് വിശ്വസിച്ച് അവന്റെ പിന്നാലെ ചെല്ലുകയാണ്. കർത്താവേ, ദാവീദ് പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു കൊണ്ടാണ് ആ സ്ത്രി യേശുവിന്റെ പിന്നാലെ ചെല്ലുന്നത്. അവരുടെ നിലവിളി അസഹ്യമാവുകയും അവർ കുറേനേരമായി തങ്ങളുടേ പിന്നാലെ നിലവിളിച്ചുകൊണ്ട് വന്നിട്ടൂം ഗുരു അവരെ ശ്രദ്ധിക്കാതിരുന്നപ്പോൾ ശിഷ്യന്മാർ യേശുവിനോട് പറഞ്ഞു. അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ. അതിനു യേശു ശിഷ്യന്മാർക്ക് നൽകുന്ന മരുപിടി വിചിത്രമായിരുന്നു “യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നായിരുന്നു യേശുവിന്റെ മറുപിടി.

യഹൂദന്മാർ കനാന്യരെ അകറ്റി നിർത്തിയിരുന്നു. കനാന്യരിൽ നിന്ന് അവർ വിവാഹബന്ധവും ഒഴിഞ്ഞു നിന്നിരുന്നതായി വേദപുസ്തകത്തിൽ തന്നെ കാണാൻ കഴിയും. അബ്രഹാം യിസഹാക്കിനു പെണ്ണ് അന്വേഷിക്കാനായി തന്റെ ദാസനെ അയക്കുമ്പോൽ അവനോട് പറയുന്നുണ്ട്. കനാന്യരുടെ കന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ, (ഉല്പ 24:3). യിസഹാക് യാക്കൊബിനോടും ഇതു തന്നെ പറയുന്നുണ്ട് ,  നീ കനാന്യ സ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുതു.(ഉല്പ 28:1).ഇതുമാത്രമല്ല സെഖർയ്യാവു പ്രവാചകന്റെ പ്രചനപുസ്തകത്തിലെ അവസാനവാക്യം ഇങ്ങനെയാണ്, യെരൂശലേമിലും യെഹൂദയിലും ഉള്ള കലമൊക്കെയും സൈന്യങ്ങളുടെ യഹോവെക്കു വിശുദ്ധമായിരിക്കും; യാഗം കഴിക്കുന്നവരൊക്കെയും വന്നു വാങ്ങി അവയിൽ വേവിക്കും; അന്നുമുതൽ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ ഒരു കനാന്യനും ഉണ്ടാകയില്ല. (സെഖർയ്യാവു 14:21).

യേശുവും ശിഷ്യന്മാരും വീണ്ടും മുന്നോട്ടൂ നടക്കുമ്പോൾ ആ സ്ത്രി വന്ന് യേശുവിന്റെ മുന്നിൽ മുട്ടുകുത്തിക്കോണ്ട് പറയുന്നു, "കർത്താവേ, എന്നെ സഹായിക്കേണമേ". അവൾക്ക് യേശു നൽകുന്ന മറുപിടി ഇതാണ് “മക്കളുടെ അപ്പം എടുത്തു നായകൂട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല”. ഒരു വംശീയ വേർതിരിവ് നമുക്ക് ഈ വാക്യത്തിൽ കാണാമെങ്കിലും ഈ മറുപിടി ആ സ്ത്രിയുടേ പ്രതികരണം അറിയാനുള്ള ഒന്ന് മാത്രം ആയിരിന്നിരിക്കണം. പക്ഷേ എപ്പോഴൊക്കയോ യേശുവിന്റെ ഉള്ളിലും ഒരു യഹൂദ ചിന്താഗതി ഉണ്ടായിരുന്നു. യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളെക്കുറിച്ച് മറ്റൊരുഭാഗത്തും നമുക്ക് കാണാൻ കഴിയും.  പന്ത്രണ്ടു ശിഷ്യന്മാരെ തിരഞ്ഞെടുത്തിട്ട് അവർക്ക് അശുദ്ധാത്മാക്കളെ ഒക്കെ പുറത്താക്കാനുള്ള അധികാരം കൊടുത്തിട്ട് യേശു പറയുന്നത് ഇങ്ങനെയാണ് , ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ. (മത്തായി 10:5-6). പിന്നീട് യേശു എഴുപതുപേരെ തിരഞ്ഞെടുത്ത് താൻ  ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയക്കുമ്പോൾ പറഞ്ഞത് "ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വെക്കുന്നതു ഭക്ഷിപ്പിൻ. അതിലെ രോഗികളെ സൌഖ്യമാക്കി, ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചുവന്നിരിക്കുന്നു എന്നു അവരോടു പറവിൻ." (ലൂക്കോസ് 10:8) . ഉയർത്തെഴുന്നേറ്റ യേശു ക്രിസ്തു ശിഷ്യന്മാരോട്  പറയുന്നത് നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ എന്നാണ് (മർക്കോസ് 16:15-20)

യേശുവിനു കനാന്യ ആളുകളോട് വേർതിരിവ് ഇല്ലായിരുന്നു. ഇങ്ങനെ എന്തെങ്കിലും വേർതിരിവ് ഉണ്ടായിരുന്നെങ്കിൽ കനാന്യനായ ശിമോനെ തന്റെ ശിഷ്യനായി തിരഞ്ഞെടുക്കുകയില്ലായിരുന്നല്ലോ? (മർക്കോസ് 3:18). കനാന്യ സ്ത്രിയുടെ പ്രതികരണം എപ്രകാരം ആണന്ന് അറിയുകയും അവരുടെ വിശ്വാസത്തിന്റെ തീഷ്ണത അറിയുന്നതിനും വേണ്ടി ആയിരിക്കും യേശു അവരോട് “മക്കളുടെ അപ്പം എടുത്തു നായകൂട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്ന് പറഞ്ഞത്. ഉടൻ തന്നെ ആ സ്ത്രി യേശുവിനു നൽകുന്ന മറുപിടി അവർക്ക് എന്തുമാത്രം വിശ്വാസം യേശുവിൽ ഉണ്ടായിരുന്നു എന്ന് കാണിക്കുന്നതാണ്. യേശു പറഞ്ഞത് സമ്മതിച്ചുകൊണ്ട് ആ സ്ത്രി പറയുന്നു:  അതേ, കർത്താവേ, നായക്കുട്ടികളും ഉടയവരുടെ മേശയിൽ നിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ.
ദൈവത്തിന്റെ ജനം യിസ്രായേല്മക്കൾ ആണന്നും യഹൂദന്മാർക്ക് മാത്രമേ രക്ഷ ഉണ്ടാവൂ എന്നൊക്കെയാണ് യഹൂദന്മാർ പഠിപ്പിക്കുന്നത്. “മക്കളുടെ അപ്പം എടുത്തു നായകൂട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്ന് പറയുമ്പോൾ യഹൂദ അല്ലാത്ത ഒരു കനാന്യ സ്ത്രിക്ക്  താൻ എങ്ങനെയാണ് സഹായം നൽകേണ്ടത് എന്ന് അവരോടു തന്നെ ചോദിക്കുകയാണ്. കനാന്യരെ നായ്ക്കുട്ടികളായി ഉപമിക്കുകപോലും ചെയ്യുന്നു. മക്കൾ തിന്നു കൊണ്ടിരിക്കുന്ന മേശയിൽ നിന്ന് വീഴുന്ന നുറുക്കുകൾ നായക്കുട്ടികൾ കഴിക്കുന്നുണ്ട് എന്ന് ആ സ്ത്രി പറയുന്നു. അവരുടെ വിശ്വാസത്തിന്റെ ആഴം എത്ര്മാത്രം ഉണ്ടന്ന് നമുക്കിവിടെ കാണാം.  ഞാൻ യഹൂദന്മാരുടെ രക്ഷകനാണ് കനാന്യരെ രക്ഷിക്കാൻ എനിക്ക് പറ്റില്ല എന്നു പറയുകയല്ല ഇവിടെ, മറിച്ച് യേശുവിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും രക്ഷ ഉണ്ട് എന്ന് കാണിക്കുകയാണ് യേശു ഇവിടെ.

യേശു പറഞ്ഞാൽ മകളുടെ രോഗം മാറുമെന്ന് പൂർണ്ണമായും വിശ്വസിച്ചിരുന്ന ആ കനാന്യ സ്ത്രിക്ക് തന്റെ ജാതിയുടെ വേർതിരിവ് യേശുവിന്റെ അടുക്കലേക്ക് വരാൻ ഒരു തടസം ആയില്ല. വിശ്വാസത്തിന്റെ പൂർണ്ണതയാണ് വംശീയ വേർതിരിവ് മറികടക്കാൻ അവളെ സഹായിക്കുന്ന്. അവളുടെ പൂർണ്ണവിശ്വാസം യേശുവിനെപോലും അത്ഭുതപ്പെടുത്തുന്നുണ്ട്. “സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ”(മത്തായി 15:28) എന്ന് യേശു പറയുന്നത് അവളുടെ വിശ്വാസ തീഷ്ണത കണ്ടിട്ടാണ്. ആ സമയത്ത് തന്നെ അവളുടെ മകളുടെ രോഗം മാറുകയും ചെയ്തു.

മർക്കോസിന്റെ സുവിശെഷത്തിൽ യേശു പറയുന്നത് “ഈ വാക്കുനിമിത്തം പൊയ്ക്കൊൾക: ഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു” (മർക്കോസ് 7:29) എന്നാണ്.  "ചെറുനായ്കളും മേശെക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ"(മർക്കോസ് 7:27) എന്നുള്ള വിശ്വാസത്തോടുകൂടിയ വാക്ക് ആണ് ഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു എന്ന് കനാന്യ സ്ത്രിയോട് പറയാൻ യേശുവിനെ പ്രേരിപ്പിക്കുന്നത്. അവൾ തിരിച്ച് വീട്ടിൽ വന്നപ്പോൾ മകളെ സൗഖ്യത്തോടെ കാണുകയും ചെയ്തു.

സമാനഗതിയിലുള്ള മറ്റൊരു വിശ്വാസം നമുക്ക് ലൂക്കോസിന്റെ സുവിശേഷം 7 ആം അദ്ധ്യായം 1 മുതൽ  10 വരെയുള്ള ഭാഗത്ത് കാണാവുന്നതാണ്. ഇവിടെ ശതാധിപന്റെ ദാസൻ മരിക്കാറായി കിടക്കുമ്പോൾ യേശുവിനെ ആ വീട്ടിലേക്ക് കൊണ്ടൂവരാൻ യഹൂദന്മാരുടെ മൂപ്പന്മാർ യേശുവിന്റെ അടുക്കൽ എത്തുന്നു. യേശു ആ വീടിന്റെ അടുക്കൽ എത്താറാകുമ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അയച്ച് യേശുവിനോട് പറയുന്നു, നീ എന്റെ അടുക്കൽ വരുവൻ ഞാൻ യോഗ്യനല്ല. നീ ഒരുവാക്കുകല്പിച്ചാൽ എന്റെ ദാസനു സൗഖ്യം വരും. ലൂക്കൊസ് 7:8 ല്‍ ശതാധിപന്റെ വിശ്വാസം നമുക്ക് കാണാൻ കഴിയും. "ഞാനും അധികാരത്തിന്നു കീഴ്പെട്ട മനുഷ്യൻ; എന്റെ കീഴിൽ പടയാളികൾ ഉണ്ടു; ഒരുവനോടു പോക എന്നു പറഞ്ഞാൽ അവൻ  പോകുന്നു; മറ്റൊരുവനോടു വരിക എന്നു പറഞ്ഞാൽ അവൻ  വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ  ചെയ്യുന്നു എന്നു പറയിച്ചു." യേശു ആരാണന്ന് അയാൾ പൂർണ്ണമായും മനസിലാക്കികൊണ്ട് അവനിലുള്ള വിശ്വാസം പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. “യിസ്രായേലിൽകൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” (ലൂക്കൊസ് 7:9) എന്നാണ് യേശൂ പറയുന്നത്.

യേശൂവിൽ വിശ്വസിക്കുന്നവർക്ക് അവൻ ഒരിക്കലും അകലയല്ല എന്നാണ് ഈ രണ്ട് സംഭവങ്ങളും നമുക്ക് കാണിച്ചു തരുന്നത്. മകൾക്ക് വേണ്ടീ യവനസ്ത്രിയും ദാസനു വേണ്ടീ ശതാധിപനും വിശ്വാസത്തോടെകൂടി യേശുവിനെ സമീപിക്കുന്നു. രണ്ടുപേരുടേയും വിശ്വാസം അവർക്ക് ആശ്വാസം നൽകുകയും ചെയ്യുന്നു. എബ്രായർ 11:6 ല് പൗലോസ് പറയുന്ന ഈ വാക്യം ഒരു ഓർമ്മപ്പെടുത്തലാണ്.
എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.
കനാന്യ സ്ത്രിയും ശതാധിപനും വിശ്വാസത്തോടുകൂടിയാണ് യേശുവിന്റെ അടുക്കൽ എത്തിയത്. ആ വിശ്വാസത്തിനു അവർക്ക് പ്രതിഫലവും കിട്ടുകയും ചെയ്തു.

നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , bible stories , malayalam bible stories , ഉപവാസം , നോമ്പ് , Great Lent , 50 days great lent