Sunday, February 24, 2013

ദൈവത്തിലേക്കുള്ള വഴികാട്ടികൾ :: നോമ്പുകാല ചിന്തകൾ

യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു: “മകനേ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു” എന്നു പറഞ്ഞു. (വി.മർക്കോസ് 2:5)

ഒരു പക്ഷവാതരോഗിയെ നാലുപേർ കിടക്കയോടെ കൊണ്ട് വന്ന് യേശു ഇരുന്ന കെട്ടിടത്തിന്റെ മേൽക്കൂര പൊളിച്ച് യേശുവിന്റെ മുമ്പിലേക്ക് ഇറക്കിവെച്ചു. അവരുടെ വിശ്വാസം ഹേതുവായി യേശു ആ പക്ഷവാതക്കാരനെ സൗഖ്യമാക്കുന്ന സംഭവം പുതിയ നിയമത്തിൽ മൂന്നു ഭാഗങ്ങളിൽ രേഖപ്പെടുത്തിയിട്ടൂണ്ട്.
മത്തായി 9 : 2-7 ,
മർക്കോസ് 2: 1-12 ,
ലൂക്കോസ് 5 : 17 - 26


ഈ ഭാഗങ്ങളിൽ എല്ലാം രേഖപ്പെടുത്തിയിരിക്കുന്നത് പക്ഷവാതക്കാരനെ കൊണ്ടൂവന്നവരുടെ വിശ്വാസം കണ്ടിട്ടാണ് യേശു ആ പക്ഷവത രോഗിയെ സൗഖ്യമാക്കിയത് എന്നാണ്. യേശുവുന്റെ അടുക്കൽ തങ്ങൾ ഈ പക്ഷവാത രോഗിയെ കൊണ്ടുവന്നാൽ,യേശു അവനെ തൊട്ടാൽ അല്ലങ്കിൽ 'നീ സൗഖ്യമാവുക' എന്ന് യേശു അവനോട് പറഞ്ഞാൽ ആ പക്ഷവാത രോഗിക്ക് സൗഖ്യം വരുമെന്ന് ആ നാലുപേർ വിശ്വസിച്ചിരുന്നു. ആ വിശ്വസം കൊണ്ടാണ് അവർ ആ രോഗിയെ അയാൾ കിടന്ന കിടക്കയോടു കൂടി യേശുവിന്റെ അടുക്കൽ കൊണ്ടുവന്നത്. അവർക്ക് വിശ്വാസം ഉണ്ടായിരുന്നു. പക്ഷേ യേശുവിന്റെ അടുക്കൽ എത്താൻ ജനക്കൂട്ടം മൂലം അവർക്ക് കഴിഞ്ഞില്ല. കഫർന്നഹൂമിൽ  യേശു ഇരുന്നിരുന്ന വീട്ടിൽ ആ വീടിന്റെ പരിസരം മുഴിവൻ ജനക്കൂട്ടം ആയിരുന്നു.  ലൂക്കോസിന്റെ സുവിശേഷത്തിൽ പറയുന്നത് "സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ,യേശുവിന്റെ കൂടെ ഉണ്ടായിരുന്നു" എന്നാണ്.

അതുകൊണ്ട് അനേക്കം രോഗികൾ ,പ്രയാസം അനുഭവിക്കൂന്നവർ, യേശുവിന്റെ പ്രസംഗം കേൾക്കാൻ വന്നവർ ഒക്കെ ആ വീട്ടിൽ ഉണ്ടായിരിക്കണം. ഇങ്ങനെയുള്ള സമയത്താണ് നാലുപേർ പക്ഷവാതക്കാരനെ കൊണ്ടൂവരുന്നത്. തങ്ങൾക്ക്ഒരിക്കലും വാതിക്കല് കൂടി പക്ഷവാതക്കാരനെ യേശുവിന്റെ അടുക്കൽ കൊണ്ടുച്ചെല്ലാൻ കഴിയല്ലന്ന് അവർക്ക് മനസിലായി. യേശുവിന്റെ അടുക്കൽ എത്തിയാൽ ആ പക്ഷവാത രോഗ സൗഖ്യം പ്രാപിക്കുമെന്ന് അവർക്ക് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു. അവർക്ക് പക്ഷവാത രോഗിയെ യേശുവിന്റെ മുന്നിലും എത്തിക്കണം. അതിനവർ ഒരു മാർഗ്ഗം കണ്ടെത്തി. യേശു ഇരുന്ന ആ കെട്ടിടത്തിന്റെ മേൽക്കൂര മാറ്റി അ പക്ഷവാതരോഗിയെ കിടക്കയോടെ യേശുവിന്റെ മുന്നിൽ ഇറക്കി വയ്ക്കുക.

വീടിന്റെ മേൽക്കൂര എങ്ങനെയുള്ളതാണങ്കിലും അത് മാറ്റുക എന്നു പറയുന്നത് വളരെ പ്രയാസം തന്നെ ആയിരിക്കും എന്ന് ഉറപ്പാണ്. തങ്ങൾ കൊണ്ടുവന്ന ഒരുവനെ,ഒരു രോഗിയെ; ഒരു പക്ഷേ അത് അവരുടെ ബന്ധു ആയിരിക്കാം അല്ലങ്കിൽ സുഹൃത്ത് ആയിരിക്കും അതുമല്ലങ്കിൽ മാനുഷികപരിഗണനവെച്ച് അയാളുടെ പ്രയാസം കണ്ടിട്ട് കൊണ്ടു വന്നതായിരിക്കാം, യേശുവിന്റെ അടുക്കൽ എത്തിക്കാനായി മേൽക്കൂര മാറ്റുക എന്ന പ്രയാസം നേരിടാൻ തന്നെ അവർ തീരുമാനിച്ചു. കാരണം ഈ പ്രയാസം തങ്ങൾ അനുഭവിച്ചാലും രോഗക്കിടക്കയിൽ പ്രയാസപ്പെടൂന്ന ആ പക്ഷവാതരോഗിയുടെ പ്രയാസം യേശുവിനാൽ മാറ്റപ്പെടുമെന്ന് അവർ വിശ്വസിച്ചു. ആ വിശ്വാസത്താൽ അവർ ആ മേൽക്കൂര മാറ്റി. എന്നിട്ട് ആ പക്ഷവാത രോഗിയുടെ കിടക്ക ആ വീടിന്റെ മുകളിൽ എത്തിച്ച് തങ്ങൾ മേൽക്കൂര മാറ്റിയ ഭാഗത്തൂടെ യേശുവിന്റെ മുന്നിലേക്ക് ഇറക്കി.

ആ നാലുപേരുടെ വിശ്വാസം കണ്ടീട്ട് യേശു പക്ഷവാത രോഗിയോട് പറയുന്നു “മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു” (മത്തായി 9:2). ഒരു പക്ഷേ ആ പക്ഷവാതരോഗിക്ക് അപ്പോഴും വിശ്വാസം ഇല്ലായിരുന്നിരിക്കണം,അല്ലങ്കിൽ ആ തിരക്കിൽ താൻ തഴയപ്പെടുമോ എന്നുള്ള ഭയം ആയിരിക്കണം. അതുകൊണ്ടായിരിക്കണം യേശു  അവന് ആദ്യം തന്നെ ധൈര്യം നൽകുന്നത്. "മകനേ, ധൈര്യമായിരിക്ക", നീ എന്തിനാണ് ഭയപ്പെടുന്നത്. അനേകം രോഗികൾക്ക് സൗഖ്യം നൽകിയവനായ യേശുവിന്റെ മുന്നിലാണ് നീ എത്തിയിരിക്കൂന്നത്,ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ അധികാരമുള്ളവന്റെ മുന്നിലാണ് നീ ഇപ്പോൾ.. പിന്നെ നീ എന്തിനാണ് ഭയപ്പെടുന്നത്. ധൈര്യമായിരിക്ക. “എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു. (മർക്കോസ് 2:11). യേശു പറഞ്ഞ ഉടനെ ആ പക്ഷവാതരോഗി തന്റെ കിടക്ക എടുത്തുകൊണ്ട് എല്ലാവരും കാൺകെ നടന്നു പോയി. അവനെ കൊണ്ടൂവന്നവർക്ക് വിശ്വാസം ഉണ്ടായിരുന്നു..അവരുടെ വിശ്വാസത്തിന്റെ ഫലമായിട്ടാണ് ആ പക്ഷവാത രോഗിക്ക് സൗഖ്യം പ്രാപിക്കാൻ കഴിഞ്ഞത്.

പക്ഷവാതരോഗിയെ യേശുവിന്റെ അടുക്കലേക്ക് കൊണ്ടൂവന്ന ആ നാലു ആൾക്കാരെപോലെ പ്രയാസങ്ങൾ ഒക്കെ സഹിച്ച് ഒരാളെയെങ്കിലും യേശുവിന്റെ അടുകലേക്ക് കൊണ്ടൂവരാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? കൊണ്ടുവന്നവരുടെ വിശ്വാസത്തോടൊപ്പം ആ പക്ഷവാതരോഗിയെ യേശുവിന്റെ അടുക്കലേക്ക്  കൊണ്ടുവരാനുള്ള മനസ്ഥിതികൂടി നമ്മൾ മനസിലാക്കണം.

പുതിയനിയമം നോക്കുമ്പോൾ യേശുവിന്റെ അടുക്കലേക്ക് ആൾക്കാരെകൊണ്ടൂവന്ന ചിലരെക്കൂടി നമുക്ക് കാണാൻ കഴിയും.

ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു തന്റെ സഹോദരനായ ശിമോൻ പത്രൊസിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവരുന്നത്  അന്ത്രെയാസ് ആണ്(യോഹന്നാൻ 1:40-42)

"ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ  യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു"  നഥനയേലിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവരുന്നത് ഫിലിപ്പോസ് ആണ് (യോഹന്നൻ 1:45)

പെരുന്നാളിൽ ദേവാലയത്തിൽ വന്ന യവന്മാരിൽ ചിലർ തങ്ങൾക്ക് യേശുവിനെ കാണാനുള്ള അഗ്രഹം അറിയിക്കുന്നത് ഫിലിപ്പോസിനോടാണ്. (വി.യോഹന്നാൻ 12:20-22).

യേശുവിന്റെ അടുക്കൽ വരുന്ന ആളുകളെക്കുറിച്ച് കൂടുതൽ ചിന്തിച്ചിരുന്നത് ഫിലിപ്പോസ് ആയിരിക്കണം. അതുകൊണ്ടായിരിക്കണം വലിയൊരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ടു : “ഇവർക്കു തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങും” യേശു ഫിലിപ്പൊസിനോടു ചോദിച്ചത് (യോഹന്നാൻ 6:5 )

പക്ഷവാതക്കാരനെ വിശ്വാസത്തോടെ യേശുവിന്റെ അടുക്കലേക്ക് കൊണ്ടുവന്നവരെപ്പോലെ നമുക്കും മറ്റുള്ളവരെ യേശുവിന്റെ അടുക്കലേക്ക് കൊണ്ടുവരാൻ കഴിയണം.
നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , bible stories , malayalam bible stories , ഉപവാസം , നോമ്പ് , Great Lent , 50 days great lent