Sunday, September 21, 2008

9. ഡിസംബര്‍ 24 : ഭാഗം 5

(കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ....)

( അമേരിക്കന്‍ നാടകകൃത്തും നടനുമായ Kenneth Sawyer Goodman (1883 - 1910 ) 27ആം വയസില്‍അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മാതാപിതാക്കള്‍ The Goodman Theatre of the Chicago ArtInstitute എന്ന കേന്ദ്രം സ്ഥാപിച്ചു, അമേരിക്കന്‍ നാടകവേദിക്ക് ഈ സ്ഥാപനം എണ്ണപ്പെട്ട സംഭാവനകള്‍നല്‍കി. ‘Dust of the Road ' എന്ന ഏകാങ്ക നാടകം മതപരമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് കെന്നത്ത്എഴുതിയിരിക്കൂന്നത്. ക്രിസ്തുമസ്സ് സന്ദേശം എന്താണന്ന് പറയുന്ന ഈ നാടകം അനേകം ആളുകളെപുതിയ മനുഷ്യര്‍ ആക്കിയിട്ടുണ്ട് ....‘Dust of the Road ' എന്ന ഏകാങ്ക നാടകത്തിന്റെ തനി പരിഭാഷയല്ല ഇത് .. ആശയവും കഥാപാത്രങ്ങളില്‍ചിലരും ‘Dust of the Road ' ലെ ആണ് ... )

കഴിഞ്ഞഭാഗങ്ങള്‍ :
ഡിസംബര്‍ 24 : ഭാഗം1 ഡിസംബര്‍ 24 : ഭാഗം 2 ഡിസംബര്‍ 24 : ഭാഗം 3
ഡിസംബര്‍ 24 : ഭാഗം 4 (തുടര്‍ന്ന് വായിക്കുക..)
: അദ്ധ്യായം 5 :
തന്റെ മുന്നില്‍ നില്‍ക്കുന്നയാള്‍ ഒരപകടകാരിയാണന്ന് സോഫിയായ്ക്ക് തോന്നി. അയാളോട് ഇടപെടുന്നത് സൂക്ഷിച്ചുവേണം. അയാളുടെ കുപ്പായത്തീലെ കീശയിലെ പണത്തിന്റെ കിലുക്കം ഇപ്പോഴും തന്റെ കാതില്‍ മുഴങ്ങുന്നു.
“നിങ്ങളെന്തിനാണ് അയാളുടെ കൈയ്യില്‍ നിന്ന് പണം വാങ്ങിയത് ? എന്തിനാണ് വാങ്ങിയത് ?“ സോഫിയ നാടോടിയോട് ചോദിച്ചു.
“ഞാനയാളുടെ കൈയ്യില്‍ നിന്ന് വങ്ങിയതല്ല ... എന്റെ കൈയ്യിലിരിക്കുന്ന പണം രക്തമാണ് ... അതെ ഇത് രക്തത്തില്‍ മുങ്ങിയ പണമാണ് ...ചോരയുടെ മണമുള്ള വെള്ളിനാണയങ്ങള്‍ ...”
“ആരുടെ രക്തത്തിന്റെ പണമാണന്നാണ് നിങ്ങള്‍ പറയുന്നത്..?”
“നിങ്ങളുടെ വാതിക്കല്‍ കുറച്ചുമുമ്പ് വന്ന് അഭയം ചോദിച്ച മനുഷ്യനില്ലേ ... അയാളുടെ രക്തത്തിന്റെ വിലയാണ് ...”
“നിങ്ങളെന്തൊക്കെയാണ് പറയുന്നത് ... എനിക്കൊന്നും മനസ്സിലാകുന്നില്ല ...“
“ആ മനുഷ്യന്‍ ഒന്നും പറഞ്ഞില്ലേ..?”
“അയാളൊന്നും എന്നോട് പറഞ്ഞില്ല..”
“നിങ്ങള്‍ പറയാന്‍ സമ്മതിച്ചില്ല എന്ന് പറയുന്നതല്ലേ കൂടുതല്‍ശരി “
“ഒരു പക്ഷേ അതായിരിക്കാം ശരി. പാതിരാത്രിയില്‍ വീട്ടില്‍ വരുന്ന ഭിക്ഷക്കാരോട് അവരുടെ കാര്യങ്ങള്‍ സംസാരിക്കുന്നത് എന്നെ സംബന്ധിച്ച്ഒരു നല്ല കാര്യമായിട്ട് എനിക്ക് തോന്നിയിട്ടില്ല...”
“അതെ സോഫിയ അയാള്‍ നിനക്കൊരു ഭിക്ഷക്കാരനായിരിക്കാം ... അയാളെങ്ങനെയാണ് ഒരു ഭിക്ഷക്കാരനായതെന്ന് നിനക്ക് അറിയാമോ ?അത് നീ വായിച്ചിട്ടില്ലേ ? “
“ഞാനെങ്ങനെ വായിക്കാനാണ് .. ബൈബിള്‍ അല്ലാതെ മറ്റൊരു പുസ്തകവും ഞാന്‍ സാധാരണയായി വായിക്കാറില്ല ...”
“നീ വായിക്കൂന്ന ആ പുസ്തകത്തില്‍ തന്നെയുണ്ട് അയാള്‍ എന്റിനുവേണ്ടിയാണ് ഭിക്ഷക്കാരനായതന്ന് ...”
“നിങ്ങള്‍ എന്തൊരു വിഢിത്തരമാണ് പറയുന്നത് ? “
“ഞാന്‍ വിഢിത്തരമല്ല സോഫിയാ പറയുന്നത്.. നീ ബൈബിള്‍ ശരിക്ക് മനസിലാക്കാത്തതു കൊണ്ടാണ് എന്നോടിങ്ങനെ സംസാരിക്കുന്നത്?”
സോഫിയ കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റു. “ഉപദേശം തരാന്‍ പറ്റിയ ഒരാള്‍ . രാത്രിയില്‍ ഒരു സ്ത്രിയുടെ അടുത്ത് വന്ന് ബൈബിളിനെക്കുറിച്ച് ഉപദേശം തരാന്‍ നിങ്ങളാരാ ...ക്രിസ്തുവോ? അതോക്രിസ്തുവിന്റെ ശിഷ്യനോ?“ സോഫിയ നാടോടിയുടേ നേരെ കൈചൂണ്ടി കയര്‍ത്തു.
“ഇരിക്കാന്‍...” നാടോടി സോഫിയായോട് പറഞ്ഞു. ആ ശബ്ദ്ദത്തിന്റെ കാഠിന്യം മൂലം അവളറിയാതെ കസേരയിലേക്ക് ഇരുന്നു.
“ഞാന്‍ നിന്നെ ഉപദേശിക്കാന്‍ ആളല്ല.. എന്നാലും നീ ഒന്ന് ഓര്‍ക്കണമായിരുന്നു...അഭയം ചോദിച്ചുവന്ന ഒരാളെയാണ് നീ ആട്ടിയോടിച്ചത് .അയാളുടെമുന്നില്‍ നിന്റെ വീടിന്റെ വാതില്‍ കൊട്ടിയടച്ചു. നീ അയാളെ ആട്ടിയോടിച്ച് കൊട്ടിയടച്ച വാതിലാണ് നിന്റെ ഒരു സഹായവും ഇല്ലാതെ ഞാന്‍തുറന്നത്. അയാള്‍ പോകുമ്പോള്‍ പുലമ്പുന്നത് ഞാന്‍ കേട്ടു,- ‘ മനുഷ്യര്‍ വിചിത്രരാണ് ,അവര്‍ക്ക് സ്നേഹമില്ല.ഞാനതില്‍ വളരെ ദുഃഖിതനാണ് ‘;നിനക്കിനിയും ഞാന്‍ പറയുന്നത് മനസ്സിലാവുന്നില്ല എന്നുണ്ടോ ?”
“അതെ നിങ്ങള്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല....”
“മനസിലാകില്ല ,ഞാന്‍ പറയുന്നത് നിനക്കെന്നല്ല ഭൂമിയിലെ ആര്‍ക്കും മനസ്സിലാകില്ല . മനസിലായാലും മനസിലായില്ല എന്ന് നടിക്കും. ഞാനയാളെതിരിച്ച് വിളിക്കാന്‍ പോവുകയാണ് . നീ ഇറക്കിവിട്ട ഈ വീട്ടിലേക്ക് ഞാനയാളെ തിരിച്ചുകൊണ്ടുവരും ..”
“നിങ്ങളെന്താണ് അര്‍ത്ഥമാക്കുന്നത് ?”
“മനസിലായില്ലേ ? ഞാനയാളെ ഇങ്ങോട്ട് തന്നെ കൊണ്ടുവരുമന്ന് .. നിന്റെ ഉള്ളിലെ ആത്മാവിനെ വീണ്ടെടുക്കാന്‍ ഞാനയാളെ ഇവിടേക്ക് കൊണ്ടുവരും ...”
പുറത്താരോ വാതിലില്‍ മുട്ടുന്ന ശബ്ദ്ദം ഉയര്‍ന്നു. വാതില്‍ അനങ്ങുന്നുണ്ട്. സോഫിയ ചെവിയോര്‍ത്തു. പരിചിതമായ ശബ്ദ്ദമാണ്. അതെ അത്തന്റെ ഭര്‍ത്താവായ പീറ്ററിന്റെ ശബ്ദ്ദമാണ്. “കതക് തുറക്ക് സോഫിയ, നീ ഉറങ്ങിപ്പോയോ...”
പീറ്ററിന്റെ വിളികേട്ട് സോഫിയ ഞെട്ടി. ഇതാ പീറ്റര്‍ എത്തിയിരിക്കുന്നു. ഈ അര്‍ദ്ധരാത്രിയില്‍ അപരിചിതനായ ഒരുത്തനോടോപ്പം തന്നെ കണ്ടാല്‍പീറ്ററെന്ത് വിചാരിക്കും. ഈ നാടോടിയോട് സംസാരിക്കാന്‍ കിട്ടിയ ധൈര്യമെല്ലാം കൈമോശം വന്നതുപോലെ ... ഇയാളോടൊപ്പംതന്നെ കണ്ടാല്‍ പീറ്ററെന്ത് ചെയ്യുമെന്ന് തനിക്കറിയില്ല. എന്റെ ദൈവമേ ഞാനെന്താണ് ചെയ്യേണ്ടത് ?
“നീവാതില്‍ തുറക്ക് സോഫിയ “ സോഫിയായുടെ മനോഗതം അറിഞ്ഞെട്ടന്നവണ്ണം അപരിചിതനയ നാടോടി പറഞ്ഞു.
അവള്‍ വാതില്‍ തുറക്കാനായി എഴുന്നേറ്റു.അവള്‍ വാതിലിന്റെ കുറ്റികള്‍ ഓരോന്നായി എടുത്തു. കുറ്റികളെല്ലാം അടച്ച സ്ഥിതിയിലായിരുന്നു.ഒരൊറ്റകുറ്റിപോലും തുറക്കാതെ ആ അപരിചിതന്‍ എങ്ങനെയാണ് അകത്തുകയറിയത്??? പീറ്റര്‍ വാതില്‍ തുറന്ന് അകത്തേക്ക് കയറി. അവള്‍വാതിലടച്ച് തിരിഞ്ഞു. അപരിചിതനായ നാടോടി വലിച്ചുതള്ളിയ ചുരുട്ടിന്റെ പുക എവിടയോ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.
(തുടരും....)