Sunday, March 24, 2013

കഴുതപ്പുറത്ത് യാത്ര ചെയ്ത രാജാവിന്റെ വിപ്ലവം : നോമ്പുകാല ചിന്തകൾ

കഴുതപ്പുറത്തെയാത്ര - ഓശാന
( മത്തായി 21:1-11 ,മർക്കോസ് 11:1-10 , ലൂക്കോസ് 19:29-40 , യോഹന്നൻ 12:12-19 )
രക്ഷനായ യേശു ക്രിസ്തു തന്റെ പരസ്യ ശുശ്രൂഷയുടെ അവസാനം തന്റെ പീഡാനുഭവ ത്തിനുവേണ്ടി യരുശലേമിലേക്ക് ഒരു ജൈത്രയാത്ര നടത്തുകയാണ്. മൂന്നരവര്‍ഷം നീണ്ടുനിന്ന തന്റെ പരസ്യ ശുശ്രൂഷാകാലത്ത് ഒരിക്കല്‍പ്പോലും അവിടെനിന്ന്ജനങ്ങളുടെ ആര്‍പ്പുവിളികള്‍ക്ക് നിന്നുകൊടുത്തിരു ന്നില്ല. രോഗസൌഖ്യം നേടിയവരെപ്പോലും തന്നെ ആരാണ് സൌഖ്യമാക്കിയതന്ന് പറയുന്നതില്‍ നിന്ന് യേശുവിലക്കിയിരുന്നു. തന്നെ പിടിച്ച് ജനങ്ങള്‍ രാജാവാക്കും എന്ന തോന്നല്‍ ഉണ്ടായപ്പോള്‍ ജനങ്ങളില്‍ നിന്ന് മാറിപ്പോയ ആളാണ് യേശു. പിന്നെ എന്തുകൊണ്ട് യേശു യരുശലേമിലേക്ക് ആഘോഷപൂര്‍വ്വം ജനങ്ങളുടെ ഹോശാനാ ആര്‍പ്പുകളുടെ അകമ്പടിയോടെ കഴുത്തപ്പുറത്ത് കയറി വന്നു.

കഴുത സമാധാനത്തിന്റെ പ്രതീകം :
രാജാക്കന്മാര്‍ യുദ്ധസമയങ്ങളില്‍ കുതിരപ്പുറത്തും സമാധാനസമയങ്ങളില്‍ കഴുതപ്പുറത്തും സഞ്ചരിക്കുന്ന ഒരു രീതി അന്ന് ഉണ്ടായിരുന്നു. യേശു സമാധാനത്തിന്റെ രാജാവ് ആയിരുന്നു. അവന്‍ നിരപ്പിന്റെ(ക്ഷമയുടെ) വക്താവായിരുന്നു. സമാധാനത്തിലേക്കുള്ള വഴി ക്ഷമയാണല്ലോ? എല്ലാം ക്ഷമിക്കുന്ന സ്നേഹമായിരുന്നു യേശുവിന്റെ മുഖമുദ്ര. യെശയ്യാവു 9:6 ല്‍യേശുവിനെ സമാധാന പ്രഭു എന്ന് പറയുന്നുണ്ട്. വിപ്ലവങ്ങളില്‍ക്കൂടി തങ്ങളെ വീണ്ടെടുക്കാന്‍ വരുന്ന ഒരാളെയാണ് യഹൂദന്മാര്‍പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ യേശുവിന്റെ മാര്‍ഗ്ഗം സമാധാനത്തിന്റെ ആയിരുന്നു. അതുകൊണ്ട് അവന്‍ യരുശലേമ്മിലെക്കുള്ളയാത്രയ്ക്കായി കഴുതയെ തിരഞ്ഞെടൂത്തു.

കഴുത വിനയത്തിന്റെ പ്രതീകം :
കുതിര ശക്തിയുടേയും കഴുത വിനയത്തിന്റേയും പ്രതീകമാണ്. യരുശലേമിലേക്കുള്ള തന്റെ അവസാന യാത്ര ഒരു ശക്തിപ്രകടനമാകാതെ വിനയപൂര്‍വ്വമായ ഒരു രംഗപ്രവേശമായിരുന്നു യേശു ആഗ്രഹിച്ചത്. രാജാധിരാജാവായ, എല്ലാ ശക്തികളുടേയും ശക്തിയായ അവന്‍ കഴുതപ്പുറത്തുകയറി വന്നതോടെ തന്റെ വിനയവും താഴ്മയും ആണ് പ്രകടിപ്പിച്ചത്. ഈ വിനയും താഴ്ചയും പിന്നീടും നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. പെസഹപ്പെരുന്നാളില്‍ തന്റെ ശിഷ്യന്മാരുടെ കാല്‍ കഴുകി തുടച്ചത് രാജാധിരാജാവിന്റെ വിനയവും താഴ്ചയും ആണ് കാണിക്കുന്നത്. ഇഹലോകപരമായ ഒരു ശക്തിപ്രകടനമായിരുന്നില്ല യേശു ആഗ്രഹിച്ചിരുന്നത്.

പ്രവചനങ്ങള്‍ക്ക് നിവര്‍ത്തിയുണ്ടാകുവാന്‍ :
സെഖര്‍‌യ്യാവു പ്രവാചകന്റെ പുസ്തകം 9 ആം അദ്ധ്യായം 9 ആം വാക്യത്തില്‍ ഇപ്രകാരം പറയുന്നു. “ഇതാ, നിന്റെ രാജാവുനിന്റെ അടുക്കല്‍ വരുന്നു; അവന്‍ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെണ്‍കഴുതയുടെ കുട്ടിയായചെറുകഴുതപ്പുറത്തും കയറി വരുന്നു.”. വി.മത്തായിയുടെ സുവിശേഷം 21 ആം അദ്ധ്യായം 1 മുതല്‍ 11 വരെയുള്ള വാക്യങ്ങളില്‍ പഴയനിയമ പ്രവചനം നിവര്‍ത്തിയായതായി നമുക്ക് മനസിലാക്കാം. അതായത് പ്രവചനങ്ങള്‍ക്ക് നിവര്‍ത്തി യുണ്ടാകുന്നതിനുവേണ്ടി യേശു തന്റെ യരുശ്ലേം യാത്രയ്ക്കായി കഴുതക്കുട്ടിയെ തിരഞ്ഞെടുത്തു.

യേശുവിന്റെ യരുശലേം യാത്രയും ജനങ്ങളും
സങ്കീർത്തനം 118 ന്റെ 26 ല്‍ "യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;" എന്ന് പറയുന്നുണ്ട്. യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ(യോഹന്നാൻ 12:13) എന്ന്പറഞ്ഞു കൊണ്ടാണ് ജനങ്ങൾ യേശുവിനെ എതിരേൽക്കുന്നത്. അവർ ഒരുമിച്ച് "ഹോശന്നാ" എന്ന് വിളിച്ചു പറയുന്നു. ഹോശന്ന എന്ന ഹിബ്രു വാക്കിനർത്ഥം രക്ഷ(സേവ്) എന്നാണ്. മരണത്തിൽ നിന്ന് ലാസറെ ഉയർപ്പിച്ചതിനു ശേഷമാണ് യേശു യരുശലേമിലേക്ക് വരുന്നത്. ജനങ്ങക്ക് തങ്ങൾക്ക് കിട്ടിയ രക്ഷകനായി യേശുവിനെ കാണുന്നു. അതുകൊണ്ടാണ് ജനങ്ങൾ വീരനായകനെപോലെ യേശുവിനെ എതിരേൽക്കാനായി ചെല്ലുന്നത്.

യേശുവിനെ എതിരേൽക്കുന്ന ജനം മുന്നിലും പിന്നിലും നിൽക്കുന്ന ജനങ്ങൾ അത്യുന്നതങ്ങളിൽ നിന്ന് തങ്ങൾക്ക് വന്ന രക്ഷയായി യേശുവിനെ കാണുന്നു. ദാവീദിന്റെ കുലത്തിൽ നിന്ന് വന്ന രക്ഷകനായി യേശുവിനെ ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞു. യേശു യരുശ്ലേമിലേക്ക് കടന്നു വരുമ്പോൾ ജനങ്ങൾ മുഴുവൻ അവന്റെ വരവ് അറിഞ്ഞു കഴിഞ്ഞു. പെസഹ പെരുന്നാളിനു വന്ന് വലിയ ഒരു ജന സ്മൂഹം അവിടെ ഉണ്ടായിരുന്നു. രക്ഷകൻ വരുന്നു രക്ഷകൻ വരുന്നു എന്ന് പറഞ്ഞ് ജനങ്ങൾ സന്തോഷിക്കുമ്പോൾ അവരുടെ ഇടയിൽ ഒരു മനുഷ്യൻ കഴുതപ്പുറത്ത് വരുന്നത് കാണൂമ്പോൾ ജനങ്ങൾ ചോദിക്കുന്നു, ഇവൻ ആർ?? അതിനു യേശുവിനോടൊപ്പം ഉള്ള പുരുഷാരം നൽകുന്ന മറുപിടി "ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു" എന്നാണ്. (മത്തായി 21:10-11)


യേശു യരുശലേം ദൈവാലയത്തെ ശുദ്ധീകരിക്കുന്നു
(മത്തായി 21:12-14 , മർക്കോസ് 11:15-17 , ലൂക്കോസ് 19:45-46 ,യോഹന്നാൻ 2:13-17)

യേശു യരുശലേം ദൈവാലയത്തിൽ നിന്ന് ബലിവസ്തുക്കൾ വിൽക്കുന്നവരേയും പൊൻവാണിഭക്കാരയും ചമ്മട്ടിയുണ്ടാക്കി, അതുകൊണ്ട് അടിച്ച് വിൽപ്പനക്കാരെയെല്ലാം ദൈവാലയത്തിൽ നിന്ന് ഓടിക്കുന്നു. എല്ലാ സുവിശേഷങ്ങളിലും ഈ സംഭവം എഴുതിയിട്ടുണ്ടങ്കിലും രണ്ടു രീതിയിലാണ് അവ രേഖപ്പെടുത്തിയിരിക്കുന്നത്. യോഹന്നാന്റെ സുവിശേഷത്തിൽ കാനാവിലെ കല്യാണവീട്ടിൽ വെള്ളം വീഞ്ഞാക്കിയതിനു ശേഷം പെസഹപെരുന്നാളിനോട് അനുബന്ധിച്ച് യേശു ദൈവാലയത്തിലേക്ക് വന്ന് വിൽപ്പനക്കാരെ അടിച്ചോടിച്ചു എന്നാണ് പറയുന്നത്. മറ്റ് സുവിശേഷങ്ങളിൽ പെസഹ പെരുന്നാളിനോട് അനുബന്ധിച്ച് യേശു യരുശലേമ്ലേക്ക് കഴുതക്കുട്ടിപ്പുറത്ത് വന്നതിനു ശേഷം(ഹോശന്ന) ദൈവാലയത്തിൽ നിന്ന് കച്ചവടക്കാരെ പുറത്താക്കി എന്നാണ്. എല്ലാ സുവിശേഷങ്ങളിലും പെസഹപെരുന്നാളിനോട് അടുത്ത ദിവസങ്ങളിൽ ആണ് യേശു ദൈവാലയത്തിൽ നിന്ന് കച്ചവടക്കാരെ പുറത്താക്കിയത് എന്ന് കാണാം. യോഹന്നാൻ എഴുതിയതുപോലെ യേശു തന്റെ പരസ്യ ശുശ്രൂഷയുടെ ആരംഭ സമയത്ത് തന്നെ ആയിരിക്കണം ദൈവാലയ ശുദ്ധീകരണം നടത്തിയത്. അന്നുമുതൽ യേശുവിനെ കൊല്ലാൻ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വഴി അന്വേഷിച്ചുതുടങ്ങിയിരുന്നു. പക്ഷേ അവർ ജനത്തെ ഭയപ്പെടുകയും ചെയ്തിരുന്നു.

ദൈവാലയത്തിലെ കച്ചവടക്കരെ പുറത്താക്കികൊണ്ട് യേശു പറയുന്നത് "“എന്റെ ആലയം പ്രാർത്ഥാനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തിർക്കുന്നു” എന്നാണ്. (മത്തായി 21:13). യെശയ്യാ പ്രവാച്കന്റെ പുസ്തകം 56 : 7 ല് "എന്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർ‍ത്ഥനാലയം എന്നു വിളിക്കപ്പെടും." എന്നും യിരേമ്യാവു പ്രവചനം 7:11 ല് "എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം കള്ളന്മാരുടെ ഗുഹ എന്നു നിങ്ങൾക്കു തോന്നുന്നുവോ? " എന്ന് പ്രവാച്കന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചകന്മാരുടെ ഈ രണ്ട് വാക്യങ്ങളും കൂട്ടിച്ചേർത്താണ് യേശു വരെ ചോദ്യം ചെയ്യുന്നത്. പ്രാർത്ഥനയ്ക്കായി വേർതിരിക്കപ്പെട്ട ദൈവാലയം കച്ചവട സ്ഥാപനം ആക്കിയതിനു എതിരേ യേശു പ്രതികരിക്കുന്നു.

വർഷങ്ങളായി ദൈവാലയത്തെ കച്ചവട സ്ഥാപനങ്ങളായി കണ്ട് അവയിൽ വില്പന നടത്തി അതിൽ നിന്നുള്ള ലാഭത്തിന്റെ പങ്ക് കൈപ്പറ്റിയിരുന്ന മഹാപുരോഹിതനും ശാസ്ത്രിമാർക്കും ഏറ്റ വലിയ ഒരു തിരിച്ചടിയായിരുന്നു യെശുവിന്റെ പ്രതികരണം. ചോദ്യചെയ്യപ്പെടാത്ത ശക്തികളായി വളരുകയും ചോദ്യം ചെയ്യുന്നവരെ ന്യായപ്രമാണത്തിന്റെ തെറ്റായ വിശകലനത്തിലൂടെ നിശ്ബദ്ദരാക്കുകയും കായികമായും നേരിടുകയും ചെയ്തിരുന്ന ദൈവാലയ പ്രമാണികൾക്ക് യേശു ഉചിതമായ മറുപിടി ന്യായപ്രമാണഗ്രന്ഥത്തിൽ നിന്ന് നൽകുകയും അവരെ കായികമായി തന്നെ നേരിടുകയും ചെയ്യുന്നു. യേശുവിനെ നേരിട്ട് തോൽപ്പിക്കാൻ കഴിയില്ലന്ന് അവർക്ക് മനസിലാവുകയും ചെയ്തു.

വിൽപ്പനക്കാരെ പുറത്താക്കിയതിനു ശേഷം യേശു രോഗികളെ സൗഖ്യമാക്കുകയാണ് ചെയ്യുന്നത്. ദൈവാലയത്തിൽ നിന്ന് മാറി നിൽക്കേണ്ടീ വന്നവരെല്ലാം / അധികാരികൾ മാറ്റി നിർത്തിയവരെല്ലാം യേശുവിന്റെ അടുക്കലേക്ക് ദൈവാലയത്തിലേക്ക് വരുന്നു. മതനേതാക്കൾക്കുള്ള ശക്തമായ മുന്നറിയിപ്പായ്യിരുന്നു യേശുവിന്റെ ശബ്‌ദ്ദം. നീതിക്കുവേണ്ടീ , ന്യായത്തിനു വേണ്ടീ സമൂഹത്തിൽ പാർശ്വവൽക്കരിക്കപെടേണ്ടിവന്നവർക്കു വേണ്ടീ യേശു ശബ്ദ്ദം ഉയർത്തുന്നു. അതിൽ മതനേതാക്കളും അധികാരികളും ഭയപ്പെടുന്നു. തങ്ങളെ ചോദ്യം ചെയ്യുന്ന യേശുവിനെ കൊല്ലാൻ തന്നെ അവർ തീരുമാനിക്കുകയും ചെയ്യുന്നു.

ഈ കാലഘട്ടത്തിൽ നമ്മുടെ ദൈവാലയങ്ങളിൽ നടക്കുന്നത് എന്താണ്? അത് പ്രാർത്ഥനാലയം തന്നെയാണോ? പരസ്പരം ലാഭത്തിന്റെ കണക്ക് പറഞ്ഞ് സാമ്പത്തിക ലാഭം മാത്രം നോക്കി പരസ്പരം പോരാടുകയും ദൈവാലയങ്ങൾ രക്തകളങ്ങൾ ആക്കുകയും പൂട്ടിയിടുകയും ചെയ്യുകയല്ലേ ചെയ്യുന്നത്? നമ്മൾ ദൈവാലയങ്ങളെ കള്ളന്മാരുടേയും പീഡനക്കാരുടേയും ഗുഹയാക്കി തീർക്കുകയല്ലേ ചെയ്യുന്നത്?? തെറ്റ് ചെയ്യുന്നവർക്ക് ദൈവാലയത്തിന്റെ പേരിൽ സംരക്ഷണം ഒരുക്കുകയല്ലേ ഇന്ന് ദൈവാലയത്തെ പ്രാർത്ഥനാലയം ആയി സംരക്ഷിക്കെണ്ടവർ ചെയ്യുന്നത്?? തെറ്റ് ചെയ്യുന്നവരെ/ചെയ്തവരെ ദൈവാലയത്തിൽ സ്വികരിച്ചിരുത്തകയും അവർക്ക് ജയ് വിളിക്കുകയും ചെയ്യുമ്പോൾ അവരാൽ പീഡനവും നഷ്ടവും ഏറ്റുവാങ്ങേണ്ടി വന്നവരെ ദൈവാലയത്തിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നു. യേശു ചെയ്ത പ്രവൃത്തിയുടെ കടകവിരുദ്ധമായ ചെയ്തികൾ. ദൈവാലയത്തിൽ യെശുവിന്റെ വാക്കുകൾ മുഴങ്ങുന്നത് നിങ്ങൾ കേൾക്കുന്നില്ലേ,
“എന്റെ ആലയം പ്രാർത്ഥാനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കി ത്തിർക്കുന്നു” . യെരുശലേം ദൈവാലയത്തിൽ മുഴങ്ങുന്ന ചമ്മട്ടിയുടെ സീൽക്കാരം കേൾക്കുന്നില്ലേ? അതൊരു മുന്നറിയിപ്പാണ്. ദൈവാലയത്തെ പലരീതികളിൽ വാണിഭശാലയും ഗുഹകളും  ആക്കുന്നവർക്കുള്ള മുന്നറിയിപ്പ്.!!!

(ചിത്രങ്ങൾ ഗൂഗിളിൽ നിന്ന്)
നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , ഓശാന , bible stories , malayalam bible stories , ഉപവാസം , നോമ്പ് , Great Lent , 50 days great lent, Jesus clears the temple , the triumphal entry